The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ആയിഷ അക്ബർ
അതിരാവിലെ എഴുന്നേറ്റ് ജാനകി പാചകത്തിലായിരുന്നു….
മീരക്കിഷ്ടമുള്ള ഭക്ഷണങ്ങളോരോന്നും അവരുണ്ടാക്കുമ്പോഴും മനസ്സ് അത്ര മേൽ സന്തോഷത്തെ പേറുന്നത് അവരറിഞ്ഞിരുന്നു….
മനസ്സിലൊതുങ്ങാത്ത സന്തോഷത്താൽ ഒരു ചെറു പുഞ്ചിരി അവരിൽ തെളിഞ്ഞു നിന്നിരുന്നു….
പതിവില്ലാത്തൊരു ഉത്സാഹം അവരിലുണ്ടായിരുന്നു….
അമ്മായി….
പിറകിൽ നിന്നുള്ള ആ വിളിയിൽ ജാനകി പെട്ടെന്ന് തിരിഞ്ഞു…..
രാധു…. നീയെന്താ ഇത്ര രാവിലെ….
രാധുവിനെ കണ്ട് അല്പം അത്ഭുതത്തോടെയാണ് അവരത് ചോദിച്ചത്…
ഒന്നുമില്ല അമ്മായി…
അമ്പലത്തിലേക്ക് ഇറങ്ങിയതാ…. അപ്പൊ നിങ്ങളെയൊക്കെ ഒന്ന് കണ്ടച് പോവാമെന്ന് കരുതി…..
രാധു അത് പറയുമ്പോഴും പതിവില്ലാത്ത സന്തോഷത്തിലായിരുന്നവൾ…..
മീര ഇന്നലെ രാത്രി പോകുമെന്ന് പറഞ്ഞിരുന്നത് കൊണ്ട് തന്നെയായിരുന്നത്….
അവളില്ലാത്ത ആ വീട്ടിൽ തന്റെ സ്ഥാനം സുരക്ഷിതമാണെന്നത് അവൾക്ക് വ്യക്തമായിരുന്നു…..
മോളിരിക്ക്…..ഞാൻ ചായയെടുക്കാം….
വിവി എഴുന്നേറ്റില്ലേ….
ഇല്ല മോളേ….. അവനെഴുന്നേറ്റിട്ടില്ല….
അവരത് പറയുമ്പോൾ അവൾ പതിയേ അകത്തേക്ക് നടന്നു…..
പണ്ടവൻ ഉറങ്ങി കിടക്കുമ്പോൾ വായിൽ ഉപ്പ് കൊണ്ട് വെക്കുന്നതും മുഖത്ത് വെള്ളമൊഴിക്കുന്നതെല്ലാം ഓർത്ത് കൊണ്ട് പുഞ്ചിരിയോടെയാണ് അവൾ അവന്റെ മുറിയിലേക്കുള്ള കോണിപ്പടികൾ കയറിയത്…
അവളാ പഴയ രാധുവായി മാറുന്നത് അവളറിഞ്ഞിരുന്നു…..
അവൾ അടഞ്ഞു കിടക്കുകയായിരുന്ന അവന്റെ മുറിയുടെ വാതിൽ തുറന്നതും ചുണ്ടിൽ കത്തി നിന്നിരുന്ന ആ പുഞ്ചിരി പെട്ടെന്ന് മാഞ്ഞു പ്പോയി…..
അവളുടെ ഹൃദയമിടിപ്പ് കൂടിയിരുന്നു…..
തൊണ്ടക്കുഴിയിൽ വന്ന് നിന്ന കണ്ണുനീർ പുറത്ത് വരാൻ കഴിയാതെ അവൾ വിതുമ്പി…..
അവന്റെ നഗ്നമായ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി അത്രമേൽ സമാധാനത്തോടെ കിടന്നുറങ്ങുന്ന മീരയുടെ ചിത്രം അവളുടേ സ്വപ്നങ്ങളിൽ നിന്ന് പോലും വിദൂരത്തായിരുന്നത് കൊണ്ട് തന്നെ അവൾക്കൊരു വേള അവളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല…..
അവന്റെ കൈകൾ അവൾക്ക് സുരക്ഷയെന്നോണം സ്നേഹത്തോടെ അവളെ വലയം ചെയ്തിട്ടുണ്ടായിരുന്നു….
രണ്ട് പേരിലും നിറഞ്ഞു നിന്നൊരു പുഞ്ചിരി തന്റെ തോന്നലാണോ….
രാധുവിനു അധിക നേരം ആ കാഴ്‌ച കണ്ട് നിൽക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….
