18/04/2026

ശ്രീനന്ദനം : ഭാഗം 20

രചന – കണ്ണന്റെ മാത്രം

എന്തുപറ്റി ആരാ അത്… കാശി എല്ലാവരുടെയും മുഖത്തേക്ക് നോക്കികൊണ്ട്‌ ചോദിച്ചു..

അത്.. അതെന്റെ പി എ ആണ് മേഘ. പക്ഷേ അയാള് എങ്ങനെ ഇതിൽ. അങ്ങനെ ഒരു പെൺകുട്ടി ആയിട്ട് തോന്നിയിട്ടില്ല അയാളെ. വർക്കിൽ ഒക്കെ നല്ല പെർഫെക്ട് ആയിരുന്നു..
നവിക്ക് അപ്പോഴും കണ്ടകാര്യം വിശ്വസിക്കാൻ കഴിയുന്നുണ്ടായില്ല. മേഘയുടെ ഭാഗത്ത്‌ നിന്ന് ഇങ്ങനെ ഒരു നീക്കം അവൻ പ്രതീക്ഷിച്ചിരുന്നില്ല എന്ന് വേണം പറയാൻ….

മ്മ്… അവരെ ചോദ്യം ചെയ്താൽ അറിയാലോ സത്യാവസ്ഥ… കാശി പറഞ്ഞു…

ലാപ്പിലെ സംസാരം ആണ് എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് എത്തിച്ചത്… അതിൽ മേഘയും പിയക്ക് ജ്യൂസ്‌ കൊടുത്ത വെയ്റ്ററും കൂടി അവളെ പിടിച്ചുകൊണ്ട് പോകുന്നതും ഈ റൂമിൽ കൊണ്ട് വന്ന് കിടത്തുന്നതും കിടത്തുന്നതോടെ വീഡിയോ കട്ട്‌ ആയെങ്കിലും സംസാരം കേൾക്കാമായിരുന്നു… അതിൽ അഭിയെ എങ്ങനെ ഇവിടെ എത്തിക്കാം എന്നൊക്കെ അവർ സംസാരിക്കുന്നതും മറ്റും കേൾക്കാം.. പിന്നെ കുറച്ച് നേരത്തേക്ക് നിശബ്ദത ആയിരുന്നു. പിന്നെ ഇത്തിരി കഴിഞ്ഞപ്പോൾ പിന്നെയും അവരുടെ ശബ്ദവും ആരെയോ ബെഡിൽ കൊണ്ട് കിടത്തുന്ന ശബ്ദവും ഒക്കെ കേൾക്കാം… പിന്നെ മേഘ അയാൾക്ക് എന്തോ കൊടുക്കുന്നതും പിടിച്ചാലും ഒരിക്കലും അവളുടെ പേര് പറയരുതെന്ന് ഭീഷിണിപ്പെടുത്തുന്നതും ഒക്കെ കേൾക്കാം… പിന്നെ കുറച്ച് നേരത്തേക്ക് അനക്കം ഒന്നും ഉണ്ടായിരുന്നില്ല.. അവളും പോയി എന്ന് എല്ലാവരും കരുതിയപ്പോൾ ആണ് അവളുടെ ശബ്ദം അവിടെ വീണ്ടും മുഴങ്ങിയത്..

ഹും.. ഒരു പുണ്യാളൻ അഭിനന്ദ്.. അവന് എത്ര അഹങ്കാരം ഉണ്ടായിട്ട് വേണം എന്നെ റിജക്റ്റ് ചെയ്യാൻ.. നിന്റെ നാണക്കേട് നിറഞ്ഞ മുഖം എനിക്ക് കാണണം..അവൾ ആ പറഞ്ഞത് കേട്ടതും അവിടെ ഉള്ള എല്ലാവരുടെയും കണ്ണുകൾ അഭിയുടെ നേരെ തിരിഞ്ഞു..

എന്താ അഭി അവൾക്ക് തന്നോട് ഇത്ര ദേഷ്യം.. നവി ചോദിച്ചു..

