23/04/2026

സത്യഭാമ : ഭാഗം 15

രചന – അയിഷ അക്ബർ

വിവാഹത്തിലേക്കുള്ള ദിവസങ്ങൾ അടുക്കും തോറും രാജേഷ്വരിയുടെ തല പുകഞ്ഞു കൊണ്ടിരുന്നെങ്കിലും മഠത്തിൽ തറവാട് ആഘോഷത്തിന്റെ ദിവസങ്ങളിലേക്ക് നീങ്ങി തുടങ്ങിയിരുന്നു….. യാശോധയുടെ തിരിച് വരവ് എല്ലാവർക്കും കൂടുതൽ സ്വാതന്ത്ര്യം നൽകിയിരുന്നു….. ഋഷിയും ഭാമയും കണ്ണുകൾ കൊണ്ട് പ്രണയിച്ചു….. അവസരങ്ങൾ വീണു കിട്ടിയാൽ ആരും കാണാതെ പങ്കു വെച്ചിരുന്നതാത്രയും അവരുടെ സ്വപ്നങ്ങളായിരുന്നു…. വിവാഹത്തിനായുള്ള വസ്ത്രങ്ങൾ എടുക്കലും ആഭരണങ്ങളെടുക്കലുമൊക്കെയായി മഠത്തിൽ തറവാടാകെ തിരക്കിലായിരുന്നു….. മുറ്റത്ത് മനോഹരമായ പന്തലൊരുങ്ങുമ്പോൾ ഋഷിയുടെയും ഭാമയുടെയും ഹൃദയം സന്തോഷത്തിന്റെ കൊടുമുടിയിലായിരുന്നു…. അവരുടെ രണ്ട് പേരുടെയും മുഖത്തെ തെളിച്ചം യാശോധയിലും സന്തോഷമുണ്ടാക്കിയിരുന്നു….. എന്നാലിതേ സമയം അവരുടെ സന്തോഷത്തെ കെടുത്താനുള്ള തന്ത്രങ്ങൾ മെനയുന്ന തിരക്കിലായിരുന്നു രാജേഷ്വരി…… തറവാടിനുള്ളിൽ വെച്ച് അവളെ ഇല്ലാതാക്കാൻ ഇനി കഴിയില്ലെന്ന് മനസ്സിലാക്കിയ അവർ അവളെ കൊല്ലാൻ പുറത്ത് നിന്നും ആളുകൾക്ക് പണം വാരിയെറിഞ്ഞിരുന്നു….. കല്യാണ ദിവസം ആ പന്തലിൽ അവളുണ്ടാവരുത്….. അവർ പുച്ഛത്തോടെ അതിലേറെ ദേഷ്യത്തോടെ പല്ല് ഞെരിച്ചു….. 🔹

വിവാഹം അടുക്കും തോറും സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു…. ജനൽ പാളിയിലൂടെ നോക്കി മിഴികളാൽ പങ്കു വെച്ച പ്രണയം അരികിലേക്കെത്താനുള്ള കാത്തിരിപ്പിന്റെ ദിനങ്ങളായിരുന്നു അവർക്കത്…. അങ്ങനെ കാത്തിരുന്ന ആ ദിവസം വന്നെത്തി….. സത്യയെ കാണാനില്ലെന്ന വാർത്ത മഠത്തിൽ തറവാടിനെയാകെ ഞെട്ടിച്ചിരുന്നു….. രാവിലെ അമ്പലത്തിൽ പോയ സത്യ ഇത് വരെ തിരിച്ചെത്തിയിട്ടില്ല….. ഋഷിയുടെ തലച്ചോറിനുള്ളിലേക്ക് ഒരു പ്രഹരമേറ്റത് പോലെ തോന്നിയവന്….. യാശോധയുടെ കണ്ണുകൾ നിറഞ്ഞു….. ഋഷി….. അവരവനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും അവൻ ശ്വാസം പോലും എടുക്കാൻ മറന്ന് ചുമരിനോട് ചാരിയിരുന്നു…. എലാവരും മൂകതയിലേക്ക് കൂപ്പ് കുത്തുമ്പോഴും രാജേഷ്വരി മാത്രം മനസ്സിൽ ഊറി ചിരിച്ചു….. അതവരെ എന്നുന്നേക്കുമായി വേദനിപ്പിക്കാൻ കഴിവുള്ളതാണെന്ന് പോലും അറിയാതെ…. ഋഷിയുടെ കണ്ണു നീർ കാണും തോറും അവർക്ക് ഹൃദയം നോവുന്നുണ്ടായിരുന്നെങ്കിലും അവൾ അവന്റെ ജീവിതത്തിൽ നിന്ന് പോയത് കൊണ്ട് തന്നെ അതവന്റെ അവസാനത്തെ സങ്കടമായിരിക്കുമെന്നവരോർത്തു……