അവൾ വേഗം തിരിഞ്ഞു നടക്കാൻ തുടങ്ങി….
ഉറക്കത്തിൽ നിന്നും പതിയേ കണ്ണുകൾ തുറന്നപ്പോഴാണ് മീര രാധുവിനെ കാണുന്നത്….
അവനെ ഉണർത്താതെ തന്നേ പതിയേ അവന്റെ കൈകളെ വേർപ്പെടുത്തി അവളെഴുന്നേറ്റു….
രാധു…..
പിന്തിരിഞ്ഞു പോകാൻ നിന്ന രാധുവിനെ മീര പുറകിൽ നിന്ന് വിളിച്ചു….
അഴിഞ്ഞുലഞ്ഞു കിടന്ന മുടി വാരി കെട്ടി ചിരിച്ചു കൊണ്ട് തന്റെ നേരെ വരുന്നവളെ നോക്കി രാധുവിന് ദേഷ്യം നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….
സാധാരണ മുകളിലേക്ക് ആരും അങ്ങനെ വരാറില്ല…. അത് കൊണ്ടാണ് വാതിൽ ലോക്ക് ചെയ്യാതിരുന്നത്….
മീര ചെറു ചിരിയോടെയത് പറയുമ്പോൾ രാധു ഒന്നും മിണ്ടിയില്ല….
പക്ഷെ രാധു വിനെ ഞാൻ തെറ്റ് പറയില്ല….
ഞാൻ പോയെന്ന് കരുതിയാണ് വന്നതെന്ന് എനിക്ക് വ്യക്തമായറിയാം….
മീര അവളെ കളിയാക്കിയെന്ന വണ്ണം അത് പറയുമ്പോഴും രാധു അവളെ കണ്ട ഞെട്ടലിൽ നിന്നും മാറിയിട്ടുണ്ടായിരുന്നില്ല….
ചിലരങ്ങനെയാ…. ആട്ടി പായിച്ചാലും പോകില്ല….
ഇത്തിൾ കണ്ണി പോലെ അങ്ങനെ പറ്റിപ്പിടിച്ചിരിക്കും..
രാധു പുച്ഛത്തോടെ അതിലേറെ ദേഷ്യത്തോടെ അത് പറയുമ്പോൾ മീരയൊന്ന് ചിരിച്ചു….
ഇത്തിൾ കണ്ണിയെ യൊക്കെ അങ്ങേര് ആദ്യമേ ഒഴിവാക്കിയിട്ടുണ്ട്…..
മീര ചിരിയോടെയത് പറയുമ്പോൾ അത് തന്നെ കളിയാക്കിയാണെന്ന് രാധുവിന് വ്യക്തമായിരുന്നു…..
ഡീ…. നീ വല്ലാതെ നെഗളിക്കേണ്ട….
രാധു ദേഷ്യം കൊണ്ട് അത് പറയുമ്പോഴും മീര അതേ പുഞ്ചിരിയിൽ തന്നെയായിരുന്നു……
വെറുമൊരു ജോലിക്ക് വേണ്ടി ആത്മാർത്ഥമായ സ്നേഹങ്ങൾ വിട്ട് കളഞ്ഞു പോകാൻ മാത്രം നിന്നെ പോലെ മണ്ടിയല്ല ഞാൻ…..
അവൾ രാധുവിനെ നോക്കിയത് പറഞ്ഞതും രാധു ദേഷ്യത്തോടെ അവിടെ നിന്നും നടന്നകന്നു……
മീര ഒരിളം ചിരിയാലെ അവളെ തന്നെ നോക്കി നിന്നു….പിന്നേ പതിയേ
വിവിയിലേക്ക് തിരിഞ്ഞു..
കണ്ണുകൾ അടച്ചു ഉറങ്ങുന്നവനെ അവളല്പ നേരം നോക്കി നിന്നു….
അവന്റെ നെറുകെയിൽ അവൾ ചുണ്ടുകൾ ചേർക്കുമ്പോൾ അത്ര മേൽ പ്രണയർദ്രമായിരുന്നാ ചുംബനം…..
കണ്ണുകൾ തുറന്നില്ലെങ്കിലും ഇടത് കൈയാൽ അവളെ വലിച്ചവൻ നെഞ്ചോടടുപ്പിച്ചിരുന്നു…..
നാണത്താൽ അവളുടേ കവിളുകളിൽ ചെഞ്ചായം പടർന്നിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മോള് ചായ കുടിക്ക്….
