23/04/2026

സത്യഭാമ : ഭാഗം 13

രചന – അയിഷ അക്ബർ

യാശോധയുടെ മുറിയിലേക്ക് ഋഷി കടന്ന് ചെല്ലുമ്പോൾ മനസ്സത്ര മേൽ ആശ്വാസത്തിലായിരുന്നു…അവന്റെ കണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കം വേറിട്ടു കാണുന്നുണ്ടായിരുന്നു…. പിന്തിരിഞ്ഞു കിടക്കുകയായിരുന്ന യാശോധയുടെ അടുത്ത് കിടന്നവൻ അവരെ പിറകിൽ നിന്നും കെട്ടിപ്പിടിച്ചു…… ചെറു മയക്കത്തിൽ നിന്നും യാശോദ കണ്ണു തുറന്നവനെ നോക്കി…. അവനെ കണ്ടതും അവരുടെ മുഖത്തൊരു സന്തോഷം പടർന്നു…… അവർ കട്ടിലിലെഴുന്നേറ്റിരുന്നു… ഇന്നമ്മ ഇടപെട്ടില്ലായിരുന്നെങ്കിൽ……. സത്യാ….. അവനത് പറയുമ്പോൾ ആ മുഖം അത്ര മേൽ വാടിയിരുന്നു….. യാശോധയോന്ന് പുഞ്ചിരിച്ചു…. വർഷങ്ങളിത്ര കഴിഞ്ഞിട്ടാണ് ഞാനമ്മയോട് അടുത്തത് തന്നെ…. അപ്പോഴേക്കും എന്റെ മനസ്സറിയാനുള്ള എന്ത് മാന്ത്രികതയാണ് ഈ കൈകളിലുള്ളത്….

അവൻ കുസൃതി ചിരിയോടെ യാശോധയുടെ കൈകളിൽ പിടിച്ചു… അപ്പോഴും യാശോധയുടെ മുഖത്തെ പുഞ്ചിരി മാഞ്ഞിട്ടുണ്ടായിരുന്നില്ല…… അതങ്ങനെയാണ്‌ ഋഷി…. അമ്മയെ ഒരു ജന്മമെടുത്താലും മക്കൾക്ക് മനസ്സിലായിയെന്ന് വരില്ല… എന്നാൽ മക്കളെ മനസ്സിലാവാൻ അമ്മമാർക്ക്‌ ഒരു നിമിഷം മതി….. അവനവരെ അത്ര മേൽ സ്നേഹത്തോടെ നോക്കി… സത്യ നല്ല കുട്ടിയാണ്….. പക്ഷെ എന്റെ വാക്കുകളിൽ നിന്റെ അപ്പച്ചി താത്കാലികമായി അടങ്ങിയെന്ന് കണക്കാക്കിയാൽ മതി…. നിങ്ങളുടെ വിവാഹം കഴിഞ്ഞാലേ സമാധാനമാവുകയുള്ളു…. പറയുമ്പോൾ ആ കണ്ണുകളിൽ ചെറിയൊരു ആശങ്ക ഋഷി കാണുന്നുണ്ടായിരുന്നു….. ഋഷി പുഞ്ചിരിച്ചു…. അതോന്നും ഓർത് അമ്മ പേടിക്കേണ്ട… രാജേഷ്വരിയമ്മയെ ഞാൻ കണ്ടിരുന്നു….. എന്റെ ഇഷ്ടം അതാണെങ്കിൽ അമ്മക്കെതിർപ്പൊന്നുമില്ലെന്ന് പറഞ്ഞു….. പറയുമ്പോൾ അവനങ്ങേയറ്റം സന്തോഷത്തിലായിരുന്നു… രാജിയങ്ങനെ പറഞ്ഞോ…. യാശോധക്കതൊട്ടും വിശ്വാസ യോഗ്യമായിരുന്നില്ല….. എന്നാൽ അവന്റെ കണ്ണിലെ തിളക്കം കാണുമ്പോൾ അത് ശെരി വെച്ചു കൊടുക്കാതിരിക്കാൻ മനസ്സനുവദിച്ചിരുന്നില്ല…. അവർ അവന് നേരെ പുഞ്ചിരിച്ചു…. അപ്പോഴും അവരുടെ മനസ്സിൽ സംശയങ്ങൾ ബാക്കിയായിരുന്നു…..

