17/04/2026

സത്യഭാമ : ഭാഗം 25

രചന – അയിഷ അക്ബർ

അമ്മേ…..
അവളുടെയാ വിളിയിൽ അടുക്കളയിൽ ജോലിയിലായിരുന്ന ജയ പെട്ടെന്ന് തിരിഞ്ഞു…..

എന്താ മോളേ… അവരങ്ങേയറ്റം സ്നേഹത്തോടെ അവളെ വിളിച്ചു……

മഹേഷേട്ടനും ഞാനും ഇഷ്ടത്തിലാണെന്ന് അമ്മ അറിഞ്ഞത് എങ്ങനെയാ…

അവൾ പെട്ടെന്നത് ചോദിച്ചപ്പോൾ ജയ ഒന്ന് ഭയന്നെങ്കിലും അതി സമർത്ഥമായി ആ ഭയത്തെ ഒരു ചിരിക്കുള്ളിലൊളിപ്പിക്കാൻ അവർക്ക് കഴിയുമായിരുന്നു….

അതെന്താ മോളെങ്ങനെ ചോദിച്ചത്….

ഒന്നുമില്ല…. വെറുതെ അറിയാൻ വേണ്ടിയാണ്….

മഹേഷിന് വേറെയെതോ കൊമ്പത്തെ ആലോചന അമ്മാവൻ ഉറപ്പിച്ചപ്പോഴാണ് നിന്നെയെ കെട്ടുവെന്ന് പറഞ്ഞവൻ വാശി പിടിച്ചത്…..

അന്നേരം കലി തുള്ളി അമ്മാവൻ ഇങ്ങോട്ട് വന്ന് കയറിയത് എനിക്കിപ്പോഴും ഓർമയുണ്ട്….

ജയ താടിക്ക് കൈ കൊടുത്തത് പറഞ്ഞ് തകർക്കുമ്പോൾ അവൾ വിശ്വസിക്കുന്നുണ്ടോയെന്നറിയാൻ അവളുടെ മുഖ ഭാവം അവരോപ്പിയെടുക്കുന്നുണ്ടായിരുന്നു…..

എന്നിട്ട്….
അവളറിയാനുള്ള ആകാംക്ഷയിൽ വീണ്ടും ചോദിച്ചു….

എന്നിട്ടെന്താ…. ഞാൻ കല്യാണം കഴിക്കുന്നെങ്കിൽ അത് ഭാമയെ മാത്രമേയുള്ളുവെന്ന് അവൻ തീർത്തു പറഞ്ഞ്…

പിന്നേ അമ്മാവന് സമ്മതിക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല..

അങ്ങനെ വിവാഹത്തിന്റെ ഒരുക്കങ്ങളൊക്കെ നടന്നു കൊണ്ടിരിക്കുമ്പോഴാണ് നിന്നെ മുത്തശ്ശി എന്തൊക്കെയോ പറഞ് ഇവിടെ നിന്നും പറഞ്ഞയച്ചത്….
നീ പോയതിൽ പിന്നേ ഞങ്ങളെ പോലെ അവനും ആകെ തകർന്ന് പോയിരുന്നു….

അവരത് പറഞ്ഞ് നിർത്തുമ്പോൾ അവരുടെ വാക്കുകൾ അങ്ങേയറ്റം വിശ്വാസ യോഗ്യമായി അവൾക്ക് തോന്നിയിരുന്നു…

അത്രമേൽ ആത്മാർത്ഥത ഓരോ വാക്കിലും അറിയാൻ കഴിഞ്ഞിരുന്നു…

അവളാരെ വിശ്വസിക്കണമെന്നറിയാതെ നിന്നു…..

അപ്പോഴാണ് വെറ്റിലയോടൊപ്പം കൂട്ടി ചവക്കാൻ അടക്കയുടെ തൊണ്ട് കുത്തിയെടുക്കുന്ന ശാരതാമ്മ അവളുടെ കണ്ണുകളിലൂടക്കിയത്….

ശാരതാമ്മയുടെ മുറിയിലേക്ക് കടന്ന് അവൾ പെട്ടെന്നു തന്നെ വാതിലടച്ചു….

