19/04/2026

ശ്രീനന്ദനം : ഭാഗം 04

രചന – കണ്ണന്റെ മാത്രം

ഈ പെണ്ണ് കൊള്ളാമല്ലോ.. ഇതിനും മാത്രം ഒക്കെ ധൈര്യം ഉണ്ടാവോ പെണ്ണുങ്ങൾക്ക്… രാവിലെ തന്നെ ന്യൂസ്‌ പേപ്പർ വായിച്ചിരുന്ന് കമന്റ്‌ പറയുന്ന ആമിയെ കേട്ടുകൊണ്ടാണ് അഭി പുറത്തേക്ക് വന്നത്..

എന്തോന്നാ എന്റെ കുഞ്ഞ് ഒറ്റക്ക് ഇരുന്ന് ഈ മുറുമുറുത്ത് കൂട്ടുന്നത്… ആമിയുടെ തലയിൽ ഒന്നു കൊട്ടികൊണ്ട് അവളുടെ അടുത്തായി ഇരുന്ന് അവൻ ചോദിച്ചു..

ആവൂ ഈ ഏട്ടൻ. ഞാൻ പറഞ്ഞിട്ടുണ്ട് തലയിൽ കൊട്ടരുത് എന്ന്. എന്റെ വളർച്ച മുരടിച്ചുപോകും മനുഷ്യ.. ആമി കെറുവിച്ചുകൊണ്ട് പറഞ്ഞു..

അല്ലെങ്കിലും എന്റെ കുഞ്ഞ് ഇനി വളരാനൊന്നും പോകുന്നില്ല.. പിന്നെ നീ ഇങ്ങനെ കുരുട്ടടക്കയുടെ സൈസിൽ ഇരിക്കുന്നതാണ് മോളെ ഭംഗി.. അവൻ ഒരു കളിയാക്കി ചിരിയോടെ പറഞ്ഞു..

ദേ ഏട്ടാ… എന്നെ കുരുട്ടടക്ക എന്ന് വിളിച്ചാലുണ്ടല്ലോ.. നിങ്ങൾ വിളിക്കുന്നത് കേട്ട് നിങ്ങളുടെ കൂട്ടുക്കാരൻ ആ മാങ്ങാണ്ടിമോറനും എന്നെ അങ്ങനെ ആണ് വിളിക്കുന്നത്…. ആമി കെറുവിച്ചുകൊണ്ട് പറഞ്ഞു നിർത്തിയപ്പോൾ ആണ് അഭി അവളുടെ പിന്നിലേക്ക് നോക്കി ചിരി കടിച്ചുപിടിച്ചിരിക്കുന്നത് അവൾ കാണുന്നത്. അവൾക്ക് എന്തോ വശപ്പിശക് തോന്നി പതിയെ തിരിഞ്ഞു നോക്കിയപ്പോൾ അതാ മുറ്റത്തൊരു വിച്ചു ദേഷ്യംകൊണ്ട് ചുവന്നുകേറി ഇപ്പൊ പൊട്ടും എന്ന നിലയിൽ നിൽക്കുന്നു.

ഈ.. അവളൊന്ന് ഇളിച്ചു കാണിച്ചു നോക്കി. എവിടെ അവിടെ അപ്പോഴും ആ എക്സ്പ്രഷൻ തന്നെ. അവൾ പതുക്കെ അവിടെ നിന്നും എഴുന്നേറ്റ് അവനെ നോക്കി ഒന്നുകൂടി ഇളിച്ചുകാണിച്ചിട്ട് ഉള്ളിലേക്ക് ഓടി… അവളുടെ ആ ഇളിയും ഉള്ളിലേക്ക് ഉള്ള ഓട്ടവും കണ്ട് അതുവരെ ദേഷ്യം കൊണ്ട്‌ പൊകഞ്ഞു നിന്നിരുന്നവൻ വരെ ചിരിച്ചു പോയി. വിച്ചു അതേ ചിരിയോടെ അഭിയുടെ അടുത്തേക്ക് ഇരുന്നു. അഭിയും ഒരു ചിരിയോടെ ഇരുപ്പായിരുന്നു…

എന്താടാ രാവിലെ തന്നെ.. തന്റെ അടുത്തേക്കിരുന്ന വിച്ചുവിനെ നോക്കികൊണ്ട്‌ അഭി ചോദിച്ചു.

