രചന – അയിഷ അക്ബർ
അവൾ ചിന്തിച്ചു കൂട്ടിയതൊന്നുമായിരുന്നില്ല ശെരിയെന്നവൾ മനസ്സിലാക്കി….. വിശ്വാനാഥൻ സാറിന്റെ ഭാര്യയാണോ ഇവർ…. കോടിക്കണക്കിനു സ്വത്തുക്കളുള്ള ഇവരെന്തിനീ ഇരുട്ട് മുറിയിൽ…… അല്ലെങ്കിലും സ്വത്തു മാത്രം വിചാരിച്ചാൽ ഒരാളെ സന്തോഷിപ്പിക്കാൻ കഴിയില്ലല്ലോ….. ഇതാരാണ് ഈ വീട്ടിലുള്ളവർക്കെന്ന് താനാലോചിച്ചിട്ടുണ്ട്…. എന്നാൽ ആരോടും ചോദിക്കാനോ പറയാനോ ഇല്ലാത്തത് കൊണ്ട് തന്നെ മനസ്സിലൊതുക്കിയിട്ടേയുള്ളു… എങ്കിലും വിശ്വ നാഥൻ സാറിന്റെ ഭാര്യയായിരിക്കുമിതെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല…. അപ്പൊ ആ രാജേഷ്വരി ആരായിരിക്കും….. ഒരുപക്ഷെ വിശ്വ നാഥൻ സാറിന്റെ രണ്ടാം ഭാര്യയായിരിക്കുമോ…. അവരിത്ര മേൽ ഋഷിയെ സ്വന്തം മോനെ പോൽ ചേർത്ത് നിർത്തുന്നതെന്തിനായിരിക്കും…… ജനാലഴികളിൽ പിടിച്ചു നിൽക്കുന്ന ആ കണ്ണുകളിലേക്ക് ഒരിക്കൽ പോലും ആ മകന്റെ നോട്ടം പാറി വീഴാത്തതെന്തായിരിക്കും…. വന്നിട്ടിത്ര നേരമായിട്ടും അമ്മയെ കാണാൻ ആ മകൻ വരാത്തതെന്തായിരിക്കും… ചോദ്യങ്ങൾക്ക് മേൽ ചോദ്യങ്ങൾ അവളുടെ ഹൃദയത്തെ പിടിച്ചു കുലുക്കി…. എന്നാൽ അവ ഉത്തരമില്ലാതെ അങ്ങിങായി അലഞ്ഞു നടന്നു…… എല്ലാം അറിയാനുള്ള വഴി സുജ ചേച്ചിയാണ്… എന്നാൽ വല്ലപ്പോഴും മാത്രം ഇങ്ങോട്ട് വരുന്ന അവർക്ക് കൂടുതൽ സംസാരിച്ചു നിൽക്കാനൊക്കെ ഭയമാണ്… എങ്ങനെയെങ്കിലും ഇതൊക്കെ അറിയണമെന്നവൾ മനസ്സിലുറപ്പിച്ചു…..
എഴുന്നേൽക്കാൻ കഴിയാത്തൊരു ദിവസം ശരീരം ചുട്ട് പൊള്ളുന്നുണ്ടായിരുന്നു…. സുജ ചേച്ചി ഗുളിക യും കഞ്ഞിയും കൊണ്ട് വെച്ച് പോയെങ്കിലും കഴിക്കാൻ എഴുന്നേൽക്കാൻ പോലും കഴിയാത്തത്ര അവശയാണ് താനെന്ന് അവൾക്ക് മനസ്സിലായിരുന്നു….. പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി കിടക്കുമ്പോൾ ഓർമകളിൽ നിറഞ്ഞു നിന്നതത്രയും അച്ഛന്റെ മുഖമായിരുന്നു….. വയ്യായ്കയിൽ കൂട്ടിരിക്കുന്ന അച്ഛന്റെ മുഖം…. സ്നേഹത്തിൽ ചാലിച്ച ശാസനയാൽ തന്റെ വിശപ്പ് മാറ്റുന്ന അച്ഛൻ ഹൃദയത്തെ കുത്തി നോവിക്കുന്നുണ്ടായിരുന്നു… ശരീരം വല്ലാതെ ക്ഷീണിക്കുന്നത് പോലെ തോന്നിയവൾക്ക്…. താനേതോ മാന്ത്രിക ലോകത്തായ പോലെ….. സത്യാ……. ആ വിളി സ്വപ്നതിൽ നിന്നോ അതോ യാഥാർഥ്യത്തിൽ നിന്നോ എന്നവൾക്ക് വ്യക്തമായിരുന്നില്ല…… അവൾ പതിയേ കണ്ണുകൾ തുറന്നു….. പാറി പറന്ന ആ മുടിയിഴകൾ കണ്ടതും അത് യാശോധയാണെന്ന് അവൾക്ക് തോന്നി….. തന്റെ അരികിലായിരുന്ന് ആ കഞ്ഞി വായിലേക്ക് കോരി തരുമ്പോഴും അതവൾക്ക് വിശ്വസിക്കാനായിരുന്നില്ല….
