19/04/2026

ശ്രീനന്ദനം : ഭാഗം 08

രചന – കണ്ണന്റെ മാത്രം

ഓട്ടോയിൽ കയറി കുറച്ചു കഴിഞ്ഞിട്ടും എങ്ങോട്ടാണ് എന്ന് അയാൾ ചോദിക്കാതെ ഓടിക്കുന്നത് കണ്ടപ്പോൾ പിയ അഭിയോട് ചോദിച്ചു.

അല്ലടോ.. തനിക്ക് എനിക്ക് എങ്ങോട്ടാ പോകേണ്ടത് എന്ന് അറിയണ്ടേ..

അറിയണം.. അവൻ പറഞ്ഞു.

എന്നിട്ടെന്താ താൻ ഒന്നും ചോദിക്കാതെ വണ്ടി ഓടിക്കുന്നത്..

അത് ഈ റോഡ് നേരെ പോയാൽ ഒരു നാലും കൂടിയ വഴി വരുമല്ലോ. അപ്പൊ ചോദിക്കാം എന്ന് കരുതി.. അവൻ ചെറിയ ചമ്മലോടെ മറുപടി പറഞ്ഞു..

അവന്റെ ചമ്മിയ മുഖം കണ്ടപ്പോൾ അവൾക്കും ചിരി വന്നെങ്കിലും അവൾ കടിച്ചുപിടിച്ച് ഗൗരവത്തോടെ തന്നെ ഇരുന്നു…

അല്ല എവിടെക്കാ പോകേണ്ടത് എന്ന് മാഡം പറഞ്ഞില്ല.. കുറച്ചു കഴിഞ്ഞതും അവൻ ചോദിച്ചു.

നാലും കൂടിയ വഴി എത്തിയില്ലല്ലോ.. അവിടെ എത്തട്ടെ എന്നിട്ട് പറയാം.. പിയ മറുപടി പറഞ്ഞു..

അഹങ്കാരി ഞാൻ പറഞ്ഞത് വച്ച് എന്നെ തന്നെ കളിയാക്കുകയാണ്.. അവൻ പിറുപിറുത്തു..

അവൻ അത് പിറുപിറുത്തതാണെങ്കിലും അവൾ അത് വ്യക്തമായി കേട്ടു. എങ്കിലും കേൾക്കാത്ത പോലെ അവനോട് ചോദിച്ചു..
താൻ എന്തെങ്കിലും പറഞ്ഞോ…

ഏയ്യ് ഇല്ല മേഡം.. അവൻ പരിഭ്രമത്തോടെ പറഞ്ഞു..

എനിക്ക് താൻ എന്തോ പറഞ്ഞപോലെ തോന്നി. എന്നെ എന്തോ അഹങ്കാരി എന്ന് വിളിച്ചത് പോലെയോ മറ്റോ തോന്നി… സൈഡ് മിററിൽ കൂടെ കാണുന്ന അവന്റെ മുഖത്തേക്ക് തന്നെ നോക്കികൊണ്ട്‌ അവൾ പറഞ്ഞു.

ഏയ്യ് ഇല്ല മേഡം. അത് മേഡത്തിന് തോന്നിയതാവും.. വിളറി വെളുത്ത മുഖത്തോടെ അവൻ പറഞ്ഞു.

മ്മ്.. ചിലപ്പോ തോന്നിയതാവും.. അവന്റെ വിളറി വെളുത്ത മുഖത്തേക്ക് നോക്കികൊണ്ട്‌ അവൾ പറഞ്ഞു.. പാവം….അവന്റെ മുഖം കണ്ടപ്പോൾ അവൾക്ക് അങ്ങനെ ആണ് മനസ്സിൽ തോന്നിയത്..

മേഡം.. ഇനി എങ്ങോട്ടാ… നാലും കൂടിയ വഴി എത്താറായപ്പോൾ അവൻ ചോദിച്ചു..

ഗ്രീൻ വാലി കോളനി… ഹൗസ് നമ്പർ 101….

