രചന – അയിഷ അക്ബർ
ഭാമയെ ചേർത്ത് പിടിച്ചു കൊണ്ട മഹാദേവൻ പോയതും ശ്വാസമെടുക്കാൻ പോലും മറന്നതേ നിൽപ്പ് നിൽക്കുകയായിരുന്നു രാജേഷ്വരി…..
വർഷങ്ങൾക്ക് ശേഷം മരിച്ചെന്നു കരുതിയവളെ വിധി തനിക്ക് വെച്ചു നീട്ടിയപ്പോൾ സ്നേഹത്തോടെയൊന്നു നോക്കാൻ പോലും തുനിഞ്ഞിട്ടില്ല താൻ….
മാത്രമല്ല…… താൻ നൊന്തു പ്രസവിച്ചവളെ ഇല്ലാതാക്കാൻ ശ്രമിച്ച ഒരു നശിച്ചവളായി താൻ മാറിയിരിക്കുന്നു…..
ജീവിത കാലം മുഴുവൻ കാത്തിരുന്നവൻ അരികെ നിന്നിട്ടും അവന്റെ മനസ്സിനെ തൊട്ട് താനിന്ന് ഒത്തിരി അകലെയാണെന്ന് തിരിച്ചറഞ്ഞിരിക്കുന്നു….
അവർക്ക് കണ്ണുകളിൽ ഇരുട്ട് പടരും പോലെ തോന്നി…..
ശരീരം കുഴയുന്നത് പോലെ…
രാജീ……
അവർ നിലത്തേകൂർന്ന് വീണെന്ന് തോന്നിയതും യശോദ അവരെ താങ്ങി പ്പിടിച്ചിരുന്നു….
അപ്പോഴേക്കും ഋഷിയും വിശ്വാനാഥനും ഓടിയത്തിയിരുന്നു…..
ആശുപത്രിയിലെത്തിയപ്പോഴാണ് അവർ വീണ്ടും കണ്ണുകൾ തുറക്കുന്നത്….
അപ്പോഴും ഹൃദയത്തിൽ തങ്ങി നിന്നിരുന്നത് അവളുടെ മുഖമായിരുന്നു….
അവളെ ചേർത്ത് പിടിച്ചൊന്നു ചുമ്പിക്കാൻ അവരുടെ ഹൃദയം തുടിച്ചു കൊണ്ടിരുന്നു….
രാജി…..
യാശോദ അവരുടെ ചുമലിൽ കൈ വെച്ചു..
ഏട്ടത്തി…. എനിക്കവളെ കാണണം…..
അവളെന്റെ മോളാണെന്ന് നിങ്ങൾക്കെല്ലാം അറിയാമായിരുന്നോ….
നിറഞ്ഞു വന്ന മിഴികളെ കടിച്ചു പിടിച്ചു കൊണ്ട രാജിയത് ചോദിക്കുമ്പോൾ യാശോദ നിർവികാരയായിരുന്നു…..
ഇല്ല രാജീ….. എനിക്കറിയുമായിരുന്നില്ല…
പലതും നമ്മളറിയാത്തത് കൊണ്ടാണ് നമ്മുടെ ഒത്തിരി വർഷങ്ങൾ ജീവച്ഛവങ്ങളായി കടന്നു പോയത്……
രാജി ദൂരേക്ക് മിഴികൾ നട്ടു…..
എനിക്ക്….. എനിക്കവളെ കാണണം……
യാശോധയുടെ കൈ പിടിച്ചു രാജിയത് പറയുമ്പോൾ അതിൽ ഒരു കൊച്ചു കുഞ്ഞിന്റെത് പോലുള്ള തേങ്ങൽ ബാക്കിയായിരുന്നു…..
രാജി…. ഇത്രയും വർഷങ്ങൾ ദൈവം അവരെ കാത്തു വെച്ചത് നിന്നോട് ചേർക്കാനായിരിക്കും….
അതാര് വിചാരിച്ചാലും മാറ്റി മറിക്കാൻ സാധിക്കില്ല….. വിധി അവരെ നിന്നോട് ചേർക്കുക തന്നെ ചെയ്യും….
