രചന – കണ്ണന്റെ മാത്രം
രുദ്രനും അഭിയും തിരികെ രുദ്രന്റെ വീട്ടിൽ എത്തുമ്പോൾ നവിയും പിയയും അവർ പോകുമ്പോൾ ഇരുന്നിരുന്നപോലെ നവിയുടെ ലാപ്പും തുറന്നുവച്ച് ആ വിഷ്വൽസ് നോക്കി ഇരിപ്പുണ്ട്..
എന്തായി നന്ദൻ.. എന്തെങ്കിലും ക്ലൂ കിട്ടിയോ… അവർ ഒന്ന് സെറ്റൽഡ് ആയതും പിയ ചോദിച്ചു..
മ്മ്.. ഒരു ചെറിയ ക്ലൂ കിട്ടിയിട്ടുണ്ട്. ആദ്യം നമുക്ക് ആ വിഷ്വൽസ് ഒന്നുകൂടി കാണാം.. ഇനി ഞങ്ങൾ കാണാത്ത എന്തെങ്കിലും നിങ്ങൾ കണ്ടാലോ.. അല്ലേ രുദ്രേട്ടാ… അഭി രുദ്രനോടായി ചോദിച്ചു..
ഏത് വിഷ്വൽസ്… പിയയും നവിയും ഒരേ സ്വരത്തിൽ ചോദിച്ചു…. രുദ്രൻ മൊബൈൽ അവന്റെ ലാപ്പിലേക്ക് കണക്ട് ചെയ്യുന്ന നേരം കൊണ്ട് അഭി ഇന്ന് നടന്നത് മുഴുവൻ അവരോട് പറഞ്ഞു…
എല്ലാവരും ഇതിലേക്ക് നോക്കിയേ.. രുദ്രൻ അവരെ വിളിച്ചു. അതോടെ മൂന്നും ലാപ്പിലേക്ക് നോക്കി ശ്രദ്ധിച്ചിരുന്നു.. അതിലേ ഓരോ സീനും മൂന്നുപേരും കണ്ടു. അവസാനം വന്ന ലേഡിയെ അവർ ശ്രദ്ധിച്ചു നോക്കി. മാസ്ക് വച്ചിട്ടുള്ളത് കൊണ്ടും അകലന്ന് ആയതുകൊണ്ടും അവർക്ക് ആളെ മനസിലായില്ല..
ഇതിപ്പോ ഒന്നും മനസിലാകുന്നില്ലല്ലോ. ആ പെണ്ണ് മാസ്കും വച്ചിട്ടുണ്ട് പിന്നെ ഇത്രയും ഡിസ്റ്റൻസും.. നവി നിരാശയോടെ പറഞ്ഞുകൊണ്ട് നോക്കുമ്പോൾ അഭിയും രുദ്രനും പിയയെ നോക്കി ഇരിപ്പാണ്. നവി നോക്കുമ്പോൾ പിയ പിന്നെയും പിന്നെയും ആ സ്ത്രീ വരുന്ന ഭാഗം തന്നെ റീവൈൻഡ് ചെയ്യത് കാണുന്നുണ്ട്.. ബാക്കി മൂന്നുപേരും ആകാംഷയോടെ പിയയെ നോക്കി. ഓരോ പ്രാവശ്യം ആ വീഡിയോ കാണുംതോറും പിയയുടെ നെറ്റി കൂടുതൽ ചുളിഞ്ഞു. അവൾ വേഗം ഹോസ്പിറ്റലിൽ നിന്ന് കിട്ടിയ വിഷ്വൽസും നോക്കി തുടങ്ങി. കുറച്ചുനേരത്തെ തിരച്ചിലിന് ശേഷം ഒരു വിജയചിരിയോടെ ലാപ്പ് അവരുടെ നേരെ തിരിച്ചു. അപ്പൊ അതിൽ ഒരു പെണ്ണ് മുഖം മാത്രം തിരിച്ച് നോക്കി നിൽക്കുന്ന ഒരു ഫോട്ടോ ഉണ്ട്. അതിലേക്ക് നോക്കിയതും മൂന്നുപേരും ഒരുപോലെ ഞെട്ടി. അത് പക്ഷേ അതിലെ പെണ്ണിനെ കണ്ടിട്ട് ആയിരുന്നില്ല.. അവർ ധരിച്ചിരിക്കുന്ന വസ്ത്രം കണ്ടിട്ടായിരുന്നു… അത് മിത്രയുടെയും കാശിയുടെയും അടുത്തേക്ക് വന്ന അതേ സ്ത്രീ ആണെന്ന് ഒറ്റനോട്ടത്തിൽ തന്നെ അവർക്ക് മനസിലായി..
