രചന – ഭദ്രരുദ്ര
ഇത്രയും പറഞ്ഞ് അവർക്ക് ഒരു ചെറുപുഞ്ചിരി നൽകിയതിനുശേഷം ഞാൻ ആർമിയുടെ കൂടെ പുറത്തേക്ക് പോയി . വൈകുന്നേരം വരെ ഒന്ന് ചുറ്റിയടിച്ചു , ഇരുട്ടുവീണ തുടങ്ങിയപ്പോൾ പുറത്തു നിന്നും ഭക്ഷണം കഴിച്ച് വീട്ടിലേക്ക് തന്നെ തിരിച്ചെത്തി . ഞങ്ങൾ തിരിച്ചെത്തുമ്പോൾ ഞങ്ങളെ കാത്ത് ആ വീട്ടിൽ ഒരു അതിഥി ഉണ്ടായിരുന്നു . അത് വേറെ ആരും ആയിരുന്നില്ല , കഥയിലെ നായിക എന്ന് പറഞ്ഞ് പരിചയപ്പെടുത്തണോ , അതോ വില്ലത്തി എന്നുപറഞ്ഞ് പരിചയപ്പെടുത്തണോ എന്ന് എനിക്കറിയില്ല . കാണാൻ തരക്കേടില്ലാത്ത ഒരു സുന്ദരി അവളുടെ മുഖത്ത് ചായങ്ങൾ കുറച്ചധികം ആയപോലെ നന്നായി എടുത്തു കാണിക്കുന്നുണ്ട് . വസ്ത്രധാരണവും ഒട്ടും മോശമല്ല , വലിയ ബോർ ഇല്ലാത്ത രീതിയിലുള്ള മോഡൽ ഡ്രസ്സിംഗ് . പൊതുവേ അത്യാവശ്യത്തിന് നല്ല ഹൈറ്റ് ഉണ്ടെങ്കിലും ഹൈ ഹീൽ ചപ്പൽസ് യൂസ് ചെയ്തിട്ടുണ്ട് . അതുകൊണ്ടുതന്നെ ഞാനവളുടെ മുഖത്തേക്ക് തല ഉയർത്തിപ്പിടിച്ച് ആണ് നോക്കിയത് .
ഇതായിരിക്കും ഒരു പക്ഷേ സീതമ്മ പറഞ്ഞ അവതാരം എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് അവളെ തന്നെ നോക്കി നിൽക്കുമ്പോഴായിരുന്നു അവളുടെ എന്റെ അരികിലേക്ക് നടന്നു അടുത്തത് . ” ഹായ് , ഞാൻ അഞ്ജലി മേനോൻ . അഭിയുടെ മുറപ്പെണ്ണ് . ” അപ്പോൾ എന്റെ ഊഹം തെറ്റിയില്ല ഇതുതന്നെയാണ് ആ അവതാരം . ഒരു അല്പസ്വല്പം ജാഡ യോടെ അവൾ തന്നെ അവളെ എനിക്ക് മുന്നിൽ പരിചയപ്പെടുത്തി . അപ്പൊ പിന്നെ ഞാനും വിട്ടുകൊടുക്കരുതല്ലോ , ” ഹലോ , ഐആം ശ്രുതി ” ” നിന്റെ പേരിന്റെ കൂടെ സർ നെയിം ഒന്നും ഇല്ലേ ? വെറും ശ്രുതി എന്നുമാത്രമാണോ നിന്റെ പേര് ” അവൾ ഒരു പുച്ഛഭാവത്തിലാണ് എന്നോട് അത് ചോദിച്ചത് . ഞാനും വിട്ടു കൊടുക്കാൻ നിന്നില്ല . ” അതെ , എന്താ ഇഷ്ടപ്പെട്ടില്ലേ ” ” അതെന്താ അങ്ങനെ ? നിന്റെ പേരിന്റെ കൂടെ വയ്ക്കാൻ നിന്റെ അച്ഛന്റെ പേര് അറിയില്ലേ , അതോ അങ്ങനെ ഒരാൾ ഇല്ലേ ? ” എന്നെ കുത്തിനോവിക്കാൻ കിട്ടിയ ഒരു അവസരമായി അഞ്ജലി അങ്ങനെ പറഞ്ഞപ്പോൾ , അവളുടെ തള്ള ആ താടകയും അവൾക്കൊപ്പം ചേർന്ന് എന്നെ പരിഹസിച്ച് ചിരിക്കാൻ തുടങ്ങി .
