20/04/2026

സത്യഭാമ : ഭാഗം 03

രചന – അയിഷ അക്ബർ

അവൾ അവരിലേക്ക് നോക്കിയതും അവളെ കണ്ടില്ലെന്ന് നടിച്ച് അവർ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു…..

പ്രത്യേകിച്ച് സാധനങ്ങളൊന്നുമില്ലാതെ ഇരുന്ന ആ മുറി വൃത്തിയോടെ കാണപ്പെട്ടിരുന്നു…..അവളല്പ നേരം നാലുപാട് നോക്കിയ ശേഷം താഴേക്ക് നടന്നു…..

താഴെ അവർ നിന്നിരുന്ന ഹാളിന്റെ മൂലയിലിരിക്കുന്ന അവളുടെ ബാഗുകൾ അവൾ കയ്യിലെടുത്തു….

അവൾക്ക് മനസ്സിനാകെ ഒരു ഭാരം തോന്നിയിരുന്നു…
ഇരുൾ മൂടിയൊരു കാട്ടിനുള്ളിൽ അവൾ തനിച്ചായത് പോലെ……

യാശോധയുടെ മുറിയുടെ തൊട്ടുള്ള മുറി നിനക്ക് വേണ്ടി വൃത്തിയാക്കാൻ പറഞ്ഞിട്ടുണ്ട്….

അത് വരെ താൻ വീടും വീട്ടുകാരെയുമൊക്കെ യൊന്നു പരിചയപ്പെട്….

അത്ര മേൽ സ്നേഹത്തോടെ വിശ്വനവളുടെ ചുമലിൽ തട്ടി പറഞ്ഞത് അവളുടെ അപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി കൊണ്ട് തന്നെയായിരുന്നു…..

അവൾ പതിയേ സംസാരങ്ങൾ കേൾക്കുന്ന വശത്തേക്ക് കാലുകൾ ചലിപ്പിച്ചു…..

അധികം വെളിച്ചമില്ലാത്ത കുഞ്ഞു ഇടനാഴിയിലൂടെ നടന്ന അവൾക്ക് മുമ്പിൽ തുറന്നത് വിശാലമായൊരു അടുക്കളയായിരുന്നു….

തന്റെ വീടിന്റെ അത്രയും വലിപ്പത്തിലുള്ള ആ അടുക്കള അവളിൽ അത്ഭുതം നിറച്ചു…..

അതിൽ പല ജോലികളിൽ ഏർപ്പെട്ട പല സ്ത്രീകൾ….

നിന്നോട് ഞാനെത്ര തവണ പറഞ്ഞിട്ടുള്ളതാ…

എന്ന് പറഞ്ഞ് കയ്യിലൊരു വടിയുമായി നാല് വയസ്സുകാരിക്ക് നേരെ വീശുന്ന ആ സ്ത്രീയെ അവൾ നോക്കി….

ആ കുട്ടി നല്ലവണ്ണം കരയുന്നുണ്ടായിരുന്നു….

തനിക്ക് വല്ലാതെ സങ്കടം തോന്നിയെങ്കിലും ഒരു പതിവ് രീതിയെന്ന പോൽ എല്ലാവരും അതിനെ കാണുന്നത് അവളെ അമ്പരപ്പടുത്തി…..

ഇതാ….. ഈ സംഭാരം കുടിച്ചോളൂ…..

അവൾക്ക് നേരെ നീട്ടിയത് പറയുന്ന ആ സ്ത്രീയുടെ മുഖത്ത് വലുതല്ലെങ്കിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നത് അവളിലൊരു ആശ്വാസം നൽകി…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ഇതാ മോളേ മോൾടെ മുറി
….

നേരത്തെ പോയ മുറിയുടെ തൊട്ടടുത്തുള്ള ആ മുറി തനിക്കായി തുറന്നു തന്നതും സംഭാരം കൈകളിൽ തന്നവർ തന്നെയായിരുന്നു…..

അവൾ പാതി തുറന്നിട്ട ആ വാതിലിലൂടെ മുറിക്കുള്ളിലേക്ക് എത്തി നോക്കിയതും ജനലഴികളിൽ പിടിച്ചു കൊണ്ട് അവരത് പോലെ തന്നെ നിൽക്കുകയായിരുന്നു…..
ആരെയോ കാത്തെന്ന പോൽ….. ആ കണ്ണുകളിൽ ആരോ വരുമെന്ന പ്രതീക്ഷയില്ലേ…..

