17/04/2026

സത്യഭാമ : ഭാഗം 20

രചന – അയിഷ അക്ബർ

അവൾ കളിച്ചു വളർന്ന നാടായിരുന്നെങ്കിൽ കൂടി അവൾക്കതിലെല്ലാം ഒരു പുതുമയായിരുന്നു……

ഒരു പറിച്ചു നടലിന്റെ പ്രതീതി അവളിൽ നിറഞ്ഞു നിന്നു….

കാറ് കൊണ്ട് നിർത്തിയ ആ കൊച്ചു വീടും പരിസരവും അവളുടെ ഓർമകളിൽ നിന്നും ഒത്തിരി വിദൂരത്തായിരുന്നു….

അവൾ ചുറ്റും നോക്കി….

മോള് കയറു….
ജയ അവളുടെ കൈ പിടിച് അകത്തേക്ക് കയറ്റി….

അവൾ ഒരപരിചിതയെ പോലെ കോലായിൽ തന്നെ നിന്നു…..

ഭാമ വാ….
മഹേഷ്‌ അവളുടെ കയ്യിൽ പിടിച്ചു…..

ശാരതാമ്മ അകത്തേക്ക് കയറിപ്പോയി എന്നുറപ്പിച്ചായിരുന്നു അവന്റെയാ നീക്കം …..

അവൾ അവന്റെ മുഖത്തേക്ക് നോക്കി….

അവനവളെ കൈ പിടിച്ചു കൊണ്ട് പോയത് അവളുടെ മുറിയിലേക്കായിരുന്നു…..

ഇതായിരുന്നു ഭാമയുടെ ലോകം…..
അവനത് പറയുമ്പോൾ ചുമരിൽ തൂക്കിയ അവളുടെ ചിത്രങ്ങൾ അവൾ അത്ഭുതത്തോടെ നോക്കി നിന്നു….

നിനക്ക് അമ്മാവനെയും ഓർമയില്ലേ ഭാമേ….

മാധവന്റെ ഫോട്ടോയിലേക്ക് നോക്കി മഹേഷ്‌ സങ്കടത്തോടെ യത് പറയുമ്പോൾ ഭാമ ആ ഫോട്ടോയിലേക്ക് സൂക്ഷിച്ചു നോക്കി….

അവൾക്കാ മുഖം ഒട്ടും പരിചയം തോന്നിയില്ല….

നിന്റെ അച്ഛനാണ്…. നീയായിരുന്നു ആ മനുഷ്യന്റെ ശ്വാസം പോലും….

അച്ഛനെന്ന വാക്കവൻ പറഞ്ഞതും ഓർമകളിൽ നിറഞ്ഞു നിന്നത് സ്റ്റെതസ്കോപ്പ് കഴുത്തിലിട്ട് പുഞ്ചിരിച്ചു കൊണ്ട് തനിക്ക് നേരെ നടന്നടുക്കുന്ന തന്റെ പ്രിയപ്പെട്ട ഡോക്ടറുടെ മുഖമായിരുന്നു….

അവൾക്കായാളെ കാണാൻ തോന്നി…. ഇവിടെ വന്നപ്പോൾ തുടങ്ങിയ ആ ഒറ്റപ്പെടലുകൾ അയാളെ ചേർത്ത് പിടിച് തീർക്കണമെന്ന് തോന്നി….

അവളുടെ മിഴികൾ നിറഞ്ഞു വന്നു….. അവൾ പതിയേ കട്ടിലിലേക്കിരുന്നു…..

അവളുടെ മുഖത്തെ പെട്ടെന്നുണ്ടായ ഭാവ മാറ്റം മഹേഷിനെ അക്ഷരാർത്ഥത്തിൽ ഭയപ്പെടുത്തിയിരുന്നു……

അവളുടെ ഓർമ്മകൾ തിരിച്ചു കിട്ടിയോയെന്നവന്റെ ഹൃദയം ഭയക്കുകയായിരുന്നു….

എന്താ ഇവിടെ….

