19/04/2026

ശ്രീനന്ദനം: ഭാഗം 44

രചന – കണ്ണൻ്റെ മാത്രം

അവരുടെ വണ്ടി ചെന്നു നിന്നത് ആകെ കാടുപിടിച്ചു കിടക്കുന്ന ഒരു പഴയ വീടിന്റെ മുന്നിലായിരുന്നു. അടുത്തുപുറത്തൊന്നും വീടുകളോ മറ്റു ഒന്നുമോ ഉണ്ടായിരുന്നില്ല.. ആകെ ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലം…രുദ്രേട്ടാ… ഇതേതാ സ്ഥലം…അഭി ചുറ്റും നോക്കികൊണ്ട്‌ ചോദിച്ചു..എന്റെ ഒരു ഫ്രണ്ടിന്റെ പ്രോപ്പർട്ടി ആണെടോ… ഇവനെ ഒക്കെ കൈകാര്യം ചെയ്യാനിങ്ങനത്തെ സ്ഥലങ്ങൾ ആണ് നല്ലത്… അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അഷ്‌റഫ്‌ അവന്മാരെ രണ്ടാളെയും കൊണ്ട് അങ്ങോട്ട് എത്തിയിരുന്നു..

അഷ്‌റഫ്‌ തന്റെ വണ്ടിയിൽ ഒന്ന് എഴുന്നേൽക്കാൻ വരെ ആവുതില്ലാതെ കിടക്കുന്ന രണ്ടെണ്ണത്തെയും പുറത്തേക്ക് ഇറക്കാൻ ശ്രമിച്ചു. നവിയും വിച്ചുവും കൂടി അയാളുടെ സഹായനെത്തി. മൂന്നാളും കൂടി ആ രണ്ടെണ്ണത്തിനെ ഉള്ളിലേക്ക് കൊണ്ടുപോയി. പിന്നാലെ ബാക്കി ഉള്ളവരും പോയി..താനൊന്നു നന്നായി പെരുമാറിയിട്ടുണ്ടല്ലോ അഷ്റഫെ… രുദ്രൻ തന്റെ മുൻപിലായി കെട്ടിയിട്ടിരിക്കുന്ന രണ്ടിനെയും ഒന്ന് നോക്കി കൊണ്ട് അഷ്റഫിനോട് ചോദിച്ചു…അത്… പിന്നെ… സാർ..അഷ്‌റഫ്‌ നിന്ന് വിക്കി..താൻ നിന്ന് വിക്കാതെ പറയെടോ… രുദ്രൻ പറഞ്ഞു..വേറെ ഒന്നും അല്ല സാർ. കുറച്ചുനാൾ മുൻപ് ഒരു കേസിൽ ഞാൻ ഇവരെ രണ്ടിനെയും പിടിച്ചിരുന്നു സാർ.. അന്ന് പക്ഷേ ഒരു മണിക്കൂർ ആവുമ്പോഴേക്കും ഇവനെ ഒക്കെ ഇറക്കാൻ നല്ല കൊടികുത്തിയ വകീൽ വന്നു..അന്ന് ഇറങ്ങി പോകുമ്പോ ദേ ഇവൻ എന്റെ മുഖത്ത് നോക്കി പുച്ഛത്തോടെ ഒരു ചിരി ചിരിച്ചു. അന്ന് ഞാൻ കരുതിയിരുന്നു എന്നെങ്കിലും ഇവനെ ഒക്കെ എന്റെ കയ്യിൽ കിട്ടിയാൽ ഇവന്റെ ഒക്കെ കാര്യത്തിൽ ഞാൻ തീരുമാനം ആക്കും എന്ന്. ഇപ്പൊ അള്ളാഹ് എന്റെ കൂടെ ആണ്.. അതല്ലേ സാറ് ഇവരെ പിടിക്കാൻ എന്നോട് തന്നെ പറഞ്ഞത്..

 

മ്മ്.. രുദ്രൻ അതിനൊന്ന് മൂളിയിട്ട് നേരെ അവന്മാരുടെ നേർക്ക് നോക്കി..എന്താടാ നിന്റെ ഒക്കെ പേര്.. രുദ്രന്റെ ഗാംഭീര്യം നിറഞ്ഞ സ്വരം അവിടെ മുഴങ്ങി..സാർ ഞാൻ ബാബു.. ദേ ഇവൻ ദാസൻ… ബാബു എന്ന് പറയുന്നവൻ പറഞ്ഞു…അപ്പൊ ബാബുവേ… ആര് പറഞ്ഞിട്ടാണ് നീയൊക്കെ എന്റെ ഫ്ലാറ്റിന് മുന്നിൽ ചുറ്റി തിരിഞ്ഞിരുന്നത്… രുദ്രൻ ഗൗരവത്തോടെ ചോദിച്ചു.അത്… സാർ…. അയാൾ എന്ത് പറയണം എന്നറിയാതെ നിന്നു..

