രചന – അയിഷ അക്ബർ
അവൻ പോയി കഴിഞ്ഞതും ഉള്ളിലെ തേങ്ങലിനെ അടക്കാൻ കഴിയാതെ അവ കണ്ണുകളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു…… സത്യാ….. ആ വിളിയിൽ അത്ഭുതത്തോടെ അവൾ മിഴികളുയർത്തി….. മരുന്നെടുത് കൊടുക്കുമ്പോഴും അവളുടെ മുഖത്തെ തെളിച്ചക്കുറവ് മനസ്സിന്റെ വിങ്ങലിൽ നിന്നാണെന്ന് മനസ്സിലാക്കി തന്നെയാണ് യാശോദ വിളിച്ചത്…. അവർ എന്തെന്ന ഭാവത്തിൽ പുരികമുയർത്തി…. അവൾക്കപ്പോഴൊന്നും പറയാൻ കഴിഞ്ഞിരുന്നില്ല.. അവൾ യാശോധക്ക് മേൽ ചാഞ്ഞു.. തന്റെ തോളിൽ നനവ് പടരുമ്പോൾ അവളുടെ മിഴികൾ പെയ്യുകയാണെന്ന് യാശോദ അറിയുന്നുണ്ടായിരുന്നു….
ഇതാ കുട്ടീ ഇത് നിനക്കുള്ളതാ…. ഇവിടുത്തെ കുടുംബ ക്ഷേത്രത്തിലെ ഉത്സവമാണ് നാളെ…. ഇവിടുത്തെ ഏറ്റവും വലിയ ആഘോഷമാണ്….. നാളെ തറവാട്ടിൽ പൂജയൊക്കെ ഉണ്ടാകും…. ധൃതിയിൽ സുജ ചേച്ചി അത്രയും പറഞ്ഞ് പോകുമ്പോൾ കയ്യിൽ വെച്ചു തന്നൊരു കവർ മാത്രം ബാക്കിയായിരുന്നു.. അവളതെടുത്തു തുറന്നു നോക്കി…. ചുവപ്പ് നിറത്തിൽ സ്വർണ കരയുള്ള മനോഹരമായ ഒരു ദാവണിയായിരുന്നു അതിൽ….. 🔹 അവൾ കാലത്തെ എഴുന്നേറ്റ് കുളിച്ചു പുതിയ വസ്ത്രം മാറ്റി….. എല്ലാവരും അണിഞ്ഞൊരുങ്ങി തയ്യാറാകുന്ന തിരക്കിലായിരുന്നു…. അവരുടെയൊക്കെ മുഖത്തെ സന്തോഷവും ആഹ്ലാദവും ആ ദിവസത്തെ അവരെത്ര മാത്രം കാത്തിരിക്കുന്നുണ്ടെന്ന് മനസ്സിലാക്കി തന്നിരുന്നു….. കൈകളിൽ കുറച്ച് കവറുകളുമായി അകത്തേക്ക് കയറിയ ഋഷിയുടെ കണ്ണുകൾ ആ ചുവന്ന ദാവണിക്കാരിയിൽ തങ്ങി നിന്നിരുന്നു….. വരാന്തയിലൂടെ നടന്നു വരുന്ന അവളെ നോക്കി ഋഷിയല്പ നേരം നിന്നു…… നീളൻ മുടിയിഴകൾ പിറകിലേക്ക് വിടർത്തിയിട്ടിരുന്നു…..