എന്നാൽ ആ വീട്ടിലെ മറ്റുള്ളവരുടെ മുഖത്ത് അഞ്ജലിയുടെ സംസാരത്തിനോടുള്ള നീരസം വളരെ വ്യക്തമായി കാണാമായിരുന്നു . അവൾ പറഞ്ഞത് എന്റെ അച്ഛനെ ആയിരുന്നിട്ട് കൂടി ഞാൻ ഒന്നും തിരിച്ചു പറയാൻ പോയില്ല . ” അഞ്ജലി ……….. ” പെട്ടെന്ന് ശബ്ദം കേട്ട ഭാഗത്തേക്ക് ഞങ്ങൾ എല്ലാവരും ഒരുമിച്ച് തിരിഞ്ഞു . കോപം കത്തിജ്വലിക്കുന്ന മുഖത്തോടെ അഞ്ജലിയെ തന്നെ നോക്കി മുഷ്ടിചുരുട്ടി നിൽക്കുകയാണ് ആർമി . അഭിയേട്ടന്റെ മുഖം കണ്ടാൽ തന്നെ അറിയാം , അവൾ പറഞ്ഞതൊന്നും ഒട്ടും ദഹിച്ചിട്ടില്ല എന്ന് . അഭിയേട്ടൻ വളരെയധികം ദേഷ്യത്തോടെ അവളുടെ അടുത്തേക്ക് പാഞ്ഞടുത്തു .
” അഞ്ജലി നിനക്കെത്ര ധൈര്യം ഉണ്ടായിട്ടാണ് നീ ശ്രുതിയെ കുറിച്ച് മോശമായി സംസാരിക്കുന്നത് ” ആർമിയുടെ കോപത്തോടെ യുള്ള ചോദ്യത്തിനുമുന്നിൽ അഞ്ജലി ഒന്നു പതറി . ” അത് … അത് പിന്നെ അഭി , അതിന് ഞാൻ മോശമായി ഒന്നും പറഞ്ഞില്ലല്ലോ , ഞാൻ അവളുടെ ഐഡന്റിറ്റി നെയിം അല്ലേ ചോദിച്ചുള്ളൂ ” ” അവളുടെ പേര് ശ്രുതി , അതിൽ കൂടുതൽ ഒന്നും നിന്നോട് വെളിപ്പെടുത്താൻ അവൾക്ക് താല്പര്യം ഇല്ലാത്തതിനാൽ ആണ് നിന്നോട് അവൾ അത്രയും പറഞ്ഞു നിർത്തിയത് ” ” അഭി എവിടെനിന്നെങ്കിലും ഒരു പെണ്ണിനെ വിളിച്ചു കൊണ്ടുവന്നു എന്ന് കരുതി ഈ കുടുംബത്തിലുള്ളവർ എല്ലാം ഇവളെ സ്വീകരിക്കണമെന്ന് ഉണ്ടോ ? സ്വന്തമായി ഒരു ഐഡന്റിറ്റി പോലുമില്ലാത്ത ഇവളെയാണോ അഭി സ്നേഹിക്കുന്നത് ? ” ബെസ്റ്റ് …. ഈ പെണ്ണിന് ഇത് എന്തിന്റെ കേടാണ് …. ചുമ്മാ എന്നെ കേറി ചൊറിയാൻ വരുന്നു …. എന്തായാലും അവൾക്കുള്ളത് വയറുനിറയെ അഭിയേട്ടൻ തന്നെ കൊടുക്കും എന്ന് എനിക്ക് ഉറപ്പാണ് …. ഞാൻ അവരുടെ രണ്ടു പേരുടെയും മുഖത്തേക്ക് നിഷ്കളങ്കമായി മാറി മാറി നോക്കിക്കൊണ്ട് മനസ്സിൽ പറഞ്ഞു …
