രചന – കണ്ണന്റെ മാത്രം
അഭിയും വിച്ചുവും കൂടി കോവിലകം ഹോട്ടൽസിന്റെ കോൺഫറൻസ് ഹാളിന്റെ ഡോർ തുറന്ന് ഉള്ളിലേക്ക് കയറി. അവിടെ എംപ്ലോയീസും മറ്റ് ബിസിനസുക്കാരും ഒക്കെ ആയിട്ട് കോൺഫറൻസ് ഹാൾ ആകെ ശബ്ദമുഖരിതമായിരുന്നു.. അഭിയും വിച്ചുവും ഉള്ളിലേക്ക് കയറി ഒരു സൈഡിലേക്ക് ഒതുങ്ങി നിന്നു. അപ്പോഴാണ് അവിടെ നിന്ന് സംസാരിക്കുന്ന ജിത്തുവിനെയും ആദിയെയും മഹിയേയും നിധിയെയും കാണുന്നത്. ഓഹ്.. അവരുടെയും ബിസിനസ് ഫാമിലി ആണല്ലോ.. അഭി ആലോചിച്ചു..
ഡാ.. ദേ നിന്റെ അനിയനും പെങ്ങളും ഒക്കെ നിൽക്കുന്നു.. അവരെ അവിടെ കണ്ട വിച്ചു പറഞ്ഞു.
അവിടെ നിന്നോട്ടെ ഡാ.. അതിന് എനിക്കെന്താ.. അഭി അവൻ പറഞ്ഞത് ശ്രദ്ധിക്കാത്തത് പോലെ പറഞ്ഞു.. വിച്ചു അവന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. അഭിയുടെ മുഖത്തെ വിഷമം കണ്ടപ്പോൾ വിച്ചു അവനെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു..
നിന്നെ ഇന്ന് വേണ്ടാത്തവരെ നിനക്ക് ഇന്നലെയേ വേണ്ട കേട്ടല്ലോ.. വെറുതെ അവർ വല്ലതും പറയുന്നത് കേട്ട് വിഷമിച്ചാൽ നിന്റെ കാര്യം ഞാൻ തീരുമാനം ആക്കും.. വിച്ചു ഭീഷിണിപ്പെടുത്തി..
ഏയ്യ് ഇല്ലെടാ.. എന്ന് അവൻ എന്നെ അവന്റെ ഏട്ടൻ ആയി പരിചയപ്പെടുത്താൻ മടി കാണിച്ചോ അന്ന് മുതൽ അവൻ എന്റെ അനിയൻ അല്ല…
മ്മ്.. ഇപ്പൊ വല്യ ഡയലോഗ് അടിക്കും.. എന്നിട്ട് അവർക്ക് എന്തേലും ഒരു ചെറിയ ഒരു ബുദ്ധിമുട്ട് വരുമ്പോഴേക്കും കിടന്ന് വിഷമിക്കും…
എന്ത് ചെയ്യാനാടാ.. അവർക്ക് ഞാൻ അപമാനം ആണെങ്കിലും എനിക്ക് അവർ എന്റെ കൂടപ്പിറപ്പുകൾ അല്ലേ. എത്രയൊക്കെ വേണ്ടാന്ന് വച്ചാലും അങ്ങനെ അങ്ങോട്ട് തള്ളി കളയാൻ പറ്റുന്നില്ല.. അഭി വിഷമത്തോടെ പറഞ്ഞു..
നീ നന്നാവില്ലെടാ.. വിച്ചു ശുണ്ഠിയെടുത്തുകൊണ്ട് പറഞ്ഞു..
നീ അത് വിട് ചെക്കാ.. ദേ അവിടെ ഒരുത്തി നിന്നെ വായിനോക്കി നിൽക്കുന്നു.. അഭി അവന്റെ മൂഡ് മാറ്റാൻ എന്നോണം പറഞ്ഞു..
എവിടെ.. എവിടെ.. വിച്ചു ആകാംഷയോടെ ചോദിച്ചു..
