03/06/2026

ശ്രീനന്ദനം : ഭാഗം 56

രചന : കണ്ണൻ്റെ മാത്രം

പിറ്റേന്ന് അഭിയും പിയയും കൂടി വേണുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു., ഇന്നലെ വകീൽഓഫീസിൽ നടന്ന കാര്യങ്ങൾ പിയയോട് പറഞ്ഞപ്പോൾ തന്നെ അവൾ ഇന്ന് പോകാൻ ഓക്കേ പറഞ്ഞിരുന്നു.. അതുമാത്രം അല്ല ആ നായക്ക് ഏറ്റവും വലിയ ശിക്ഷ തന്നെ വാങ്ങി കൊടുക്കണേ എന്ന് പറയുകയും ചെയ്തു…. അഭിയും പിയയും വേണുവിന്റെ വീടിന്റെ അവിടേക്കുള്ള വഴിയുടെ അടുത്തായി നിർത്തി… അവരുടെ വീടിന് മുൻപിലേക്ക് നടന്നുപോകാൻ ഒരു മൂന്നടി വഴി ഉണ്ട്… രണ്ടാളും കാറിൽ നിന്ന് ഇറങ്ങി ചുറ്റുപാടും ഒക്കെ നോക്കി മുന്നോട്ട് നോക്കിയപ്പോൾ ആണ് തങ്ങളുടെ അടുത്തേക്ക് ദൃതിയോടെ വരുന്ന വേണുവിനെ അവർ കണ്ടത്…

സാർ.. വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായോ…
ഏയ്യ് ഇല്ലെടോ…. അഭി ഒരു ചിരിയോടെ പറഞ്ഞു…. അപ്പോഴാണ് വേണു പിയയെ
ശ്രദ്ധിക്കുന്നത് അവൻ കണ്ടത്…വേണു.. ഞാൻ പരിചയപ്പെടുത്താൻ മറന്നു.. ഇതെന്റെ വൈഫ്‌ ശ്രീപ്രിയ പത്മനാഭൻ.. ജേർണലിസ്റ്റ് ആണ്…വേണു അവളെ നോക്കി കൈകൂപ്പി കാട്ടി.. തിരികെ പിയയും..സാറ് വായോ.. മാഡം… വേണു രണ്ടാളെയും വീട്ടിലേക്ക് ക്ഷണിച്ചിട്ട് മുന്നിൽ നടന്നു.. അയാളുടെ പിന്നിലായി അഭിയും പിയയും നടന്നു… കുറച്ചുനേരം നടന്നതും വേണു ഒരു ചെറിയ ഓടിട്ട വീടിനു മുന്നിൽ നിന്നു… പിയയും അഭിയും ചുറ്റും നോക്കികൊണ്ട്‌ അയാളുടെ പിന്നിലായി നിന്നു…

പത്മാ… അയാൾ വിളിച്ചതും പത്മയും ഒരു 50 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീയും ഇറങ്ങി വന്നു…എന്റെ അമ്മയാണ്… വേണു അവരെ പരിചയപ്പെടുത്തികൊടുത്തു.. പിയയും അഭിയും അവരെ നോക്കി ചിരിച്ചു… അവർ തിരിച്ചും…
വരൂ സാർ… ഉള്ളിലേക്ക് ഇരിക്കാം… വേണു പറഞ്ഞു…വേണ്ട വേണു.. നമുക്ക് ആ അംഗൻവാടിയുടെ അടുത്തേക്ക് പോകാം… എനിക്ക് അവിടെ ഒക്കെ ഒന്ന് കാണണം.. അംഗൻവാടിയും…

ആ അംഗൻവാടി അടച്ചു സാർ… അവിടെ ഉണ്ടായിരുന്നു ടീച്ചർക്കും ആയക്കും സസ്പെന്ഷൻ ആണ്. അവരുടെ ശ്രദ്ധയില്ലായ്മ കാരണം ആണ് കുഞ്ഞിന് ഇത് ആയത് എന്നും പറഞ്ഞ് നാട്ടുകാർ ആകെ പ്രശ്നമാക്കി.. അതോടെ അവർക്ക് സസ്പെന്ഷൻ ആയി. അംഗൻവാടി അടക്കുകയും ചെയ്തു. ഇനി പുതിയ ടീച്ചറെ നിയമിച്ചിട്ടേ അത് തുറക്കൂ… വേണു അംഗൻവാടി ഉള്ള ഭാഗത്തേക്ക്‌ നടന്നുകൊണ്ട് പറഞ്ഞു…അവർ മൂന്നാളും കൂടി അവിടെ എല്ലാം പോയി നോക്കിയിട്ടാണ് വേണുവിന്റെ വീട്ടിലേക്ക് എത്തിയത്… അവിടെ എത്തി കുറച്ചുനേരം ഇരുന്നിട്ടാണ് അവർ പോകാനായി ഇറങ്ങിയത്…വണ്ടിയുടെ അവിടെ എത്തുന്നത് വരെ വേണുവും കൂടെ പോയി…

