19/04/2026

ശ്രീനന്ദനം : ഭാഗം 43

രചന  –  കണ്ണന്റെ മാത്രം

ഒരിക്കൽ ഞാൻ നെഫ്രോ വിഭാഗത്തിൽ നടന്നിട്ടുള്ള സർജറികളുടെ ഡീറ്റെയിൽസ് കളക്ട് ചെയ്ത് വരുന്ന വഴിക്ക് വിനായകൻ സാറുമായി കൂട്ടി ഇടിച്ചിരുന്നു. അന്ന് എന്റെ കൈയിൽ ഉള്ള ഫയൽ താഴെ വീണത് അയാൾ ആണ് എടുത്ത് തന്നത്.. പക്ഷേ അദ്ദേഹം ആ ഫയൽസ് ചുമ്മാ ഒന്ന് മറിച്ചു നോക്കി തിരികെ തരികയാണ് ചെയ്യ്തത്.. എന്നോട് ഒന്നും പറഞ്ഞുംകൂടി ഇല്ല..

മ്മ്.. ഈ വിനായകൻ ഡോക്ടർ അല്ലേ സ്കറിയ ഡോക്ടറുടെ പേഷ്യൻസിനെ മുഴുവൻ നോക്കുന്നത്.. രുദ്രൻ ആഗ്നസ് സിസ്റ്ററിനോട് ചോദിച്ചു..

അതേ… സാറും ഇല്ലാതിരുന്നത് കൊണ്ടാണ് അന്ന് ആ കുട്ടി മിത്രമോളുടെ അടുത്തേക്ക് വന്നത്…

ആ ഫയലിൽ എന്തായിരുന്നു…

ചാരിറ്റിയുടെ കീഴിൽ നടന്നിട്ടുള്ള സർജറികൾ ആയിരുന്നു. പക്ഷേ അന്ന് സാർ അതിനെ കുറിച്ച് ഒന്നും ചോദിക്കാത്തത് കൊണ്ട് ഞാനും അത് വിട്ടിരുന്നു. പക്ഷേ ഇപ്പൊ ആലോചിക്കുമ്പോൾ തോന്നുന്നു അന്ന് ആൾക്ക് എന്തെങ്കിലും സംശയം തോന്നിയിട്ടുണ്ടാവണം… ആഗ്നസ് സിസ്റ്റർ ചിന്തയോടെ പറഞ്ഞു…