രാജിയുടെ മുടിയിഴകളിൽ തലോടി യശോദയത് പറയുമ്പോഴും അവരുടെ മനസ്സിനു സമാധാനമുണ്ടായിരുന്നില്ല…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മഹാദേവനോടൊപ്പമുള്ള ആ യാത്രയിൽ ഭാമയുടെ മനസസ്സിൽ കുരുങ്ങിക്കിടന്നിരുന്നത് ഒത്തിരി ചോദ്യങ്ങളായിരുന്നു….
എന്നാൽ മഹദേവന്റെ ചേർത്ത് പിടിക്കലിൽ അവളൊരു കൊച്ചു കുഞ്ഞിനെ പോലായി മാറുന്നത് അവളറിഞ്ഞിരുന്നു..
കളഞ്ഞു പോയ കളിപ്പാട്ടം തിരികെ കിട്ടിയ ഒരു കുഞ്ഞിന്റെ സന്തോഷം പോൽ അവളിൽ വല്ലാത്തൊരു ആനന്ദം നിറഞ്ഞു നിന്നിരുന്നു……
തന്നെ എപ്പോഴും വേദനിപ്പിക്കാനാണ് വിധി ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് വിശ്വസിച്ചിരുന്ന തന്നിലേക്ക് എത്ര മനോഹരമായാണ് എല്ലാത്തിനെയും ചേർത്ത് വെച്ചത്….
അപ്പോഴും അമ്മയെന്നു പറഞ്ഞ് തനിക്ക് ചൂണ്ടി കാണിച്ചു തന്നവരുടെ മുഖം മനസ്സിന്റെ ഒരു മൂലയിൽ കിടന്നവളെ വേദനിപ്പിക്കുന്നുണ്ടായിരുന്നു…..
ഡോക്ടർ വരാൻ അല്പം വൈകിയിരുന്നെങ്കിൽ എന്താകുമായിരുന്നെന്ന് അവളോർത്തു……
എന്നാൽ എല്ലാം അറിഞ്ഞു കൊണ്ട് വന്ന ഋഷി ഒരിക്കലും ആ വിവാഹത്തിന് സമ്മതിക്കുമായിരുന്നില്ലെന്ന് അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു….
അവനെ കുറിച്ചോർത്തതും അവളുടെ ഹൃദയത്തിൽ ഒരു തണുപ്പിരച്ചേതിയിരുന്നു
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മോളേ… ലക്ഷ്മി…. എഴുന്നേൽക്ക്…. നമ്മുടെ വീടെത്തി…..
എപ്പോഴോ മയങ്ങിപ്പോയ അവളെ കുലുക്കി വിളിച്ചു കൊണ്ട മഹാദേവനത് പറയുമ്പോൾ ഭാമ പതിയേ കണ്ണുകൾ തുറന്നു……
അവൾ കാറിൽ നിന്നിറങ്ങിയതും കാറിന്റെ ശബ്‍ദം കേട്ടിട്ടാവണം മുത്തശ്ശി ഓടി കിതച്ചെത്തിയത്…..
മോളേ….. ലക്ഷ്മി….
അവരവളെ കെട്ടിപ്പിടിച്ചു കൊണ്ട് ചുംബനങ്ങളാൽ മൂടി…..
ഞാൻ പറഞ്ഞില്ലേ അമ്മേ അവളെന്റെ യാണെന്നു….
മഹാദദേവൻ അവളെ ചേർത്ത് പിടിച്ചു കൊണ്ടത് പറയുമ്പോൾ അയാളുടെ കണ്ണുകളിൽ അങ്ങേയറ്റം അഭിമാനമായിരുന്നു…..
അവളെ തിരിച്ചു കിട്ടിയതിലുള്ള അടങ്ങാത്ത സന്തോഷം രണ്ട് പേരിൽ നിറഞ്ഞു നിന്നിരുന്നു…..
അവൾ വെറുതെ ചുറ്റുമോന്നു നോക്കി….
താൻ നനച്ചിരുന്ന ചെടികളിൽ പലതും വാടി തുടങ്ങിയിരുന്നു..
