18/04/2026

സത്യഭാമ : ഭാഗം 30

രചന – അയിഷ അക്ബർ

ഇത്ര ദൂരം തിരഞ്ഞ് വരാൻ മാത്രം ഞാൻ നിനക്കാരായിരുന്നു ഋഷി…

ചോദിക്കുമ്പോൾ അവളുടെ മിഴികൾ നിറയുന്നത് അവൻ കാണുന്നുണ്ടായിരുന്നു…

അവൻ അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു….

പ്രണയമെന്ന് പറഞ്ഞ് ഞാൻ അതിനെ ഒറ്റ വാക്കിലൊതുക്കാൻ ഇഷ്ടപ്പെടുന്നില്ല….

എന്നാൽ നിന്നെ നഷ്ടപ്പെട്ട നിമിഷം പ്രാണൻ പോയത് പോലെയായിരുന്നു എനിക്ക് തോന്നിയത്…

നിന്നേ കൂടാതെ എങ്ങനെ ജീവിക്കുമെന്നോർക്കുമ്പോൾ ലോകം എന്റെ മുന്നിൽ ഒത്തിരി ചെറുതായത് പോലെയായിരുന്നു….

നിന്റെ പുഞ്ചിരി എന്റെ ഉറക്കത്തിനു ശത്രുവായി മാറി….

എനിക്ക് എന്നെ തന്നെ നഷ്ടമായി കൊണ്ടിരിക്കുകയായിരുന്നു……

അവന്റെ കണ്ണുകളിൽ മിഴിനീർ തിളക്കം….

അവന്റെ കൈകൾക്ക് മേൽ അവൾ കൈ വെച്ചു…

ഇത്രയേറെ പ്രാണനായി തന്നെ സ്നേഹിക്കാൻ അവന് കഴിയുന്നതെങ്ങനെയെന്നവളോർത്തു……

പിന്നെന്തിനു വേണ്ടിയായിരുന്നു ഒരു ആൾമാറാട്ടം…..
സത്യങ്ങൾ എന്നോട് തുറന്ന് പറയാമായിരുന്നില്ലേ….

അവളത് ചോദിക്കുമ്പോൾ പരിഭവം നിറഞ്ഞ വാക്കുകളെ അവൻ കുസൃതി ചിരിയാലേ വരവേറ്റു….

ആരോടാ ഞാൻ പറയേണ്ടത്….
സ്വയം ആരെന്നറിയാത്ത നിന്നോട് ഞാനെങ്ങനെ ഋഷിയെ കുറിച് പറയും….
നമ്മുടെ പ്രണയത്തെ കുറിച് പറയും….

മാത്രമല്ല…. എനിക്ക് വേണ്ടത് എന്നേ സ്നേഹിച്ച സത്യയെ ആയിരുന്നു….

നീയല്ലാത്ത ഒരാളുടെ ശരീരം മാത്രം സ്വന്തമാക്കാനാണെങ്കിൽ ഞാനും മഹേഷും തമ്മിലെന്താണ് വ്യത്യാസം….
യഥാർത്ഥ പ്രണയത്തിനു എപ്പോഴും അതിന്റെതായൊരു തിളക്കമുണ്ടാകും സത്യാ….

അത് നമ്മെ കരഞ്ഞു കൊണ്ട് പുഞ്ചിരിക്കാൻ പഠിപ്പിക്കും….
കയ്യെത്തും ദൂരെയുള്ള ആൾക്ക് വേണ്ടിയാണെങ്കിലും കാലങ്ങളോളം കാത്തിരിക്കാൻ ക്ഷമ തരും…..

ജീവിക്കാനുള്ള ഓരോ പ്രതീക്ഷകൾ നമുക്ക് മുമ്പിലേക്ക് ഇട്ട് തന്ന് കൊണ്ടിരിക്കും….

അവൻ പുഞ്ചിരിയോടെ അത് പറയുമ്പോൾ അവളവന്റെ തോളിലേക്ക് പതിയേ ചാഞ്ഞു……

അപ്പൊ എനിക്ക് ഓർമ തിരിച്ചു കിട്ടിയില്ലായിരുന്നെങ്കിൽ നിനക്ക് എന്നെ വേണ്ടായിരുന്നോ…..
മഹേഷുമായുള്ള വിവാഹം നടക്കാൻ നീയനുവദിക്കുമായിരുന്നോ…..

തോളിലേക്ക് ചാഞ്ഞ അവൾ എഴുന്നേറ്റ് അവന്റെ കണ്ണുകളിൽ നോക്കിയത് ചോദിക്കുമ്പോൾ അവളുടെ വാക്കുകളിൽ ഒരു ഭാരം അവന് തോന്നി…

ആർക്കും… ഒന്നിനും വേണ്ടി നിന്നെ ഞാൻ വിട്ട് കൊടുക്കാൻ ഒരുക്കമല്ല….