ഒക്കെ…

മേഡം.. മാർഷ്യൽ ആർട്സ് പഠിച്ചിട്ടുണ്ടോ.. അവൻ ആകാംഷയോടെ ചോദിച്ചു…

എടോ… താൻ ഇങ്ങനെ മേഡം മേഡം.. എന്ന് വിളിക്കല്ലേ. കേൾക്കുമ്പോൾ എന്തോ ഇറിറ്റേഷൻ തോന്നുന്നു. എന്റെ പേര് ശ്രീപ്രിയ എന്നാണ്. താൻ അങ്ങനെ വിളിച്ചോളൂ.. പിന്നെ മാർഷ്യൽ ആർട്സ് പഠിച്ചിട്ടുണ്ട്…

മ്മ്.. അവൻ മൂളി.. കുറച്ച് കഴിഞ്ഞപ്പോഴേക്കും അവർ അവൾ പറഞ്ഞ വീടിന്റെ മുന്നിൽ എത്തിയിരുന്നു. അവൻ ആ കോമ്പൗണ്ടിലേക്ക് ഒന്ന് നോക്കി. ഒരേപോലെ നിൽക്കുന്ന രണ്ടു വലിയ വീടുകൾ… അപ്പോഴേക്കും അവൾ ഇറങ്ങി..

എത്ര ആയെടോ…

50 രൂപ..

അല്ല തന്റെ പേര് പറഞ്ഞില്ലല്ലോ..
അവൾ ആ പൈസ എടുത്ത് കൊടുക്കുന്നതിന് ഇടയിൽ ചോദിച്ചു..

അഭിനന്ദ്… അവൻ ആ പൈസ വാങ്ങിക്കൊണ്ട് പറഞ്ഞു..

ആ.. അപ്പൊ.. നന്ദാ.. ഇനിമുതൽ ഇരുന്ന് പിറുപിറുക്കുമ്പോൾ കുറച്ചുകൂടി പതുക്കെ പിറുപിറുത്താൽ മതി കേട്ടോ. അല്ലെങ്കിൽ ബാക്കി ഉള്ളവർ അത് നല്ല വ്യക്തമായി കേൾക്കും. ഇന്ന് ഞാൻ കേട്ടപ്പോലെ.. അവൾ അവനെ നോക്കി ഒരു ആക്കി ചിരിയോടെ പറഞ്ഞു..

അവന്റെ മുഖത്ത് ചമ്മൽ നിറഞ്ഞു.. അവൻ അവളെ നോക്കാതെ വണ്ടി സ്റ്റാർട്ട്‌ ചെയ്തു.. പിന്നെ അവളെ നോക്കി ചമ്മിയ ഒരു ചിരി ചിരിട്ട് വണ്ടി എടുത്തു പോയി…

അവളും അവന്റെ ചമ്മിയ മുഖം ആലോചിച്ച് ഒരു ചിരിയോടെ ഉള്ളിലേക്ക് കയറി..

എന്താണ് പപ്പയുടെ കുഞ്ഞിന്റെ മുഖത്തൊരു ചിരി. അല്ലെങ്കിൽ മിക്കദിവസവും ദേഷ്യം പിടിച്ചിട്ടാവുമല്ലോ വരാറുള്ളത്.. ഒരു ചിരിയോടെ വരുന്ന പിയയെ നോക്കികൊണ്ട്‌ ഹരി ചോദിച്ചു..

ഒന്നുമില്ല പപ്പേ.. ഞാൻ ചുമ്മാ.. അപ്പച്ചി എവിടെ..

അവള് അപ്പുറത്തേക്ക് പോയിട്ടുണ്ട്. നാളെ പപ്പൻ എത്തും എന്ന് പറഞ്ഞു വിളിച്ചപ്പോൾ അവിടെ ആകെ പൊടിയാവും ഞാനൊന്ന് വൃത്തി ആക്കട്ടെ എന്നും പറഞ്ഞ് അങ്ങോട്ട് പോയിട്ടുണ്ട്..

പൊടിയോ.. ഇന്ന് രാവിലെ കൂടി ശാരധേച്ചി ക്ലീൻ ചെയ്ത സ്ഥലത്തോ..