അവിടെയുള്ള മാറ്റങ്ങളോരോന്നും അവൾ മിഴികളാൽ ഒപ്പിയെടുക്കുമ്പോൾ അവൾ അവളുടെ സ്വന്തം വീട്ടിലേക്ക് തിരിച്ചു വന്നതിൽ കവിഞ്ഞവൾക്ക് ഒന്നും തോന്നിയിരുന്നില്ല…
അത്രയും ചുരുങ്ങിയ സമയം കൊണ്ട തന്നെ അവിടുത്തെതെല്ലാം താൻ സ്വന്തമാക്കിയിരുന്നതാണല്ലോ……
ഡെയിനിങ് ടേബിളിൽ നിരത്തി വെച്ച പലഹാരങ്ങളിൽ എല്ലാം തന്നെ തന്റെ ഇഷ്ടത്തിനുള്ളതാണെന്ന് അവളോർത്തു….
അത്ര മേൽ തന്റെ വയറു നിറക്കാനായി അവർ രണ്ട് പേരും തന്നെ ഊട്ടി കൊണ്ട്ടിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മോളേ ലക്ഷ്മി….
ഞാൻ വന്നപ്പോൾ തൊട്ട് ശ്രദ്ധിക്കുന്നതാണ് നിന്റെ മുഖത്തെ ഒരു തരം ഉത്സാഹമില്ലായ്മ…..
ഞങ്ങളുടെ ലക്ഷ്മിയേക്കാൾ നിനക്ക് ഭാമയിൽ കുരുങ്ങിക്കിടക്കാനാണോ ഇഷ്ടം……
മഹാദേവനത് ചോദിക്കുമ്പോൾ ആ വാക്കുകളിൽ നിരാശ കലർന്നിരുന്നതായി അവൾക്ക് തോന്നി…..
അവളൊന്നും മിണ്ടാത്തെ ജനലഴികളിൽ പിടിച്ചു കൊണ്ട് ദൂരേക്ക് നോക്കി നിന്നു..
ഭാമയെന്ന യാഥാർഥ്യത്തെക്കാൾ ലക്ഷ്മിയെന്ന സ്വപ്നമാവാൻ തന്നെയാണ് എന്നും ആഗ്രഹിച്ചത്…..
എന്നാൽ മനസ്സിൽ അങ്ങേയറ്റം നിറഞ്ഞു നിൽക്കുന്നത് ഒത്തിരി ചോദ്യങ്ങളാണ്…..
ഇവിടെ നിന്നു ഞാൻ പോകും വരെ മകളാണെന്നറിയാത്ത നിങ്ങൾക്കെന്നെ ഞാൻ പെട്ടെന്ന് മകളാണെന്ന് തിരിച്ചറിഞ്ഞു…..
എനിക്ക് ജന്മം നൽകിയവരെന്ന് പറഞ്ഞ് ചൂണ്ടി കാണിച്ചവർ എന്നെ കൊല്ലാൻ നോക്കിയെന്നത് സത്യമാണോ…..
അവളത് ചോദിക്കുമ്പോൾ അവളുടെ ഹൃദയമെന്തെന്ന് അയാൾക്ക് മനസ്സിലായിരുന്നു….
അന്നവളിവിടെ ഉണ്ടായിരുന്നപ്പോൾ അവളുടെ മനസ്സിൽ ഈ ലോകം മാത്രമേ ഉണ്ടായിരുന്നുള്ളു….
എന്നാലിന്ന് അവളുടെ മനസ്സിനെ കീഴടക്കുന്നത് ഉത്തരമറിയാത്ത ഒത്തിരി ചോദ്യങ്ങളാണ്…..
ഒരു നിമിഷം കൊണ്ട് എന്തൊക്കെയൊ കണ്മുന്നിൽ നടന്നതിന്റെ ഞെട്ടലായിരുന്നു……
അന്ന് നീയിവിടെ നിന്ന് പോയ ദിവസം ഞാനാകെ തളർന്നിരുന്നു….
അമ്മ ഭയന്നിരുന്നത് പോലെ തന്നെ രാജിയുടെ വേർപാട് പോലെ തന്നെ അതെന്നെ വല്ലാതെ ബാധിച്ചിരുന്നു…
എവിടെ നോക്കിയാലും നിന്റെ മുഖം തെളിഞ്ഞു കണ്ടിരുന്നു….
നിന്റെ കുറുമ്പുകളും കുസൃതികളും കണ്ണിൽ നിന്ന് മാഞ്ഞു പോയിരുന്നില്ല…..