പിയ തനിക്ക് എങ്ങനെ മനസിലായി ഇത് സെയിം ആളാണ് എന്ന്.. രുദ്രൻ അവളോട് ചോദിച്ചു. ബാക്കി രണ്ടാളുടെ മുഖത്തും ഉണ്ടായിരുന്നു ഇത് അവൾക്ക് എങ്ങനെ മനസിലായി എന്നറിയാൻ ഉള്ള ആകാംഷ…
നേരത്തേ രുദ്രേട്ടൻ പോകുമ്പോൾ പറഞ്ഞിരുന്നില്ലേ ഹോസ്പിറ്റലിൽ നിന്ന് കിട്ടിയ വീഡിയോസ് ഒന്ന് നന്നായി തപ്പി എന്തെങ്കിലും സംശയസ്പദമായി കാണുന്നുണ്ടോ എന്ന് നോക്കാൻ.. നേരത്തേ ഞാൻ ഈ വിഷ്വൽസ് നോക്കികൊണ്ടിരിക്കുമ്പോൾ തന്നെ ഇവരെ ഒന്ന് ശ്രദ്ധിച്ചിരുന്നു. അതാ പാർക്കിങ്ങിലെ വീഡിയോയിൽ ആ സ്ത്രീയെ കണ്ടപ്പോൾ.. സ്‌പെഷ്യലി അവരുടെ വസ്ത്രം കണ്ടപ്പോൾ സംശയം തോന്നിയത്..
അതെന്താ നീ അവരെ പ്രത്യേകം ശ്രദ്ധിക്കാൻ കാരണം.. അഭി ചോദിച്ചു..
നിങ്ങൾ അവർ ഹോസ്പിറ്റലിലേക്ക് വരുന്ന സമയം കണ്ടോ.. അവൾ അവരെ ആ വീഡിയോയിൽ ഉള്ള സമയം കാട്ടികൊണ്ട് പറഞ്ഞു.. ഒരു രണ്ടും കെട്ട സമയത്താണ് വരുന്നത്. ആ സമയത്ത് ഷിഫ്റ്റ് ഒന്നും ചേഞ്ച് ആവുന്ന സമയം അല്ല. ഇനി ഓഫീസ് സ്റ്റാഫ് ആണെങ്കിലും ഡ്യൂട്ടിക്ക് കയറേണ്ട സമയം കഴിഞ്ഞു.. പിന്നെ അവരുടെ ബോഡി ലാംഗ്വേജ് ശ്രദ്ധിച്ചോ.. എന്തോ ടെൻഷൻ ഉള്ളത് പോലെ ഇല്ലേ…
അവർ ശ്രദ്ധിച്ചപ്പോൾ ശരിയാണ്.. ആകെ ഒരു വെപ്രാളം തോന്നുന്നുണ്ട് അവരുടെ പ്രവർത്തികളിൽ..
ഇനിയിപ്പോ എന്തിനാ വെയിറ്റ് ചെയ്യുന്നത്. നേരെ പോയി ആ സ്ത്രീയെ പൊക്കിയാൽ പോരെ.. നവി പറഞ്ഞു..
പറ്റില്ല നവി.. അങ്ങനെ വന്നാൽ ബാക്കി ഉള്ളവർ വിജിലന്റ് ആകും. ആർക്കും സംശയം തോന്നാത്ത രീതിയിൽ വേണം അവരോട് ഇടപെടാൻ.. രുദ്രൻ പറഞ്ഞു..
ഇനിയിപ്പോ എന്താ വഴി.. നവി ആലോചനയോടെ പറഞ്ഞു..
ഇവരെ എനിക്ക് നല്ല പരിചയം തോന്നുന്നുണ്ട്. പക്ഷേ എവിടെയാണെന്ന്… അഭി പറഞ്ഞു നിർത്തി..
