19/04/2026

ഇനിയും : ഭാഗം 05

രചന – അഞ്ജു തങ്കച്ചൻ

എന്താ അമ്മു… എന്താണേലും പറയൂ.

അമ്മുവിന്റെ തല കുനിഞ്ഞു തന്നെ ഇരുന്നു.

ദേ… ഇങ്ങോട്ട് നോക്ക് എന്റെ മുഖത്തേക്ക്…
അവൾ അമ്മുവിന്റെ മുഖം കൈകൊണ്ട് ഉയർത്തി.
എന്താ… എന്റെ കുട്ടിക്ക് പറയാനുള്ളത്.

അത്… എനിക്കൊരാളെ ഇഷ്ട്ടമാ ചേച്ചീ.

അവൾ ശബ്ദം കുറച്ച് പറഞ്ഞു.

അതിനാണോ ഇത്രേം കരഞ്ഞത്? അത്തരം തോന്നലൊക്കെ ഈ പ്രായത്തിൽ ഉണ്ടാകും. അത് തെറ്റൊന്നും അല്ല കേട്ടോ.

ആട്ടെ, ആരാ ആൾ? അമ്മുക്കുട്ടിയുടെ കൂടെ പഠിക്കുന്നതാണോ?

അല്ല.

പിന്നെ ആരാണാവോ? അവർ ചിരിയോടെ ചോദിച്ചു.

നമ്മുടെ ഈ വഴിയിലൂടെ രാവിലെ വെള്ളഷർട്ടും മുണ്ടും ഉടുത്ത് എന്നും ഒരാൾ പോകുന്നത് കാണാറില്ലേ, വിശ്വനാഥൻ.

ഏത് സിറ്റിയിൽ പലചരക്കു കട ഉള്ള വിശ്വനാഥനോ?

ഉം… അതെ.

ശരണ്യയുടെ കണ്ണുകൾ മിഴിഞ്ഞു വന്നു.

എനിക്ക് ഒത്തിരി ഇഷ്ട്ടമാ ചേച്ചീ…. ഞാനത് തുറന്ന് പറഞ്ഞപ്പോൾ എന്നെ മൈൻഡ് ചെയ്യുന്നില്ല. ഇനി ഇങ്ങനെ പറഞ്ഞോണ്ട് വന്നാൽ എന്റെ വീട്ടിൽ അറിയിക്കും എന്ന്.

എനിക്ക് ദൂരെ നിന്നാണെങ്കിലും ഒന്ന് കണ്ടാലെങ്കിലും മതി. അത്രയ്ക്ക് എനിക്ക് ജീവനാ..

അവൾ വീണ്ടും വിങ്ങി വിതുമ്പി കരഞ്ഞു.

ശരണ്യ അവളുടെ ചുമലിൽ പിടിച്ച്‌,തന്നോട് ചേർത്ത് നിർത്തി.

ഈശ്വര…ഈ… കുട്ടിയോട് എന്ത്‌ പറയും.
ഈ പ്രായത്തിൽ ഉള്ള ഒരു കുട്ടിയുടെ മനസ്സ് എത്ര സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടുന്ന ഒന്നാണ്.

പിന്നീട് ഏതെങ്കിലും ഒരു കാലത്ത് ഇതൊക്കെ ആലോചിക്കുമ്പോൾ ഒരു തമാശ മാത്രം ആയിരിക്കും. പക്ഷെ ഇപ്പോൾ ഇത് അവളെ സംബന്ധിച്ച് വലിയ കാര്യം തന്നെയാണ്.

ഇപ്പോഴത്തെ കുട്ടികളാണ് മനസിന് ഒരു കട്ടിയും കാണില്ല. കേവലം ഒരു പ്രണയത്തിനു വേണ്ടി ജീവിതം തന്നെ അവസാനിപ്പിക്കാൻ തോന്നും.
എങ്ങനെയാണ് ഇത് കൈകാര്യം ചെയ്യുക.

