രചന – അയിഷ അക്ബർ
ഭാമ പതിയേ പിന്നമ്പുറത്തേക്ക് നടന്നതും മഹേഷും അവൾക്കരികിലെത്തി….
ഞാനിന്ന് വല്ലാത്ത സന്തോഷത്തിലാണ് ഭാമേ.. എനിക്കറിയാം എന്നെ പോലെ നീയും എത്ര മാത്രം ഈ ദിവസത്തിന് വേണ്ടി കാത്തിരുന്നതാണെന്ന്….
ഇനി നമ്മളൊന്ന് ചേരാൻ അധിക സമയം കാത്തിരിക്കേണ്ടതില്ല…..
മഹേഷ് അതും പറഞ് മുഖത്തേക്ക് പാറി വീണ മുടിയിഴകൾ പിറകിലേക്കൊതുക്കാൻ നോക്കിയതും അവൾ പിറകിലേക്ക് നീങ്ങി നിന്നതിനോടൊപ്പം തന്നെയാണ് പായസം ഗ്ലാസ് കയ്യിൽ പിടിച് അജയ് അങ്ങോട്ട് വന്നതും….
ഓഹ്… ആം സോറി…
അവനത് പറഞ്ഞ് കൊണ്ട് തിരിഞ്ഞു നടക്കുമ്പോഴും ഭാമ അവനെ തന്നെ നോക്കി നിന്നു….
അത് മഹേഷിന് മനസ്സിലായത് കൊണ്ട് തന്നെ അവളെയും അവനെയും തറപ്പിച്ചൊന്നു നോക്കിയ ശേഷം അവനെന്തോ പറയാനൊരുങ്ങുമ്പോഴേക്കും ഭാമ അവിടെ നിന്നും നടന്നകന്നിരുന്നു…
കുറച്ച് ദിവസം കൂടി താൻ ക്ഷമയുള്ളവനായെ പറ്റു യെന്ന തിരിച്ചറിവിൽ മഹേഷ് അവിടെ നിന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹കിണറ്റിൽ നിന്നും അജയ് വെള്ളം കോരി കൊണ്ടിരിക്കുമ്പോഴാണ് ഭാമ അത് വഴി വന്നത്….
അവനിളം ചിരിയോടെ അവളെ നോക്കിയെങ്കിലും അവൾ കാണാത്ത ഭാവത്തിൽ അവനറികിലൂടെ പോകാനൊരുങ്ങിയതും കിണറ്റിന് കരയിലെ പായൽ പറ്റിപ്പിടിച്ച ആ ഭാഗത്തു അവളുടെ കാലുകൾ തെന്നിയതും ഒരുമിച്ചായിരുന്നു…..
പിറകിലേക്ക് വീഴാൻ പോയ അവളെ അവൻ കൈകൾ കൊണ്ട് വീഴാതെ തടഞ്ഞു പിടിച്ചിരുന്നു….
അവന്റെ കൈകളിൽ കിടക്കുമ്പോൾ തന്റെ മുഖത്തിനെതിർവശമായി നിന്നിരുന്ന അവനിലേക്കവളുടെ കണ്ണുകൾ പതിഞ്ഞു…
അവന്റെ കണ്ണുകളിൽ അങ്ങേയറ്റം പ്രണായാർദ്രമായ എന്തോ ഒന്ന് അവൾക്ക് കാണാൻ കഴിഞ്ഞിരുന്നു…..
അവന്റെ മിഴികളിൽ നിന്നും അടർന്നു മാറാനിഷ്ടമില്ലാതെ അവയിലലിഞ്ഞു നിൽക്കുന്ന തന്റെ കണ്ണുകളോട് പോലും അവൾക്കെന്തെന്നില്ലാത്തൊരു ഇഷ്ടം തോന്നുന്നത് അവളറിഞ്ഞിരുന്നു……..
അവൻ എന്തോ ഓർമയിൽ നിന്നെന്ന പോൽ തന്റെ കൈപിടികളിൽ നിന്നും അവളെ മോചിതയാക്കി….
