The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – അയിഷ അക്ബർ
അവരുടെ പ്രണയം അവരിൽ മാത്രമായോതുങ്ങുമ്പോഴും അത് മറ്റാരും അറിയാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു….
എന്നാൽ എന്റെ കണ്ണുകൾ അവർ പോലുമറിയാതെ അതിനെ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു…..
മഹാ ദേവനും താനും തമ്മിൽ അത്രമേൽ ബന്ധമുണ്ടായിട്ടും അവരുടെ പ്രണയം എന്നോട് പറയാതിരുന്നത് അച്ഛനെ ഭയന്ന് കൊണ്ട് തന്നെയായിരിക്കും…..
ഒരു സാധാരണ പ്രേമ ബന്ധത്തിലൊതുങ്ങുമെന്നും അവളുടെ വിവാഹത്തോടെ അത് അകന്നു പോകുമെന്നും കണക്ക് കൂട്ടിയ എന്നെ പോലും അമ്പരപ്പെടുത്തി രാജി ഗർഭിണിയായി…..
അച്ഛന്റെ അഭിമാനത്തിനും ആഭിജാത്യത്തിനും സംഭവിച്ച ക്ഷതം അച്ഛനെ ഒരു സത്വമാക്കി മാറ്റിയിരുന്നു…..
എങ്ങനെ സംഭവിച്ചെന്നോ ആരാണുത്തരവാദിയെന്നോ പറയാതെ അച്ഛന്റെ എല്ലാ പീഡനങ്ങളും സഹിക്കുന്ന അവളെ ഞാൻ അത്ഭുതത്തോടെ നോക്കി കണ്ടു…..
മഠത്തിൽ തടവാട്ടിലെ ആ രഹസ്യം തറവാട്ടിനുള്ളിൽ മാത്രമായൊതുക്കാൻ അച്ഛൻ പ്രത്യേകം ശ്രദ്ധിച്ചു….
മുകളിലെ ഇരുട്ട് മുറിയിലേക്ക് അവളുടെ സ്ഥാനം നീങ്ങി പോകുമ്പോഴും മഹാദേവനെ കുറിച്ചൊരു വാക്ക് പോലും ആ വായിൽ നിന്നടർന്നു വീണില്ല……
ആർക്കുമറിയില്ലെന്ന് അവൾ വിശ്വസിക്കുമ്പോഴും അവളുടെ ചുറ്റുമുള്ളവരിലൂടെ അച്ഛൻ ആ ആൾക്ക് വേണ്ടി പരതുമ്പോഴും എന്റെ മനസ്സിലാ രഹസ്യം കിടന്ന് പുകഞ്ഞു കൊണ്ടിരുന്നു…..
മഹാദേവനോ അവളുടെ വയറ്റിൽ വളരുന്ന അവളുടെ കുഞ്ഞിനെയോ ആർക്ക് വേണ്ടിയും നഷ്ടപ്പെടുത്താൻ അവൾ തയ്യാറായിരുന്നില്ല……
രാജി പുറത്തെവിടെയോ പഠിക്കാൻ പോയിരിക്കുന്നെന്ന് പറഞ്ഞച്ഛൻ എല്ലാവരെയും വിശ്വസിപ്പിക്കുമ്പോഴും തറവാട്ടിനുള്ളിലെ ആ മുറിയിൽ അവൾ കഴിച്ചു കൂട്ടുന്നുണ്ടായിരുന്നു…..
രാജിയെ കുറിച് മഹാദേവൻ തന്നോട് ചോദിച്ചെങ്കിലും ആ ഉത്തരം അവന് ദഹിച്ചിരുന്നില്ലെന്ന് അവന്റെ മുഖത്ത് നിന്ന് താനൂഹിച്ചെടുത്തിരുന്നു…
മാസങ്ങൾ നീങ്ങുന്നതോടൊപ്പം അവളുടെ വയറ്റിലെ കുഞ്ഞും വളർന്നു……
അകത്തളങ്ങളിൽ അവളുടെ കരച്ചിലുയർന്നു കേൾക്കുന്നതോടൊപ്പം ഒരു കുഞ്ഞു ശബ്ദം കൂടിയുയർന്നു…..