” ഇനഫ് അഞ്ജലി ഇനഫ് ” ” ഞാനൊരിക്കലും മിണ്ടാതിരിക്കില്ല , എനിക്ക് ഇവളുടെ ഐഡന്റിറ്റി അറിഞ്ഞേ പറ്റൂ ” ” എന്നാൽ ശരി വളരെ ശ്രദ്ധയോടെ കേട്ടോ , ഇവൾ ശ്രുതി . ശ്രുതി അഭിറാം മേനോൻ . ” പെട്ടെന്നുള്ള അവളുടെ ഞെട്ടലിൽ നിന്ന് തന്നെ മനസ്സിലാക്കാം , അഭി പറഞ്ഞ വാക്കുകൾ അഞ്ജലിയുടെ നെഞ്ചിലേക്ക് ഒരു ഇടിത്തീ പോലെ വീണു എന്ന് . എന്നാൽ ഇതെല്ലാം കേട്ട് മറ്റൊരാൾ കൂടി കിളിപോയി നിൽക്കുന്നുണ്ടായിരുന്നു . അത് വേറെ ആരുമല്ല നമ്മുടെ പാവം ശ്രുതിയാണ് . അവൾ ഒരു ഞെട്ടലോടെ ആർമിയെ തന്നെ നോക്കി നിൽക്കുകയാണ് . അവനാണെങ്കിൽ അഞ്ജലിയോട് ഡയലോഗ് അടിച്ച് വളരെ സ്ലോ മോഷനിൽ ശ്രുതിയുടെ അടുത്തേക്ക് ചെന്നതിനുശേഷം അവളുടെ കൈ പിടിച്ച് മുകളിലേക്ക് വേഗത്തിൽ നടക്കാൻ തുടങ്ങി . അവളാണെങ്കിൽ ഒരു പ്രതിമ കണക്കെ അവന്റെ പിറകെ പോയി . റൂമിൽ എത്തിയതിനു ശേഷം ആർമി വാതിൽ കൊട്ടിയടച്ചു .
പെട്ടെന്നുള്ള മാറ്റം കണ്ട് ഞാൻ ചെറുതായി ഒന്ന് അമ്പരന്നെങ്കിലും , അത് ഒട്ടും പുറത്തുകാണിക്കാതെ ഞാൻ ധൈര്യത്തോടെ ആർമിയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു . ” എങ്ങനെയുണ്ട് ശ്രുതി എന്റെ അഭിനയം ” ആർമി പെട്ടെന്ന് തന്നെ കണ്ണിറുക്കി ചിരിച്ചു കൊണ്ട് ചോദിച്ചപ്പോഴാണ് എനിക്ക് സത്യം പറഞ്ഞാൽ സമാധാനമായത് . ” ഹോ ഭയങ്കരം തന്നെ ” ” ഇതൊക്കെ എന്ത് , ഇതിലും വലിയ അഭിനയം ഒക്കെ കാഴ്ചവച്ചവനാണ് ഈ അഭിറാം . ” ” ഓഹോ വലിയ കാര്യമായി പോയി ” ” എന്താടി നിനക്ക് ഒരു പുച്ഛം , എന്നെ സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചതാ ” ” ഓഹോ അതൊരു പുതിയ അറിവാണല്ലോ , എന്നിട്ടെന്തേ അഭിനയിച്ചില്ലേ ” ” എനിക്ക് താല്പര്യം ഇല്ലായിരുന്നു . അതുകൊണ്ടുതന്നെ ഞാൻ അഭിനയിക്കാൻ പോയില്ല ” ” അതെന്തായാലും നന്നായി , ആർമി അഭിനയിക്കാൻ പോയാൽ മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ഒക്കെ കൈക്കോട്ടും എടുത്ത് ഇറങ്ങേണ്ടിവരും ” ” എന്താടി നീ പറഞ്ഞത് …… നിന്നെ ഞാനുണ്ടല്ലോ ” എന്ന് പറഞ്ഞു കൊണ്ട് അഭി എന്റെ ചെവി പിടിക്കാൻ വന്നു , ഞൊടിയിടയിൽ ആണ് ഞാൻ അവന്റ കയ്യിൽ നിന്നും രക്ഷപ്പെട്ടത് .
