രചന : കണ്ണൻ്റെ മാത്രം
ദിവസങ്ങൾ കടന്നുപോയി… അഭി വളരെ തിരക്കുള്ള ഒരു വകീൽ ആയി മാറി… പിയയും അവളുടെ പ്രൊഫഷണിൽ തിരക്കുകളിൽ ആണ്.. എങ്കിലും രണ്ടുപേരും ഒഴിവ് കിട്ടുന്ന മാക്സിമം സമയം ഒന്നിച്ചും കുടുംബത്തോടൊപ്പവും ചിലവഴിക്കാൻ ശ്രദ്ധിച്ചിരുന്നു. ഇതിനിടയിൽ കശ്യപിന്റെ കേസിന്റെ വിസ്താരം വന്നെങ്കിലും അത് പിന്നെയും നീട്ടിവച്ചു.. രണ്ടു ദിവസം കൂടി കഴിഞ്ഞാൽ നവിയുടെയും കാത്തുവിന്റെയും വിവാഹം ആണ്…കാത്തുവിനെ അഭി പെങ്ങൾ ആയി ഏറ്റെടുത്ത സ്ഥിതിക്ക് ഇന്ന് വൈകീട്ട് തന്നെ എല്ലാവരും കൂടി അങ്ങോട്ട് എത്തണം എന്ന വാശിയിൽ ആണ് കാത്തു… സാവിത്രിയമ്മയും ആമിയും കല്യാണത്തിന്റെ അന്ന് വരാമെന്ന് പറഞ്ഞെങ്കിലും കാത്തുവും നവിയും ഒരുപോലെ വാശിപ്പിടിച്ചപ്പോൾ അവർ ഇന്ന് പോകാം എന്ന് സമ്മതിച്ചു…
പിയമോളെ… സാവിത്രിയമ്മ വിളിച്ചതും പോകാനുള്ള പാക്കിങ്ങിൽ ആയിരുന്ന പിയ അവരെ തിരിഞ്ഞു നോക്കി…എന്താ അമ്മേ…അവൻ എപ്പോഴാ എത്തുന്നത്… അത്താഴം കഴിഞ്ഞിട്ടാണോ നമ്മൾ ഇറങ്ങുന്നത്….ഏയ്യ്.. അത്താഴം അവിടെ അപ്പ ഒരുക്കുന്നുണ്ട് അമ്മേ… നന്ദൻ ഒരു 6 മണി ഒക്കെ ആവുമ്പോഴേക്കും എത്താം എന്നാണ് പറഞ്ഞത്…ആണോ… എങ്കിൽ ഞാൻ അടുക്കള ഒന്ന് ഒതുക്കട്ടെ.. ഇനിയിപ്പോ രണ്ടുമൂന്നു ദിവസം കഴിഞ്ഞിട്ടല്ലേ തിരികെ വരികയുള്ളൂ… അവർ അവളോട് അതും പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി… പിയ പിന്നെയും ബാഗ് ഒതുക്കാനും മറ്റും നിന്നു…
6 മണി കഴിഞ്ഞിട്ടും അഭിയെ കാണാതായപ്പോൾ പിയ ഫോൺ എടുത്ത് അവനെ വിളിച്ചു… അവിടെ നിന്ന് കിട്ടിയ സ്വിച്ച് ഓഫ് എന്ന മറുപടി അവളെ ചൊടുപ്പിച്ചു… അവൾ ദേഷ്യത്തോടെ ഫോൺ വച്ചു….7.30യോട് അടുത്തു അഭി വീട്ടിലേക്ക് എത്താൻ… അപ്പോഴേക്കും പിയയുടെ മുഖം ബലൂൺ പോലെ വീർത്തിരുന്നു… അഭി വന്ന് കയറുമ്പോൾ തന്നെ കാണുന്നത് ദേഷ്യപ്പെട്ട് മുഖവും വീർപ്പിച്ചിരിക്കുന്ന അവന്റെ ശ്രീയെ ആണ്…