വരാന്തയിലൂടെ ഋഷി നടന്നു തുടങ്ങിയപ്പോഴാണ്‌ തനിക്കെതിരായി വരുന്ന സത്യയിലവന്റെ കണ്ണുകളുടക്കിയത്….. അവന്റെ കണ്ണുകൾ തിളങ്ങി….. പ്രണയർദ്രമായി അവനവളുടെ മിഴികളിലേക്ക് നോക്കിയതും അവൾക്കാകെ വല്ലായ്മ തോന്നി….. അവൾ താഴേക്ക് നോക്കി അവനെ കടന്നു പോകുമ്പോഴേക്കും അവനാ കയ്യിൽ പിടിച്ചിരുന്നു…… അപ്പോഴും അവൾക്കവന്റെ മുഖത്ത് നോക്കാൻ കഴിഞ്ഞിരുന്നില്ല….. സത്യാ…. അവളെ ചേർത്ത് നിർത്തി ആ കാതോരം അവൻ വിളിക്കുമ്പോൾ അവൾ മിഴികളുയർത്തി അവനെ നോക്കി……. അവളെ ഉറ്റ് നോക്കി നിൽക്കുന്ന കണ്ണുകളിൽ അവളോടുള്ള പ്രണയത്തിന്റെ അടങ്ങാത്തൊരാഴി അവൾക്ക് കാണാൻ കഴിഞ്ഞിരുന്നു….. ചുണ്ടിൽ പതിപ്പിച്ച അവന്റെ ആ പുഞ്ചിരിക്ക്‌ തന്നെ ഇത്ര മേൽ ബലഹീനയാക്കാൻ കഴിയുന്നതെന്താണെന്നവളാലോചിച്ചു…… ഏട്ടാ…… അപ്പച്ചി വിളിക്കുന്നു….. മാളു അതും പറഞ്ഞവിടേക്ക് വന്നതും പെട്ടെന്നവനവളുടെ കൈകൾ വിട്ടു….. അപ്പച്ചിയെന്ന് കേട്ടതും അവളുടെ മുഖത്തൊരു പരിഭ്രമം പടർന്നുവോ….. കുളക്കരയിലെ മാവിൻ ചുവട്ടിലേക്ക് വാ…. നമുക്കവിടെയിരുന്ന് സംസാരിക്കാം…. പതിയേ അവളോടത് പറഞ്ഞ് കൊണ്ട് ഋഷി അവിടെ നിന്നും പോയി….

കുളക്കകടവിൽ അവളെത്തിയപ്പോൾ അവളെ കാത്തെന്ന വണ്ണം അവനിരിക്കുന്നുണ്ടായിരുന്നു…… അവന്റെ അരികത്തായി അവളുമിരുന്നു….. അവൻ പതിയേ അവളുടെ കൈകൾക്ക് മേൽ കൈകൾ വെച്ചു….. അവൾ മുഖമുയർത്തി അവനെ നോക്കി…. നിന്നെ കണ്ട അന്ന് മുതൽ ഇത് വരെ മാറ്റാരോടും തോന്നാത്തൊരിഷ്ടം തോന്നിയിരുന്നു….. ആ ഇഷ്ടം വളരും തോറും ഭയവും ഏറിയിരുന്നു…. ആ ഭയം നിന്നെ പ്രണയത്തിൽ നിന്ന് പിൻവലിക്കുമ്പോഴും എന്തും സഹിച്ചും നിന്നെ നേടണമെന്നൊരു തോന്നൽ എന്റെ മനസ്സിലുണ്ടായിരുന്നു….. അവന്റെ കണ്ണുകളിൽ പ്രതീക്ഷ കണ്ടു…. ഇന്ന് രാജേഷ്വരിയമ്മ എല്ലാം കണ്ട് പിടിച്ചത് ഒരു കണക്കിന് നന്നായി അല്ലെ സത്യാ….. സത്യ അപ്പോഴും മറ്റേതോ ലോകത്തേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു…. സത്യാ….. അവൻ വീണ്ടും വിളിച്ചു… നമ്മൾ തമ്മിൽ ഒത്തിരി അന്തരങ്ങളുണ്ട് ഋഷി…. അതെല്ലാം ഓർക്കുമ്പോൾ ഞാൻ കാരണം നിനക്ക് സംഭവിക്കുന്നതെല്ലാം നഷ്ടങ്ങളാകുമോയെന്ന് ഞാൻ ഭയക്കുന്നു…. അവളുടെ മുഖത്താകെ നിരാശ പടർന്നിരുന്നു….