കലങ്ങിയ കണ്ണുകളുമായി ഇവിടെ നിന്നിറങ്ങി പോകുന്ന നിന്റെ മുഖം നെഞ്ചിലൊരു നീറ്റലായി ബാക്കി നിന്നു……
കുറച്ച് ദിവസങ്ങൾക്കു ശേഷമാണ് എന്നെ കാണാൻ ആരോ വന്നിട്ടുണ്ടെന്ന് പറഞ്ഞ് ഞാൻ വീട്ടിലേക്ക് ചെല്ലുന്നത്….
ചെന്ന പാടേ എന്നെ എതിരെറ്റത് പുഞ്ചിരിയോടെ ഒരു ചെറുപ്പക്കാരനായിരുന്നു….
ഞാനും അവന് പകരമായി ഒരു പുഞ്ചിരി സമ്മാനിച്ചു…
അപ്പോഴാണ് അവന്റെ കൂടെയുള്ള അയാൾ മുഖം തിരിച്ചത്…..
കണ്ണുകളെ വിശ്വസിക്കാൻ കഴിയാതെ ഞാനൊന്ന് കൂടി അയാളെ നോക്കി….
വിശ്വാ …..
ഞാനയാളെ വിളിക്കുമ്പോഴും അവനതെ നിൽപ്പ് തന്നെയായിരുന്നു…..
ഓർക്കുന്നുണ്ടോ എന്നെ…
ഞാൻ ചോദിക്കുമ്പോൾ പെട്ടെന്ന് വർഷങ്ങൾക്ക് ശേഷം എന്നെ കണ്ടതിലുള്ള പകപ്പായിരിക്കാം എന്നാണ് കരുതിയത്……
നിങ്ങൾ തമ്മിൽ പരിചയമുണ്ടോ അച്ഛാ…
ഋഷി വിശ്വനെ നോക്കി ചോദിക്കുമ്പോൾ വിശ്വൻ പതിയേ തലയാട്ടി…
അയാളൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു….
ഞങ്ങൾ പഴയ കൂട്ടുകാരായിരുന്നു….. നീ വിശ്വന്റെ മോനാണല്ലെ…. നീയൊതിരി വലുതായി…
മാഹദേവൻ പുഞ്ചിരിച്ചു കൊണ്ടത് പറയുമ്പോഴും വിശ്വന്റെ മുഖത്തെ വരുത്തി തീർത്ത പുഞ്ചിരിയിടയിലുള്ള ഒരു തരം ഭയം മഹാദേവനറിയുന്നുണ്ടായിരുന്നു……
വിശ്വനെ കണ്ടപ്പോൾ മുതൽ രാജിയെ കുറിച് ചോദിക്കാൻ മനസ്സ് വെമ്പി നിൽക്കുകയായിരുന്നെങ്കിലും മുൻപ് നടന്ന സംഭവങ്ങളെയോർത്തായിരിക്കാം വിശ്വന്റെ മുഖത്തെ പരിഭ്രമം എന്ന് തോന്നിയത് കൊണ്ട് തന്നെ മഹാദേവന്നതിനു മുതിർന്നില്ല…..
അങ്കിൾ… ഞങ്ങൾ വന്നത്…
അത്രയും പറഞ്ഞ് കൊണ്ട് പോക്കറ്റിൽ നിന്നും ഒരു ഫോട്ടോ മഹാദേവന് നേരെ യവൻ നീട്ടി…..
ഈ കുട്ടിയെ കുറിച്ചറിയാനാണ്….. ഇവിടെ ഉണ്ടായിരുന്നെന്നാണ് ഞങ്ങൾക്ക് കിട്ടിയ വിവരം…
ഋഷി മഹാദേവനെ നോക്കി പ്രതീക്ഷയോടെ അത് ചോദിക്കുമ്പോഴും വിശ്വൻ വല്ലാത്തൊരു പകപ്പിലായിരുന്നു…..
അവന്റെ മകളെ അന്നെഷിച്ചാണ് താൻ വന്നിരിക്കുന്നതെന്ന സത്യം അറിയാവുന്നത് കൊണ്ടാവാം അത്….
