23/04/2026

ശ്രീനന്ദനം : ഭാഗം 29

രാചന – കണ്ണന്റെ മാത്രം

കൈകൾ കോർത്ത്‌ റിസപ്ഷൻ ഹാളിലേക്ക് വന്ന അഭിയേയും പിയയെയും എല്ലാവരും കണ്ണെടുക്കാതെ നോക്കി. അത്രയും ചേർച്ച ഉണ്ടായിരുന്നു രണ്ടാളും തമ്മിൽ. പാർട്ടി ഹാൾ മൊത്തം ഒരുപാട് ബിസിനസ്സുകാരും പൊളിറ്റീഷ്യൻസും ഫിലിം ഫീൽഡിൽ ഉള്ള ആൾക്കാരെകൊണ്ടും നിറഞ്ഞിരുന്നു. അഭിയുടെ കണ്ണുകൾ നാലുപാടും ഓടി. പിയയുടെ വീട്ടിൽ നിന്ന് റിസപ്ഷന് നേരിട്ട് വന്നതുകൊണ്ട് അമ്മയെയും ആമിയെയും കൂടെ കൊണ്ടുവരണം എന്ന് വിച്ചുവിനെ പ്രത്യേകം പറഞ്ഞേൽപ്പിച്ചിരുന്നു അവൻ. ജിത്തുവിനോടും നിധിയോടും ഒന്നും പറയാൻ അവന് താൽപ്പര്യം ഉണ്ടായിരുന്നില്ല. കുറച്ചുനേരത്തെ തപ്പലിന് ശേഷം അവൻ കണ്ടു ഒരു സൈഡിൽ ആയി നിൽക്കുന്ന വിച്ചുവിന്റേം കുടുംബത്തിന്റേം കൂടെ നിൽക്കുന്ന അമ്മയെയും ആമിയെയും. അവൻ പിയയോട് പറഞ്ഞ് അങ്ങോട്ട് പോകാം എന്ന് കരുതുമ്പോഴേക്കും പിയ അവനെയും വലിച്ച് അങ്ങോട്ട് നടന്നിരുന്നു…

നിങ്ങൾ എന്താ ഇങ്ങനെ ഒതുങ്ങി നിൽക്കുന്നേ.. വായോ ഫ്രന്റിലേക്ക് ഇരിക്കാം… അവരുടെ അടുത്തേക്ക് എത്തിയപ്പോൾ പിയ പറഞ്ഞു..

പിയ പറഞ്ഞത് കേട്ടതും സാവിത്രിയമ്മയുടെ ഉള്ളിലൂടെ ജിത്തുവിന്റെ റിസപ്ഷന് മുന്നിൽ ഇരുന്നതിന് വീട്ടിൽ വന്നിട്ട് വർത്താനം ഉണ്ടാക്കിയ ജിത്തുവിന്റെ മുഖം ആയിരുന്നു. വലിയ ആൾക്കാർക്ക് ഇരിക്കാൻ ഉള്ളതാണത്രേ മുൻനിര… സാവിത്രിയമ്മയുടെ ഉള്ളിലെ ചിന്തകൾ മനസിലായതുപോലെ അഭി അവരെ കണ്ണുചിമ്മി കാണിച്ചു. അപ്പോഴേക്കും പിയ അവരെ വിളിച്ചുകൊണ്ട് ഫ്രന്റിലേക്ക് നടന്നു തുടങ്ങിയിരുന്നു. അവിടെ മുൻനിരയിൽ തന്നെ അവരെ ഇരുത്തിയിട്ടാണ് പിയയും അഭിയും സ്റ്റേജിലേക്ക് കയറിയത്..

അവർ എത്തിയതോടെ റിസപ്ഷൻ പരിപാടികൾ സ്റ്റാർട്ട്‌ ചെയ്യ്തു… അതിഥികൾ ഓരോരുത്തരായി സ്റ്റേജിലേക്ക് വന്ന് തുടങ്ങി. പപ്പൻ അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു. വരുന്നവരെ അവർക്കായി പരിചയപ്പെടുത്തി കൊടുക്കാനായി.. അങ്ങനെ നിൽക്കുമ്പോൾ ആണ് കാശിയുടെ കൂടെ രണ്ടുപേർ കയറി വന്നത്.. അതിൽ ഒരാളുടെ മുഖത്ത് നല്ല നിറഞ്ഞ ചിരി ആയിരുന്നെങ്കിൽ മറ്റയാളുടെ മുഖത്ത് വരുത്തി തീർത്ത ചിരി ആയിരുന്നു.

