രചന -കണ്ണന്റെ മാത്രം
അച്ഛാ…
എന്താ മുത്തേ…
നാളെ എന്ത് അന്നൗൺസ്‌മെന്റ് ആണ് നടത്താൻ പോകുന്നത്…
പിയയുടെ ചോദ്യം കേട്ടതും പപ്പൻ തലയുയർത്തി അവളെ ഒന്ന് നോക്കി..
ആ സമയം തന്നെ വാതിലിന്റെ അടുത്ത് നിന്ന് ഒരു നിഴൽ മാറി..
മുത്തേ.. ആ ഒളിച്ച് നിൽക്കുന്നവനോട് ഇങ്ങോട്ട് വരാൻ പറയ്… പപ്പൻ ഒരു ചിരിയോടെ പറഞ്ഞു..
പിയയുടെ മുഖത്ത് ഒരു ചമ്മിയ ചിരി വിരിഞ്ഞു.. അവൾ പുറത്തേക്ക് നോക്കി വിളിച്ചു..
നവിയേട്ടാ.. ഇങ്ങ് പോരെ പപ്പൻ പിടിച്ചു..
ആരാടി പപ്പൻ… പപ്പൻ പിയയുടെ ചെവിയിൽ പിടിച്ചുകൊണ്ടു പറഞ്ഞു..
ഓഹ്… വിട്.. വിട്.. പപ്പൻ അല്ല അച്ഛൻ.. പോരെ… അവൾ അയാളുടെ ചെവിയിൽ ഉള്ള പിടിത്തത്തിൽ നിന്ന് കുതറി മാറിക്കൊണ്ട് പറഞ്ഞു.. അപ്പോഴാണ് ഒരു ഇളിഞ്ഞ ചിരിയോടെ നവി അങ്ങോട്ട് വന്നത്.. പപ്പന് നവിയുടെ എക്സ്പ്രഷൻ കണ്ടപ്പോൾ ചിരി വന്നുപോയി..
എന്തോന്നാടാ ഇത്.. ഒരാള് വലിയ CEO അടുത്ത ആള് വല്യ ജേർണലിസ്റ്റ്.. എന്നിട്ട് ഒപ്പിക്കുന്ന കാര്യങ്ങൾ കണ്ടില്ലേ കുഞ്ഞിപ്പിള്ളേരെ പോലെ.. അയ്യേ… പപ്പൻ അവരെ കളിയാക്കികൊണ്ട് പറഞ്ഞു..
അതിനിപ്പോ എന്താ നിങ്ങൾ മൂന്നിനും ഞങ്ങൾ ഇപ്പോഴും കുഞ്ഞുങ്ങൾ അല്ലേ… ഹും.. പപ്പന്റെ സംസാരം കേട്ട് ഒരു ചമ്മൽ നിറഞ്ഞെങ്കിലും അത് മുഖത്ത് കാണിക്കാതെ പിയ പറഞ്ഞു.. നവിയുടെ മുഖത്ത് ചമ്മൽ എടുത്ത് കാണാമായിരുന്നു..
ആ ഈ പറഞ്ഞത് ഒന്നും കൂടി പറയുമോ… ഒന്ന് റെക്കോർഡ് ചെയ്യാൻ ആണ്.. അല്ലെങ്കിൽ എപ്പോഴും നിങ്ങൾ കുട്ടികൾ ആണെന്ന് പറയുമ്പോൾ നീ എന്താ പറയാറ് 28 വയസ്സ് കഴിഞ്ഞ എന്നെ ആണോ നിങ്ങൾ കുട്ടി എന്ന് പറയുന്നത് എന്ന് അല്ലേ… എന്നിട്ട് ഇപ്പൊ അവള് പറയുന്ന ഡയലോഗ് കേട്ടില്ലേ…പപ്പൻ അവളെ നോക്കി ഒറ്റപിരികം പൊക്കികൊണ്ട് ചോദിച്ചു..