നിങ്ങളിവിടുത്തെ ആരാ….

അവൾക്കായി തുറന്ന് കൊടുത്ത മുറിയിലേക്ക് കയറുമ്പോഴാണവളത് ചോദിച്ചത്…..

സാരി തുമ്പ് എളിയിൽ കുത്തിയ ആ സ്ത്രീയോന്ന് പുഞ്ചിരിച്ചു…..

ഞാൻ സുജ….വർഷങ്ങളായി ഇവിടുത്തെ അടുക്കളക്കാരിയാ….

ഞാൻ അങ്ങോട്ട് ചെല്ലട്ടെ….. രാജേഷ്വരി കൊച്ചമ്മ കണ്ടാൽ പിന്നത് മതി…..

വീണ്ടും അവളന്തോ ചോദിക്കാഞ്ഞാഞ്ഞപ്പോഴാണ് അതും പറഞ്ഞ് വെപ്രാളത്തോടെ അവരാ മുറി വീട്ടിറങ്ങിയത്……

ആരാണീ രാജേഷ്വരി….. എല്ലാവരും അവരെ ഭയക്കുന്നതെന്തിനാ……

അവളൊന്നു ചിന്തിച്ചു…
എങ്ങനെ ഭയക്കാത്തിരിക്കും…..
വന്നു കേറിയപ്പോൾ തന്നെ ആ കണ്ണുകളിലെ ഗൗരവവും വാക്കുകളിലെ ഗാഭീര്യവും തന്നെയും ഭയപ്പെടുത്തിയെന്നത് ശെരിയല്ലേ……..

മൂക്ക് മുട്ടെ തിന്ന് സ്വപ്നം കണ്ട് നിൽക്കാനല്ല ഇവിടെ ജോലിക്ക് നിർത്തിയത്…..
രോഗിക്ക്‌ വേണ്ട കാര്യങ്ങളെല്ലാം ചെയ്ത് കൊടുക്കാനാണ് …
ഗാഭീര്യമുള്ള ആ ശബ്ദം അവളെ ഓർമകളിൽ നിന്നും പുറത്തേക്ക് കൊണ്ട് വന്നിരുന്നു…..

മുമ്പിൽ ഒരു പാത്രവുമായി നിൽക്കുന്ന രാജേഷ്വരി അവൾക്കും ഒരു പേടി സ്വപ്നം തന്നെയാണെന്നത് അവൾക്ക് മനസ്സിലായിരുന്നു……

ഏട്ടത്തിക്ക് സമയാ സമയം ഭക്ഷണവും മരുന്നും കൊടുക്കേണ്ടത് നിന്റെ ജോലിയാണ്…..

ദാ….. ഈ ഭക്ഷണം കൊണ്ട് കൊടുക്ക്….

ഭക്ഷണ പാത്രം അവൾക്ക് നേരെ നീട്ടിയത് പറഞ്ഞ് അവര് പോയി…

മുത്തശ്ശി പറഞ്ഞ് തന്ന കഥയിലെ ഒരു രാക്ഷസിയായി അവരെ അവൾക്ക് തോന്നി….

സുന്ദരിയായൊരു രാക്ഷസി…..

അവൾക്ക് പുച്ഛം തോന്നി….

അത്രയേറെ മനോഹരമായ അവരുടെ മുഖത്തിന്റെ സൗന്ദര്യം കൂടി കളയാൻ കഴിവുള്ളതാണ് അവരുടെ പെരുമാറ്റം….

ഒരാളുടെ സൗന്ദര്യം മറ്റൊരാളുടെ മനസ്സിൽ പതിയുന്നത് അവരോടുള്ള സ്‌നേഹം കൊണ്ടോ ബഹുമാനം കൊണ്ടോ ആയിരിക്കില്ലേ…..

അവൾ പാത്രവുമായി അപ്പുറത്തെ മുറിയിലേക്ക് കയറി…..

ഇതാ ഭക്ഷണം കഴിച്ചോളൂ….