മോളെ.. ഇത് നമ്മുടെ ഡിജിപി ദേവദേവൻ.. എന്റെ ഫ്രണ്ടും കൂടെ ആണ്.. പപ്പൻ അയാളെ ചേർത്തുപിടിച്ചുകൊണ്ട് പിയക്കും അഭിക്കും അയാളെ പരിചയപ്പെടുത്തികൊടുത്തു.. അയാൾ നിറഞ്ഞ ചിരിയോടെ അവരെ വിഷ് ചെയ്തുകൊണ്ട് അവർക്കായി കൊണ്ടുവന്ന ഗിഫ്റ്റ് അവരെ ഏല്പ്പിച്ചു…

പിയ ഇത് എന്റെ സീനിയർ ആണ് ഡെൺസൺ ഡാനിയേൽ സാർ.. ഡിഐജി ആണ്.. കാശി കൂടെ വന്നിട്ടുള്ള മറ്റേ ആളെയും അവർക്ക് പരിചയപ്പെടുത്തി കൊടുത്തു. എന്തോ അയാളുടെ മുഖത്ത് ഒരിഷ്ടക്കേട് തെളിഞ്ഞു കാണാമായിരുന്നു. അതെന്തുകൊണ്ടാണെന്നു പിയക്ക് മനസിലായില്ല. അവൾ തല തിരിച്ച് അഭിയെ നോക്കിയപ്പോൾ അവനും ഇടക്കിടക്ക് അയാളുടെ മുഖത്തേക്ക് നോക്കുന്നുണ്ട്..

അയാൾക്ക് എന്തെങ്കിലും ദേഷ്യം ഉണ്ടോ നമ്മളോട്.. അഭി പിയയോട് ചോദിച്ചു..

ആവോ.. കാശിയേട്ടനോട് ചോദിക്കാം.. പിയ അതും പറഞ്ഞുകൊണ്ട് കാശിയെ ഇങ്ങോട്ട് വിളിച്ചു..

കാശിയേട്ടാ.. നിങ്ങളുടെ ആ ഡിഐജിയുടെ മുഖം എന്താ ഇങ്ങനെ.. ആകെ ഒരിഷ്ടക്കേട്…

പിന്നെ അങ്ങേരുടെ അനിയന് സസ്‌പെൻഷൻ വാങ്ങി കൊടുത്ത നിന്നെ കാണുമ്പോൾ അയാൾക്ക് സന്തോഷം വരും…

സസ്പെൻഷനോ… ഞാനോ… പിയ അത്ഭുധപെട്ടു..

ആ എബ്രഹാം കോശി ഉണ്ടായിരുന്നില്ലേ അങ്ങേരുടെ അമ്മയുടെ ചേച്ചിയുടെ മകൻ ആണ് ഇയാൾ.. അതുംപോരാതെ നമ്മുടെ ധർമപാലന്റെ സ്വന്തം ആളും.. അപ്പൊ പിന്നെ നിന്നെ കണ്ടാൽ നല്ല സന്തോഷം അല്ലേ ആവുക. എന്നോടും ദേഷ്യം ആണ് പിന്നെ ഡിജിപി നല്ല മനുഷ്യൻ ആയതുകൊണ്ട് എനിക്ക് കുഴപ്പം ഒന്നും ഉണ്ടാകുന്നില്ല എന്ന് മാത്രം..
ഇന്ന് തന്നെ അവർ രണ്ടാളും കൂടി ഏതോ മീറ്റിംഗ് കഴിഞ്ഞ് വരുന്ന വഴി ആണ്. ദേവൻ സാർ ഇവിടെ കേറണം എന്ന് പറഞ്ഞതുകൊണ്ട് വേറെ നിവൃത്തി ഇല്ലാതെ കയറിയതാണ്…

