17/04/2026

സത്യഭാമ : അവസാന ഭാഗം

രചന – അയിഷ അക്ബർ

 

അവൾ അകത്തേക്ക് കടക്കുമ്പോൾ തന്നെ ഹൃദയം പിളരുന്നത് പോലെ തോന്നിയിരുന്നു…..

അനക്കമില്ലാതെ കിടക്കുന്ന ഋഷിയിലേക്കവളൊന്നു നോക്കി…..

എന്നും തനിക്കു വേണ്ടി വേദനകൾ സഹിച്ചിട്ടേയുള്ളൂ….

എങ്കിലും വിധി ഞങ്ങളിലെപ്പോഴും വിരഹം നൽകിയാണ് സന്തോഷിച്ചു കൊണ്ടിരിക്കുന്നത്…..

കണ്ണിമ വെട്ടാതെ അവനെ നോക്കിയിരിക്കാനായിരുന്നു ഹൃദയം ആഗ്രഹിച്ചത്….

അവൾ അവനറികത്തായിരുന്നു….

അവന്റെ കൈ തന്റെ കൈകൾക്കുള്ളിലാക്കി….
നെറ്റിയിൽ അവനായുള്ള ചുംബനം നൽകുമ്പോൾ അതൊരു പക്ഷെ അവസാനത്തേതായിരിക്കുമെന്ന ഭയം മഹാദേവന്നിലും അരുണിലും നിറഞ്ഞു നിന്നിരുന്നു….

നെറ്റിയിൽ നിന്നു ചുണ്ടുകൾ എടുക്കുമ്പോഴേക്കും അവൾ അങ്ങേയറ്റം വിതുമ്പി പോയിരുന്നു….

കണ്ണുനീർ അവന്റെ കൈകൾക്ക് മേൽ ഇറ്റി വീണു…..

അവന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടുന്നത് ശ്രദ്ധിച്ചതും അരുൺ അത്ഭുതത്തോടെ മഹാദേവനെ നോക്കി….

മഹാദേവനും കണ്ട കാഴ്ചയിൽ അത്ഭുതപ്പെട്ടു നിൽക്കുകയായിരുന്നു….

പെട്ടെന്നാണ് അവന്റെ വിരലുകൾ പതിയേ അനങ്ങുന്നതായി അവർക്ക് തോന്നിയത്…..

അരുൺ പെട്ടെന്ന് തന്നെ ഋഷിയുടെ അടുത്തേക്ക് നടന്നു…..

മഹാദേവന്റെ കണ്ണുകളും വിടർന്നിരുന്നു…..

മോള്…. പുറത്തേക്ക് നിൽക്ക്…..

ഭാമയെ പുറത്തേക്ക് വിട്ട് മഹാദേവന്റെയും ശ്രദ്ധ ഋഷിയിലേക്കായി…..

ഭാമയടക്കം എല്ലാവരും അക്ഷമരായി കാത്തിരിക്കുകയായിരുന്നു…..

അൽപ സമയത്തിന് ശേഷം മഹദേവൻ പുറത്തേക്ക് വരുമ്പോൾ മുഖത്ത് നിറഞ്ഞ പുഞ്ചിരിയുണ്ടായിരുന്നു….

ഭാമ അയാളിലേക്കോടി ചെന്നു…..
നിന്റെ ഋഷിക്കൊരു കുഴപ്പവുമില്ല….. ഹി ഈസ്‌ ആൽറൈറ്…..

മഹാദേവനത് പറയുമ്പോൾ എല്ലാവരുടെയും മുഖത്ത് ആശ്വാസം നിറഞ്ഞു നിന്നിരുന്നു……

ഇട്സ് എ മെഡിക്കൽ മിറാക്കിൾ…..
പറയുമ്പോൾ അത് വരെ ഉണ്ടായിരുന്ന പരിഭ്രമത്തിന്റെയും ആ പരിഭ്രമം തുടച്ചു നീക്കിയ ആശ്വാസവും അയാളിൽ നിറഞ്ഞു കണ്ടിരുന്നു

അതെ അത്ഭുതം തന്നെയാണ്…..

സത്യഭാമയുടെയും ഋഷി വിശ്വാനാഥന്റെയും തീവ്രമായ പ്രണയമെന്ന അത്ഭുതം….
പിറകിലായി വന്ന അരുൺ ചെറു പുഞ്ചിരിയോടത് പറയുമ്പോൾ എല്ലാവരുടെയും മുഖത്തും ചെറു ചിറി വിരിഞ്ഞിരുന്നു….

മഹാദേവന് മാത്രം കുറ്റ ബോധത്താൽ മുഖമുയർത്താൻ കഴിഞ്ഞില്ല…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
രണ്ട് രാത്രിക്കിപ്പുറം അവൻ കണ്ണുകൾ പതിയേ തുറന്നു…..

അവന്റെ മുമ്പിൽ തെളിഞ്ഞു നിന്ന അവളുടെ മുഖം എല്ലാ വേദനകളും അവനിൽ നിന്നും തുടച്ചു നീക്കിയിരുന്നു…..

