18/04/2026

സത്യഭാമ : ഭാഗം 34

രചന – അയിഷ അക്ബർ

വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങി നിൽക്കുന്നവളെ കാണുമ്പോൾ ശാരതാമ്മയുടെ ഹൃദയം നീറി കൊണ്ടേയിരുന്നു….

അവളുടെ ഹൃദയത്തിലേ വേദനയുടെ ആഴം അവർക്ക് മാത്രമായി കാണാൻ കഴിയുന്നത് കൊണ്ടായിരിക്കാം അത്…

കല്യാണ തിരക്കുകൾക്കിടയിൽ ഓടി നടക്കുന്ന ജയയെ കണ്ടവൾക്ക് എന്തിനെന്നില്ലാത്ത പുച്ഛം തോന്നി……

സ്വന്തം മകളല്ലാത്തത് കൊണ്ട തന്നെയായിരിക്കാം തന്നെ കുറിച്ചൊരിക്കൽ പോലും വേവലാതിപ്പെടാൻ അവർക്ക് കഴിയാതിരുന്നതെന്ന് അവൾ ചിന്തിച്ചു…..

അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഭാമ മഹേഷിന്റെ മനസ്സിലെ സംശയങ്ങളെല്ലാം തുടച്ചു നീക്കിയിരുന്നു….

അവൾക്ക് ഓർമ തിരിച്ചു കിട്ടിയോയെന്ന ഭയം പല നാളായി അവനിൽ ഉണ്ടായിരുന്നെങ്കിലും അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഒരിക്കൽ പോലും അതീ വിവാഹത്തിലെത്തി നിൽക്കില്ലായിരുന്നെന്ന് അവനറിയാമായിരുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

സത്യ….. സത്യയെ ഒന്ന് കാണാൻ പറ്റുമോ….

ഋഷി ശാര്ത്താമ്മയോടത് ചോദിക്കുമ്പോൾ കരഞ്ഞു കലങ്ങിയ അവരുടെ കണ്ണുകളെ അവന് കാണാൻ കഴിയുന്നുണ്ടായിരുന്നു….

അവര് അമ്പലത്തിലേക്കിറങ്ങിയല്ലോ……

മുത്തശ്ശി…..

അതും പറഞ്ഞ് ശാരതാമ്മ തിരിഞ്ഞു നടന്നതും ഋഷി പിറകിൽ നിന്ന് വിളിച്ചു….

അവർ അവന് നേരെ തിരിഞ്ഞു…..

വിവാഹത്തിന് ആകെ സമ്മതം വാങ്ങേണ്ടത് മുത്തശ്ശിയിൽ നിന്ന് മാത്രമാണെന്ന് പറഞ്ഞാണ് അവസാനമായി അവളെന്നിൽ നിന്ന് സന്തോഷത്തോടെ മടങ്ങിയത്……

അന്ന് മുത്തശ്ശിക്കും അവൾക്കും ഇടയിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയണം…..

അവൻ നിസ്സഹായതയോടെ അത് പറയുമ്പോൾ ശാരതാമ്മയുടെ മുഖം നിർവികാരമായിരുന്നു….

അവനിൽ നിന്നങ്ങനൊരു ചോദ്യം പ്രതീക്ഷിച്ചെന്ന പോൽ….

എന്റെ സ്നേഹത്തെ വെല്ലാൻ മാത്രം കഴിവുള്ള എന്താണ് അന്ന് സംഭവിച്ചത്….. ഇപ്പോഴും എനിക്കറിയാം എന്നെ മറന്നൊന്നു ശ്വസിക്കാൻ പോലും അവൾക്ക് കഴിയില്ലെന്ന്….

അവനത് പറഞ്ഞതും ഒന്നും പറയാനില്ലെന്ന പോൽ ശാരത്താമ്മ തിരിഞ്ഞു നടന്നു….