ആ റൂം മുഴുവൻ അവൻ എന്നെ ഇട്ട് ഓടിച്ചു . അവസാനം എത്ര ഓടിയിട്ടും എന്നെ പിടിക്കാൻ കഴിയില്ല എന്നായപ്പോൾ അവൻ ഫൗൾ കളിച്ചു . പെട്ടന്ന് എവിടെയോ പോയി ഒളിച്ചു നിന്നു . എന്റെ പിറകിൽ കാലൊച്ച ഒന്നും കേൾക്കാതെ വന്നപ്പോൾ തിരിഞ്ഞു നോക്കിയപ്പോഴാണ് ആ റൂം ശൂന്യം ആണെന്ന് ഞാൻ മനസ്സിലാക്കിയത് . പെട്ടെന്ന് ആർമി ഇതെവിടെ പോയി എന്നോർത്തപ്പോൾ എന്റെ ഉള്ളിൽ എന്തോ ഒരു ചെറിയ ഭയം പോലെ തോന്നി . ” അഭിയേട്ടാ ” ഞാനൊന്നു പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു നോക്കി . എന്നാൽ നിശബ്ദതയായിരുന്നു മറുപടി . ഞാൻ പതിയെ റൂമിന്റെ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ . കർട്ടന് പിറകിൽ നിന്നും അഭിയേട്ടൻ എന്റെ മുന്നിലേക്ക് ചാടി വീണു . പെട്ടെന്നുതന്നെ തിരിഞ്ഞോടാൻ ശ്രമിക്കുമ്പോഴേക്കും ആർമിയുടെ രണ്ട് കൈകൾ ഒന്നനങ്ങാൻ പോലും ആകാത്ത വിധം എന്റെ ശരീരത്തെ ബന്ധിച്ചിരുന്നു . പെട്ടെന്ന് അങ്ങനെ ഒരു അറ്റാക്ക് ഞാനൊട്ടും പ്രതീക്ഷിച്ചിരുന്നില്ല .
അതുകൊണ്ടുതന്നെ ആ ബന്ധനത്തിൽ നിന്നും പുറത്തുകടക്കാൻ എനിക്ക് കഴിഞ്ഞതുമില്ല . ഒരുപക്ഷേ , ആദ്യമായിട്ടാവും ഞങ്ങൾ തമ്മിൽ ഇത്രയും ക്ലോസ് ആയി നിൽക്കുന്നത് . പെട്ടെന്ന് എനിക്ക് എന്തോ പോലെ തോന്നിയപ്പോൾ ഞാൻ ഒന്ന് കുതറി മാറാൻ ശ്രമിച്ചു നോക്കിയെങ്കിലും എന്റെ ആ ശ്രമം വിഫലമാക്കി കൊണ്ട് ആർമിയുടെ കൈകൾ ഒന്നുകൂടി എന്റെ ശരീരത്തെ വലിഞ്ഞു മുറുകി . ഇപ്പോൾ ഞങ്ങൾക്കിടയിൽ ഒരു മുട്ടുസൂചി ക്ക് പോലും കയറാനുള്ള ഗ്യാപ്പ് ഇല്ല . അത്രയ്ക്ക് അടുത്ത് കൊണ്ടാണ് ഞങ്ങൾ നിൽക്കുന്നത് . സത്യം പറഞ്ഞാൽ ആർമിയുടെ നെഞ്ചിലേക്ക് എന്റെ മുഖം അമർന്ന രീതിയിലായിരുന്നു . അവന്റെ വിയർപ്പിന്റെ ഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചു കയറിയപ്പോൾ ഞാൻ പതിയെ അവന്റെ മുഖത്തേക്ക് നോക്കി . പെട്ടെന്ന് ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി , എന്റെ കണ്ണുകളെ അവനിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും അവ ഒട്ടും അനുസരണയില്ലാതെ അവനെ തന്നെ നോക്കി നിൽക്കുകയാണ് .