അവന്റെ കൂടെ എല്ലാത്തിനും അവളുണ്ടായിരുന്നു…

ഒരു കൊച്ചു കുഞ്ഞിനെ പോലെ അവനെ പരിചരിക്കുമ്പോൾ അവന്റെ സന്തോഷം അതാണെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെയാണ് അവരുടേതായ ലോകത്തേക്ക് അവരെ തനിച്ചാക്കി എല്ലാവരും അല്പം അകന്നു തന്നെ നിന്നത്…….

മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്….

ഭാമായത് പറയുമ്പോഴും അവനൊന്നും മിണ്ടിയില്ല…..

എന്തിനായിരുന്നു ഋഷി നീയവനിലേക്ക് എടുത്ത് ചാടിയത്….. നിനക്കെന്തെങ്കിലും സംഭവിച്ചിരുന്നവങ്കിലോ….

അവളുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങി….

എനിക്ക് സംഭവിക്കുന്നതിനേക്കാൾ എന്നെ വേദനിപ്പിക്കുന്നത് നിനക്കുന്തെങ്കിലും സംഭവിക്കുമ്പോഴല്ലെ സത്യാ…..

അവൻ അവളുടെ മിഴികളിലേക്ക് നോക്കിയത് ചോദിക്കുമ്പോൾ അവൾ നിറ മിഴികളാലെ അവനെ ചേർത്ത് പിടിച്ചിരുന്നു…..

അവളെ താങ്ങാക്കിയായിരുന്നു അവൻ നടന്നു തുടങ്ങിയത്….

വീഴുമ്പോൾ അവനെ പൊതിഞ്ഞു പിടിക്കാൻ അവളുടെ കൈകളെ അവൾ പ്രാപ്തമാക്കിയിരുന്നു…..

അവന്റെ ചുണ്ടിൽ വിടർന്നു നിൽക്കുന്ന കുസൃതി ചിരി അവളിൽ പടർത്തിയത് നാണത്തിന്റെ ലാഞ്ചനയായിരുന്നു…..

ഞാനൊരു പക്ഷെ അവളെ വിവാഹം ചെയ്തിരുന്നെങ്കിൽ അതേറ്റവും വലിയൊരു തെറ്റായി പോകുമായിരുന്നു അല്ലേ സർ…..

അവർക്കെതിർവശമായി നടന്നു പോകുന്ന ഋഷിയെയും ഭാമയെയും നോക്കി നിൽക്കുന്ന മഹാദേവനോട്‌ അരുണത് ചോദിക്കുമ്പോൾ അയാളൊന്നും മിണ്ടിയില്ല….

പ്രണയത്തിന് ഇത്രയേറെ ശക്തിയുണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല…..

അതൊരു പക്ഷെ ഞാൻ പ്രണയിക്കാത്തത് കൊണ്ടായിരിക്കാം….

എന്നാൽ ജീവൻ കൊടുത്ത് പ്രണയിച്ച സാറെങ്ങനെ അത് മറന്നുവെന്ന് എനിക്കറിയുന്നില്ല…

അരുണിന്റെ വാക്കുകൾ കുറ്റപ്പെടുതലുകളായാണ് മഹാദേവന് തോന്നിയത്…..

നീയെന്നെ കുറ്റപ്പെടുത്തുകയാണോ….

അയാളോന്നു ചിരിച്ചു….

കുറ്റപ്പെടുത്തുകയല്ലാ….
ലക്ഷ്മിയുടെ അമ്മയുടെ കണ്ണുകളിൽ ഞാനിന്നും കാണുന്നത് ആ പഴയ ദേവനോടുള്ള പ്രണയമാണ്….
എന്നാൽ നിങ്ങൾ അവരുടെ മനസ്സ് കാണാതെ ലക്ഷ്മിയിലേക്ക് മാത്രമായി ചുരുങ്ങി….

അവരെ കൊണ്ട് ഇതെല്ലാം ചെയ്യിച്ചത് നിങ്ങളോടുള്ള ഭ്രാന്തമായ പ്രണയമായിരുന്നു….

അതല്ലേ അവരുടെ മാനസിക നില തകർത്തത്….

എല്ലാം ഓർക്കാമായിരുന്നു ഒരു തവണയെങ്കിലും….

തെറ്റുകൾ പൊറുത്തു കൊടുത്ത് ചേർത്ത് പിടിക്കാമായിരുന്നു…..

അങ്ങോട്ട് നോക്കു….. ലക്ഷ്മി പോലും എല്ലാം മറന്നു അവരോട് പൊരുത്തപ്പെട്ടു കഴിഞ്ഞു….. ആ ഒരു പൊറുക്കലിലൂടെ അവൾക്ക് ജീവിത കാലം മുഴുവൻ കിട്ടാൻ പോകുന്നത് ആ അമ്മയുടെ സ്നേഹമാണ്…..
ഋഷിയുടെയും ഭാമയുടെയും അടുത്തേക്ക് വന്ന് അവരെ മുറിയിലേക്ക് കൂട്ടി കൊണ്ട് പോകുന്ന രാജേഷ്വരിയെ ചൂണ്ടിയാണ് അരുണത് പറഞ്ഞത്…..