മ്മ്.. അന്ന് മിത്രയും കാശിയും മരണപ്പെടുന്ന അന്ന് എന്താ സംഭവിച്ചത്…

അന്ന് ഞാൻ ഡ്യൂട്ടിക്ക് കയറി കുറച്ച് കഴിഞ്ഞപ്പോൾ ആണ് മിത്രമോളും ആ സാറും കൂടി ഗൈനക് വിഭാഗത്തിലേക്ക് കയറി പോകുന്നത് കണ്ടത്.. ഞാൻ അവരുടെ പിന്നാലെ പോകാൻ നിന്നപ്പോൾ ആണ് എന്റെ ഫോൺ ബെല്ലടിക്കുന്നത്.. ആദ്യം ഫോൺ എടുത്തപ്പോൾ ഒന്നും കേൾക്കുന്നുണ്ടായില്ല.. പിന്നെയും അതേ നമ്പറിൽ നിന്ന് കാൾ വന്നപ്പോൾ ഞാൻ ഒഴിഞ്ഞ ഒരു കോൺറിലേക്ക് മാറി നിന്നിട്ടാണ് ഫോൺ എടുത്തത്… ആദ്യം തന്നെ കേട്ടത് എന്റെ മക്കളുടെ കരച്ചിൽ ആണ്.. ഞാൻ ആകെ പേടിച്ചുപോയി.. അപ്പോഴാണ് ആരോ എന്നോട് സംസാരിക്കാൻ തുടങ്ങിയത്.. ഹോസ്പിറ്റലിൽ വന്നിട്ടുള്ള മിത്രയേയും കശ്യപ് സാറിനെയും അവർ പറയുന്നിടത്തേക്ക് കൊണ്ട് ചെല്ലണം.. അതായിരുന്നു അവരുടെ ആവശ്യം. ഞാൻ പറ്റില്ല എന്ന് പറഞ്ഞപ്പോൾ ആണ് അവര് എനിക്ക് വാട്സാപ്പിൽ എന്റെ കുഞ്ഞിന്റെ വീഡിയോ.. എന്റെ മോള് ഇപ്പോഴും ആ ഒരു ഷോക്കിൽ നിന്ന് പുറത്ത് വന്നിട്ടില്ല… ഞാൻ അവർ പറഞ്ഞ ആവശ്യം സമ്മതിച്ചു എന്റെ മക്കളെ ഒന്നും ചെയ്യരുത് എന്നാണ് ഞാൻ ആവശ്യപ്പെട്ടത്…. അവർ അത് സമ്മതിച്ചതും പിന്നെ മിത്രമോളും സാറും പുറത്തിറങ്ങുന്നതും കാത്ത് ഞാൻ നിന്നു.. അവർ പുറത്ത് പാർക്കിങ്ങിൽ എത്തിയതും ഞാൻ അവരുടെ അടുത്തേക്ക് ചെന്ന് കരഞ്ഞുകൊണ്ട് കാര്യം പറഞ്ഞതും ആ സാർ ആണ് കാറിൽ കയറാൻ പറഞ്ഞത്. അവർ അയച്ചു തന്ന ലൊക്കേഷനിലേക്ക് പോകുമ്പോൾ മുഴുവൻ മിത്രമോൾ എന്നെ സമാധാനിപ്പിക്കാൻ ഉള്ള ശ്രമത്തിൽ ആയിരുന്നു.. പറഞ്ഞ ലൊക്കേഷനിൽ എത്തിയതും ഞങ്ങൾ മൂന്നാളും ഇറങ്ങി.. ഒരു വിചനമായ ഇടവഴി പോലെ ഉള്ള സ്ഥലം ആയിരുന്നു അത്. രണ്ട് സൈഡിലും എന്നേക്കാൾ പൊക്കത്തിൽ പുല്ലു വളർന്ന് ആകെ കാടുപിടിച്ചു കിടക്കുന്ന ഒരു സ്ഥലം..ഞങ്ങൾ അവിടെ എത്തി കുറച്ച് കഴിഞ്ഞപ്പോഴേക്കും എന്റെ ഫോണിലേക്ക് ഒരു കാൾ വന്നിരുന്നു…

ആരായിരുന്നു അത്….

നേരത്തേ വിളിച്ച ആൾ തന്നെ ആയിരുന്നു. എന്നോട് അവിടെ നിന്ന് പൊക്കോളാൻ പറഞ്ഞിട്ട്.. എനിക്ക് അത് സമ്മതം ആയിരുന്നില്ല. അപ്പൊ കശ്യപ് സാർ ആണ് എന്നെ നിർബന്ധിച്ച് വീട്ടിലേക്ക് പറഞ്ഞയച്ചത്.. പോയി മക്കളെ നോക്കാൻ പറഞ്ഞിട്ട്.. പക്ഷേ അപ്പോഴും പോകാൻ കൂട്ടക്കാതെ നിന്ന എന്നെ എന്റെ മക്കളെ കാട്ടി ഭയപ്പെടുത്തിയിട്ട് തന്നെ ആണ് അവർ അയച്ച വണ്ടിയിൽ കയറ്റി പോയത്.. ഞാൻ ആ വണ്ടിയിൽ കയറി പോകുന്ന വഴിക്ക് ആണ് വേറെ രണ്ട് വണ്ടികൾ ഞങ്ങളെ കടന്ന് മിത്ര മോൾ ഒക്കെ നിൽക്കുന്ന ഭാഗത്തേക്ക്‌ പോകുന്നത് കണ്ടത്…

ആ വണ്ടിയിൽ പരിചയമുള്ള ആരെയെങ്കിലും കണ്ടിരുന്നോ…

അങ്ങനെ ശ്രദ്ധിച്ചില്ല.. പിന്നെ രണ്ടാമത് പോയ വണ്ടിയിൽ മിന്നായം പോലെ ഒരു മുഖം കണ്ടിരുന്നു. എവിടെയോ കണ്ടു മറന്നപോലെ ഉള്ളൊരു മുഖം. പക്ഷേ ആരാണെന്നോ എന്താണെന്നോ എത്ര ആലോചിച്ചിട്ടും എനിക്ക് അങ്ങോട്ട് പിടി കിട്ടിയില്ല..