അത് കഴിഞ്ഞ ആഴ്ച അയാൾ ഒരു പ്രൊപോസൽ വച്ചിരുന്നു അയാളുടെ ബോയ് ഫ്രണ്ട് ആവാൻ.. എനിക്ക് എന്തോ താൽപ്പര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഞാൻ അത് സമ്മതിച്ചില്ല. പക്ഷേ അപ്പോഴൊക്കെ അയാള് അതൊന്നും അത്ര പ്രശ്നമായി കാണുന്നില്ല എന്നാ പറഞ്ഞത്. പക്ഷേ ഇത്രയും ദേഷ്യം അയാളുടെ ഉള്ളിൽ ഉണ്ടെന്ന് ഇന്നാണ് മനസിലായത്..

മ്മ്…. അവള് വളരെ നന്നായി തന്നെ തന്റെ പാവം ഇമേജ് എല്ലാവരുടെയും മുന്നിൽ അഭിനയിച്ച് ഫലിപ്പിച്ചു. കണ്ടില്ലേ ആർക്കും ആർക്കും ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല… പിയ ഒരു പുച്ഛത്തോടെ പറഞ്ഞു..

അതേ.. എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പ്രയാസം ആണ് അവൾ ഇത്രയും വൃത്തികെട്ടവൾ ആണെന്ന്… ഇനിയിപ്പോ എന്താ പ്ലാൻ കാശിയേട്ടാ..

ഇന്ന് ഇപ്പൊ ഞായറാഴ്ച അല്ലേ നാളെ അവൾ എന്തായാലും ഓഫീസിൽ വരുമല്ലോ നമുക്ക് അപ്പൊ പിടിക്കാം. നിങ്ങളും നാളെ ഓഫീസിൽ ഉണ്ടാവണം… കാശി പിയയെയും അഭിയേയും നോക്കി പറഞ്ഞു..

രണ്ടാളും അതിന് തലയാട്ടിക്കാട്ടി…

ഞാൻ അതല്ല ആലോചിക്കുന്നത് ഇവരെ ഇങ്ങനെ കൊണ്ടുവരുന്നത് ആരുടേയും ശ്രദ്ധയിൽ പെട്ടില്ലേ എന്നാണ്… ഹരി സംശയത്തോടെ പറഞ്ഞു..

അത് അങ്കിളേ.. ഒന്നാമത് ഇന്നലെ പാർട്ടി ഉണ്ടായിരുന്നത് കൊണ്ട് അധികം എല്ലാവരുടെയും ശ്രദ്ധ അവിടെ ആയിരുന്നിരിക്കും. പിന്നെ ഈ റൂം അങ്കിൾ ശ്രദ്ധിച്ചോ.. ഇതൊരു മൂലയിൽ സ്റ്റെയർകെസിനോട് ചേർന്നിട്ടാണ്. പെട്ടന്ന് ആരുടേയും ശ്രദ്ധ ഇങ്ങോട്ട് കിട്ടില്ല. കോൺഫറൻസ് ഹാളിന്റെ പുറത്തുള്ള ബാത്റൂം കുറച്ച് അങ്ങോട്ട് നീങ്ങി ഒരു ഒഴിഞ്ഞ കോണിൽ ആണ്. അതിന്റെ അടുത്താണ് സ്റ്റെയർകെസും. എനിക്ക് തോന്നുന്നത് രണ്ടാളെയും സ്റ്റെയർ വഴി ആയിരിക്കും റൂമിൽ എത്തിച്ചത്. പിയയുടെ കേസിൽ സ്റ്റെയർ വഴി ആണെന്ന് ഉറപ്പല്ലേ.. അഭിയുടെ ആണ് അറിയാത്തത്. പക്ഷേ സ്റ്റെയറിലൂടെ തന്നെ ആവും കാരണം ലിഫ്റ്റ് വഴി ആയിരുന്നെങ്കിൽ എന്തായാലും ആരുടെയെങ്കിലും ശ്രദ്ധയിൽ പെടുമായിരുന്നു… കാശി എക്സ്പ്ലൈൻ ചെയ്തു..

മ്മ്….. ഹരി ഒന്ന് മൂളി..

എങ്കിൽ നാളെ കാണാം. ഇപ്പൊ ഞങ്ങൾ പൊക്കോട്ടെ.. അഭി എല്ലാവരെയും ഒന്ന് നോക്കികൊണ്ട് ചോദിച്ചു..

