16/04/2026

ശ്രീനന്ദനം : ഭാഗം 61

രചന : കണ്ണൻ്റെ മാത്രം

ഒന്ന് രണ്ടാഴ്ചകൾ കഴിഞ്ഞുപോയി… അന്ന് പതിവുപോലെ രാത്രി ഭക്ഷണം എല്ലാം കഴിഞ്ഞ് അഭി തിണ്ണയിലായി കിടക്കുമ്പോൾ ആണ് സാവിത്രിയമ്മ അങ്ങോട്ട് വന്നത്… അവരെ കണ്ടതും അവൻ വേഗം എഴുന്നേറ്റിരുന്നു..എന്താ അമ്മേ…. എന്തോ പറയാൻ ഉള്ളതുപോലെ നിൽക്കുന്ന അവരെ കണ്ടതും അവൻ ചോദിച്ചു…അഭി ഞാനൊരു കാര്യം അറിയാനായിട്ട്.. എന്റെ തോന്നൽ ആണോ എന്നറിയില്ല.. അതാ പിന്നെ നിന്നോട് ചോദിക്കാം എന്ന് കരുതിയത്…എന്താ കാര്യം അമ്മേ.. എന്താണെങ്കിലും ചോദിക്ക്…നമ്മുടെ വിച്ചുവും ആമിയും തമ്മിൽ എന്തെങ്കിലും ഉണ്ടോ….

അതെങ്ങനെ അമ്മക്ക് മനസിലായി… അഭി അതിശയത്തോടെ ചോദിച്ചു…ഓഹ്.. അപ്പൊ അങ്ങനെ ഒരു കാര്യം ഉണ്ടല്ലേ… അവർ അല്പം ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് അവിടെ നിന്ന് എഴുന്നേൽക്കാൻ പോയി…ഏയ്യ്.. പോവല്ലേ.. അവിടെ ഇരിക്ക്… ഞാൻ പറയട്ടെ… ആമിക്ക് വിച്ചുവിനെ ഇഷ്ടമാണ്.. വിച്ചുവിന് ആമിയേയും.. പക്ഷേ രണ്ട് പേർക്കും ഇത് പരസ്പരം അറിയില്ല… എഴുന്നേൽക്കാൻ പോയ സാവിത്രിയമ്മയെ അവിടെ തന്നെ പിടിച്ചിരുത്തികൊണ്ട്അഭിപറഞ്ഞു…എന്താ… അവർക്ക് അഭി പറഞ്ഞത് മനസിലായില്ല…

അതായത് ആമിക്കും വിച്ചുവിനും അറിയില്ല അവർക്ക് പരസ്പരം ഇഷ്ടമുള്ള കാര്യം….. രണ്ടാളും എന്നോട് പറഞ്ഞിട്ടുണ്ടെങ്കിലും പരസ്പരം അവർ തുറന്നുപറഞ്ഞിട്ടില്ല…മ്മ്… ഇനിയെന്താ നിന്റെ തീരുമാനം… അവർ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു…ഞാൻ അമ്മയോട് സംസാരിക്കണം എന്ന് വച്ച് ഇരിക്കായിരുന്നു.. എന്തായാലും ആമിയുടെ പിജി കഴിഞ്ഞില്ലേ.. ഇനിയിപ്പോ ബി. എഡ് അല്ലേ.. അത് കല്യാണം കഴിഞ്ഞിട്ടായാലും എടുക്കാലോ… അതുപോരാതെ ഒന്ന് രണ്ട് psc റാങ്ക് ലിസ്റ്റിലും അവള് ഉണ്ടല്ലോ.. അപ്പൊ ജോലീടെ കാര്യം പ്രശ്നം ഇല്ല. നമുക്ക് ഈ പ്രൊപോസൽ മുന്നോട്ട് കൊണ്ടുപോയാലോ…എനിക്ക് വിരോധം ഒന്നുമില്ല മോനേ.. അവൾ നമ്മുടെ അടുത്തു തന്നെ ഉണ്ടാവൂലോ… പക്ഷേ വിച്ചുമോന്റെ വീട്ടിൽ എങ്ങനെയാ.. മാധവേട്ടന് ഒക്കെ ഇഷ്ടാവോ… ഇങ്ങനെ ഒരു പ്രൊപോസൽ കാരണം അവരുമായിട്ടുള്ള ബന്ധം ഇല്ലാതെ ആവരുത്… അവർ ആകുലതയോടെ പറഞ്ഞു…

