20/04/2026

ശ്രീനന്ദനം : ഭാഗം 05

രചന – കണ്ണന്റെ മാത്രം

What do you mean ശ്രീപ്രിയ??? മറുസൈഡിൽ നിന്നും അവിനാശിന്റെ വിശ്വസിക്കാൻ പറ്റാത്തതുപോലെ ഉള്ള ചോദ്യം പിയ കേട്ടു..

I meant what i said അവിനാശ്… പിയ ശാന്തമായ സ്വരത്തിൽ പറഞ്ഞു..

പിയ എന്തു ഭ്രാന്താണ് നീ ഈ പറയുന്നത് ഈ ചെറിയ കാര്യത്തിന് ഡാഡി മന്ത്രി സ്ഥാനം രാജി വെക്കാനോ…. അവന് ഇപ്പോഴും അവൾ പറഞ്ഞത് വിശ്വസിക്കാൻ കഴിയുന്നുണ്ടായില്ല..

സ്വന്തം നാടിനെ ചതിക്കുന്നതാണോടോ തനിക്ക് ചെറിയ കാര്യം. എന്നാൽ എനിക്ക് അങ്ങനെ അല്ല. എനിക്ക് അത് വലിയ കാര്യം തന്നെ ആണ്. ഞാൻ പറഞ്ഞ രണ്ടുകാര്യങ്ങൾ ഒന്ന് മിനിസ്റ്റർ ധർമപാലൻ ആ സ്ഥാനം ഒഴിയണം രണ്ട് അയാളുടെ സംരക്ഷണത്തിൽ ഉള്ള ഭീകരവാദികളെ പോലീസിന് വിട്ടുകൊടുക്കണം ഇത് രണ്ടും എത്രയും പെട്ടന്ന് നടക്കണം. ഇല്ലെങ്കിൽ നാളെ എന്റെ കൈയിൽ ഉള്ള തെളിവുകൾ ലോകം മുഴുവൻ കാണും. അതോടെ എന്തായാലും അയാളുടെ മന്ത്രി സ്ഥാനം പോകും…അവളുടെ സ്വരത്തിൽ ആദ്യം ഉണ്ടായിരുന്ന ശാന്തത പോയി അവിടെ രോഷം കലർന്നിരുന്നു.

അവളുടെ സംസാരം സ്പീക്കറിൽ കൂടി കേട്ടുകൊണ്ടിരുന്ന ധർമപാലൻ ഇനി എന്ത് ചെയ്യും എന്ന് ഒരുനിമിഷം ആലോചിച്ചു. പിന്നെ അവിയെ നോക്കി രണ്ടാമത്തെ ഓക്കേ എന്ന സൈൻ കാട്ടി..

പിയ നീ രണ്ടാമത് പറഞ്ഞ കണ്ടീഷൻ ഒക്കെ ആണ്. ഞങ്ങൾ അവരെ പോലീസിന് വിട്ടുകൊടുക്കാം പക്ഷേ ആദ്യം പറഞ്ഞത് നീ ഒന്ന് കൺസിഡർ ചെയ്യണം… അവിയുടെ സ്വരം അപേക്ഷ രൂപത്തിൽ ആയി..

ഒരു കൺസിഡറേഷനും ഇല്ല. ഈ രണ്ടു കാര്യങ്ങളും നടന്നിരിക്കണം അല്ലാത്ത പക്ഷം നാളെ ഉച്ചക്ക് രണ്ടുമണിക്ക് എന്റെ കൈയിൽ ഉള്ള തെളിവുകൾ ലോകം കാണും. മിനിസ്റ്റർ ജയിലിൽ ആവുകയും ചെയ്യും. അറിയാലോ അല്ലെങ്കിലേ പാർട്ടിയിൽ തന്നെ തന്റെ ഡാഡിക്ക് എതിരാണ് എല്ലാവരും. അപ്പൊ പിന്നെ ഇങ്ങനെ ഒരു ന്യൂസ്‌ കൂടി ആയാൽ പിന്നെ പാർട്ടി അംഗത്വം അടക്കം എപ്പോ പോയി എന്ന് നോക്കിയാൽ മതി.. അവൾ ഒരു പുച്ഛചിരിയോടെ പറഞ്ഞു നിർത്തി.

പിയ പ്ലീസ്… അവി ഒന്നുകൂടി അവളോട് അപേക്ഷിച്ച് നോക്കി..