ശാരതാമ്മ അത് ചോദിച്ചു കൊണ്ടാണ് മുറിയിലേക്ക് കടന്നു വന്നത്….

അല്ലാ… ഭാമക്കെന്തോ……

മഹേഷ്‌ അത് പറഞ്ഞ് നിന്നു പരുങ്ങി….

നീ പൊക്കോ മഹേഷേ അവളെ നോക്കാൻ ഞങ്ങളെല്ലാവരുമുണ്ടല്ലോ….

ശാരതാമ്മ അമർഷത്തോടെയത് പറയുമ്പോൾ മഹേഷ്‌ അവിടെ നിന്നു പ്പോയി….

ഭാമ ഒരു ഭയത്തോടെ അവരെ നോക്കി നിന്നു….
. മോള് കിടന്നോളു….
ഒത്തിരി യാത്ര ചെയ്തതല്ലേ…. അതിന്റെ ക്ഷീണം കാണും…..

അവർ വാത്സല്യത്തോടെ മുടിയിഴകളിൽ തലോടിയത് പറയുമ്പോൾ ഭാമ പതിയേ ആ കട്ടിലിലേക്ക് ചാഞ്ഞു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

എടാ മഹേഷേ….അവളോട് പൊയി സംസാരിക്കാൻ പറഞ്ഞിട്ട് നീയിവിടെ വന്നു നിൽക്കുകയാണോ…

ജയ അവന്റെ കൈകളിൽ പിടിച്ചു വലിച്ചത് ചോദിക്കുമ്പോൾ മഹേഷ്‌ കയ്യിലുണ്ടായിരുന്ന ബീഡി കുറ്റി താഴെയിട്ടു….

ആ ഡോക്ടർ പറഞ്ഞതോർമ്മയുണ്ടല്ലോ… അവളുടെ തലക്ക് കാര്യമായൊന്നും സംഭവിച്ചിട്ടില്ല…. ഓർമ തിരിച്ചു കിട്ടാൻ ഒരു നിമിഷം മതി….. അതിനുള്ളിൽ നിങ്ങളുടെ വിവാഹം നടന്നെ തീരു…..

ജയയത് പറയുമ്പോൾ വാക്കുകളിൽ കണക്ക് കൂട്ടലുകൾ തെളിഞ്ഞു കണ്ടിരുന്നു….

അതിനപ്പച്ചീ ആ തള്ള സമ്മതിക്കണ്ടേ….

ശാരതാമ്മയോടുള്ള അമർഷം അവന്റെ വാക്കുകളിൽ കണ്ടിരുന്നു…

അത് കാര്യമാക്കേണ്ട…. ഭാമക്ക് ഈ വിവാഹത്തിന് സമ്മതമാണെങ്കിൽ പിന്നേ പേടിക്കാനില്ല….
കഴിഞ്ഞതൊക്കെ മറന്ന സ്ഥിതിക്ക് നീയവളുടെ മുമ്പിൽ നല്ലവനായി നടിക്കുക തന്നെ വേണം…. അവൾ നിന്നെ സ്നേഹിച്ചു തുടങ്ങണം….
അതും എത്ര പെട്ടെന്ന് പറ്റുവോ അത്രയും പെട്ടെന്ന്…..
. അവരത് പറയുമ്പോൾ മഹേഷിന്റെ മുഖത്തൊരു പ്രകാശം പരന്നു….

അതിനവളുടെ മനസ് മാറ്റാൻ ആ തള്ള ശ്രമിച്ചാലോ…. പിന്നേ അവളുമായി എനിക്കെങ്ങനെ അടുക്കനാവും അപ്പച്ചീ….

അവന്റെ വാക്കുകൾ ദയനീയമായിരുന്നു…..

അതിനു വഴിയുണ്ട്…..അമ്മയെ ആദ്യമേ അവൾക്ക് മുമ്പിൽ ഒരു ശത്രുവായി വരച്ചു കാട്ടേണ്ടത് അത്യാവശ്യമാണ്…….