അല്ല നിങ്ങൾ എന്തിനാ ഇത്ര ബേജാർ ആകുന്നത്.. അവർ നഴ്സിംഗ് സ്റ്റേഷനിലേക്ക് പോകുന്നത് കണ്ടാൽ തന്നെ അറിയില്ലേ അവർ അവിടെ വർക്ക് ചെയ്യുന്നത് ആണ് എന്ന്. അതുമാത്രം അല്ല മിത്രേച്ചിയും ആയിട്ട് അവർ മിംഗിള്‍ ആകുന്ന രീതി കണ്ടാൽ അറിയില്ലേ അവർക്ക് മിത്രേച്ചിയെ നല്ല പരിചയം ആണെന്ന്… അപ്പൊ കാത്തുവേച്ചിക്കും അവരെ പരിചയം ഉണ്ടാകാൻ സാധ്യത ഇല്ലേ… ചേച്ചിയും അവിടെ തന്നെ അല്ലേ വർക്ക് ചെയ്യുന്നത്.. ആ ഫോട്ടോ ഒന്ന് അയച്ചുകൊടുക്ക് ആൾക്ക്.. പിയ ആ പെണ്ണിന്റെ ഫോട്ടോ കാട്ടികൊണ്ട് പറഞ്ഞു..
അപ്പോഴാണ് മൂന്നിനും ആ ഒരു ബോധം പോയത്. നവി വേഗം ആ പിക് ഒരു ഫോട്ടോ എടുത്ത് കാത്തുവിന് അയച്ചു.. പിന്നെ അവളെ ഫോൺ വിളിച്ചു..
എന്താ നവിയേട്ടാ… ഫോൺ എടുത്തതും കാത്തു ചോദിച്ചു…
ആഷി വാട്സാപ്പിൽ ഞാനൊരു ഫോട്ടോ വിട്ടിട്ടുണ്ട്. ഒന്ന് നോക്കുമോ അത്. എന്നിട്ട് നിനക്ക് ആ ആളെ അറിയുമോ എന്നൊന്ന് പറയോ..
ആ.. നോക്കട്ടെ.. അതും പറഞ്ഞ് കാത്തു വാട്സാപ്പ് തുറന്ന് അതിൽ നവി അയച്ചിട്ടുള്ള ഫോട്ടോ ഡൌൺലോഡ് ചെയ്ത് നോക്കി..
ഏട്ടാ.. ഇത് ആഗ്നസ് സിസ്റ്റർ ആണല്ലോ.. എന്താ ഏട്ടാ ഇവരുടെ ഫോട്ടോ നിങ്ങളുടെ കൈയിൽ…
അതൊക്കെ പറയാം.. നിനക്ക് ഇവരെകുറിച്ച് എന്തൊക്കെ അറിയാം..
അങ്ങനെ കാര്യമായിട്ട് ഒന്നും എനിക്ക് അറിയില്ല.. മിത്രേച്ചിയും ആയി നല്ല അടുപ്പം ആയിരുന്നു അവർ.. നല്ല സ്വഭാവം ആണ്..എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു അവരുടെ ലൈഫിൽ. മിത്രേച്ചി ഇടയ്ക്കിടെ പൈസ ഒക്കെ കൊടുക്കാറുണ്ട് അവർക്ക്…
മ്മ്… എങ്കിൽ ശരി ആഷി… പിന്നെ വിളിക്കാം… നവി അത് പറഞ്ഞ് കാൾ കട്ട് ചെയ്തു..
അപ്പൊ ഇനി സിസ്റ്റർ ആഗ്നസ് അല്ലേ… അഭി രുദ്രനെ നോക്കി ചോദിച്ചു..
മ്മ്.. അതിന് മുൻപ് എനിക്ക് ഡോക്ടർ ദേവദത്തനെ കുറിച്ച് കൂടുതൽ അറിയണം… രുദ്രൻ പറഞ്ഞു..
അമ്മാവന് അറിയാമായിരിക്കും അയാളെ കുറിച്ച് കുറച്ചുകൂടി. അവർ കുറേ നാളായിട്ടുള്ള പരിചയം ആണ്.. നവി പറഞ്ഞു..
