19/04/2026

സത്യഭാമ : ഭാഗം 32

രചന – അയിഷ അക്ബർ

തുറന്നിട്ട ജനലിലൂടെ പാളി നോക്കുന്ന ഋഷിയെ അവൾ കണ്ടത് കൊണ്ട് തന്നെ അവൾ വേഗത്തിൽ ജനൽ കൊട്ടിയടച്ചു…..

എന്തെന്ന് മനസ്സിലാവാതെ ഋഷിയും നിന്നു…..

അവളെ ഉമ്മറത്തു കണ്ടപ്പോഴാണ് വെള്ളം കുടവുമെടുത് ഋഷി ആ മുറ്റത്തേക്ക് വന്നത്….

അവനെ കണ്ട പാടേ മുഖം തിരിച്ചു കൊണ്ട് അവൾ അകത്തേക്ക് പോകുന്നത് എന്തിനെന്നറിയാതെ അവനൊരുനിമിഷം നിശ്ചലനായി….

തന്റെ നേർക്കുള്ള അവളുടെ ദേഷ്യം അവളുടെ കുഞ്ഞ് പരിഭവത്തിൽ നിന്നാണെന്ന് വിചാരിച്ച അവന് തെറ്റിയെന്ന് അവന് ബോധ്യപ്പെട്ടിരുന്നു….

അവൾ തന്നെ കാണാത്ത ഭാവത്തിൽ നടന്നകലുന്നത് അവനിൽ വല്ലാത്തൊരു നോവ് പടർത്തി..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഭാമേ…..
എന്താ നിന്റെ പ്രശ്നം….

ഇരുട്ട് പരന്നു തുടങ്ങിയ നേരം ജനലരികത്തു അവനെ കണ്ടതും അവളാകെ അമ്പരന്നിരുന്നു….

ആരെങ്കിലും കാണുമോയെന്ന ചിന്തയിൽ അവൾ നാലുപാടും നോക്കുന്നുണ്ടായിരുന്നു…

ഈ നേരത്തിങ്ങനെ വന്നതെന്തിനാ….
ആരെങ്കിലും കണ്ടാൽ….

അവൾ അല്പം ഭീതിയോടെ അത് പറയുമ്പോഴും അവന്റെ കണ്ണുകളിൽ നോക്കിയില്ല….

കണ്ടാലെന്താ…..
നാളെ നമ്മൾ ആരെയും കാത്തു നിൽക്കാതെ ഇവിടം വിടും…. അത് പറയാൻ കൂടിയാണ് ഞാൻ വന്നത്…..

അവൻ അവളുടെ കണ്ണുകൾ നോക്കിയത് പറയുമ്പോൾ അവൾ ഞെട്ടി അവനെ നോക്കി….

അവനത് പറയുമ്പോൾ വാക്കുകൾ പ്രണയർദ്രമായിരുന്നില്ല….
മറിച്….. അവളുടെ മനസ്സിലുള്ളതെന്തെന്ന് അറിയാൻ കൂടി വേണ്ടിയാണെന്ന് അവൾക്ക് തോന്നി….

എന്താ സത്യാ… എന്താ നിനക്ക് പറ്റിയത്…..
ഇന്നലെ വരെയുള്ള എന്റെ സത്യയല്ല നീയിന്ന്…. എന്റെ കാണുമ്പോൾ നിന്റെ മിഴികളിൽ കാണാറുള്ള തിളക്കം ഇന്നില്ല…..

നിസ്സഹായതയോടെ അവനെ നോക്കി നിൽക്കുന്നവളുടെ കൈകൾക്ക് മേൽ അവൻ കൈ വെച്ചു….

അവന്റെ കൈകളുടെ ചൂട് അവൾക്ക് മേൽ പടർന്നതും അവൾ വേഗത്തിൽ കൈ വലിച്ചു….

അവൻ അവളുടെ പ്രവർത്തിയിൽ അമ്പരന്ന് നിൽക്കുകയായിരുന്നു….

അവന്റെ നോട്ടവും ചിരിയും സ്പർശനവും എല്ലാം തനിക്കു മേൽ പകരുന്നത് പ്രണയമാണെന്ന് അറിയുന്നത് കൊണ്ട് തന്നെ അവൾ വേഗം പിറകിലേക്ക് തിരിഞ്ഞു നിന്നു…..