വിച്ചു ഈ കേസ് വീട്ടിൽ പറഞ്ഞപ്പോൾ തന്നെ മാധച്ഛൻ എന്നെ വിളിച്ചിരുന്നു.. അവർക്ക് നൂറുവട്ടം സമ്മതം ആണെന്ന് പറഞ്ഞു ഈ പ്രൊപോസലിന്… ഞാൻ ആമിയുടെ പ്രൊജക്റ്റ്‌ പ്രസന്റേഷനും വൈവയും എല്ലാം കഴിയാൻ കാത്തിരിക്കായിരുന്നു അമ്മയോട് ഇതിനെക്കുറിച്ച് സംസാരിച്ച് അവർക്ക് ഒരു മറുപടി കൊടുക്കാൻ…മ്മ്… എനിക്ക് വിരോധം ഒന്നുമില്ലെടാ… അവർക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ പിന്നെ നമുക്കെന്താ… നീ എന്തായാലും ഈ ഞായറാഴ്ച അവരോട് ഒരു പെണ്ണുകാണൽ പോലെ വരാൻ പറ… ഞാൻ ജിത്തുവിനോടും നിധിയോടും അമ്മാവനോടും പറയാം.. നീ പിയമോൾടെ വീട്ടിലും പറയ്…

പറയാം.. പിന്നെ അമ്മേ.. ആമി തല്ക്കാലം അറിയണ്ട വിച്ചുവാണ് വരുന്നത് എന്ന്… അവൾക്കൊരു സർപ്രൈസ് ആയിക്കോട്ടെ… അഭി ഒരു കുസൃതി ചിരിയോടെ പറഞ്ഞു…ഓഹ്.. ആയിക്കോട്ടെ.. അവസാനം അവളുടെ കൈയിൽ നിന്ന് കിട്ടുന്നത് മുഴുവൻ നീ തന്നെ വാങ്ങിവെച്ചോ….. അവരും ഒരു ചിരിയോടെ പറഞ്ഞുകൊണ്ട് ഉള്ളിലേക്ക് പോയി… അവൻ അവിടെ തന്നെ പിന്നെയും കിടന്നു…രണ്ടുമൂന്ന് ദിവസങ്ങൾ കൂടി കടന്നുപോയി.. വിച്ചു അഭിയുടെ സമ്മതം അറിഞ്ഞതുമുതൽ നിലത്തൊന്നും അല്ലായിരുന്നു… കാര്യങ്ങൾ ഇത്രയും ഈസി ആയി നടക്കും എന്ന് അവൻ പ്രതീക്ഷിച്ചിരുന്നില്ല.. വയസ്സിന്റെ പേരിൽ സാവിത്രിയമ്മയുടെ ഭാഗത്ത്‌ നിന്ന് ഒരു തടസ്സം അവൻ പ്രതീക്ഷിച്ചിരുന്നു. കാരണം അവനും ആമിയും തമ്മിൽ പത്തുവയസ്സോളം ഡിഫറെൻസ് ഉണ്ടല്ലോ.. അതുതന്നെ കാരണം… ഇനി ആമിയുടെയും കൂടെ സമ്മതം അറിയണം.. അഭി പറഞ്ഞാൽ അവൾ ഒന്നിനും ഓപ്പോസ് പറയില്ല എന്ന് വിച്ചുവിന് അറിയാം. പക്ഷേ അവളുടെ പൂർണസമ്മതത്തോടെ ഈ വിവാഹം നടക്കണം എന്നാണ് അവന്റെ ആഗ്രഹം.. ആമിയുടെ മനസ്സെന്താണെന്ന് അറിയാത്തതുകൊണ്ട് ഈ സന്തോഷത്തിനിടയിലും അവന് ടെൻഷൻ ഉണ്ട്.. ഇതിനെക്കുറിച്ചു സംസാരിക്കാൻ അഭിയെ ആണെങ്കിൽ ഒറ്റക്ക് കിട്ടിയിട്ടും ഇല്ല…. വിച്ചു നിരാശയോടെ ആലോചിച്ചു…