അവർ എന്തിനെന്ന പോൽ അവളെ നോക്കി….

പൊട്ടിച്ച അടക്ക അവൾ കയ്യിലെടുത്തു വെറ്റിലയിൽ ചുരുട്ടുമ്പോഴും ശാരതാമ്മ അവളെ അത്ഭുതത്തോടെ നോക്കി നിന്നു….

ചുരുട്ടിയ വെറ്റില വായിലേക്ക് വെച്ച് കൊടുക്കുമ്പോഴും അവളുടെ മുഖത്ത് ഭാവ ഭേദങ്ങളൊന്നുമുണ്ടായിരുന്നില്ല ….

എന്നാൽ ശാരതാമ്മ അപ്പോഴും അതേ അത്ഭുതത്തിൽ തന്നെയായിരുന്നു….

മുത്തശ്ശീ…..

അവളുടെ വായിൽ നിന്നാ വിളി വീണതും അവർ അത്ഭുതത്തോടെ അവളെ നോക്കി…..

ഒത്തിരി നാളുകൾക്ക് ശേഷമായിരുന്നു അവളിൽ നിന്നും അങ്ങനെയൊരു വിളി കേട്ടത്…..

തന്റെ പഴയ ഭാമയെ തിരിച്ചു കിട്ടിയെന്ന സന്തോഷത്തിൽ ആ കണ്ണുകൾ വിടർന്നു…..

മോളേ…. ഭാമേ…. അവർ അവളുടെ ഇരു കവിളുകൾ ചേർത്ത് പിടിച്ചു….

അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു…..

നിനക്ക്…. നിനക്ക് ഓർമ തിരിച്ചു കിട്ടിയോ….

അവർ അത്യധികം സന്തോഷത്തോടെയത് ചോദിക്കുമ്പോൾ അവൾ നിർവികാരയായിരുന്നു….

മുത്തശ്ശിയോടൊരു കാര്യം ചോദിച്ചാൽ സത്യം പറയാമോ…

അവളത് ചോദിക്കുമ്പോൾ എന്തിനെന്ന ഭാവം അവരിൽ നിറഞ്ഞു നിന്നിരുന്നു…..

ഞാനെന്തിനാ കുട്ടീ നിന്നോട് കള്ളം പറയുന്നത്…..

അവരത് പറഞ്ഞപ്പോഴും അവൾ അവരുടെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയായിരുന്നു…..

മഹേഷേട്ടനുമായി വിവാഹം ഉറപ്പിച്ച എന്നെ മുത്തശ്ശി എങ്ങോട്ടാ പറഞ്ഞയച്ചത്…. അതെന്തിനായിരുന്നു….
എനിക്കതെല്ലാം അറിയണം…..

അവളത് പറയുമ്പോൾ ശാരതാമ്മക്ക് പ്രത്യകിച്ചൊന്നും തോന്നിയില്ല….

അവൾ സ്വയം അറിയാനുള്ള ഒരു ശ്രമം മാത്രമാണെന്ന് അവർക്കും തോന്നിയിരിക്കാം……

പറ മുത്തശ്ശി…. എന്തിനായിരുന്നു…. എങ്ങോട്ടായിരുന്നു…..

അവൾ വീണ്ടുമത് ചോദിക്കുമ്പോൾ എന്ത് പറയണമെന്ന് ശാരതാമ്മക്കും അറിയില്ലായിരുന്നു….

നിന്നെ ഞാൻ ഇവിടെ നിന്നും അകറ്റി നിർത്തിയത് നിന്റെ അമ്മ പറയും പോലെ എനിക്ക് വേണ്ടിയായിരുന്നില്ല….. മറിച്….. നിനക്ക് വേണ്ടി തന്നെയായിരുന്നു…..മഹേഷുമായുള്ള വിവാഹത്തിൽ നിന്നും നിന്നെ രക്ഷിക്കാൻ നിന്റെ അച്ഛന്റെ സുഹൃത്തിന്റെ അടുത്തേക്കാണ് ഞാൻ നിന്നെയയച്ചത്…..