പെട്ടെന്നാണ് അവരുടെ കയ്യിൽ പിടുത്തമിട്ട അവന്റെ കയ്യിന്റെ ചൂട് അവരറിഞ്ഞത്……

അവർ പിറകിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു……

ഞാൻ എത്രയും പെട്ടെന്ന് പ്പോയി കൊള്ളാം….
ഇത്ര ദൂരം അവളെ തിരഞ്ഞാണ് ഞാൻ വന്നത്…..
എന്റെ സ്നേഹത്തിനു പകരമായി ആ കാരണമെങ്കിലും ഞാനറിഞ്ഞിരിക്കേണ്ടേ മുത്തശ്ശി……

അവനത് ചോദിക്കുമ്പോൾ ശാരതമ്മ അവനെ ദയനീയമായി നോക്കി….

അവൾക്ക് വേണ്ടി എപ്പോഴും നല്ലത് മാത്രം ചിന്തിച്ചിരുന്ന മുത്തശ്ശി ഈ വിവാഹം നടത്താൻ കൂട്ട് നിൽക്കുന്നതെന്തിനാണെന്ന് ഞാനറിഞ്ഞോട്ടെ….

അവനത് ചോദിക്കുമ്പോൾ ശാരതാമ്മയുടെ മിഴികളും നിറഞ്ഞൊഴുകിയിരുന്നു….

നിനക്കെന്താണ് അറിയേണ്ടത്…..
എന്റെ കുഞ്ഞിനെ വേദനിപ്പിക്കാൻ ഞാൻ കൂട്ട് നിൽക്കുന്നതെന്തിനെന്നോ…
എന്നാ കേട്ടോ നീയുമായുള്ള അവളുടെ വിവാഹം അത് നടക്കാൻ പാടില്ലാത്തതായത് കൊണ്ട്…..

അവരത് പറയുമ്പോൾ അവന്റെ കണ്ണുകൾ ചുരുങ്ങി…. എന്തിനെന്നറിയാതെ…..

നിന്നെ വിവാഹം കഴിക്കാൻ പറ്റില്ല എന്ന് മാത്രമേ ഞാനവളോട് ആവശ്യപ്പെട്ടിട്ടുള്ളു….
നിന്റെ സ്ഥാനത് മറ്റൊരാളെ സങ്കൽപ്പിക്കാനാണെങ്കിൽ അത് മഹേഷേയാലും മാറ്റാരായാലും അവൾക്കൊരു പോലെയെന്ന് പറഞ്ഞ് നെഞ്ച് പൊട്ടിയാണെന്റെ കുഞ്ഞ് ഇന്നിവിടെ നിന്നിറങ്ങിയിട്ടുള്ളത്…..

അവരത് പറയുമ്പോൾ ഋഷിക്കൊന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല….

ദിവസങ്ങൾ മാത്രം പരിചയമുള്ള മുത്തശ്ശിക്കെന്നോട് ഇത്ര മാത്രം വെറുപ്പ് വരാൻ കാരണമെന്താണ്…

എന്റെ ഭാഗത്തു നിന്നെന്തെങ്കിലും…..

അവൻ ദയനീയമായി അത് ചോദിക്കുമ്പോൾ അവർ അവന് നേരെ കയ്യുയർത്തി..

അത് നീ മാപ്പ് പറഞ്ഞാൽ തീരുന്ന തെറ്റല്ല…. നീ…. നീ വിശ്വാനാഥന്റെ മകനായതാണ് കാരണം….

ഋഷിയുടെ കണ്ണുകളിൽ അത്ഭുതം….

എന്റെ അച്ഛനുമായി മുത്തശ്ശിക്കെന്താണിത്ര ശത്രുത…..

അവൻ വീണ്ടുമത് പറയുമ്പോൾ എങ്ങനെ പറയണമെമ്പറിയാതെ ശാരതാമ്മ നിന്നു..

നിന്റെ അച്ഛന്റെ മകൾ തന്നെയാണ് ഭാമായെന്ന് അവനോട് പറയാൻ അവർക്ക് വല്ലാത്ത പ്രയാസം തോന്നി…..

ഭാമയുടെ അവസ്ഥ ഇതിനേക്കാൾ വലുതായിരിക്കുമല്ലേയെന്നോർക്കുമ്പോൾ അവർക്ക് വല്ലാത്ത സങ്കടം തോന്നി….