ഒരു ഉപദേശത്തിന്റെ സ്വരത്തിൽ അരുണത്രയൊക്കെ പറഞ്ഞ് നിർത്തുമ്പോൾ മഹാദേവന്റെ മനസ്സാകെ അസ്വസ്ഥമായിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
രാജേഷ്വരിയും ഭാമയും മാത്രം ഇരിക്കുന്ന ആ മുറിയിലേക്ക് മഹാദേവൻ കടന്നു ചെല്ലുമ്പോൾ രാജേഷ്വരി അവിടെ നിന്നും എഴുന്നേറ്റു….

സാധാരണ താൻ മോളോട് സംസാരിക്കാൻ വേണ്ടിയാണ് വരുന്നതെന്നുള്ളത് കൊണ്ട് തന്നെ അവളൊഴിഞ്ഞു മാറി തരുകയാണ് ചെയ്യാറുള്ളത്…..

രാജി…..

അവളെഴുന്നേറ്റ് പുറത്തേക്ക് നടക്കാനൊരുങ്ങിയതും പിറകിൽ നിന്നുള്ള മഹാദേവന്റെ വിളി അവരുടെ കാലുകളെ പിടിച്ചു നിർത്തി…..

അത് കണ്ടതും കട്ടിലിരുന്നിരുന്ന ഭാമ എഴുന്നേറ്റു പതിയേ പുറത്തേക്ക് നടന്നു…..

അവളുടെ മനസ്സത്ര മേൽ സന്തോഷത്തിലായിരുന്നു…

അച്ഛന് അമ്മയോടുള്ള ദേഷ്യമെല്ലാം മാറി അവരോന്നാകുമെന്നാലോചിച്ചതും അവൾ ആനന്ദത്തിന്റെ കൊടുമുടിയിലായിരുന്നു….

അവർ തനിച് സംസാരിക്കാൻ വേണ്ടിയാണ് താൻ മനപ്പൂർവം അവിടെ നിന്ന് ഒഴിഞ്ഞു കൊടുത്തതും….

രാജീ..

മഹാദേവൻ വീണ്ടും വിളിച്ചപ്പോഴേക്കും അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…

ഒരു വാക്കിനിടം കൊടുക്കാതെ അയാളവരെ ചേർത്ത് പിടിച്ചു…..

പരസ്പരം പെയ്തു തീർത്തത്രയും ഇത്രയും വർഷങ്ങളായി മനസ്സിൽ കൂട്ടി വെച്ച കണ്ണുനീരായിരുന്നു…

അവരിരുവരും ആ പഴയ ദേവനും രാജിയുമായി മാറുകയായിരുന്നു…..

ഭാമ പതിയേ ആ മുറിയിലേക്ക് കടന്ന് വന്നതും കണ്ണുകൾ തുടച് കൊണ്ട് അവർ പരസ്പരം മാറി നിന്നു…..

അവൾ ഇരു കൈകളാൽ രണ്ട് പേരെയും ചേർത്ത് പിടിച്ചു…….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ആർഭാഠങ്ങളെത്തുമില്ലാതെ ദൈവങ്ങളെ സാക്ഷിയാക്കി ഋഷി ഭാമയുടെ കഴുത്തിൽ താലി കെട്ടുമ്പോൾ അവളുടെ മിഴികൾ നിറഞ്ഞൊഴുകിയിരുന്നു….

ഋഷി അവളെ ചേർത് പിടിച്ചു നെറുകെയിൽ അവന്റെ ചുണ്ടുകൾ ചേർത്ത്..

ഒത്തിരി വിരഹങ്ങൾക്ക് ശേഷമുള്ള ആ ചേർത്ത് പിടിക്കലിന് മധുരം അധികമായിരുന്നു…..

അതെ ദൈവങ്ങളെ സാക്ഷിയാക്കി മഹാദേവൻ രാജിയുടെ കൈകളും പിടിച്ചിരുന്നു….
ഒരിക്കലും കൈ വിടില്ലെന്ന പോൽ…..

കണ്ട് നിന്നിരുന്ന വിശ്വനും യാശോധയും മനസ്സ് നിറഞ്ഞു പുഞ്ചിരിച്ചു…..

എല്ലാവരും കൂടി മഠത്തിൽ തറവാടിന്റെ പടി കയറുമ്പോൾ മനസ്സിനെ കാർന്നു തിന്നാൻ കഴിവുള്ള ഒത്തിരിയോർമ്മകൾ അവരിലുണ്ടായിരുന്നെങ്കിലും അതിനെയെല്ലാം കവച്ചു വെക്കാൻ കഴിവുള്ള പ്രണയ കഥകൾ അവയെ കീഴ്പ്പെടുത്തുകയായിരുന്നു…..
ഋഷി ഭാമയുടെ കൈ മുറുകേ പിടിച്ചു…..

അപ്പോഴും അവളുടെ വിടർത്തിയിട്ട മുടിയിഴകളിലെ മുല്ലപ്പൂവിന്റെ ഗന്ധം അവനിലൊരു പുഞ്ചിരി നിറക്കുന്നുണ്ടായിരുന്നു…..

ശുഭം…….