18/04/2026

സത്യഭാമ : ഭാഗം 31

രചന – അയിഷ അക്ബർ

പെട്ടെന്നുള്ള ശാരതാമ്മയുടെ വാക്കുകൾ ഭാമയിൽ ഞെട്ടലുണർത്തി….

എന്താ മുത്തശ്ശി…..

അവൾ അവരുടെ വാക്കുകൾക്കായി കാതോർത്തു….

അപ്പോഴും മുത്തശ്ശിയുടെ മുഖത്ത് പരന്ന വെപ്രാളം അവളിൽ ഭയം നിറച്ചു കൊണ്ടിരുന്നു……

അത് നടക്കില്ല അത്ര തന്നെ…..
അതിലും ബേധം നീയും മഹേഷുമായുള്ള വിവാഹം നടക്കുന്നതാണ്….
അല്ലെങ്കിലും അവനെന്ത്‌ കുറവാനുള്ളത്…..

ശാരതാമ്മ ദേഷ്യത്തോടെ അവളോടത് ചോദിക്കുമ്പോൾ ഭാമ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരുന്നു….

അവളുടെ കണ്ണുകളിൽ അത്ഭുതം നിറഞ്ഞു കണ്ടു…

മുത്തശ്ശിയിൽ നിന്നും ഇങ്ങനൊരു വാക്ക് അവൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല….

മഹേഷുമായുള്ള വിവാഹം നടക്കാതിരിക്കാൻ അത്രയേറെ പരിശ്രമിച്ചത് മുത്തശ്ശിയായിരുന്നില്ലേ….
പിന്നെന്താ ഇപ്പൊ ഇങ്ങനൊക്കെ……

പറഞ്ഞപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…. ചുണ്ടുകൾ വിറച്ചു തുടങ്ങിയിരുന്നു….

ഇനിയൊരു ചോദ്യം വേണ്ട ഭാമേ….. ഈ വിവാഹം ഞാൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ നടക്കില്ല…. ഇനി ഞാനറിയാതെ അങ്ങനൊന്നു നടന്നാൽ അത് നിനക്ക് തീരാ ദുഃഖം മാത്രമേ നൽകു…..

അതും പറഞ്ഞ് കൊണ്ട് അവരവിടെ നിന്ന് പോകുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ശില കണക്കെ ഭാമ നിന്നു…

അവനെ കൂടാതൊരു ജീവിതം തനിക്ക് സങ്കൽപ്പിക്കാൻ പോലുമാവില്ല…..
എന്നാൽ ഇത്രയും ശാപ വാക്കുകൾ ചൊരിഞ്ഞു മുത്തശ്ശി പോകുമ്പോൾ അതിനെ അനുസരിക്കാതിരിക്കുന്നതെങ്ങനെ…..

സന്തോഷത്തിലേക്കടുതെന്ന് തോന്നിയതെല്ലാം തട്ടി തെറിച്ചിരിക്കുന്നു…

അല്ലെങ്കിലും തന്നിൽ നിന്ന് സന്തോഷത്തെ തട്ടിയെടുക്കാൻ ദൈവത്തിനു വല്ലാത്ത ഇഷ്ടമാണ്….

അവൾ കട്ടിലിലേക്കിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഭാമയുടെ മുറിയിൽ നിന്നിറങ്ങിയതും ശാരതാമ്മക്ക് ശ്വാസം വിലങ്ങുന്നത് പോലെയായിരുന്നു…..

നല്ലതിനെന്ന് കരുതി താൻ ചെയ്തൊരു കാര്യം ഏറ്റവും വലിയ തെറ്റിലാണെത്തി നിൽക്കുന്നത്…..

അവളുടെ മനസ്സിലെ തീരാ നോവിന്റെ കാരണം അവരാണെന്ന് ഓർക്കും തോറും ഹൃദയത്തിലേ ഭാരം അവരെ തളർത്തി കൊണ്ടിരുന്നു…..

ചൂടുള്ള കണ്ണു നീർ അവരുടെ ചുളിഞ്ഞ കവിളിലൂടെ ഒലിച്ചിറങ്ങി….

അവളങ്ങോട്ട് പോകുന്നതിനു മുന്പേ അവളാരാണെന്നുള്ള സത്യം താൻ പറയേണ്ടതായിരുന്നു…..

ചെയ്ത് പോയ തെറ്റിനെ ക്കുറിചോർത്ത് അവരുടെ ഹൃദയം നീറി പുകഞ്ഞു….