പറ്റില്ല അവിനാശ്.. ഞാൻ പറഞ്ഞത് നടന്നിരിക്കണം… ഇല്ലെങ്കിൽ അറിയാലോ എനിക്ക് വാക്ക് ഒന്നേ ഉള്ളൂ… പിയ ഒരു ദാക്ഷണ്യവും ഇല്ലാതെ പറഞ്ഞു..

എടി.. ഇതിനുള്ളത് നീ അനുഭവിക്കും ധർമപാലൻ ആണ് പറയുന്നത്. നീ ജീവനോടെ ഇരുന്നാൽ അല്ലേ അത് നീ പ്രസിദ്ധീകരിക്കുകയുള്ളൂ. നാളെ രണ്ടുമണി ആവുമ്പോഴേക്കും ഈ ഭൂമിക്ക് ഭാരമായി നീ ഉണ്ടാവുകയില്ല ശ്രീപ്രിയ അവിയിൽ നിന്നും ഫോൺ തട്ടിപ്പറിച്ചുകൊണ്ട് ധർമപാലൻ അവളോട്‌ അലറി..

ഒഞ്ഞു പോയെടോ.. ഈ ശ്രീപ്രിയക്ക് ദൈവം എത്ര ആയുസ്സ് എഴുതി വച്ചിട്ടുണ്ടോ അത്രയും കാലം ഞാൻ ഇവിടെ തന്നെ ജീവിക്കും. എന്റെ ആയുസ്സൊടുക്കാൻ നടന്നിട്ട് അവസാനം തന്റെ ജീവിതം ഇല്ലാതെ ആകണ്ട.. അപ്പൊ എല്ലാം പറഞ്ഞത് പോലെ നാളെ ഒന്നേ അമ്പത്തി ഒൻപതുവരെ സമയം ഉണ്ട് തനിക്ക് കേട്ടടോ ധർമം എന്താന്നുപോലും അറിയാത്ത ധർമപാലാ.. പിയ ഒരു പുച്ഛത്തോടെ പറഞ്ഞു..

ഡീ.. അയാൾ ആക്രോശിച്ചു.. പിയ പക്ഷേ അതൊന്നു ശ്രദ്ധിക്കപോലും ചെയ്യാതെ ഫോൺ വച്ചു..

എന്താ മുത്തേ ഇതൊക്കെ. എന്തൊക്കെയാ നീ അയാളോട് പറഞ്ഞു കൂട്ടിയത്.. പിയ ഫോൺ വച്ചതും ഹരി ആകുലതയോടെ ചോദിച്ചു..

അതൊന്നുമില്ല പപ്പേ.. അയാള് ചുമ്മാ പറയുന്നതല്ലേ. അയാൾക്ക് എന്നെ ഒന്നും ചെയ്യാൻ കഴിയില്ല. അതിനുള്ളത് ഒക്കെ ഞാൻ ചെയ്തുവച്ചിട്ടുണ്ട്. ഇപ്പൊ അയാൾ ഭീഷിണിപെടുത്തിയതടക്കം റെക്കോർഡ് ആയിട്ടുണ്ട് എന്റെ ഫോണിൽ. പിന്നെ എന്റെ കൈയിൽ ഉള്ള തെളിവ് എവിടെ ആണെന്ന് അറിയാത്തിടത്തോളം അയാൾ ഒന്നും ചെയ്യില്ല.. പപ്പ പേടിക്കേണ്ട..

അയാളെ സൂക്ഷിക്കണം മുത്തേ. വല്ലാത്ത ഒരു പക ഉള്ള ടൈപ്പ് ആണ് അയാള്.. അല്ല എന്താ അയാളുടെ തീരുമാനം. വല്ലതും പറഞ്ഞോ.. ഹരി ചോദിച്ചു.

ഇല്ല പപ്പേ.. പക്ഷേ നാളെ അയാൾ രാജി വച്ചിരിക്കും. അത് ഞാൻ ഉറപ്പുപറയുന്നു..

മ്മ്…എന്തായാലും സൂക്ഷിച്ചും കണ്ടും ചെയ്യണം എന്ത് ചെയ്യുമ്പോഴും. പിന്നെ കുറച്ച് നാളേക്ക് നിന്റെ ഈ രാത്രി യാത്ര ഒക്കെ ഒന്ന് ഒഴിവാക്കണം കേട്ടോ.. ശത്രുക്കൾ പ്രബലരാണ് അത് ഓർമയിൽ വേണം എപ്പോഴും..