എന്താണ് എന്റെ ഭാര്യയുടെ മുഖത്ത് കടന്നല് കുത്തിയോ… അഭി ഒരു ചിരിയോടെ അവളുടെ കവിളിൽ ഒന്ന് പിടിച്ചു വലിച്ചുകൊണ്ട് ചോദിച്ചു…
ദേ.. നന്ദൻ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ… പിയ അവന്റെ കൈ തട്ടിമാറ്റികൊണ്ട് പറഞ്ഞു…ഹാ.. ക്ഷമിക്കെടോ ഭാര്യേ… ഇറങ്ങാൻ നേരത്താണ് ഒരു ക്ലയന്റ് വന്നത്… അവർ ഒന്ന് പോയി കിട്ടേണ്ടേ… അതല്ലേ വൈകിയത്… അവർ പോയ നിമിഷം തന്നെ ഞാൻ ഇറങ്ങി… ഒരു അഞ്ചുമിനിറ്റ് ഞാനൊന്ന് ഫ്രഷ് ആയിട്ട് നമുക്ക് ഇപ്പൊ ഇറങ്ങാം…
നന്ദന്റെ ഫോൺ എവിടെയാ.. പിയ ഗൗരവത്തോടെ ചോദിച്ചു…ദേ.. എന്റെ കയ്യിൽ ഉണ്ടല്ലോ… എന്നും പറഞ്ഞ് അവൻ അത് പുറത്തേക്ക് എടുത്തപ്പോൾ ആണ് അത് സ്വിച്ച് ഓഫ് ആയി പോയ വിവരം അവൻ അറിയുന്നത്… അവൻ ഒരു ഇളിഞ്ഞ ചിരിയോടെ പിയയെ നോക്കികൊണ്ട് പറഞ്ഞു…
സ്വിച്ച് ഓഫ് ആയത് ഞാൻ അറിഞ്ഞില്ല…നമ്മൾക്ക് പോകാൻ വൈകും എന്നതുകൊണ്ടല്ല എനിക്ക് ദേഷ്യം വന്നത്.. ഫോണിൽ വിളിച്ചിട്ട് കിട്ടാതെ ആയപ്പോൾ ഞാൻ എത്ര മാത്രം ടെൻഷൻ അടിച്ചു എന്നറിയാമോ… ആവശ്യമില്ലാത്ത കാര്യങ്ങളെ ആ നേരത്ത് ചിന്ത പോവുകയുള്ളൂ… അല്ലാതെ നമ്മൾ പോകാൻ ഇത്തിരി… മ്മ്.. മ്മ്..
അഭി അവളെ പറഞ്ഞു മുഴുവനാക്കാൻ സമ്മതിക്കാതെ അവളുടെ ചുണ്ടുകൾ കവർന്നിരുന്നു… പിയ ആദ്യത്തെ ഞെട്ടലിൽ കണ്ണുകൾ മിഴിഞ്ഞെങ്കിലും പിന്നീട് അത് കൂമ്പി അടഞ്ഞു… സെക്കന്റുകൾക്ക് അകം അവളും അവനെ തിരികെ ചുംബിച്ചു തുടങ്ങി… ശ്വാസം തടസ്സമായി വന്നപ്പോൾ അവൻ അവളുടെ ചുണ്ടുകളെ പതിയെ മോചിപ്പിച്ചുകൊണ്ട് നെറ്റി അവളുടെ നെറ്റിയിൽ മുട്ടിച്ചുനിന്നു കൊണ്ട് കിതച്ചു.. പിയയും അവളുടെ കിതപ്പു മാറ്റാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു..