മ്മ്.. ശരി നിങ്ങൾ പൊക്കോളൂ.. ഞങ്ങളും ഇറങ്ങാണ്.. പപ്പൻ പറഞ്ഞു..

ആ അഭി നാളേംകൂടി മതി നീ ഓഫീസിൽ കേട്ടോ മറ്റന്നാൾ മുതൽ എന്റെ കൂടെ വകീലോഫീസിൽ ഉണ്ടാകണം.. ഞാൻ നിന്നോട് ഇന്നലെ പറഞ്ഞതല്ലേ അത്….അഭിയും വിച്ചുവും പോകാൻ നിന്നപ്പോൾ ഹരി പറഞ്ഞു..

സാർ.. അത്.. അഭിയൊന്ന് പരുങ്ങി..

ഒന്നും പറയണ്ട ഞാൻ പറയുന്നത് അങ്ങോട്ട് അനുസരിച്ചാൽ മതി ഇപ്പൊ ഞാൻ നിന്റെ മുൻഅദ്ധ്യാപകൻ മാത്രം അല്ല പപ്പയും കൂടെ ആണ്. അപ്പൊ ഞാൻ പറയുന്നത് എന്തായാലും അനുസരിക്കണം.. ഹരി ഒരു തീരുമാനം പോലെ പറഞ്ഞു..

ശരി.. അഭി ഒന്നും എതിർത്ത് പറയാൻ പറ്റാതെ സമ്മതിച്ചു.. പിന്നെ എല്ലാവരെയും നോക്കി ഒന്നുകൂടി യാത്രപറഞ്ഞ് പിയയോട് ഒന്ന് തലയാട്ടിക്കാട്ടി അവർ പോയി.

നല്ല പയ്യൻ ആണ് അല്ലേ ഹരി.. പപ്പൻ ഹരിയോട് ചോദിച്ചു..

വളരെ നല്ല പയ്യൻ ആണ് അമ്മാവാ… ഹരി മറുപടി പറയുന്നതിന് മുൻപ് നവി ആണ് മറുപടി പറഞ്ഞത്…

നിനക്ക് അതെങ്ങനെയാ ഇത്ര കൃത്യമായിട്ട് അറിയുന്നത്.. ഹരി നവിയെ നോക്കി പിരികം പൊക്കിക്കൊണ്ട് ചോദിച്ചു…

അതോടെ നവി വിച്ചു അന്ന് ഓഫീസിൽ വന്നതും അവിടെ വച്ച് നടന്നതും വിച്ചു അഭിയുടെ ലൈഫ് പറഞ്ഞതും എല്ലാം പറഞ്ഞു… എല്ലാം കേട്ടപ്പോൾ പിയക്ക് ഒഴികെ എല്ലാവർക്കും വിഷമം ആയി. പിയക്ക് പിന്നെ ആദ്യമേ അറിയാമായിരുന്നല്ലോ…

പാവം.. അല്ലേ.. പക്ഷേ ഒരു കാര്യത്തിൽ സമാധാനം ഉണ്ട് എനിക്കിപ്പോ കൂടെപ്പിറപ്പുകളെയും അമ്മയെയും ഇതുപോലെ സ്നേഹിക്കുന്ന തന്റെ പാതിയായവളെയും മനസ്സറിഞ്ഞ് സ്നേഹിച്ചോളും… പപ്പൻ സമാധാനത്തോടെ പറഞ്ഞു..

അത് പിയ ഒഴികെ ബാക്കി എല്ലാവരും തലയാട്ടിസമ്മതിച്ചു.. പിയക്കും അത് സത്യം ആണെന്ന് തോന്നി..

……………..

