17/04/2026

സത്യഭാമ : ഭാഗം 29

രചന – അയിഷ അക്ബർ

 

ഋഷിയുടെ കണ്ണുനീർ അവളുടെ കവിളുകളെ തലോടി താഴെക്കുതിർന്നു വീണു….

പേര് മാറി വന്നാൽ ഞാൻ കണ്ട് പിടിക്കില്ലെന്ന് കരുതിയോ….

കുസൃതിയോടെ അവളത് ചോദിക്കുമ്പോൾ കണ്ണു നീർ അമർത്തി തുടച്ചു കൊണ്ട് അവനും പുഞ്ചിരിച്ചു….

അവൻ മുറിക്ക് പുറത്തേക്കിറങ്ങിയപ്പോഴേക്കും അവളുടെ മുത്തശ്ശിയും അമ്മയും മഹേഷും വെപ്രാളത്തോടെ അവിടെയെത്തിയിരുന്നു…

നന്ദിയുണ്ട് മോനെ…. കൃത്യ സമയത്ത് അവളെ രക്ഷിച്ചതിനു….

ശാരതാമ്മ കൈ കൂപ്പിയത് പറഞ്ഞപ്പോഴേക്കും ജയയും മഹേഷും അകത്തേക്ക് കയറിയിരുന്നു…..

മോളേ…. നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ…

ആധി പിടിച്ചു വരുന്ന തന്റെ അമ്മയെ കണ്ടതും അവൾക്ക് പുച്ഛം തോന്നി…

അവരുടെ മുഖത്തെ ദുഖമെല്ലാം വെറും അഭിനയമാണെന്ന് അവൾക്ക് തോന്നി…

അല്ലെങ്കിൽ ലോകത്തൊരമ്മയും ചെയ്യാത്ത കാര്യങ്ങളാണ് അവർ ചെയ്ത് കൊണ്ടിരിക്കുന്നത്….

മകൾക്ക് ഓർമ നഷ്ടപ്പെട്ടപ്പോൾ ആ അവസരം മുതലെടുത്തു കൊണ്ട് തനിക്കൊട്ടും ഇഷ്ടമില്ലാത്ത അവനുമായി തന്നെ കൂട്ടിച്ചർക്കാൻ അവർ ശ്രമിക്കുന്നത് എന്തിനെന്നു തനിക്കിപ്പോഴും അറിയുന്നില്ല…..

മഹേഷും താനുമായി പ്രണയത്തിലായിരുന്നുവോ എന്ന് ചോദിച്ചപ്പോൾ അവർ പറഞ്ഞ മനോഹരമായ നുണകൾ അവളുടെ മനസ്സിൽ കിടന്ന് നീറുന്നുണ്ടായിരുന്നു….

ഭാമേ… നീ ഞങ്ങളെ പേടിപ്പിച്ചു കളഞ്ഞല്ലോ…

അത്രയേറെ വേദനയോടെ അത് പറഞ്ഞത് മഹേഷായിരുന്നു….

അവന്റെ മുഖത്തേക്ക് നോക്കിയപ്പോഴേ ഭാമക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു….

അവൻ തന്നെ വിശ്വസിപ്പിക്കാൻ എത്ര നന്നായി അഭിനയിച്ചു തകർത്തെന്ന് അവളോർത്തു…….

അപ്പോഴാണ് ശാരതാമ്മ അങ്ങോട്ട് കടന്ന് വരുന്നത്….
. അവരെ കണ്ടതും അവളുടെ മിഴികൾ വിടർന്നു….
. ഒത്തിരി നാളുകൾക്ക് ശേഷം അവരെ കാണുന്നത് പോലെയവൾക്ക് തോന്നി….

ജയയും മഹേഷും അവളുടെ അടുത്ത് നിൽക്കുന്നത് കൊണ്ടാവാം അവരൊന്നു അകന്നു നിന്നത്…

എങ്കിലും ആ കണ്ണുകളിലെ അവളെ കുറിച്ചുള്ള ആധി മാറ്റാരേക്കാളും നന്നായി ഭാമക്ക് കാണുന്നുണ്ടായിരുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വീട്ടിലേക്കുള്ള വഴികളെല്ലാം അവൾക്ക് പുതുമ തോന്നി….