ആമിയാണെങ്കിൽ തന്നെ ആരോ പെണ്ണുകാണാൻ വരുന്നുണ്ട് എന്നറിഞ്ഞപ്പോൾ മുതൽ ആകെ വിഷമത്തിൽ ആണ്.. സാവിത്രിയമ്മയുടെയും അഭിയുടെയും മുന്നിൽ മാക്സിമം സന്തോഷം അഭിനയിക്കാൻ നോക്കുന്നുണ്ടെങ്കിലും അവൾ അതിൽ ദയനീയമായി പരാജയപ്പെടുകയാണ്.. പിയക്ക് ആമിയുടെ വിഷമം കണ്ടിട്ട് എല്ലാം അവളോട്‌ പറയണം എന്നുണ്ടെങ്കിലും അഭി പറഞ്ഞിട്ടുള്ളതുകൊണ്ട് പറയാനും പറ്റാതെ ആകെ വിഷമത്തിൽ ആണ്…ദേ ആ പെണ്ണ് ആകെ വിഷമിച്ചിരിക്കുന്നുണ്ട് അവിടെ. എനിക്ക് പറ്റില്ല അവളുടെ ഈ സങ്കടം കാണാൻ… ഞാൻ അവളോട് എല്ലാം പറയാൻ പോവുകയാണ്… പിയ അഭിയുടെ അടുത്തെത്തി ഇത്തിരി ദേഷ്യത്തോടെ പറഞ്ഞു….

ഹാ… ദേഷ്യപ്പെടാതെ ഭാര്യേ… ഇന്നൊരു ദിവസം അല്ലേ… നാളെ രാവിലെ ഈ സങ്കടം എല്ലാം സന്തോഷത്തിലേക്ക് പരിണമിക്കില്ലേ.. അവിടെ ഒരുത്തൻ ആമിയുടെ മനസ്സ് അറിയാത്തതുകൊണ്ട് അവൾക്ക് ഈ കല്യാണത്തിന് പൂർണസമ്മതം ആവില്ലേ എന്നാലോചിച്ച് ടെൻഷൻ ആയി നടക്കുന്നുണ്ട്… രണ്ടുദിവസം ആയി എന്നെ ഒറ്റക്ക് ഒന്ന് കിട്ടാൻ അവൻ നോക്കി നടക്കുന്നു… അവന്റെ മുന്നിൽ എന്റെ അഭിനയം ഒന്നും നടക്കില്ല… ഉള്ളിൽ ഉള്ളതുമുഴുവൻ ചികഞ്ഞെടുക്കും.. അതാ അവന്റെ മുന്നിൽ പോയി ഞാൻ ചാടാത്തെ…. അഭി പിയയെ ചുറ്റിപ്പിടിച്ചുകൊണ്ട് കുസൃതിയോടെ പറഞ്ഞു…എല്ലാവരും പറയുന്നതുപോലെ അത്ര പാവം ഒന്നുമല്ല അല്ലേ ഈ ചെക്കൻ… അത്യാവശ്യം കുരുത്തക്കേടൊക്കെ ഉണ്ടല്ലേ കൈയിൽ…. പിയ അഭിയുടെ മൂക്കിൽ പിടിച്ചുവലിച്ചുകൊണ്ട് കുറുമ്പോടെ പറഞ്ഞു….