അഭിയും വിച്ചൂവും കൂടി ആദ്യം വിച്ചുവിന്റെ വീട്ടിലേക്ക് ആണ് പോയത്. അവിടെ നിന്ന് അഭിയുടെ ഓട്ടോ എടുത്തിട്ട് അവർ അഭിയുടെ വീട്ടിലേക്ക് പോയത്… അവർ വീട്ടിൽ എത്തുമ്പോൾ തന്നെ കണ്ടത് പുറത്തുനിൽക്കുന്ന ജിത്തുവിനെ ആണ്.. അവർ അവനെ മൈൻഡ് ചെയ്യാതെ ഉള്ളിലേക്ക് കയറി പോയി.. ജിത്തുവും അവർ കയറിപോയ വഴിയേ നോക്കി നിന്നു…

എന്റെ അഭി.. മൊബൈൽ കാണാൻ ഇല്ലെങ്കിൽ ഇത്തിരി നേരത്തേ നിനക്ക് വിളിച്ച് പറഞ്ഞുകൂടായിരുന്നോ. ഞങ്ങൾ എത്ര പേടിച്ചെന്നറിയോ നിന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടാതെ ആയപ്പോൾ… സാവിത്രിയമ്മ അവനെ കണ്ടതും പറഞ്ഞു..

ഞാൻ അത് വിട്ടുപോയി അമ്മേ.. വിച്ചുവിനെ കണ്ടപ്പോൾ ആണ് ഓർമവന്നത്. അതാ അപ്പൊ തന്നെ അവന്റെ ഫോൺ വാങ്ങി വിളിച്ചത്..
അമ്മ ഞാൻ ഒന്ന് കുളിച്ചിട്ട് വരാം എന്തെങ്കിലും കഴിക്കാൻ എടുക്ക്.. നല്ല വിശപ്പ്..

മ്മ്.. നീ പോയി കുളിച്ച് വാ.. ഉച്ച ആവാറായില്ലേ.. ചോറ് എടുക്കാം..

ശരിയമ്മേ… ആമി എന്തിയേ അമ്മേ.. കാണാൻ ഇല്ലല്ലോ…

അവൾ അപ്പുറത്ത് കപ്പ നന്നാക്കുന്നുണ്ട്..

ആ.. വാടാ.. അഭി വിച്ചുവിനെയും വിളിച്ച് അവന്റെ റൂമിലേക്ക് പോയി..

നിധി അപ്പോഴും അഭി പോയ വഴി തന്നെ നോക്കി നിൽപ്പായിരുന്നു. താൻ അവിടെ നിന്നിട്ടും ഒന്ന് നോക്കുകയോ മിണ്ടുകയോ അവൻ ചെയ്തില്ല എന്നുള്ളത് അവൾ പ്രത്യേകം ശ്രദ്ധിച്ചു..അവൾക്ക് ദേഷ്യം വന്നു. അല്ലെങ്കിൽ എപ്പോഴും ഇങ്ങോട്ട് വന്ന് സംസാരിക്കാറുള്ളത് ആണ്.. ഇപ്പൊ പക്ഷേ… അവൾ ആലോചനോയോടെ നിന്നു..

അഭി ഫ്രഷ് ആയി വരുന്ന വരെ വിച്ചു അഭിയുടെ റൂമിൽ ഇരിക്കാം എന്ന് കരുതി അവിടെ ഇരുന്നു… അഭി വന്നുവെന്ന് അറിഞ്ഞ് ചാടി തുള്ളി വന്ന ആമി കാണുന്നത് അവിടെ ഇരിക്കുന്ന വിച്ചുവിനെ ആണ്. അവനെ കണ്ടതും അവൾ ഒന്ന് പതുങ്ങി പിന്നെ ഒരു രീതിയിലും തന്റെ ഇഷ്ടം അവൻ മനസിലാക്കരുത് എന്ന് നിശ്ചയിച്ചുകൊണ്ട് നോർമലി അവനോട് പെരുമാറുന്ന രീതിയിൽ അവന്റെ പേരും വിളിച്ച് അവന്റെ അടുത്തേക്ക് പോയി..

വിച്ചുവേട്ടനോ.. വല്യേട്ടൻ എന്തിയേ..

ആഹാ ചട്ടമ്പിയുടെ കപ്പ നന്നാക്കൽ കഴിഞ്ഞോ.. നിന്റെ വല്യേട്ടൻ കുളിക്കാൻ പോയി വന്നിട്ടില്ല..