പറ സത്യാ…. എന്താ നിന്റെ മനസ്സിൽ…. നിന്റെ കണ്ണുകൾ നിറയുന്നതെന്തിനെന്ന് എനിക്കറിയണം…..

തിരിഞ്ഞു നിൽക്കുന്ന തന്റെ കണ്ണുനീർ കാണാതെ തന്നെ അവൻ മനസ്സറിഞ്ഞാണ് അത് പറയുന്നതെന്ന് അവൾക്ക് മനസ്സിലായി….

അവൾ വേഗം കണ്ണുകൾ തുടച് അവന് നേരെ തിരിഞ്ഞു….

ഇപ്പൊ പൊയ്ക്കോളൂ…
ആരെങ്കിലും കണ്ടാൽ പ്രശ്നമാകും ….. നാളെ കുളപ്പടവിൽ വെച്ച് നമുക്ക് സംസാരിക്കാം….

അതും പറഞ്ഞ് കൊണ്ടവൾ അവനെ പറഞ്ഞ് വിടാൻ ശ്രമിക്കുമ്പോൾ ആരെങ്കിലും കാണുമോയെന്ന ഭയം മാത്രമായിരുന്നില്ല….

തന്റെ സഹോദരന് മേൽ ചൊറിയുന്ന പ്രണയം അത്ര മേൽ തെറ്റാണെന്ന് മനസ്സിലാക്കി തന്നെയായിരുന്നു….

അവനെ കാണും തോറും അവൻ തന്റെ ചോരയാണെന്ന് ഹൃദയത്തിനൊരിക്കലും ഓർക്കാൻ കഴിയാത്തത് എന്തെന്ന് അവൾ ചിന്തിച്ചു….

മുത്തശ്ശിയുടെ വാക്കുകൾ ഓർക്കും തോറും ഓരോ നിമിഷവും അവളിൽ മുറിപ്പെട്ടു കൊണ്ടിരുന്നു….

അവളുടെ വാക്കുകളിൽ വിശ്വസിച്ചു കൊണ്ട് അവൻ അവിടെ നിന്നു തിരിഞ്ഞു നടന്നു….

ഹൃദയം കീറി മുറിക്കുന്നൊരു തരം വേദന അവനറിയുന്നുണ്ടായിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കുളപ്പടവിൽ ഭാമയെത്തുമ്പോൾ നേരത്തെ തന്നെ എത്തിയ ഋഷി അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു….

അവൾ അവനിൽ നിന്ന് കുറച്ചു മാറിയിരുന്നു….
തന്നെ കാണാൻ വരുമ്പോൾ വിടർത്തിയിട്ട മുടിയിൽ മുല്ലപ്പൂ ചൂടി വരുന്നവൾ മുടി ഒന്നാകെ പിന്നിയിട്ട് വന്നത് അവൻ ശ്രദ്ധിച്ചിരുന്നു…..

അവൻ ദൂരേക് നോക്കിയൊന്നു പുഞ്ചിരിച്ചു….

വേദന കലർന്ന അവന്റെയാ പുഞ്ചിരി ഭാമയെ വേദനിപ്പിക്കുന്നുണ്ടായിരുന്നു…..

ഒറ്റ ദിവസം കൊണ്ട് അവളിൽ വന്ന മാറ്റം അവനറിഞ്ഞു തുടങ്ങിയത് കൊണ്ട് തന്നെ അവളെന്താവും പറയുന്നതെന്ന് കേൾക്കാൻ മിടിക്കുന്ന ഹൃദയത്തോടെ അവൻ കാതോർതിരുന്നു….

ഞാൻ…. ഞാനൊരു കാര്യം പറഞ്ഞാൽ അനുസരിക്കുമോ….

അവൾ അവനെ നോക്കിയത് ചോദിക്കുമ്പോൾ അവൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല…..

നീ… നീ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് തിരിച്ചു പോകണം…..

അവൻ നിശബ്ദനായിരിക്കുന്നത് കൊണ്ട് തന്നെ വാക്കുകൾക്ക് കാത്തു നിൽക്കുന്നത് കാര്യമില്ലെന്ന് തോന്നിയാണ് അവളത് പറഞ്ഞത്…..

അവൻ ഞെട്ടി തിരിഞ്ഞവളിലേക്ക് നോക്കി….