മുറിയിലേക്ക് ആരോ കയറി വരുന്നത് പോലെ തോന്നിയപ്പോൾ അവർ പെട്ടെന്ന് കണ്ണുകൾ തുടച്ചു….

കരഞ്ഞു വീർത്ത കണ്ണുകളുമായി മുന്നിൽ നിൽക്കുന്ന ഭാമയെ കണ്ടതും അവർ മുഖത്ത് ദേഷ്യം വരുത്തി തീർക്കാൻ ശ്രമിച്ചു…..

മുത്തശ്ശി….. വിറയാർന്ന സ്വരത്തിൽ അവൾ വിളിക്കുമ്പോൾ അവരുടെ ഹൃദയം നോവുന്നുണ്ടെങ്കിലും മുഖത്തെ ഗൗരവം കൈ വിടാതിരിക്കാൻ അവർ പ്രത്യേകം ശ്രദ്ധിച്ചു……

ഞാൻ പറഞ്ഞതിൽ യാതൊരു മാറ്റവുമില്ല….
നിന്റെ കഴുത്തിൽ താലി കെട്ടുന്നത് മഹേഷായിരിക്കണം….
അതാണെന്റെ ആഗ്രഹം…. ഇനി നിനക്ക് നിന്റെ ഇഷ്ടം പോലെ ചെയ്യാം…..

അവരത്രയും പറഞ്ഞ് അവളിൽ നിന്നു മുഖം തിരിക്കുമ്പോൾ കട്ടിലിൽ ചാരിയിരിക്കുന്ന അവർക്കരികിലായി അവലിരുന്നു….

കണ്ണുനീരിനിടയിലും അവളൊന്ന് പുഞ്ചിരിച്ചു…

മുത്തശ്ശിയുടെ കൈ അവൾ അവളുടെ ഉള്ളം കയ്യിൽ പിടിച്ചു….

അവളുടെ പ്രവർത്തിയിൽ ശാരതാമ്മ അവളിലേക്ക് നോക്കുമ്പോൾ ആ മുഖത്തെ ഗൗരവം മാഞ്ഞു പോകുന്നത് അവരറിയുന്നുണ്ടായിരുന്നില്ലെങ്കിലും ആ മുഖത്തെ തന്നോടുള്ള വാത്സല്യം ഭാമക്ക് വ്യക്തമായിരുന്നു….

സ്നേഹം പ്രകടിപ്പിക്കാത്ത അമ്മയേക്കാളും എപ്പോഴും ഈ മുഖത്ത് നിന്നെ എന്നോടുള്ള വാത്സല്യം ഞാനറിഞ്ഞിട്ടുള്ളൂ….

ഭാമേ എന്നുള്ള ഈ ശബ്ദത്തിൽ അലയടിക്കുന്ന സ്നേഹത്തിന്റെ സാഗരം ഞാൻ മനസ്സിലാക്കിയിട്ടില്ലെങ്കിൽ ഞാനൊരു വിഡ്ഢിയായി പോകുമായിരുന്നു….

എന്റെ നല്ലത് മാത്രമേ എന്നും ഈ മനസ്സ് ആഗ്രഹിച്ചിട്ടുള്ളൂ….

ലോകത്ത് ഏറ്റവും നല്ലത് എനിക്ക് കിട്ടണമെന്ന മുത്തശ്ശിയുടെ പ്രാർത്ഥന കൂടിയാണ് ഋഷിയെ എന്നിലേക്കെത്തിച്ചതെന്ന് ഞാൻ വിശ്വസിച്ചിരുന്നു….

എന്നാൽ…. തെറ്റ് പറ്റിയെന്നു ഞാൻ മനസ്സിലാക്കുന്നു…..

മുത്തശ്ശി എന്ത് പറഞ്ഞാലും അതെന്റെ നന്മ മാത്രം കരുതിയാണെന്ന് എനിക്കറിയാം……

നിറഞ്ഞ മിഴികളാലെ ഭാമയത് പറഞ്ഞ് നിർത്തുമ്പോഴേക്കും മുത്തശ്ശി വിതുമ്പി പോയിരുന്നു….

അവരവളെ കെട്ടിപ്പിടിച്ചു….

മോളേ…..

ഭാമയും അവരെ കെട്ടിപ്പിടിച്ചു കരയുമ്പോൾ രണ്ട് ഹൃദയങ്ങളിലെയും സങ്കടം ഒഴുക്കി തീർക്കാൻ അവർ ശ്രമിക്കുകയായിരുന്നു….

ഋഷിയെ മുത്തശ്ശി വെറുക്കാൻ കാരണം എന്താണെന്ന് എനിക്കറിയണം…..അതെങ്കിലും മുത്തശ്ശി എന്നോട് പറഞ്ഞെ തീരു…..