ദേ വിച്ചുവേട്ടാ ഞാൻ പറഞ്ഞിട്ടുണ്ട് എന്നെ അതുമിതുമൊന്നും വിളിക്കരുത് എന്ന്. മര്യാദക്ക് ആമി എന്ന് വിളിച്ചോ.. എന്തോരം പേരാ നിങ്ങൾ രണ്ടും കൂടി എനിക്ക് ഇടുന്നെ ചട്ടമ്പി, കുരുട്ടടയ്ക്ക.. ഇനിയും ഉണ്ടോ.. ഹും..

ഹാ.. ആമിക്കുട്ടി പിണങ്ങല്ലേ ഞങ്ങൾ നിന്നോട് ഉള്ള സ്നേഹത്തിന്റെ പുറത്തല്ലേ…കുളികഴിഞ്ഞു വന്ന അഭി അവളുടെ തോളിലൂടെ കൈയിട്ടുകൊണ്ട് പറഞ്ഞു..

ഓഹ് പിന്നെ അങ്ങനെ അതുമിതും വിളിച്ചിട്ടുള്ള സ്നേഹം എനിക്ക് വേണ്ടെങ്കിലോ…

വേണ്ടെങ്കിൽ വേണ്ട.. നമുക്കെന്താ.. അല്ലേടാ.. അഭി വിച്ചുവിനെ നോക്കി ചോദിച്ചു..

അതിന് ആമി എന്തോ പറയാൻ നേരത്താണ് അഭിയെയും വിച്ചുവിനെയും ഭക്ഷണം കഴിക്കാൻ സാവിത്രിയമ്മ വിളിച്ചത്. അവർ വേഗം അങ്ങോട്ട് പോയി..

ഭക്ഷണമെല്ലാം കഴിഞ്ഞ് അഭി സോഫയിൽ ആയി വന്നിരുന്നപ്പോൾ ആണ് ജിത്തു അവനോട് സംസാരിക്കാൻ തുടങ്ങിയത്..

ഏട്ടാ.. എന്താ ഇതിന്റെ ഒക്കെ അർത്ഥം.. ഏട്ടൻ LLB പാസ്സ് ആയിട്ടും എന്താ ഞങ്ങളോട് ഒന്നും പറയാഞ്ഞത്…. ജിത്തു ചോദിച്ചു..

LLB പാസ്സ് ആവുകയോ.. അതിന് അഭിക്ക് അത് മുഴുവൻ ആക്കാൻ പറ്റിയില്ലല്ലോ…സാവിത്രിയമ്മ ഞെട്ടലോടെ ചോദിച്ചു.. ആമിയും ഞെട്ടി നിൽപ്പായിരുന്നു..

ഏട്ടൻ LLB പാസ്സ് ആയിട്ടുണ്ട്. അത് നാട്ടുകാർക്ക് മുഴുവൻ അറിയാം നമുക്കെ അറിയാത്തതുള്ളൂ.. ജിത്തു വിച്ചുവിനെ ഒന്ന് നോക്കികൊണ്ട്‌ പറഞ്ഞു..

ആ നാട്ടുകാർക്ക് എന്നോട് ഉള്ള സ്നേഹം പോലും നിനക്കൊന്നും എന്നോട് ഇല്ലല്ലോ.. നിനക്കൊക്കെ ഞാൻ നാണക്കേട് അല്ലേ… അഭി ജിത്തു വിച്ചുവിനെ ഉദ്ദേശിച്ച് ആണ് പറഞ്ഞത് എന്ന് മനസിലാക്കികൊണ്ട് തന്നെ മറുപടി പറഞ്ഞു..

അഭി.. എന്താടാ മോനേ.. ഞാൻ ഈ കേൾക്കുന്നത്.. നീ LLB പാസ്സ് ആയിട്ടും എന്തിനാ മോനേ ഇങ്ങനെ ഉള്ള ജോലികൾക്ക് പോയിരുന്നത്. അറിഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ വിട്ടേനില്ല.. സാവിത്രിയമ്മ സങ്കടത്തോടെ പറഞ്ഞു.