അഭി…. പെട്ടന്നാണ് വാതിലിൽ തട്ടിക്കൊണ്ടു സാവിത്രിയമ്മയുടെ വിളി വന്നത്…എന്താ അമ്മേ… അഭി വേഗം പിയയെ വിട്ട് വാതിൽ തുറന്നുകൊണ്ട് ചോദിച്ചു…ഞാൻ ജിത്തുവിനെയും നിധിയേയും അമ്മാവനെയും വിളിച്ച് സംസാരിച്ചു… നാളെ രാജീവൻ പോകുന്നതുകൊണ്ട് അവർ നന്ദിനിയുടെ വീട്ടിൽ ആണെന്ന്… അതുകൊണ്ട് അവർ ഉണ്ടാകില്ല എന്ന് പറഞ്ഞു.. നിധിയും മഹിയും രാവിലെ വരാം എന്നുപറഞ്ഞിട്ടുണ്ട്….ജിത്തു വല്ലതും തടസ്സം പറഞ്ഞിട്ടുണ്ടാവും അല്ലേ…. അഭി അവരെ പറഞ്ഞുമുഴുവനാക്കാൻ സമ്മതിക്കാതെ ചോദിച്ചു….
അതല്ലേ അതിശയം… അവൻ വരാം എന്ന് സമ്മതിച്ചു.. ആരാ ചെക്കൻ എന്ന് കേൾക്കുമ്പോൾ അവൻ ഇടയും എന്നാണ് ഞാൻ കരുതിയത്… അവനും വിച്ചുമോനും നേർക്കുനേർ കണ്ടുകൂടല്ലോ… പക്ഷേ അങ്ങനെ ഒരു പ്രശ്നവും അവൻ ഉണ്ടാക്കിയില്ല… നല്ല സഹകരണം ആയിരുന്നു….

ഏഹ്… അതെന്തുപറ്റി… അവൻ നന്നാകാൻ തീരുമാനിച്ചോ…. അഭിക്ക് കേട്ട കാര്യം വിശ്വസിക്കാൻ പറ്റിയില്ല. ജിത്തുവുമായി എന്തായാലും ഒരു അടി ഉണ്ടാകും ഇതിന്റെ പേരിൽ എന്ന് ഉറപ്പിച്ചിരിപ്പായിരുന്നു അഭി… അതുകൊണ്ടുതന്നെ അവൻ ഒരു പ്രശ്നവും ഉണ്ടാക്കിയില്ല എന്ന് കേട്ടത് അഭിക്ക് എന്തോ ദഹിക്കുന്നുണ്ടായില്ല…ആഹ്.. എന്തെങ്കിലും ആകട്ടെ.. ഒരു തല്ലൊഴിഞ്ഞു കിട്ടിയല്ലോ.. അവൻ ആശ്വസിച്ചു…

…………….
പിറ്റേന്ന് കരഞ്ഞുവീർത്ത മുഖത്തോടെ ആണ് ആമി ഉറക്കമുണർന്ന് പുറത്തേക്ക് വന്നത്… അവളുടെ മുഖം കണ്ടപ്പോൾ അഭിക്ക് ആകെ വിഷമമായി… ഇനിയും അവളെ വിഷമിക്കേണ്ട.. വിച്ചുവാണ് ഇന്ന് കാണാൻ വരുന്നതെന്ന് പറയാൻ പറഞ്ഞുള്ള പിയയുടെ പ്രഷറും കൂടിയായപ്പോൾ അഭി അവളോട്‌ പറയാം എന്ന് കരുതിയാണ് ഇറയത്തു ഇരിക്കുന്ന ആമിയുടെ അടുത്തേക്ക് പോയത്..മോളെ… അഭി അവളുടെ അടുത്തായി ഇരുന്നുകൊണ്ട് വിളിച്ചു…
ഏട്ടൻ വിഷമിക്കേണ്ട.. ഇനി ഞാൻ സങ്കടപ്പെടില്ല.. എന്റെ ഏട്ടൻ എനിക്കായി കണ്ടെത്തുന്നത് എപ്പോഴും ബെസ്റ്റ് ആയിരിക്കും എന്നെനിക്കറിയാം…അങ്ങനെ അല്ലേടാ.. ഇന്ന് വിച്ചു….വേണ്ട ഏട്ടാ.. ഇനി ആ പേര് നമ്മുടെ ഇടയിൽ പറയേണ്ട… ഞാൻ എല്ലാം മറക്കാൻ ശ്രമിക്കുകയാണ്…അഭിയെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ ആമി പറഞ്ഞു…