മഹാദേവനാ ഫോട്ടോ കയ്യിൽ പിടിച്ചതും ആ മുഖത്ത് പടർന്ന വേദന അവരറിയുന്നുണ്ടായിരുന്നു…..
ഈ കുട്ടി…. ഈ കുട്ടി നിങ്ങൾക്കാരാണ്….
മഹാദേവനത് ചോദിക്കുമ്പോൾ വിശ്വന്റെ ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി….
അത്…. ഞങ്ങളുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന കൊച്ചായിരുന്നു…..
അയാൾ ഇടക്ക് കയറിയത് പറയുമ്പോൾ ഋഷി ഒരു തരം വേദനയോടെ അയാളെ നോക്കി….
ഓഹ്…. അവളിവിടെയുണ്ടായിരുന്നു കുറച്ച് ദിവസം മുൻപ് വരെ….. എന്നാൽ അവളുടെ വീട്ടുകാർ വന്നു അവളെ കൂട്ടി കൊണ്ട് പ്പോയി……
എങ്ങോട്ട്……
മഹാദേവനത് പറയുമ്പോൾ ഋഷി ഇടക് കയറിയത് ചോദിച്ചു…
അതെനിക്കറിയില്ല…
അവളുടെ കുടുംബത്തിനോടൊപ്പമാണ് ഞാനവളെ അയച്ചത്….
മഹാദേവാ…. നിന്റെ കുടുംബം….
വിശ്വന്നത് ചോദിക്കുമ്പോൾ മഹാദേവനൊന്നു പുഞ്ചിരിച്ചു….
അമ്മയെ കണ്ടിരുന്നില്ലേ…. പുതിയതായൊരു കുടുംബം ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചില്ല…..
അയാൾ ചിരിച്ചു കൊണ്ടത് പറയുമ്പോൾ അത് വരെ പടർന്നിരുന്നൊരു ഭയത്തെ വിശ്വനിൽ നിന്നു കുറഞ്ഞു പോയിരുന്നു…..
എങ്കിലും അവൾ നിന്റെ മോളു തന്നെയാണെന്ന് പറയാനുള്ള ധൈര്യമെന്തോ അയാൾക്ക് വന്നില്ലാ…..
അവരെ ഭക്ഷണം കൊടുത്താണ് മഹാദേവനവിടെ നിന്നും പറഞ്ഞയച്ചത്……
അവിടെ നിന്ന് ഇറങ്ങിയിട്ടും അച്ഛന്റെ മുഖത്തെ ആശങ്ക ഋഷിയറിയുന്നുണ്ടായിരുന്നു….
എന്താ അച്ഛാ…. എന്താണ് പ്രശനം…..
ഇനിയും ഞാൻ അറിയാത്തതായി എന്തെങ്കിലുമുണ്ടോ…..
അവനത് ചോദിക്കുമ്പോൾ വിശ്വനൊന്നും ഒളിച്ചു വെക്കാൻ കഴിയുമായിരുന്നില്ല….
ഋഷിയോട് സത്യങ്ങളെല്ലാം പറയുമ്പോൾ അവന്റെ കണ്ണുകളിൽ അത്ഭുതം തിങ്ങി നിന്നു…..
അവൻ കാറ് പുറകിലേക്ക് തിരിച്ചു…..
പോയവർ വീണ്ടും തിരിച്ചു വരുന്നത് കണ്ടപ്പോൾ മഹാദേവൻ ഒന്ന് സംശയിച്ചു….
അങ്കിൾ…. ഒരു കാര്യം പറയാൻ…..
പറഞ്ഞോളൂ….
മഹാദേവൻ ഋഷിയിലേക്കും വിശ്വനിലേക്കും മാറി മാറി നോക്കിയാണത് പറഞ്ഞത്…..
എന്റെ മുത്തശ്ശൻ കൊല്ലാൻ ആളയച്ചതിൽ നിന്നും അങ്കിൾ എങ്ങനെയാണ് രക്ഷപ്പെട്ടത്…..
ഋഷി അത്രയേറെ നിർവികാരമായി അത് ചോദിക്കുമ്പോൾ മഹാദേവനും വിശ്വനും ഒരുപോലെ ഞെട്ടിയിരുന്നു….
ദൈവം ചിലരുടെ ആയുസ്സിനെയങ് നീട്ടി വെക്കും ഋഷി….