തനിക്ക് താല്പര്യമില്ലാത്ത കാര്യമാണ് അവൾ ആവശ്യപ്പെടുക എന്ന് അവളുടെ മുഖവുരയിൽ നിന്നും മനസ്സിലായെങ്കിലും ഇങ്ങനൊരു ചോദ്യം താൻ പ്രതീക്ഷിച്ചിരുന്നില്ല…..

എന്തിന്…..

അവൻ അല്പം ഗൗരവത്തോടെയത് ചോദിക്കുമ്പോൾ അവളൊന്നും മിണ്ടിയില്ല….

ഞാൻ പോകുകയാണെങ്കിൽ കൂടെ നീയുമുണ്ടാകണം….

അവൻ അവളെ നോക്കിയത് പറയുമ്പോൾ അവൾ നിസ്സഹായയായി അവനെ നോക്കി….

എന്തിന്…..

മുഖത്തെ ദയനീയ ഭാവം സ്വയം ഒളിപ്പിച്ചു കൊണ്ട് അവൾ ഗൗരവത്തിന്റെ മൂടുപടം ചൂടി…..

ഒരു താലി ചരട് കഴുത്തിലണിഞ്ഞു നിന്നെയെന്റെ ഭാര്യയാക്കാൻ…..

അവന്റെ ശബ്ദത്തിനോട്ടും മയമുണ്ടായിരുന്നില്ല…..

എന്റെ വിവാഹം ഉറപ്പിച്ചതാണ്… എന്റെ മുറച്ചെറുക്കനുമായി….
വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ച ആ ബന്ധമാണ് ചേരേണ്ടത്….
അതേ ചേരു….

ഗൗരവത്തോടെ അത്രയും പറഞ്ഞ് നിർത്തുമ്പോൾ നിറഞ്ഞ കണ്ണുകൾ അവൻ കാണാതിരിക്കാൻ അവൾ മുഖം തിരിച്ചു…..

നിനക്കെന്താ ഭ്രാന്താണോ സത്യാ….. മഹേഷിനെ നീയേത്രത്തോളം വെറുക്കുന്നുണ്ടെന്ന് എനിക്കറിയാം….അവനെ പോലൊരു തല്ലു കൊള്ളിയെ…..

അവൻ പറഞ്ഞ് മുഴുവനാക്കും മുന്പേ സത്യ അവന് നേരെ കയ്യുയർത്തി….

മതി….. മാധവാന്റെ മോൾക്ക് അത്രയും മോഹങ്ങളൊക്കെ തന്നെയേ ഉള്ളൂ….
കൂടുതൽ ആഗ്രഹിച്ചതിനുള്ള ശിക്ഷ എനിക്ക് കിട്ടി…..
ഇനി നമ്മൾ തമ്മിലുള്ള ബന്ധം പറഞ്ഞിവിടെ തുടരണമെന്നില്ല…. എത്രയും പെട്ടെന്ന് ഇവിടെ നിന്നു പോകണം….

അത്രയും പറഞ്ഞ് നിർത്തുന്നവളെ ഋഷി അമ്പരപ്പോടെ നോക്കി നിന്നു……

അവൾ പറയുന്നത് അവന് വ്യക്തമായില്ലെങ്കിലും അവളുടെ മാറ്റത്തിന്റെ കാരണമെന്തായിരിക്കുമെന്ന് അവനാലോചിച്ചു….

പോകാനെനിക്ക് സൗകര്യമില്ലെങ്കിലോ….

അവൻ അവളെ നോക്കി ദേഷ്യത്തോടെയത് ചോദിക്കുമ്പോൾ അവളുടെ നീളൻ കണ്ണുകൾ വിടർന്നിരുന്നു….

പറ സത്യാ…. എന്താ നിന്റെ പ്രശ്നം….
അവൻ അവളുടെ കയ്യിൽ പിടിച്ചത് ചോദിച്ചപ്പോഴേക്കും അവൾ അവനിൽ നിന്ന് പെട്ടെന്ന് കൈ വലിച്ചു…..

ഞാൻ പറഞ്ഞതിൽ കൂടുതലെനിക്കൊന്നും പറയാനില്ല….

ഗൗരവത്തോടെ അതും പറഞ്ഞവളവിടെ നിന്ന് നടന്നകലുമ്പോൾ മിഴി നീർ അവളുടെ കാഴ്ചയെ മറച്ചിരുന്നു….

ഇനിയും സംസാരിച്ചാൽ അവനിലേക്ക് താൻ ആഴ്ന്നിറങ്ങുമോയെന്ന ഭയം കൊണ്ട് തന്നെയാണ് പിന്നീടൊരു സംസാരത്തിനിടം കൊടുക്കാതെ നടന്നകന്നതും….