എന്തായിരുന്നു ഇത്… കിതപ്പൊന്ന് അടങ്ങിയതും അവനെ തന്നിൽ നിന്ന് തള്ളിനീക്കികൊണ്ട് അവൾ ചോദിച്ചു…ഒന്നുല്ല്യ എന്റെ മെചോർഡ് വൈഫ് ഇങ്ങനെ തനി ടിപ്പിക്കൽ ഭാര്യമാരെ പോലെ പെരുമാറുന്നത് കണ്ടപ്പോൾ എനിക്ക് കൊതിയായി.. ഇതുപോലെ വളരെ റയർ ആയിട്ടല്ലേ കാണാറുള്ളൂ… അഭി ഒരു കുസൃതി ചിരിയോടെ പറഞ്ഞു…ദേ നന്ദൻ.. എനിക്ക് ദേഷ്യം വരുന്നുണ്ട് ട്ടോ… അഭിയുടെ സംസാരം കേട്ട് ചിരിയും നാണവും ഒക്കെ വന്നെങ്കിലും അത് പുറമേ കാട്ടാതെ പിയ പറഞ്ഞു..
ഞാൻ എത്രയും പെട്ടന്ന് ഇവിടെ എത്താനുള്ള തിക്കുംതിരക്കിനും ഇടയിൽ ഫോൺ നോക്കാൻ വിട്ടുപോയെടോ… എന്റെ ശ്രീ ഈ ഒരു പ്രാവശ്യത്തേക്ക് ക്ഷമിക്ക്.. ഇനി ഇങ്ങനെ ഉണ്ടാവാതെ നോക്കാം ട്ടോ.. അവൻ വീണ്ടും അവളെ ചുറ്റിപ്പിടിച്ചുകൊണ്ട് പറഞ്ഞു..മ്മ്… അവൾ ഒന്ന് മൂളി…ഞാനേ പെട്ടന്ന് ഒന്ന് ഫ്രഷ് ആയിട്ട് വരാം.. എന്നിട്ട് നമുക്ക് വേഗം ഇറങ്ങാം.. അവൻ അതും പറഞ്ഞുകൊണ്ട് അവളെ വിട്ടുമാറി.. ഡ്രസ്സ് മാറാൻ തുടങ്ങി…ചായ എടുക്കട്ടെ ഞാൻ.. പിയ അവനോട് ചോദിച്ചു…ഏയ്യ് വേണ്ടടോ.. ഞാൻ കുടിച്ചു.. താൻ അമ്മയോടും ആമിയോടും റെഡി ആകാൻ പറ.. നമുക്കൊരു പത്തുമിനിട്ടിൽ ഇറങ്ങാം…മ്മ്… പിയ അതിനൊന്ന് മൂളിക്കൊണ്ട് ആമിയുടെയും സാവിത്രിയമ്മയുടെയും അടുത്തേക്ക് പോയി.. അഭി കളിക്കാനുള്ള ഡ്രെസ്സും എടുത്ത് ബാത്‌റൂമിലേക്കും കയറി…
………………..
ആഷി… ബാൽക്കണിയിൽ പുറത്തേക്കും കണ്ണും നട്ട് നിൽക്കുന്ന കാത്തുവിനെ നവി വിളിച്ചു…എന്താ നവിയേട്ടാ… അവൾ അവന് നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു…നിനക്ക് പൂർണ്ണ സമ്മതം അല്ലേ ഈ വിവാഹത്തിന്..കാത്തു അവനെ സൂക്ഷിച്ചു നോക്കി…അറിയാം.. ഇത് ഞാൻ ഇപ്പൊ ചോദിക്കേണ്ട ചോദ്യം ആയിരുന്നില്ല മുന്നേ ചോദിക്കണമായിരുന്നു എന്ന്… പക്ഷേ ഇപ്പൊ കുറച്ചുനാളായി ഓഫീസിൽ വല്ലാത്തൊരു തിരക്കായിരുന്നു സമയം കിട്ടിയിരുന്നില്ല ഒന്നിനും… നവി ഒരു ചമ്മലോടെ എന്നാൽ ഗൗരവത്തിൽ പറഞ്ഞു…ഞാൻ സമ്മതമല്ല എന്ന് പറഞ്ഞാൽ… കാത്തു ചോദിച്ചു…