പാത്രം അവർക്ക് നേരെ നീട്ടിയതും പാത്രം കൈകളിൽ വാങ്ങി അതിൽ നിന്നല്പം മാത്രം അവർ കഴിച്ചു…

ശേഷം ബാക്കി വരുന്ന ഭക്ഷണം കിളി വാതിലിനപ്പുറത്തായി നിൽക്കുന്ന പ്രാവുകൾക്ക് നേരെ വീശി…..

അത് വരെ ഉണ്ടായിരുന്ന പ്രാവുകൾക്ക് പുറമെ എവിടെ നിന്നോ ഒരു കൂട്ടം പ്രാവുകൾ അതിലേക്കൊടി വരുന്നത് അവളും തെല്ലാമ്പരപ്പോടെയാണ് നോക്കി കണ്ടത്…

എന്നാൽ ആ കാഴ്‌ച അവരിൽ നൽകുന്ന സന്തോഷവും സമാധാനവും ആ കണ്ണുകളിൽ നിന്നും ചൊടികളിൽ നിന്നും വായിച്ചെടുക്കാൻ കഴിഞ്ഞിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ദിവസങ്ങൾ നീങ്ങുമ്പോഴും താനും ആ വീട്ടിലെ ചുമരുകൾക്കുള്ളിലൊതുങ്ങുന്നത് പോലെ തോന്നി….

ജനാലയിൽ കൂടി കാണുന്ന മുറ്റത്തെ മാവിൻ ചുവട്ടിൽ വീണു കിടക്കുന്ന കണ്ണിമാങ്ങ അത്രയേറെ കൊതിപ്പിച്ചപ്പോഴാണ് താൻ മുറ്റത്തേക്കിറങ്ങിയത്…..

എന്നാൽ പിന്നിൽ നിന്നും തന്നിലേക്ക് വന്ന ശബ്ദം തന്നെ പൂർണമായി വിലക്കാൻ പ്രാപ്തിയുള്ളതായിരുന്നു…

താഴെക്കിറങ്ങിയാൽ എന്തെങ്കിലും പറഞ്ഞ് വഴക് കേൾക്കുമെന്നതിനാൽ മുറിയിൽ മാത്രമായി ഒതുങ്ങിക്കൂടാൻ അവളും ശ്രമിച്ചു…..

മോള് ഭക്ഷണം കഴിച്ചില്ലേ….
എന്ന സ്നേഹത്തോടെയുള്ള വിശ്വന്റെ വാക്കുകൾ കേൾക്കുമ്പോൾ കൂടെയിരിക്കുന്നവളുടെ മുഖം വലിഞ്ഞു മുറുകുന്നത് കാണാൻ കഴിയാനിട്ട് തന്നെയാണ് അവരിൽ നിന്നും താൻ ഒഴിഞ്ഞു മാറി നിന്നത്….

മുറി വൃത്തിയാക്കാൻ വരുന്ന സുജ ചേച്ചിയായിരുന്നു തന്റെ ആ വീട്ടിലെ ഏക അത്താണി…..

ഒന്ന് പുഞ്ചിരിച്ചു കൊണ്ട് സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒരേയൊരാൾ അവർ മാത്രമായിരുന്നു…..

അവര് കാണുന്ന ഒത്തിരി മുഖങ്ങൾക്കിടയിൽ ഒരാളാണ് താനെങ്കിൽ തനിക്കങ്ങനെ ആയിരുന്നില്ല……
തനിക്ക് മിണ്ടാനുള്ള ഏക മനുഷ്യ ജീവിയായിരുന്നവർ…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഇത്ര കുറച്ചു മാത്രം കഴിച്ചാലെങ്ങനെയീ മുറിക്ക് പുറത്ത് പോവാൻ സാധിക്കും….

കഴിച്ചതിന്റെ ബാക്കി ജനലിലൂടെ ഇട്ട് കൊടുക്കുമ്പോഴായിരുന്നു ഭാമ യാശോധയോടത് പറഞ്ഞത്…..

അവർ പുറം തിരിഞ്ഞവളെ നോക്കി…..

ഈ ദിവസങ്ങൾ അവളിലുണ്ടാക്കിയ ഒരു സ്വാതന്ത്ര്യത്തിന്റെ പുറത്തായിരുന്നു അവളത് പറഞ്ഞത്……..

വയറിന്റെ വിശപ്പിനെക്കാൾ മനസ്സിന്റെ വിശപ്പിന്നല്ലേ ഭക്ഷണം വേണ്ടത്……

അങ്ങനൊരു മറുപടി അവരിൽ നിന്നവളോട്ടും പ്രതീക്ഷച്ചിരുന്നില്ല…..