മ്മ്മ്.. അല്ല നിങ്ങൾ വീട്ടിൽ എത്തുമ്പോൾ എന്തായിരുന്നു അവസ്ഥ. അപ്പോഴും അവിടെ ആരെങ്കിലും ഉണ്ടായിരുന്നോ… രുദ്രൻ ചോദിച്ചു..

ഉവ്വ് സാർ.. ഞാൻ വീട്ടിൽ എത്തിയതിന് ശേഷം ആണ് അവർ പോയത്. ഇന്നത്തെ കാര്യങ്ങൾ എന്തെങ്കിലും പുറത്ത് പറഞ്ഞാൽ അവർ ഒന്നുകൂടി ഒരു വരവുവരും.. അത് അത്ര നല്ലതിനാവില്ല എന്നൊരു ഭീഷിണികൂടി മുഴക്കിയിട്ടാണ് അവർ പോയത്… അന്ന് വൈകീട്ട് ഹോസ്പിറ്റലിൽ നിന്ന് ഒരു സിസ്റ്റർ ആണ് വിളിച്ച് മിത്രമോളും ആ സാറും മരിച്ചത് പറയുന്നത്. അന്ന് മുതൽ ഞാൻ ഒന്ന് ഉറങ്ങിയിട്ടില്ല സാർ. കണ്ണടച്ചാൽ ചിരിയോടെ സംസാരിക്കുന്ന മിത്രമോളുടെ മുഖം ആണ്… അവർ വിതുമ്പലോടെ പറഞ്ഞു നിർത്തി…

ഹേയ്.. കരയല്ലേ.. രുദ്രൻ പിയയെ കണ്ണുകാട്ടികൊണ്ട് അവിടെ നിന്ന് എഴുന്നേറ്റു.. അവൻ അവിടെ നിന്ന് മാറി പോകാൻ പോയ സമയത്താണ് ആഗ്നസ് സിസ്റ്റർ ഒന്ന് കൂടി അവനെ വിളിക്കുന്നത്.

എന്താ സിസ്റ്റർ…രുദ്രൻ അവരുടെ നേരെ തിരിഞ്ഞുകൊണ്ട് ചോദിച്ചു..

അന്ന് അവർ തന്ന ലൊക്കേഷനിലേക്ക് പുറപ്പെടുമ്പോൾ തന്നെ കശ്യപ് സാർ ആരെയോ വിളിക്കുന്നതും സാറിന്റെ ലൊക്കേഷൻ ട്രേസ് ചെയ്ത് അങ്ങോട്ട് ഫോഴ്‌സിനെ വിടാനും പറയുന്നത് കേട്ടതാണ്.. പക്ഷേ.. ഞാൻ തിരികെ പോരുന്നതുവരെ ആ രണ്ടുവണ്ടികൾ അല്ലാതെ പോലീസ് വാഹനങ്ങൾ ഒന്നും തന്നെ കണ്ടില്ല…

മ്മ്.. രുദ്രൻ ഒന്ന് മൂളി. അവന്റെ മുഖഭാവം പറയുന്നുണ്ട് അവൻ ഇങ്ങനെ ഒരു കാര്യം പ്രതീക്ഷിച്ചിരുന്നു എന്ന്…

വിച്ചു ഇവരെ തിരികെ അവരുടെ വീട്ടിൽ എത്തിച്ചേക്കൂ.. ആമിയെയും കൂടെ കൂട്ടിക്കോ..

ശരി രുദ്രേട്ടാ… വിച്ചു രുദ്രനോട് സമ്മതിച്ചുകൊണ്ട് ആഗ്നസ് സിസ്റ്ററിനെയും കൂട്ടി പുറത്തേക്ക് ഇറങ്ങാൻ നേരത്താണ് രുദ്രൻ സിസ്റ്ററെ വിളിച്ചത്..

എന്താ സാർ…

ദാ ഈ രണ്ടുപേരിൽ ആരെങ്കിലും ഉണ്ടായിരുന്നോ അന്ന് വീട്ടിൽ ഉണ്ടായിരുന്നവരിൽ.. രുദ്രൻ ഇന്ന് വിച്ചു എടുത്ത ഫോട്ടോ അവർക്ക് കാട്ടികൊടുത്തുകൊണ്ട് ചോദിച്ചു..