ഉപദേശിക്കാൻ നോക്കുന്നത് കൂടുതൽ അപകടമേ വരുത്തൂ..
അവൾ പിന്നീട് എന്നോട് ഒന്നും പറഞ്ഞില്ല എന്ന് തന്നെ വരും.

മോളേ…. അവൾ അമ്മുവിന്റെ കണ്ണുനീർ തുടച്ചു.

ഇതിനിങ്ങനെ കരയുവൊന്നും വേണ്ട കേട്ടോ.
ഇഷ്ടവും, പ്രണയവും ഒക്കെ തോന്നുന്നത് നല്ലതാ… ഇതൊക്കെ ഒരു കുഞ്ഞ് നോവ് പടർന്ന ഒരു സുഖമാ.
കളങ്കമില്ലാത്ത മനസ്സിൽ തോന്നുന്നത് കാപട്യം ഇല്ലാത്ത നൈർമല്യമുള്ള സ്നേഹമാണ്, ശരിയാണ്..

അമ്മു അവളുടെ മുഖത്തേക്ക് നോക്കി.

പക്ഷെ,ആ ഇഷ്ട്ടം ഈ കുഞ്ഞ് മനസിന്റെ ഒരു മൂലയിലേക്ക് ഒന്ന് മാറ്റി വച്ചിട്ട്. നമുക്ക് പഠിച്ചു നല്ല മിടുക്കി ആകണം.

എന്നിട്ട് വലിയ പെണ്ണാകുമ്പോൾ, അന്നും ഇഷ്ടമാണെങ്കിൽ,നമുക്ക് മുമ്പിൽ ചെന്നു നിന്നിട്ട് പറയാം. ദേ… മനുഷ്യാ എനിക്ക് നിങ്ങളെ ഇഷ്ടമാണെന്ന്.

അത് ശരിയാ അന്ന് ഞാൻ ചെറിയ കുട്ടിയാ പോയിരുന്ന് വല്ലതും പഠിക്കാൻ നോക്ക് കൊച്ചേ എന്ന് ആ ചേട്ടൻ പറയില്ല അല്ലേ..?

ഹേയ് അന്ന് അങ്ങനെ ഒന്നും പറയില്ല. അപ്പോഴേക്കും അങ്ങേർക്ക് ഒരമ്പത് വയസെങ്കിലും ആകും..

അത്രേം പ്രായം ആകുമോ?

പിന്നെ ആവില്ലേ..

അയ്യോ… അപ്പോഴേക്കും വയ്യാതെ ആകില്ലേ….

ആകും.

അമ്മു ആലോചനയോടെ ഇരിക്കുന്നത് കണ്ട് ശരണ്യക്ക് ചിരി വന്നു.

ഇതിന് മുൻപും അവൾ വാ തോരാതെ ആ മനുഷ്യനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. പക്ഷെ ഈ കുട്ടിമനസ്സിൽ പ്രണയം ഉണ്ടെന്ന് അന്ന് തോന്നിയില്ല.
അമ്മുവിന്റെ വീട്ടിൽ നിന്നും ഒരിക്കലും അവൾക്ക് വേണ്ടുന്ന സ്നേഹമോ കരുതലോ കിട്ടുന്നില്ലെന്ന് തനിക്കറിയാം.

അതുകൊണ്ടാകും, ബസിൽ ഒരു പെണ്ണിനെ ശല്യം ചെയ്തആൾക്കിട്ട് വിശ്വനാഥൻ രണ്ട് പൊട്ടിക്കുന്നത് കണ്ടപ്പോൾ,അറിയില്ലാത്ത ഒരു പെണ്ണിനേസംരക്ഷിക്കാൻ കാണിച്ച വിശ്വനാഥനോട് ആരാധന തോന്നിയത്.
ചിലപ്പോൾ ആ ആരാധന പ്രണയമായി മാറിയിരിക്കാം.

എന്തൊക്കെ ആയാലും അമ്മുവിന്റെ മനസ്സിനെ നോവിക്കുന്ന ഒന്നും ഉണ്ടാകാൻ പാടില്ല.