‘ അവളുടെ കണ്ണിലെ കുസൃതിനിറഞ്ഞ നോട്ടവും ചെറു പുഞ്ചിരി തൂകുന്ന ചുണ്ടുകളും ചുവന്നു തുടുത്ത കവിൾത്തടങ്ങളും എന്നോട് എന്തോ കഥ പറയുന്ന പോലെ എനിക്ക് തോന്നി . സത്യം പറഞ്ഞാൽ അവളുടെ മുഖം എന്നെ വല്ലാതെ ആകർഷിക്കുന്നു . ഒരു നിമിഷനേരത്തേക്ക് പോലും അവളിൽ നിന്നും കണ്ണെടുക്കാൻ എന്റെ മനസ്സ് എന്നെ അനുവദിക്കുന്നില്ല ‘ പെട്ടെന്ന് അവർ രണ്ടുപേരും അങ്ങനെ സ്വയം മറന്നു കൊണ്ട് പരസ്പരം നോക്കി നിൽക്കുമ്പോൾ ആയിരുന്നു പെട്ടെന്ന് വാതിലിന്റെ അടുത്ത് നിന്ന് ഒരു ശബ്ദം കേട്ടത് . പെട്ടെന്നൊരു ഞെട്ടലോടെ അവരിരുവരും പരസ്പരം അകന്നു ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി . അവിടെ ഉണ്ടായിരുന്നു വലിയ ഫ്ലവർ ബോട്ടിൽ താഴെ വീണു പൊട്ടിയിരിക്കുന്നു . ഇത്രയും വലിയ ഫ്ലവർ ബോട്ടിൽ എങ്ങനെയാണ് തനിയെ താഴെ വീണ് പൊട്ടിയത് എന്നറിയാനായി അവരിരുവരും ഡോറിനടുത്തേക്ക് ചെന്നപ്പോഴാണ് അവിടെ അവരെ തന്നെ ദേഷ്യത്തോടെ കൂടി നിൽക്കുന്ന അഞ്ജലിയെ കണ്ടത് .
അവളുടെ കണ്ണുകൾ കോപം കൊണ്ട് ചുവന്നിരുന്നു . അവൾ ശ്രുതിയെ തന്നെ നോക്കി ദഹിപ്പിക്കുകയായിരുന്നു . അപ്പോഴാണ് അഞ്ജലിയുടെ അമ്മ സുപ്രിയ അങ്ങോട്ട് വന്നത് . ഫ്ലവർ ബോട്ടിൽ താഴെ വീണ് പൊട്ടിയത് കണ്ടപ്പോൾ സുപ്രിയക്ക് കാര്യം മനസ്സിലായി . അവൾ വേഗം അഞ്ജലിയെ പിടിച്ച് വലിച്ച് റൂമിലേക്ക് പോയി . പോകുമ്പോഴും അമ്മയുടെയും മകളുടെയും ദേഷ്യം നിറഞ്ഞ നോട്ടം ശ്രുതിക്കു നേരെ തന്നെയായിരുന്നു . അവർ പോയതിനു ശേഷം ശ്രുതി ആർമിയുടെ പേഴ്സണൽ റൂമിലെ സോഫയിൽ കയറിയിരുന്നുകൊണ്ട് കുറച്ചു മുമ്പ് നടന്നതെല്ലാം ആലോചിക്കുകയായിരുന്നു . ഛെ , പെട്ടെന്ന് ഞാൻ എന്താ അങ്ങനെ ബീഹെവ് ചെയിതത് . സാധാരണ മറ്റേതെങ്കിലും ബോയ്സ് എന്റെ ദേഹത്തു തൊട്ടാൽ അവരുടെ കൈ തല്ലിയൊടിക്കുന്നതായിരുന്നു എന്റെ ശീലം . അങ്ങനെയുള്ള ഞാൻ ആർമി എന്നെ ചേർത്തു പിടിച്ചപ്പോൾ , എന്തുകൊണ്ടാണ് പ്രതികരിക്കാതിരുന്നത് .