അത്… പിന്നെ… അച്ഛാ…
മ്മ് ഇനി നിന്ന് ഉരുളണ്ട.. ബോബനും മോളിയും പോകാൻ നോക്ക്.. പിന്നെ നാളത്തെ കാര്യം അത് നിങ്ങൾ നാളെ അറിയും… അപ്പൊ അറിഞ്ഞാൽ മതി..
ദേ അച്ഛാ.. എനിക്ക് പറ്റാത്ത വല്ല കാര്യവും ആണ് പറയുന്നതെങ്കിൽ പോയി പണി നോക്കാൻ പറയും ഞാൻ കേട്ടോ…. പിയ ഭീഷിണിയുടെ സ്വരത്തിൽ പറഞ്ഞു..
ആ കേട്ടു.. നീ ഇപ്പൊ പോകാൻ നോക്ക്…പപ്പൻ അവളെ പുച്ഛിച്ചു വിട്ടു…
പിയ പപ്പനെ ഒന്ന് നോക്കി പേടിപ്പിച്ച് അവിടെ നിന്ന് ചവിട്ടി തുള്ളി പോയി. പപ്പനെ നോക്കി ഒന്ന് ഇളിച്ചുകാട്ടിയിട്ട് നവിയും അവളുടെ പിന്നാലെ പോയി.. പപ്പൻ രണ്ടിന്റെയും പോക്ക് നോക്കി ഒരു ചിരിയോടെ ഇരുന്നു…
……………..
ഡാഡി…
എന്താ അവി…
ഒരു ന്യൂസ് ഉണ്ട്. കോവിലകം കൺസ്ട്രക്ഷൻസിൽ അവരുടെ കഴിഞ്ഞ പ്രൊജക്റ്റ് കംപ്ലീഷന്റെ പാർട്ടി അറേഞ്ച് ചെയ്തിട്ടുണ്ട് നാളെ.. അവരുടെ തന്നെ ഹോട്ടലിൽ വച്ചിട്ടാണ്…. അത്യാവശ്യം ബിസിനസ് സർക്കിളിൽപ്പെട്ട എല്ലാവരും ഉണ്ടാവും…
മ്മ്.. അവളെയും അവളുടെ കുടുംബത്തെയും നാണംകെടുത്താൻ പറ്റിയ അവസരം ആണല്ലോ… എന്താ നിന്റെ തീരുമാനം…
ഞാൻ ഒരു പ്ലാൻ എക്സിക്യൂട്ട് ചെയ്തിട്ടുണ്ട്. ഇത് വിജയിക്കാണെങ്കിൽ എന്നെന്നേക്കുമായി അവള് നാണം കെടും.. അവള് മാത്രം അല്ല അവളുടെ ആ തന്തയും..
മ്മ്… അന്ന് മന്ത്രി സ്ഥാനം രാജീവച്ചിറങ്ങുബോൾ മീഡിയയുടെ മുന്നിൽ ഞാൻ നിന്നത് പോലെ അവരും നിൽക്കുന്നത് എനിക്ക് കാണണം.. അയാൾ വല്ലാത്തൊരു പകയോടെ മുരണ്ടു…
ഡാഡി വിഷമിക്കണ്ട അവളും അവളുടെ വീട്ടുകാരും നാണംകെട്ട് നിൽക്കുന്നത് ഞാൻ കാണിച്ചു തരാം ഡാഡിക്ക്..
മ്മ്… എന്ത് ചെയ്യുമ്പോഴും ഒരു ശ്രദ്ധ ഉണ്ടായിക്കോട്ടെ.. അവർക്ക് വെക്കുന്ന പണി നമുക്ക് തിരിച്ചു വരരുത്…
ഇല്ല ഡാഡി.. ഇപ്രാവശ്യം അങ്ങനെ ഒരു കാര്യം ഉണ്ടാവില്ല..
മ്മ്.. അതിന് അയാൾ ഒന്ന് മൂളിയതേ ഉള്ളൂ..