അയ്യടാ.. എന്താ അവന്റെ ആകാംഷ.. നീ നിന്റെ കല്യാണം ഉറപ്പിച്ചത് മറന്നോടാ..
ഈ.. പറ്റിച്ചതാണല്ലേ.. വിച്ചു ഒരു ഇളിഞ്ഞ ചിരിയോടെ പറഞ്ഞു..
അഭി അവന്റെ മുഖം കണ്ട് ചിരി കടിച്ചു പിടിച്ചുകൊണ്ട് തലയാട്ടികാട്ടി…
അവർ അങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും തല്ലുപിടിച്ചു നിൽക്കുന്ന നേരത്താണ് മഹി അവരെ കാണുന്നത്…
ദേ.. വല്യളിയൻ എന്ന് പറയലും മഹി അഭിയുടെ അടുത്തേക്ക് പോകലും ഒരുമിച്ചു കഴിഞ്ഞു. ആദിയും മഹിയുടെ പിന്നാലെ പോയി. അതോടെ താൽപ്പര്യമില്ലാതെ തന്നെ ജിത്തുവും നിധിയും അവരുടെ പിന്നിലായി അഭിയുടെ അടുത്തേക്ക് പോയി..
മഹി ചെന്ന് അഭിയെ വിളിച്ചപ്പോൾ ആണ് വിച്ചുവിനെ കളിയാക്കികൊണ്ടിരുന്ന അഭി അവർ അവന്റെ അടുത്തേക്ക് വന്നത് ശ്രദ്ധിച്ചത്…
അളിയൻ ഇപ്പൊ ഇവിടെ ആണോ വർക്ക് ചെയ്യുന്നത്.. മഹി സന്തോഷത്തോടെ ചോദിച്ചു..
ആ.. കൺസ്ട്രക്ഷൻ സൂപ്പർവൈസർ ആയിട്ട്..നിങ്ങൾക്ക് ഇവരുമായിട്ട് ബിസിനസ് ഉണ്ടോ… അഭി മഹിയോട് ചോദിച്ചു..
ഇപ്പോ ഇല്ല അളിയാ.. മുൻപ് ഉണ്ടായിരുന്നു. പത്മനാഭൻ സാർ അച്ഛനും ആയിട്ട് നല്ല ബന്ധം ആണ് അങ്ങനെ ക്ഷണിച്ചതാണ് ഇന്ന്. അച്ഛനും അമ്മക്കും ഒരു റിസപ്ഷൻ ഉണ്ട്. അതാ പിന്നെ ഞങ്ങൾ വന്നത്.. മഹി പറഞ്ഞു..
മ്മ്.. സുഖല്ലേ മോളെ.. അഭി ആദിയെ നോക്കി ചോദിച്ചു…
സുഖായി പോകുന്നു ഏട്ടാ… ആദി ഒരു ചിരിയോടെ മറുപടി പറഞ്ഞു…
നിധിയും ജിത്തുവും അഭിയെ തന്നെ നോക്കുകയായിരുന്നു. അവന്റെ ഇന്നത്തെ രൂപം അവരെ അതിശയിപ്പിച്ചു. അതുമാത്രം അല്ല തങ്ങളെ കണ്ടിട്ടും കാണാത്തഭാവത്തിൽ ഉള്ള അവന്റെ പെരുമാറ്റം ആണ് അവരെ ശരിക്കും ഞെട്ടിച്ചത്.. അല്ലെങ്കിൽ തങ്ങൾ എന്തോരം മൈൻഡ് ചെയ്തില്ലെങ്കിലും അവൻ ഇങ്ങോട്ട് വന്ന് മിണ്ടാറുണ്ടായിരുന്നു.. മഹിയുടെ ശബ്ദം ആണ് അവരെ ചിന്തകളിൽ നിന്ന് പുറത്തേക്ക് കൊണ്ട് വന്നത്..