അവൾ ഉറച്ച വാക്കുകളോടെ അത് പറയുമ്പോൾ ശാരതാമ്മ ആശങ്കയുടെ പടുകുഴിയിലായിരുന്നു….

ആത്മാർത്ഥമായി അവൾ പ്രണയിക്കുന്നവൻ അവളുടെ സ്വന്തം ചോരയാണെന്ന് പറയുമ്പോൾ അതവളിൽ എങ്ങനെ ബാധിക്കുമെന്ന് അവർ വളരേ ഭയപ്പെട്ടിരുന്നു……

പറയാതിരിക്കുന്നത് ഇനിയും അവളോട് ചെയ്യുന്ന തെറ്റായിരിക്കുമെന്ന ചിന്ത അവരെ എല്ലാം തുറന്ന് പറയാൻ പ്രാപ്തയാക്കിയിരുന്നു….

ഋഷിയോട് എനിക്കുള്ള ഇഷ്ടക്കേട് അവൻ വിശ്വാനാഥന്റെ മകനായത് കൊണ്ടാണ്…..

അവരത് പറയുമ്പോൾ അവൾ മുഖമുയർത്തി അവരെ നോക്കി…..

വിശ്വനാഥൻ സാറുമായിട്ട് മുത്തശ്ശിക്കെന്താണ് പ്രശ്നം…..
തന്റെ ഇഷ്ടങ്ങളെ ഇത്രയേറെ വെറുക്കാനുള്ള ആ ഒരു കാരണത്തെ കുറിച്ച് അവൾ സംശയത്തിലായിരുന്നു….

ഞാനും വിശ്വ നാഥനുമായുള്ള പ്രശ്‌നത്തെ കുറിച്ചറിയുന്നതിനു മുന്പേ നീയറിയേണ്ടത് നീയും വിശ്വാനാഥനുമായുള്ള ബന്ധമാണ്…..

അവരത് പറയുമ്പോൾ ഭാമയുടെ കണ്ണുകളിൽ കൗതുകമായിരുന്നു…..
ഒപ്പം അറിയാനുള്ള ആകാംക്ഷയും…..

ഞാനും വിശ്വനാഥൻ സാറുമായുള്ള ബന്ധമോ….

അതേ…. നീ….. നീ അയാളുടെ മകളാണ്….

വിറച്ചു കൊണ്ട് ശാരതാമ്മ അത് പറഞ്ഞ് നിർത്തുമ്പോൾ അവരുടെ കയ്യിൽ പിടിച്ചിരുന്ന പിടി ഭാമ പെട്ടെന്ന് വിട്ടു….

അവളിൽ നിറഞ്ഞ ഞെട്ടൽ ശാരത്താമ്മയിലും ഭയം തീർത്തിരുന്നു…..

കുഞ്ഞുങ്ങളില്ലാത്തിരുന്ന മാധവനു നിന്നെ അവൻ കൊടുക്കയായിരുന്നു….

കാരണമെന്തെന്ന് മുത്തശ്ശിക്കറിയില്ല….

വർഷങ്ങളായി ഒരു കുഞ്ഞില്ലാത്ത ദുഃഖം പേറുന്ന മാധവനും ജയയ്ക്കും നിന്നെ വേണമെന്നുള്ളത് കൊണ്ട് തന്നെയാണ് വിശ്വനാഥൻ പോലുമറിയാതെ ഇങ്ങോട്ട് വന്നത്…..

വേറെ ഒരു വഴിയും മുത്തശ്ശിയുടെ മുന്നിലില്ലാത്തത് കൊണ്ട് തന്നെയാണ് അന്ന് നിന്നെ ഇവിടെ നിന്ന് അവന്റെ അടുത്തേക്ക് ഞാൻ പറഞ്ഞയച്ചത്…..

എന്നാൽ എന്റെ കുഞ് ഇത്രയും വേദനിക്കുമെന്ന് മുത്തശ്ശി കരുതിയില്ല മോളേ……

വിതുമ്പി കൊണ്ട് അത് പറയുമ്പോഴും കരയാൻ പോലും മറന്ന് ഭാമ ദൂരേക്ക് നോക്കി അതേ ഇരിപ്പ് ഇരിക്കുകയായിരുന്നു….

അപ്പൊ ഋഷി….. ഋഷി എന്റെ ആരാ മുത്തശ്ശി….