ഒന്നൂല്യടാ.. ഞാൻ ചുമ്മാ ജോഗിങ്ങിനു ഇറങ്ങിയപ്പോൾ ഇതു വഴി വന്നൂന്നെ ഉള്ളൂ.. എനിക്ക് ഇന്ന് നിന്റെ കൺസ്ട്രക്ഷൻ കമ്പനി ഇല്ലേ അവിടെ അപ്പോയ്ന്റ്മെന്റ് ഉണ്ട്. അവരുടെ പുതിയ പ്രോജെക്ടിന്റെ ആർക്കിടെക്ചറൽ വർക്കിന് വേണ്ടി ഞാൻ കൊട്ടേഷൻ വച്ചിരുന്നു. ഇന്നലെ അവിടെ നിന്ന് വിളിച്ചിരുന്നു ഇന്ന് വന്ന് ഒന്നു എംഡിയെ കാണാൻ പറഞ്ഞിട്ട്. കിട്ടിയാൽ രക്ഷപെട്ടു മോനെ. നമ്മുടെ റെയ്ഞ്ചേ മാറും… വിച്ചു ഉത്സാഹത്തോടെ പറഞ്ഞു

ആണോ.. നിനക്ക് കിട്ടുമെടാ.. സാർ വർക്കിന്റെ ക്വാളിറ്റി മാത്രേ നോക്കൂ. അല്ലാതെ എക്സ്പീരിയൻസും ഫേമിന്റെ വലിപ്പവും ഒന്നും നോക്കില്ല… അഭിയും സന്തോഷത്തോടെ പറഞ്ഞു.

അഭി.. ഞാൻ ഒരു കാര്യം പറയാം.. ഈ പ്രൊജക്റ്റ്‌ എനിക്ക് കിട്ടുകയാണെങ്കിൽ നമ്മുടെ ഫേം ഒന്നുകൂടി മെച്ചപ്പെടും. അപ്പൊ നീ ഇപ്പൊ ഉള്ള ജോലി ഉപേക്ഷിച്ചിട്ട് എന്റെ കൂടെ കൂടണം. ഹാഫ് ഡേ മതി. ബാക്കി സമയം നീ എന്തേലും സീനിയർ അഡ്വക്കേറ്റിന്റെ കീഴിൽ പ്രാക്ടീസിനു കേറണം.. കേട്ടല്ലോ.. ഇനിയും ഈ ജോലിയിൽ ഒതുങ്ങി കൂടാൻ ഞാൻ നിന്നെ സമ്മതിക്കില്ല..

ഡാ.. അതൊന്നും വേണ്ട.. ഇപ്പൊ എനിക്ക് ആ വക ആഗ്രഹങ്ങൾ ഒന്നും ഇല്ല. എങ്ങനെയും അല്ലലില്ലാതെ ജീവിക്കണം. പിന്നെ ആമിയെ നല്ലൊരു കൈയിൽ ഏൽപ്പിക്കണം. ഈ വീടിന്റെ പേരിലുള്ള കടം തീർക്കണം.. അത്രേ ഉള്ളൂ ഇപ്പൊ മനസ്സിൽ. വേറെ ഒന്നും ഇല്ല.. അഭി ചെറിയ ഒരു ചിരിയോടെ പറഞ്ഞു.

നിനക്ക് വല്യ ആഗ്രഹങ്ങൾ ഒന്നും ഉണ്ടാവില്ല. പക്ഷേ എനിക്ക് നിന്നെക്കുറിച്ച് ഒരുപാട് പ്രതീക്ഷകൾ ഉണ്ട്. അതുകൊണ്ട് മര്യാദക്ക് ഞാൻ പറയുന്നത് കേട്ടാൽ നിനക്ക് കൊള്ളാം.. ഇല്ലെങ്കിൽ നീ LLB പാസ്സ് ആയ കാര്യം ഇപ്പോഴേ ഞാൻ അമ്മയോട് പറയും വേണോ.. വിച്ചു ഒരു ഭീഷിണിയോടെ പറഞ്ഞു.