എന്റെ പപ്പേ ഇങ്ങനെ ടെൻഷൻ ആവാതെ ഒന്നും ഉണ്ടാവില്ല. ഞാൻ അല്ലേ പറയുന്നത്… പിന്നെ പപ്പേ തത്കാലം അപ്പച്ചി ഇതൊന്നും അറിയണ്ട കേട്ടോ.. വെറുതേ ടെൻഷൻ അടിക്കും.. അവൾ അയാളെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

മ്മ്… അയാൾ അതിനൊന്ന് മൂളിയതേ ഉള്ളൂ.

……………….

ഡാഡി എന്തു പണിയാ ഈ ചെയ്യ്തത്. എന്തൊക്കെയാ അവളോട് വിളിച്ചു പറഞ്ഞത്… അവി ദേഷ്യത്തിൽ ചോദിച്ചു.

പിന്നെ ഞാൻ എന്ത് ചെയ്യണം അവൾ എനിക്കിട്ട് പണിതതിന് അവളെ അഭിനന്ദിക്കണോ….ധർമപാലൻ മുരണ്ടു.

അവളെ അഭിനന്ദിക്കണ്ട പക്ഷേ ഈ തല്ലും കൊല്ലും എന്നൊക്കെ അലറേണ്ട കാര്യം എന്തായിരുന്നു… അവൻ അനിഷ്ടത്തോടെ അയാളോട് ചോദിച്ചു..

എന്താടാ നിനക്ക് ഇപ്പോഴും അവളോട് പ്രേമം ആണോ.. അയാൾ ഒരു പുച്ഛത്തോടെ അവനോട് ചോദിച്ചു..

ഉണ്ട.. അതൊന്നും അല്ല.. എന്റെ ഈ മൂന്നുകൊല്ലത്തെ അവളുമായിട്ടുള്ള പരിചയത്തിൽ ഞാൻ പറയാണ് നമ്മൾ ഇപ്പൊ സംസാരിച്ചത് മുഴുവൻ അവൾ റെക്കോർഡ് ചെയ്തിട്ടുണ്ടാവും. അപ്പൊ അതിൽ ഡാഡി ഈ തല്ലും കൊല്ലും എന്നൊക്കെ കിടന്ന് വിളിച്ചുകൂവിയത് നല്ല വൃത്തിക്ക് പതിഞ്ഞിട്ടുണ്ടാവും. ഇപ്പൊ അതും അവൾക്ക് ഒരു തെളിവ് ആയില്ലേ… അവൻ കൈ നെറ്റിയിൽ അടിച്ചുകൊണ്ട് പറഞ്ഞു.

ഛെ… ഞാൻ അത്രയൊന്നും ചിന്തിച്ചില്ല ഡാ.. ഇനിയിപ്പോ എന്ത് ചെയ്യും.. അയാൾ ആശങ്കയോടെ ചോദിച്ചു…

അത് കുഴപ്പം ഇല്ല ഡാഡി

കുഴപ്പം ആണ് സാർ… അവിയെ പറഞ്ഞ് മുഴുവനാക്കാൻ സമ്മതിക്കാതെ മറ്റൊരു ശബ്ദം അവിടെ മുഴങ്ങി. അവർ നോക്കിയപ്പോൾ ഡിസിപി എബ്രഹാം കോശി ആണ്..

എന്താ കോശി… ധർമപാലൻ ചോദിച്ചു.

ഞാൻ നിങ്ങൾ സംസാരിച്ചത് കേട്ടു. അങ്ങനെ ഒക്കെ ആ പെണ്ണിനെ സാർ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അവൾ റെക്കോർഡ് ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ അത് പ്രശ്നമാണ്.. കോശി പറഞ്ഞു..

എന്തൊക്കെയാ കോശി താൻ പറയുന്നത് ഒന്നും മനസിലാകുന്നില്ല എനിക്ക്..

സാർ ആ പെണ്ണില്ലേ ശ്രീപ്രിയ ഇന്നലെ രാവിലെ എനിക്കൊരു കംപ്ലയിന്റ് തരാൻ വന്നിരുന്നു. അവൾക്കും അവളുടെ കുടുംബത്തിനും മിനിസ്റ്ററുടെ ഭാഗത്ത്‌ നിന്ന് വധഭീഷിണി ഉണ്ടെന്നും അവർക്ക് എന്തെങ്കിലും പറ്റിയാൽ അതിന് സാറാണ് ഉത്തരവാദിയെന്നും പറഞ്ഞ്.. ഇന്നലെ തന്നെ ഇത് പറയാൻ ഇങ്ങോട്ട് വരാൻ നിന്നതാണ് പക്ഷേ ഡിജിപി ആയിട്ട് മീറ്റിംഗ് ഉണ്ടായിരുന്നു അത് കഴിഞ്ഞിട്ട് വരാൻ നന്നായി വൈകി ഞാൻ. ഇതിപ്പോ ഇന്നത്തെ ന്യൂസ്‌ കണ്ടപ്പോ പെട്ടന്ന് വന്നതാ ഞാൻ. അപ്പോഴേക്കും സാർ…