…………………
പിറ്റേന്ന് വൈകീട്ട് പാർട്ടിക്ക് പോവാൻ ഒരുങ്ങി ഇറങ്ങിയ അഭിയെ കണ്ട് ആമിയുടെ കണ്ണുകൾ വിടർന്നു..
ഏട്ടാ.. പൊളി ലുക്ക് ആയിട്ടുണ്ടല്ലോ.. ആമി അവനെ മൊത്തത്തിൽ ഒന്ന് നോക്കി സന്തോഷത്തോടെ പറഞ്ഞു..
ഒരു മിനിറ്റ് ഏട്ടാ ഒരു കാര്യം ഒന്ന് ചെയ്ത് നോക്കട്ടെ. കൊള്ളാം എന്നുണ്ടെങ്കിൽ ഇന്ന് അങ്ങനെ പോയ മതി.. അതും പറഞ്ഞ് അവൾ വേഗം യൂട്യൂബ് നോക്കി അവന്റെ കഴുത്തിന് താഴേക്ക് നീണ്ടു കിടക്കുന്ന ഇടതൂർന്ന മുടി മാൻബൺ ചെയ്യത് കൊടുത്തു…
ഏട്ടാ ഇത് മതി.. ഇപ്പൊ എന്തൊരു ലുക്ക് ആണ് ഏട്ടനെ കാണാൻ..അല്ലേ അമ്മേ…
ശരിയാ മോനേ.. കാര്യം എനിക്ക് ആണുങ്ങൾ മുടി കെട്ടി നടക്കുന്നതിനോട് താൽപ്പര്യം ഇല്ല. പക്ഷേ നിനക്ക് ഇത് നന്നായി ചേരുന്നുണ്ട്..
അയ്യേ.. എനിക്ക് എന്തോ പോലെ.. അഭി അസ്വസ്ഥതയോടെ പറഞ്ഞു..
ദേ ഏട്ടാ.. ഒരു എന്തൊപോലെയും ഇല്ല.. ഇതെങ്ങാനും അഴിച്ചാൽ പിന്നെ ഞാൻ മിണ്ടില്ല ട്ടോ.. ആമി മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു..
ആമി മോളെ പ്ലീസ് ഡാ…
ഒരു പ്ലീസും ഇല്ല മര്യാദക്ക് പോകാൻ നോക്ക് ഏട്ടൻ.. നോക്കിക്കോ ഇന്ന് നിങ്ങളുടെ ഓഫീസിലെ സകല പെണ്ണുങ്ങളുടെ കണ്ണുകളും ഏട്ടന്റെ മേലെ ആവും..
ഓഹ് പിന്നേ.. അഭി അതിന് അവളെ ഒന്ന് പുച്ഛിച്ചുകൊണ്ട് പുറത്തേക്ക് പോയി..
വിച്ചു പറഞ്ഞതുപോലെ പാർട്ടിക്ക് അഭിയെ പിക്ക് ചെയ്യാൻ വന്നതാണ്….. അഭിയെ കണ്ടതും അവന്റെ കണ്ണുകളും ഒന്ന് വിടർന്നു..
ഇതിപ്പോ ഞാനൊക്കെ ഒരുങ്ങികെട്ടി വന്നിട്ട് എന്തിനാടാ.. സകല പെണ്ണുങ്ങളുടെയും കണ്ണ് നിന്റെ മേലെ ആയിരിക്കും.. എന്തൊരു ലുക്ക് ആടാ പന്നി നിന്നെക്കാണാൻ.. വിച്ചു അഭിയുടെ വയറിൽ ഒന്നിടിച്ചുകൊണ്ട് പറഞ്ഞു…
ഒന്ന് പോടാ.. ദേ അവിടെ ഒരുത്തിയുടെ തള്ള് കേട്ട് വന്നേ ഉള്ളൂ. ഇനി നിന്റെ വക കൂടി താങ്ങില്ല മോനേ..