സാർ… എന്റെ കുഞ്ഞ്… വേണു അഭിയുടെ കൈകൾകൂട്ടിപിടിച്ചുകൊണ്ട്പറഞ്ഞു….വിഷമിക്കേണ്ട വേണു തന്റെ കുഞ്ഞിന് നീതി കിട്ടും.. ഞാൻ അത് തനിക്ക് തരുന്ന വാക്കാണ്…അഭി അത് പറഞ്ഞതും വേണു നിറഞ്ഞ കണ്ണോടെ അവർക്ക് നേരെ കൈകൂപ്പി കാട്ടി… അഭി അയാളുടെ തോളിൽ ഒന്ന് തട്ടിയിട്ട് വണ്ടിയിലേക്ക് കയറി.. അവരുടെ കാർ കണ്ണിൽ നിന്ന് മറയുവോളോം വേണു അത് നോക്കി നിന്നു…

…………………..

രണ്ട് ദിവസം പെട്ടന്ന് കടന്നുപോയി… അഭിയും പിയയും അവരവരുടെ ഓഫീസിലേക്ക് പോകാനുള്ള തയ്യാറെടുപ്പിൽ നിൽക്കുന്ന നേരത്താണ് സാവിത്രിയമ്മ വന്നിട്ട് അഭിയെ കാണാൻ ആരോ വന്നിട്ടുണ്ട് എന്ന് പറഞ്ഞത്… അഭി ആരാ ഈ സമയത്ത് എന്നുള്ള ഒരു സംശയത്തോടെ ആണ് ഫ്രന്റിലേക്ക് പോയത്.. ആരോ പുറം തിരിഞ്ഞു നിൽക്കുന്നതാണ് അഭി വന്നപ്പോൾ കണ്ടത്…ആരാ… അഭി അയാളുടെ പിന്നിലായി വന്നു നിന്നുകൊണ്ട് ചോദിച്ചു…ഞാൻ വർഗീസ് പഞ്ഞിക്കാരൻ.. ഒരു പാവം ബിസിനസുക്കാരൻ ആണേ…തന്റെ നേരെ തിരിഞ്ഞു സംസാരിക്കുന്ന ആളെ കണ്ടതും അഭിയുടെ മുഖത്ത് പുച്ഛം നിറഞ്ഞു… അവൻ അതെ പുച്ഛത്തോടെ തന്നെ ചോദിച്ചു..

എന്തിനാണാവോ ഈ പാവം ബിസിനസുക്കാരൻ എന്നെ കാണാൻ വന്നത്…അത് നിനക്ക് അറിയില്ലയോ.. നിന്റെ മുഖം വിളിച്ച് പറയുന്നുണ്ടല്ലോ നിനക്ക് എന്നെ നന്നായി മനസിലായെന്ന്… അയാൾ കണ്ണുകൾ കുറുക്കികൊണ്ട് പറഞ്ഞു..പിന്നെ മനസിലാകാതെ ഇരിക്കുമോ വഴിക്ക് വഴിയാലേ തന്റെ ദൂതന്മാർ എന്നെ കാണാൻ വന്നപ്പോഴേ ഞാൻ അന്വേഷിച്ചറിഞ്ഞിരുന്നു ഈ വർഗീസ് പഞ്ഞിക്കാരനെ കുറിച്ച്…