ഈ കല്യാണം നടക്കില്ല.. നിന്റെ പൂർണസമ്മതം ഇല്ലാതെ ഒരിക്കലും ഞാൻ നിന്നെ അതിന് നിർബന്ധിക്കില്ല…. ഇപ്പൊ ഈ നിമിഷം നീ എതിർപ്പ് പറഞ്ഞാൽ അപ്പൊ ഞാൻ ഒഴിവാക്കും ഈ കല്യാണം.. നിന്റെ സന്തോഷം ആണ് എനിക്ക് എന്തിലും വലുത്… നവി അവളുടെ കണ്ണിൽ നോക്കി ഗൗരവത്തോടെ പറഞ്ഞു…എന്റെ പൂർണസമ്മതത്തോടെ തന്നെ ആണ് ഇപ്പൊ ഈ കല്യാണം നടക്കുന്നത്.. ഈ ഭൂമിയിൽ എന്റെ സ്വന്തം എന്ന് പറയാൻ ആരെങ്കിലും ഒക്കെ വേണ്ടേ.. അല്ലെങ്കിൽ തീർത്തും അനാഥ ആയിപ്പോകില്ലേ ഞാൻ… കാത്തു അവനിൽ നിന്ന് തിരിഞ്ഞ് പുറത്തേക്ക് നോക്കികൊണ്ട് പറഞ്ഞു….
ആഷി.. എന്നെ നോക്ക്.. നവി അവളെ തനിക്ക് നേരെ തിരിച്ചുകൊണ്ട് പറഞ്ഞു…ആഷി… ഇത്രയും പേര് നിന്നെ ചുറ്റും നിന്ന് സ്നേഹിച്ചിട്ടും നിനക്ക് നീ അനാഥ ആയിട്ടാണോ തോന്നുന്നത്… ശരിയാണ് നിന്റെ രക്തബന്ധങ്ങൾ ഇപ്പൊ ഈ ഭൂമിയിൽ ഇല്ല.. പക്ഷേ രക്തബന്ധങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഒരാൾ സനാഥ ആവൂ എന്നുണ്ടോ.. സ്നേഹബന്ധങ്ങൾക്ക് എന്താ ഒരു വിലയും ഇല്ലേ…അങ്ങനെ അല്ല നവിയേട്ടാ… എന്റെ എന്ന് പറഞ്ഞ് എനിക്ക് അടക്കിപ്പിടിക്കാൻ ആരും ഇല്ലല്ലോ….ഞാൻ ഇല്ലേ… ഞാൻ എന്നും നിന്റെ മാത്രം അല്ലേ ആവൂ… പിന്നെ ഇവിടെ ഉള്ള എല്ലാവരും നിന്റെയും കൂടി ആണ്… അമ്മാവന് നീ മകൾ തന്നെ ആണ്… അച്ഛനും അമ്മക്കും നീ മരുമകൾ അല്ല മകൾ തന്നെ ആണ്… പിയക്കും അഭിക്കും രുദ്രേട്ടനും നീ അവരുടെ കൂടെപ്പിറപ്പിന് തുല്യം ആണ്… പിന്നെ എങ്ങനെ നീ അനാഥ ആവും….
അതൊക്കെ അറിയാം നവിയേട്ടാ… എന്നാലും എന്റെ കാശിയേട്ടനും ഏട്ടത്തിയും… അതാണ് എനിക്ക് സഹിക്കാൻ പറ്റാത്തത്…. അവർ ഇപ്പൊ ഉണ്ടായിരുന്നെങ്കിൽ എത്രമാത്രം സന്തോഷിക്കുമായിരുന്നു… അത് പറയുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…കരയല്ലേ പെണ്ണേ… ഓരോവട്ടവും നിന്റെ നിറഞ്ഞകണ്ണുകൾ കാണുമ്പോൾ എന്റെ ചങ്ക് തകരുകയാണ്… അവൻ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു…. അവളും അവനെ പുണർന്നുകൊണ്ട് കരഞ്ഞു… അവളുടെ നഷ്ടങ്ങൾ വലുതാണ്… എത്ര കരയരുത് എന്ന് പറഞ്ഞാലും അവന് തന്നെ അറിയാം അവൾക്ക് കണ്ണീരോടെ അല്ലാതെ അവളുടെ ഏട്ടനെയും ഏട്ടത്തിയെയും കുറിച്ച് ചിന്തിക്കാൻ കഴിയില്ല എന്ന്… അവൻ ഒന്നും മിണ്ടാതെ അവളെ ചേർത്തുപ്പിടിച്ചു തഴുകികൊണ്ടേ ഇരുന്നു….