പേരോ ഊരോ അറിയാത്ത എവിടെ നിന്നോ വന്ന ഒരുത്തിയെ അവന്റെ തലയിൽ കെട്ടി വെക്കാൻ ഉത്സാഹിച്ചവരുടെ വായയൊക്കെ അടഞ്ഞു പോയോ….. തകർന്നിരിക്കുന്നവർക്ക് മുമ്പിലേക്ക് രാജേശ്വരിയുടെ ഒരു തിരിച്ചു വരവായിരുന്നു ആ ചോദ്യം ….. ഋഷിയും യാശോധയും പരസ്പരം നോക്കി…. ഇതിങ്ങനെയൊക്കെ ആയി തീരുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെയാണ് ഋഷി അമ്മയിതിനെ ആദ്യം മുതലേ എതിർത്തത്…. നിന്റെ കണ്ണുനീരെനിക്ക് സഹിക്കാവുന്നതിനപ്പുറമാണ്….. രാജേഷ്വറിയത് പറയുമ്പോൾ യാശോദ എല്ലാവർക്ക് മുമ്പിലും ഒരു തെറ്റ് ചെയ്തവളെ പോലായി മാറുന്നത് അവരറിയുന്നുണ്ടായിരുന്നു….. ഋഷി ഒന്നും മിണ്ടാൻ പോലുമാകാതെ അതേ യിരിപ്പ് തുടർന്നു….. ഇങ്ങനെയുള്ളവരെയൊന്നും വിശ്വസിച്ചു കൂടാ…. സ്വർണം വല്ലതും മോഷണം പോയിട്ടുണ്ടോയെന്ന് നോക്കേണ്ടിയിരിക്കുന്നു…. നോ……. രാജേഷ്വറിയത് പറഞ്ഞതും ഋഷിയുടെ അലർച്ച മഠത്തിൽ തറവാട്ടിലാകെ മുഴങ്ങി കേട്ടു….. എല്ലാവരും അവനിലേക്ക് ഉറ്റു നോക്കി…..

അവൾക്കെന്തോ അപകടം പറ്റിയെന്നു എന്റെ മനസ്സ് പറയുന്നുണ്ട്….. അവൻ നിറ കണ്ണുകളാലേ അത് പറയുമ്പോൾ മനസ്സ് മുഴുവൻ നിറഞ്ഞു നിന്നത് വിടർത്തിയിട്ട മുടിയിൽ മുല്ലപ്പൂ ചൂടി നടന്നു പോകുന്നവൾ നീളൻ മിഴികളാൽ തന്നെ തിരിഞ്ഞു നോക്കുന്നതാണ്….. അവളുടെ കണ്ണുകളിൽ കണ്ടത് യഥാർത്ഥ പ്രണയമാണെന്ന് തന്നേക്കാൾ നന്നായി മാറ്റാർക്കാണറിയുക….. ഋഷി….. എന്ത് അപകടം പറ്റിയെന്നാണ് നീ പറയുന്നത്….. തിരയാവുന്നിടത്തെല്ലാം അവളെ തിരഞ്ഞു….. അവളെ കാണാതെ പോയത് ഇവിടെ വെച്ചാണോ…. രാജേഷ്വരി ദേഷ്യത്തോടെ ചോദിക്കുമ്പോൾ ഋഷിക്കുത്തരമുണ്ടായിരുന്നില്ല….. അമ്പലത്തിലേക്കാണെന്ന് പറഞ്ഞു അവൾ സ്വമേധയാ ഇറങ്ങി പ്പോകുന്നത് എല്ലാവരും കണ്ടതാണ്…. പിന്നേ അവൾ മടങ്ങി വന്നിട്ടില്ല…. അതിനർത്ഥം അവൾക്കപകടം പറ്റിയെന്നാണോ അതോ അവളെങ്ങോട്ടെങ്കിലും ഇറങ്ങിപ്പോയെന്നോ…. പറ….. രാജേഷ്വറിയത് പറയുമ്പോൾ ഒന്നും പറയാനില്ലാതെ ഋഷി നിന്നു….. പ്രസവിച്ചത് കൊണ്ട് മാത്രം അമ്മയാവില്ല…. മകന്റെ നല്ലത് കരുതുക കൂടി വേണം….എന്നോടുള്ള വാശി തീർക്കാൻ അവനെ സങ്കടത്തിലേക്ക് തള്ളി വിടുകയല്ലായിരുന്നു വേണ്ടത്…… യാശോധയുടെ മുഖത്ത് നോക്കി രാജേഷ്വറിയത് പറയുമ്പോൾ തെറ്റ് ചെയ്തവരെ പോൽ യാശോദ നിന്നു…..