അത് കൊണ്ടാണല്ലോ നിന്നെ തിരഞ്ഞു ഇവിടം വരെയെത്തിയത്….

അവളുടെ കവിളുകൾ ചേർത്ത് പിടിച്ചത് പറഞ്ഞ് കൊണ്ടവൻ അവളുടെ നെറ്റിയിൽ പതിയേ ചുണ്ടുകളമർത്തി….

അവളോട്ടും പ്രതീക്ഷിക്കാത്തതായിരുന്നത് കൊണ്ട് തന്നെ പെട്ടെന്നുള്ള അവന്റെയാ പ്രവർത്തിയിൽ അവളൊന്നു പിടഞ്ഞു….

കവിളുകളിൽ ചുവപ്പ് പടർന്നു…

അവന്റെ കണ്ണുകളിൽ നിന്നും വേഗത്തിൽ അവൾ കണ്ണുകൾ പറിച്ചെടുത്തു ദൂരേക്ക് നോക്കിയിരിക്കുമ്പോഴും അവളുടെ ചൊടിയിലൊരു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു….

അവളിലേക്ക് ആശ്വാസം പകരാനാണ് അങ്ങനെ ചെയ്തതെങ്കിലും അവളിലെ പെട്ടെന്നുണ്ടായ മാറ്റം അവനിലും വല്ലാത്തൊരു ആനന്ദം പടർത്തി…..

നിനക്ക് ഓർമ തിരിച്ചുകിട്ടുമെന്നെനിക്കുറപ്പുണ്ടായിരുന്നു…..

കാരണം…. നമ്മുടെ പ്രണയത്തിന്റെ പവിത്രത നമ്മുടെ ഹൃദയങ്ങളിലാണ്…

നിനക്ക് ഓർമ തിരിച്ചു കിട്ടിയാലും ഇല്ലെങ്കിലും മഹേഷിനെന്നല്ല സർവേശ്വരന് പോലും ഞാൻ നിന്നെ കൊടുക്കില്ല….
അതിനുള്ള വഴിയും എന്റെ കയ്യിലുണ്ടായിരുന്നു….

അവൻ പുഞ്ചിരിയൊടെയത് പറയുമ്പോൾ അവനെ നോക്കിയവളും ചിരിച്ചു….

എന്നാലിനി ആ വഴി പറഞ്ഞ് തരു….
കല്യാണം മുടക്കാൻ ഞാൻ നോക്കിയിട്ട് ഒരു വഴിയും കാണുന്നില്ല…..

ഒരു നെടുവീർപ്പോടെ സത്യയത് പറയുമ്പോൾ ഋഷിയിൽ നിറഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു….

പണ്ട് മഹേഷുമായുള്ള കല്യാണം മുടക്കാൻ നീയെന്താ ചെയ്തത്…..

അവൻ അവളെ നോക്കിയത് ചോദിക്കുമ്പോൾ അവൾ സംശയത്തോടെ നോക്കി…

ഞാൻ… ഇവിടെ നിന്ന് ഓടിപ്പോയി….

അപ്പൊ അത് തന്നെ ആവർത്തിക്കാം…..

അവനത് പറഞ്ഞതും അവൾ സംശയത്തോടെ നോക്കി…..

നീ ഒന്ന് കൂടി നാട് വിടണം….

അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി…

എന്നാൽ മുമ്പത്തെ പോലെ ഒറ്റക്കല്ല …. ഈ കൈകൾ പിടിച്ചു ഋഷിയും കൂടെയുണ്ടാകും…..

അവനത് പറയുമ്പോൾ അവളുടെ കണ്ണുകൾ വിടർന്നു….

ചുണ്ടിൽ അവളറിയാതെ പുഞ്ചിരി പൊടിഞ്ഞു….

വിവാഹത്തിന് അധിക സമയമില്ല… എത്രയും പെട്ടെന്ന് നമുക്ക് പോകണം….

പാതി വെച്ച് മുടങ്ങി പ്പോയ നമ്മുടെ വിവാഹം നടക്കണം….

അന്നത്തെ പോലെ മഠത്തിൽ തറവാട്ടിൽ വെച്ചു ആഡംബരമായിട്ടല്ലെങ്കിലും ഈശ്വരൻ മാരെ സാക്ഷിയാക്കി ഈ കഴുത്തിൽ എനിക്കൊരു താലി ചാർത്തണം…..
ഇന്ന് തന്നെ മുത്തശ്ശിയോട് പറഞ്ഞോളൂ….

മുത്തശിയുടെ ആശിർവാദത്തോട് കൂടി നമുക്ക് പോകാം….