അയ്യോ വേണ്ട.. ഞാൻ നീ പറയുന്നത് പോലെ ഒക്കെ ചെയ്യാം. ഇപ്പൊ അല്ലാ പിന്നെ.. ഇപ്പൊ നമുക്ക് ദേ ഈ പേപ്പർ വായിക്കാം.. അഭി വിച്ചുവിന്റെ തോളിൽ ഒന്നു തട്ടിക്കൊണ്ട് പേപ്പർ എടുത്ത് വായിക്കാൻ തുടങ്ങി. വിച്ചുവും അഭി കുടിച്ചു വച്ച ചായയുടെ ബാക്കി എടുത്ത് കുടിച്ചുകൊണ്ട് ആ പത്രത്തിലേക്ക് കണ്ണുനട്ടു..

അപ്പോഴാണ് അവർ ആഭ്യന്തര മന്ത്രിക്കും മറ്റു പല കൊമ്പന്മാർക്കും എതിരെ ഉള്ള റിപ്പോർട്ട്‌ കാണുന്നത്..

ഈ പെണ്ണ് കൊള്ളാല്ലോ.. ഇവിടെ ആണുങ്ങൾക്ക് ഇല്ലാത്ത ധൈര്യം ആണല്ലോ ഈ പെണ്ണിന്.. അഭി പറഞ്ഞു..

ശരിയാ.. അല്ലാതെ ഇങ്ങനെ ഓപ്പൺ ആയിട്ടൊന്നും എഴുതില്ലല്ലോ. നല്ല എക്സ്പീരിയൻസ്ഡ് ആവും. അപ്പൊ അതിന് അനുസരിച്ച് കണക്ഷൻസും ഉണ്ടാവും അതാവും ഇത്ര ധൈര്യം.. വിച്ചു പറഞ്ഞു.

ഏയ്യ് ഈ ശ്രീപ്രിയ എന്ന പേര് വായിച്ചിട്ട് ചെറുപ്പം ആണെന്നാ എനിക്ക് തോന്നുന്നത്.. അഭിയും പറഞ്ഞു..

നീ ആ എഴുത്തിന്റെ ക്വാളിറ്റി നോക്ക് അഭി. ഒരു ന്യൂബീക്ക് എന്തായാലും ഇത്ര ക്വാളിറ്റിയിൽ എഴുതാൻ പറ്റില്ല. കണ്ടില്ലേ അനാവശ്യമായ ഒരു പരാമർശവും ഇല്ലാതെ എത്ര നീറ്റ് ആയിട്ടാണ് എഴുതിയിട്ടുള്ളത്. അത് എക്സ്പീരിയൻസിൽ നിന്ന് വന്നതാവും.. വിച്ചു പറഞ്ഞു..

അതു ശരിയാ.. എന്തായാലും ഇവർ എഴുതിയത് വച്ച് മന്ത്രിക്ക് ഇട്ട് നല്ലൊരു തട്ട് ആണല്ലോ. റീഇലക്ഷൻ ഉണ്ടാവോ ആവോ..

ഏയ്യ് അതിന് ചാൻസ് ഇല്ല. ചിലപ്പോ ഇങ്ങേര് രാജി വച്ച് വേറെ ആള് ആകുമായിരിക്കും. അവർ നല്ല ഭൂരിപക്ഷത്തിൽ അല്ലേ ജയിച്ചത്. അതുമല്ല ഇനിയും ഉണ്ട് നാലുകൊല്ലം കൂടി അപ്പൊ റീഇലക്ഷന് സാധ്യത ഇല്ല… വിച്ചുവും പറഞ്ഞു. പിന്നെ കുറച്ചുനേരം അവർ രാഷ്ട്രീയം ഒക്കെ ചർച്ച ചെയ്യത് ഇരുന്നു..

………………..

അവി…. ധർമപാലന്റെ ഉറക്കെ ഉള്ള വിളികേട്ടാണ് അവിനാശ് എന്ന അവി ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്..

ഈ ഡാഡിക്കിതെന്താ രാവിലെ തന്നെ മനുഷ്യന്റെ ഉറക്കം കളയാനായിട്ട്… അവി പിറുപിറുത്തുകൊണ്ട് എഴുന്നേറ്റ് ഒന്നു ഫ്രഷ് ആയി റൂമിന് പുറത്തേക്ക് പോയി..