ഓഹ്… അങ്ങനെ.. അയാള് വന്നപ്പോൾ മുതൽ ഒരിഷ്ടക്കേട് അയാളുടെ മുഖത്ത് കണ്ടിരുന്നു. ഞാൻ എന്താണാവോ എന്ന് വിചാരിച്ചു..പെട്ടന്നാണ് അവൾക്ക് ഒരു കാര്യം കത്തിയത് അവൾ കാശിയെ നോക്കിയതും അവൻ അവളുടെ ചിന്ത മനസിലായതുപോലെ നോക്കാം എന്ന രീതിയിൽ കണ്ണുചിമ്മിക്കാട്ടി..

ടീവിയിൽ മാത്രം കണ്ടിട്ടുള്ള അഭിനേതാക്കളെയും മന്ത്രിമാരെയും ഒക്കെ നേരിട്ട് കാണുന്നതിന്റെ എക്സൈറ്റ്മെന്റിൽ ആയിരുന്നു ആമി. മാധച്ഛനോട് എന്തോ പറഞ്ഞു തിരിഞ്ഞ വിച്ചുവിന്റെ കണ്ണുകൾ ഒരുനിമിഷം ആമിയുടെ മുഖത്ത് പതിച്ചു. ഓരോ നടീനടന്മാരെയും കാണുമ്പോൾ തിളങ്ങുന്ന അവളുടെ കണ്ണുകളും ചുണ്ടിൽ വിരിയുന്ന ചിരിയും ഒരു നിമിഷം അവൻ നോക്കിനിന്നു. അറിയാതെ തന്നെ അവന്റെ മുഖത്തും ഒരു ചിരി വിരിഞ്ഞു. പക്ഷേ പെട്ടന്ന് തന്നെ അവൻ ഞെട്ടലോടെ കണ്ണുവെട്ടിച്ചു. എന്തിന് അവളുടെ മുഖത്തേക്ക് ഇത്രനേരം നോക്കിനിന്നു എന്ന് അവന് മനസിലായില്ല. എത്ര ശ്രമിച്ചിട്ടും ഇടക്കിടക്ക് അവളുടെ നേരെ പായുന്ന തന്റെ കണ്ണുകളെ അവന് നിയന്ത്രിക്കാൻ പറ്റുന്നുണ്ടായില്ല… അവൻ ആസ്വസ്ഥതയോടെ അവിടെ നിന്നും എഴുന്നേറ്റുപോയി..

റിസപ്ഷൻ നല്ല രീതിയിൽ തന്നെ അവസാനിച്ചു. അന്നത്തെ ദിവസം അവളുടെ അച്ഛന്റെ ഒപ്പം താമസിച്ച് പിറ്റേദിവസം ആണ് അവർ അഭിയുടെ വീട്ടിലേക്ക് വന്നത്. ഈ ഒരാഴ്ച മാത്രേ രണ്ടാൾക്കും ലീവ് ഉള്ളൂ. അതുകൊണ്ട് തന്നെ ഈ ആഴ്ച ഫുൾ ബന്ധുക്കളുടെ വീട്ടിലേക്കുള്ള യാത്രകളിൽ ആണ് അവർ. ജിത്തുവും ആദിയും റിസപ്ഷൻ കഴിഞ്ഞ് പിറ്റേദിവസം തന്നെ പോയിരുന്നു. മഹിയും പിറ്റേദിവസം തന്നെ പോയിരുന്നു. പക്ഷേ നിധി കുറച്ചുദിവസം കൂടി അവിടെ ഉണ്ടാകും…