അവനത് പറയുമ്പോൾ അവളുടെ ഹൃദയം ആനന്ദത്തിന്റെ കൊടുമുടിയിലായിരുന്നു….

അവളുടെ ഹൃദയത്തിൽ ചിതൽ പിടിച്ചു കിടന്നിരുന്ന സ്വപ്നനങ്ങളൊക്കെയും ചിറക് വിടർത്തി ഉയർന്നു പൊങ്ങി….

അവനോടൊന്നു കൂടി അവൾ ചേർന്നിരുന്നു….

ഇടം കയ്യാലേ അവളെ ചേർത്ത് പിടിക്കാൻ അവനും മറന്നിരുന്നില്ല….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹മുത്തശ്ശി…..ഉറങ്ങുകയാണോ….

അതും ചോദിച്ചു കൊണ്ട് ഭാമ മുറിയിലേക്ക് വന്നതും ശാരതാമ്മ പതിയേ എഴുന്നേറ്റു….

ഇല്ല കുട്ടീ….. വെറുതെ ഒന്ന് കിടന്നതാ…
നീയാ വെറ്റില ചെല്ലമിങ്ങെടുക്ക്….

അവരത് പറഞ്ഞതും അവൾ അവിടെയുള്ള വെറ്റില ചെല്ലത്തിൽ നിന്നും വെറ്റിലയെടുത് അടുക്കയും നൂറും ചേർത്ത് മുത്തശ്ശിയുടെ വായിൽ വെച്ചു കൊടുത്തു….

ഞാൻ….. ഞാൻ ഡോക്ടറിന്റെ അടുത്തായിരുന്ന സമയത്ത് വെറ്റില വള്ളിയാ വീട്ടിലുണ്ടായിരുന്നു….

ആ വെറ്റിലയുടെ മണം കേൾക്കുമ്പോൾ എന്തൊക്കെയോ മനസ്സിലേക്ക് കടന്നു വരുമായിരുന്നു….

ഇപ്പോഴാണ് മനസിലായത് അത് മുത്തശ്ശിയുടെ മണമായിരുന്നെന്ന്..

അവളത് പറയുമ്പോൾ വായിൽ മുറുക്കാൻ വെച് കൊണ്ടവർ ചിരിച്ചു….

നിനക്കവരെ വല്യ കാര്യമായിരുന്നല്ലേ….
മുത്തശ്ശി അത് ചോദിച്ചതും അവളുടെ മുഖത്തെ ചിറി മാഞ്ഞു….

അവളുടെ ഡോക്ടറെ ഓർത്തായിരിക്കാം ആ മുഖത്ത് ദുഃഖം നിഴലിച്ചത്…

എന്റെ രണ്ടാം ജന്മം ആ കൈകളിൽ നിന്നായിരുന്നു മുത്തശ്ശി….
ചില ബന്ധങ്ങളെ നമുക്ക് നിർവചിക്കാനാവില്ല…. ഹൃദയം നമ്മോട് അനുവാദം പോലും ചോദിക്കാതെ പലർക്കും ഇടം കൊടുക്കും….

പിന്നേ അവരുമായുള്ള വേർപെടൽ ഹൃദയത്തിൽ എത്ര ത്തോളം മുറിവുണ്ടാക്കുമെന്ന് ഹൃദയം ഓർക്കാറേയില്ല….

ഭാമ ദൂരേക്ക് നോക്കിയത് പറയുമ്പോൾ ശാരതാമ്മ അവളുടെ താടി തുമ്പിൽ പിടിച്ചു അവർക്ക് നേരെ അവളുടെ മുഖം തിരിച്ചു….

അവിടെ നിന്നു പോന്നത് മോൾക്ക് വല്യ വിഷമമായല്ലേ…

അവരത് ചോദിക്കുമ്പോൾ അവൾ വേദന കലർന്നൊരു പുഞ്ചിരി അവൾക്ക് സമ്മാനിച്ചു….

നിന്നെ കണ്ടു കിട്ടിയ സന്തോഷം മാത്രമേ അപ്പൊ മുത്തശ്ശിക്കുണ്ടായിരുന്നുള്ളു…..

നീയെത്ര സന്തോഷത്തിലാണെന്ന് പറഞ്ഞാലും ഒരു അന്യ വീട്ടിൽ നിന്നെ നിർത്തി പോരാനെങ്ങനെ സാധിക്കും….

എന്നാൽ ഇവിടെ വന്നപ്പോ തോന്നി…. നീയവിടെ നില്കുന്നത് തന്നെയാണ് നല്ലതെന്ന്…..
ഇത്ര പെട്ടെന്ന് അവനുമായുള്ള ഒരു വിവാഹത്തിലേക്ക് എത്തി നിൽക്കുമെന്ന് മുത്തശ്ശി വിചാരിച്ചില്ല മോളേ…..