സത്യം പറഞ്ഞാൽ ഞാനും അവന്റെ സാമീപ്യം ആഗ്രഹിച്ചിരുന്നുവോ ? വളരെ മോശമായിപ്പോയി , അവൻ എന്നെ കുറിച്ച് എന്തു വിചാരിച്ചു കാണും . അങ്ങനെ എന്റെ ചിന്തകൾ കാട് കയറി കൊണ്ടിരുന്നപ്പോൾ ആണ് അഭിയേട്ടൻ എന്റെ അടുത്ത് വന്നിരുന്നത് . പെട്ടെന്ന് കുറച്ചു മുമ്പ് നടന്ന കാര്യങ്ങൾ ഓർത്തു എനിക്ക് വല്ലാത്ത ചടപ്പ് അനുഭവപ്പെട്ടു . ആ മുഖത്തേക്ക് നോക്കാൻ പോലും എനിക്ക് കഴിയുന്നില്ല . ഇതുവരെയില്ലാത്ത ഒരു ജാള്യത എന്നെ പിടികൂടിയിരുന്നു . ഞാൻ ഒന്നും മിണ്ടാതെ താഴെ നോക്കി ഇരിക്കുന്നത് കണ്ടപ്പോൾ ആർമി തന്നെ എന്നോട് സംസാരിച്ചു തുടങ്ങി . ” എന്താ ശ്രുതി , വളരെ കാര്യമായ ആലോചനയിൽ ആണല്ലോ ? എന്തുപറ്റി ? ” പെട്ടെന്ന് ഒരു കൂസലുമില്ലാതെ ആർമി എന്നോട് ഇങ്ങനെ ചോദിക്കും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല . അതുകൊണ്ടുതന്നെ ആ ചോദിച്ചതിനുള്ള മറുപടി ഇപ്പോഴത്തെ ഇപ്പോഴത്തെ പ്രശ്നവുമായി തന്നെ ഞാൻ ബന്ധിപ്പിച്ചു . ” അത് വേറെ ഒന്നുമല്ല , ഞാൻ ആലോചിക്കുകയായിരുന്നു അങ്ങനെ എനിക്ക് ഇവിടെയും ശത്രുക്കളായി , ഒന്നല്ല രണ്ടെണ്ണം . ഒരു അമ്മ താടകയും മകൾ പൂതനയും .
” ഞാൻ നിരാശ കലർന്ന ഭാവത്തിൽ ആർമിയോടായി പറഞ്ഞു . എന്നാൽ , ഞാനത് ആർമി യോട് പറഞ്ഞപ്പോൾ അവനതാ പൊട്ടിച്ചിരിക്കുന്നു . എനിക്കാണെങ്കിൽ നല്ല ദേഷ്യം വന്നു . ആദ്യം അവനിട്ട് രണ്ടെണ്ണം പൊട്ടിച്ചാലോ എന്ന് തോന്നിയെങ്കിലും പിന്നെ അത് തിരിച്ചു കിട്ടിയാലോ എന്നോർത്ത് വേണ്ടെന്നുവച്ചു . അപ്പോഴാണ് ഞങ്ങളെ ഫുഡ് കഴിക്കാൻ വിളിക്കാനായി സീതമ്മ അങ്ങോട്ട് വന്നത് . ” മക്കളെ വരൂ ഭക്ഷണം കഴിക്കാം ” ” അയ്യോ സീതമ്മേ ഞങ്ങൾ പുറത്തു നിന്നും ഭക്ഷണം കഴിച്ചിട്ടാണ് വന്നത് . ഞങ്ങൾക്കിനി വേണ്ട . ” ” ശരി മോളെ ” അത്രയും പറഞ്ഞ് അവർ പുറത്തേക്ക് പോയി . രാത്രിയായപ്പോൾ ഞാനും ആർമിയും ബാൽക്കണിയിൽ പോയിരുന്നു . പെട്ടെന്നൊരു തണുത്ത കാറ്റ് ഞങ്ങളെ ഇരുവരെയും തഴുകിത്തലോടി പോയി . വല്ലാത്തൊരു കുളിർമ്മ ഉണ്ടായിരുന്നു ആ കാറ്റിന് . ഞാൻ അങ്ങനെ സ്വയം മറന്ന് ഇരിക്കുമ്പോഴാണ് ആർമി എന്റെ മുഖത്തേക്ക് നോക്കിയത് . ” ശ്രുതി തനിക്ക് എന്റെ വീട് ഇഷ്ടമായോ ? ” ” ഇഷ്ടം ആയല്ലോ , എന്നാണാവോ പെട്ടെന്ന് ഇങ്ങനെ ചോദിക്കാൻ ? ” ” ചുമ്മാ ചോദിച്ചതാടോ , തനിക്ക് ഇവിടം ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷമുണ്ട് . എന്നാൽ ….. ? ” അഭിയേട്ടൻ എന്തോ പറയാൻ തുടങ്ങിയെങ്കിലും മുഴുവനാക്കാതെ നിർത്തി .