വീണ്ടും അവന്റെ മുഖത്തേക്ക് നോക്കാൻ പ്രയാസം തോന്നിയത് കൊണ്ട് തന്നെ അവളവിടെ നിന്നും വേഗത്തിൽ നടന്നു പ്പോയി…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കണ്ണാടിയിൽ പ്പോയി അവൾ സ്വയം നോക്കി നിന്നു….
ഒരു പരിചയവുമില്ലാത്ത അവനോട് അടുക്കാൻ ശ്രമിക്കുന്ന അവളുടെ ഹൃദയത്തോട് അവൾക്ക് ഒരുതരം വെറുപ്പ് തോന്നി….
അവനെ കാണുമ്പോൾ പ്രണയായർദ്രമാകുന്ന ആ മിഴികളെ അവനും അറിയുന്നുണ്ടാവില്ലേ…..
അവളൊരു നിമിഷം ആലോചിച്ചു നിന്നു….
പെട്ടെന്നാണ് അവളാ കണ്ണാടി ചില്ലിലൂടെ ആ കാഴ്‌ച കാണുന്നത്…..
തന്റെ കഴുത്തിൽ കുരുങ്ങിക്കിടന്നിരുന്ന ആ മാല കാണുന്നില്ല….. അവൾക്ക് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….
അവൾ നടന്ന വഴികളിലൂടെയൊക്കെ ഒന്ന് കൂടി നടന്നു…..
എന്നാൽ അവൾക്ക് അവിടെയെങ്ങും അത് കണ്ട് കിട്ടിയില്ല….
തന്റെ ഹൃദയം അത്രയേറെ മൂല്യം നൽകിയ ആ മാല തന്റെ ഡോക്ടർ തനിക് സമ്മാനിച്ചതായിരുന്നു……
ഹൃദയം കൊണ്ടടുത്ത തനിക്ക് അദ്ദേഹം തന്ന ഒരിക്കലും മറക്കാത്ത ഓർമകളായിരുന്നു ആ മാല….
അത്രയേറെ സ്നേഹിച്ച മറ്റൊരാൾക്ക് കൊടുക്കാൻ കഴിയാത്തത് തനിക്ക് തന്നെങ്കിൽ ആ ഹൃദയം തനിക്കും അത്രയേറെ സ്ഥാനം തന്നത് കൊണ്ടായിരുന്നില്ലേ…….
അവൾക്ക് ഹൃദയത്തിൽ നീറ്റലനുഭവപ്പെടുന്നത് അവളറിഞ്ഞു…..
അത് കഴുതിൽ കിടക്കുന്ന അത്രയും സമയം അദ്ദേഹം തന്റെ കൂടെയുള്ളത് പോലെ തോന്നാറുണ്ട്….
തനിക്കെപ്പോഴും ആശ്രയമെന്ന പോൽ….
ആ ഒരു സംരക്ഷണ കവചമാണ് ഇന്ന് താൻ നഷ്ടപ്പെടുത്തിയത്…
അവളുടെ ചുണ്ടുകൾ വിതുമ്പി……..
കണ്ണുകൾ ചുവന്നു….
കരഞ്ഞു കരഞ്ഞു അവൾ തളർന്നുറങ്ങിയത് എപ്പോഴാണെന്ന് അവൾക്കറിയില്ലായിരുന്നു…..
ശ്…..
ജനലിലൂടെയുള്ള ആ വിളിയാണ് അവളെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്…..
കലങ്ങിയ കണ്ണുകളാൽ അവനെ കണ്ടെങ്കിലും അവൾ വീണ്ടും കണ്ണുകൾ അടച്ചു കിടന്നു…
സത്യാ….. ആ വിളി കാതുകളിൽ പതിഞ്ഞതും അവൾ ഞെട്ടിയെഴുന്നേറ്റു….
ഐ മീൻ…. സത്യഭാമ…..
സത്യ ഭാമ എന്തിനാ കരഞ്ഞിരിക്കുന്നത്……
കണ്ണുകൾ വിടർത്തി അവനെ നോക്കി നിൽക്കുന്ന അവളോടാവന്നത് പറയുമ്പോഴും അവളിൽ മുഴങ്ങിക്കേട്ടതത്രയും സത്യാ എന്ന ആ വിളിയായിരുന്നു…..