അപ്പൊ പിന്നെ വേറെ അതുമിതും പറഞ്ഞ് സമയം കളയണ്ടല്ലോ… എന്റെ ചെറുക്കാനൊരു തെറ്റുപറ്റി.. പക്ഷേ അവന്റെ അപ്പനെന്ന നിലയിൽ അവനെ രക്ഷിക്കേണ്ടത് എന്റെ കടമ അല്ലേ.. അപ്പൊ എങ്ങനെയാ നമുക്കൊന്ന് ഇരുന്ന് സംസാരിക്കാലോ ലേ… അയാൾ അതും പറഞ്ഞ് അഭിയുടെ സമ്മതം കിട്ടുന്നതിന് മുൻപ് തന്നെ ഉള്ളിലേക്ക് കയറി സോഫയിൽ ആയി ഇരുന്നു…
അഭി ഉള്ളിൽ തോന്നിയ ദേഷ്യം അടക്കികൊണ്ട് ഉള്ളിലേക്ക് കയറി അയാളുടെ മുന്നിലായി ഇരുന്നു…
പഴയ വീടാണ്.. അല്ലിയോ… അയാൾ ആകെ മൊത്തം നോക്കികൊണ്ട്‌ ചോദിച്ചു…മ്മ്.. അഭി ഒന്ന് മൂളി…

ഈ കാൽകാശിന് വകയില്ലാത്തവരുടെ വക്കാലത്തൊക്കെ ഏറ്റെടുത്താൽ ഇത് തന്നെ ആവും അവസ്ഥ… ഞാൻ ഒരു ഓഫർ വെക്കട്ടെ.. നീ ഇപ്പോ എന്റെ മോന് എതിരെ ഏറ്റെടുത്ത വക്കാലത്ത് അങ്ങോട്ട് വേണ്ടാന്ന് വെക്ക്.. നിനക്ക് വേണ്ടതൊക്കെ ഞാൻ തരാം…മനസിലായില്ല… അഭി മുറുകിയ മുഖത്തോടെ പറഞ്ഞു..ആ പെണ്ണില്ലേ അനുഷ്ക.. അവളുടെ വക്കാലത് അങ്ങോട്ട് വേണ്ടാന്ന് വെക്കാൻ.. നിനക്ക് എന്താ വേണ്ടത് എന്ന് വച്ചാൽ ഞാൻ തരാം… നമുക്ക് ഈ വീടൊക്കെ ഒന്ന് പുതുക്കി പണിയാം. നീ ഒന്നും അറിയണ്ട എല്ലാം ഞാൻ നോക്കിക്കോളാം… എന്താ അഭിപ്രായം…

എഴുന്നേൽക്കെടോ… അഭി അയാളുടെ നേരെ നോക്കി ശാന്തമായി പറഞ്ഞു…അയാൾ അവനെ തന്നെ നോക്കി ഇരുന്നു…ച്ചീ.. എഴുന്നേൽക്കെടോ.. പന്ന*******….അഭിയുടെ ആ ആക്രോശത്തിൽ അയാൾ ഞെട്ടിപിടഞ്ഞെഴുന്നേറ്റു….താൻ എന്താ കരുതിയത് തന്റെ നക്കാപ്പിച്ച പണത്തിനു വേണ്ടി എന്തും ചെയ്യാൻ ഈ അഭിനന്ദ് തയ്യാറാവും എന്നോ..ഒന്നും ഇല്ലാതിരുന്ന കാലത്തും തെറ്റിലൂടെ സഞ്ചരിച്ചിട്ടില്ല ഞാൻ… പിന്നെയല്ലേ ഇപ്പൊ… പിന്നെ താൻ പറഞ്ഞില്ലേ ആ പെണ്ണെന്ന്.. അതൊരു കുഞ്ഞല്ലെടോ..4 വയസ്സ് മാത്രമുള്ള ഒരു കുഞ്ഞ്.. അതിനെയല്ലെടോ അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത തന്റെ മോൻ ഒരു വെറുപ്പിടിച്ച നായയെ പോലെ കടിച്ചു കുടഞ്ഞത്… എന്നിട്ട് അയാൾ വന്നിരിക്കുകയാണ് അവനെ രക്ഷിക്കണം എന്ന് പറഞ്ഞുകൊണ്ട്.. തന്റെ കിങ്കരന്മാരോട് പറഞ്ഞത് തന്നെയേ തന്നോടും പറയുന്നുള്ളു. എന്നോട് കൊണ്ട് പറ്റുന്നപോലെ അവന് മാക്സിമം ശിക്ഷ… വധശിക്ഷ തന്നെ വാങ്ങി കൊടുക്കാൻ ഞാൻ നോക്കും… താൻ എന്താണ് എന്ന് വച്ചാൽ അങ്ങോട്ട് ചെയ്യ്… അഭി മുറുകിയ മുഖത്തോടെ പറഞ്ഞു…

