18/04/2026

സത്യഭാമ : ഭാഗം 38

രചന – അയിഷ അക്ബർ

 

അവൻ തന്നിൽ നിന്നകന്നു പോകുകയാണെന്ന് ഓർക്കും തോറും അവൾക്ക് ഹൃദയം നിലക്കുന്നത് പോലെ തോന്നി…..

അത്ര മേൽ പ്രാണൻ പങ്കിട്ട തങ്ങളെ പിരിക്കാൻ വിധി വീണ്ടും വേഷം കെട്ടുന്നതെന്തിനാണെന്ന് അവളോർത്തു…..

അച്ഛനെ ധിക്കരിക്കാനും ഋഷിയെ വിട്ടു കളയാനും ഹൃദയം അനുവദിക്കുന്നില്ല….

കണ്ണുനീർ ചാലുകളായി ഒഴുകിയോലിച്ചു കൊണ്ടിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ദിനം തോറും അവളുടെ കണ്ണുകളിൽ സദാ വിഷാദം നിഴലിച്ചു കണ്ടു…..

ഋഷി എന്നത് അടഞ്ഞ ഒരു അധ്യായമായിരുന്നു അവളുടെ ജീവിതത്തിലെങ്കിലും ഹൃദയം അവനെ മറക്കാൻ അനുവദിക്കുമായിരുന്നില്ല …
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അവളുടെ ഇഷ്ടം അതാണെങ്കിൽ അതങ്ങ് നടത്തി കൊടുത്തൂടെ ദേവാ….
എനിക്കവളുടെ സങ്കടം കണ്ട് നിൽക്കാൻ കഴിയുന്നില്ല…..
അവളുടെ സന്തോഷമല്ലേ നമുക്ക് വലുത്….

മഹാദേവനോടായി അത് പറയുമ്പോഴും അവരുടെ മനസ്സിലത്രയും നിറഞ്ഞു നിന്നത് ദുഃഖം നിഴലിക്കുന്ന അവരുടെ കൊച്ചു മകളുടെ മുഖമായിരുന്നു…..

അമ്മേ….. അമ്മയെ പോലെ തന്നെ അവളെയോർത് എനിക്ക് സങ്കടമില്ലാത്തത് കൊണ്ടല്ല….

അവളുടെ കണ്ണുകളിലെ കണ്ണുനീർ കാണാനിട്ടുമല്ല….

എന്നാൽ താത്കാലിക സന്തോഷത്തിനു വേണ്ടി അവളുടെ ജീവൻ പണയം വെക്കാൻ എനിക്ക് ഭയമാണ്…….

എങ്കിൽ നീയവളെ മഠത്തിലേക്ക് വിടേണ്ട… അവൾക്കിഷ്ടപ്പെട്ടവന്റെ കൂടെ അവൾ നമ്മുടെ കണ്മുന്നിൽ ജീവിക്കട്ടെ….

മുത്തശ്ശിയത് പറയുമ്പോഴും മഹാദേവന്റെ മുഖം തെളിഞ്ഞിരുന്നില്ല…

പറ ദേവാ…. എന്താ നിന്റെ മനസ്സിൽ…..

അവരയാളെ കുലുക്കി കൊണ്ട് ചോദിക്കുമ്പോഴും എന്ത് പറയണമെന്നയാൾക്കറിയില്ലായിരുന്നു…..

എല്ലാവർക്കും എന്റെ നിലപാട് അരോചകമായി തോന്നാം…. എന്റെ പിടിവാശിയായി തോന്നാം….
എന്നാലെന്റെ മനസ്സിൽ എന്റെ മോളുടെ മുഖം മാത്രമേയുള്ളു……

ഋഷിയടക്കം അവരിലോരോരുത്തരിലും ഞാൻ കാണുന്നത് രാജിയുടെ അച്ഛനെയാണ്….

അത് കൊണ്ട് തന്നെയാണ് ആ ബന്ധം നമുക്ക് വേണ്ടെന്നു ഞാൻ വാശി പിടിക്കുന്നതും….

ഇതിപ്പോ അവൾക്കടക്കം എല്ലാവർക്കും ബുദ്ധിമുട്ടായിരിക്കാം.

എന്നാൽ നാളെ അവളെക്കന്തെങ്കിലും സംഭവിച്ചാൽ എല്ലാവരെയും പോലെയല്ല… എന്നെ സംബന്ധിച് അത് ഞാനില്ലാതാവുന്നതിനു തുല്യമാണ്…

അത് കൊണ്ട് അതിനുള്ള അവസരം ഞാനിപ്പോഴേ തുടച്ചു നീക്കുക മാത്രമാണ് ചെയ്യുന്നത്……

നിന്റെ മനസ്സിൽ നിന്റെ ശെരിയായിരിക്കാം….