ഒരു നെടു വീർപ്പോടെ അവരത് പറയുമ്പോൾ ആ ഹൃദയത്തിലേ ആശങ്ക അവളറിയുന്നുണ്ടായിരുന്നു……

അതിനു ഈ വിവാഹം നടന്നാലല്ലേ….

ഭാമയത് പറയുമ്പോൾ ശാരതാമ്മ അത്ഭുതത്തോടെ അവളെ നോക്കി….

എന്താ കുട്ടീ ഈ പറയുന്നത്…. ഇനിയിതു മുടക്കുന്നത് അസാധ്യമാണ്….

അവരത് പറയുമ്പോൾ ഭാമായൊന്നു ചിരിച്ചു….

ആരു പറഞ്ഞ്….. മുത്തശ്ശിക്കിതൊന്നും അസാധ്യമല്ല…. കഴിഞ്ഞ തവണ എന്നെ ഇവിടുന്ന് കടത്തിയത് മുത്തശ്ശിയല്ലേ…. അപ്പോ ഈ തവണയും അത് തന്നെ ചെയ്യണം…..

അവളത് പറയുമ്പോൾ അവരിലൊരു വേദന കലർന്ന ചിറി വിരിഞ്ഞു….

ഒരു തവണ തന്നെ നിന്നെയോർത് മുത്തശ്ശി ഉരുകി തീർന്നു…. ഇനിയെന്തായാലും അതിനു മുത്തശ്ശിക്ക് ധൈര്യമില്ല…..

അവരത് പറയുമ്പോൾ ഭാമയവരുടെ ചുളിവുകൾ വീണ കൈ പിടിച്ചു….

ഇത്തവണ ഞാൻ… ഒറ്റക്കല്ല മുത്തശ്ശി… കൂട്ടിനു ഒരാള് കൂടിയുണ്ട്…..

അവളുടെ വാക്കുകളിൽ ഒരു തരം നാണം കലർന്നതായി അവർക്ക് തോന്നി….

ആരാ മോളേ അത്….

അവർ അങ്ങേയറ്റം ആകാംക്ഷയോടെ ചോദിക്കുമ്പോൾ അവൾ ജനലിലൂടെ ആ വീട്ടിലേക്ക് ചൂണ്ടി….

ആര്… അജയോ…
അവിടെ അവനെ കാണുന്നില്ലായിരുന്നെങ്കിലും ശാരതാമ്മ ഊഹിച്ചു….

മ്മ്…. അവൾ പതിയെ മൂളി….

ശാരതാമ്മയുടെ മുഖത്തും ഒരു വെളിച്ചം പടർന്നിരുന്നു…
അവനെ അവരും ഇഷ്ടപ്പെടുന്നത് കൊണ്ടാവാം അത്….

അവൻ അജയ് അല്ല മുത്തശ്ശി… ഋഷിയാണ്… അവൻ വന്നതും എനിക്ക് വേണ്ടിയായിരുന്നു….

അവർ സംശയത്തോടെ അവളെ നോക്കി….

അച്ഛന്റെ സുഹൃത്തിന്റെ അടുത്തേക്കല്ലേ മുത്തശ്ശി എന്നെ വിട്ടത്…. അവരുടെ ഒരേയൊരു മകനാണ് ഋഷി…

അവൾ അങ്ങേയറ്റം സന്തോഷത്തോടെയത് പറയുമ്പോൾ ഒരു ഇടി മിന്നലേറ്റത് പോലെയാണ് ശാരതാമ്മക്ക് തോന്നിയത്….

ആരുടെ… വിശ്വ നാദന്റെയോ….

അവർ അത്ഭുതത്തോടെ ചോദിച്ചു….

അതേ മുത്തശ്ശി….

അവൾ സന്തോഷത്തോടെ അത് പറയുമ്പോഴും അവരിൽ നിറഞ്ഞു നിന്നതത്രയും ഭയമായിരുന്നു…..

വിശ്വ നാഥാനാണ് മാധവനു അവളെ കൈ മാറിയത് എന്നുള്ളത് കൊണ്ട് തന്നെ ഭാമ വിശ്വാനാഥന്റെ മകളല്ലേ….

അപ്പൊ അവൾ സ്നേഹിക്കുന്നത് അവളുടെ സ്വന്തം ചോരയെയാണോ….

ആലോചിക്കും തോറും അവർക്ക് മനസ്സിന് വല്ലാത്ത പിരിമുറുക്കം തോന്നിയത് കൊണ്ട് തന്നെ അവരുടെ മുഖം മാറുന്നത് ഭാമ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

അത് നടക്കില്ല ഭാമേ….

ശാരതാമ്മയുടെ ശബ്ദം ഉറച്ചതായിരുന്നു….

(തുടരും )