നിന്നെ നഷ്ടപ്പെടുന്നതിനേക്കാൾ മറ്റെന്ത് നഷ്ടമാണുള്ളത്… ഇത് ആശങ്ക പെടാനുള്ള സമയമല്ല….. ഇനി വരാൻ പോകുന്നത് നമ്മുടെ ഒത്തു ചേരലിനുള്ള ദിവസങ്ങളാണ്…. എല്ലാവരുടെയും ആശീർവാദത്തോടെ…. എതിർത്തു നിന്നിരുന്ന രാജേഷ്വരിയമ്മയടക്കം എല്ലാവരുടെയും….. അവളുടെ മുഖം കയ്കുമ്പിളിലാക്കി അവനത് പറഞ്ഞ് നിർത്തുമ്പോൾ അവളുടെ കണ്ണുകൾ വിടർന്നു….. രാജേഷ്വരിയമ്മ സമ്മതിച്ചെന്നോ….. വാക്കുകളിൽ അത്ഭുതമായിരുന്നു…. അതേ സത്യാ….ഒരുപക്ഷെ എന്റെ സന്തോഷത്തിനു വേണ്ടിയാവാം…. അല്ലെങ്കിൽ എതിർത്താലൊരു പക്ഷെ ഞാൻ യാശോദാമ്മയിലേക്ക് ചെക്കേറുമോയെന്ന് ഭയന്നായിരിക്കും….. എന്തായാലും അവരുടെ സമ്മതത്തിൽ ഞാൻ വല്ലാതെ സന്തോഷിക്കുന്നുണ്ട് സത്യാ…… ആ വാക്കുകൾ കേട്ടതും അവളിലും വല്ലാത്തൊരു സന്തോഷം നുരഞ്ഞു പൊങ്ങി….. അവളിലെ ആശങ്കകൾ സമാധാനത്തിന് വഴി മാറുന്നത് അവനറിയുന്നുണ്ടായിരുന്നു…….

ഭക്ഷണം കഴിക്കാൻ എല്ലാവരും മേശ മേൽ നിരന്നിരുന്നു….. വർഷങ്ങൾക്ക് ശേഷം രാജേഷ്വരിയും യാശോധയും അവിടെ ഒരുമിച്ചിരിക്കുന്നത് എല്ലാവരുടെ കണ്ണുകൾക്കും അത്ഭുതമായിരുന്നു…… രണ്ട് പേരുടെയും വാശിക്ക് അലിഞ്ഞു പോവാൻ ഒറ്റ കാരണമേയുണ്ടായിരുന്നുള്ളു…… ഋഷി…. ഋഷി അകന്നു പോകുന്നതിനെ രണ്ട് പേരും അത്ര മേൽ ഭയക്കുന്നത് കൊണ്ട് തന്നെ അവിടമാകെ ഒരു സമാധാനത്തിന്റെ അന്തരീക്ഷം കൂട്ട് പിടിച്ചിരുന്നു….. ഋഷിക്ക് വല്ലാത്ത സന്തോഷം തോന്നി…. അവൻ വിശ്വനു നേരെ നോക്കി…. കണ്ട കാഴ്‌ചയിൽ അയാളും അമ്പരന്നിരിക്കുകയായിരുന്നു….. ഋഷി വിശ്വനു നേരെ കണ്ണിറുക്കി കാണിച്ചു…. വിശ്വൻ സന്തോഷത്തോടെ പുഞ്ചിരിച്ചു…… സത്യാ…. മോളേ നീ ഭക്ഷണം കഴിച്ചിരുന്നോ….. യാശോദ സത്യയെ വിളിച്ചത് ചോദിക്കുമ്പോൾ അവളില്ലെന്ന് തലയാട്ടി….. എങ്കിൽ വാ….. ഇവിടെയിരിക്കു….. ഇനി നീയും ഈ വീട്ടിലെ ഒരംഗമല്ലേ…. യാശോദ പുഞ്ചിരിച്ചു കൊണ്ടത് പറയുമ്പോൾ രാജേഷ്വരിക്ക് അതോട്ടും സഹിക്കുന്നുണ്ടായിരുന്നില്ല… അവരുടെ മുഖത്തെ പിരി മുറുക്കം സത്യക്ക് മനസ്സിലാവുന്നുണ്ടായിരുന്നു…….. വേണ്ട…. ഞാൻ…. ഞാൻ പിന്നേ കഴിച്ചോളാം…. സത്യ അത് പറഞ്ഞ് ഒഴിയാൻ നോക്കിയെങ്കിലും യാശോദ മനപ്പൂർവം പിടിച്ചിരുത്തുകയായിരുന്നു…..