വീടിന്റെ മുറ്റത്തെത്തിയതും ഒത്തിരി നാളുകൾക്ക് ശേഷം തന്റെ വീട്ടിലേക്ക് കടന്ന് വന്ന പ്രതീതിയായിരുന്നവൾക്ക്……

അവൾ അവർക്ക് നേരെയുള്ള ആ കൊച്ചു വീട്ടിലേക്ക് നോക്കി…

അവരെ നോക്കി ഉമ്മറത്തു തന്നെ അവനുണ്ടായിരുന്നു…

ഋഷി….. അവളുടെ ഹൃദയം അവൾ പോലുമറിയാത്ത അത്രയും സന്തോഷത്തെ പേറിയിരുന്നു….

അവന്റെ ചൊടികളിൽ അവളുടെ സത്യക്കായുള്ള ആ കുസൃതി ചിരി പറ്റിപ്പിടിച്ചിരുന്നു….

ഇത് വരെ കാണാത്ത അത്രയും തിളക്കം അവന്റെ കണ്ണുകൾക്കുള്ളതായി അവൾക്ക് തോന്നി…..

അവനെ നോക്കുമ്പോഴുള്ള അവളുടെ കണ്ണിലെ തിളക്കം മഹേഷിലുണ്ടായിരുന്ന സംശയങ്ങൾക്ക് കനം കൂട്ടി….

അവന്റെ മുഖം വലിഞ്ഞു മുറുകി…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അവളെ മുറിയിൽ കിടത്തി ജയയും മഹേഷും പോയപ്പോള്ഴാണ് ശാരതാമ്മ അവൾക്കടുത് വന്നിരുന്നത്…..

മോൾക്ക് ഇപ്പൊ വല്ല ബുദ്ധിമുട്ടും തോന്നുന്നുണ്ടോ….

അവർ വാത്സല്യത്തോടെ അത് ചോദിക്കുമ്പോൾ ഇത് വരെ കാണാത്ത വിധം അവളവരെ തന്നെ നോക്കി ഇരിക്കുകയായിരുന്നു….

അവൾ ഇല്ലെന്ന് പതിയേ തലയാട്ടിയതും അവരെഴുന്നേറ്റു….

മോളെന്നാ കുറച്ച് നേരം വിശ്രമിക്ക്…….

മുത്തശ്ശി….

അത് പറഞ്ഞ് പോകാനൊരുങ്ങിയ അവരെ ഭാമ വിളിച്ചു….

അവരെന്തെന്ന അർത്ഥത്തിൽ തിരിഞ്ഞു നോക്കി…..

മുത്തശ്ശിയോന്ന് ഇവിടെ ഇരിക്കാമോ…..

അവളുടെ ചോദ്യം അവരിൽ അത്ഭുതമായിരുന്നു നിറച്ചത്…..

അവർ പതിയേ അവളുടെ അടുത്തിരുന്നു….

അപ്പോഴും പതിവില്ലാത്ത അവളുടെ പെരുമാറ്റത്തിലുള്ള സംശയം അവരിൽ നിറഞ്ഞു നിന്നിരുന്നു….

അവർ അവളെ തന്നെ നോക്കി നിൽക്കെ അവളവരെ ഇറുക്ക് പുണർന്നു…..

അവരോരു നിമിഷം ഞെട്ടിയെങ്കിലും അവളുടെ കണ്ണു നീർ അവരുടെ കഴുത്തിൽ പതിക്കുന്നത് അവരറിയുന്നുണ്ടായിരുന്നു…..

മുത്തശ്ശി….. ഒരു തേങ്ങൽ മാത്രം അവളിൽ നിന്നുതീർന്നു…..

ഭാമേ….. എന്റെ പോന്നു മോളേ….

അവരുടെ ഭാമയെ തിരിച്ചു കിട്ടിയെന്ന് അവർക്കും മനസ്സിലായിരുന്നു…..