ദേ.. ഇതുകൊണ്ടാണ് ഞാൻ പറയാതെ ഇരുന്നത്. ഒരു ജൂനിയർ വക്കീലിന് ആദ്യത്തെ കുറച്ച് കൊല്ലം വലിയ വരുമാനം ഒന്നും ഉണ്ടാവില്ല അമ്മേ. നമ്മുടെ അപ്പോഴത്തെ അവസ്ഥ വച്ചിട്ട് ആ വരുമാനം ഒന്നും പോരാ. ഞാൻ രാവും പകലും ഓടിയിട്ടും നമുക്ക് രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പറ്റുന്നുണ്ടായില്ല.. അപ്പൊ പിന്നെ അങ്ങനെ ഒരു തുച്ഛവരുമാനം കൊണ്ട് എന്ത്‌ ആകാൻ ആണ്..

പക്ഷേ ഏട്ടന് ഇതൊന്നു പറയാമായിരുന്നു ഞങ്ങളോട്..നിധി പറഞ്ഞു

പറഞ്ഞിട്ട് എന്തിനാണ്.. ഞാൻ ദേ ഇവനും കൂടി ജോലി ആയാൽ ബാർ കൗൺസിലിൽ എൻറോൾ ചെയ്ത് ഏതെങ്കിലും അഡ്വക്കേറ്റിന്റെ കീഴിൽ പ്രാക്ടീസ് തുടങ്ങണം എന്ന് കരുതിയതാണ്. എന്നിട്ടോ ജോലി കിട്ടിയപ്പോൾ അവൻ എന്താ ചെയ്യ്തത് എന്ന് എല്ലാവർക്കും അറിയാമല്ലോ… അഭി ജിത്തുവിനെ കാട്ടികൊണ്ട് പറഞ്ഞു.. ജിത്തുവിന്റെ തലകുനിഞ്ഞു..

പിന്നെ കടം ഒക്കെ ഒന്ന് കുറഞ്ഞ് നമ്മുടെ അവസ്ഥകൾ ഒന്ന് സ്റ്റേബിൾ ആയി വന്നപ്പോൾ അല്ലേ നിനക്ക് മഹിയെ കല്യാണം കഴിക്കാൻ പറ്റിയില്ലെങ്കിൽ ചാവും എന്നും പറഞ്ഞ് കിടന്ന് തുള്ളിയത്. അപ്പൊ പിന്നേം കടം ആയില്ലേ… ഒരിക്കലും എന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കാത്ത നിന്നോട് ഒക്കെ എന്ത്‌ തേങ്ങാക്കാണ് ഞാൻ ഇതൊക്കെ പറയേണ്ടത്.. പറഞ്ഞ് പറഞ്ഞ് അവസാനം ആയപ്പോഴേക്കും അഭിക്ക് ദേഷ്യം വന്നു.. വിച്ചു അവന്റെ തോളിൽ അമർത്തി പിടിച്ചു.

ദേ.. ഇവനെ കണ്ടോ എന്റെ അമ്മയുടേം ആമിയുടേം ഒപ്പം അല്ലെങ്കിൽ അതിൽ കൂടുതൽ എന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കി എന്റെ കൂടെ നിന്നിട്ടുള്ളവനാണ് ഇവൻ. എത്ര പണം കൊടുക്കാൻ ഉണ്ടെന്ന് അറിയോ ഇവനും മാധച്ഛനും ഞാൻ. ഒരിക്കൽ പോലും അതൊന്നും ചോദിച്ച് വന്നിട്ടില്ല ഇവർ.. അറിയോ.. ആ സ്ഥാനത് നിങ്ങളോ.. ഒന്ന് സ്വയം ചിന്തിച്ച് നോക്ക്.. ഇതൊന്നും ഒരിക്കലും ഞാൻ പറയണം എന്ന് വിചാരിച്ചതല്ല പക്ഷേ നിങ്ങൾ പറയിച്ചതാണ്..അഭി ജിത്തുവിനെയും നിധിയെയും നോക്കി പറഞ്ഞു..

കുറച്ചുനേരം ആരും ഒന്നും മിണ്ടിയില്ല.. പിന്നെയും നിധി തന്നെ ആണ് സംസാരത്തിന് തുടക്കം ഇട്ടത്.. പിന്നീട് അവൾ ചോദിച്ച കാര്യം കേട്ട് സാവിത്രിയമ്മയും ആമിയും ഞെട്ടി കൊണ്ട് അഭിയെ നോക്കി…

തുടരും….