ചീ.. പറയെടാ.. അഷ്‌റഫ്‌ ബാബുവിന് ഇട്ട് ഒന്നു പൊട്ടിച്ചുകൊണ്ട് അലറി..സാർ.. അത് കൊട്ടേഷൻ ആയിരുന്നു.. ഫോൺ വഴി ആണ് ചെയ്യേണ്ട കാര്യങ്ങൾ അവർ പറഞ്ഞത്..അപ്പൊ അതിനുള്ള പൈസയോ..അഷ്‌റഫ്‌ ചോദിച്ചു..അത് എന്റെ അക്കൗണ്ടിലേക്ക് വരും…അതുപോട്ടെ *** ദിവസം നിങ്ങൾ medicare ഹോസ്പിറ്റലിലെ സിസ്റ്റർ ആഗ്നസിന്റെ വീട്ടിൽ പോയില്ലേ അത് ആര് പറഞ്ഞിട്ടായിരുന്നു.. നിങ്ങൾ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലേ ഗ്രൂപ്പിൽ…അതും കൊട്ടേഷൻ ആയിരുന്നു.. ഫോൺ വഴി തന്നെ ആണ് ഇൻസ്‌ട്രക്ഷൻസ് വന്നത്. ഞങ്ങൾ രണ്ടാൾ അല്ലാതെ മറ്റുരണ്ടുപേരു കൂടി ഉണ്ടായിരുന്നു..

മ്മ്… ഇതിൽ ആരാടാ ആ കുഞ്ഞിന്റെ ദേഹത്ത് കൈ വച്ചത്… രുദ്രൻ ദേഷ്യത്തോടെ ചോദിച്ചു..രണ്ടുപേരും ഒന്നും മിണ്ടാതെ തല കുമ്പിട്ടിരുന്നു.. അടുത്ത നിമിഷം രണ്ടാളുടെയും കരച്ചിൽ അവിടെ ഉയർന്നു.. രുദ്രൻ ഒഴികെ ബാക്കി ഉള്ളവർ ഒന്നും മനസിലാകാതെ പരസ്പരം നോക്കി.. അപ്പോഴാണ് വിച്ചു അഭിയേയും നവിയെയും പിയയേയും വിളിച്ച് ആ കാഴ്ച്ച കാട്ടികൊടുത്തത്.. ബൂട്ടിട്ട കാലുകൊണ്ട് രണ്ടാളുടെയും കാലിന്റെ തള്ളവിരലുകൾ ചവിട്ടി ഞെരിക്കുകയാണ് രുദ്രൻ..മതി സാറെ.. ഞാൻ പറയാം.. ദേ ഇവനാണ് ആ കൊച്ചിനെ കൈവച്ചത്… വേദന സഹിക്കാൻ വയ്യാതെ ദാസൻ ബാബുവിനെ കാട്ടി പറഞ്ഞു… അപ്പോഴാണ് രുദ്രൻ തന്റെ കാല് അവരുടെ തള്ളവിരലിൽ നിന്ന് എടുത്തത്.. അവരുടെ തള്ളവിരൽ ചതഞ്ഞിരുന്നു…

ബാബുവേ…രുദ്രേട്ടാ… രുദ്രൻ ബാബുവിന്റെ നേരെ തിരിയുന്നതിനു മുന്നേ പിയ അവനെ വിളിച്ചു..എന്താ പിയ…ആ കുഞ്ഞിനെ തൊട്ടതിനു അവനുള്ള സമ്മാനം ഞാൻ കൊടുത്തോട്ടെ.. ഒരു പെണ്ണ് എന്ന നിലയിൽ എനിക്കല്ലേ അതിന് ഏറ്റവും അർഹത…മ്മ്… Go ahead..രുദ്രൻ അവിടെ നിന്ന് മാറിക്കൊണ്ട് പറഞ്ഞു…പിയ അയാൾക്ക് മുൻപിൽ വന്ന് നിന്നു. അയാളുടെ കണ്ണുകളിൽ അതുവരെ ഉള്ള ഭയം മാറി അവിടെ സമാധാനം നിറയുന്നത് എല്ലാവരും കണ്ടു.. പിയയെ നന്നായി അറിയുന്ന എല്ലാവർക്കും ചിരിയാണ് അത് കണ്ടിട്ട് വന്നത്….