ഉരുകി തീരാൻ ബാക്കിയുള്ളത് പോൽ…
മഹാദേവൻ പുഞ്ചിരിക്കാൻ ശ്രമിച്ചു….
അതേ ദൈവം നീട്ടി വെച്ചൊരു ആയുസ്സിനെ കുറിച്ച് ഞാൻ പറയട്ടെ….
നിങ്ങളുടെ മകൾ…..
ഋഷി പറയുന്നത് മനസ്സിലാകാതെ മഹാദേവൻ അവനെയും വിശ്വനെയും മാറി മാറി നോക്കി…..
വിശ്വന്നപ്പോഴും തല കുനിച്ചു നിൽക്കുകയായിരുന്നു…..
അതേ നിങ്ങളുടെ അടുത്തുണ്ടായിരുന്നത് നിങ്ങളുടെ സ്വന്തം മകളായിരുന്നു…..
എന്റെ അപ്പച്ചി രാജേഷ്വരിക്ക് പിറന്ന നിങ്ങളുടെ രക്തം…..
മഹാദേവന് തല ചുറ്റുന്നത് പോലെ തോന്നി….
അയാൾ സോഫയിലേക്കൂർന്നിരുന്നു…
അടുത്ത് വെച്ചിരുന്ന ജഗ്ഗിൽ നിന്നും വെള്ളമെടുത്ത ഋഷി അവരെ കുടിപ്പിച്ചു…..
അവൻ കഥകളുടെ ചുരുൾ അയാൾക്ക് മുമ്പിൽ അഴിക്കുമ്പോൾ ആ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…..
ഹൃദയത്തിലേക്ക് അലിഞ്ഞു ചേർന്ന അവൾ തന്റെ മകളാണെന്നത് മനസ്സിനെ ഏറെ സന്തോഷിപ്പിച്ചെങ്കിലും അവളെ കൈ വിട്ടതിനെ കുറിച്ചാലോചിച്ചു അയാളുടെയുള്ളം പുകഞ്ഞു…..
ഒപ്പം വർഷങ്ങളായി തനിക്കുവേണ്ടി കഴിയുന്ന രാജേശ്വാരിയും അയാളുടെ ഹൃദയത്തിൽ നിറഞ്ഞു…
നിന്റെ ഓർമ്മകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞപ്പോഴാണ് ഋഷി നിന്നെ തിരഞ്ഞ് വരാമെന്നു പറഞ്ഞവിടെ നിന്നും പോന്നത്….
ഞാൻ അങ്ങോട്ട് വന്നാൽ എന്നെ എല്ലാവരും അറിയുന്നത് കൊണ്ട് തന്നെ ആരും ഇതൊന്നും വിശ്വസിക്കില്ലെന്ന് എനിക്കുമറിയാമായിരുന്നു……
നിന്നെ കൂട്ടി കൊണ്ട് വരാമെന്നു പറഞ്ഞാണ് അവൻ പോയതെങ്കിലും രണ്ട് ദിവസം മുന്ബെയാണ് എന്നോട് അങ്ങോട്ട് വരാൻ അവൻ പറഞ്ഞത്…..
അതൊരു പക്ഷെ നിന്റെ വിവാഹം മുടക്കാൻ അവന് കഴിയാത്തത് കൊണ്ടായിരിക്കാം…..
നിന്നെയെനിക്ക് തിരിച്ചു തന്നതിൽ എനിക്കവനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ട് മോളേ….
ആരോരുമില്ലാത്തിരുന്ന എനിക്ക് എല്ലാമായ് നിന്നെ കിട്ടി….
ഇത്ര നാളും ഇങ്ങനെയൊരു മകളുണ്ടെന്ന് അറിഞ്ഞിരുന്നെങ്കിൽ എവിടെയാണെങ്കിലും ഞാൻ കണ്ട് പിടിക്കുമായിരുന്നു…..
മഹാദേവനവളെ ചേർത്ത് പിടിച്ചു…..
അപ്പോ എന്നെ കൊല്ലാൻ നോക്കിയത്……
ഭാമ അത് ചോദിക്കുമ്പോൾ മഹാദേവന്റെ മുഖം വലിഞ്ഞു മുറുകി……
(തുടരും )

by