പാതി തളർന്നു പോയ കണ്ണുകൾക്ക് തോന്നുന്നതാവുമെന്നവൾ വിചാരിച്ചു….. പക്ഷെ ആയിരുന്നില്ല…. കഞ്ഞി തന്ന് മരുന്നും തന്ന ശേഷം അൽപ സമയം തന്റെ കൂടെയിരുന്നു പുതപ്പ് തന്നിലേക്ക് നീക്കിയിട്ട് അവർ പോകുന്നത് പാതി മയക്കത്തിലും അവളറിയുന്നുണ്ടായിരുന്നു…. പനിയുടെ ആലസ്യം വിട്ട് മാറി അവളെഴുന്നേറ്റോടി ചെന്നത് ജനലഴികളിൽ പിടിച്ചു നിൽക്കുന്ന ആ രൂപത്തിലേക്കായിരുന്നു…. പിറകിൽ നിന്നു പോയവരെ കെട്ടിപ്പിടിക്കുമ്പോൾ ഹൃദയത്തിൽ അവർക്കായ് ഒരുക്കിയ സ്ഥാനത്തെ അവർക്ക് താൻ കയ്മാറുകയായിരുന്നു…. പെട്ടെന്ന് ചേർത്ത് പിടിച്ചപ്പോഴുണ്ടായ ഞെട്ടൽ ആ മുഖത്ത് വിരിഞ്ഞെങ്കിലും പതിയേ അതൊരു നിർവികാരതക്ക് വഴി മാറി…… സത്യാ….. എന്ന വിളി അപ്പോഴും തന്റെ കാതുകളിൽ അലയടിക്കുന്നത് അവളറിയുന്നുണ്ടായിരുന്നു…… 🔹
മരത്തിന്റെ കോണിപ്പടികൾ വേഗത്തിൽ കയറുമ്പോഴാണ് അവളുടെ കാലുകൾ തെന്നിയത്…. ആ പടികളിൽ നിന്നും പിറകിലേക്ക് തല തല്ലി വീണെന്ന് കരുതിയ നിമിഷം അവളുടെ കുപ്പി വള കൈകൾ അതി ശക്തിയായി ആരോ പിടിച്ചിരുന്നു…. ആ കൈകളിൽ പിടിച്ചവൻ നെഞ്ചോരം അവളെ ചേർത്തപ്പോഴാണ് അവൾ പതിയേ മിഴികളുയർത്തി അവനെ നോക്കിയത്…. ഋഷി…… അവളുടെ ഉള്ളിനുള്ളിൽ നിന്നൊരു ഭയം പൊടിഞ്ഞു… കരിമഷിയെഴുതിയ കണ്ണുകൾക്ക് ചുറ്റുമായി വിടർന്നു നിൽക്കുന്ന നീളൻ പീലികളിൽ നോക്കി മതി മറന്നു നിൽക്കുകയായിരുന്നു അവനന്നേരം….. ഭയം കൂട്ട് പിടിച്ച അവളുടെ മുഖം ചെഞ്ചായം പൂശിയ പോലെയവന് തോന്നി….. കൈകൾ വിടുവിക്കാൻ കണ്ണുകൾ സമ്മതിക്കുന്നുണ്ടായിരുന്നില്ല…. അത്ര മേലവരുടെ മിഴികൾ കോർത്തിരുന്നു…. ഋഷീ ….. ഘന ഗാഭീര്യമുള്ള രാജേഷ്വരിയുടെ ശബ്ദം അടരാൻ കഴിയാതെ നിന്ന അവരുടെ മിഴികളെ രണ്ട് ദിശയിലേക്കകറ്റിയിരുന്നു… അവരെ രണ്ട് പേരെയും മാറി മാറി നോക്കുന്ന ആ കണ്ണുകളിൽ അഗ്നിയായിരുന്നു…….