ആന്ന്.. നിന്റെ അപ്പച്ചിക്ക് അവളുടെ ചേട്ടൻ എവിടെങ്കിലും പോയി വരുന്നു എന്ന് കേട്ടാൽ പിന്നെ പ്രാന്താണ്. എന്തൊക്കെ ചെയ്താലും മതി വരില്ല…

പ്രാന്ത് എനിക്കല്ല.. നിങ്ങൾക്കാണ്..
പിന്നിൽ നിന്നും പാറുവിന്റെ ശബ്ദം കേട്ടതും ഹരി പെട്ടല്ലോ എന്നാലോചിച്ചുകൊണ്ട് അവരെ തിരിഞ്ഞു നോക്കി..

പാറു ഞാൻ അങ്ങനെ അല്ല മോളെ ഉദ്ദേശിച്ചത്… ഹരി വിശദീകരിക്കാൻ നോക്കി..

എങ്ങനെ ആയാലും നിങ്ങൾ പറഞ്ഞത് ഞാൻ കേട്ടതാണ്.. എന്റെ ഏട്ടൻ വരട്ടെ. പറഞ്ഞ് കൊടുക്കുന്നുണ്ട് ഞാൻ… പാറു കെറുവിച്ചുകൊണ്ട് റൂമിലേക്ക് പോയി..

പിയ രണ്ടാളുടെയും അടികണ്ട് ചിരി കടിച്ചുപിടിച്ചുകൊണ്ട് നിന്നു..

പിയയുടെ നിൽപ്പ് കണ്ടപ്പോൾ ഹരിക്ക് മനസിലായി പാറു വന്നത് അറിഞ്ഞിട്ടും മിണ്ടാതെ നിന്നതാണ് എന്ന്…

മുത്തേ.. എന്നാലും എന്നോട് ഈ ചതി വേണ്ടായിരുന്നു. ഇനി ഇതിന് പകരം അവള് ഒരാഴ്ച എന്നെക്കൊണ്ട് രാത്രിയിലെ പാത്രം മുഴുവൻ കഴുകിക്കും.. ഹരി തലയിൽ കൈവച്ചുകൊണ്ട് പറഞ്ഞു..

പപ്പ കേട്ടിട്ടില്ലേ പാത്രം കഴുകുന്നത് സ്‌ട്രെസ്സ് കുറയ്ക്കുമത്രേ.. അപ്പൊ അത് നല്ലതല്ലേ.. അവൾ ഹരിയെ നോക്കി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു..

ഓടടി… ഹരി അവളെ അടിക്കാൻ കൈ ഓങ്ങിക്കൊണ്ട് പറഞ്ഞു..
പിയ ഒരു ചിരിയോടെ അവളുടെ റൂമിലേക്ക് ഓടി.. ഹരി അവൾ പോയ വഴിയേ ചിരിയോടെ നോക്കികൊണ്ട്‌ സ്വന്തം റൂമിലേക്ക് ഒന്ന് നോക്കി. പിന്നെ അടുക്കളയിലേക്കും ഒന്ന് നോക്കി ദീർഘ നിശ്വാസം വിട്ടുക്കൊണ്ട് പാറുവിനെ സമാധാനിപ്പിക്കാൻ പോയി..

………………

അഭി വീട്ടിലേക്ക് കുറച്ച് ടെൻഷനോടെ ആണ് കയറി ചെന്നത്. അമ്മയും സഹോദരങ്ങളും തമ്മിൽ എന്ത് സംസാരമാണ് ഉണ്ടായതെന്ന് അവന് അറിയാൻ പറ്റിയിട്ടില്ല. ആമിയെ വിളിച്ച് ചോദിച്ചപ്പോൾ അവൾ വരുമ്പോഴേക്കും അവർ രണ്ടാളും പോയിരുന്നു എന്ന് മാത്രമേ അവൾക്കും അറിയുള്ളൂ.
അഭി ചെല്ലുമ്പോൾ എന്തോ തുന്നികൊണ്ടിരുന്ന സാവിത്രിയമ്മ അവനെ കണ്ടതും എഴുന്നേറ്റു.

ഇന്നെന്താ നീ നേരത്തെ.. അവർ അവനോട് ചോദിച്ചു..

ഒന്നുല്ല്യ അമ്മേ.. ഒരു സുഖം തോന്നിയില്ല.. അതാ..