അടഞ്ഞു കിടക്കുന്ന കണ്ണുകൾ തുറക്കാനവൾക്ക് വല്ലാത്ത പ്രയാസം തോന്നി….. ഭാമ കണ്ണുകൾ വലിച്ചു തുറന്നു…. കണ്ണുകൾ തുറന്നതും താനൊരു ആശുപത്രിയിലാണ് കിടക്കുന്നതെന്ന് അവൾക്ക് മനസ്സിലായി….. അവൾക്ക് തലക്ക് വല്ലാത്ത ഭാരം തോന്നുണ്ടായിരുന്നു….. ഡോക്ടർ….. ആ കുട്ടി കണ്ണു തുറന്നു….. നേഴ്സ് അത് പറഞ്ഞതും തന്റെ നേർക്ക് നടന്നു വരുന്ന ആളെ അവൾക്ക് വ്യക്തമായിരുന്നില്ല….. അടുത്തേക്ക് എത്തും തോറും ആ രൂപം അവളുടെ കണ്ണുകൾക്ക് തെളിയുന്നത് പോലെ തോന്നി….. വെട്ടിയൊതുക്കിയ കട്ടി മീശ….. വെളുത്ത നിറം….. മധ്യ വയസ്കനാണെങ്കിലും ചെറുപ്പക്കാരെക്കാൾ മുഖത്തിനാകെയൊരു പ്രസരിപ്പ് പോലെ….. ഇത് വരെ കണ്ട് പരിചയമില്ലാത്ത മുഖങ്ങൾക്കിടയിൽ അവൾ കണ്ണുകൾ തുറന്ന് കിടന്നു…… മോള് ഓക്കേ ആണോ….. അങ്ങേയറ്റം പ്രസന്നതയോടെ ചോദിക്കുന്ന അയാളുടെ വാക്കുകൾക്ക് പകരമായി അവളൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു…. എന്നാൽ അതവൾ പോലുമറിയാതെ അത് പാടേ പരാചയപ്പെട്ടിരുന്നു….. മോൾടെ പേരെന്താ…. അയാളവളോടത് ചോദിക്കുമ്പോൾ അവൾക്കെന്ത് തിരിച്ചു പറയണമെന്നറിയില്ലായിരുന്നു…..

മോൾടെ നാടെവിടെയാ…… അപ്പോഴും അവളുടെ ഓർമകളിൽ ഒരു നാടും തെളിഞ്ഞിരുന്നില്ല….. സാർ…… ഇനി ഈ കുട്ടി മലയാളിയല്ലാതായിരിക്കുമോ….. സാർ മറ്റേ ഭാഷയിലൊന്ന് ചോദിച്ചു നോക്കു…. അരികിലായി നിന്നിരുന്ന നേഴ്സ് അത് പറഞ്ഞതും അവളോട് അടുത്തേക്ക് ഒരു കസേര നീക്കിയിട്ട് അവിടെ ഇരുന്ന് അയാൾ വീണ്ടും ചോദിച്ചു…. നിൻ ഹെസർ ഏനു…. അയാളത് ചോദിച്ചതും അവൾ എഴുന്നേൽക്കാൻ ചെറിയൊരു ശ്രമം നടത്തി.. ഞാൻ…. ഞാനിതെവിടെയാ…. അവൾ ചുറ്റും കണ്ണോടിച്ചു…. ഏയ്…. എഴുന്നേൽക്കേണ്ട…. താനിപ്പോ ഉള്ളത് എന്റെ ഹോസ്പിറ്റലിലാണ്….. വഴിയരികിൽ രക്തത്തിൽ കുളിച്ചു കിടന്ന തന്നെ ആരൊക്കെയോ ചേർന്ന് ഇവിടെയെത്തിച്ചതാണ്…. ഇവിടെയെത്തുമ്പോൾ തന്റെ ശരീരത്തിൽ കത്തി കൊണ്ടുള്ള വലിയൊരു മുറിവുണ്ടായിരുന്നു…. ശ്വാസം എപ്പോ വേണമെങ്കിലും നിലചെക്കാമെന്ന അവസ്ഥയിൽ നിന്നും രണ്ടാഴ്‌ചക്ക് ശേഷം ഇന്നാണ് താൻ കണ്ണു തുറന്നത്…..