തികട്ടി വന്ന ദുഃഖത്താൽ അവളത് ചോദിക്കുമ്പോൾ കരഞ്ഞു കൊണ്ട് ശാരതാമ്മ അവളെ കെട്ടിപ്പിടിച്ചു….

അവൾക്ക് കരയാൻ പോലും കഴിയുന്നില്ലയിരുന്നു…..

ഞാൻ ചെയ്തത് എത്ര വലിയ തെറ്റായിരുന്നു…

ഓർക്കും തോറും അവൾക്ക ഹൃദയം രണ്ടായി പിളരുന്നത് പോലെ തോന്നി…

എന്റെ മോളൊരു തെറ്റും ചെയ്തിട്ടില്ല…. തെറ്റ് ചെയ്തത് മുഴുവൻ ഈ മുത്തശ്ശിയാണ്….

അവരത് പറഞ്ഞ് എങ്ങി ഏങ്ങി കരയുമ്പോഴും ഭാമക്കൊന്ന് ശബ്ധിക്കാൻ പോലുമായില്ല….

അവൾ പതിയേ ഇരുന്നിടത് നിന്നും എഴുന്നേറ്റു നടന്നു…

മോളേ… മനസ്സിന്റെ ദുഖത്താൽ അവിവേകമൊന്നും കാണിക്കരുത്….

പിറകിൽ നിന്ന് മുത്തശ്ശിയത് പറയുമ്പോൾ അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു…..

മുത്തശ്ശി പേടിക്കേണ്ട…
മനസ്സിന്റെ വേദനയാൽ വിവേകം കൈ വിടുന്നവളല്ല ഭാമ….

അതും പറഞ്ഞവൾ അവളുടെ മുറിയിൽ കയറി കതകടച്ചു….

തലയിണയിൽ മുഖം പൂഴ്ത്തി കരഞ്ഞു തീർത്തത്രയും ഉള്ളിലെ ദുഖങ്ങളായിരുന്നു….

വിശ്വനാഥൻ
സാർ തന്റെ അച്ഛനാണെന്ന് വിശ്വസിക്കാൻ തനിക്ക് കഴിയുന്നില്ല…അപ്പൊ തന്റെ അമ്മ യാശോദാമ്മയായിരിക്കുമോ….

ഏയ്.. ആയിരിക്കില്ല…. എങ്കിലൊരിക്കലും എന്നെ മറ്റൊരാൾക്ക് കയമാറുമായിരുന്നില്ല….

എന്റെ ഏട്ടനാണ് ഋഷിയെന്ന് എങ്ങനെ ഞാനെന്റെ മനസ്സിനെ പറഞ്ഞ് വിശ്വസിപ്പിക്കുമെന്ന് ഇപ്പോഴും തനിക്കറിയുന്നില്ല…

ഒഴുകി വന്ന കണ്ണുനീരത്രയും അവളുടെയുള്ളിലെ പല പല ചോദ്യങ്ങളായിരുന്നു…

അത്ര വലിയൊരു തറവാട്ടിലെ സന്തതിയായിരുന്നോ താൻ…

അത് കൊണ്ട് തന്നെയായിരിക്കും ഞങ്ങൾ തമ്മിലുള്ള വിവാഹത്തിന് വിശ്വനാഥൻ സർ എതിരു നിന്നതും….

ഇനി തനിക്ക് പറ്റിയ അപകടത്തിനു പിന്നിലും ആ കാരണം തന്നെയായിരിക്കുമോ….

ഓർക്കും തോറും അവളുടെ ഹൃദയം നീറി കൊണ്ടിരുന്നു…..

അവൾ ജനലിലൂടെ മിഴികൾ പുറത്തേക്ക് നട്ടു….

അവിടെ അവനെ കാണുമ്പോൾ അവളിൽ നിറഞ്ഞിരുന്ന സന്തോഷം ഇന്നവളെ അത്ര മേൽ വേദനിപ്പിക്കാൻ കഴിവുള്ളതാണ്…..

അവൾ ജനൽ വേഗത്തിൽ കൊട്ടിയടച്ചു….

തന്റെ ഹൃദയവും അവന് മുമ്പിൽ കൊട്ടിയടക്കണമെന്ന ദൃഢ നിശ്ചയത്താൽ……

അപ്പോഴും ഹൃദയത്തിൽ നിറഞ്ഞു നിന്ന തേങ്ങലിൽ വിരിഞ്ഞ ചിത്രങ്ങൾ മുഴുവൻ അവരോരുമിച്ചുള്ള നിമിഷങ്ങളായിരുന്നു….

ആലോചിക്കും തോറും തലക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെയവൾക്ക് തോന്നി…

(തുടരും )