അവർ പറഞ്ഞതിന്റെ പൊരുളെന്തെന്ന് മനസ്സിലായില്ലെങ്കിൽ കൂടി തന്നോട് സംസാരിച്ചതിന്റെ പേരിൽ അവൾക്ക് സന്തോഷം തോന്നി…..

അവൾ പതിയേ ഒന്ന് പുഞ്ചിരിച്ചു….

അവർ വീണ്ടും ആ ജനലിലൂടെ ആരെയോ കാത്തു താഴേക്കു നോക്കി നിന്നു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹ദിവസങ്ങൾ നീങ്ങി തുടങ്ങുമ്പോൾ അവളവരോട് കൂടുതൽ സംസാരിച്ചു കൊണ്ടിരുന്നു…..
കൂടുതൽ സമയം അവരുടെ കൂടെയിരുന്നു….

തനിക്കായുള്ള മുറിയിൽ പുസ്തകങ്ങൾ വായിച്ചു ചടഞ്ഞു കൂടിയിരിക്കുന്നതിൽ നിന്നും വ്യത്യസ്തമായി അവരുടെ കൂടെ കൂടുതൽ സമയം ചിലവഴിച്ചു…..

എന്നാൽ താൻ പറയുന്നതൊക്കെ മുഖത്ത് നോക്കി കേട്ടിരിക്കും….

മരുഭൂമിയിലെ മഴയെന്ന പോൽ വല്ലപ്പോഴും മാത്രം എന്തെങ്കിലും മറുപടി തരും….. അവരു പറയുന്ന മറുപടി ഒന്ന് പോലും ഇത് വരെ അവൾക്ക് മനസ്സിലായില്ലെന്നതാണ് സത്യം…….

എങ്കിലും അവരിലൊരു നന്മയുണ്ടായിരുന്നു….

ഓർമ്മകൾ നഷ്ടപ്പെട്ടെന്ന് പറയുന്ന അവരുടെയുള്ളിൽ നീറുന്ന ഓർമകളെ അവൾക്കറിയണമായിരുന്നു….

അവരുടെ കണ്ണുകളിൽ കാണുന്ന നിരാശയും പ്രതീക്ഷയും എന്തെന്ന ചോദ്യം അവളിൽ ബാക്കിയായിരുന്നു…..

നിറമുള്ള സാറികളുടുത് അവിടെ നിറഞ്ഞാടുന്ന ആരോടും തോന്നാത്തൊരടുപ്പം നിറം മങ്ങിയ ആ സാരിക്കുള്ളിലെ ഒട്ടിയ ആ രൂപത്തോട് അവൾക്ക് തോന്നിയിരുന്നു…..

അല്ലെങ്കിലും രൂപത്തിലല്ലോ ഒരു മനുഷ്യനെ വിലയിരുത്തുന്നത്….

സൗന്ദര്യം മനസ്സിൽ കുടിയിരിക്കുന്ന ഒന്നല്ലേ…

ഹൃദയം കണ്ണുകളോട് മന്ത്രിക്കുക മാത്രമാണ് ചെയ്യുന്നത്…….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അന്ന് കഴിക്കാനുള്ള ഗുളികകളെടുത് തിരിഞ്ഞപ്പോഴാണ് ജനാലഴികളിൽ പിടിച്ചു നിൽക്കുന്ന ആ കൈ വിരലുകളിൽ ഒരു തരം വിറയൽ വരുന്നത് ഭാമ കാണുന്നത്……

കണ്ണുകളിലെന്തോ നിധി കണ്ടെടുത്ത ആനന്ദം….
അവരുടെ കണ്ണുകൾ മുറ്റത്തേക്ക് തറഞ്ഞു നിന്നിരുന്നു……

പ്രാവുകൾ അവർക്ക് തടസ്സം നീക്കിയെന്ന വണ്ണം കൺ മുന്നിൽ നിന്നും ഇരു വശങ്ങളിലേക്കായി മാറി നിൽക്കും പോൽ…..

എന്താണെന്നറിയാൻ ഭാമ ജനലിലൂടെ എത്തി നോക്കി…..