വിടർന്ന കണ്ണുകൾ തന്നെ കണ്ടതും തുറിച്ചു നോക്കുന്നതായി ഋഷിക്ക് തോന്നി…. അവന്റെ ചുണ്ടിലൊരു പുഞ്ചിരിയൂറി…. അവനിൽ നിന്നും കണ്ണുകൾ പറിച്ചു മുന്നിലൂടെ നടന്നു പോകുന്നവളെ ഋഷി നോക്കി നിന്നു….. കവറുമായി അകത്തേക്ക് കയറിയപ്പോഴേക്കും കുട്ടികളും വലിയവരുമൊക്കെയായി അവനെ വട്ടം ചുറ്റിയിരുന്നു.. കയ്യിലുള്ള കവറുകൾ നിമിഷ നേരം കൊണ്ട് കൈകളിൽ നിന്നൂർന്നു പോയി.. അവർക്കെല്ലാം അത്ര മേൽ പ്രിയപ്പെട്ടതാണ് അതിലുള്ളതെന്ന് അവനും അറിയാമായിരുന്നു…. മാല.. കമ്മൽ… മുല്ലപ്പൂ… പൊട്ട്…. തുടങ്ങി ഒരു നീണ്ട ലിസ്റ്റുമായി താനിവിടെ നിന്നിറങ്ങുമ്പോൾ മുതൽ അവരെല്ലാവരും കാത്തു നിൽക്കുകയായിരിക്കും… അവൻ പുഞ്ചിരിച്ചു കൊണ്ട് അവിടെയിരുന്നു…. അവയെല്ലാം വേണ്ടവർ വേണ്ടവർ വീതിച്ചെടുക്കുന്ന തിരക്ക് നോക്കി ഋഷി ചിരിച്ചു…. പെട്ടെന്നാണ് അവിടെ വെച്ച മുല്ലപ്പൂ മാല അവന്റെ കണ്ണുകളിൽ പതിഞ്ഞത്… അത് പതിയേ അവൻ കയ്യിലെടുത്തു….
അപ്പോഴും അവന്റെ മനസ് മുഴുവൻ നിറഞ്ഞു നിന്നത് വിടർത്തിയിട്ടിരിക്കുന്ന ആ നീളൻ മുടിയായിരുന്നു…. അവൻ പതിയേ സൂര്യ മോളുടെ കയ്യിലതേൽപ്പിക്കുമ്പോൾ താൻ കൊടുത്താലൊരിക്കലും അവളത് വാങ്ങില്ലെന്ന പൂർണ ബോധ്യത്തിൽ തന്നെയായിരുന്നു….. സൂര്യ മോളേ മുല്ലപ്പൂവ്മായി അവളിലേക്കയച് അവനും മറഞ്ഞു നിന്നു…. അവളാ മുല്ലപ്പൂ കൈകളിൽ വാങ്ങി മണത് നോക്കി…. കൊള്ളാം…. അവൾ പുഞ്ചിരിച്ചു… മറഞ്ഞു നിൽക്കുന്ന തന്റെ ചൊടിയിലും ഒരു പുഞ്ചിരി വിരിഞ്ഞില്ലേ…. ഇത് ഋഷി ചേട്ടൻ ചേച്ചിക്ക് തരാൻ പറഞ്ഞതാ…. അവൾ ചോദിക്കാതെ തന്നെ സൂര്യ മോളത് പറഞ്ഞതോട് കൂടി അവളുടെ മുഖം മാറി…. വേറൊന്നും പറയാൻ നിൽക്കാതെ ഓടി മറയുന്ന സൂര്യയെ നോക്കി യവൾ നിൽക്കുന്നുണ്ടായിരുന്നു. തന്നെ ഇത്ര മേൽ വെറുക്കുന്ന അവനെന്തിനാണ് തനിക്കിത് കൊടുത്തയച്ചതെന്ന ചോദ്യം അവളിൽ ബാക്കിയായി…. എല്ലാവർക്കും കൊടുക്കുന്ന കൂട്ടത്തിലൊരു പക്ഷെ കൊടുത്തയച്ചതായിരിക്കും… അവൾ സ്വയം ഉത്തരം കണ്ടെത്തി……