വിഷ്ണു എങ്ങനെയാ ഇവരും ആയിട്ട് കണക്ഷൻ… മഹി ചോദിച്ചു..
ഇവരുടെ പുതിയ പ്രോജെക്ടിന്റെ ആർക്കിടെക്ചറൽ വർക്ക് എന്റെ ഫേമിന് ആണ് കിട്ടിയിട്ടുള്ളത്. അങ്ങനെ വന്ന ക്ഷണം ആണ്…
ആ സമയത്ത് ആണ് നവി ആ വഴി പോയത്…
വിഷ്ണു.. അഭിനന്ദ്.. എപ്പോ എത്തി..
കുറച്ചുനേരം ആയതേ ഉള്ളൂ നവീൻ.. വിച്ചു പറഞ്ഞു.
താൻ ആളാകെ മാറിപോയല്ലോടോ ഈ ഗെറ്റപ്പിൽ.. നവി അഭിയുടെ തോളിൽ തട്ടികൊണ്ട് പറഞ്ഞു. നവിക്ക് അഭിയോടൊക്കെ ഉള്ള അടുപ്പം കണ്ട് കണ്ണുതള്ളി നിൽപ്പാണ് ജിത്തു..
ഇത്… നവി മഹേഷിനെ ചൂണ്ടികാട്ടികൊണ്ട് ചോദിച്ചു..
ഞാൻ മഹേഷ് പ്രസാദ്…
ഓഹ്.. മനസിലായി പ്രസാദ് അങ്കിളിന്റെ മകൻ അല്ലേ… നിങ്ങൾ എങ്ങനെ ആണ് പരിചയം… നവി അവരെ നോക്കികൊണ്ട് ചോദിച്ചു..
ഇവർ രണ്ടാളും എന്റെ ബ്രദർ ഇൻ ലോസാണ്.. ഇത് എന്റെ വൈഫ് അഭിനിധി… മഹി അഭിയേയും ജിത്തുവിനെയും കാട്ടി പറഞ്ഞു.
ഓഹ്.. പക്ഷേ അന്ന്… നവിക്ക് ഒരിക്കൽ ജിത്തു അഭിയെ അകന്ന ബന്ധത്തിൽ ഉള്ള ആരോ എന്ന് പരിചയപ്പെടുത്തിയത് ഓർമ വന്നു..
അവൻ ജിത്തുവിന്റെ മുഖത്തേക്ക് നന്നായി നോക്കി. ജിത്തുവിന് എങ്ങനെ നവിയുടെ മുഖത്ത് നോക്കണം എന്ന് അറിയില്ലായിരുന്നു. അന്ന് അഭിയെ അകന്ന ബന്ധത്തിലേ ആരോ എന്ന് പരിചയപ്പെടുത്താൻ തോന്നിയ നിമിഷത്തെ അവൻ മനസ്സാൽ പഴിച്ചു…
നവിക്ക് ജിത്തുവിന്റെ മുഖത്തെ പരിഭ്രമം കണ്ടപ്പോൾ തന്നെ കാര്യം മനസിലായി… അവൻ ഒരു പുച്ഛത്തോടെ ജിത്തുവിനെ നോക്കി…
പെട്ടന്നാണ് ആരോ അഭിനന്ദ് എന്ന് വിളിക്കുന്നത് കേട്ടപ്പോൾ ആണ് എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ട് തിരിഞ്ഞത്..
ഹരി സാർ… തന്നെ വിളിച്ച ആളെ കണ്ടതും അഭി പതിയെ പറഞ്ഞു..
നവിയും സംശയത്തോടെ ഹരികൃഷ്‌ണനെയും അയാളുടെ കൂടെ ഉള്ള പത്മനാഭനെയും നോക്കി.. അവന് മനസിലാകുന്നുണ്ടായില്ല അയാൾക്ക് എങ്ങനെ അഭിയെ അറിയാം എന്ന്…
അച്ഛന് എങ്ങനെയാ അഭിനന്ദിനെ അറിയുന്നത്… ഹരി എന്തോ ചോദിക്കാൻ പോകുന്നതിന് മുൻപായി നവി ചോദിച്ചു..