രാധു അടുക്കളയിലേക്കെത്തിയപ്പോൾ ജാനകി ചായ എടുത്ത് വെച്ചിരുന്നു….
എനിക്ക് വേണ്ട അമ്മായി….
അവളത് പറയുമ്പോൾ അവളുടേ മുഖത്തെ മാറ്റം അവരും ശ്രദ്ധിച്ചിരുന്നു….
അപ്പോഴാണു മീരയങ്ങോട്ട് വരുന്നത്…..
മീരയെ കണ്ടതും ജാനകിയുടെ കണ്ണുകൾ വിടർന്നു…..
അമ്മേ…..
അവളെ നോക്കി നിൽക്കുന്ന ജാനാകിയെ അവൾ സ്നേഹത്തോടെ വിളിച്ചു…..
നിനക്ക്…. നിനക്ക് പോകാൻ കഴിയില്ലെന്ന് അമ്മക്കറിയാമായിരുന്നു…
കാരണം ഓരോ തവണ നീയെന്നെ അമ്മേയെന്ന് വിളിക്കുമ്പോഴും അതിൽ കലർന്നിരുന്ന ആത്മാർഥത ഞാനറിയുന്നുണ്ടായിരുന്നു…
അവരവളെ ഇറുകെ പുണർന്നു…..
ഇന്നലെ രാത്രിയൊന്നും കഴിക്കാത്തതല്ലേ…. അവരൊക്കെ എഴുന്നേൽക്കാൻ ഒത്തിരി വൈകും…..
മോൾക്കിഷ്ടപ്പെട്ട ഭക്ഷണങ്ങളൊക്കെ അമ്മയുണ്ടാക്കിയിട്ടുണ്ട്… വാ വന്ന് കഴിക്ക്….
അവരത് പറഞ്ഞ് സ്നേഹത്തോടെ മീരയെ ഊട്ടുന്നതും നോക്കി രാധു ദേഷ്യത്തോടെയിരുന്നു…..
രാധു കഴിക്കുന്നില്ലേ….
മീര ഭക്ഷണം നീട്ടിയത് പറഞ്ഞതും രാധു അവളെ കനപ്പിച്ചൊന്നു നോക്കുക മാത്രം ചെയ്തു…..
ജാനകി…. ഞാൻ പറമ്പിലേക്കിറങ്ങുകയാണ്….
പുറത്ത് നിന്നും മാധവന്നത് വിളിച്ചു പറഞ്ഞതും ജാനകി അയാൾക്കുള്ള ചായ കയ്യിലെടുത്തു….
അച്ഛന് ചായ ഞാൻ കൊടുക്കാം അമ്മേ….
അവളത് പറയുമ്പോൾ ജാനകി സന്തോഷത്തോടെ ചിരിച്ചു….
ചായ ഗ്ലാസ് കയ്യിൽ വാങ്ങുമ്പോഴും മാധവൻ അവളുടേ മുഖത്തേക്ക് നോക്കിയിരുന്നില്ല….
ചായ വേഗത്തിൽ മോന്തി കുടിച് ഗ്ലാസ് തിരിച്ചവളുടെ കയ്യിലേക്ക് കൊടുക്കുമ്പോഴാണ് അവളെ മാധവൻ കാണുന്നത്…..
മോളേ…..
സന്തോഷത്താൽ അയാളുടെ കണ്ണുകൾ വിടർന്നിരുന്നു…..
പോകാതിരുന്നു കൂടെ യെന്ന് ചോദിച്ചാൽ അത് തെറ്റായി പോകുമോയെന്ന് ഭയന്നാണ് എല്ലാവരും അത്രമേൽ ദുഖത്താൽ മൗനം പാലിച്ചത്……
എന്നാൽ എല്ലാവരുടെയും മനസ്സറിഞ്ഞു മോള് പോകാതിരുന്നില്ലേ…. അച്ഛന് സന്തോഷമായി….
അവളുടേ മുടിയിഴകളിൽ തലോടി അയാളത് പറയുമ്പോൾ വാക്കുകളിൽ അവളോടുള്ള വാത്സല്യം നിറഞ്ഞു കണ്ടിരുന്നു….
വാതിൽ പടിയിൽ ചാരി നിൽക്കുന്ന ജാനകിയുടെ കണ്ണുകളും മനസ്സും നിറഞ്ഞിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഏട്ടത്തി….. ഏട്ടത്തി പോയില്ലേ…..