 

നീ ഏത് കൈകൊണ്ടാടാ ആ കുഞ്ഞിനെ തൊട്ടത്… പിയ അയാളെ നോക്കി ചോദിച്ചു… അയാൾ ഒന്നും മിണ്ടാതെ അവളുടെ മുഖത്ത് നോക്കി ഇരുന്നതേ ഉള്ളൂ…വേണ്ടാ.. പറയണ്ട.. ഇനി നിനക്ക് കുറച്ച് കാലം രണ്ട് കൈയും വേണ്ടാ.. അവൾ അത് പറയലും അയാളുടെ രണ്ട് കൈയും പിരിച്ചൊടിക്കലും ഒരുമിച്ച് കഴിഞ്ഞു.. അയാളുടെ അലർച്ചയുടെ ഒപ്പം എല്ല് ഓടിയുന്ന ശബ്ദവും അവിടെ കേട്ടു… അധികം വൈകാതെ പിയയുടെ ഒരു കാല് അയാളുടെ തുടകൾക്കിടയിൽ ശക്തിയിൽ അമർന്നു.. കൊച്ചു കുഞ്ഞിനെ കണ്ടപ്പോൾ വരെ കാമം ഉണർന്ന നിനക്ക് ഈ അവയവത്തിന്റെ ആവശ്യം ഇനി ഇല്ല… പിയ ഒന്നുകൂടി അവളുടെ കാല് അമർത്തി.. അയാൾ മരണവേദനയാൽ പിടഞ്ഞു.. ഇവിടത്തെ സുഖം അല്ലേ നീ ഇത്ര നാൾ അറിഞ്ഞിട്ടുള്ളൂ.. വേദനക്കൂടി ഒന്ന് അറിയ്‌… അതും പറഞ്ഞ് ഒരു വട്ടം കൂടി അവൾ ശക്തിയിൽ അവിടെ ചവിട്ടി… അയാൾ വേദനകൊണ്ട് അലറി കരഞ്ഞു..

 

ബാക്കി ഉള്ളവർ അയാളുടെ അലർച്ചയിൽ കിറുങ്ങി നിൽക്കുമ്പോൾ അഷ്‌റഫ്‌ കണ്ണും തള്ളി നിൽപ്പായിരുന്നു. രുദ്രൻ അവൾക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്തപ്പോൾ അയാൾക്ക് ഉള്ളിൽ ചെറിയ ഒരു അമർഷം തോന്നിയിരുന്നു.. ഇവൾ എന്ത് ചെയ്യാനാ എന്ന് കരുതി.. പക്ഷേ ഇപ്പൊ…..ഇനി ആരെ കണ്ടാലും നിനക്ക് കാമം വരില്ല അല്ലേ ബാബുവേ… രുദ്രൻ ഒരു പുച്ഛചിരിയോടെ ചോദിച്ചു..ബാബുവിന് കരയാൻ വരെ പറ്റാത്ത അവസ്ഥ ആയിരുന്നു… അയാൾ ഇപ്പോഴും പിയയിൽ നിന്ന് കിട്ടിയ സമ്മാനത്തിന്റെ ആഫ്റ്റർ എഫക്റ്റിൽ ആയിരുന്നു…അഷ്റഫെ… രുദ്രൻ വിളിച്ചു..എന്താ സാർ.. പിയയെ തന്നെ കണ്ണും തള്ളി നോക്കി നിന്നിരുന്ന അഷ്‌റഫ്‌ രുദ്രന്റെ വിളിയിൽ ഞെട്ടികൊണ്ട് വിളിക്കേട്ടു..

എന്തായി കാശിയുടെയും മിത്രയുടെയും കാൾ ലിസ്റ്റ് കിട്ടിയോ..ഉവ്വ് സാർ.. ഞാൻ സാറിന് മെയിൽ ചെയ്തിട്ടുണ്ട്..ഓക്കേ.. എന്നാൽ താൻ ഇവർക്ക് കൊട്ടേഷൻ കൊടുത്ത നമ്പറും അവർക്ക് ഏത് അക്കൗണ്ടിൽ നിന്നാണ് ക്യാഷ് വരുന്നതെന്നും ഒന്ന് ചോദിച്ച് മനസിലാക്ക്.. അതുപോലെ ഇവരുടെ കൂടെ അന്ന് ഉണ്ടായിരുന്ന രണ്ടാളുടെയും ഡീറ്റെയിൽസ് അറിയണം… തല്ക്കാലം അവന്മാർ നിരീക്ഷണത്തിൽ നിൽക്കട്ടെ. അവരെ പൊക്കണ്ട… ഇവർ നാലും ഒന്നിച്ചു അപ്രത്യക്ഷമായാൽ ഇവനെ ഒക്കെ ഇത് ഏൽപ്പിച്ചവൻ അലേർട് ആവും.. തല്ക്കാലം അത് വേണ്ട..ശരി സാർ….അഷ്‌റഫ്‌ അത് സമ്മതിച്ചതും രുദ്രൻ ബാക്കി ഉള്ളവരെയും കൂട്ടി കാറിലേക്ക് പോയി. അതിൽ ആയിരുന്നു അവന്റെ ലാപ്ടോപ്.. അവൻ വേഗം ലാപ് തുറന്ന് അഷ്‌റഫ്‌ അയച്ചുകൊടുത്തു മിത്രയുടെയും കാശിയുടെയും കാൾ ലിസ്റ്റ് പരിശോധിക്കാൻ തുടങ്ങി..