മ്മ്.. ചായ വേണോ നിനക്ക്..

വേണ്ട അമ്മേ. ഞാൻ ഒന്ന് കുളിച്ചിട്ട് വരാം. എന്നിട്ട് ഭക്ഷണം കഴിക്കാം…
അവൻ അതും പറഞ്ഞുകൊണ്ട് പുറത്തേക്ക് പോകാനായി തിരിഞ്ഞു. പിന്നെ വീണ്ടും അവർക്ക് നേരെ തിരിഞ്ഞുകൊണ്ട് അവൻ ചോദിച്ചു..

അല്ല അമ്മേ.. എന്തായി കാര്യങ്ങൾ നിധിയും ജിത്തുവും പിണങ്ങി ഒന്നും അല്ലല്ലോ പോയത്….

എനിക്ക് തോന്നിയിരുന്നു എന്റെ മോന്റെ സുഖകേടിനുള്ള കാരണം ഇതാവും എന്ന്.. അവർ എന്നോട് ഒരു കാര്യം ചോദിച്ചു. അതിനുള്ള മറുപടി ഞാൻ കൊടുത്തു. അതിനിപ്പോ പിണങ്ങേണ്ട കാര്യം എന്താ ഉള്ളത്.. അതുകൊണ്ട് എന്റെ മോൻ പോയി കുളിച്ചു വാ.. നമുക്ക് കഴിക്കാം..

എന്താ ഉണ്ടായത് എന്ന് അവർ ഒന്നും തെളിച്ച് പറയാത്തത് അവനെ ദേഷ്യം പിടിപ്പിച്ചു. പക്ഷേ പിന്നേം പിന്നേം ഒരു കാര്യം തന്നെ ചോദിച്ചാൽ ഇത്ര വലുതായി എന്നൊന്നും അവർ നോക്കില്ല എന്നും ചൂലുംകണ കൊണ്ട് അടികിട്ടുമെന്ന് അറിയാവുന്നതുകൊണ്ടും അവൻ വന്നദേഷ്യം കടിച്ചമർത്തി കുളിക്കാനായി പോയി..

അവൻ കുളികഴിഞ്ഞു വരുമ്പോഴേക്കും സാവിത്രിയമ്മയും ആമിയും കൂടി ഭക്ഷണമെല്ലാം എടുത്തു വച്ചിരുന്നു.

അവൻ വന്നിരുന്നതും അവർ ഭക്ഷണം വിളമ്പി. മൂന്നുപേരും ഒന്നിച്ചിരുന്ന് കഴിച്ചു തുടങ്ങി. എന്തേലും ഒക്കെ സംസാരിക്കാതെ ഭക്ഷണം ഇറങ്ങാത്ത ആമി ഇന്ന് ഒന്നും മിണ്ടാതെ ഇരുന്ന് കഴിക്കുന്നത് കണ്ടപ്പോൾ സാവിത്രിയമ്മയും അഭിയും പരസ്പരം ഒന്ന് നോക്കി.

എന്തെങ്കിലും പ്രശ്നം ഉണ്ടോ ആമി… അഭി ചോദിച്ചു.

ഇല്ലേട്ടാ.. എന്തോ ഒരു തല വേദന പോലെ..

കുറച്ചുനേരം ആയല്ലോ നിനക്ക് തലവേദന തുടങ്ങിയിട്ട്. നീ മരുന്നൊന്നും കഴിച്ചില്ലേ. ഞാൻ അപ്പോഴേ പറഞ്ഞതല്ലേ ഒരു ഗുളിക എടുത്ത് കഴിക്കാൻ… സാവിത്രിയമ്മ അവളെ നോക്കി കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു.

അപ്പൊ കുറേ നേരം ആയോ ഇത് തുടങ്ങിയിട്ട്.. അഭി ചോദിച്ചു.

പിന്നില്ലാതെ.. ഇവളുടെ ആ കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് വരുമ്പോഴേ കണ്ണൊക്കെ ചുവന്ന് മുഖം ആകെ വല്ലാതെ ആയിട്ടാണ് വന്നത്. തലവേദന ആണെന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞതാ ഒരു മരുന്നെടുത്തു കഴിക്കാൻ. അത് കഴിച്ച് കാണില്ല. അതാ വേദന മാറാത്തത്..