അവർ അതിലേക്ക് കുറച്ചുനേരം സൂക്ഷിച്ചു നോക്കി അടുത്തനിമിഷം അവരുടെ മുഖത്ത് ദേഷ്യവും വെറുപ്പും നിറഞ്ഞു.. സാർ ദാ ഇവനാ എന്റെ കുഞ്ഞിന്റെ ശരീരത്തിൽ തൊട്ടവൻ.. അതിൽ ഒരുത്തനെ തൊട്ടുകാട്ടികൊണ്ട് അവർ പറഞ്ഞു…

മ്മ്.. പിന്നെ ആ വണ്ടിയിൽ കണ്ട മുഖം അത് സിസ്റ്ററിന് ഓർമിച്ചെടുക്കാൻ കഴിയുമോ..

ശ്രമിക്കാം സാർ…

മ്മ്.. ഞാൻ വിളിക്കാം.. രുദ്രൻ അത് പറഞ്ഞുകൊണ്ട് വിച്ചുവിനെ നോക്കി തലയാട്ടി. അതോടെ അവൻ അവരെയും ആമിയെയും കൂട്ടി പുറത്തേക്ക് പോയി..

രുദ്രേട്ടാ… അവർ പോയതും അഭി അവനെ വിളിച്ചു…

എന്താ അഭി…

അന്ന് കാശിയേട്ടൻ അങ്ങനെ പോലീസിനെ ഇൻഫോം ചെയ്തിരുന്നെങ്കിൽ ഞാൻ അവിടെ എത്തുന്നതുവരെ അവർ ആക്‌സിഡന്റ് ആയി അവിടെ ഉണ്ടാകുമായിരുന്നോ. പോലീസ് അവരെ രക്ഷിക്കുമായിരുന്നിലേ എന്നേക്കാൾ മുൻപേ… അഭി ചോദിച്ചു..

അതിന് പോലീസ് അവിടെ എത്തിയിരുന്നെങ്കിൽ അല്ലേ അഭി. ഇത് അങ്ങനെ ഒരു മൂവ്മെന്റ് ഉണ്ടായിട്ടേ ഉണ്ടാവാൻ സാധ്യത ഞാൻ കാണുന്നില്ല… രുദ്രൻ ഒരു പുച്ഛത്തോടെ പറഞ്ഞു…

പക്ഷേ അവർ പറഞ്ഞത് കാശിയേട്ടൻ പറഞ്ഞിരുന്നു എന്നല്ലേ…

അതേ.. പക്ഷേ അത് കേട്ട ആൾ അത് നടപ്പിലാക്കിയില്ലെങ്കിൽ.. മറ്റാരോടും ആ ന്യൂസ്‌ ഷെയർ ചെയ്തില്ലെങ്കിൽ ആരെങ്കിലും അറിയുമോ ഈ കാര്യം..രുദ്രൻ മറുചോദ്യം ചോദിച്ചു…

ഇവിടെ കാശിക്ക് തെറ്റുപറ്റിയത് അവിടെ ആണ്. അവൻ അങ്ങനെ ഒരു ഓഫീസറെ വിളിക്കുന്നതിന്‌ പകരം കണ്ട്രോൾ റൂമിലേക്ക് അറിയിച്ചിരുന്നെങ്കിൽ ചിലപ്പോൾ അവർ ഇന്നും നമ്മുടെ കൂടെ ഉണ്ടായേനെ…അന്നത്തെ ഒരു മാനസികാവസ്ഥയിൽ അവൻ അത്രേം ചിന്തിച്ചിട്ടുണ്ടാവില്ല അല്ലെങ്കിൽ അവൻ അറിയിച്ച ഓഫീസർ അവന് അത്രേം വിശ്വാസ്യത ഉള്ളവൻ ആയിരുന്നിരിക്കാം..രുദ്രൻ നിരാശയോടെ പറഞ്ഞു. ബാക്കി ഉള്ളവർക്കും ഇനി എന്ത് എന്ന് അറിയാതെ ആയി…

രുദ്രേട്ടാ ഇനി അടുത്തത് എന്താ…

അത് തീരുമാനിക്കാം അതിന് മുൻപ് .. എന്നും പറഞ്ഞ് രുദ്രൻ തന്റെ ഫോൺ എടുത്ത് അഷ്‌റഫിനെ വിളിച്ചു..