നിന്റെ കയ്യിലെങ്ങനെ രക്തം വന്നു….. രാജേഷ്വരി വെപ്രാളത്തോടെ അവന്റെ കയ്യിലേക്ക് നോക്കുമ്പോഴാണ് ഋഷിയും അത് ശ്രദ്ധിച്ചത്….. അപ്പോഴും അവന്റെ കൈകൾ അവളുടെ കൈകളെ വിട്ടിട്ടുണ്ടായിരുന്നില്ല… രാജേഷ്വരി ഋഷിയുടെ കൈ വലിച്ചു കഴുകി കൊടുക്കുമ്പോൾ അവന്റെ കണ്ണുകളത്രയും രക്തം പുരണ്ട അവളുടെ കൈ തണ്ടയിലേക്കായിരുന്നു…. പൊട്ടിയ കുപ്പി വളകൾ നിലത്തൂർന്നു കിടക്കുന്നുണ്ടായിരുന്നു….. ഇല്ലമ്മേ…. അതിന് മാത്രം ഒന്നുമില്ല….. രാജേഷ്വറിയെ ചേർത്ത് നിർത്തി ഋഷിയത് പറയുമ്പോൾ അവരുടെ നോട്ടം ഭാമയിലേക്കായി….. നിനക്കെന്താ ഇവിടെ കാര്യം….. നേഴ്സ് ആ ജോലി ചെയ്‌താൽ മതി….. അതോ ഇനി കുടുംബത്തിൽ പിറന്ന ആണുങ്ങളെ കണ്ട് മതി മറന്ന് താഴേക്ക് വന്നതാണോ….. പുച്ഛത്തോടെ അതിലേറെ ദേഷ്യത്തോടെ അവരത് പറയുമ്പോൾ ഭാമയുടെ മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു….. അമ്മേ…. ആ കുട്ടി വീഴാൻ പോയപ്പോളൊന്ന് പിടിച്ചെന്നേയുള്ളു….. ഇങ്ങനെത്തവരെയൊന്നും അടുപ്പിക്കാൻ കൊള്ളില്ലെന്ന് എനിക്കറിയില്ലേ പിന്നെന്താ….. ഋഷിയത് പറഞ്ഞപ്പോൾ മുഖത്തേക്കൊരടി കിട്ടിയ പോലെ തോന്നിയിരുന്നു ഭാമക്…. രാജേഷ്വരി അല്പം തണുത്തെന്ന് തോന്നിയപ്പോൾ ഋഷി അവരെയും കൂട്ടി നടന്നു…. അവളെ തൊട്ട് നടന്നകന്നു പോകുമ്പോഴും നിറഞ്ഞു കവിയുന്ന അവളുടെ കണ്ണു നീറിനെ അവനൊപ്പിയെടുക്കുന്നുണ്ടായിരുന്നു……. 🔹
വെട്ടിയൊതുക്കിയ താടികൾക്കിടയിൽ നിന്നും ഉത്ഭവിച്ച മനോഹരമായൊരു പുഞ്ചിരി തന്റെ കൈകളിൽ ചേർത്ത് പിടിച്ചപ്പോൾ താൻ കണ്ടതായിരുന്നില്ലേ….. ആ കണ്ണുകളിൽ കണ്ട സുന്ദരമായ ഭാവത്തിനും പേരിടാൻ തനിക്കാവുമായിരുന്നില്ല…. താനും അവനിലേക്ക് ലയിച്ച പോൽ…. മുൻ ജന്മത്തിന്റെ എന്തോ അവശിഷ്ടങ്ങൾ അവനെ തന്റെ ഹൃദയത്തോട് ചേർത്ത് നിർത്തും പോൽ…. എന്നാൽ അവന്റെ വായിൽ നിന്നും വന്ന ആ വാക്കുകൾക്ക് തന്റെ ഹൃദയത്തെ കീറി മുറിക്കാൻ തക്ക ശേഷിയുണ്ടായിരുന്നു….. ഇവിടെ വന്നത് മുതൽ താൻ കാണുന്നതും യാഥാർഥ്യവും തമ്മിൽ എന്ത് മാത്രം വൈരുധ്യങ്ങളാണുള്ളത്….. അവൾക് തേങ്ങലടക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.. ഇങ്ങനെയുള്ളവരെ അടുപ്പിക്കാൻ പറ്റില്ലെന്ന് അവൻ പറഞ്ഞത് എന്ത് കൊണ്ടായിരിക്കും….. രാജേഷ്വരി പറഞ്ഞതിനേക്കാൾ തന്നെ വേദനിപ്പിച്ചത് അവനത് പറഞ്ഞപ്പോഴായിരുന്നില്ലേ… അവനിൽ നിന്ന് താൻ പ്രതീക്ഷിക്കുന്നത് അതല്ലാത്തത് കൊണ്ടായിരിക്കുമോ….. സമ്പത്തിനു കുറവുണ്ടെന്നേ യുള്ളൂ.. രാജകുമാരിയായി തന്നെയാ അച്ഛൻ തന്നെ വളർത്തിയത്…. ആരുടെ മുന്നിലും കൈ നീട്ടാതെ ജീവിക്കാനുള്ള വിദ്യാഭ്യാസത്തോടൊപ്പം അതിനുള്ള തന്റെടവും തന്നിട്ട് തന്നെയാണ് അച്ഛൻ പോയത്… അവൾ കണ്ണുകൾ അമർത്തി തുടച്ചു…. എങ്കിലും തൊണ്ടക്കുഴിയിൽ ഒരു വിതുമ്പൽ തടഞ്ഞു നിൽക്കുന്നത് അവളറിഞ്ഞിരുന്നു…….