ജയ അത് പറയുമ്പോൾ മഹേഷിനും ഒരു പ്രതീക്ഷ നിറഞ്ഞു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഭാമക്ക് ആ വീട്ടിൽ വല്ലാത്ത ഒറ്റപ്പെടൽ അനുഭവപ്പട്ടിരുന്നു…..

മോളേ ഭാമേ….. ഇവിടെ നിന്ന് പോകുമ്പോൾ എന്റെ മോളെങ്ങനെ ഉണ്ടായിരുന്നതാ…. ഇപ്പൊ കണ്ടില്ലെ കോലം….

അവർ സ്നേഹം നടിച്ചത് പറഞ്ഞ് കൊണ്ട് അവളുടെ മുടിയിഴകളിൽ തലോടടുമ്പോൾ അവൾക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല…. അവരോട് അമ്മയെന്ന അടുപ്പം തോന്നി തുടങ്ങുന്നത് വരെ ഹൃദയത്തിൽ നിറഞ്ഞ ഈ ശൂന്യത ഒരുപക്ഷെ നിലനിൽക്കുമെന്നവൾക്ക് തോന്നി……

നിന്റെ മുത്തശ്ശി കാരണമാ എനിക്കെന്റെ മോളേ നഷ്ടമായത്….
നിന്നെ നഷ്ടപ്പെട്ടെന്ന് കരുതി അമ്മയുടെ ഉറക്കം പാടെ നശിച്ചിരുന്നു….

മുത്തശ്ശിയുടെ സ്വാർത്ഥതക്ക് വേണ്ടിയാണ് അവർ നിന്നെ ബലി കഴിപ്പിച്ചത്….

അവൾ സംശയത്തോടെ അവരെ നോക്കി….

മുത്തശ്ശിയോട് അവളുടെ മനസ്സിൽ ഒരുതരം നീരസം നിറയുന്നത് അവളുടെ മുഖത്ത് നിന്ന് ജയക്ക് മനസിലാകുന്നുണ്ടായിരുന്നു……
അവർക്ക് സന്തോഷം തോന്നി…..

എന്റെ മോളെയിനി ഞാൻ എങ്ങോട്ടും വിടില്ല…..
നിന്റെ ഓർമ നഷ്ടപ്പെട്ട സ്ഥിതിക്ക് അവർ നിന്നോട് ചെയ്തതൊക്കെ നീ മറന്നിട്ടുണ്ടാവുമെന്ന് കരുതി അവർ സ്നേഹ നാടകവുമായി വരാൻ സാധ്യതയുണ്ട്…. എന്റെ മോളതൊന്നും കേൾക്കരുത്……

അവർ അവളുടെ കൈകൾ ചേർത്ത് പിടിച്ചത് പറയുമ്പോൾ അവൾ ഒന്നും മിണ്ടിയില്ല….

എങ്കിലും അവളുടെ മിഴികളിൽ ചലനമുണ്ടാക്കാൻ തന്റെ വാക്കുകൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ജയക്ക് തോന്നി….🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മുത്തശ്ശി കാരണം എന്റെ കുട്ടി ഒത്തിരി വേദനിച്ചുവല്ലേ…. ഇവരുടെയൊക്കെ ഇടയിൽ നിന്ന് നിന്നെ രക്ഷിക്കണമെന്ന് മാത്രമേ മുത്തശ്ശി വിചാരിച്ചുള്ളൂ….

ഇനിയും നിന്നെ കൊതിപറിക്കാൻ തക്കം പാർതിരിക്കുന്നവരാണ് ചുറ്റും…. മോള് സൂക്ഷിക്കണം…..

നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ശാരതാമ്മ അത് പറയുമ്പോളും അവൾ മൗനത്തെ കൂട്ട് പിടിച്ചു…

ആരെ വിശ്വസിക്കണം എന്നറിയാതെ അവളുടെ മനസ് അസ്വസ്ഥമായിരുന്നു……

തന്റെ ചുറ്റുമുള്ളവരിൽ ശത്രുവാരെന്നറിയാൻ ആദ്യം സത്യ ഭാമയുടെ ജീവിതം അറിയേണ്ടതുണ്ട്….