അന്ന് ആക്‌സിഡന്റ് ഉണ്ടായ അന്ന് കാശിയുടെ മൊബൈലിലേക്ക് ഒരു നമ്പറിൽ നിന്ന് കാൾ വന്നതിന് ശേഷം ആണ് മിത്രയുടെ ഫോണിൽ നിന്ന് പിയയുടെ നമ്പറിലേക്ക് കാൾ പോയിട്ടുള്ളത്. അത് കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോഴേക്കും വേറെ ഒരു നമ്പറിൽ നിന്ന് കാൾ വന്നിട്ടുണ്ട്.. പിന്നെ കാശിയുടെ ഫോണിൽ നിന്ന് കാൾസ് ഒന്നും പോയിട്ടോ വന്നിട്ടോ ഇല്ല. പക്ഷേ മിത്രയുടെ ഫോണിൽ നിന്ന് ഒരു നമ്പറിലേക്ക് രണ്ടുവട്ടം കാൾ പോയിട്ടുണ്ട്…രുദ്രേട്ടാ ഈ നമ്പറിലേക്ക് ആയിരിക്കും അല്ലേ ഫോഴ്‌സിനെ വിടാൻ പറഞ്ഞിട്ട് കാശിയേട്ടൻ വിളിച്ചിട്ടുണ്ടാവാ… അഭി മിത്രയുടെ ഫോണിൽ നിന്ന് അവസാനമായി കാൾ പോയിട്ടുള്ള നമ്പർ നോക്കി ചോദിച്ചു…

അതേ.. ആഗ്നസ് സിസ്റ്റർ പറഞ്ഞ സമയം വച്ച് ഇത് തന്നെ ആയിരിക്കും ആ നമ്പർ.. നോക്ക് ഇതിൽ നിന്ന് പിന്നെയും കാൾ പോയിട്ടുണ്ട്… പക്ഷേ അപ്പൊ അത് ആരും അറ്റൻഡ് ചെയ്തിട്ടില്ല… അതിനർത്ഥം ആരെയാണോ കാശി ആദ്യം വിളിച്ച് അങ്ങോട്ട് ഫോഴ്‌സിനെ അയക്കാൻ പറഞ്ഞത് അയാളെ രണ്ടാമതും വിളിച്ചിട്ടുണ്ട്. ചിലപ്പോ ഫോഴ്‌സിനെ കാണാത്തതു കൊണ്ട് വിളിച്ചതാവും.. എനിക്ക് കൺഫ്യൂഷൻ അതല്ല..പിന്നെ എന്താണ് രുദ്രേട്ടാ… അഭി ചോദിച്ചു..അത് പറയാം അതിനുമുൻപ് അന്നത്തെ ആ cctv ഫുടേജ് എടുത്തേ… പിയ വേഗം തന്റെ ഫോണിലെ cctv ഫുടേജ് എടുത്തു… കണ്ടോ കാശി പിയയെ വിളിക്കുന്നതിന്‌ മുൻപ് ഒരു കാൾ വരുന്നുണ്ട്…. ഈ കാൾ വന്നതിന് ശേഷം ആണ് കാശി പിയയെ വിളിക്കുന്നത്… വിളിച്ച സമയം വച്ച് നമുക്കത് കൺഫേം ചെയ്യാം.. പിയയെ വിളിച്ച് കുറച്ചു കഴിഞ്ഞപ്പോൾ ഒരു കാൾ കൂടി വരുന്നുണ്ട്. അതോടെയാണ് കാശി ആകെ ടെൻസ്ഡ് ആകുന്നതും അവർ വേഗം എഴുന്നേറ്റ് മിത്രയുടെ കേബിനിലേക്ക് പോകുന്നതും… അതിനർത്ഥം ഈ രണ്ടാമത് വിളിച്ചിട്ടുള്ള ആൾ പറഞ്ഞ കാര്യങ്ങൾ കാശിയെ അത്രയും ഡിസ്റ്റർബ് ചെയ്യുന്നതാവും എന്നാണ്…