ഇപ്പോഴെങ്കിലും എന്റെ മോൾക്കീ മുത്തശ്ശിയെ ഓർമ വന്നല്ലോ…..

അവരത് പറഞ്ഞതും കണ്ണുനീരിനിടയിൽ അവളൊന്നു ചിരിക്കാൻ ശ്രമിച്ചു……

മോൾ മുത്തശ്ശിയോട് ദേഷ്യമുണ്ടോ……

നനഞ്ഞ വാക്കുകളാൽ അവരത് ചോദിക്കുമ്പോൾ അവരിൽ നിന്നുതിർന്ന തേങ്ങൽ അവൾക്കറിയൂന്നുണ്ടായിരുന്നു…….

എന്തിന്…..

അവളത്ര മേൽ സൗമ്യമായാണ് അത് ചോദിച്ചത്…..

എന്റെ മോൾടെ ഈ അവസ്ഥക്ക് കാരണം മുത്തശിയല്ലേ….
മുത്തശ്ശി കാരണം എന്റെ കുട്ടി ഒത്തിരി അനുഭവിച്ചു….

അവരത് പറയുമ്പോൾ സാരി തലപ്പ് കൊണ്ട് കണ്ണുനീരോപ്പുന്നുണ്ടായിരുന്നു……

മുത്തശ്ശിയോട് എനിക്ക് ദേഷ്യം തന്നെയാ….

അവൾ മുഖം കൂർപ്പിച്ചു കൊണ്ടത് പറയുമ്പോൾ അവർ നിറ മിഴികളാൽ അവളെ നോക്കി….

അത് മുത്തശ്ശി എന്നെ ഇവിടെ നിന്നു പറഞ്ഞയച്ചത് കൊണ്ടല്ല…. മറിച്…..മഹേഷേട്ടനുമായി വീണ്ടും വിവാഹം ഉറപ്പിച്ചപ്പോൾ മൗനമായി നിന്നതിനാണ്….

അവളത് പറയുമ്പോൾ അവരുടെ മുഖത്ത് നിറഞ്ഞതത്രയും നിസ്സഹായതയായിരുന്നു….

മുത്തശ്ശി ഒത്തിരി പ്രാർത്ഥിച്ചിരുന്നു നിനക്ക് ഓർമ തിരിച്ചു കിട്ടാൻ…

അതല്ലാതെ ഈ വൃദ്ധക്ക് മറ്റൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ല….

അവരത് പറയുമ്പോൾ ഭാമ അവരുടെ കവിളിൽ പിടിച്ചു വലിച്ചു….

എന്റെ മുത്തശ്ശി കുട്ടി പ്രാർത്തിച്ചത് കൊണ്ട് തന്നെയല്ലെ ഓർമ തിരിച്ചു കിട്ടിയത്….

എന്ന് പറഞ്ഞ് അവരുടെ കവിളിൽ ഒരുമ്മ കൊടുക്കുമ്പോൾ ദ്രവിച്ചു തുടങ്ങിയ പല്ല് കാട്ടി അവരും ചിരിച്ചിരുന്നു….

മുതശീ…. തൽക്കാലം ഇത് മറ്റാരും അറിയേണ്ട…. അവരെത് വരെ പോകുമെന്ന് നോക്കാമല്ലോ…..

അവളത് പറയുമ്പോൾ അവളുടെ കണ്ണുകളിൽ ഒരു കനൽ അവർക്ക് കാണാൻ കഴിഞ്ഞിരുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അവൾ മുറിയിലെ ജനാല തുറന്നിട്ടു….

അവളെ നോക്കിയെന്ന വണ്ണം മുറ്റത്തായി അവനുമുണ്ടായിരുന്നു….

അവനെ തഴുകിയ ശേഷം അകത്തേക്ക് കടന്നു വന്ന മന്ദ മാരുതനോടു പോലും അവൾക്ക് പ്രണയമായി തോന്നി…..

അവന്റെ ആ മുഖവും ചിരിയുമെല്ലാം അത്രമേൽ ആഴത്തിൽ തന്നിലേക്ക് പതിക്കുന്നത് പോലെ….