എങ്കിലും ഇനിയും എത്ര നാൾ അവളുടെ ദുഖത്തോടെയുള്ള മുഖം ഞാൻ കണ്ടിരിക്കണമെന്ന് കൂടി നീ പറ…

എന്റെ ശ്വാസം നിലക്കുന്നത് വരെയും കരഞ്ഞു കൊണ്ടിരിക്കുന്ന എന്റെ കുഞ്ഞിനെ ഞാൻ കാണമെന്നാണോ നീ പറയുന്നത്..

ദേഷ്യത്തോടെ അത് പറഞ്ഞ് കൊണ്ട് അവരവിടെ നിന്നും പോകുമ്പോൾ മഹാദേവന്റെ മനസ്സിൽ ചില കണക്ക് കൂട്ടലുകൾ നടന്നിരുന്നു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

എന്ത് ചെയ്യണമെന്ന് എനിക്ക് തന്നെ വ്യക്തതയില്ല അരുൺ..

മഹാദേവൻ അരുണിനോടത് പറയുമ്പോൾ അയാൾ തന്റെ മനസ്സിലെ ഭാരങ്ങൾ ഓരോന്നായി ഇറക്കി വെക്കുകയായിരുന്നു….

ഇത്രയും കാലം ആരുമില്ലെന്ന സങ്കടമായിരുന്നു…..
ആളെ കിട്ടിയപ്പോൾ അതിന്റെ പേരിൽ അതിനേക്കാൾ വലിയ സങ്കടങ്ങളായി….

മനുഷ്യ ജീവിതം അങ്ങനെയൊക്കെയായിരിക്കുമല്ലേ സർ…..

ചെറു ചിരിയോടെ അരുണത് പറയുമ്പോൾ മഹാദേവനും ഒന്ന് പുഞ്ചിരിച്ചു…..

തന്റെ ജൂനിയർ ഡോക്ടറാണ് അരുണെങ്കിലും അതിര് വിട്ടൊരു സ്നേഹബന്ധം തങ്ങൾക്കിടയിലുണ്ട്….

അത് കൊണ്ട് തന്നെയാണ് എല്ലാ സങ്കടങ്ങളും സന്തോഷങ്ങളും താൻ അവനോട്‌ പങ്കു വെക്കാറുള്ളത്….

മാത്രവുമല്ല….

അവന്റെ പെരുമാറ്റത്തിലും പ്രവർത്തികളിലും വല്ലാത്തൊരു പക്വത നമുക്കറിയാൻ കഴിയും…..

മറവിയവളെ തഴുകുമെന്ന് കരുതി എത്ര നാൾ കാത്തിരിക്കും സർ…..
പ്രണയം ശക്തമാണെങ്കിൽ അത് മരണം വരെ വിട്ടു പോകില്ലെന്ന് സാറിനു ഞാൻ പറഞ്ഞ് തരേണ്ട കാര്യമില്ലല്ലോ……

അരുണത് പറയുമ്പോൾ മഹാദേവനിൽ വല്ലാത്തൊരു പ്രയാസം നിറഞ്ഞു…..

ഞാനും അത് ഓർക്കാതിരുന്നില്ല അരുൺ….
അവളുടെ മനസ്സിൽ നിന്നും ഋഷിയുടെ ഓർമകൾ നീങ്ങിപ്പോകാൻ മറ്റൊരാളുടെ ഇടപെടൽ തീർച്ചയായും അവളുടെ ജീവിതത്തിൽ ഉണ്ടാവണം….. അതിന്….

മഹാദേവന്റെ മനസ്സിൽ എന്തോ ഒരു തീരുമാനം ഉണ്ടായിരുന്നെന്ന് തോന്നിയത് കൊണ്ട് തന്നെയാണ് നടന്നു കൊണ്ടിരുന്ന അരുൺ ഒന്ന് നിന്നത്…..

അതിന്…..

മഹാദേവൻ നിർത്തിയ ഉത്തരത്തെ അരുൺ ചോദ്യമാക്കി..

അതിനവളുടെ വിവാഹം നടക്കണം…..
അവളെ മനസ്സിലാക്കുന്ന ഒരാൾ അവളുടെ ജീവിതത്തിലേക്ക് വരുമ്പോൾ സ്വാഭാവികമായും ഋഷിയെന്നത് അവളിൽ നിന്ന് പതിയെ എങ്കിലും നീങ്ങിപ്പോകുകയല്ലാതെ മറ്റു മാർഗങ്ങളുണ്ടാവില്ല…

മഹാദേവനത് പറയുമ്പോൾ അരുണൊന്നും മിണ്ടിയില്ല….