ഭാമ എന്റെ കൊച്ചുമോളല്ല….
അവൾ നിന്റെ തറവാട്ടിലെ സന്തത്തിയാണ്….

അവരത് പറയുമ്പോൾ ഋഷിക്കൊന്നും പറയാനുണ്ടായിരുന്നില്ല….

അവനത് അറിയാവുന്നത് കൊണ്ട് തന്നെ നിശബ്ദനായി….

അവൾ നിന്റെ അച്ഛൻ വിശ്വ നാഥന്റെ രക്തം തന്നെയാണ്…..
അവരത് പറഞ്ഞതും അവൻ ഞെട്ടി അവരുടെ മുഖത്തേക്ക് നോക്കി….

എന്റച്ഛന്റെയോ…..
അവനത് ചോദിക്കുമ്പോൾ കണ്ണുകൾ ചുരുങ്ങിയിരുന്നു…..

അതേ മോനേ….കുഞ്ഞുങ്ങളില്ലാതിരുന്ന എന്റെ മകനു നിന്റച്ഛൻ കൊടുത്തതാണ് അവളെ..
എന്റെ മകൻ മരിക്കുന്നത് വരെ അവളെ പോന്നു പോലെയാണ് നോക്കിയത്…

അതിനു പകരമെന്നോണം ഇപ്പൊ ആ മഹേഷിനെ പോലൊരാളെ അവൾക്ക് വിവാഹം കഴിക്കേണ്ടി വന്നു……

നിന്നോടിത് പറയാൻ അത്രയേറെ പ്രയാസമുള്ളത് കൊണ്ടാണ് ഭാമയും ഇത് വരെ ഒന്നും പറയാതിരുന്നത്…എന്നാൽ വിവാഹം കഴിഞ്ഞു പോകും മുൻപ് നിന്നെ കണ്ട് ഇതെല്ലാം പറയണമെന്നവൾ പറഞ്ഞിരുന്നു….

അതിനുള്ള അവസരം ഇനി മോനുണ്ടാക്കി കൊടുക്കരുത്…..നീയിനി അവളുടെ മുമ്പിലേക്ക് ചെല്ലരുത്….

ആ വേദന കൂടിയവൾക്ക് കൊടുക്കേണ്ടെന്ന് കരുതിയാണ് ഞാൻ തന്നെ അത് നിന്നോട് പറഞ്ഞത്….

അവരത്തും പറഞ്ഞ് മിഴികളോപ്പുമ്പോൾ ഋഷിയുടെ മനസ്സിൽ ആശ്വാസം തളം കെട്ടി നിന്നു…..

എന്റെ അച്ഛൻ കൊടുത്തത് കൊണ്ട മാത്രം അവളെങ്ങനെ എന്റെ അച്ഛന്റെ മോളാകും……

അവൻ അവരെ നോക്കിയത് ചോദിക്കുമ്പോൾ അവന്റെ കണ്ണുകളിൽ നിന്നും ദുഃഖം പാടേ നീങ്ങിപ്പോയിരുന്നു….

അവൾ മഠത്തിൽ തറവാട്ടിലെതാണെന്ന് വിശ്വാനാഥൻ പറഞ്ഞിരുന്നു….

അവരത് പറയുമ്പോൾ അവനൊന്നു നെടുവീർപ്പിട്ടു…..

ഇതിനായിരുന്നോ ഇതിവിടം വരെയെത്തിച്ചതെന്ന് അവനോർത്തു…..

പിന്നീടവരോടൊന്നും പറയാൻ നിൽക്കാതെ അവൻ പിന്തിരിഞ്ഞിറങ്ങി….

മോനെ…. നീയിനി അങ്ങോട്ട് പോകരുത്… നിന്നെ കണ്ടാൽ അവളിനിയും വിഷമിക്കുകയേയുള്ളൂ…..

അവരത് പറയുമ്പോൾ അവൻ കയ്യിൽ കിടക്കുന്ന വാചിലേക്ക് നോക്കി….