അടുത്ത തിങ്കളാഴ്ച ആണ് അഭി ആദ്യമായി കോർട്ടിൽ ഒറ്റക്ക് ഒരു കേസ് വാദിക്കാൻ പോകുന്നത്. അതിന്റെതായ ടെൻഷൻ ആൾക്ക് ഉണ്ട്. ഹരിക്ക് അവനിൽ ഉള്ള വിശ്വാസം പോലും അവന് സ്വയം തോന്നുന്നുണ്ടായില്ല.. ഹരിയുടെ നിർബന്ധം തന്നെ ആയിരുന്നു ഈ കേസ് അഭി തന്നെ വാദിക്കണം എന്ന്. അഭി കുറച്ച് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ഹരി സമ്മതിച്ചില്ല. അങ്ങനെ ആണ് അഭി ആ കേസ് ഏറ്റെടുത്തത്.. അഭിക്ക് അതിന്റെതായ നല്ല ടെൻഷൻ ഉണ്ടായിരുന്നു. എന്തോ ഒരു കോൺഫിഡൻസ് തോന്നുന്നുണ്ടായില്ല അവന്. ഈ ടെൻഷൻ ഒന്നും അവൻ പുറത്ത് കിട്ടിയിരുന്നില്ല. ഇന്ന് വിച്ചുവിന്റെ വീട്ടിൽ ആണ് അഭിക്കും പിയക്കും വിരുന്ന്. അതിന് പോകാൻ ഉള്ള ഒരുക്കത്തിൽ ആയിരുന്നു അവർ…

നന്ദൻ.. പിയ വിളിച്ചു.. പക്ഷേ എന്തൊക്കെയോ ചിന്തയിൽ ആയിരുന്ന അഭി പിയ വിളിച്ചത് കേട്ടില്ല… പിയ അവന്റെ മുഖത്തേക്ക് നോക്കി. എന്തോ കാര്യമായി ചിന്തിച്ചിരിപ്പാണ് അവൻ എന്ന് അവൾക്ക് മനസിലായി. അവൾ ഒന്നും കൂടി അവനെ വിളിച്ച് നോക്കി. അപ്പോഴും നോ റെസ്പോൺസ്. അവൾ അവനെ ഒന്ന് കുലുക്കികൊണ്ട് വിളിച്ചു..

നന്ദൻ…

എന്താ.. എന്താ ശ്രീ.. എന്തെങ്കിലും പ്രശ്നം ഉണ്ടോ… ഒന്ന് ഞെട്ടിക്കൊണ്ട് അഭി പിയയോട് ചോദിച്ചു..

അത് ഞാൻ തന്നോടല്ലേ ചോദിക്കേണ്ടത്. എത്ര നേരമായി വിളിക്കുന്നു. എന്തെങ്കിലും ടെൻഷൻ ഉണ്ടോ നന്ദന്…

ഏയ്യ് ടെൻഷൻ ഒന്നുമില്ല.. അഭി വേഗം പറഞ്ഞു..

ഒന്നുമില്ല എന്ന് പറയേണ്ട.. കുറച്ച് ദിവസമായി ഞാൻ നന്ദനെ ശ്രദ്ധിക്കുന്നു. ആകെപ്പാടെ ഒരു വെപ്രാളവും ടെൻഷനും കുറച്ചുദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. എന്താ പ്രശ്നം.. പറയ്…

അഭി അടുത്ത ആഴ്ച കേസ് വാദിക്കേണ്ട കാര്യവും ഹരിയുടെ നിർബന്ധവും ഒക്കെ പറഞ്ഞു…

ഇത്രയും ചെറിയ കാര്യത്തിന് ആണോ നന്ദന് ഇത്ര ടെൻഷൻ…

ഇതാണോ ചെറിയ കാര്യം… പിയയുടെ സീരിയസ് ഇല്ലായ്മ നന്ദനെ ദേഷ്യം പിടിപ്പിച്ചു..

എല്ലാ കാര്യങ്ങളും ചെറിയ കാര്യങ്ങൾ തന്നെ ആണ് നമ്മൾ ആണ് ടെൻഷൻ അടിച്ചും നെർവസ് ആയും അത് വലിയ കാര്യം ആക്കുന്നത്. അതിന്റെ ആവശ്യം എന്താ.. ഇപ്പൊ നന്ദന്റെ കേസിൽ തന്നെ പപ്പ അങ്ങനെ നിർബന്ധം പിടിക്കുന്നുണ്ട് എങ്കിൽ പപ്പക്ക് അത്രേം ഉറപ്പായിരിക്കും നന്ദന് ഇത് കഴിയും എന്ന കാര്യത്തിൽ. അല്ലാതെ വെറുതെ നന്ദൻ ടെൻഷൻ അടിക്കേണ്ട…