ആ ചട്ടമ്പി തള്ളിയതല്ലടാ.. ഈ മുടി കൂടി ഇങ്ങനെ ബൺ ചെയ്തപ്പോ ഇടിവെട്ട് ലുക്ക് ആയിട്ടുണ്ട് നിനക്ക്… വിച്ചു അവന്റെ ബൺ ചെയ്ത മുടിയിൽ ഒക്കെ പിടിച്ചുകൊണ്ട് പറഞ്ഞു..
അവളുടെ പണി ആണ്.. ഇതങ്ങാനും അഴിച്ചാൽ മിണ്ടാൻ വരണ്ട എന്നാണ് ഓർഡർ… അഭി ആമിയുടെ പിണങ്ങിയ മുഖം ആലോചിച്ചുകൊണ്ട് ഒരു ചിരിയോടെ പറഞ്ഞു..
എന്തിനാ അല്ലെങ്കിലും ഇത് അഴിക്കുന്നേ.. ഈ ലുക്ക് മതി.. സൂപ്പർ ആയിട്ടുണ്ട്.. വിച്ചു അഭിയെ നോക്കികൊണ്ട് പറഞ്ഞു..
ആ ശരി.. ശരി.. ഞാൻ അഴിക്കുന്നില്ല.. നീ വന്നേ നേരം വൈകി.. അഭി തിടക്കപ്പെട്ടു.. അതോടെ വിച്ചു അവന്റെ കാർ സ്റ്റാർട്ട് ചെയ്യ്തു. അഭി കയറിയതും അവരുടെ കാർ കോവിലകം ഹോട്ടൽ ലക്ഷ്യമാക്കി പാഞ്ഞു.. തന്റെ ജീവിതം തന്നെ മാറിമറയാൻ ഉള്ള യാത്ര ആണ് ഇതെന്ന് അപ്പോൾ അഭിക്ക് അറിയില്ലായിരുന്നു..
…………………
ദേ പിയ മോളെ മര്യാദക്ക് ഞാൻ പറയുന്നത് അനുസരിച്ചോ.. ഈ സാരീ ഉടുത്തോ.. ഇല്ലെങ്കിൽ പിന്നെ അപ്പച്ചി എന്നും വിളിച്ച് എന്റെ അടുത്തേക്ക് വരണ്ട… പാറു പിയയോട് കെറുവിച്ചുകൊണ്ട് പറഞ്ഞു..
എന്റെ പൊന്ന് അപ്പയല്ലേ.. എനിക്ക് ഈ സാരീ ഒന്നും സെറ്റ് ആവില്ല.. ഞാൻ വല്ല ജീൻസും ഷർട്ടും ഇട്ടോളും.. ഇതൊക്കെ വലിച്ചു ചുറ്റി നടക്കാൻ തന്നെ എനിക്ക് അറിയില്ല… പിയ ചെകുത്താൻ കുരിശ് കണ്ടപോലെ സാരീയെ പേടിയോടെ നോക്കികൊണ്ട് പറഞ്ഞു..
എന്താ.. എന്താ അപ്പയും മോളും കൂടി ഇവിടെ പ്രശ്നം… അങ്ങോട്ട് വന്ന ഹരി രണ്ടാളെയും നോക്കികൊണ്ട് ചോദിച്ചു..
ഓഹ്.. വന്നല്ലോ അവളുടെ വക്കീല്.. ഇനിയിപ്പോ ഞാൻ എന്ത് പറഞ്ഞിട്ടും കാര്യമില്ല.. പാറു ഹരിയെ നോക്കി ചുണ്ട് കോട്ടികൊണ്ട് പറഞ്ഞു..
ഞാൻ വകീൽ തന്നെ ആണ് അതില് എന്റെ ശ്രീമതിക്ക് എന്തേലും സംശയം ഉണ്ടോ.. എന്നാലും ഈ കേസിൽ ഞാൻ രണ്ടാളുടെയും ഭാഗം കേൾക്കാം. ആദ്യം എന്റെ ഭാര്യ പറയ് എന്താ പ്രശ്നം..