അവരത് പറയുമ്പോഴും അവിടെ എന്ത് നടന്നുവെന്നറിയാതെ അവളുടെ ജന്മ രഹസ്യം അവളോട് പറയാൻ അവർക്കാകുമായിരുന്നില്ല….
അവളെ കൊല്ലാൻ നോക്കിയാതൊരു പക്ഷെ അവർ തന്നെയാണെങ്കിൽ അവളൊരു അനാഥയായി മാറും….. ആരോരുമില്ലാത്തവൾ….
അവളെ വേദനിപ്പിക്കാൻ അവർക്കൊട്ടും താല്പര്യമുണ്ടായിരുന്നില്ല …

എന്നിട്ടെന്ത് സംഭവിച്ചു…..

അവൾ ആകാംക്ഷയോടെ അത് ചോദിക്കുമ്പോൾ അവരോന്നു നെടുവീർപ്പിട്ടു…

എന്നിട്ടെന്താണ് സംഭവിച്ചതെന്ന് നിനക്കെ അറിയൂ…. നിനക്ക് മാത്രം…

അവരത് പറയുമ്പോൾ അവൾക്ക് നിരാശ തോന്നി…

അവരിൽ നിന്നും ഒരു തുമ്പും കിട്ടാത്തത്തിൽ അവൾക്കേറെ പ്രയാസം തോന്നി….

മഹേഷേട്ടനുമായുള്ള വിവാഹത്തിൽ നിന്നും എന്തിനായിരുന്നു തന്നെ രക്ഷിക്കുന്നത്…..

അവളത് ചോദിക്കുമ്പോൾ അവരുടെ മുഖത്ത് ദേഷ്യം പടർന്നു…

നിനക്ക് പഴയ ഓർമയുണ്ടായിരുന്നെങ്കിൽ സ്നേഹത്തോടെയുള്ള ഈ മഹേഷേട്ടൻ എന്ന വിളി പോലും നിന്നിൽ നിന്നുതീരില്ലായിരുന്നു…. അത്രയേറെ നീയവനെ വെറുതിരുന്നു….

സകല തല്ലു കൊള്ളിത്തരവും കയ്യിലുള്ള അവനെ നിന്റെ തലയിൽ കെട്ടി വെക്കാൻ ഇവിടെയുള്ളവർക്ക്‌ വല്ലാത്ത ധൃതിയായത് കൊണ്ട് തന്നെ നിന്റെ സങ്കടം സഹിക്കാനാവാതെയാണ് മുത്തശ്ശി നിന്നെ ഇവിടെ നിന്നും പറഞ്ഞയച്ചത്…. എന്നാൽ അതെന്റെ മോളേ ഇത്ര വലിയ ദുഖത്തിലേക്കായിരിക്കുമെന്ന് മുത്തശ്ശിക്കറിയില്ലായിരുന്നു……

കുറ്റ ബോധത്താൽ അവരുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു……

ആത്മാർത്ഥമായ ആ കണ്ണുനീരിനെയും അവൾക്ക് വിശ്വസിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല….

മഹേഷേട്ടനെ ഞാൻ ജീവനെക്കാളേറെ സ്നേഹിച്ചിരുന്നു വെന്നതോ അതോ മറ്റെന്തിനേക്കാളും ഞാനവനെ വെറുത്തിരുന്നു വെന്നതോ… ഏതാണ് വിശ്വസിക്കേണ്ടതെന്ന് അറിയാതെ അവൾ കുഴങ്ങി…..

മോളേ… ഭാമേ…..
എന്റെ മോളേ അവസ്ഥ മുത്തശ്ശിക്ക് നന്നായറിയാം…..

ഏത് വിശ്വസിക്കണമെന്നറിയാതെ നിന്റെ മനസ്സ് പിടയുകയാണെന്ന് മാറ്റാരെക്കാളും മുത്തശ്ശിക്കറിയാം….