മോളെ.. ഞാൻ…വേണ്ട ഏട്ടാ… എനിക്ക് ഇനിയൊന്നും കേൾക്കേണ്ട… ആമി അതും പറഞ്ഞുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റ് പോയി… അഭി ഇതിപ്പോ ആകെ കുഴഞ്ഞല്ലോ എന്റെ ഭഗവാനെ എന്ന നിലയിൽ തലയിൽ കൈവച്ച് അവിടെ ഇരുന്നുപോയി…എല്ലാവരും ബ്രേക്ഫാസ്റ് എല്ലാം കഴിഞ്ഞ് ഇരിക്കുന്ന നേരത്താണ് ജിത്തുവും ആദിയും നിധിയും മഹിയും എല്ലാം എത്തിയത്… അഭി മഹിയോടും ആദിയോടും സംസാരിച്ചെങ്കിലും ജിത്തുവിനോടും നിധിയോടും കാര്യമായ സംസാരത്തിനൊന്നും നിന്നില്ല.. ആമിയും അങ്ങനെ തന്നെ.. രണ്ടുപേരും തങ്ങളെ കണ്ടിട്ടും കാണാത്തതുപോലെ നിൽക്കുന്നത് അവർക്ക് മനസിലാകുന്നുണ്ടായിരുന്നു…ജിത്തുവിന് അതിൽ ഭാവബേധം ഒന്നുമില്ലെങ്കിലും നിധിക്ക് അത് നല്ല വിഷമം ആയി.. അവൾക്ക് എല്ലാവരും ഒന്ന് അവളോട് ക്ഷമിച്ചാൽ മതിയെന്നേ ഉണ്ടായുള്ളൂ.

ആദിയും പിയയും നിധിയും കൂടി ആമിയെ റെഡി ആക്കാൻ കൊണ്ടുപോയി… ആ സമയത്താണ് പുറത്ത് മാധച്ഛനും കൂട്ടരും വന്ന ശബ്ദം ബാക്കി ഉള്ളവർ കേട്ടത്.. അഭിയും സാവിത്രിയമ്മയും വേഗം പുറത്തേക്ക് അവരെ സ്വീകരിക്കാനായി പോയി..
എന്നും കാണുന്നവരും അറിയുന്നവരും ആയതുകൊണ്ട് പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തലിന്റെയോ മറ്റോ കാര്യം ഉണ്ടായിരുന്നില്ല.. അവർ എല്ലാവരും ഒന്ന് സെറ്റ് ആയതും ആമിയെ വിളിക്കാം എന്ന് പറഞ്ഞു…
വിച്ചുവിന് വന്നുകയറിയപ്പോൾ മുതൽ വല്ലാത്ത പരവേശം ആയിരുന്നു. ആമിക്ക് തന്നെ ഇഷ്ടമാവുമോ എന്നൊരു ചോദ്യം അവന് സമാധാനം കൊടുക്കാതെ അവന്റെ ഉള്ളിൽ തെളിഞ്ഞുകൊണ്ടിരുന്നു… അതുപോരാതെ ഇങ്ങനെ ഒരു പെണ്ണുകാണൽ രീതിയിൽ ഇവിടെ വന്നിരിക്കേണ്ടി വന്നതിന്റെ ചമ്മലും… ആകെ അസ്വസ്ഥമായി അഭിയെ നോക്കിയപ്പോൾ അവൻ ചിരികടിച്ചുപിടിച്ചിരിക്കുന്നു.. അതുകൂടി കണ്ടതും വിച്ചുവിന് ചമ്മലും ദേഷ്യവും ഒരുപോലെ വന്നു.. അവൻ അഭിയെ നോക്കി കണ്ണുരുട്ടി.. ആ സമയത്താണ് മാധച്ഛൻ ആമിയെ വിളിക്കാം അല്ലേ ഇനി എന്ന് സാവിത്രിയമ്മയോട് ചോദിച്ചത്… അതുകേട്ടതും അതുവരെ അഭിയെ നോക്കിപേടിപ്പിച്ചിരുന്നവന്റെ മുഖത്ത് പിന്നേം ടെൻഷൻ കയറി…