ഇയാളെ ഞാൻ പഠിപ്പിച്ചിട്ടുണ്ട്. ഞാൻ കുറച്ചുനാൾ ഗസ്റ്റ് ലെക്ചർ ആയിട്ട് ലോ കോളേജിൽ പഠിപ്പിക്കാൻ പോയിരുന്നില്ലേ അവിടെ വച്ചുള്ള പരിചയം ആണ്. അല്ല നിനക്ക് എങ്ങനെയാ ഇയാളെ പരിചയം… ഹരി നവിയെ നോക്കി ചോദിച്ചു..
ഇയാള് നമ്മുടെ കൺസ്ട്രക്ഷൻ സൂപ്പർവൈസർ ആയി വർക്ക് ചെയ്യുകയാണ്… നവി പറഞ്ഞു..
ഇപ്പൊ ഞെട്ടിയത് ഹരിയാണ്.. കൺസ്ട്രക്ഷൻ സൂപ്പർവൈസറോ… എന്താടോ ഞാൻ ഈ കേൾക്കുന്നത്.. ഒരു ഫേമസ് അഡ്വക്കേറ്റ് ആയി തന്നെ കാണും എന്നല്ലേ ഞാൻ പ്രതീക്ഷിച്ചത്. എന്നിട്ട് എന്ത് പറ്റിയെടോ… ഹരി അഭിയെ നോക്കികൊണ്ട് ചോദിച്ചു..
അത് സാർ.. എനിക്ക് LLB ഫൈനൽ ഇയർ കോളേജിൽ നിന്ന് ഡ്രോപ്പ് ഔട്ട് ചെയ്യേണ്ടി വന്നു ചില പേഴ്സണൽ പ്രോബ്ലെംസ് കാരണം.. അതുകൊണ്ട്.. അഭി മുഴുവനാക്കാതെ
അപ്പൊ താൻ LLB കംപ്ലീറ്റ് ചെയ്തില്ലേ… ഹരി അതിശയത്തോടെ ചോദിച്ചു. കാരണം പഠിപ്പിച്ചിരുന്ന കുറച്ചുകാലം കൊണ്ട് തന്നെ അവന് ആ ഒരു പ്രൊഫഷനോട് ഉള്ള ഇഷ്ട്ടം അയാൾക്ക് മനസിലായിട്ടുണ്ടായിരുന്നു. അതാണ് എന്തോ കള്ളകേസിൽ അവനെ പോലീസ് പിടിച്ചു എന്നറിഞ്ഞപ്പോൾ താൻ അവിടത്തെ പഠിപ്പിക്കൽ അവസാനിപ്പിച്ചിരുന്നെങ്കിലും മുൻകൈ എടുത്ത് അവനെ പുറത്തിറക്കിയത്.
അത്.. ഞാൻ… അഭി എന്ത് മറുപടി പറയും എന്നറിയാതെ നിന്നു..
അവൻ കംപ്ലീറ്റ് ചെയ്യതു സാർ പിന്നത്തെ കൊല്ലം തന്നെ.. പിന്നെ ചില പ്രത്യേക കാരണങ്ങൾക്കൊണ്ട് അവൻ എവിടെയും പ്രാക്ടീസിനു പോയില്ല എന്ന് മാത്രം… വിച്ചു പറഞ്ഞു..
ഇപ്പൊ ഞെട്ടിയത് ജിത്തും നിധിയും ആദിയും മഹിയും ഒക്കെ ആണ്…
അഭി LLB പാസ്സ് ആയത് അവർക്ക് ആർക്കും അറിയില്ലായിരുന്നു. എത്രയോ വട്ടം അവന് പഠിപ്പ് കുറവുള്ളത് പറഞ്ഞ് പരിഹസിച്ചിരിക്കുന്നു.. ജിത്തുവും നിധിയും ആലോചിച്ചു..