മ്മ്… പിയ താൻ ഒന്ന് അച്ഛനോട് സംസാരിക്കുമോ അയാളെ കുറിച്ച്. കാശിയുടെയും മിത്രയുടെയും കണ്ടെത്തലുകൾ പറഞ്ഞോ.. അല്ലെങ്കിൽ ഈ ന്യൂസ് പുറത്ത് വരുമ്പോൾ അങ്കിളിന് അത് ഒരു ഷോക്ക് ആവും..
മ്മ്.. ശരി രുദ്രേട്ടാ… പിയ അതിന് സമ്മതിച്ചു..
ഇനിയിപ്പോ എന്താ അടുത്ത പരിപാടി ഇന്ന് ഇനി ആഗ്നസ് സിസ്റ്ററുടെ അടുത്തേക്ക് പോകുന്നുണ്ടോ.. നവി ചോദിച്ചു..
മ്മ്… വേണ്ടാ.. നാളെ പോകാം.. അവരെ നേരിട്ട് ഹോസ്പിറ്റലിൽ ചെന്ന് കാണുന്നത് റിസ്ക് ആണ്. എന്റെ ഒരു അനുമാനം വച്ചിട്ട് നമ്മൾ ഇപ്പോഴും നിരീക്ഷിക്കപ്പെടുന്നുണ്ടാവാം.. രുദ്രൻ പറഞ്ഞു..
അപ്പൊ എങ്ങനെ അവരെ നമ്മൾക്ക് കിട്ടും.. അഭി ചോദിച്ചു..
നമ്മൾ അല്ലാതെ ഒരാൾ പോയി അവരെ ഹോസ്പിറ്റലിൽ കാണണം. കാത്തു പറഞ്ഞത് വച്ച് നല്ല സ്വഭാവം ആണ് ആളുടെ. പിന്നെ എന്തിന് ഇങ്ങനെ ഒരു പാതകത്തിന് കൂട്ടുനിന്നു എന്ന് അറിയണമെങ്കിൽ അവർ നമ്മളുടെ മുൻപിൽ എത്തണം… രുദ്രൻ പറഞ്ഞു..
കാത്തു സംസാരിച്ചാലോ… നവി ചോദിച്ചു..
വേണ്ട… കാത്തു ശരിയാവില്ല… വേറെ ആരെങ്കിലും വേണം… രുദ്രൻ പറഞ്ഞു..
ആമി ആയാലോ.. അഭി ചോദിച്ചു..
രുദ്രൻ ആരാ ആമി എന്ന രീതിയിൽ അഭിയെ നോക്കി..
എന്റെ പെങ്ങൾ ആണ്.. അഭി പറഞ്ഞു..
അയാൾക്ക് ഒക്കെ ആകുമോ.. രുദ്രൻ ചോദിച്ചു..
അവൾക്ക് പ്രോബ്ലം ഒന്നും ഉണ്ടാവാൻ സാധ്യത ഇല്ല..അഭി പറഞ്ഞു..
അങ്ങനെ ആണെങ്കിൽ അയാളോട് നാളെ ഒന്ന് വരാൻ പറയൂ. നമുക്ക് ആളോട് എല്ലാ കാര്യങ്ങളും സംസാരിച്ചിട്ട് വേണം അങ്ങോട്ട് വിടാൻ…
ഞാൻ നാളെ അവളോട് ഇങ്ങോട്ട് വരാൻ പറയാം രുദ്രേട്ടാ..നമുക്ക് അവളോട് എല്ലാം സംസാരിച്ചിട്ട് വിടാം… അഭി പറഞ്ഞു..
എങ്കിൽ നമുക്ക് നാളെ കാണാം…. അതോടെ അവർ എല്ലാവരും രുദ്രനോട് പറഞ്ഞിട്ട് വീട്ടിലേക്ക് പുറപ്പെട്ടു..
…………………
അച്ഛാ…. രാത്രി പിയയും അഭിയും നവിയും കൂടി ഹരിയുടെയും പപ്പന്റെയും അടുത്തേക്ക് വന്നിട്ട് വിളിച്ചു..
എന്താ മുത്തേ… പപ്പൻ ചോദിച്ചു.