വല്ലാത്ത പിരിമുറുക്കത്തോടെ ആണ് ആമി ചായയും ആയി ഹാളിലേക്ക് എത്തിയത്.. അവൾ ആരെയും ശ്രദ്ധിക്കാതെ ആദ്യം ഇരിക്കുന്ന ആൾക്ക് ചായ നീട്ടി…എനിക്കല്ല മോളെ ആദ്യം ദേ ഇവന് കൊടുക്ക്..മാധച്ഛൻ പറഞ്ഞു..നല്ല പരിചിതമായ ശബ്ദം കേട്ടപ്പോൾ ആണ് ആമി തല പൊക്കി നോക്കിയത്.. തല ഉയർത്തിയതും അവളുടെ കണ്ണുകൾ അവളെ തന്നെ നോക്കിയിരിക്കുന്ന വിച്ചുവിന്റെ കണ്ണുകളുമായി കൊരുത്തു… ആമിയുടെ കണ്ണുകൾ മിഴിഞ്ഞു. പിന്നെ അവൾ ഒരു സംശയത്തോടെ ചുറ്റും നോക്കി..
അവിടെ ഇരിക്കുന്ന മാധച്ഛനേം ലളിതാമ്മയെയും കൂടി കണ്ടതും അവൾ പകച്ചു.. അവൾ അഭിയെ നോക്കിയപ്പോൾ അഭി ഒരു ചിരിയോടെ കണ്ണടച്ചുകാട്ടി.. അവൾ വേഗം ചായ എല്ലാവർക്കും നൽകി മാറിനിന്നു.. പിന്നെ ഒരിക്കൽ പോലും അവൾ വിച്ചുവിന്റെ മുഖത്തേക്ക് നോക്കിയില്ല. അത് അവന് ആകെ സങ്കടമായി.. ആമിക്ക് ഈ ബന്ധത്തിൽ താൽപ്പര്യം ഇല്ല എന്നാണ് അവൻ കരുതിയത്..

എന്നാൽ ആമിയുടെ ഉള്ളിൽ അവൾക്ക് വേണ്ടി അഭി വിച്ചുവിനെ നിർബന്ധിച്ചിട്ടുണ്ടാകും എന്നാണ് കരുതിയത്. അഭി പറഞ്ഞാൽ വിച്ചു എന്തും ചെയ്യും എന്ന് ആമിക്ക് അറിയാം.. അതിപ്പോ ഒരാളെ കൊല്ലാൻ ആണെങ്കിൽ വരെ അപ്പൊ പിന്നെ ഇങ്ങനെ ഒരു കാര്യം അഭി പറഞ്ഞാൽ താൽപ്പര്യം ഇല്ലെങ്കിലും വിച്ചു അതിന് സമ്മതിക്കും എന്ന് അവൾക്കറിയാം.. അവൾക്ക് ആകെ സങ്കടം തോന്നി.. അവളുടെ കണ്ണുകൾ നിറഞ്ഞു.. ആമിയുടെ മുഖത്ത് തന്നെ ആയിരുന്ന വിച്ചുവിന്റെ കണ്ണുകൾ അവളുടെ കണ്ണുനീർ കണ്ടു.. അതോടെ അവൻ ഉറപ്പിച്ചു അവൾക്ക് ഈ ബന്ധം ഇഷ്ടമില്ല എന്ന്… അവന് ഹൃദയം നുറുങ്ങുന്ന വേദന തോന്നി… അവന്റെ കണ്ണുകളും കലങ്ങി…
ചെക്കനും പെണ്ണിനും പരസ്പരം അറിയുന്നത് ആണെങ്കിലും ഒന്ന് ഒറ്റക്ക് സംസാരിക്കണ്ടേ… മഹി ഒരു ചിരിയോടെ ചോദിച്ചു…