പല നിറങ്ങളാൽ എല്ലാവരും ഒരുങ്ങിയപ്പോൾ ജനാലഴികളിൽ പിടിച്ചു നിൽക്കുന്ന ആ കണ്ണുകളിൽ സത്യ കണ്ടത് ശൂന്യതയായിരുന്നു…. ഒന്നിനെയും കാത്തിരിക്കാനില്ലാത്ത ആ നിർവികാരത മാത്രം….. അവരുടെ മുറിയിലെ മരത്തിലെ അലമാര അവൾ തുറന്നു…. ഒരുപാടായി തുറക്കാത്തത് കൊണ്ടായിരിക്കും തുറക്കുമ്പോൾ അതൊരല്പം ശബ്ധിച്ചത്…. ശബ്ദം കേട്ടതും യശോദ പിറകിലേക്ക് തിരിഞ്ഞു….. അതിൽ മടക്കി വെച്ച മനോഹരമായ സാരികളുടെ ഒരു കൂമ്പാരം തന്നെയുണ്ടായിരുന്നു…. അവൾക്കത്ഭുതം തോന്നി… പിന്നെന്തിനാണിവരീ നിറം മങ്ങിയ വസ്ത്രത്തിനുള്ളിലേക്ക് ചുരുങ്ങുന്നതെന്നവളാലോചിച്ചു…… അവളതിലേറ്റവും മനോഹരമായ ഒരു മഞ്ഞ നിറത്തിലുള്ള സാരി കയ്യിലെടുത്തു അവർക്ക് നേരെ നീട്ടി…. ഇന്ന് ഉത്സവമല്ലേ…. ഇന്ന് ഇതുടുത്താൽ മതി…. പുഞ്ചിരിച്ചു കൊണ്ടവളത് പറയുമ്പോൾ ഒട്ടും താലോര്യമില്ലാത്ത വണ്ണം അവർ തിരിഞ്ഞു നിന്നു…. അമ്മേ….. അവളുടെ വിളിയിലെ ഭാവങ്ങളെല്ലാം യാശോധക്ക് തിരിഞ്ഞു നോക്കാതെ തന്നെ അളന്നെടുക്കാൻ കഴിഞ്ഞിരുന്നു…. അമ്മേയെന്ന ആ വിളി കേൾക്കാൻ മനസ്സത്ര മാത്രം കൊതിച്ചതാണ്…..
ഒരുവേള ഋഷിയുടെ കുഞ്ഞ് വായിൽ നിന്നു കേട്ട ആ വിളിയായിരുന്നു മനസ്സിൽ നിറഞ്ഞു നിന്നത്….. അവർ തിരിഞ്ഞു നോക്കി…. സത്യ പറഞ്ഞാൽ യാശോദാമ്മ കേൾക്കില്ലേ… അവരുടെ ചുമലിൽ കൈ വെച്ചത് പറയുമ്പോൾ ആ കണ്ണുകൾ നിശ്ചലമായിരുന്നെങ്കിലും അവയിലൂടോഴുകി മറയുന്ന വികാരങ്ങളെ ഭാമ കുറിച്ച് വെക്കുകയായിരുന്നു…. അപ്പോഴാണ് മുറ്റത്തു നിന്നും വിശ്വനാഥന്റെയും രാജേഷ്വരിയുടെയും മറ്റുള്ളവരുടെയെല്ലാം ശബ്ദം കേൾക്കുന്നത്…. രണ്ട് പേരും താഴേക്ക് നോക്കുമ്പോൾ കുടുംബത്തിലെ എല്ലാവരും സന്തോഷത്തോടെ ചിരിച്ചു കളിച്ചു നിൽക്കുകയാണ്…. തന്നെ ആരും ഓർക്കുന്നത് പോലുമില്ല…… യാശോധയുടെ ഹൃദയം പിടഞ്ഞു…. ഭാമ നീട്ടിയ സാരി അവർ ഇടത് കയ്യാലേ തട്ടി നീക്കി…. ഭാമക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു….. പെട്ടെന്നാണ് അവളുടെ കണ്ണുകൾ ആ മുല്ലപ്പൂമാലയിൽ പതിഞ്ഞത്….. അവളത് കയ്യിലെടുത്തു…. ഈ പൂമാല അമ്മക്ക് വേണ്ടി കൊടുത്തച്ചയച്ചതാണ്… അവൾ പൂ മണത്തു കൊണ്ടത് പറയുമ്പോൾ ആരെന്നറിയാനുള്ള ആകാംക്ഷ യാശോധയുടെ മുഖത്ത് കണ്ടിരുന്നു….