കണ്ണൊക്കെ കലങ്ങിയിരിക്കുന്നതിന്തിനാണെന്നാ ചോദിച്ചത്……
ഒന്നും മിണ്ടാതെ നിൽക്കുന്ന അവളോട് വീണ്ടും അവൻ ചോദിക്കുമ്പോഴും അവളൊന്നും മിണ്ടിയില്ല….
എന്താണെന്ന് ഞാൻ പറയട്ടെ…..
അവനത് ചോദിക്കുമ്പോഴും സംസാരിക്കാൻ താല്പര്യമില്ലെന്ന മട്ടിൽ അവൾ തിരിഞ്ഞു നടന്നു…
അത്രമേൽ പ്രിയപ്പെട്ടതെന്തോ കളഞ്ഞു പോയിട്ടുണ്ടല്ലേ…
അവനത് ചോദിച്ചതും അവളവന് നേരെ തിരിഞ്ഞു നിന്നു…
അത്രയേറെ ഇഷ്ടപെടുന്ന ആരോ തന്നതാണത്…. അല്ലെ….. അല്ലെങ്കിലീ നീളൻ മിഴികളുടെ പീലികൾ ഇത്രയും നനയില്ലായിരുന്നല്ലോ…..
അവനത് പറയുമ്പോഴും അവളൊന്നും മിണ്ടിയില്ല…. എങ്കിലും അവന്റെ കയ്യിൽ അതുണ്ടാവുമെന്നൊരു പ്രതീക്ഷ അവളിലൊരു സമാധാനം നൽകിയിരുന്നു….
മഹേഷ് തന്നതാണോ….
അവൻ കുസൃതിയോടെ അത് ചോദിക്കുമ്പോൾ അവളൊന്നും മിണ്ടാതെ തിരിഞ്ഞു നടന്നു…..
ഹലോയ്…. ഇതാണോ തിരയുന്ന ത്…
അവൾ തിരഞ്ഞതും അവന്റെ കയ്യിൽ ആ മാല കണ്ടവളുടെ മിഴികൾ വിടർന്നു….
നീളൻ മിഴികളിൽ കണ്ട ആ തിളക്കം അവനല്പ നേരം നോക്കി നിന്നു……
ജനലിനുള്ളിലൂടെ അവനവൾക്ക് നേരെ ആ മാല നീട്ടി……
അവളോടി വന്നാ മാലയിലേക്ക് കൈകൾ നീട്ടിയതും അവൻ അവന്റെ കൈകൾ പിറകിലേക്ക് വലിച്ചു…..
അവൾ കണ്ണുകളുരുട്ടി അവനെ നോക്കി….
അതവനത്ര മാത്രം ആസ്വദിക്കുന്നത് പോലെ കണ്ണുകൾ അവളിൽ തന്നെ കുരുങ്ങിക്കിടന്നിരുന്നു…..
ചുണ്ടിൽ വിരിഞ്ഞ അവന്റെ ചിരിക്ക് ഒരു വേദനയുടെ കൂട്ടുണ്ടായിരുന്നു….
അവൾ കൈ വീണ്ടും അവന് നേരെ നീട്ടി…
അവൻ മാലായില്ലാത്ത കൈ അവൾക്ക് നേരെ നീട്ടി…..
ഫ്രണ്ട്സ്…..?
അവൻ ചോദ്യ ഭാവത്തിൽ അത് പറയുമ്പോഴും അവളുടെ കണ്ണുകളാ മാലയിലായിരുന്നു …
എങ്കി പിന്നേ ഈ മാല മറന്ന് കള…..
അവളൊന്നും മിണ്ടാത്തെ നിൽക്കുന്നത് കണ്ടവനത് പറഞ്ഞതും പിറകിലേക്ക് വലിക്കാനൊരുങ്ങിയ അവന്റെ കൈകളിൽ അവൾ മുറുകെ പിടിച്ചു….
അവന്റെ ചുണ്ടിൽ വിരിഞ്ഞ ചിരീ അത്രമേൽ മനോഹരമായിരുന്നു….
ഫ്രണ്ട്‌സ് ആവുമ്പോൾ ഇത് പോലെ മുഖം കൂർപ്പിച്ചിരിക്കാനൊന്നും പറ്റില്ല….