ഋഷിക്ക് എന്താണെന്നോ ഏതാണെന്നോ വ്യക്തത ഉണ്ടായിരുന്നില്ല…..എങ്കിലും അത്രയേറെ വലിയതെന്തോ ഒന്ന് മനസ്സിൽ വെച്ചാനവൾ പറയുന്നതെന്ന് മാത്രം അവനൂഹിച്ചെടുത്തു….

മിഴികളിൽ നിന്നും അടർന്നു വീണ കണ്ണുനീർ കുളത്തിലെ വെള്ളത്തിനോട് ചേർന്ന് നിന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മോളേ ഭാമേ…. ഇനിയെന്ത് ചെയ്യാനാ നിന്റെ തീരുമാനം….

മുത്തശ്ശിയത് ചോദിക്കുമ്പോൾ ഭാമ നിർവികാരയായിരുന്നു….

ഋഷിയോട് ഞാൻ വരില്ലെന്ന് പറഞ്ഞിട്ടുണ്ട്….
അവന്റെ മുഖത്ത് നോക്കി കാരണമെന്തെന്ന് പറയാനുള്ള ധൈര്യം എനിക്കില്ല മുത്തശ്ശി…..

അവൾ മുത്തശ്ശിയോട് ചേർന്ന് വിങ്ങി പൊട്ടി….

മുത്തശ്ശിയവളെ ചേർത് പിടിച്ചു…..

ഞാനും മഹേഷേട്ടനുമായുള്ള വിവാഹം നടക്കട്ടെ….

ഞാൻ മറ്റൊരാൾക്ക് സ്വന്തമായാൽ അവൻ തന്നെ മറന്നു തുടങ്ങും….

വിവാഹം കഴിഞ്ഞു മഹേഷേട്ടന്റെ കൂടെ പോകുന്നതിനു മുന്പേ അവനെ ഒന്ന് കൂടി കാണുകയാണെങ്കിൽ എനിക്കത് തുറന്ന് പറയണം….

ഞാൻ…. ഞാൻ നിന്റെ സഹോദരിയാണെന്ന്….
അതും പറഞ്ഞ് ആ കണ്ണുകളിലേക്ക് തിരിഞ്ഞു നോക്കാതെ എനിക്ക് പോകണം…..
അത് വരെ അവനറിയേണ്ട….

അവനറിഞ്ഞതിനു ശേഷം അവനെ നേരിടാനുള്ള ശക്തി എനിക്കില്ല മുത്തശ്ശി….

പ്രണയം നിറഞ്ഞ ആ കണ്ണുകളിൽ ഒരു സഹോദര സ്നേഹം എനിക്കൂഹിക്കാൻ കഴിയാത്തത് കൊണ്ടാണ്….

മുഖം പൊത്തി കരയുന്നവളെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അവർക്കറിയില്ലായിരുന്നു…

എങ്കിലും മഹേഷിനെ വേണോ…..

മഹേഷിന്റെ ഭാര്യാകുന്നത് തനിക്കെത്ര മേൽ വെറുപ്പുള്ളതാണെന്ന് അറിയുന്നത് കൊണ്ടായിരിക്കും മുത്തശ്ശിയുടെ നെഞ്ചിലെ നീറ്റൽ ബാക്കിയായത്….

ഭാമ പതിയേ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു….

ഋഷി അല്ലാതെ ആരായാലും എനിക്കൊരു പോലെയാണ് മുത്തശ്ശി….
മനസ്സ് പ്രത്യേക സ്ഥാനം നൽകിയത് അവനായിരുന്നു….

അവനില്ലാത്ത ജീവിതത്തിൽ മറ്റാര് പങ്കാളിയായാലും അതിനർത്ഥമുണ്ടാവില്ല…

പിന്നേ മഹേഷേയാലെന്താ…

അത്രയും പറഞ്ഞ് ഒരു ചെറു ചിരിയോടെ അവൾ അവിടെ നിന്ന് നടന്നകലുമ്പോൾ അവളുടെ ഹൃദയത്തിലേ നോവിന്റെ ഭാരം അറിഞ്ഞത് കൊണ്ട് തന്നെയാണ് മുത്തശ്ശി വിങ്ങി പൊട്ടിയത്…..

(തുടരും )