എടാ കൊച്ചനെ.. നിനക്ക് ഇപ്പോഴും ഈ വർഗീസ് ആരാണെന്ന് മനസിലായിട്ടില്ല… എനിക്കെതിരെ നീ തിരിയുന്നത് നിന്റെ നാശത്തിന് ആയിരിക്കും…. അയാൾ ഭീഷിണിയുടെ സ്വരത്തിൽ പറഞ്ഞു…
എന്ത് നാശമാണ് താൻ ഉദ്ദേശിക്കുന്നത് വർഗീസേ…. വാതിലിന്റെ അവിടെനിന്നുള്ള ചോദ്യം കേട്ടപ്പോൾ ആണ് വർഗീസും അഭിയും അങ്ങോട്ട് നോക്കിയത്.. പപ്പനും ഹരിയും ഉണ്ടായിരുന്നു അവിടെ….പത്മനാഭൻ സാർ… വർഗീസ് മിഴിഞ്ഞ കണ്ണോടെ പറഞ്ഞു….താൻ പറഞ്ഞില്ല തനിക്കെതിരെ അവൻ തിരിഞ്ഞാൽ എന്ത് നാശമാണ് അവന് ഉണ്ടാകാൻ പോകുന്നത്… ഏഹ്… പപ്പൻ അയാളുടെ മുന്നിൽ നിന്ന് മുറുകിയ ശബ്ദത്തിൽ എന്നാൽ പുച്ഛത്തോടെ ചോദിച്ചു….

അത്.. അത് സാർ ഞാൻ…. വർഗീസ് നിന്ന് വിക്കി..ഭീഷിണി മുഴക്കാനും മറ്റും ഇറങ്ങുമ്പോൾ ആരെയാണെന്ന് നന്നായി അന്വേഷിച്ചിട്ട് വേണ്ടേ വർഗീസേ ഇറങ്ങാൻ…. പപ്പൻ വർഗീസിന്റെ തോളിൽ കൈവച്ച് ഒന്നമർത്തികൊണ്ട് ചോദിച്ചു…
അഭി അപ്പോഴും മുന്നിൽ കാണുന്ന കാഴ്ച്ചയിൽ മിഴിഞ്ഞുനിൽപ്പായിരുന്നു… പപ്പന്റെ അങ്ങനെ ഒരു മുഖവും സംസാരവും ആദ്യമായി കാണുന്നതിന്റെ ഒരു പകപ്പിൽ ആയിരുന്നു അവൻ…അത് സാർ… എനിക്കറിയില്ലായിരുന്നു ഇവൻ സാറിന് വേണ്ടപ്പെട്ടയാളാണെന്ന്… അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇങ്ങോട്ട് വരില്ലായിരുന്നു.. അയാൾ ഭയത്തോടെ പറഞ്ഞു…മ്മ്… ഇനിയൊരിക്കൽ കൂടി തന്റെ ഉമ്മാക്കിയും കൊണ്ട് എന്റെ കുഞ്ഞുങ്ങൾക്ക് നേരെ വന്നാൽ അറിയാലോ തനിക്കെന്നെ… പപ്പൻ വന്യമാർന്ന ഒരു ചിരിയോടെ പറഞ്ഞു…

ഇനിയൊരിക്കലും ഉണ്ടാകില്ല സാർ.. എന്നോട് ക്ഷമിക്കണം… അയാൾ അതും പറഞ്ഞുകൊണ്ട് വേഗം അവിടെ നിന്നുപോയി…പപ്പേ… അച്ഛൻ വല്ല ഡോണും ആണോ… വർഗീസ് പോയി അവർ എല്ലാം അവിടെ സോഫയിൽ ആയി ഇരുന്നതും അഭി ചോദിച്ചു…ഡോണോ… അതുക്കും മേലെ.. നീ എന്താ നിന്റെ അമ്മായിഅച്ഛനെ കുറിച്ച് കരുതിവച്ചിരിക്കുന്നത്…. അവൻ ഇപ്പൊ ഒന്ന് ഒതുങ്ങിയത് അല്ലേ.. പണ്ട് ഇവനുവേണ്ടി കേസ് വാദിക്കാൻ കോടതിയിൽ പോകാനേ എനിക്ക് നേരം ഉണ്ടായിരുന്നുള്ളൂ…ഹരി ഒരു ചിരിയോടെ പറഞ്ഞു….