എടൊ അതുപിന്നെ ആ സമയത്തെ ദേഷ്യത്തിന് വിളിച്ചു പറഞ്ഞതല്ലേ. പക്ഷേ അവൾ ജീവനോടെ ഇരിക്കുന്നത് എന്നെ സംബന്ധിച്ച് റിസ്ക് ആണ്. അവൾ ഇല്ലാതെ ആകേണ്ടത് എന്റെ ആവശ്യം ആണ്..

സാർ ഇപ്പൊ അവൾക്കെന്തേലും പറ്റിയാൽ സാർ കുടുങ്ങും ഉറപ്പാണ്…

ഓഹ് തനിക്ക് അവൾ തന്നിട്ടുള്ള പരാതി അതങ്ങ് കീറി കളഞ്ഞാൽ പോരേടോ… അയാൾ ഒരു പുച്ഛത്തോടെ പറഞ്ഞു..

എനിക്ക് തന്നത് കീറി കളയാം കുഴപ്പം ഇല്ല. പക്ഷേ ബാക്കി ഉള്ളവർക്ക് കൊടുത്തിട്ടുള്ള പരാതിയോ…കോശി ചോദിച്ചു..

ബാക്കി ഉള്ളവർക്കോ.. താൻ ഒന്ന് തെളിച്ച് പറയെടോ…

അവൾ പരാതി എനിക്ക് മാത്രം അല്ല ഡിജിപിക്കും മുഖ്യനും കൊടുത്തിട്ടുണ്ട്… അതുമാത്രം ആണെങ്കിലും കുഴപ്പം ഉണ്ടായില്ല പക്ഷേ..

എന്താടോ…

പ്രതിപക്ഷ നേതാവിനും അവൾ പരാതി കൊടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അവൾക്കോ അവളുടെ കുടുംബക്കാർക്കോ എന്തെങ്കിലും പറ്റിയാൽ നമ്മൾ കുടുങ്ങും. ഇപ്പൊ ഈ ഫോൺ സംഭാഷണം കൂടി ആയാൽ പൂർത്തിയായി..

അയാൾ പറഞ്ഞു നിർത്തിയതും ധർമപാലൻ തലയിൽ കൈവച്ച് ഇരുന്നു പോയി.
ഇനിയിപ്പോ എന്ത് ചെയ്യുമെടോ.. എന്തെങ്കിലും വഴിയുണ്ടോ ഈ ഊരാകുടുക്കിൽ നിന്ന് രക്ഷപെടാൻ.. അയാൾ ദൈന്യതയോടെ കോശിയോട് ചോദിച്ചു.

എനിക്ക് അറിയില്ല സാർ.. ഞാൻ ആലോചിച്ചിട്ടും ഒരു വഴിയും കാണുന്നില്ല…

എനിക്ക് അതല്ല സംശയം അവളുടെ കൈയിൽ ഇത്രയും തെളിവുകൾ ഉണ്ടായിട്ടും എന്തുകൊണ്ടാണാവോ അവൾ പോലീസിൽ പോകാതെ ഇങ്ങനെ ഒരു കണ്ടീഷൻ വച്ചത്.. അവി തന്നോട് തന്നെ എന്നപോലെ പറഞ്ഞു..

………………….

ഇപ്പൊ എന്താ നവിയേട്ടന് അറിയണ്ടേ. ഞാൻ എന്താ നേരെ പോലീസിൽ പോകാതെ ഇങ്ങനെ രണ്ട് കണ്ടീഷൻ പറഞ്ഞതെന്നോ…
പിയ ഒരു ചിരിയോടെ ചോദിച്ചു.

അതേ…നവി പറഞ്ഞു.