ഋഷിക്കും അത് വല്ലാത്ത സന്തോഷം നൽകിയിരുന്നു…… വിശ്വന് ഭക്ഷണം തൊണ്ടക്കുഴിയിൽ നിന്നും ഇറങ്ങുന്നില്ലായിരുന്നു…. അമ്മയും മോളും ആദ്യമായി ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയാണ്…. അവർ പോലും അറിയാതെ…. അവളുടെ മകളാണെന്ന സത്യം അവളെയറിയിക്കാൻ മാത്രം ശക്തി തനിക്കിപ്പോഴില്ല….. അതിനു കാരണം മഹാദേവന്റെ മുഖമാണ്….. ചെയ്ത തെറ്റിന് പ്രായശ്ചിതമായി എന്റെ മകന്റെ താലി അവളുടെ മകളുടെ കഴുത്തിൽ വീഴാണമെന്ന് ഞാനാഗ്രഹിക്കുന്നുണ്ടെങ്കിലും നാളെയൊരു പക്ഷെ യാശോദ സത്യങ്ങളറിയുന്നതിനെ ഞാൻ ഭയപ്പെടുന്നു….. രാജേഷ്വരിയുടെ വലിഞ്ഞു മുറുകിയ മുഖം കണ്ട് സത്യക്ക് ഭക്ഷണം ഇറങ്ങുന്നില്ലായിരുന്നു….. കഴിച്ചെന്നു വരുത്തി ദേഷ്യത്തോടെ എഴുന്നേറ്റ് പോകുന്ന രാജേഷ്വരിയെ കാൻകെ അവൾക്കൊരു പ്രയാസം തോന്നി….. മോള് കഴിക്ക്….. തന്റെ മനസ്സ് മനസ്സിലാക്കിയെന്ന വണ്ണം സ്നേഹത്തോടെ യാശോദായത് പറയുമ്പോൾ സത്യക്കൊരാശ്വാസം തോന്നി….. അവൾ ഋഷിയിലേക്ക് നോക്കി….

അവനവളെ ആശ്വസിപ്പിക്കാനെന്ന വണ്ണം കണ്ണിറുക്കി കാണിച്ചു….. വിവാഹത്തിനുള്ള ഒരുക്കങ്ങളൊക്കെ എത്രയും പെട്ടെന്ന് തുടങ്ങണം…… മോൾടെ വീട്ടിൽ അറിയിക്കണ്ടേ…. യാശോദയത് ചോദിക്കുമ്പോൾ വിശ്വന്റെ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി…. സത്യക്കെന്ത് പറയണമെന്നറിയില്ലായിരുന്നു… അവളുടെ മുഖം വാടുന്നതെന്തിനാണെന്ന് യാശോധക്ക് മനസ്സിലായില്ല…. അവളോന്നും മിണ്ടാതെ കഴിച്ചെഴുന്നേറ്റു പോയി….. ഋഷി…. അവളുടെ ദുഖത്തിന് പിന്നിലെ കാരണമെന്തെന്ന് അന്നെഷിക്കേണ്ടത് നീയാണ്…… ഋഷിയുടെ കയ്യിൽ പിടിച് യാശോദയത് പറയുമ്പോൾ അവനും അത് ശെരി വെച്ചു……. 🔹🔹 അമ്പലത്തിൽ നിന്നിറങ്ങുമ്പോൾ തന്നെ കാത്തെന്ന പോൽ നിൽക്കുന്ന ഋഷിയെ കണ്ടവളുടെ കണ്ണുകൾ വിടർന്നു….. വീട്ടിൽ നിന്നുള്ള സംസാരം രാജേഷ്വരിയമ്മയുടെ നോട്ടത്തിന്റെ തീവ്രത കൂട്ടുമെന്നതിനാൽ പുറത്ത് നിന്ന് സംസാരിക്കാനാണ് ശ്രമിക്കാറുള്ളത്….. പട്ടു പാവാട ഉയർത്തി പിടിച് അവനരികിലായി അവൾ നിന്നു…..

കരിമഷിയെഴുതിയ കണ്തടങ്ങളിൽ അവനും നോക്കി നിന്നു….. കയ്യിൽ കരുതിയിരുന്ന മടക്കി പിടിച്ച വാഴയില അവൾക്ക് നെരെ നീട്ടി….. അവളെന്തെന്ന അർത്ഥത്തിൽ അവനെ നോക്കി….. അവനത് തുറന്നതും മുല്ലപ്പൂവിന്റെ വശ്യമായ സുഗന്ധം അവരെ തഴുകി… അല്ലെങ്കിലും മുല്ലപ്പൂ മണമെന്നത് തങ്ങളെ സംബന്ധിച്ചു ഞങ്ങളുടെ പ്രണയത്തിന്റെ മണമല്ലേ…. അവളുടെ ചൊടികൾ വിടർന്നു…. അവൾ കൈ അവന് നേരെ നീട്ടി…. അവന് നേരെ നീട്ടിയ കൈകളെ തട്ടി മാറ്റിയവനാ മാല യവളുടെ മുടിയിൽ കോർ ത്തതും പ്രതീക്ഷിക്കാത്ത പ്രവർത്തിയായത് കൊണ്ട് തന്നെ അവളൊന്നു ഞെട്ടി…. മുടിയിൽ കോരുത് കഴിഞ്ഞവനവളെ നോക്കിയതും ആ കവിളുകളിൽ നാണത്തിന്റെ ചുവപ്പ് പടർന്നതവനു കാണുന്നുണ്ടായിരുന്നു…. (തുടരും )