തന്നെ തിറഞ്ഞു അവൻ വന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഒന്നുമറിയാതെ ഞാനാ ദുഷ്ടനു കഴുത്തു നീട്ടി കൊടുക്കേണ്ടി വരുമായിരുന്നു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഭാമ കുളി കഴിഞ്ഞു വന്നപ്പോഴാണ് ജനലിനരികത്തായിരിക്കുന്ന ഒരു കടലാസ് അവൾ കാണുന്നത്….

ആ കുളക്കടവിൽ ഞാൻ കാത്തിരിക്കും….

അത്രമാത്രം എഴുതി വെച്ച ആ കാടാസിനെ അവൾ ഹൃദയത്തോട് ചേർത്ത് പിടിച്ചു…..

ഓർമ്മകൾ നിറഞ്ഞു തുളുമ്പുന്ന ആ ദാവണി അവൾ കയ്യിലെടുത്തു…

അവൻ തനിക്കായി തന്ന ഈ സമ്മാനമായിരുന്നു ഞങ്ങളുടെ പ്രണയത്തിനു തുടക്കം കുറിച്ചത്…

അവളതെടുത്തു മനോഹരമായി ചുറ്റി….

നീളൻ മുടി വിടർത്തിയിട്ടു….

പുറത്തേക്കിറങ്ങിയപ്പോഴാണ് ആണിയിൽ തൂക്കി വെച്ചിരിക്കുന്ന മുല്ലപ്പൂ മാല അവൾ കാണുന്നത്….

അനു കോർത്തു വെച്ചതാവാം….

അതിൽ നിനല്പം മുറിച്ചെടുത്തവൾ മുടി
യിൽ വെച്ചു….

കുളപ്പടവിലേക്ക് നടക്കുമ്പോൾ അവളുടെ കാലുകൾക്ക് താനേ ശക്തി കൂടിയിരുന്നു….

അവളവിടെയെത്തുമ്പോൾ അവളെ കാത്തെന്ന വണ്ണം അവനവിടെ തന്നെയിരിക്കുന്നുണ്ടായിരുന്നു…..

അവളെ കണ്ടതും അവൻ മനോഹരമായി പുഞ്ചിരിച്ചു….

സത്യ ഭാമക്ക് ഈ ദാവണി നന്നായി ചേരുന്നുണ്ട്….

അവൻ കുസൃതിയോടെ അത് പറയുമ്പോൾ അവളവനെ നോക്കി കണ്ണുരുട്ടി….

അവൻ സത്യ ഭാമ എന്ന് വിളിക്കുമ്പോൾ എന്തോ ഒരു അകൽച്ച അവൾക്ക് തോന്നി

സത്യ ഭാമയുടെ കല്യാണമാണ്…. ക്ഷണിക്കാൻ വേണ്ടി വന്നതാ….

അവനരികത്തായി ഇരുന്നു കൊണ്ടവളത് പറയുമ്പോൾ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു…

അവൻ അവളെ തന്നെ അല്പ നേരം നോക്കിയിരുന്നു….

അവളവനിലേക്ക് മിഴികൾ കൊടുക്കാതെ ദൂരേക്ക് നോക്കയിരുന്നു….

സത്യ ഭാമ ആരെ വേണമേങ്കിൽ വിവാഹം കഴിക്കട്ടെ….
എന്റേയീ സത്യയെ എനിക്ക് വേണം….

അവൻ അവളോടത് പറയുമ്പോൾ ഇടം കൈയാൽ അവളുടെ താടി തുമ്പിൽ പിടിച്ചു അവന്റെ നേർക്ക് മുഖമുയർത്തിയിരുന്നു….

അവളുടെ കണ്ണുകൾ അവനുമായി കൊരുത്ത നിമിഷം അവളുടെ മുഖത്ത് നിറഞ്ഞ ദേഷ്യം നാണത്തിന് വഴി മാറിയിരുന്നു….

അവന്റെ മിഴികളെ നേരിടാൻ കഴിയാതെ അവൾ മിഴികളെ അവനിൽ നിന്നടർത്തി മാറ്റി……

(തുടരും )