എന്താ ഡാഡി ഇത്ര രാവിലെ തന്നെ… അവി ധർമപാലന്റെ അടുത്തേക്ക് വന്നുക്കൊണ്ട് ചോദിച്ചു..

എന്താണെന്നോ.. നീ ഇതൊന്ന് നോക്ക്. നിന്റെ മറ്റവൾ എഴുതി കൂട്ടിയിട്ടുള്ളത്… അയാൾ കൈയിൽ ഉള്ള പത്രം അവന് നേരെ എറിഞ്ഞുകൊണ്ട് ഉറക്കെ അലറി…

അവി വേഗം പേപ്പർ എടുത്ത് വായിച്ചു. അതിലെ ന്യൂസിലൂടെ കണ്ണ് പോകുംതോറും അവന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു…

ഡാഡി ഇത്… ഇനിയിപ്പോ എന്തു ചെയ്യും.. അവൻ ടെൻഷനോടെ ചോദിച്ചു…

എനിക്കറിയില്ല… അവൾ അതിൽ പറഞ്ഞിട്ടുള്ളത് പോലെ എന്തേലും തെളിവ് ഉണ്ടാകുമോ അവളുടെ കൈയിൽ അതോ ചുമ്മാ പറയുന്നത് ആകുമോ… അയാൾ അവനോട് ചോദിച്ചു..

അവൾ ആയതുകൊണ്ട് ചുമ്മാ പറയുന്നതാവാൻ സാധ്യത ഇല്ല ഡാഡി. എന്തേലും സോളിഡ് പ്രൂഫ് ഇല്ലാതെ ഇങ്ങനെ ഒരു ന്യൂസ്‌ അവൾ കൊടുക്കില്ല…

മ്മ്… നീയൊരു കാര്യം ചെയ്യ്. എന്താ അവളുടെ ആവശ്യം എന്ന് ചോദിക്ക്. അവൾ എന്താ ആവശ്യപ്പെടുന്നതെങ്കിൽ കൊടുക്കാം.. ആ തെളിവുകൾ നമുക്ക് വേണം…

അത് ഡാഡി ഞാൻ അവളോട്‌ ബ്രേക്കപ്പ് ആയി. ഇനിയിപ്പോ ഞാൻ എങ്ങനെയാ..

ഏയ്യ്.. നീ അതൊന്നും കാര്യമാക്കണ്ട. ഇപ്പൊ ആവശ്യം നമ്മുടെ ആണ് അപ്പൊ നമ്മൾ ഒന്ന് താന്നുകൊടുക്കുന്നത് കൊണ്ട് ഒരു കുഴപ്പവും ഇല്ല.. നീ നിന്റെ ഫോൺ എടുത്തിട്ട് വായോ.. ഇവിടെ ഇരുന്ന് വിളിക്കാം.. അയാൾ അവനെ പറഞ്ഞു മുഴുവനാക്കാൻ പോലും സമ്മതിക്കാതെ പറഞ്ഞു..

അവൻ ഫോൺ എടുക്കാൻ പോകുന്നതും നോക്കി അയാൾ ടെൻഷനോടെ ഉലാത്തി..

……………..

അല്ല ഇന്ന് തമ്പുരാട്ടിക്ക് പോവുകയൊന്നും വേണ്ടേ.. ആട്ടുകട്ടിലിൽ ലാവിഷായി കിടന്ന് tv കാണുന്ന പിയയെ നോക്കികൊണ്ട്‌ നവി ചോദിച്ചു. ഓഫീസിലേക്ക് പോകാൻ റെഡി ആയി വന്നതായിരുന്നു അവൻ..

ഇല്ല മോനേ ഇന്നെനിക്ക് കുറച്ച് ഫോൺ ഇൻ പ്രോഗ്രാംസ് ഉണ്ടാവും. അപ്പൊ പുറത്തുപോയാൽ ശരിയാവില്ല.. പിയ ഒരു കുസൃതി ചിരിയോടെ പറഞ്ഞു..

പടക്ക കടക്ക് തീയിട്ട് അതു പൊട്ടാൻ കാത്തിരിപ്പാണ് നീ അല്ലേ.. നവി അവളുടെ തലയിൽ ഒന്ന് കൊട്ടിക്കൊണ്ട് ചോദിച്ചു..