അഷ്റഫെ എനിക്ക് കഴിഞ്ഞ ഒരു മാസത്തെ മിത്രയുടെയും കശ്യപിന്റെയും കാൾ ഡീറ്റെയിൽസ് വേണം.. എത്രയും പെട്ടന്ന്…

ശരി സാർ… അഷ്‌റഫ്‌ അത് സമ്മതിച്ചതും രുദ്രൻ ഫോൺ വച്ചിട്ട് ആ സോഫയിലേക്കായി ഇരുന്നു..

ഇനി അടുത്തത് എന്താ പ്ലാൻ… രുദ്രൻ അവരോട് ചോദിച്ചു…

അല്ല രുദ്രേട്ടാ.. നമ്മുടെ കൈയിൽ ഉള്ള തെളിവുകൾ വച്ചിട്ട് നമുക്ക് ഇവരെ പബ്ലക്കിന് എക്സ്പോസ് ചെയ്തുകൂടെ… പിയ ചോദിച്ചു…

ചെയ്യാം.. പക്ഷേ അങ്ങനെ ചെയ്താൽ ഇതിന്റെ റൂട്ട് വരെ എത്തില്ല നമ്മൾ. ഇതിന്റെ ഒറിജിനൽ കോസ് അല്ലെങ്കിൽ ബുദ്ധി എന്ന് പറയുന്നത് എന്റെ ഒരു കാൽക്കുലേഷൻ വച്ചിട്ട് DD ആവും. ഇപ്പൊ നമ്മൾ ഇതിൽ ദൃതി കാട്ടിയാൽ അവൻ രക്ഷപ്പെടും. നമുക്ക് ഈ DD ആരാണെന്ന് അറിയില്ല. അവനെ ഇല്ലാതെ ആക്കണം.. എന്നിട്ടേ ബാക്കിയുള്ളവരെ പൂട്ടിയിട്ട് കാര്യമുള്ളൂ. അല്ലെങ്കിൽ ഇവർക്ക് പകരം മറ്റുള്ളവർ ഇതേ കാര്യങ്ങൾ ഇനിയും ചെയ്യും ഇവിടെ അല്ലെങ്കിൽ മറ്റൊരിടത്..

അപ്പൊ ഇനി എന്ത് ചെയ്യും… നവി ചോദിച്ചു..

നമുക്ക് ഒഫീഷ്യൽ ആയിട്ടുള്ള അന്വേഷണം സ്ലോഡോൺ ചെയ്യാം പകരം അൺഒഫീഷ്യലി അന്വേഷിക്കാം.. ആദ്യം വിനായകനെ പൊക്കാം….
നവി ഹോസ്പിറ്റലിൽ നിന്ന് അയാളുടെ റൂട്ടിനും അഡ്രസ് അങ്ങനെ അയാളെ സംബന്ധിച്ച് ഉള്ള സകല കാര്യങ്ങളും അറിയണം…. രുദ്രൻ നവിയെ നോക്കി പറഞ്ഞു…

അത് നാളെ തന്നെ റെഡി ആക്കാം രുദ്രേട്ടാ…

ഒരു സംശയം രുദ്രേട്ടാ…. പിയ പറഞ്ഞു..

എന്താ പിയ.. രുദ്രൻ ചുളിഞ്ഞ പുരികത്തോടെ ചോദിച്ചു..

അന്ന് കാശിയേട്ടൻ എന്നെ അവസാനമായി വിളിച്ചപ്പോൾ മിത്രേച്ചിയുടെ ഫോണിൽ നിന്നാണ് വിളിച്ചത്. കാശിയേട്ടന്റെ ഫോണിലേക്ക് വിളിക്കരുത് എന്ന് പറഞ്ഞിരുന്നു. എന്തുകൊണ്ട് എന്ന് ചോദിച്ചതിന് നേരിട്ട് കാണുമ്പോൾ പറയാം എന്നാണ് പറഞ്ഞത്… അത് എന്തായിരിക്കും…

അതിനൊക്കെ ഉള്ള ഉത്തരം കാശിയുടെ ഫോൺ കാൾ ഡിയ്റ്റെയിൽസ് കിട്ടിയാൽ നമുക്ക് മനസിലാകും..