മുറ്റത്തു വന്നു നിന്ന കാറിൽ നിന്നും ഇറങ്ങി വരുന്ന സുമുഖനായ ചെറുപ്പക്കാരൻ…..

വിശ്വനും മറ്റു കുടുംബങ്ങങ്ങളുമെല്ലാം അവനെ സ്വീകരിക്കാൻ തിരക്ക് കൂട്ടുന്നു…..

രാജേഷ്വരി കയ്യിലൊരു ആരതിയുമായി വന്നു അവനെ ഉഴിഞ്ഞു..

ശേഷം അവരവനെ ചേർത്ത് പിടിച്ചു… അവനും അത്രമേൽ സ്നേഹത്തോടെ അവരോട് ചേർന്ന് നിന്നു….

രാജേഷ്വരിയുടെ കണ്ണുകളിൽ നിന്നും പൊടിഞ്ഞ ആനന്ദശ്രു അവർ ഇടത് കൈ കൊണ്ട് തുടക്കുന്നുണ്ടായിരുന്നു…

അതാരാ വന്നിരിക്കുന്നത് സുജ ചേച്ചീ…..

യാശോധയോട് ചോദിച്ചിട്ട് കാര്യമില്ലെന്നുറപ്പുള്ളത് കൊണ്ട് തന്നെയാണ് അങ്ങോട്ട് കയറി വന്ന സുജയോട് ഭാമായത് ചോദിച്ചത്…..

അത് വിശ്വൻ സാറിന്റെ മോനാണ് മോളേ…… ഋഷി…
എവിടെ യോ ദൂരെ നിന്ന് പഠിത്തം കഴിഞ്ഞു വന്നിരിക്കുകയാ…..

അപ്പോഴും തനിക്കായൊരു നോട്ടം പ്രതീക്ഷിച്ചു നിൽക്കുന്ന ആ കണ്ണുകളെ ഭാമക്ക്‌ മനസ്സിലാകുന്നുണ്ടായിരുന്നില്ല…..

ഇത് വരെ ആ കണ്ണുകളിൽ കാണാത്ത ആ തിളക്കത്തിന്റെ കാരണവും അവൾക്കറിയില്ലായിരുന്നു
….

ഓഹ്…. ആ രാജേഷ്വരി തമ്പുരാട്ടിക്ക് ഇങ്ങനൊരു മകനുണ്ടായിരുന്നോ…..

സുജ ചേച്ചിയോടത് പറഞ്ഞ് മുഴുവനാക്കും മുന്പേ ചില്ല് വീണുടഞ്ഞ ശബ്ദം അവിടമാകെ നിറഞ്ഞു നിന്നു…..

ഭാമ പുറകിലേക്ക് തിരിഞ്ഞു നോക്കിയതും കണ്ണുകളിൽ അഗ്നി നിറച്ചു തന്നെ ഉറ്റു നോക്കി കൊണ്ടിരിക്കുന്ന യാശോധയെയാണ് കാണുന്നത്…..

അവൾ അവരെയും അവരെടുത്തെറിഞ്ഞ ആ ചില്ലു പാത്രത്തിലേക്കും മാറി മാറി നോക്കി…

ഇത്രയേറെ ദേഷ്യപ്പെടാൻ താനെന്തു ചെയ്തുവെന്നവളാലോചിച്ചു……

ചൂലും പിടിച്ചു നിൽക്കുന്ന സുജ വിറക്കുന്നുണ്ടായിരുന്നു…..

ഋഷി …. രാജേഷ്വരി കൊച്ചമ്മയുടെ മോനല്ല….
യാശോദ കൊച്ചമ്മയുടെയാണ്….

അത്രയും പറഞ്ഞ് കൊണ്ട് ആ മുറി വിട്ട് ധൃതിയിൽ പോയ സുജയെ നോക്കി ഭാമ അൽപ നേരം നിന്നു….

കേൾക്കുന്നതും കാണുന്നതും വ്യത്യസ്തമായത് കൊണ്ടാവാം ഏത് വിശ്വസിക്കണമെന്നറിയാതെ അവൾ നിന്നു പോയത്…..

എന്താണിവിടെ നടക്കുന്നതെന്നറിയാതെ അവൾ നിന്നു….

അവളുടെ തലക്ക് വല്ലാത്ത ഭാരം തോന്നുന്നുണ്ടായിരുന്നു….

(തുടരും )