പിന്നല്ലാ.. ഫോൺ ഇൻ പ്രോഗ്രാം കഴിഞ്ഞിട്ട് വേണം ഗർഭം കലക്കി വേണോ ഓല പടക്കം മതിയോ എന്ന് തീരുമാനിക്കാൻ…

അവസാനം നിന്നെ അവര് വല്ല റോക്കറ്റിൽ കെട്ടിവെക്കുന്ന അവസ്ഥ വരരുത് കേട്ടോ…നവി ഒരു ആക്കി ചിരിയോടെ പറഞ്ഞു..

നീ പോടാ മാക്രി ചേട്ടാ.. പിന്നെയും അവൾ എന്തോ പറയാൻ തുടങ്ങിയ നേരത്താണ് അവളുടെ ഫോൺ ബെല്ലടിച്ചത്. അതിലെ പേര് കണ്ടതും അവളുടെ ചുണ്ടിൽ പുച്ഛം നിറഞ്ഞുള്ള ഒരു ചിരി വിരിഞ്ഞു.. അവൾ അതേ ചിരിയോടെ തന്നെ ആ ഫോൺ നവിയെ പൊക്കി കാണിച്ചു.

നവി അവൾക്ക് ഒരു തംസബ് സൈൻ കാട്ടി.. അവൾ ഫോണും എടുത്തുകൊണ്ട് പുറത്തേക്ക് പോയി..

ഹലോ… അവൾ ഫോൺ എടുത്തപ്പോഴേക്കും അപ്പുറത്തെ സൈഡിൽ നിന്നും അവിനാശിന്റെ വിഷിങ് വന്നിരുന്നു.

യെസ് അവിനാശ് പറയൂ.. എന്തിനാണ് വിളിച്ചത്..

ഫോൺ എടുത്ത വഴിക്ക് ഉള്ള പിയയുടെ അവിനാശ് എന്ന വിളിയിൽ തന്നെ അവൻ ഒന്ന് പകച്ചു. കാരണം റിലേഷനിൽ ആയതിനു ശേഷം അവി എന്നല്ലാതെ വിളിച്ചിട്ടില്ല അവൾ..

അവിനാശ്.. ആർ യു തെർ ???

സോറി പിയ.. ഞാൻ പെട്ടന്ന് വേറെ എന്തോ ചിന്തിച്ചുപോയി.. ആക്ച്വലി ഞാൻ നിന്നെ ഇപ്പൊ വിളിച്ചത് ഒരു സോറി പറയാൻ വേണ്ടിയാണ്..

ഫോർ വാട്ട്‌??? അവൾ ഒന്നും മനസിലാവാത്ത പോലെ ചോദിച്ചു.

അത്‌ ഇന്നലെ അപ്പോഴത്തെ ഒരു ദേഷ്യത്തിൽ ആണ് ഞാൻ നമുക്ക് ബ്രേക്കപ്പ് ആവാം എന്ന് പറഞ്ഞത്. എന്റെ തെറ്റാണ് എന്തു ദേഷ്യത്തിന്റെ പുറത്താണെങ്കിലും ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു. റിയലി സോറി പിയ…

ഫസ്റ്റ് ഓഫ് ഓൾ കാൾ മീ ശ്രീപ്രിയ. എന്നോട് ഒരുപാട് അടുപ്പവും സ്നേഹവും ഉള്ളവർ വിളിക്കുന്ന പേരാണ് പിയ എന്നത്. അത്‌ തന്റെ വായിൽ നിന്നും കേൾക്കുമ്പോൾ ഇട്സ് ഇറിറ്റേറ്റിങ്..സോ ശ്രീപ്രിയ എന്ന് വിളിച്ചാൽ മതി. പിന്നെ ഇന്നലത്തെ ഇഷ്യൂവിൽ താൻ സോറി പറയേണ്ട കാര്യം ഒന്നും ഇല്ല. കാരണം ഒരു റിലേഷൻ മുന്നോട്ട് കൊണ്ടുപോകണോ വേണ്ടയോ എന്ന് അതിൽ പങ്കാളികൾ ആയിരിക്കുന്ന സ്ത്രീക്കോ പുരുഷനോ ആർക്കും തീരുമാനിക്കാം. ഇവിടെ ഇപ്പൊ താൻ ആ ബന്ധം മുന്നോട്ട് കൊണ്ടുപോകേണ്ട എന്ന് തീരുമാനിച്ചു ഞാനും എഗ്രീ ചെയ്യുന്നു..