നിന്നെ ഇവിടെ നിന്ന് അകറ്റി മുത്തശ്ശി ഒരു തെറ്റ് ചെയ്തു….. അത് കൊണ്ടിനിയും ആ ഒരു തെറ്റാവർത്തിക്കാൻ എനിക്ക് കഴിയില്ല…..

നിനക്ക് എന്ത് ശെരിയെന്നു തോന്നുന്നുവോ അത് ചെയ്യ്….
നിന്റെ മനസ്സിന് ശെരിയെന്നു തോന്നുന്നത് മാത്രം…..

മുത്തശ്ശി അത്രയും പറഞ് നിർത്തുമ്പോൾ ഭാമ പതിയേ അവിടെ നിന്നും എഴുന്നേറ്റു…..

എന്റെ മനസിന്റെ ശെരിയെ കണക്കാക്കിയാൽ അതവനാണ്….. പുഞ്ചിരി കൊണ്ടെന്നെ കീഴ്പ്പെടുത്തുന്ന അവൻ….

എന്നാൽ വിവാഹം ഉറപ്പിച്ച തനിക്ക് പ്രണയത്താൽ മുറിവേറ്റ അവനോട് തോന്നുന്നതെന്താണ്….

തന്റെ ഹൃദയം അവനിലേക്കടുക്കുന്നത് എന്ത് കൊണ്ടാണ്…..

ഉത്തരങ്ങൾക്കായി അവളുടെ ഹൃദയം തിരഞ്ഞു കൊണ്ടിരുന്നു…..

അവളുടെ കണ്ണുകളിൽ ആ ദാവണി പതിഞ്ഞു…..

അവനത്രമേൽ പ്രിയപ്പെട്ടോരാൾക്ക് വേണ്ടി വാങ്ങിയെന്ന് പറയുമ്പോൾ അവളുടെ ഹൃദയത്തിലൊരു പ്രയാസം തോന്നി…..

അവൾ ആ ദാവണി കയകളിലെടുത്തു മനോഹരമായി ചുറ്റി….

അവനിലേക്ക് ആ ദാവണി യുടുത് പോകാൻ അവളൊരുങ്ങിയപ്പോഴേക്കും പെട്ടെന്നാണ് കണ്ണുകൾ കണ്ണാടിയിൽ അവളുടെ രൂപം അവൾ കണ്ടത്…..

മഞ്ഞ ദാവണി ചുറ്റിയ അവളെ അവൾ കണ്ടതും ഹൃദയത്തിലാകെ ഒരു പ്രകമ്പനം അവൾക്ക് തോന്നി….

ആ കെട്ടി വെച്ച മുടി യൊന്നാഴിച്ചിട്…….

പുഞ്ചിരിയോടെ തന്നോടത് പറയുന്ന അവന്റെ മുഖം ഹൃദയാന്തരങ്ങൾക്ക് പരിചിതമായിരുന്നു…..

അവൾക്ക് ശ്വാസം വിലങ്ങുന്നത് പോലെ തോന്നി…..

അവൾ പതിയേ മുടിയഴിച്ചിട്ടു….

അവിടമാകെ ഒരു മുല്ലപ്പൂ മണം പരക്കുന്നത് അവളറിഞ്ഞിരുന്നു…..

അവൾ കട്ടിലിലിരുന്നു….

മനസ്സിൽ ചിഞ്ഞി ചിതറി കിടക്കുന്ന ഓർമ്മകൾ അവളുടെ ഹൃദയം പെറുക്കി കൂട്ടാൻ ശ്രമിക്കുകയായിരുന്നു…

ഒത്തിരി മുഖങ്ങൾ അവളുടെ മനസ്സിലേക്ക് ഒഴുകിയെത്തിയെങ്കിലും അവയെല്ലാം ഒരു കഥയായി അവളിൽ ബാക്കി നിന്നു….

ഒന്നും ചേർത്ത് വെക്കാൻ കഴിയാത്തത് കൊണ്ട് തന്നെ അവൾ മുഖം പൊത്തി കട്ടിലിലേക്ക് കിടന്നു…..

കണ്ണു നീരവളുടെ കവിളുകളെ നനച്ചിരുന്നു…..

(തുടരും )