ഡോക്ടർ അത്രയും പറഞ്ഞപ്പോഴും അവളുടെ ഓർമയിൽ ഒന്നും പതിഞ്ഞിട്ടുണ്ടായിരുന്നില്ല…. മോൾടെ വീടെവിടെയാ…. അയാളത് ചോദിക്കുമ്പോൾ അവൾ വീണ്ടും ചിന്തക്ക് ഭാരം കൂട്ടി…… ഇതേതാ നാട്….. ഇത് കേരള കർണാടക ബോര്ഡറിലുള്ള ഒരു സ്ഥലമാണ്….. മോൾടെ വീടെവിടെയാണെന്ന് പറഞ്ഞാൽ ബന്ധുക്കളെ വിവരമറിയിക്കാം….. വീട്… ബന്ധുക്കൾ…. എല്ലാം അവളുടെ മനസ്സിലൊരു ശൂന്യതയായിരുന്നു….. അറിയില്ല…. വീടും ബന്ധുക്കളെയും ഒന്നും ഞാനറിയില്ല….. അവളത് പറയുമ്പോൾ അവളുടെ ചുറ്റും കൂടിയാവരെല്ലാം മുഖത്തോട് മുഖം നോക്കി…. അപ്പോഴും പുഞ്ചിരിച്ചു കൊണ്ട് ഡോക്ടർ അവളുടെ അരികിലായുണ്ടായിരുന്നു…. അത് സാരമില്ല….. മോൾക്ക് മോൾടെ പേരെന്താണെന്നറിയാമോ……. അയാൾ സൗമ്യമായി അത് ചോദിക്കുമ്പോഴും അവൾക്കുത്തരമുണ്ടായിരുന്നില്ല… പേര്…. പേര് അവൾ അതിൽ തന്നെ ആശങ്കപ്പെട്ടു നിൽക്കുന്നത് കണ്ടതും അയാളവളെ ആശ്വസിപ്പിക്കാനെന്ന വണ്ണം അവളുടെ തലയിലൊന്നു തലോടി…. സാരമില്ല….. പോട്ടെ….. അയാൾ അവളുടെ അരികിൽ നിന്നും എഴുന്നേറ്റു…..

ആ കുട്ടിക്ക് മെമ്മറി ലോസ് ആയിട്ടുണ്ട്…. തല ഇടിച്ചതിൽ പറ്റിയതാവാം….. അതൊരു പക്ഷെ താത്കാലികമായിരിക്കാം… പെർമെനന്റ് മെമ്മറി ലോസിനുള്ള ഇഞ്ചുറിയൊന്നും സംഭവിച്ചിട്ടില്ല…. ഏത് നിമിഷം വേണമെങ്കിലും ഓർമ്മകൾ തിരിച്ചു കിട്ടിയേക്കാം….. അത് വരെ കാത്തിരിക്കാം…. ഡോക്ടർ അവിടെയുള്ളവരോടായി അത് പറയുന്നത് കേട്ട് അവൾ കിടന്നു….. തന്നെയെന്താ ഞങ്ങൾ വിളിക്കുക…… അവളുടെ അരികത്തു നിന്ന് പുഞ്ചിരിയോടെ അയാള് ചോദിക്കുമ്പോൾ ഭാമ അവരെ തന്നെ നോക്കി.. അവൾക്ക് ഒരു മാലാഖയായി അയാളെ തോന്നാൻ അയാളുടെ സ്നേഹത്തോടെയുള്ള സംസാരവും സൗമ്യമായ പെരുമാറ്റവും ധാരാളമായിരുന്നു….. ഡോക്ടറിന്റെ പേരെന്താ…. അവൾ തിരിച്ചു ചോദിച്ചു…. മഹാ ദേവൻ….. അയാൾ മനോഹരമായ പല്ലുകൾ കാണിച്ചു അവൾക്ക് നേരെ പുഞ്ചിരിച്ചു…… അവളും തിരിച്ചൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു.. അവരുടെ രണ്ട് പേരുടെയും ചിരിയിലുള്ള ആ സാമ്യതയെ അവിടെയുള്ളവർ ഒരത്ഭുതത്തോടെ നോക്കി കണ്ടു…… (തുടരും )