പിന്നീടൊന്നും പറയാതെ അവിടെ നിന്നുമിറങ്ങി….

അവനോട് പറഞ്ഞത് വിഡ്ഢിത്തമായോയെന്ന് അവർ ചിന്തിച്ചു തുടങ്ങുമ്പോഴേക്കും ക്ലോക്കിലെ സൂചി വിവാഹത്തിന്റെ മുഹൂർത്ഥത്തിനടുത്തേക്ക് ചലിക്കുന്നത് കണ്ടതും അവർ വേഗം അമ്പലത്തിലേക്കിറങ്ങാൻ തുടങ്ങി……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
വിശ്വനാഥനും യാശോധയും രാജിയും അവിടെയെത്തുമ്പോൾ കതിർ മണ്ഡപത്തിലേക്ക് കയറാനൊരുങ്ങുന്ന സത്യയെയാണ് കാണുന്നത്….

പെട്ടെന്ന് അവരെ കണ്ടതും അവളൊന്നു ഞെട്ടിയിരുന്നു…..

സത്യാ…. യാശോദയവളെ കെട്ടിപ്പിടിച്ചു…..

അവൾ ഒരു പ്രതിമ കണക്കെ നിൽക്കുകയായിരുന്നു….

വിശ്വാനാഥന്റെ മുഖത്തേക്ക് അവളൊന്നു നോക്കി…..
വർഷങ്ങൾക്ക് ശേഷം തിരിച്ചു കിട്ടിയ അച്ഛൻ….

എന്നാൽ ആ മുഖത്ത് അതിരു കവിഞ്ഞ സ്നേഹമോ വാത്സല്യമോ ഇല്ലാ….

അരികിൽ നിൽക്കുന്ന രാജേഷ്വറിയിലേക്ക് അവളൊന്നു നോക്കി….

തന്നെ ഒത്തിരി വേദനിപ്പിച്ചിട്ടുണ്ടെങ്കിലും തന്റെ രക്തമാണ്…. അപ്പച്ചിയാണ്…..

അവരുടെ മുഖം നിർവികാരമായി അവൾക്ക് തോന്നി….

വാ സത്യാ…. നമുക്ക് നമ്മുടെ വീട്ടിലേക്ക് പോകാം…. അവിടെ മുടങ്ങിപ്പോയ ആ വിവാഹമല്ലേ നടക്കേണ്ടത്….

യാശോദ വെപ്രാളത്തോടെ അത് പറഞ്ഞ് കൊണ്ട സത്യയുടെ കയ്യിൽ പിടിക്കുമ്പോൾ ഭാമക്ക് ചുറ്റും നിന്നിരുന്നവരെല്ലാം അവരെ നോക്കി പിറു പിറുക്കാൻ തുടങ്ങിയിരുന്നു…..

എന്താ യാശോധേ നീയീ കാണിക്കുന്നത്..
എന്ന് പറഞ്ഞ് വിശ്വൻ യാശോധയുടെ കൈ സത്യയുടെ കയ്യിൽ നിന്നും പിടിച്ചു മാറ്റി….

അവർ ദയനീയമായി അവളെ നോക്കി…
സമയം അത്ര മേൽ വൈകി പോയെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു….

അവളുടെ കണ്ണുകളിലും നിസ്സഹായത മാത്രമായിരുന്നു…..

കതിർ മണ്ഡപത്തിലേക്ക് കയറും മുമ്പേ എല്ലാവരുടെ അടുത്ത് നിന്നും അനുഗ്രഹം വാങ്ങാൻ തുടങ്ങി….

യാശോധയുടെ കാലിൽ വീണു അനുഗ്രഹം വാങ്ങുമ്പോൾ ആ കാലുകൾ നനയുന്നത് അവരറിയുന്നുണ്ടായിരുന്നു….

അവർ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു കെട്ടിപ്പിടിച്ചു…

രണ്ട് പേരും കരയുകയായിരുന്നു….