ആരെന്നറിയാമോ…. അവൾ കുസൃതിയോടെ ചോദിച്ചു… അവരൊന്നും മിണ്ടുന്നില്ലെങ്കിലും അതാരാണെന്ന് അറിയണമായിരുന്നെന്ന് ഭാമക്ക് മനസ്സിലായി…. അവളവരുടെ കൈയിൽ പിടിച്ചു നടന്നു.. തൊട്ടപ്പുറത്തുള്ള അവളുടെ മുറിയിലെ ജനാല അവർക്ക് മുമ്പിൽ തുറന്നപ്പോഴാണ് അവന്റെ മുറിയിൽ ഒരുങ്ങിക്കൊണ്ടിരുന്ന ഋഷിയെ അവർ കാണുന്നത്….. ആ കണ്ണുകളിൽ പടരുന്ന ഭാവപ്പകർച്ച ഭാമയിൽ അത്ഭുതമൊന്നുമുണ്ടാക്കിയിരുന്നില്ല……. അവളത് പ്രതീക്ഷിച്ചത് പോലെ നോക്കി നിന്നു….. അവരുടെ ഉള്ളിലെ അമ്മ മനസ്സിനാണ് ഏറ്റവും മുറിവ് പറ്റിയിരിക്കുന്നതെന്ന് അവൾക്ക് തോന്നിയിരുന്നു.. അതിനുള്ള മരുന്ന് അവൻ മാത്രമാണ്…. അവനൊന്നു ചേർത്ത് പിടിച്ചാൽ തീരുന്ന അസുഖമേ ഇന്നവർക്കുള്ളു….. എന്നാൽ അറിഞ്ഞിടത്തോളം അതത്ര മേൽ പ്രയാസമുള്ള ഒന്നാണ്…… ഋഷി കൊടുത്തയച്ചതെന്ന് വിശ്വസിച്ചാവും ഒരുങ്ങാനവർ സമ്മതിച്ചത് ….. ഞൊറിഞ്ഞുടുത്തു ഭാമ അവർക്ക് സാരിയുടുത്തു…
എണ്ണം മയമില്ലാതിരുന്ന മുടിയിൽ എണ്ണ പുരട്ടിയവൾ കെട്ടി മുല്ലപ്പൂ ചുറ്റി…. അവരെ ഒരുങ്ങി കഴിഞ്ഞപ്പോഴേക്കും ഒരു പ്രൗടി അവൾക്ക് തോന്നി… അവിടെയുള്ളവരെക്കാളൊക്കെ അവരെത്ര മാത്രം മനോഹരിയാണെന്ന് അവളാലോചിച്ചു… നമുക്ക് താഴേക്ക് പോയാലോ… അവൾ പ്രതീക്ഷയോടെയത് ചോദിക്കുമ്പോൾ അവർക്ക് പുച്ഛം തോന്നി… ഇത് ഋഷി എനിക്ക് കൊടുത്തയച്ചതല്ലെന്ന് എനിക്ക് വ്യക്തമായറിയാം…. അവരത് പറയുമ്പോൾ ഭാമായൊന്നു പതറി…. പിന്നെന്തിനാണവരൊരുങ്ങാൻ സമ്മതിച്ചതെന്നവളാലോചിച്ചു….. അവനിതെനിക്ക് കൊടുത്തയച്ചതാണെന്ന് എന്നെ സ്വയം വിശ്വസിപ്പിക്കാൻ വേണ്ടിയാണ് ഞാൻ ഇതിനൊക്കെ സമ്മതിച്ചത് സത്യാ….. അവരത് പറയുമ്പോൾ അവൾക്ക് ഹൃദയം നിശ്ചലമാവുന്നത് പോലെ തോന്നി..
ആ മകന്റെ സാമീപ്യം അവരെത്ര മാത്രം ആഗ്രഹിക്കുന്നുണ്ടെന്ന് അവൾ ചിന്തിച്ചു….. അവളുടെ കണ്ണുകളിൽ പടർന്ന നനവിനെ അവർ കാണാതിരിക്കാൻ അവൾ പെട്ടെന്ന് തുടച്ചു നീക്കി…. എല്ലാവർക്ക് മുമ്പിലും അവർ ജയിച്ചു കാണേണ്ടത് തന്റെ ആവശ്യമായി അവൾക്ക് തോന്നി….. ആ മുറിയിലൊതുങ്ങിയ അവരെ പുറത്തേക്ക് കൊണ്ട് പോകാൻ അവൾ തീരുമാനിച്ചു….. അവരെ കുറിച്ചോർക്കാത്തവർക്ക് വേണ്ടിയല്ല……. മറിച് അവർക്ക് വേണ്ടി…. (തുടരും )

by