അച്ഛാ.. ഞങ്ങൾക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്.. നമുക്ക് ഓഫീസ് റൂമിലേക്ക് ഇരിക്കാം.. പിയ പറഞ്ഞിട്ട് ഓഫീസ് റൂമിലേക്ക് നടന്നു. അതിന് പിന്നാലെ തന്നെ ബാക്കി ഉള്ളവരും അങ്ങോട്ട് നടന്നു..
എന്താ കാര്യം മുത്തേ… എല്ലാവരും അവിടെ ഉള്ള സോഫയിൽ ആയി ഇരുന്നതും ഹരി ചോദിച്ചു..
അതോടെ പിയ ഒരു ദീർഘ നിശ്വാസം എടുത്തുകൊണ്ട് കാശിയുടെയും മിത്രയുടെയും ആക്‌സിഡന്റ് മുതൽ ഉള്ള കാര്യങ്ങൾ മുഴുവൻ അവരോട് പറഞ്ഞു. കാശി കരുതി വച്ച തെളിവുകളുടെ കാര്യവും അവയവകടത്തും
Dr. ദേവദത്തന്റെയും സ്‌കറിയ ഡോക്ടറുടെയും കാര്യങ്ങളും അങ്ങനെ എല്ലാം അവരോട് പറഞ്ഞു..
ഹരിയും പപ്പനും അപ്പോഴും കേട്ടകാര്യങ്ങൾ ഒന്നും വിശ്വസിക്കാൻ പറ്റാതെ നിൽപ്പായിരുന്നു. ഇത്രയൊക്കെ ആ ഹോസ്പിറ്റലിൽ നടക്കുന്നുണ്ട് എന്ന് സത്യത്തിൽ അവർക്ക് വിശ്വസിക്കാൻ പറ്റുന്നുണ്ടായില്ല. അതും ദത്തൻ അങ്ങനെ ഒരാൾ ആണെന്ന് അവർക്ക് സങ്കൽപ്പിക്കാൻ വരെ കഴിയുന്നുണ്ടായില്ല..
അച്ഛാ..ദത്തൻ ഡോക്ടറെ എനിക്ക് കുറച്ചുകൂടി വ്യക്തമായി അറിയണം. നിങ്ങൾക്ക് അറിയുന്ന കാര്യങ്ങൾ പറഞ്ഞ് തരാമോ..
അയാൾ ആദ്യമായി എന്നെ കാണാൻ വരുന്നത് ആ ഹോസ്പിറ്റലിന്റെ പ്രൊജക്റ്റും കൊണ്ടാണ്. ആദ്യം എനിക്ക് വലിയ താൽപ്പര്യം തോന്നിയില്ലെങ്കിലും ആ ചാരിറ്റി കേസും മറ്റും കേട്ടപ്പോൾ നാട്ടുകാർക്ക് നല്ലതിനല്ലേ എന്ന് കരുതി ആണ് ഞാൻ അതിലേക്ക് ഇറങ്ങിയത്..അതുമാത്രം അല്ല ദത്തന് നല്ല ഡോക്ടർ എന്നൊരു പേരും ഉണ്ടായിരുന്നു. അപ്പൊ അയാളുടെ കീഴിൽ ഒരു ഹോസ്പിറ്റൽ വന്നാൽ അതു നല്ലതല്ലേ എന്നാണ് ഞാൻ ചിന്തിച്ചത്..
അല്ല അമ്മാവാ.. നിങ്ങൾ രണ്ടുപേർ അല്ലാതെ വേറെ ഒരു ആളും കൂടെ ഇല്ലേ പാർട്ണർ ആയിട്ട്. ഒരു ലോനപ്പൻ.. അയാളുടെ കാര്യം എങ്ങനെ ആണ്..
അയാളെ കുറിച്ച് എനിക്കും വലിയ അറിവ് ഒന്നും ഇല്ല. എന്റെ പോലെ തന്നെ പൈസ ഇറങ്ങിയിട്ടുണ്ട് അയാള് എന്നല്ലാതെ വേറെ കാര്യം ആയിട്ടൊന്നും അറിയില്ല. ഒരു NRI ആണെന്ന് അറിയാം. ഞാൻ പാർട്ണർഷിപ്പിൽ ആവുന്നതിന് മുൻപേ ഇവർ രണ്ടാളും പാർട്ണർസ് ആണ്. ഒരിക്കൽ മാത്രം ഫോണിൽ സംസാരിച്ചിട്ടുണ്ട് ഞാൻ അയാളും ആയിട്ട്..