അവളെ കാണുമ്പോൾ തന്റെ അമ്മമനസ് ഉണരാറുണ്ട്.

തനിക്ക് വിവാഹപ്രായം കഴിഞ്ഞിരിക്കുന്നു. വിവാഹസ്വപ്നങ്ങൾ ഒന്നും മനസ്സിൽ അവശേഷിക്കുന്നുമില്ല.

എങ്കിലും തന്റെ ഉള്ളിൽ അമ്മയാകാനുള്ള മോഹം ഇടക്കെല്ലാം ഉണരാറുണ്ട്… ഒന്നുവല്ലെങ്കിലും താനും ഒരു പെണ്ണല്ലേ വെറും പച്ചയായ പെണ്ണ്.

അമ്മുക്കുട്ടിയെ തന്റെ മകൾ ആയാണ് താൻ കരുതുന്നത്.
അയൽവക്കത്തെ വീട്ടിലേക്ക് കഴിഞ്ഞകൊല്ലം അവർ താമസത്തിനെത്തിയപ്പോൾ
ഈ കുറുമ്പിപെണ്ണ് തന്റെ മനസ്സിൽ കയറിയതാണ്.

ഇടയ്ക്കു അവൾ തമാശക്ക് അമ്മേ എന്ന് വിളിക്കും. ഓഹ് അപ്പോൾ മേൽ ആസകലം കുളിരു കോരും, അറിയാതെ കണ്ണ് നിറയും.

അവൾ അമ്മുവിന്റെ മുഖത്തേക്ക് നോക്കി.

എന്തോ ആലോചനയിലാണ്അവൾ.

അതേ… അമ്മുക്കുട്ടീ… എന്താ ആലോചിക്കുന്നത്?

ഒന്നൂല്ല.

അതൊക്കെ പോട്ടെ, നമ്മൾ നല്ല മിടുമിടുക്കി ആയി , നല്ല ജോലി ഒക്കെ മേടിച് വല്യ ആളാകുമ്പോൾ ആളുകൾക്ക് നമ്മോട് ഒരിഷ്ട്ടമൊക്കെ തോന്നും.

നേരോ?

പിന്നല്ലാതെ… അപ്പോൾ ചെക്കന്മാരൊക്കെ ഈ സുന്ദരിപ്പെണ്ണിന്റെ പിറകെ നടക്കും

അയ്യേ… അവൾക്കു നാണം വന്നു. മുഖം പൊത്തി അവൾ കുനിഞ്ഞിരുന്നു.

ദേ… ഇനി അങ്ങേരെ മൈൻഡ് ചെയ്യണ്ട കേട്ടോ.

നമുക്കും ഇച്ചിരി ജാഡ ഒക്കെ വേണം.

അവൾ തലയാട്ടി.

ഇക്കൊല്ലം പത്താം ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്നത് എന്റെ അമ്മുക്കുട്ടി ആയിരിക്കണം.
ഈ നാട്ടിലെ എല്ലാരും അറിയണം അത്.

അമ്മുവിന്റെ മുഖം വിടർന്നു.

ദേ… എന്റെ കൊച്ചിന് വേണ്ടി ഇന്ന് ഞാൻ കാലത്ത് എഴുന്നേറ്റ് നല്ല അരിയുണ്ട ഉണ്ടാക്കി വച്ചായിരുന്നു.

അമ്മുവിന്റെ വീട്ടിലേക്ക് വരാൻ തോന്നില്ല ഏതു നേരോം അച്ഛമ്മയും മോളുടെ അമ്മയും വഴക്കല്ലേ..

ശരിയാ ചേച്ചീ… എനിക്കും വീട്ടിലേക്ക് പോകുന്നത് ഇഷ്ട്ടമല്ല.

മോൾക്ക്‌ ഇന്ന് ട്യൂഷൻ ഇല്ലേ?

ഉണ്ട്..