അതെന്തായിരിക്കും…. വിച്ചു ചോദിച്ചു..അത് അറിയണമെങ്കിൽ ഈ രണ്ട് കാളും വിളിച്ചത് ആരാ എന്ന് അറിയണം…ഇത് രണ്ടും ലാൻഡ്‍ഫോൺ ആണ്… ഇന്നത്തെ കാലത്ത് ലാൻഡ് ഫോൺസ് വളരെ കുറവാണ്… നമുക്ക് നോക്കാം… ആ വിളിച്ചത് ആരാന്നും എന്താന്നും അറിയാതെ നമുക്ക് മുന്നോട്ട് പോകാൻ പറ്റില്ല… രുദ്രൻ പറഞ്ഞു നിർത്തി…അവർ നാലാളും തിരികെ ആ വീടിനുള്ളിലേക്ക് തന്നെ പോയി…എന്തായി അഷ്റഫെ ഡീറ്റെയിൽസ് കിട്ടിയോ…ഉവ്വ് സാർ..എങ്കിൽ ആ നമ്പറിന്റെ കൂടെ ദേ ഈ മൂന്ന് നമ്പർകൂടി ആരുടെ ആണെന്ന് അറിയണം… രുദ്രൻ പറഞ്ഞു..

ശരി സാർ.. അല്ല സാർ ഇവരുടെ കാര്യം എങ്ങനെയാ… അഷ്‌റഫ്‌ ചോദിച്ചു…ഇവർ കുറച്ചു ദിവസം ഇവിടെ കിടക്കട്ടെ അഷ്റഫെ.. അവർക്ക് കാവലിന് ആളെ ഞാൻ ഏർപ്പാടാക്കിക്കൊള്ളാം…എങ്കിൽ ഞാൻ പൊക്കോട്ടെ സാർ… അഷ്‌റഫ്‌ ചോദിച്ചു..മ്മ്…രുദ്രേട്ടാ ആരാ ഇവർക്ക് കാവലിന്… പിയ ചോദിച്ചു…രുദ്രൻ ഫോൺ എടുത്ത് ആരെയോ വിളിച്ചു.. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും പുറത്ത് ഒരു വണ്ടി വന്ന് നിൽക്കുന്ന ശബ്ദം കേട്ടു.. നിമിഷങ്ങൾക്കകം നല്ല ഉയരവും അതിനനുസരിച്ചു ശരീരവും ഉള്ള ഒരുത്തൻ ഉള്ളിലേക്ക് വന്നു.. അവന്റെ പിന്നിലായി മൂന്നുനാല് ആളുകൾ കൂടി ഉണ്ടായിരുന്നു..ഇത് ഗിരി.. ഇവൻ ഉണ്ടാകും ഇവർക്ക് കാവലായ്..ഗിരി…. ശ്രദ്ധിക്കണം…രുദ്രൻ അവനോട് പറഞ്ഞു..ഞാൻ നോക്കിക്കോളാം സാർ… അവൻ പറഞ്ഞു…

അതോടെ അവർ അവിടെ നിന്ന് തിരികെ യാത്ര തിരിച്ചു…രുദ്രേട്ടാ എന്നെ പിക്ക് ചെയ്ത സ്ഥലത്ത് ഇറക്കിയാൽ മതി. എന്റെ കാർ അവിടെ ഉണ്ട്… കാർ ഓടി തുടങ്ങിയപ്പോൾ വിച്ചു പറഞ്ഞു…എങ്കിൽ ഞങ്ങളെയും അവിടെ ഇറക്കിക്കോ.. ഇന്ന് വീട്ടിൽ പോകണം എന്ന് കരുതിയതാണ്.. ഇനിയിപ്പോ അച്ഛന്റെ ഒക്കെ അടുത്ത് പോയിട്ട് എപ്പോ പോകാനാ.. അല്ലേ ശ്രീ.. അഭി പിയയെ നോക്കി ചോദിച്ചു..മ്മ്.. അതുമതി. നമുക്ക് വീട്ടിൽ എത്തിയിട്ട് അച്ഛനെ വിളിച്ച് പറയുകയും ചെയ്യാം..ഓക്കേ.. നവി പറഞ്ഞു..

തുടരും…..