ഏട്ടത്തീ….. എന്റെ മോളേ അവളുടെ അച്ഛന്റെ കയ്യിലേൽപ്പിക്കണം…. ഇവളെയും കൂട്ടി എങ്ങോട്ടെങ്കിലും ഈ നാട്ടിൽ നിന്നു പോവാൻ മഹിയോട് ഏട്ടത്തി പറയണം…..
എനിക്ക് വിശ്വസിക്കാൻ ഏട്ടത്തി മാത്രമേയുള്ളു….
അല്ലെങ്കി എന്റെ കുഞ്ഞിനെ ഇവർ…..
അവർക്ക് വേണ്ടി ഈ ഞാൻ കാത്തിരിപ്പാണെന്ന് പറയണം…..
പറഞ്ഞ് മുഴുവനാക്കാതെ രാജി യാശോധയുടെ കൈകളിൽ പിടിച്ചു തേങ്ങി…..
അവർക്കിടയിൽ വല്ലാത്തൊരു സ്നേഹ ബന്ധം കൂട്ടുണ്ടായിരുന്നത് കൊണ്ടാവാം അവളത്ര മേൽ വിശ്വാസത്തോടെ യാശോധയോടാ സത്യം പറഞ്ഞത്….
വിറക്കുന്ന കൈകളോടെ രാജി കുഞ്ഞിനെ യാശോധയുടെ കൈകളിൽ വെച്ചു കൊടുക്കുമ്പോൾ കണ്ണുനീരുപ്പിനാലാ കുഞ്ഞിനെ ചുംബിക്കുന്നുണ്ടായിരുന്നു….
ഇരുട്ട് പരന്നു തുടങ്ങിയ ആ സമയം കുഞ്ഞിനെയെടുത് യാശോദ പുറത്തേക്കിറങ്ങി…..
യശോധയുടെ കൈകളിൽ നിന്നും കുഞ്ഞിനെ അച്ഛൻ പിടിച്ചു വാങ്ങുമ്പോൾ ആ മുഖത്തൊരു നിർവൃതി താനും കണ്ടിരുന്നു…..
എന്തിനാ ഇനിയും അവളെ വേദനിപ്പിക്കുന്നത്….. നിങ്ങൾക്ക് അവളെയോർത് ദുഖമില്ലായിരിക്കാം…. എന്നാൽ അവളീ കുഞ്ഞിനെയൊർത് അത്രയേറെ ദുഖിക്കുന്നുണ്ട്…..
അവളെ കൊണ്ട് പോവാൻ ഞാൻ സമ്മതിക്കില്ല….
പ്രതികരിക്കാൻ പോലുമാവാതെ ആ രംഗം താൻ കണ്ട് തീർക്കുമ്പോഴാണ് യാശോദ അച്ഛന് നേരെ ശബ്ദമുയർതിയതും അവർക്ക് മുമ്പിൽ കയറി നിന്നതും……
ബലമുള്ള കയ്യാലേ അച്ഛൻ അവളെ തട്ടിയെറിഞ്ഞു….
വിശ്വാ….. വണ്ടിയെടുക്ക്…
പറഞ്ഞ് കൊണ്ട് പുറത്തേക്കിറങ്ങുമ്പോൾ നെറ്റി പൊട്ടി രക്‌തമോഴുകുന്നവളെ കണ്ടില്ലെന്ന് നടിച്ചു താൻ അച്ഛനെ പിന്തുടർന്നിരുന്നു….
അച്ഛനാ കുഞ്ഞിനെ എന്തെങ്കിലും ചെയ്ത് കളയുമോയെന്ന ഭയത്തിലാണ് ഞാനാ കുഞ്ഞിനെ വാങ്ങിയതും എന്റെ സുഹൃത്തായ മാധവന് കയ്മാറിയതും…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പിറ്റേ ദിവസം പുലരുമ്പോൾ ആ നാടുണർന്നത് ആശുപത്രിയിലെ ഡോക്ടറായിരുന്ന മഹാദേവന്റെ മരണ വാർത്തയുമായായിരുന്നു…
അത് തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരുന്നു…..