മ്മ്.. തന്നോട് സംസാരിച്ചപ്പോൾ എന്തോ മനസ്സിന് വല്ലാത്ത സമാധാനം തോന്നുന്നുണ്ട്..അഭി ഒരു ചിരിയോടെ പിയയുടെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു…

ഹാ.. അതാണ് ഈ ശ്രീപ്രിയ…

ഓഹ്.. സമ്മതിച്ചു. ഇപ്പൊ ശ്രീപ്രിയ നടക്ക്. നമുക്ക് വിച്ചുവിന്റെ അവിടെക്ക്‌ പോകാം. ഇനിയും നിന്നാൽ നമ്മൾ നേരം വൈകും..

മ്മ്.. അഭി അത് പറഞ്ഞതും പിയ വേഗം തിരിഞ്ഞു ഫോണും അവളുടെ വാലറ്റും എടുത്ത് അഭിയുടെ പിന്നിൽ ആയി പുറത്തേക് ഇറങ്ങി….

ഞാൻ അമ്മയോട് പറഞ്ഞിട്ട് വരാം.. പിയ അതും പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി. അപ്പൊ അവിടെ നിധി മാത്രമേ ഉണ്ടായിരുന്നുള്ളൂ. സാവിത്രിയമ്മയെ കണ്ടില്ല.

അമ്മ എവിടെ പോയി… പിയ നിധിയോടായി ചോദിച്ചു.

അമ്മ അലക്കാൻ ഉള്ള തുണികളും ആയി കുളത്തിലേക്ക് പോയിട്ടുണ്ട്. നിങ്ങൾ എങ്ങോട്ടാ… പിയയെ ഒന്ന് അടിമുടി ഉഴിഞ്ഞു നോക്കികൊണ്ട് നിധി ചോദിച്ചു…

ഞങ്ങൾ വിഷ്ണുവിന്റെ വീട്ടിലേക്ക്. ഇന്ന് അവിടേക്ക് വിരുന്ന് വിളിച്ചിട്ടുണ്ട്… പിയ അത് പറഞ്ഞ് പോകാനായി തിരിഞ്ഞതും നിധിയുടെ സംസാരം കേട്ട് അവിടെ തന്നെ നിന്നു. പിന്നെ നിധിക്ക് നേരെ തിരിഞ്ഞു..

എന്താ പറഞ്ഞേ ഞാൻ ശരിക്ക് കേട്ടില്ല… പിയ അവളോട്‌ ചോദിച്ചു..

അല്ല… ഈ നടന്ന് തിന്നാൻ അല്ലാതെ വല്ലതുമൊക്കെ വച്ചുണ്ടാക്കാൻ അറിയുമോ എന്ന് ചോദിച്ചതാ ഞാൻ.. നിധി ഒരു പുച്ഛത്തോടെ പറഞ്ഞു…

എന്താ അഭിനിധിയുടെ ശരിക്കും ഉള്ള പ്രശ്നം..നെഞ്ചിൽ കൈകെട്ടി നിന്നുകൊണ്ട് പിയ അവളോട് ഗൗരവത്തിൽ ചോദിച്ചു..

എന്ത് പ്രശ്നം.. എനിക്ക് ഒരു പ്രശ്നവും ഇല്ല… നിധി പരിഭ്രമത്തോടെ ചുറ്റും നോക്കികൊണ്ട്‌ പറഞ്ഞു. സാവിത്രിയമ്മയോ അഭിയോ കേട്ടുവന്നാൽ ആകെ കുഴപ്പമാവും എന്ന് അവൾക്കറിയാമായിരുന്നു…