ഉറക്കച്ചടവിൽ നിന്നും കണ്ണുകൾ തിരുമ്മി എഴുന്നേറ്റ് അടുക്കളയിലേക്ക് വരുമ്പോൾ അമ്മ ചുട്ട് കൊണ്ടിരുന്ന ദോശ കഴിക്കുന്ന മീരയെ കണ്ട് ഞെട്ടലോടെയാണ് ദേവൂവത് ചോദിച്ചത്….
ഇല്ലാ…. എന്തേ… പോകണോ…..
മീര അവളെ നോക്കി ചെറു ചിരിയോടെ അത് ചോദിച്ചതും ദേവു ഒന്നും മിണ്ടാതെ അവളുടേ അടുത്തേക്ക് വന്നു….
മീര അവളെ തന്നെ നോക്കി നിൽക്കുമ്പോൾ അവൾ ഇരു കൈകൾ കൊണ്ടും മീരയുടെ കഴുത്തിലൂടെ ചുറ്റി പിടിച്ചു….
വേണ്ടാ….. എങ്ങും പോകേണ്ട…..
അവൾ അങ്ങേയറ്റം സന്തോഷത്തോടെ അത് പറയുമ്പോൾ സന്തോഷം കൊണ്ട് മീരയുടെ കണ്ണുകൾ നിറഞ്ഞിരുന്നു….
അടുക്കളയിലേക്ക് വന്ന വിവിയും ചെറു ചിരിയാൽ അവരെ നോക്കി നിന്നു….
നിന്റെ കല്യാണം കൂടാതെ എനിക്കങ്ങനെ പോകാൻ പറ്റുമോ…
അവളുടേ മൂക്കിൻ തുമ്പിൽ പിടിച്ചു കൊണ്ട് കുസൃതിയോടെ മീരയത് പറയുമ്പോൾ ദേവുവിന്റെ മുഖം പെട്ടെന്ന് മങ്ങിപ്പോയിരുന്നു….
അവൾ ചെറു ചിറി മുഖത്ത് വരുത്തി അവിടെ നിന്ന് പോകുമ്പോൾ മീര വിവിയിലേക്ക് നോക്കി….
അവനും എന്തെന്ന് മനസ്സിലായിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മോളേ….. നിനക്ക് അരുണുമായുള്ള വിവാഹത്തിന് താല്പര്യമില്ലേ….
വിവി അത് ചോദിക്കുമ്പോൾ ദേവു ഒന്നും മിണ്ടിയില്ല….
ഞങ്ങൾക്കാർക്കും വേണ്ടി നിന്റെ എന്തെങ്കിലും ഇഷ്ടങ്ങൾ മാറ്റണമെന്ന് ആരെങ്കിലും എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ…..
നിനക്ക് ഹരിയെ ഇഷ്ടമാണെങ്കിൽ ഏട്ടൻ അവനോട് സംസാരിക്കാം….
നിന്റെ കാര്യം പറയുമ്പോൾ അവന്റെ കണ്ണിലും കണ്ട ആ തിളക്കത്തെ ഇപ്പോഴെനിക്ക് മനസ്സിലാവുന്നുണ്ട്…..
അവനതിനെ കുറിച് എന്നോട് പറയാത്തതൊരു പക്ഷെ ഞാനതെങ്ങനെ എടുക്കുമെന്നറിയാത്തത് കൊണ്ടാവാം….
നിന്റെ ഒരിഷ്ടത്തിനും ആരും എതിര് നിൽക്കില്ല…
വിവിയവളെ ചേർത്ത് പിടിച്ചു കൊണ്ടത് പറയുമ്പോൾ അവളുടേ കണ്ണുകൾ നിറഞ്ഞിരുന്നു….
വാതിൽ പടിയിൽ ചാരി അവരെ ഇരുവരെയും നോക്കി നിൽക്കുന്ന മീരയെ അവൾ അത്രയേറെ സ്നേഹത്തോടെ നോക്കി….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വിവി….. എന്റെ സ്വപ്നങ്ങളിൽ നിന്നും എന്നെ പിടിച്ചു നിർത്താൻ നിനക്കന്ന് താല്പര്യമില്ലായിരുന്നെന്ന് നീ പറഞ്ഞല്ലോ…..
ഇപ്പൊ അവളെ നീ എന്താ അമേരിക്കയിലേക്ക് അയക്കാതെ പിടിച്ചു നിർത്തിയത് …..
രാധു ദേഷ്യത്തോടെ അത് പറയുമ്പോൾ അൽപ സമയം വിവിയവളെ തന്നെ നോക്കി നിന്നെങ്കിലും പിന്നീട് പതിയേ അവനൊന്നു പുഞ്ചിരിച്ചു….