തെറ്റ് ചെയ്ത താൻ ആ സമയത്തെ കുറിച്ചോർത്തു വിതുമ്പി…..
രാജിയുടെ പ്രസവത്തിനു മുൻപ് തന്നെ താൻ മഹാദേവനെ കണ്ടിരുന്നു….
രാജി പഠിത്തം കഴിഞ്ഞു വന്നാലുടനെ അവളുടെ കല്യാണമാണെന്നും നിങ്ങൾ തമ്മിലുള്ള ബന്ധം അവളെന്നോട് പറഞ്ഞെന്നും അവൾക്കാ ബന്ധമിനി തുടരാൻ കഴിയില്ലെന്നും പറഞ്ഞപ്പോൾ അയാളോരിക്കലും അത് വിശ്വസിച്ചിരുന്നില്ല…..
രാജി പറയാതെ താനതെങ്ങനെ അറിഞ്ഞുവെന്നത് അയാളെ വീണ്ടും സംശയത്തിലാക്കിയിരുന്നു…..
പറഞ്ഞത് നീയായത് കൊണ്ട് മാത്രം അത് വിശ്വസിക്കേണ്ടി വരുമല്ലോയെന്ന് ഞാൻ ഭയക്കുന്നു വിശ്വാ…. എന്ന് പറഞ്ഞ് കണ്ണു തുടക്കുമ്പോൾ അതിൽ തന്നോടുള്ള വിശ്വാസവും അവളോടുള്ള പ്രണയവും വ്യക്തമായിരുന്നു……
അച്ഛനറിയുന്നതിനു മുൻപ് താനീ നാട് വിടണമെന്ന് പറഞ്ഞു മടങ്ങുമ്പോൾ അവൾ കുഞ്ഞിനേയും കൊണ്ടവന്റെ കൂടെയിറങ്ങി പോകുമോയെന്ന് താൻ അങ്ങേയറ്റം ഭയന്നിരുന്നു…..
മഠത്തിൽ തറവാട്ടിനേൽക്കുന്ന അഭിമാന ക്ഷതം അച്ഛനെ പോലെ തന്നെയും വരിഞ്ഞു മുറുക്കാൻ തുടങ്ങിയിരുന്നു…..
ആ സമയം സൗഹൃദത്തിന്റെ ആഴമോ രക്ത ബന്ധത്തോടുള്ള സ്നേഹമോ മനസ്സിലേക്ക് വന്നിരുന്നില്ല എന്നതാണ് സത്യം…..
മഹാ ദേവൻ ആ നാട്ടിൽ നിന്നു പോവുകയും കുഞ്ഞു അച്ഛന്റെ കയ്യിലെത്തുകയും ചെയ്തപ്പോഴാണ് പ്രശ്നങ്ങളെല്ലാം തീർന്നല്ലോ എന്ന് കരുതി മഹാദേവന്റെ പേര് അച്ഛനോട് ഞാൻ വെളിപ്പെടുത്തിയത്…..
എന്നാൽ അച്ഛൻ അയാളുടെ പിറകെ പോകുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ല…..
ഈ വാർത്ത രാജിയിലേക്കെത്താൻ അധിക സമയം വേണ്ടി വന്നിരുന്നില്ല…..
എന്റെ കുഞ്ഞേവിടെ…..
യാശോധയോടായി അവളലറി…..
എന്ത് പറയണമെന്നറിയാതെ യാശോധയും അവൾക്ക് മുമ്പിൽ നിന്നു മിഴികലോപ്പി….
അത്രയേറെ വിശ്വസിച്ചല്ലേ നിങ്ങളോട് ഞാനത് പറഞ്ഞത്….