………………..
എന്താ മോനേ വൈകിയത് നീ എത്താൻ… ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങിയ അഭിയെ കണ്ടതും സാവിത്രിയമ്മ ചോദിച്ചു…ഇറങ്ങാൻ നേരം ഒന്ന് രണ്ടുപേര് കാണാൻ വന്നു അമ്മേ.. അതാ… എങ്കിൽ നമുക്ക് ഇറങ്ങാൻ നോക്കിയാലോ… അവൻ ചോദിച്ചു…വല്യേട്ടാ… ദേ വിച്ചുവേട്ടൻ വന്നിരിക്കുന്നു ഏട്ടനെ കാണാൻ… ആമി അവനോട് പുറത്ത് നിന്ന് വിളിച്ചു പറഞ്ഞു…എങ്കിൽ നിങ്ങൾ ലഗേജ് ഒക്കെ എടുത്ത് വെക്ക്.. ഞാൻ അവനോട് ഒന്ന് സംസാരിച്ചിട്ട് നമുക്ക് ഇറങ്ങാം.. നവിയുടെയും അച്ഛന്റെയും വിളി വന്നു എപ്പോഴാ എത്തുക എന്നും ചോദിച്ചിട്ട്… അഭി പിയയേയും സാവിത്രിയമ്മയെയും നോക്കി അതും പറഞ്ഞുകൊണ്ട് പുറത്തേക്ക് പോയി…
നിന്നോട് ഞാൻ പറഞ്ഞിട്ടില്ലെടാ ഇവിടെ ഇങ്ങനെ കയറി ഇറങ്ങരുത് എന്ന്…. പുറംതിരിഞ്ഞു നിൽക്കുന്ന വിച്ചുവിന്റെ പുറത്തിട്ട് ഒന്ന് കൊടുത്തുകൊണ്ട് അഭി കള്ള ദേഷ്യത്തോടെ പറഞ്ഞു…അഭി…. തന്റെ പേരും വിളിച്ചു തിരിഞ്ഞ വിച്ചുവിന്റെ മുഖത്തെ ഗൗരവം കണ്ടതും അഭിയുടെ പുരികം ചുളിഞ്ഞു…എന്താടാ… എന്തെങ്കിലും പ്രശ്നം ഉണ്ടോ….അഭി ഇന്ന് ചായകുടിക്കാൻ കയറിയപ്പോൾ എന്നോട് ചായക്കടയിലെ കണാരേട്ടൻ ഒരു കാര്യം പറഞ്ഞു…
എന്ത് കാര്യം….ഇവിടെ ഒന്നും കണ്ടുപരിചയം ഇല്ലാത്ത മൂന്നാലുപേർ നിന്നെക്കുറിച്ച് ആളോട് അന്വേഷിച്ചിരുന്നു എന്ന്.. നിന്റെ റുട്ടീൻ ഒക്കെ എങ്ങനെയാ എന്ന രീതിയിൽ ഒക്കെ ചോദിച്ചത്രേ… വീട്ടുകാരെ കുറിച്ചും അന്വേഷിച്ചത്രേ…ചേട്ടൻ ഒന്നും പറഞ്ഞില്ല അവരോട്… പക്ഷേ അവരെ കണ്ടാൽ അത്ര ശരിയല്ലാത്ത പോലെ ആണ് തോന്നിയത് എന്നാണ് ചേട്ടൻ പറഞ്ഞത്…എനിക്ക് അറിയില്ലെടാ… ആരായിരിക്കും അത്… അഭിയും ടെൻഷനോടെ ചോദിച്ചു…ആരായാലും അവർ നല്ലതിനല്ല വന്നിട്ടുള്ളത്… നീ സൂക്ഷിക്കണം…