പിന്നീട് പല തവണ യുള്ള നടത്തങ്ങൾക്കിടയിൽ അവനെ കണ്ടുവെങ്കിലും അവന് മുഖം കൊടുക്കാതിരിക്കാൻ പരമാവധി ശ്രമിച്ചു…. അതവനിലുണ്ടാക്കിയ ഭാവമെന്തെന്ന് പോലും തിരയാൻ അവൾ ശ്രമിച്ചിരുന്നില്ല….. അവളുടെ മുറിയിൽ നിന്നും തുറക്കുന്ന ജനാലകളൊന്ന് അവന്റെ മുറിയുടെ നേർക്കാണെന്ന് അവളറിഞ്ഞത് അന്നായിരുന്നു….. കയ്യിലൊരു ചായ കപ്പുമായി തന്നെ നോക്കി നിൽക്കുന്ന അവനെ കണ്ടതും ജനാല കൊട്ടിയടക്കുക തന്നെയാണ് ചെയ്തത്….. സത്യ ഭാമാ…… അവനെതീരായി നടന്നു കഴിഞ്ഞപ്പോഴാണ് തന്റെ പേര് കാലിനെ പിടിച്ചു നിർത്തിയത്….. ഞാൻ…..അന്ന് പറഞ്ഞത്…. അവൻ പറഞ്ഞ് തുടങ്ങും മുന്പേ അവൾ കയ്യുയർത്തി….. പെറ്റമ്മയുടെ വേദന അറിയാതെ ആർമാധിച്ചു നടക്കുന്ന തനിക്ക് മറ്റാരുടെ വേദനയാണ് മനസ്സിലാവുക…. അവളത് പറഞ്ഞതും അവന്റെ കണ്ണുകൾ ചുവന്നു….. അല്ലെങ്കിലും ആ പാവം ഇതിനു മാത്രം എന്ത് തെറ്റാണ് നിന്നോട് ചെയ്തത്….. അവളത് ചോദിക്കുമ്പോൾ ഋഷി അവളുടെ കൈകളിൽ പിടിച്ചിരുന്നു….
എന്ത് ജോലിക്കായിവിടെ വന്നോ…. അത് മാത്രം അറിഞ്ഞാൽ മതി….. അതിനെ കുറിച് മാത്രം അന്നേഷിച്ചാൽ മതി…. വീട്ടുകാരി ചമയണ്ട….. പറഞ്ഞതത്രയും അവളുടെ ശ്വാസത്തോട് ചേർന്ന് നിന്നായത് കൊണ്ട് തന്നെ അവന്റെ ദേഷ്യത്തിന്റെ ആഴവും സ്വരത്തിന്റെ കടുപ്പവും അവൾക്കറിയാൻ കഴിയുന്നുണ്ടായിരുന്നു…… ഇടനാഴിയിലൂടെ നടന്നകലുന്നവനെ നോക്കി ഭാമ അൽപ നേരം അങ്ങനെ നിന്നു…. അപ്പോഴും മുറുകെ പിടിച്ച അവന്റെ കൈകളുടെ ചൂടിൽ തന്റെ കൈകൾ വല്ലാതെ വേദനിക്കുന്നത് അവളറിഞ്ഞിരുന്നു……. (തുടരും )

by