ഹരിയേട്ടാ ഞാൻ എന്തോരം ഇഷ്ടത്തോടെ വാങ്ങിയതാന്ന് അറിയോ ഇവൾക്കും കാത്തുവിനും മിത്രക്കും സാരീകൾ. അവർ രണ്ടാളും ഉടുക്കാം എന്നും പറഞ്ഞു.. ദേ നിങ്ങടെ മുത്ത് മാത്രം അത് കണ്ടപ്പോൾ തൊട്ട് ചെകുത്താൻ കുരിശ് കണ്ടപോലെ നിൽപ്പാണ്… പാറു വീർത്ത മുഖത്തോടെ പറഞ്ഞു..
മ്മ്.. ഇനി എന്റെ മുത്ത് പറഞ്ഞേ എന്താ നിന്റെ പ്രശ്നം…
പപ്പേ.. എന്നെകൊണ്ട് ഈ സാധനം ഒന്നും ചുറ്റിയിട്ട് നടക്കാൻ പറ്റില്ല. ഞാൻ എവിടേലും ഒക്കെ തപ്പി തടഞ്ഞ് വീഴും… ഞാൻ വല്ല ജീൻസും ഷർട്ടും ഇട്ടോളാം എന്ന് പറഞ്ഞിട്ട് ഈ അപ്പ കേൾക്കുന്നില്ല…
ഉവ്വ്.. നീ പിന്നെ എല്ലാ കാലത്തും ജീൻസ് ഇട്ട് നടക്കാൻ പോവല്ലേ.. പെൺകുട്ടികൾ ആയാൽ ഇതൊക്കെ ഉടുത്തുപടിക്കണം… പാറു പറഞ്ഞു..
എന്ന് എവിടെയാ എഴുതി വച്ചിട്ടുള്ളത്.. ഇഷ്ടപെട്ട വസ്ത്രം ധരിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ട്.. ഹും..
എന്റെ മുത്തേ ഒന്ന് മിണ്ടാതെ ഇരിക്ക്. ഇതിന് ഞാൻ പരിഹാരം ഉണ്ടാക്കാം.. പോരെ.. ഹരി പിയയെ നോക്കി തൊഴുതുകൊണ്ട് പറഞ്ഞു…
മ്മ്.. മതി.. പിയ പാറുവിനെ നോക്കി ചുണ്ട് കോട്ടികൊണ്ട് പറഞ്ഞു. പാറുവും പിയയെ നോക്കി പുച്ഛിച്ചു..
പാറു നിനക്ക് ഇപ്പോ എന്താ വേണ്ടത്. ഇവൾ നീ എടുത്ത ഡ്രെസ്സ് ഇടണം അത്രയല്ലേ ഉള്ളൂ… ഹരി പാറുവിനെ നോക്കി ചോദിച്ചു..
മ്മ്.. അതുമതി.. പാറു തലയാട്ടികൊണ്ട് പറഞ്ഞു…
മുത്തേ നിനക്ക് ഈ സാരീ ഉടുക്കാൻ പറ്റില്ല എന്നല്ലേ ഉള്ളൂ.. ഹരി ചോദിച്ചു..
അതേ.. പിയയും തലയാട്ടി..
ഓക്കേ.. പാറു നമ്മൾ സാരീ എടുക്കാൻ പോയപ്പോൾ ഒരു ഗൗൺ കൂടി എടുത്തിരുന്നില്ലേ മുത്തിന് വേണ്ടി. നീ അത് എടുത്ത് കൊടുക്ക്. അതിട്ടോളും അവൾ.. ഹരി അത് പറഞ്ഞതും പാറു എന്തോ പറയാനായി പോയി. പിന്നെ അത് വേണ്ടാന്ന് വച്ചിട്ട് ഗൗൺ എടുക്കാനായി പോയി..