എന്നാൽ സമയം കളയണ്ട. ഈ അരിയുണ്ട കഴിച്ചിട്ട്, ദേ ഫ്ലാസ്കിൽ ചായ ഉണ്ട് അതും കുടിച്ചിട്ട് പൊയ്ക്കോ.
അപ്പോഴേക്കും ഞാനീ ചുരിദാർ ഒന്ന് തയ്ച്ചു തീർക്കട്ടെ.

ഇന്നെന്താ നേരത്തെ കട അടക്കാൻ പോകുവാണോ?

നേരത്തെ പോകണം അമ്മ ഒറ്റക്കല്ലേ…
എഴുന്നേൽപ്പിച്ചു ചായയും കൊടുത്ത് ഇച്ചിരി നേരം ഒന്ന് മുറ്റത്തു കൊണ്ടിരുത്തിയിട്ട്, കൊണ്ടെക്കിടത്തിയിട്ട് കുറച്ച് മുൻപാണ് ഞാൻ വന്നത്.
ഇനി ബാക്കി ഉള്ളത് വീട്ടിൽ കൊണ്ടുപോയി തയ്ക്കാം.

എന്നാൽ ഞാൻ പോയേക്കുവാ ചേച്ചീ…

നിന്നേ…. അവർ അവളെ ചേർത്തുപിടിച്ച് അവളുടെ നിറുകയിൽ ഉമ്മ വച്ചു.
ഒന്നും ആലോചിച്ചു വിഷമിക്കണ്ട കേട്ടോ…

ഉം.. അമ്മു തലയാട്ടി..

ട്യൂഷൻ സെന്ററിലേക്ക് നടക്കുമ്പോൾ അമ്മുവിന്റെ മനസ് ശാന്തമായിരുന്നു. തന്റെ എല്ലാ സങ്കടങ്ങൾക്കും പരിഹാരം ഉണ്ടാക്കാൻ ശരണ്യ ചേച്ചി ഉണ്ട്.
ഇപ്പോൾ തന്നെ, തന്റെ നിറുകയിൽ തന്ന ആ ഉമ്മക്ക് തന്നെ തണുപ്പിക്കാനുള്ള ശക്തിയുണ്ട്.

ഓർമ്മയുറച്ച കാലം മുതൽ ഒരിക്കലും അച്ഛനോ അമ്മയോ തനിക്കൊരു ഉമ്മ തന്നിട്ടില്ല.
പക്ഷെ ഇപ്പോൾ സങ്കടം ഇല്ല. അമ്മയെ പോലെ, ഒരു പക്ഷെ അമ്മയേക്കാൾ തന്നെ സ്നേഹിക്കുന്ന ശരണ്യ ചേച്ചി തനിക്കുണ്ട്.

അവളുടെ ചുണ്ടിൽ ഒരു കുഞ്ഞുപുഞ്ചിരി വിരിഞ്ഞു.

************

ശരണ്യ അന്ന് നേരത്തെ കട അടച്ചു.
ഇന്ന് അമ്മുവിന്റെ അമ്മ ഹിമയെ ഒന്ന് കാണണം. ചിലതൊക്കെ പറയണം..

അവർ അവിടെ താമസം തുടങ്ങിയ കാലം മുതൽ സദാ വിഷാദം നിറഞ്ഞ മുഖഭാവമുള്ള,ചിലപ്പോഴൊക്കെ വല്ലാതെ പൊട്ടിത്തെറിക്കുന്ന ഹിമയെ താൻ കാണാറുണ്ട്.

അത്ര അടുപ്പമൊന്നും ആരോടും കാണിക്കാറില്ല അവർ.

എങ്കിലും അവർക്കിടയിൽ ഉരുകി തീരുന്ന മകളെ അവർ ഓർക്കുന്നില്ല.

താനവർക്ക് ആരുമല്ല. പക്ഷെ, ചിലത് തനിക്ക് സംസാരിക്കണം.

അവൾ എന്തോ ആലോചിച്ചുറപ്പിച്ചു കൊണ്ട് അമ്മുവിന്റെ വീട്ടിലേക്ക് നടന്നു.

***********
തുടരും