അല്ല.. ഞാൻ ഇങ്ങോട്ട് വന്നതിന്റെ പിറ്റേദിവസം തുടങ്ങിയതാണല്ലോ തന്റെ ഓരോ സംസാരങ്ങൾ. ഒരു ടിപ്പിക്കൽ നാത്തൂൻപോര് സെറ്റപ്പ് ആണ് താൻ നോക്കുന്നതെങ്കിൽ തനിക്ക് തെറ്റി. എനിക്ക് അതിന് ഒട്ടും താൽപ്പര്യം ഇല്ല. പിന്നെ എനിക്ക് എതിരെ എന്തെങ്കിലും പറയുമ്പോൾ തനിക്ക് എന്തോരം പിന്തുണ ഇവിടെ നിന്ന് കിട്ടും എന്നും കൂടി ആലോചിച്ചിട്ട് താൻ ഓരോന്നിന് ഇറങ്ങി പുറപ്പെട്‌ കേട്ടോ… അമ്മ വരുമ്പോ പറഞ്ഞേക്കു ഞങ്ങൾ പോയി എന്ന്… നിധിയെ ഒന്നുകൂടി ഇരുത്തി നോക്കിയിട്ട് പിയ തിരിഞ്ഞുപോയി.
നിധി സ്വന്തം തലക്ക് കൈക്കൊടുത്തു നിന്നുപോയി..

വിച്ചുവിന്റെ അവിടെ ഭക്ഷണം എല്ലാം കഴിഞ്ഞ് കാര്യം പറഞ്ഞിരിക്കുമ്പോൾ ആണ് മാധച്ഛൻ വിച്ചുവിന്റെ കല്യാണക്കാര്യം എടുത്തിട്ടത്…

മോനേ അഭി.. നീ ഇവനോട് ഒന്ന് ചോദിച്ചേ.. എന്താ അവന്റെ പ്രശ്നം എന്ന്…ആദ്യം വിവാഹത്തിന് ഒരു തടസ്സവും പറയാതിരുന്ന ഇവൻ ഇപ്പൊ എന്തുകൊണ്ടാ ഓരോന്നും പറഞ്ഞ് അത് നീക്കിക്കൊണ്ട് പോകുന്നത് എന്ന്. അവിടെ ഇവന്റെ അപ്പച്ചി ആണെങ്കിൽ എനിക്ക് സ്വൈര്യം തരുന്നില്ല കല്യാണം എന്നേക്ക് നടത്താം എന്ന് ചോദിച്ചിട്ട്.. എന്തൊക്കെ പറഞ്ഞാലും അടുത്ത മാസം കല്യാണം നടത്തണം. അതുകഴിഞ്ഞാൽ കർക്കിടകം ആണ്.. ചിങ്ങം ഇവന്റെ ജന്മമാസവും. അപ്പൊ പിന്നെ ആ മാസങ്ങളിൽ കല്യാണം നടത്താൻ പറ്റുമോ… മാധച്ഛൻ വിച്ചുവിനെ ഒന്ന് ഇരുത്തി നോക്കികൊണ്ട്‌ അഭിയോടായി പറഞ്ഞു..

വിച്ചു ഒക്കെ കേട്ടെങ്കിലും ഒന്നിലും വലിയ താൽപ്പര്യം കാണിക്കാതെ ഇരുന്നേ ഉള്ളൂ. അഭി അവന്റെ മുഖത്തേക്ക് തന്നെ നോക്കി. അവന്റെ മുഖത്തെ താൽപ്പര്യമില്ലായ്‌മ എടുത്തുകാണാൻ ഉണ്ടായിരുന്നു.. അഭിയുടെ നെറ്റിച്ചുളിഞ്ഞു. ആദ്യം കല്യാണക്കാര്യം പറഞ്ഞപ്പോൾ ഒന്നും അവന്റെ മുഖത്ത് ഈ താൽപ്പര്യമില്ലായ്‌മ ഉണ്ടായിരുന്നില്ലല്ലോ എന്നാണ് അവൻ ആലോചിച്ചത്..

ഞാൻ അവനോട് ഒന്ന് സംസാരിക്കട്ടെ മാധച്ഛാ… അഭി അതുംപറഞ്ഞുകൊണ്ട് പിയയോട് കണ്ണുകൾ കൊണ്ട് പറഞ്ഞിട്ട് വിച്ചുവിനേം വിളിച്ച് പുറത്തേക്ക് പോയി..

തുടരും….