ഞാൻ കഴിച്ചതാ അമ്മേ.. എന്നിട്ടും കുറയുന്നില്ല.. ഒന്ന് ഉറങ്ങി എഴുന്നേറ്റാൽ ശരിയാവുമായിരിക്കും.. അത് പറയുമ്പോഴേക്കും അവളുടെ കണ്ണുകൾ പിന്നെയും നിറഞ്ഞു തുടങ്ങി..

എന്താ മോളെ തീരെ വയ്യേ.. എങ്കിൽ ഏട്ടന്റെ കുട്ടി ചെന്ന് കിടക്കാൻ നോക്കിക്കോ.. നാളെ കുറഞ്ഞില്ലെങ്കിൽ നമുക്ക് ഡോക്ടറുടെ അടുത്ത് പോകാം കേട്ടോ..

വേണ്ട ഏട്ടാ.. ഇത് നാളേക്ക് കുറയും. ഒന്ന് നന്നായി ഉറങ്ങി എഴുന്നേറ്റാൽ മതി..

എന്നാൽ നീ ചെന്ന് കിടക്കാൻ നോക്ക്.. സാവിത്രിയമ്മ പറഞ്ഞു.

അഭിയും ഭക്ഷണം കഴിച്ച പാത്രവുമായി എഴുന്നേറ്റു. അടുക്കളയിൽ പോയി പാത്രം കഴുകി നേരെ പുറത്തെ പൈപ്പിന്റെ ചുവട്ടിൽ പോയി കൈയും വായും കഴുകുന്ന നേരത്താണ് അവന്റെ ഫോൺ ബെല്ലടിച്ചത്.. നോക്കിയപ്പോൾ വിച്ചുവാണ്..

എന്താടാ ഈ നേരത്തൊരു വിളി..
അഭി ചോദിച്ചു.

ഡാ.. എന്റെ കല്യാണം ഉറപ്പിച്ചു.. വിച്ചു പറഞ്ഞു.

എന്തോന്ന് കല്യാണം ഉറപ്പിച്ചെന്നോ എപ്പോ..

ഞാനും ദേ ഇപ്പൊ വീട്ടിൽ വന്നപ്പോൾ ആണ് അറിഞ്ഞത്. അപ്പച്ചിയുടെ മൂത്തമോൾ ഇല്ലേ നിവേദ ആ കുട്ടിയും ആയിട്ട്. കുറച്ചുദിവസം മുൻപ് എന്നോട് കല്യാണക്കാര്യം ചോദിച്ചപ്പോൾ നിങ്ങൾ ഇഷ്ടമുള്ളവരെ കണ്ടെത്തിക്കോളാൻ പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ ഇത്ര പെട്ടന്ന് പ്രതീക്ഷിച്ചില്ല. അതും നിവേദയെ..

എന്താടാ നിനക്ക് ഇഷ്ടമല്ല എന്നുണ്ടോ..

ഏയ്യ് അതല്ലടാ. ഇവൾ എന്നോട് അധികം മിണ്ടാറ് പോലും ഇല്ല. നീരു പിന്നേം സംസാരിക്കാറുണ്ട്.

മ്മ്.. അത് ചിലപ്പോൾ ആ കുട്ടിയുടെ പ്രകൃതം ആയിരിക്കും. നിനക്ക് ഇഷ്ടക്കേടില്ലാത്ത സ്ഥിതിക്ക് ഇത് മുന്നോട്ട് കൊണ്ട് പോകുമായിരിക്കും അല്ലേ…

മ്മ്.. അച്ഛന് നല്ല താൽപ്പര്യം ആണ്. അതുകൊണ്ട് മുന്നോട്ട് കൊണ്ടുപോകാൻ ആണ് സാധ്യത… ശരിയെടാ ഞാൻ ഇതുപറയാൻ വിളിച്ചതാ. പിന്നെ വിളിക്കാം..