ഞാൻ ഇപ്പൊ ഇതും കൊണ്ട് നേരെ പോലീസിൽ പോയാൽ മന്ത്രിയെ അറസ്റ്റ് ചെയ്യുമായിരിക്കും. അയാളുടെ മന്ത്രി സ്ഥാനവും പോകും പക്ഷേ അയാളുടെ സംരക്ഷണയിൽ ഉള്ള ഭീകരവാദികൾ രക്ഷപെടും. അവർ രക്ഷപ്പെടുന്നത് നമ്മുടെ രാജ്യത്തിനു ദോഷം ആണ്. അതാണ് ഇങ്ങനെ ഒരു കണ്ടീഷൻ വച്ചത്. ഇതാവുമ്പോ അയാളുടെ ജയിൽ ഒഴിവാക്കാൻ അയാൾ അവരെ വിട്ടുകൊടുക്കും. അതിൽ ഒരാളെയെങ്കിൽ ഒരാളെ ഇല്ലാതാക്കാൻ കഴിഞ്ഞാൽ അത്രയും നല്ലതല്ലേ….

മ്മ്.. അതു നീ പറഞ്ഞത് ശരിയാണ്. അറസ്റ്റും കാര്യങ്ങളും വന്നാൽ അവർ രക്ഷപെടും… നവിയും പറഞ്ഞു.

എന്തായാലും നോക്കാം അയാളുടെ തീരുമാനം എന്താണെന്ന്. എങ്ങനെ ആയാലും അയാളുടെ മന്ത്രി സ്ഥാനം പോകും. അങ്ങനെ ഒരു പൊസിഷനിൽ ഇരുന്നിട്ട് അയാൾ ചെയ്യാത്ത വൃത്തികേടുകൾ ഇല്ല. ഇനി ഒരിക്കലും അയാൾ അങ്ങനെ ഒരു പൊസിഷനിൽ എത്തില്ല. അതിന് എന്റെ കൈയിൽ ഉള്ള ഈ തെളിവുകൾ മതി… അവൾ രോഷത്തോടെ പറഞ്ഞു.

നീ സമാധാനപ്പെട്. ഇങ്ങനെ ദേഷ്യപ്പെടല്ലേ. ഇത്രയും ദേഷ്യം ഉള്ളിൽ ഉണ്ടായിട്ടാണോ നീ ഇത്രയും സൗമ്യമായി അയാളോട് സംസാരിച്ചത്… നവി അതിശയത്തോടെ ചോദിച്ചു.

അതു ഞങ്ങൾ ഈ പത്രപ്രവർത്തകരുടെ ഒരു പ്രത്യേക കഴിവാണ് മോനെ നവീനെ. ഇവന്റെ ഒക്കെ തന്തക്ക് വിളിക്കാനും എടുത്തിട്ടടിക്കാനും ഉള്ള ചിന്ത ഉള്ളിൽ ഉണ്ടെങ്കിലും ഞങ്ങളുടെ മുഖത്ത് ഒരു ശാന്തതയെ ഉണ്ടാകു. അല്ലാതെ മറ്റുവികാരങ്ങൾ മുഖത്ത്
വരണമെങ്കിൽ അത്രയും സഹിക്കാൻ പറ്റാത്ത സിറ്റുവേഷൻ വരണം..

ഓഹ്.. ഒരു വല്യ പത്രപ്രവർത്തക…

എന്താ മോനെ ഒരു പുച്ഛം. ഞാനേ അത്രയും പണിയെടുത്തത് കൊണ്ടാണ് RNG അവാർഡ് ഒരെണ്ണം എന്റെ ഷോകേസിൽ ഇരിക്കുന്നത്. കേരളത്തിൽ ആർക്കെങ്കിലും കിട്ടിയിട്ടുണ്ടോ ഈ അവാർഡ് എന്ന് മോൻ ഒന്നു അന്വേഷിക്ക് ട്ടോ… അവൾ അവനെ നോക്കി പുച്ഛിച്ചുകൊണ്ട് പറഞ്ഞു.

ഞാൻ ഒന്നും പറഞ്ഞില്ല എന്റെ പൊന്നു കുഞ്ഞേ. നീ ഞങ്ങളുടെ പുലികുട്ടിയല്ലേ..

അയ്യടാ എന്താ സോപ്പിങ്.. ഇന്നെന്താ മോൻ ഓഫീസിൽ പോകുന്നില്ലേ. 9.30 കഴിഞ്ഞല്ലോ..

എന്റെ ദൈവമേ ഇത്ര സമയം ആയോ. ഞാൻ നിന്നോട് കത്തി വച്ചു നിന്ന് സമയം പോയി. എനിക്ക് 10.30ക്ക് ഒരു അപ്പോയ്ന്റ്മെന്റ് ഉള്ളതാണ്… അവൻ അതും പറഞ്ഞു വേഗം ഉള്ളിലേക്ക് പോയി.
പിയ അവന്റെ ഓട്ടം കണ്ട്‌ പൊട്ടിച്ചിരിച്ചു..

തുടരും…..