അതൊന്നും വേണ്ടാ എന്ന് പറയാൻ ആണ് വിച്ചുവിന് ആദ്യം തോന്നിയത്. പിന്നെ അവളുടെ മനസ്സറിയാതെ ഇങ്ങനെ ഒരു പ്രൊപോസൽ കൊണ്ട് വന്നതിന് അവളോട്‌ ഒരു ക്ഷമ പറയാം എന്ന് കരുതി അവൻ അതിന് സമ്മതിച്ചു..അങ്ങനെ രണ്ടാളും സംസാരിക്കാനായി ഗാർഡനിലേക്ക് ഇറങ്ങി.. എന്ത് പറഞ്ഞു തുടങ്ങണം എന്ന് രണ്ടാൾക്കും ഒരു പിടി ഉണ്ടായില്ല.. കുറച്ചുനേരം കഴിഞ്ഞിട്ടും ആമി ഒന്നും മിണ്ടാതെ ആയപ്പോൾ വിച്ചു എന്തോ പറയാനായി തുടങ്ങിയ സമയത്താണ് ആമി അവനെ വിളിച്ചത്. അതോടെ അവൻ അവൾ എന്താണ് പറയുന്നത് എന്ന് ശ്രദ്ധിച്ചു…വിച്ചുവേട്ടാ.. എനിക്ക് അറിയാം ഏട്ടന് ഈ ബന്ധം വലിയ താൽപ്പര്യം ഉണ്ടാവില്ല എന്ന്.. വല്യേട്ടൻ പറഞ്ഞത് കൊണ്ടാകും ഇങ്ങനെ ഒരു പ്രൊപോസലുമായി വന്നത്.. വിച്ചുവേട്ടൻ വല്യേട്ടനെ നോക്കേണ്ട ഈ പ്രൊപോസലിന് നോ പറഞ്ഞോ…. എന്റെ ഉള്ളിലെ ഇഷ്ടം അറിഞ്ഞതുകൊണ്ടാകും ഏട്ടൻ വിച്ചുവേട്ടനോട് ഇങ്ങനെ ഒരു…

എന്താ…. ആമിയെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ വിച്ചു ഞെട്ടലോടെ എന്നാൽ കുറച്ച് ഉച്ചത്തിൽ ചോദിച്ചു…വിച്ചുവിന്റെ ഉറക്കെ ഉള്ള ചോദ്യം കേട്ടതും അതുവരെ തല കുനിച്ചു നിന്ന് സംസാരിച്ചിരുന്ന ആമി ഒരു ഞെട്ടലോടെ തല പൊക്കി നോക്കി..എന്താ.. എന്താ ആമി നീ പറഞ്ഞത്… വിച്ചു ഒരു വെപ്രാളത്തോടെ ചോദിച്ചു..
എന്ത്… അവന്റെ വെപ്രാളവും പരവേശവും കണ്ട് അവനെ മിഴിച്ചു നോക്കികൊണ്ട്‌ അവൾ ചോദിച്ചു…
നീ എന്താ ഇപ്പൊ ലാസ്റ്റ് പറഞ്ഞത്.. നിന്റെ ഉള്ളിലെ ഇഷ്ടം എന്നോ മറ്റോ… ഒന്ന് ആഞ്ഞു ശ്വാസം വലിച്ചുവിട്ടുകൊണ്ട് വിച്ചു ആമിയോട് സമാധാനത്തിൽ ചോദിച്ചു…അപ്പൊ എനിക്ക് വിച്ചുവേട്ടനോടുള്ള ഇഷ്ടം അറിഞ്ഞിട്ടല്ലേ ഈ പ്രൊപോസലുമായി നിങ്ങൾ വന്നത്… അവളും മിഴിഞ്ഞ കണ്ണോടെ ചോദിച്ചു..