അഭി വിച്ചു ഫോൺ വച്ചിട്ടും കുറച്ചു നേരം എന്തോ ആലോചിച്ചു നിന്നു. പിന്നെ നേരെ ആമിയുടെ റൂമിലേക്ക് പോയി.

എന്താ ഏട്ടാ.. അഭിയെ കണ്ടതും ആമി വേഗം കണ്ണുകൾ തുടച്ച് എഴുന്നേറ്റ് കൊണ്ട് ചോദിച്ചു..

നിന്റെ തല വേദന കുറഞ്ഞോ മോളെ… മരുന്ന് കഴിച്ചോ നീ..

കഴിച്ചു വല്യേട്ടാ.. വേദന ഒന്നു ഉറങ്ങി എഴുന്നേറ്റാൽ കുറയുമായിരിക്കും…

മ്മ്… ആമി മോളോട് ഏട്ടൻ ഒരു കാര്യം പറയട്ടെ…

എന്താ ഏട്ടാ..

നമ്മുടെ ഉള്ളിൽ നമുക്ക് മാത്രം തോന്നിയ ഒരിഷ്ടം ഒരിക്കലും അത് മറ്റൊരാൾക്ക്‌ ഒരു രീതിയിലും ബുദ്ധിമുട്ടാവരുത്…

ഏട്ടാ… ആമി ഞെട്ടിക്കൊണ്ട് വിളിച്ചു.

നിന്റെ കണ്ണിൽ ഞാൻ കണ്ടിട്ടുള്ള ഇഷ്ടം ഒരിക്കലും നിന്നെ കാണുമ്പോൾ അവന്റെ കണ്ണിൽ ഞാൻ കണ്ടിട്ടില്ല. നീയും ഒരിക്കൽപോലും അവനോട് പറഞ്ഞിട്ടും ഇല്ല. ഇനി അവൻ അത് അറിയണ്ട. ഏട്ടന്റെ കുട്ടികാരണം ആരും വിഷമിക്കരുത്. അവർ ആ ബന്ധം വാക്കാൽ ഉറപ്പിച്ചു. എനിക്കറിയാം ഇന്ന് നീരുവിന്റെ അവിടേക്ക് പോയപ്പോൾ നീ അത് അറിഞ്ഞിട്ടുണ്ടാവും എന്ന്.

ഏട്ടാ.. ഞാൻ.. അവള് വിതുമ്പിക്കൊണ്ട് പറഞ്ഞു.

സാരല്ല്യ.. വിഷമിക്കണ്ട.. ഏട്ടന്റെ ആമിക്കുട്ടി സ്ട്രോങ്ങ്‌ ആണ് അല്ലേ.. ഇതൊക്കെ നമ്മൾ ഈസി ആയി തരണം ചെയ്യും അല്ലേ…

മ്മ്… അവൾ നിറഞ്ഞ കണ്ണോടെ തലയാട്ടി കാട്ടി..

അതുമതി… എങ്കിൽ കിടന്നോ.. നാളെ നല്ല ഉഷാറായിട്ട് എഴുന്നേൽക്കണം കേട്ടോ…
അതും പറഞ്ഞുകൊണ്ട് അഭി എഴുന്നേറ്റതും ആമി അവന്റെ കൈയിൽ പിടിച്ചു…

ഏട്ടാ… ഇന്ന് എന്റെ കൂടെ കിടക്കുമോ…

മ്മ്… അവൻ ഒന്നുമൂളിക്കൊണ്ട് അവളുടെ അടുത്തായി കിടന്നു. അവൻ കിടന്നതും ആമി അവന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു. അവന്റെ നെഞ്ച് നനയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു. അവൻ അവളുടെ പുറത്ത് തഴുകികൊണ്ടിരുന്നു എന്നല്ലാതെ ഒന്നും പറഞ്ഞില്ല. ചിലപ്പോഴൊക്കെ വാക്കുകൾക്കൊണ്ട് ആശ്വസിപ്പിക്കുന്നതിനും നല്ലത് ഒരു ചേർത്ത് പിടിക്കൽ ആണ്. അവരുടെ വിഷമങ്ങൾ ഒഴുക്കി കളയാൻ ആ ഒരു ചേർത്തുപിടിക്കൽ മതിയാകും…

തുടരും…