പോടാ.. അങ്ങനെ ഒന്നുമില്ല മോനെ..
ബിസിനസ്‌ ഫീൽഡ് അല്ലേ അപ്പൊ കുറച്ച് ഗുണ്ടായിസം ഒക്കെ ഇല്ലാതെ മുന്നോട്ട് പോകാൻ പറ്റില്ലല്ലോ. അത്രെയേ ഉള്ളൂ.. അല്ലാതെ ഇവൻ പറയുന്നത് പോലെ ഒന്നും ഇല്ല. പിന്നെ വർഗീസും ഞാനും പണ്ട് ഒന്ന് കോർത്തിട്ടുണ്ട്.. അങ്ങനെ ഒരു പരിചയം ആണ് ഞങ്ങൾ തമ്മിൽ… പപ്പൻ ഒരു ചമ്മലോടെ പറഞ്ഞു…കുറച്ച് ഗുണ്ടായിസമോ… അഭി നീ ഇവിടെയുള്ള ഏത് ഗുണ്ടാ ടീമുകളോടും ചോദിച്ച് നോക്ക്… അവർക്കെല്ലാം കോവിലകം കൺസ്ട്രക്ഷൻ ഉടമ പത്മനാഭനെ നന്നായി അറിയാമായിരിക്കും…

ഒന്ന് പോടാ… ഇവൻ ചുമ്മാ പറയുന്നതാ അഭി… അല്ല മോളെ കണ്ടില്ലല്ലോ… അയാൾ സംസാരം തിരിച്ചു വിടാൻ എന്നതുപോലെ ചോദിച്ചു…റൂമിൽ ഉണ്ട് അച്ഛാ.. ഞങ്ങൾ ഓഫീസിൽ പോകാനുള്ള തെയ്യാറെടുപ്പിൽ ആയിരുന്നു… ആ സമയത്താണ് അയാളുടെ എൻട്രി… അയാൾ എന്ത് ചെയ്തിട്ടും വലിയ കാര്യം ഒന്നുമില്ല.. അയാളുടെ മോന് എന്തായാലും ശിക്ഷ കിട്ടും. അത്രയും സോളിഡ് എവിഡൻസ് ഉണ്ട് അയാളുടെ മോനെതിരെ… ആ ci യും si യും ആ തെളിവുകൾ മീഡിയ വഴി ജനങ്ങളിലേക്ക് എത്തിച്ചതുകൊണ്ട് അയാൾക്ക് ഇനി ഒന്നും ചെയ്യാനും കഴിയില്ല… അതല്ലേ ഈ വിറളിപിടിച്ച പോലെ ഓടിക്കൊണ്ട് നടക്കുന്നത്…

മ്മ്… അവനെ പേടിക്കണ്ട.. ഓലപ്പാമ്പാണ്…വിഷമില്ല.. ചുമ്മാ ഉമ്മാക്കി കാട്ടി നോക്കുകയാണ്…മ്മ്… അത് മനസിലായി.. ഞാൻ അന്വേഷിച്ചിരുന്നു അയാളെക്കുറിച്ച്…. അഭി പറഞ്ഞു…അല്ല അഭി അമ്മ ഇല്ലേ ഇവിടെ… ഹരി ചുറ്റും നോക്കികൊണ്ട്‌ ചോദിച്ചു…പറമ്പിൽ പണിക്കാരുണ്ട് പപ്പേ.. അവരുടെ ഒപ്പമുണ്ടാകും… എത്ര പറഞ്ഞാലും അമ്മക്ക് അവിടെ പോയി നിന്നാലേ ഒരു സമാധാനം ഉണ്ടാകുള്ളൂ…
അല്ല നിങ്ങൾ എന്താ പെട്ടന്ന് ഇവിടെ.. വിശേഷിച്ച് എന്തെങ്കിലും ഉണ്ടോ…ഞങ്ങൾ നവിയുടെയും കാത്തുവിന്റെയും കാര്യം സംസാരിക്കാനായി വന്നതാണ്…

തുടരും…

ഇന്നലെ കുറച്ച് തിരക്കിൽ പെട്ടുപോയി പിള്ളേരെ അതാ പോസ്റ്റ്‌ ചെയ്യാഞ്ഞത്.. Sorry😞😞😞