ആമി പറയുന്നത് കേട്ടതും വിച്ചുവിന് എന്ത് ചെയ്യണം എന്ന് അറിയാതെ ആയി. അവന് ചിരിയും കരച്ചിലും ഒരുപോലെ വന്നു… ഇത്തിരി നേരത്തെ ആമിക്ക് ഈ ബന്ധത്തിൽ താല്പര്യമില്ല എന്ന് കരുതി ഹൃദയം തകർന്നത് അവൻ ആലോചിച്ചു അവിടെ ആണ് ഇപ്പൊ അവൾക്ക് അവനെ ഇഷ്ടമാണെന്ന കാര്യം കേട്ടത്.. അവന് ഒന്ന് ഉറക്കെ ഓളിയിടാൻ ഒക്കെ തോന്നി.. വിച്ചുവിന്റെ മുഖത്ത് തെളിയുന്ന പലപല ഭാവങ്ങളിലേക്ക് ഒന്നും മനസിലാകാതെ നോക്കുകയായിരുന്നു ആമി.. ഇത്തിരി നേരത്തെ സന്തോഷപ്രകടനങ്ങൾക്ക് ശേഷം ആണ് തന്നെ നോക്കി നിൽക്കുന്ന ആമിയെ കുറിച്ച് വിച്ചു ചിന്തിച്ചത്.. അവൻ തന്റെ സന്തോഷം ഉള്ളിൽ അടക്കികൊണ്ട് ആമിയെ നോക്കി…ആമി.. അഭി പറഞ്ഞതുകൊണ്ടല്ല ഞാൻ ഈ പ്രൊപോസലുമായി വന്നത് എനിക്ക് തന്നെ ഇഷ്ടമായതുകൊണ്ടാണ്.. ഞാൻ ആണ് അഭിയോട് ഇങ്ങനെ ഒരു കാര്യം സംസാരിച്ചത്… വിച്ചു സാവകാശത്തോടെ പറഞ്ഞു..

ഇപ്പൊ മിഴിഞ്ഞത് ആമിയുടെ കണ്ണുകൾ ആണ്… അപ്പോഴാണ് വിച്ചുവിന് ഒരു കാര്യം ഓർമ വന്നത്…
അല്ല നിനക്ക് എന്നോട് ഇങ്ങനെ ഒരിഷ്ടം ഉള്ള കാര്യം അഭിക്ക് നേരത്തേ അറിയാമോ… വിച്ചു ചോദിച്ചു….ആ… ആമി കേട്ടകാര്യത്തിന്റെ പകപ്പ് മാറാത്തതുകൊണ്ട് തന്നെ ഒരു തലയാട്ടലിൽ ഒതുക്കി…പ********** എന്നോട് ഇന്നത്തെ വരെ പറഞ്ഞില്ല ഈ കാര്യം… അത് പറഞ്ഞതിന് ശേഷം ആണ് വിച്ചു ആമി അവിടെ നിൽക്കുന്ന കാര്യം ആലോചിച്ചത്… ആമി ആദ്യം വിച്ചു പറഞ്ഞത് കേട്ട് പകച്ചെങ്കിലും പിന്നെ അത് തന്റെ വല്യേട്ടനെ ആണ് വിളിച്ചത് എന്നാലോചിച്ചപ്പോൾ അവളുടെ കണ്ണ് കൂർത്തു..അവൾ അവനെ നോക്കി കണ്ണുരുട്ടി…
ഹീ… അതുപിന്നെ അറിയാതെ… വിച്ചു ഇളിഞ്ഞ ചിരിയോടെ പറഞ്ഞു…ആമി അതിന് എന്തോ പറയാൻ പോയ നേരത്താണ് അവരെ ഉള്ളിലേക്ക് വിളിക്കാൻ പിയ വന്നത്… അതോടെ അവനെ ഒന്നുകൂടി കണ്ണുരുട്ടുകാട്ടികൊണ്ട് ആമി വെട്ടിതിരിഞ്ഞു ഉള്ളിലേക്ക് പോയി…ഓഹ്… തൊലഞ്ഞു… ഇതിപ്പോ കെട്ടിന് മുൻപേ ഡിവോഴ്സ് നടക്കുമല്ലോ… വിച്ചു തലയിൽ കൈവച്ച് പറഞ്ഞുകൊണ്ട് അവരുടെ പിന്നാലെ ഉള്ളിലേക്ക് നടന്നു. അപ്പോഴും ഉള്ളാലെ അഭിയെ നന്നായി ഒന്ന് സ്മരിക്കാൻ അവൻ മറന്നില്ല…

തുടരും….