എന്തിനായിരുന്നു എന്നോടീ ചതി ചെയ്തത്…. അവരെവിടെയെങ്കിലും പോയി ജീവിക്കുമായിരുന്നില്ലെ…..
പറയുന്നതോടൊപ്പം രാജി അലറി കരഞ്ഞു….
ഞാനൊന്നും ചെയ്തില്ല രാജീയെന്നു പറഞ്ഞ് യാശോദ വിതുമ്പുന്നത് വിശ്വസിക്കാൻ അവൾക്ക് കഴിയുമായിരുന്നില്ല…..
എന്തെന്നാൽ അവൾകോഴികെ ആ സത്യം അറിയാവുന്നത് യാശോധക്ക് മാത്രമാണെന്ന് രാജി വിശ്വസിച്ചു…..
രാജിയുടെ കണ്ണുകളിൽ യാശോധയോടുള്ള കനലെരിഞ്ഞു തുടങ്ങി….
മുകളിലെ പടികളിൽ നിന്നും രാജി തള്ളിയ ശക്തിയിൽ യാശോദ പിറകിലേക്ക് തെറിച്ചു വീണു…..
ചോരയിൽ കുളിച്ചു കിടക്കുന്ന അവളെ കാൻകെ രാജിക്കോട്ടും ദയ തോന്നിയിരുന്നില്ല….. കാരണം അവളിൽ നിന്നും സ്വബോധം നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു…….
ആ വീഴ്ചയിൽ യാശോധയുടെ തലക്ക് സാരമായ മുറിവ് പറ്റിയിരുന്നു….
കോമയിൽ കിടക്കുന്ന അവളെ നോക്കി കുഞ്ഞായിരുന്ന ഋഷി കരഞ്ഞു കൊണ്ടിരുന്നു…..
കരുണ വറ്റിയ രാജിയുടെ മനസ്സിനെ അലിയിക്കാൻ ആ കരച്ചിലിന് മാത്രമേ കഴിയുമായിരുന്നുള്ളു…..
അവളവനെ ചേർത്ത് പിടിച്ചു….
മുറിഞ്ഞു പോയ അമ്മ മനസ്സിലേക്ക് അവനെയവൾ കൂട്ടിച്ചേർത്തു….
ചുരത്തി തുടങ്ങിയ അവളുടെ മാറിടങ്ങൾ അവന് വേണ്ടി പാല് നുകർന്നു…..
അവളുടെ ലോകം അവനിലേക്ക് ചുരുങ്ങുന്നത് നോക്കി നിൽക്കാനെ തനിക്ക് കഴിയുമായിരുന്നുള്ളു…..
അവളോട് ചെയ്ത തെറ്റിന് തനിക്ക് നഷ്ടമായത് തന്റെ കുടുംബം കൂടിയായിരുന്നു…..
ഒരു തെറ്റും ചെയ്യാത്ത യശോദ മനസ്സിലെ മുറിവായി ബാക്കി നിന്നു…..
അഭിമാനം സംരക്ഷിക്കാൻ താൻ ചെയ്ത ശെരി ജീവിതത്തിലെ ഏറ്റവും വലിയ തെറ്റായി മാറി….
അല്ലെങ്കിലും സ്വസ്ഥതക്കും സമാധാനത്തിനും അപ്പുറമായി എന്ത് അന്തസ്സാണുള്ളത്…..
അന്നത് മനസ്സിലാക്കാനുള്ള ബുദ്ധിയുണ്ടായിരുന്നെങ്കിൽ തന്റെ ജീവിതത്തിലെ നഷ്ടങ്ങളുടെ എണ്ണം കുറക്കാമായിരുന്നു……
അയാളോന്നു നെടുവീർപ്പിട്ടു….. കണ്ണുകളിൽ ചെറിയൊരു നീർതുള്ളി താഴെക്കുതിർന്നു വീണു……
താനൊരു കുഞ്ഞിന് ജന്മം നൽകിയെന്നു പോലുമറിയാതെ പോയ മഹാദേവന്റെ മുഖം അയാളുടെ മനസ്സിനെ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു……
(തുടരും )