ചെറുപ്പം മുതലേ വിവിയെ അടുത്തറിഞ്ഞവളാണ് നീ….
എന്നിട്ടും നിനക്ക് നല്ലൊരു ജോലി കിട്ടിയപ്പോൾ എന്നെക്കാൾ നിനക്ക് വലുത് അത് തന്നെയായിരുന്നു…..
എന്നാൽ എന്നെ അറിയാതെ ഒട്ടും ഇഷ്ടമില്ലാതെ കയറി വന്ന അവൾ എന്നെ അറിഞ്ഞു തുറങ്ങിയപ്പോൾ മറ്റെന്തിനേക്കാളേറെ അവൾക്ക് പ്രാധാന്യം ഞാനായി മാറിയിട്ടുണ്ടെങ്കിൽ അതവളെന്നെ അത്രയേറെ സ്നേഹിച്ചു തുടങ്ങിയത് കൊണ്ടായിരുന്നു…..
എന്നെ പൂർണമായി അറിഞ്ഞിട്ടും വേണ്ടെന്ന് വെച്ച നീയും അടുത്തറിയും തോറും എന്നെ മാത്രം മതിയെന്ന് വെച്ച അവളും രണ്ട് ധ്രുവങ്ങളെ പോൽ വിദൂരത്താണ് രാധു…
നീയുമായി താരതമ്യപ്പെടുത്തി അവളുടേ വില നീ കളയരുത്…..
അവൻ പുച്ഛത്തോടെ അത് പറഞ്ഞ് കൊണ്ട് അവിടെ നിന്നും പോകുമ്പോൾ രാധു അതേ നിൽപ്പ് തന്നെയായിരുന്നു….
ഒന്നും പറയാൻ പോലുമാകാതെ…..
എന്നാൽ ഇതെല്ലാം കേട്ട് നിന്നിരുന്ന മീര അവൾക്ക് മുമ്പിലേക്ക് വരുമ്പോൾ ആ മുഖത്ത് വല്ലാത്തൊരു സന്തോഷത്തിന്റെ തിരയിളക്കമുണ്ടായിരുന്നു..
അത് കാണും തോറും രാധുവിനെ അതത്ര മേൽ അസ്വസ്ഥയാക്കിയിരുന്നു…
രാധു അവിടെ നിന്നുമിറങ്ങുമ്പോൾ വിവിയെ പൂർണമായും മനസ്സിൽ നിന്ന് നീക്കാനുള്ള കഠിന ശ്രമത്തിലായിരുന്നു…..
വിവി മീരയുടെ സ്വന്തമാണെന്ന് അവളവളുടെ മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു കൊണ്ടായിരുന്നു…..
കട്ടിലിൽ പുസ്തകം വായിച്ചു കൊണ്ടിരുന്ന വിവിയുടെ അടുത്തേക്ക് മീര പതിയേ ചെന്നു..
പുസ്തകം പിടിച്ചിരുന്ന അവന്റെ കൈകൾക്കുള്ളിലേക്ക് അവൾ കയറി അവനോട് ചേർന്നിരുന്നു..
അവൻ പതിയേ പുസ്തകം മടക്കി വെച്ചു…
ഇളം കാറ്റിൽ അവളുടേ മുടിയിഴകൾ അവന്റെ മുഖത്തേക്ക് പാറി വീഴുന്നുണ്ടായിരുന്നു…..
അവന്റെ കര വലയത്തിൽ അവളത്രയേറെ സുരക്ഷിതയായി അവൾക്ക് തോന്നി……
അവരുടെ പ്രണയത്തിന്റെ സുഗന്ധം അവിടമാകെ പരന്നു തുടങ്ങുമ്പോൾ നിശാഗന്ധി അവരെ അസൂയയോടെ നോക്കി നിന്നിരുന്നു…..
രാ പകലുകളെ കീഴ്പ്പെടുത്തിയോഴുകുന്ന അവരുടെ പ്രണയത്തിന്റെ സുഗന്ധത്തെ കുറിച്ചോർത്തു…….
രണ്ടാമതും
ശുഭം……..
ഈ സ്റ്റോറിയിലൂടെ ഒരു ഫീൽ ഗുഡ് എന്നതിലുപരി ഞാൻ വലുതായൊന്നും ഉദ്ദേശിചിട്ടില്ല …..മാഗല്യം നിങ്ങളോരോരുത്തർക്കും നല്ല ഫീലിംഗ് തന്നുവെന്ന് വിശ്വസിക്കുന്നു…
ഒത്തിരി സ്നേഹത്തോടെ