ഋഷിയുടെ അച്ഛനായാണ് എന്നും കണ്ടിട്ടുള്ളത്…. എന്നാൽ തന്റെയും കൂടി അച്ഛനാണെന്ന് അറിഞ്ഞു കൊണ്ട ആ കൽക്കലേക്ക് വീഴുന്നത് അവളാദ്യമായിരുന്നു….

നന്നായി വരട്ടേ… എന്ന് പറഞ്ഞ് അവളെ പിടിച്ചെഴുന്നേൽപ്പിക്കുമ്പോഴും ആ കണ്ണുകളിൽ താൻ തിരയുന്നൊരു വാത്സല്യമുണ്ടായിരുന്നു…തനിക്കിത് വരെ കാണാൻ കഴിയാത്ത അതിനെ കുറിച്ചോർത്തു അവളൊന്നു വിതുമ്പി…..

രാജേഷ്വരിയിലേക്ക് നീങ്ങിയപ്പോൾ അവരോടവൾക്ക് ദേഷ്യമൊന്നും തോന്നിയില്ല….

തന്റെ രക്തമല്ലെ എന്ന് കരുതിയാവാം ഒരുപക്ഷെ .

അവളാ കാൽക്കലേക്ക് വീണപ്പോൾ പെട്ടെന്ന് അവരൊന്നു ഞെട്ടിയെങ്കിലും അവളിൽ നിന്നും കാലുകൾ പിൻവലിക്കാൻ അവർക്ക് കഴിഞ്ഞില്ല…..

എങ്കിലും അവളെ പിടിച്ചെഴുന്നേൽപ്പിക്കാനോ അനുഗ്രഹം കൊടുക്കാനോ ഒന്നും അവർ തയ്യാറായിരുന്നില്ല….

എങ്കിലും അവർ പോലുമറിയാതെ മനസ്സ് അവൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നത് അവർക്ക് മാത്രമായി അറിയുന്നുണ്ടായിരുന്നു….

അവരിൽ നിന്നുയർന്ന് ഭാമ നേരെ നോക്കിയത് ഋഷിയിലേക്കായിരുന്നു….

പെട്ടെന്ന് അവനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു….

കതിർ മണ്ഡപത്തിൽ തന്നെ നോക്കിയിരിക്കുന്ന മഹേഷിനടുത്തേക്ക് അവൾ നടന്നു തുടങ്ങുമ്പോൾ കണ്ണുകൾ അവനെ തഴുകി നിറഞ്ഞു തുടങ്ങിയിരുന്നു…..

അനുഗ്രഹം വാങ്ങൽ കഴിഞ്ഞോ….

എല്ലാവരുടെയും ശബ്ദത്തിന് മുകളിലായി ഋഷിയുടെ സ്വരം പൊങ്ങിയത് ഭാമയോടായിരുന്നു….

അവൾ തുളുമ്പി നിൽക്കുന്ന മിഴികളുമായി അവനെ നോക്കി….

അവനെന്തിനുള്ള പുറപ്പാടാണെന്ന് അറിയാതെ ശാരതയും ജയയും മഹേഷും എല്ലാവരും അവനെ നോക്കി….

നിനക്ക് അനുഗ്രഹം വാങ്ങാൻ ഒരാള് കൂടി ബാക്കിയുണ്ട്…
അവൻ അവളോടായി അത് പറയുമ്പോൾ അവിടെയുള്ള എല്ലാവരെയും പോലെ യാശോധയും രാജേഷ്വരിയും മുഖത്തോട് മുഖം നോക്കി…..

ദാ….. നീ അനുഗ്രഹം വാങ്ങേണ്ടയാൾ…..

അവൻ കൈ ചൂണ്ടിയിടത് ആൾക്കൂട്ടത്തിനിടയിൽ നിന്നും വന്നയാളെ കണ്ട് ഭാമയുടെ മിഴികൾ വിടർന്നു…

എന്നാൽ ആ മുഖം കൊണ്ട് ശ്വാസം വിലങ്ങി നിൽക്കുന്ന മറ്റു പലരും അവിടെയുണ്ടായിരുന്നു…..

(തുടരും )