പക്ഷേ പപ്പേ…
മുത്തേ നീ സാരി ഉടുക്കാൻ പറ്റില്ല എന്നേ പറഞ്ഞുള്ളൂ. വേറെ എന്തും ഇടാം എന്നല്ലേ അതിനർത്ഥം.. അപ്പൊ ഇനി നിന്റെ വാദത്തിന് നിയമസാധ്യത ഇല്ല.. എന്തോ തടസ്സം പറയാനായി പോയ പിയയോട് ഹരി പറഞ്ഞു..
പിയ അയാളെ കുറച്ച് നേരം വായയും തുറന്ന് നോക്കി നിന്നു. പിന്നെ ഒരു ആക്കി ചിരിയോടെ പറഞ്ഞു..
വെറുതേ അല്ല ഹരികൃഷ്ണ.. ആൾക്കാർ പറയുന്നത് ഈ വകീലുമാർ ആടിനെ പട്ടിയാക്കുന്ന സാധനങ്ങൾ ആണെന്ന്…
പപ്പയെ കേറി പേര് വിളിക്കുന്നോടി കുറുമ്പി.. അയാൾ അവളുടേ തലയിൽ പതിയെ കൊട്ടികൊണ്ട് പറഞ്ഞു..
എന്നാലും എന്റെ പപ്പേ… അവൾ അയാളെ നോക്കി താടിക്ക് കൈവച്ച് വിളിച്ചു..
ഓഹ് പിന്നെ നിന്റെ വർത്താനം കേട്ടാൽ തോന്നും നിങ്ങള് ജേർണലിസ്റ്റുമാർ സത്യം മാത്രേ പടച്ചു വീടു എന്ന്. എത്ര പേര് കിട്ടുന്ന ന്യൂസുകൾ വളച്ചൊടിച്ചു വേറെ രീതിയിൽ പബ്ലിഷ് ചെയ്യുന്നു. എല്ലാവരും അങ്ങനെ എന്ന് ഞാൻ പറയുന്നില്ല. പക്ഷേ അങ്ങനെ ഉള്ളവരും ഇല്ലേ…
ഓഹ്.. ഇനി അതും പറഞ്ഞ് എന്റെ മെക്കട്ട് കേറണ്ട.. ഞാൻ പപ്പയുടെ പ്രൊഫഷനെ ഒന്നും പറഞ്ഞില്ല പപ്പ എന്റെ പ്രൊഫഷനെയും ഒന്നും പറയണ്ട.. ഓക്കേ..
ആ അങ്ങനെ വഴിക്ക് വാ മോളെ ദിനേശി.. ഹരി ഒരു കുസൃതി ചിരിയോടെ പറഞ്ഞു..
അപ്പോഴാണ് പാറു ഒരു ഗൗണും കൊണ്ട് വന്നത്.. അത് കണ്ടപ്പോൾ തന്നെ പിയയുടെ കണ്ണ് മിഴിഞ്ഞു.. ഫുൾ ലെങ്ത്തിൽ അത്യാവശ്യം വർക്ക് ഒക്കെ ആയി ഒരു പാർട്ടിവെയർ ഗൗൺ ആയിരുന്നു
അത്.. പാറു ആ ഗൗൺ നേരെ കൊണ്ട് വന്ന് പിയയുടെ കൈയിൽ കൊടുത്തു..
അപ്പേ….
ഇന്ന് ഇത് ഇടാതെ പറ്റില്ല മോളെ…..
പിയ ദയനീയമായി ഹരിയെ നോക്കി. ഹരി അത് കാണാത്തപോലെ ഫോണും എടുത്ത് പുറത്തേക്ക് പോയി…
പിയ തന്റെ കൈയിൽ ഉള്ള ഗൗണിനെ നോക്കി ദീർഘനിശ്വാസം വിട്ടു….
തുടരും….

by