ഓഹോ.. അപ്പൊ താൻ LLB പാസ്സ് ആയിട്ടാണ് അല്ലേ ഇങ്ങനെ ഒരു ജോലി ചെയ്യുന്നത്.. ഹരി അല്പം ദേഷ്യത്തോടെ ചോദിച്ചു..
അതുപിന്നെ സാർ ഞാൻ…
താൻ ഒന്നും പറയണ്ട. നാളെ ഞായറാഴ്ച അല്ലേ.. മറ്റന്നാൾ ഒരു 10 മണി ആവുമ്പോൾ തന്നെ എന്റെ ഓഫീസിൽ കാണണം.. മനസിലായോ… അഭിയെ പറഞ്ഞ് മുഴുവൻ ആക്കാൻ സമ്മതിക്കാതെ ഹരി പറഞ്ഞു..
സാർ അതു പിന്നെ വർക്ക്… അഭിക്ക് ആകെ വല്ലായ്മ തോന്നി.. കാര്യം അവന്റെ സ്വപ്നം ആണ് ആ ഒരു പ്രൊഫഷൻ.. പക്ഷേ അവന്റെ ജീവിതസാഹചര്യം അവനെ പിന്നിലേക്ക് വലിക്കുകയാണ്..
അവൻ വരും സാർ.. ഞാൻ കൊണ്ട് വരാം.. വിച്ചു സന്തോഷത്തോടെ പറഞ്ഞു..
അതേ അഭിനന്ദ്.. താൻ ഇതിന് പോകണം… നല്ലൊരു ഓപ്പർച്യൂണിറ്റി വരുമ്പോൾ അതൊരിക്കലും താൻ തട്ടികളയല്ലേ… നവിയും പറഞ്ഞു..
അഭി മനസ്സില്ലാമനസ്സോടെ സമ്മതിച്ചു.. അതോടെ ഹരിയും പപ്പനും ബാക്കി ഉള്ളവരെ ഒക്കെ നോക്കി ഒന്ന് ചിരിച്ചിട്ട് അവിടെ സെറ്റ് ചെയ്തിട്ടുള്ള കുഞ്ഞ് സ്റ്റേജ് ലക്ഷ്യമാക്കി പോയി..
ജിത്തുവിനും നിധിക്കുമെല്ലാം കേട്ടതൊന്നും വിശ്വസിക്കാൻ പറ്റാതെ നിൽപ്പായിരുന്നു.. പക്ഷേ ആദിക്കും മഹിക്കും സന്തോഷം ആയിരുന്നു. വിച്ചുവിന് തന്റെ സന്തോഷം എങ്ങനെ കണ്ട്രോൾ ചെയ്യണം എന്നറിയാതെ നിന്നു. അവൻ അഭിയെ മുറുക്കെ കെട്ടിപിടിച്ചുകൊണ്ട് തന്റെ സന്തോഷം പ്രകടിപ്പിച്ചു..
അഭി I’m so happy man… നീ നിന്റെ ഇഷ്ടങ്ങൾ മാറ്റിവച്ച് ഒരു നന്ദിയും സ്നേഹവും ഇല്ലാത്തവർക്കും കൂടി വേണ്ടി മറ്റുപണികൾക്ക് ഇറങ്ങിയപ്പോ എന്തുമാത്രം വിഷമിച്ചെന്നറിയോ ഞാൻ. ഇപ്പൊ പക്ഷേ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്..
വിച്ചു ആ പറഞ്ഞത് തങ്ങളെ ഉദ്ദേശിച്ചാണെന്ന് നിധിക്കും ജിത്തുവിനും മനസിലായി. രണ്ടാളുടെയും മുഖം ഒരുപോലെ ഇരുണ്ടു..
വല്യേട്ടൻ LLB പാസ്സ് ആയത് ഞങ്ങളോട് മുന്നേ പറയാമായിരുന്നു. ഇങ്ങനെ കണ്ടവർ പറഞ്ഞ് അറിയേണ്ടി വരില്ലായിരുന്നു.. നിധി ഇഷ്ടക്കേടോടെ പറഞ്ഞു..