അങ്ങനെ ആർക്കെങ്കിലും പിടിച്ചു കൊടുക്കാൻ കഴിയില്ലല്ലോ സർ…. അവളെ മനസ്സിലാക്കുന്ന അവളെ ജീവനോളം സ്നേഹിക്കാൻ കഴിയുന്ന ഒരാളെ കൊണ്ട് മാത്രമേ അവളുടെ മനസ്സിൽ ഋഷിക്ക് പകരമാക്കാൻ കഴിയു…..

അരുണത് പറയുമ്പോൾ അത് ശെരിയാണെന്ന് മഹാദേവനും അറിയാമായിരുന്നു…

അയാൾ അരുണിന് നേരെ തിരിഞ്ഞു…..

ആ ഒരാളായി ആലോചിക്കുമ്പോൾ എന്റെ മനസ്സിലേക്ക് വരുന്നത് നിന്റെ മുഖമാണ് അരുൺ…..

എന്റെ മോളേ സ്നേഹിക്കാനും മനസ്സിലാക്കാനും നിന്നെക്കാൾ പറ്റുന്നൊരാളെ ഇനി കണ്ടെത്താൻ കഴിയുമോയെന്ന് എനിക്കറിയില്ല…..

അത് കൊണ്ട് ഖേദം ബാക്കിയാവാതിരിക്കാനാണ് ഞാൻ ആദ്യം നിന്നോട് തന്നെ ചോദിക്കുന്നത്….

എന്റെ മോളേ വിവാഹം കഴിക്കാൻ നിനക്ക് പറ്റുമോ..
പെട്ടെന്ന് മഹാദേവനത് ചോദിക്കുമ്പോൾ അരുണാകെ പതറിപ്പോയിരുന്നു….

ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യമായിരുന്നത് കൊണ്ട് തന്നെ അയാൾക്ക് ആലോചിക്കാൻ സമയം വേണമായിരുന്നു…..

സർ…. അത്…..

ആലോചിച്ചു പറഞ്ഞാൽ മതി….. ടേക്ക് യുവർ ഓൺ ടൈം…..

അത്രയും പറഞ്ഞ് കൊണ്ട് മഹാദേവൻ അവിടെ നിന്നു പോകുമ്പോഴും അരുൺ അതേ നിൽപ്പ് തന്നെയായിരുന്നു…..

മഹാദേവൻ പറഞ്ഞത് മുതൽ അവന്റെ മനസ്സിൽ നിറഞ്ഞു നിന്നത് നീളൻ മിഴികളും മനോഹരമായ പുഞ്ചിരിയുമുള്ള അവളുടെ മുഖമായിരുന്നു….

ഒത്തിരി വട്ടം കണ്ടിട്ടുണ്ടെങ്കിലും അടുത്ത് നിന്ന് സംസാരിച്ചിട്ടോ ഇടപഴകിയിട്ടോ ഇല്ലെന്നവനോർത്തു….

എങ്കിലും അവളെ കുറിച്ചോർക്കുമ്പോൾ ചുണ്ടിലൊരു പുഞ്ചിരി വിരിയുന്നതായി അവനറിയുന്നുണ്ടായിരുന്നു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സർ….

മഹാദേവന്റെ കേബിനിലേക്ക് കയറി ചെല്ലുമ്പോൾ അരുൺ വിളിച്ചു…..

അരുൺ വരുമ്പോൾ തന്നെ മഹാദേവന്റെ ഹൃദയമിടിപ്പ് കൂടിയിരുന്നു…..

അവനെന്താകും പറയുമെന്നതാലോചിച്ചാകാം ഒരുപക്ഷെ…..

ലക്ഷ്മിക്കും എന്നെ ഇഷ്ടമാകുകയാണെങ്കിൽ സാറിന്റെ മരുമകനാവാൻ എനിക്ക് സന്തോഷമേയുള്ളൂ….

അരുൺ പുഞ്ചിരിച്ചു കൊണ്ടത് പറയുമ്പോൾ മഹാദേവൻ അവനെ കെട്ടിപ്പിടിച്ചു…..

അങ്ങേയറ്റം ആശ്വാസത്തിലും സന്തോഷത്തിലുമായിരുന്നത്……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
നമ്മുടെ ഹോസ്പിറ്റലിലെ അരുണില്ലേ….. അമ്മക്കറിയില്ലേ അരുണിനെ….

ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് മഹാദേവൻ അക്കാര്യം എടുത്തിട്ടത്…..

ഇവളെ കണ്ടിഷ്ടപ്പെട്ട് അവന് വിവാഹം കഴിച്ചു കൊടുക്കുമോയെന്നു ചോദിച്ചിട്ടുണ്ട്……

ഭാമയെ നോക്കി അയാളത് പറയുമ്പോൾ കഴിച്ചു കൊണ്ടിരുന്ന ഭാമ പെട്ടെന്ന് നിശ്ചലയായി…..