മ്മ്… എനിക്ക് എന്റെ കാര്യം ആലോചിച്ച് ടെൻഷൻ ഒന്നുമില്ലെടാ.. വീട്ടുകാരെക്കുറിച്ചൊക്കെ ചോദിച്ചു എന്ന് കേട്ടപ്പോൾ ഒരു ടെൻഷൻ…. അഭി പറഞ്ഞു…എന്തായാലും ഒരു ശ്രദ്ധ ഉണ്ടായിക്കോട്ടെ… പിയയോടും പറഞ്ഞോ… വിച്ചു പറഞ്ഞു…മ്മ്.. അഭി ആലോചനയോടെ മൂളി…
എങ്കിൽ നിങ്ങൾ ഇറങ്ങാൻ നോക്കിക്കോ… ഇപ്പോഴേ 8 മണി ആകാറായി…. നാളെ വൈകീട്ട് കാണാം… നവി നാളെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്…വിച്ചു പറഞ്ഞു..
ആ.. എന്നോട് നവി പറഞ്ഞു… രുദ്രേട്ടനും ഉണ്ടാകും എന്നാ പറഞ്ഞത്…എങ്കിൽ ശരിയെടാ… ഞാൻ പോട്ടെ.. ഞാൻ ഇത് അറിഞ്ഞപ്പോൾ നിന്നോട് ഒന്ന് പറയാം എന്ന് കരുതി വന്നതാണ്…വിച്ചു അഭിയോട് യാത്രപറഞ്ഞു പോയി.. അഭിയും ചിന്താഭാരത്തോടെ ഉള്ളിലേക്ക് പോയി… രണ്ടുമിറ്റിനുള്ളിൽ അവർ പിയയുടെ വീട്ടിലേക്ക് പുറപ്പെട്ടു…എന്താ ഈ വഴി.. നന്ദൻ… കാർ ഇടവഴിയിലേക്ക് തിരിച്ചതും പിയ ചോദിച്ചു…
അവിടെ റോഡ് പണി നടക്കുന്നുണ്ട് ശ്രീ.. റോഡ് ബ്ലോക്ക് ആണ്… അഭി അവളോട് പറഞ്ഞു…
ആ വഴിയിലൂടെ കുറച്ചങ്ങോട്ട് പോയതും ഒരു ഒഴിഞ്ഞ ഭാഗം എത്തിയതും അവരുടെ പിന്നിലായി ഉണ്ടായിരുന്ന വണ്ടി അവരെ കടന്ന് അവരുടെ കാറിന്റെ മുന്നിലായി നിർത്തി… അഭി പെട്ടന്ന് ബ്രേക്ക് പിടിച്ചതുകൊണ്ട് വണ്ടി എവിടെയും ഇടിച്ചില്ല… എല്ലാവരും എന്താ എന്ന് മനസിലാകാതെ മുന്നിലേക്ക് നോക്കി…നിഷങ്ങൾക്കകം മുന്നിലെ വണ്ടിയിൽ നിന്ന് നാല് ഗുണ്ടകളെ പോലെ തോന്നിക്കുന്നവർ ഇറങ്ങി… അഭിയും പിയയും സംശയത്തോടെ അവരെ നോക്കിയപ്പോൾ സാവിത്രിയമ്മയും ആമിയും പേടിയോടെ നോക്കി..
ആ സമയത്താണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അഭിയുടെ ഫോൺ ബെല്ലടിച്ചത്… അതിലേക്ക് നോക്കിയ അവന്റെ കണ്ണുകൾ ഒന്ന് ചുരുങ്ങി…
തുടരും….

by