മുന്നേ അറിഞ്ഞിട്ട്.. നിങ്ങൾ എന്ത് ചെയ്തേനെ.. ഒന്നും ചെയ്യില്ല. അപ്പോഴും നിങ്ങൾ നിങ്ങളുടെ കാര്യം മാത്രം നോക്കി ജീവിക്കുമായിരുന്നു… വിച്ചു അവരെ നോക്കി പുച്ഛത്തോടെ പറഞ്ഞു..
ഇത് ഞങ്ങളുടെ കുടുംബക്കാര്യം ആണ്. അവിടെ നീ എന്തിനാ കേറി അഭിപ്രായം പറയുന്നേ… ജിത്തു ദേഷ്യത്തോടെ വിച്ചുവിനോട് ചോദിച്ചു..
ജിത്തു വേണ്ട.. എന്നെ വല്ലതും പറഞ്ഞാൽ ഞാൻ മിണ്ടാതെ നിൽക്കുന്നത് പോലെ അവനെ പറഞ്ഞാൽ ഞാൻ കേട്ട് നിൽക്കില്ല. അടിച്ച് കരണം ഞാൻ പുകക്കും.. കൂടെപ്പിറപ്പുകൾ വരെ തള്ളിപ്പറഞ്ഞപ്പോഴും എന്നെ ചേർത്ത് നിർത്തിയിട്ടുള്ളവൻ ആണ് അവൻ. അങ്ങനെ ഉള്ളവനെ പറയുന്നത് എനിക്ക് സഹിക്കില്ല.. അഭി ഗൗരവത്തോടെ പറഞ്ഞു..
അഭിയുടെ ശബ്ദത്തിലെ ദേഷ്യവും അവന്റെ മുഖഭാവവും അവൻ പറഞ്ഞത് ചെയ്യും എന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു.
അതിന് ജിത്തു എന്തോ പറയാൻ പോയ സമയത്താണ് അവരുടെ സംസാരത്തെ തടസ്സപ്പെടുത്തികൊണ്ട് പപ്പന്റെ ശബ്ദം മൈക്കിലൂടെ കേട്ടത്…
ലേഡീസ് ആൻഡ് ജെന്റിൽമാൻ…
ആദ്യം തന്നെ ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് ഇവിടെ എത്തിയ എല്ലാവരെയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. ഇന്നത്തെ ഈ പാർട്ടി കോവിലകം കൺസ്ട്രക്ഷൻസിന്റെ കഴിഞ്ഞ പ്രൊജക്റ്റ് സക്സസ്ഫുള്ളി കംപ്ലീറ്റ് ചെയ്തതിന്റെ സന്തോഷത്തിൽ സംഘടിപ്പിച്ചിട്ടുള്ളതാണ്. ആ പ്രൊജക്റ്റ് നല്ല രീതിയിൽ കംപ്ലീറ്റ് ചെയ്യാൻ പ്രയത്നിച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു…
ഇന്നത്തെ ഈ പാർട്ടി മറ്റൊരു സന്തോഷം നിങ്ങളുമായി ഷെയർ ചെയ്യാൻ കൂടി വേണ്ടിയാണ്. നിങ്ങളുടെ എല്ലാം CEO സാറും ദേ ഇവന്റെ മകനും ആയ നവീൻ ഹരികൃഷ്ണനും എന്റെ മോളും ആയി കല്യാണം തീരുമാനിച്ചിരിക്കുന്നു.. പപ്പൻ ഹരിയെയും ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു..
പിയയും നവിയും ഞെട്ടിതരിച്ചു അവരുടെ അന്നൗൺസ്‌മെന്റ് കേട്ടിട്ട്.. അവർ മിഴിഞ്ഞ കണ്ണോടെ പരസ്പരം നോക്കി…
തുടരും….

by