നിനക്ക് ഇഷ്ടമാണെങ്കിൽ മാത്രമേ അച്ഛൻ നടത്തുകയുള്ളു…..
അല്ലെങ്കിൽ നമുക്ക് വേറെ നോക്കാം…..

അയാളത് പറഞ്ഞതും വിവാഹമെന്നത് അച്ഛൻ തീരുമാനിച്ചു കഴിഞ്ഞെന്ന് ഭാമക്ക് തോന്നി…..
അതിപ്പോ ആരായാലുമെന്താ….. അവളിലൊരു പുച്ഛം വിടർന്നു….
അവളൊന്നും മിണ്ടിയില്ല…..

ഞാൻ അരുണിന്നോടെന്താ പറയേണ്ടത്….. മോളോന്നും പറഞ്ഞില്ല….

ബാൽക്കണിയിൽ ആലോചനയിലെന്ന പോൽ നിന്നിരുന്ന അവളോടായി അത് ചോദിക്കുമ്പോൾ അവൾ പിറകിലേക്ക് തിരിഞ്ഞു….

എനിക്കായി ഒരിഷ്ടങ്ങളും ഭൂമിയിൽ ബാക്കിയില്ല…
അച്ഛന്റെ ഇഷ്ടം പോലെ ചെയ്തോളു….

അത് പറഞ്ഞ് നിർത്തുമ്പോഴും അവളുടെയുള്ളിലെ പിടിച്ചടക്കാൻ കഴിയാത്ത കണ്ണുനീരിനെ അയാളറിയുന്നുണ്ടായിരുന്നു……

എങ്കിലും അത് താത്കാലികമാണെന്ന ചിന്ത അയാളിലൊരു ആശ്വാസം നൽകിയിരുന്നു….

വിവാഹം കഴിയുന്നത്തോടെ അവൾ പൂർണമായും ഋഷിയെ മറന്ന് അരുണിനെ സ്നേഹിക്കുമെന്ന് അയാൾ ഉറച് വിശ്വസിച്ചിരുന്നു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

എനിക്കിവനും ഇവന് ഞാനും തന്നെയേയുള്ളു….
വിവാഹക്കാര്യം പറയുമ്പോഴൊക്കെ ഓരോന്ന് പറഞ്ഞവൻ ഒഴിഞ്ഞു മാറും….
ഇപ്പൊ ഏതായാലും ദൈവമേന്റെ പ്രാർത്ഥന കേട്ടല്ലോ…..

ചിരിച്ചു കൊണ്ട് അരുണിന്റെ അമ്മയത് പറയുമ്പോൾ അടുത്തിരുന്ന അരുണിന്റെയടക്കം എല്ലാവരുടെ ചുണ്ടിലും ഒരു ചെറു ചിരിയുണ്ടായിരുന്നു…..

കാപ്പിയുമായി അവൾ അവർക്ക് മുമ്പിലെത്തിയപ്പോൾ അരുണവളിലേക്ക് നോക്കി….

ആ മുഖത്തെ നിർവികാരത അവനിലൊരു തരം പ്രയാസമുണ്ടാക്കിയെങ്കിലും അവളുടെ മാറ്റത്തിന് വേണ്ടി അവന്റെ മനസ്സ് കാത്തിരിക്കുകയായിരുന്നു…..

ഞങ്ങൾ… ഇറങ്ങട്ടെ….

ഭാമയുടെ അടുത്ത് വന്ന് അരുണത് പറയുമ്പോഴായിരുന്നു ഭാമ കണ്ണുകൾ ഉയർത്തി അവനെ നോക്കിയത്….

നോക്കേണ്ട ഒരു അവസരം അവനായി ഉണ്ടാക്കിയതായി അവൾക്ക് തോന്നി….

ചെറിയ കണ്ണുകൾ..
കട്ടി മീശക്കുള്ളിൽ നിന്നും പുഞ്ചിരിയുണ്ടെങ്കിലും അതിനും ഒരു ഗൗരവത്തിന്റെ കൂട്ടുണ്ടായിരുന്നു….
തന്റെ കണ്ണുകളിൽ നോക്കി അവൻ സംസാരിക്കാൻ ശ്രമിക്കുമ്പോൾ അവൾക്കെന്തോ അതസഹനീയമായി തോന്നി….

അവളുടെ കണ്ണുകളിൽ നിറഞ്ഞ് നിന്നതത്രയും കണ്ണുകളിൽ കുസൃതി യോളിപ്പിച്ച അവനായിരുന്നു……

(തുടരും )