എനിക്കിവിടെ നിന്ന് പോകും വരെ മിണ്ടാനും പറയാനും ഒരു കൂട്ടാണ് വേണ്ടത്…. സമ്മതമാണെങ്കിൽ മാലയിപ്പോ തന്നെ തരാം….
അവനത് പറയുമ്പോഴും ആ മാല അവൾക്കത്ര മാത്രം പ്രിയപ്പെട്ടതായത് കൊണ്ട് തന്നെ സമ്മതിക്കുകയല്ലാതെ മറ്റു വഴികളുണ്ടായിരുന്നില്ല….
അവൾ പതിയേ സമ്മതമെന്ന തരത്തിൽ തലയാട്ടി….
അവനാ മാല അവൾക്ക് നേരെ നീട്ടി…..
അവളത് വാങ്ങുമ്പോൾ ആ കണ്ണുകളിൽ പരന്ന പ്രകാശം അവനനുഭവിച്ചറിയാൻ കഴിയുന്നുണ്ടായിരുന്നു…..
അത് സമ്മാനിച്ചയാളോടുള്ള അവളുടെ സ്നേഹവും അവളിൽ നിറഞ്ഞു നിന്നിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹കുളപ്പാടവിൽ ഭാമ യിരിക്കുമ്പോഴാണ് അരികിൽ വന്നിരുന്നെയാളെ അവൾ നോക്കിയത്….
അജയെ കണ്ടതും അവൾ വീണ്ടും ദൂരേക്ക് നോക്കിയിരുന്നു……
ഇയാള് മഹേഷിനെ സ്വപ്നം കണ്ടോണ്ടിരിക്കുകയാണോ…..
അവൻ കുസൃതിയൊടെയത് ചോദിച്ചതും അവൾ അവനെയൊന്നു നോക്കി….
പിന്നേ വീണ്ടും കുളത്തിന്റെ അങ്ങേയ്റ്റത്തേക്ക് ആ മിഴികൾ നീണ്ടു പ്പോയി….
ഞാൻ…. ഞാനൊരു കാര്യം ചോദിച്ചോട്ടെ….
അവളെന്തെന്ന ഭാവത്തിൽ അവനെ നോക്കി….
ഇയാൾ….ശെരിക്കും മഹേഷിനെ സ്നേഹിക്കുന്നുണ്ടോ….
ഒരു ചെറിയ ഉരുളൻ കല്ലെടുത്തു കുളത്തിലേക്കിട്ട് കൊണ്ടാണവനത് ചോദിച്ചത്…..
അവൾക്കുത്തരമുണ്ടായിരുന്നില്ല……
അവളവനെ നോക്കി….
മ്മ്…..?
അവൻ വീണ്ടും മിഴികളുയർത്തി….
ഞാനും മഹേഷേട്ടനും പ്രണയത്തിലായിരുന്നത്രെ….
അവളുടെ ഉത്തരം അവനെ ചിരിപ്പിച്ചു…..
ആര് പറഞ്ഞ്……
അവൻ ചിരിച്ചു കൊണ്ടത് ചോദിക്കുമ്പോൾ അവളെന്ത് പറയണമെന്ന ആലോചനയിലായിരുന്നു…
എല്ലാവരും പറഞ്ഞു …..
എല്ലാവരും പറഞ്ഞാലത് സത്യമാവുമോ…..
അവനത് ചോദിക്കുമ്പോഴും അവൾക്കുതരമില്ലായിരുന്നു…..
ഇനി സത്യമാണെങ്കിൽ തന്നെ…. അത് നിന്റെ ഓർമകളിൽ നിന്ന് മാഞ്ഞു പോയതല്ലേ…. അവയെ വീണ്ടും ഓർമ്മകൾ ക്ഷണിക്കുന്നത് വരെയെങ്കിലും വിവാഹം വേണ്ടെന്ന് തുറന്ന് പറഞ്ഞൂടെ…….
അവൻ അവളുടെ കണ്ണുകളിൽ നോക്കിയത് പറയുമ്പോൾ അവളും ചിന്തകളുടെ കുത്തൊഴുക്കിലായിരുന്നു….
(തുടരും )

by