ഈ ദത്തൻ ഡോക്ടറുടെ ഫാമിലി ഒക്കെ… അഭി ചോദിച്ചു..
അനാഥനാണ് എന്നാണ് അറിഞ്ഞത്.. പിന്നെ കല്യാണം ഒന്നും കഴിച്ചിട്ടില്ല. ജീവിതം മുഴുവൻ ആതുരസേവനത്തിനായി ഉഴിഞ്ഞ് വച്ചിരിക്കുകയാണെന്ന് എപ്പോഴും പറയും…
അതേ നല്ല ബെസ്റ്റ് സേവനം ആണ് അയാളുടെ.. പിയ ഒരു പുച്ഛത്തോടെ പറഞ്ഞു..
അല്ല മുത്തേ.. ഇപ്പൊ ഈ അവയവകടത്തിന്റെ ഒക്കെ ന്യൂസ് വന്നാൽ…. പപ്പൻ മുഴുവൻ ആക്കാതെ നിർത്തി..
ആ ഹോസ്പിറ്റൽ എന്തായാലും അടച്ചുപ്പൂട്ടും… പക്ഷേ അത് അച്ഛനെ ബാധിക്കില്ലായിരിക്കും അല്ലേ… പിയ എല്ലാവരെയും നോക്കി കൊണ്ട് ചോദിച്ചു..
ഒരിക്കലും ബാധിക്കില്ല. നീ അതിൽ പൈസ ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട് എന്നേ ഉള്ളൂ. അല്ലാതെ ആ ഹോസ്പിറ്റലിന്റെ വർക്കിങ്ങിൽ നിനക്ക് ഒരു അധികാരവും ഇല്ല. ഈ ഹോസ്പിറ്റലും മറ്റും ആയതുകൊണ്ട് അങ്ങനെ ആണ് ഞാൻ എഗ്രിമെന്റ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അവിടെ എന്ത് സംഭവിച്ചാലും ഒരു രീതിയിലും നീ ഉത്തരവാദി അല്ല എന്ന് ആ എഗ്രിമെന്റിൽ പ്രത്യേകം ഉണ്ട്. അതുമാത്രം അല്ല ആ ഹോസ്പിറ്റലിൽ നിന്ന് കിട്ടുന്ന പ്രോഫിറ്റ് വരുന്ന അക്കൗണ്ട് നേരിട്ട് തണൽ എന്ന NGO ആയിട്ട് കണക്റ്റഡ് ആണ്. നീ അതിൽ നിന്ന് പത്തുപൈസ എടുക്കുന്നില്ല.. അതൊക്കെ തന്നെ ധാരാളം ആണ് നിനക്ക് എതിരെ പ്രോബ്ലെംസ് ഒന്നും വരാതെ ഇരിക്കാൻ…
എന്തായാലും ആ ലിസ്റ്റിൽ ഉള്ള ആളുകളെ ഒന്ന് നോട്ട് ചെയ്യണം ട്ടോ നവി. നമുക്ക് അവരെ എങ്ങനെയെങ്കിലും സഹായിക്കണം.. പപ്പൻ നവിയോടായി പറഞ്ഞു..
ഇപ്പൊ ഒന്നും വേണ്ടാ അച്ഛാ.. ആദ്യം ഈ അന്വേഷണം ഒക്കെ ഒന്ന് കഴിയട്ടെ.. എന്നിട്ട് മതി.. അഭി പറഞ്ഞു..
അഭി പറഞ്ഞതാണ് അതിന്റെ ശരി.. ഇപ്പൊ നമ്മൾ ഒന്നും അറിഞ്ഞിട്ടില്ല എന്നപോലെ പ്രവർത്തിച്ചാൽ മതി അമ്മാവാ…
മ്മ്.. പപ്പൻ ഒന്ന് മൂളി. അപ്പോഴും അയാളുടെ മനസാകെ അസ്വസ്ഥമായിരുന്നു…
തുടരും

by