മ്മ്… പിയ അതിനൊന്ന് മൂളിയതേ ഉള്ളൂ…

ആ സമയത്താണ് രുദ്രന്റെ ഫോൺ അടിച്ചത്. അവൻ അത് എടുത്തുനോക്കിയപ്പോൾ അഷ്‌റഫ്‌ ആണ്…

എന്താ അഷ്‌റഫ്‌…

സാർ അവന്മാരെ രണ്ടാളെയും പൊക്കിയിട്ടുണ്ട്…ഇനി എന്താ ചെയ്യേണ്ടേ…

ഞാൻ ഒരു ലൊക്കേഷൻ അയച്ചു തരാം.. അവരെ അങ്ങോട്ട് എത്തിച്ചാൽ മതി. പിന്നെ അഷ്റഫെ ഇങ്ങനെ രണ്ടാൾക്കാരെ അറസ്റ്റ് ചെയ്‌തെന്ന് നമ്മുടെ ഡിപ്പാർട്മെന്റിൽ അറിയേണ്ട. അറിഞ്ഞാൽ അടുത്തനിമിഷം അവർ പുറത്തിറങ്ങും അത്രക്ക് പിടിപാടാണ് ഇവനൊക്കെ..

അറിയാം സാർ.. അവന്മാർ എന്നെ ഭീഷിണിപ്പെടുത്തിയതും അത് പറഞ്ഞിട്ടാണ്. അവർ പുറത്തിറങ്ങി പിറ്റേന്ന് തന്നെ എന്നെ തല്ലും കൊല്ലും എന്നൊക്കെ… പിന്നെ സാറിനെ നന്നായി അറിയുന്നതുകൊണ്ട് ഇനി ഇവന്മാർ പുറംലോകം കാണാൻ ചാൻസ് ഇല്ല എന്ന് എനിക്കറിയാം…
അഷ്‌റഫ്‌ ഒരു ചിരിയോടെ പറഞ്ഞു..

ആഹാ താൻ എന്നെ കുറിച്ച് നന്നായി പഠിച്ചിട്ടുണ്ടല്ലോ.. എന്തായാലും ഞാൻ അയക്കുന്ന ലൊക്കേഷനിലേക്ക് അവന്മാരെയും കൊണ്ട് വായോ താൻ… രുദ്രൻ അതും പറഞ്ഞ് ഫോൺ വച്ചു…

അഭി പിയ നമുക്കും പോകാം… അഷ്‌റഫ്‌ അവരെയും കൊണ്ട് വരുമ്പോഴേക്കും നമുക്കും അവിടെ എത്തണം… രുദ്രൻ അവരെ നോക്കി പറഞ്ഞു…

എവിടെക്കാ രുദ്രേട്ടാ…

അതൊക്കെ ഉണ്ട്.. തല്ക്കാലം അഭി വിച്ചുവിനെ വിളിച്ച് ആമിയെ വീട്ടിൽ ആക്കിയിട്ട് ഒരു ലൊക്കേഷൻ അയക്കും അവിടെ വെയിറ്റ് ചെയ്യാൻ പറയ്…

അഭി വേഗം രുദ്രൻ പറഞ്ഞതുപോലെ ചെയ്യ്തു.. പിന്നാലെ അവർ ആ ഫ്ലാറ്റ് പൂട്ടി പോവുകയും ചെയ്യ്തു… ഒരു വണ്ടിയിൽ നാലാളും കയറി അവർ യാത്ര തിരിച്ചു. വഴിയിൽ വെയിറ്റ് ചെയ്തിരുന്ന വിച്ചുവിനെയും അവർ ഒപ്പം കയറ്റി. വിച്ചു കൂടി കയറിയതും രുദ്രൻ എല്ലാവരോടും അവരുടെ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്യാൻ പറഞ്ഞു. അവരുടെ വണ്ടി ലക്ഷ്യ സ്ഥലത്തേക്ക് കുതിച്ചു…

തുടരും…..