ചിന്തകൾക്ക് ഭാരം കൂടും തോറും അവൾക്ക് തല വേദന തോന്നി…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ഭാമേ…. നിനക്ക് ശെരിക്കും മുമ്പുള്ളതൊന്നും ഓർമയില്ലെന്ന് പറഞ്ഞത് സത്യമാണോ….

മഹേഷേത് ചോദിക്കുമ്പോൾ ഒന്നും മിണ്ടാത്തെ ഭാമ അവനെ നോക്കി….

പിന്നീട് പതിയേ തലയാട്ടി….

അപ്പൊ നമ്മൾ തമ്മിൽ ജീവനെ പോൽ പ്രണയിച്ചിരുന്നതും നീ മറന്നോ….

മഹേഷ്‌ വികാരാതീതമായി അത് ചോദിക്കുമ്പോൾ ഭാമ അത്ഭുതത്തോടെ അവനെ നോക്കി….

പ്രണയം…. പ്രണയം…..
പ്രണയമെന്ന് ഓർക്കുമ്പോൾ തെളിഞ്ഞു വരുന്ന വ്യക്തമല്ലാത്തൊരു മുഖമുണ്ട് ഹൃദയത്തിൽ….
അതീ മുഖവുമായി ഒട്ടും ബന്ധമില്ലെന്നവൾക്ക് തോന്നി…..

സത്യാ എന്ന് വിളിച്ചു തന്നെ പിന്തുടരുന്ന ആ ശബ്ദവും ഇത് പോലെയല്ല….

കേട്ടത് വിശ്വസിക്കാൻ പ്രയാസമായി നിൽക്കുന്ന അവളുടെ മുഖം അവനെ പ്രയാസത്തിലാക്കി…..

ജീവിതത്തിൽ മഹേഷേട്ടനെയല്ലാതെ വിവാഹം കഴിക്കില്ലെന്ന് നീ വാശി പിടിച്ചപ്പോൾ നമ്മുടെ വിവാഹം എല്ലാവരും കൂടി ഉറപ്പിച്ചതായിരുന്നു…..
ആ സമയത്താണ് നീ…..

അവൻ കണ്ണുകളിൽ വെള്ളം നിറച്ചു കൊണ്ടതും പറഞ്ഞ് പുറത്തേക്കിറങ്ങി…

അവൾക്കെന്ത് പറയണമെന്നറിയില്ലായിരുന്നു…..
കാരണം അവനെ പ്രണയിച്ചതൊരു പക്ഷെ സത്യ ഭാമയായിരിക്കാം …
എന്നാൽ താനിന്ന് സത്യഭാമയല്ലല്ലോ…..

ആലോചനകൾ വീർപ് മുട്ടിക്കുന്ന അവളെ മഹേഷ്‌ ജനലിലൂടെ നോക്കി…..

അവൾ വിശ്വസിച്ചെന്ന് തോന്നിയത് കൊണ്ട് തന്നെ അവന്റെ ചുണ്ടിലൊരു വിജയ ചിരി തെളിഞ്ഞു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ബാറ്ററി തീരാറായി ശബ്ദം കുറഞ്ഞ ആ കാളിങ് ബെൽ പതിയേ ഒന്നടിച്ചപ്പോഴാണ് ഭാമ ഉമ്മറത്തേക്ക് ചെന്നു നോക്കിയത്…..

പിറകിലെ ആളനക്കം അറിഞ്ഞതും തിരിഞ്ഞു നിൽക്കുകയായിരുന്ന അവൻ അവളിലേക്ക് തിരിഞ്ഞു….

മുതുകത്തു വലിയൊരു ബാഗിട്ട ആ ചെറുപ്പക്കാരൻ അവളെ നോക്കി അതി മനോഹരമായോന്ന് പുഞ്ചിരിച്ചു…..

ആ പുഞ്ചിരി തന്റെ ഹൃദയ താളങ്ങൾക്കേറെ പരിചിതമായത് പോലവൾക്ക് തോന്നി…..

(തുടരും )