” എന്താ ? ” ” അതൊന്നുമില്ല , ഇവിടെയുള്ളവർ നിന്നോട് എങ്ങനെ പെരുമാറുന്നു എന്ന് ഓർത്തു മാത്രമേ എനിക്ക് ടെൻഷൻ ഉള്ളൂ ” ” ഓ അതാണോ , അഭിയേട്ടനെ സ്വന്തം മകനെ പോലെ സ്നേഹിക്കുന്ന ഈ കുടുംബക്കാർ എന്നോട് എങ്ങനെയൊക്കെ പെരുമാറിയാലും അതിലൊരു തെറ്റുമില്ല . ” ” അതെന്താടാ അങ്ങനെ പറഞ്ഞത് ? ” ” എന്റെ പൊന്നു അഭിയേട്ടാ , ഇവരുടെയൊക്കെ മുന്നിൽ അഭിയേട്ടൻ എവിടെനിന്നോ വിളിച്ചു കൊണ്ടു വന്ന ഒരു പെൺകുട്ടിയാണ് ഞാൻ . എന്നെക്കുറിച്ച് ഒന്നും തന്നെ അവർക്ക് ആർക്കും അറിയുകയുമില്ല . അതുകൊണ്ട് അവർ ഇങ്ങനെ പെരുമാറി ഇല്ലെങ്കിലെ അത്ഭുതമുള്ളൂ . ” ” സത്യം പറഞ്ഞാൽ നിന്നെക്കുറിച്ച് എനിക്ക് പോലും ഇതുവരെ പൂർണ്ണമായി മനസ്സിലായിട്ടില്ല , പിന്നെയല്ലേ എന്റെ വീട്ടുകാർക്ക് ” പെട്ടെന്ന് അഭിയേട്ടൻ അങ്ങനെ പറഞ്ഞത് എനിക്ക് ഒരു കുത്ത് തന്നതാണെന്ന് തോന്നിയെങ്കിലും ഞാൻ മൗനമായ് ആ മുഖത്തേക്ക് തന്നെ നോക്കി .
ആ മുഖം കണ്ടാൽ തന്നെ അറിയാം എന്നോട് നല്ല പരിഭവം ഉണ്ടെന്ന് , എന്നെക്കുറിച്ച് ഒന്നും പറയാത്തതിൽ . പലതവണ എന്നെകുറിച്ച് പറയാൻ തുടങ്ങിയതാണ് , പക്ഷേ അപ്പോഴൊക്കെ എന്തോ ഒന്ന് എന്നെ തടയുന്ന പോലെ തോന്നി . ഇപ്പോൾ പറയണോ വേണ്ട എന്ന് കൺഫ്യൂഷനായി . പറയണം പക്ഷേ കുറച്ചു കഴിഞ്ഞോട്ടെ …….. ” അഭിയേട്ടാ എനിക്ക് ഉറക്കം വരുന്നുണ്ട് . ഗുഡ് നൈറ്റ് ” അങ്ങനെ പറഞ്ഞു കൊണ്ട് ഞാൻ വേഗം റൂമിൽ കയറി . എന്നിട്ട് നേരെ ബെഡിൽ പോയി കിടന്നുറങ്ങി . അതിരാവിലെ തന്നെ എഴുന്നേറ്റ ഉടനെ ഞാൻ കുളിച്ച് സുന്ദരിയായി ഒരു സ്കേർട് & ടോപ് ഇവിടുത്തെ ഭാഷയിൽ പറഞ്ഞാൽ പട്ടുപാവാടയും ബ്ലൗസും എടുത്തണിഞ്ഞു . എന്നിട്ട് വീടിനു മുന്നിലുണ്ടായിരുന്ന തുളസിത്തറയിൽ ഒരു ചെറിയ മൺകുടത്തിൽ നിന്നും വെള്ളം ഒഴിക്കുമ്പോൾ മുറ്റത്ത് ഒരു കാർ വന്നുനിന്നു . അതിൽ നിന്നിറങ്ങുന്ന ആളുകളെല്ലാം എന്നെ സംബന്ധിച്ചിടത്തോളം അപരിചിതരായിരുന്നു . കാറിൽ നിന്നിറങ്ങിയ ഉടനെ അവരുടെയെല്ലാം ദൃഷ്ടി പതിച്ചത് നേരെ എന്റെ മേലേക്കാണ് . ( തുടരും ) …………..

by