അങ്ങനെ അല്ലാ പി.. അല്ല ശ്രീപ്രിയ. ഇറ്റ് വാസ് മൈ മിസ്റ്റേക്ക്. ഞാൻ ഒരിക്കലും എടുത്തുചാടി അങ്ങനെ ഒരു തീരുമാനം എടുക്കാൻ പാടില്ലായിരുന്നു.. എനിക്ക് ഒരു ചാൻസ് കൂടി തരാമോ പി.. ശ്രീപ്രിയ. ഇനിയൊരിക്കലും ഇങ്ങനെ ഒരു മിസ്റ്റേക്ക് എന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാവില്ല…

എനിക്ക് താല്പര്യമില്ല അവിനാശ്. ഇനി നമ്മൾ തമ്മിൽ ഒരു കൂടിചേരൽ അതു വേണ്ട. അവിനാശിന് വേറെ ഒന്നും പറയാൻ ഇല്ലെങ്കിൽ വെക്കട്ടെ…

പിയ.. സോറി ശ്രീപ്രിയ വെക്കല്ലേ.. ഒരു കാര്യംകൂടി.. എന്തിനാ എന്നോട് ഉള്ള ദേഷ്യം ഡാഡിയോട് തീർക്കുന്നത്. ഡാഡി എന്തു തെറ്റാണ് ചെയ്യ്തത്…

ഞാൻ എന്തിന് തന്നോട് ഉള്ള ദേഷ്യം തന്റെ ഡാഡിയോട് തീർക്കണം.. എനിക്ക് അതിന്റെ ആവശ്യം ഇല്ല.

പിന്നെ എന്തിനാ നീ എന്റെ ഡാഡിയുടെ പേരിൽ ആവശ്യമില്ലാത്തത് ന്യൂസ്‌ പേപ്പറിൽ എഴുതി വച്ചിരിക്കുന്നത്…

അതു ഞാൻ തന്റെ ഡാഡി യുടെ പേരിൽ അല്ലാ ആഭ്യന്തരമന്ത്രി ധർമപാലന്റെ പേരിൽ അയാൾ ചെയ്ത അഴിമതി ആണ് എഴുതിയിട്ടുള്ളത്. അതൊന്നും ആവശ്യമില്ലാത്തത് അല്ലാ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് ഞാൻ എഴുതിയിട്ടുള്ളത്..

പിയയുടെ വർത്താനം കേട്ട അവിയും ധർമപാലനും പല്ല് കടിച്ചു. അവി എങ്കിലും ആത്‍മസംയമനം പാലിച്ചുകൊണ്ട് അവളോട്‌ ചോദിച്ചു. പിയ നിനക്ക് എന്തു വേണമെങ്കിലും ചെയ്യാം നീ ആ തെളിവുകൾ പ്രസിദ്ധീകരിക്കരുത്.

ഞാൻ പറയുന്ന രണ്ടേരണ്ടു കാര്യം ചെയ്താൽ മതി വേറെ ഒന്നും നിങ്ങൾ ചെയ്യേണ്ടേ…. പിയ ഒരു പുച്ഛചിരിയോടെ പറഞ്ഞു..

എന്തു കാര്യം.. എന്താണെങ്കിലും നമുക്ക് ചെയ്യാം അല്ലേ ഡാഡി.. അവി സന്തോഷത്തോടെ ധർമപാലനെ നോക്കികൊണ്ട്‌ ചോദിച്ചു..

മ്മ്.. അയാളും സമാധാനത്തോടെ മൂളി. പക്ഷേ പിന്നെ പിയ പറഞ്ഞ ആവശ്യം കേട്ട ധർമപാലന്റെയും അവിയുടെയും കിളികൾ കൂടും കുടുക്കയും എടുത്ത് പറന്നിരുന്നു. അവരുടെ മാത്രം അല്ല പിയ പറയുന്നത് കേട്ടുവന്ന ഹരിയുടെയും നവിയുടെയും അടക്കം…

തുടരും…