17/04/2026

സത്യഭാമ : ഭാഗം 12

രചന – അയിഷ അക്ബർ

മുരടനക്കുന്ന ശബ്ദം കേട്ടാണ് യാശോദ പിറകിലേക്ക് തിരിഞ്ഞു നോക്കിയത്…… വിശ്വനെ കണ്ടതും അവർ കണ്ടഭാവം നടിക്കാതെ വീണ്ടും അതേ നിൽപ്പ് തുടർന്നു…… യാശോദാ….. അത്രമേൽ പതിഞ്ഞ ആ വിളി കേട്ടിട്ടും അവരയാളിലേക്ക് നോക്കിയില്ല… എന്നോട്….. എന്നോട് ദേഷ്യമാണോ….. ആ ചോദ്യം അവരുടെ ചൊടിയിലെ പുച്ഛ ചിരിക്ക് ജന്മം നൽകി…. എനിക്കെന്തിനാണ് നിങ്ങളോട് ദേഷ്യം…. എനിക്ക് വേണ്ട എല്ലാം നിങ്ങൾ ചെയ്ത് തന്നിരുന്നു….. എന്റെ കാര്യങ്ങൾക്ക് യാതൊരു മുടക്കവും വരുത്തിയിട്ടില്ല…. ലോകത്ത് കിട്ടാവുന്ന മരുന്നുകളും ചികിത്സയും എല്ലാം നിങ്ങളെനിക്ക് തന്നിരുന്നു….. ഒരു ഭർത്താവിന്റെ പരിചരണമൊഴിച് മറ്റെല്ലാം നിങ്ങളെനിക്ക് തന്നു…. ഒരുപക്ഷെ അത് മാത്രം കിട്ടിയിരുന്നെങ്കിൽ എന്റെ എത്രയോ വർഷങ്ങൾ ആ മുറിയിൽ കഴിഞ്ഞ് പോകില്ലായിരുന്നു…..

അയാൾക്കൊന്നും പറയാനുണ്ടായിരുന്നില്ല…. രാജി മനപ്പൂർവം തന്നെ അവളിൽ നിന്നൊഴിവാക്കിയിരുന്നതായിരുന്നെന്ന് അയാൾക്ക് തന്നെ തോന്നിയിരുന്നു…. അതിനു കാരണം ഒരു പ ക്ഷെ നിങ്ങളുടെ പെങ്ങളാവാം…. അവളോട് ചെയ്ത തെറ്റിനുള്ള പ്രായശ്ചിതമോ അതോ നിങ്ങളാണ് ചതിച്ചതെന്ന് അവളറിയുമെന്ന ഭയമാണോ എന്നെനിക്കറിയില്ല…. അവർ പുച്ഛത്തോടെ വിശ്വനെ നോക്കി…. തെറ്റ് ചെയ്തവനെ പോൽ വിശ്വൻ തല കുനിച്ചു….. നിങ്ങൾ എനിക്ക് വേണ്ടി ചെയ്ത ഏറ്റവും നല്ല കാര്യം ആ കൊച്ചിനെ എന്റെയടുത്തേക്കെത്തിച്ചുവെന്നുള്ളത് മാത്രമാണ്….. എനിക്കെന്ത് വേണമെന്ന് കണ്ടറിഞ്ഞു ചെയ്യാൻ പ്രാപ്തിയുള്ള അവളെ ദൈവമായി അയച്ചതാണ്…. യാശോദ അത് പറയുമ്പോൾ വിശ്വന്റെ മനസ്സിൽ അഗ്നി പർവതം പുകയുകയായിരുന്നു….

രാജിയുടെ മകളാണ് അവളെന്നറിഞ്ഞാൽ അതിനോട് യശോദ എങ്ങനെ പ്രതികരിക്കുമെന്നയാൾക്കറിയുമായിരുന്നില്ല….. സത്യ ഭാമ നല്ല കുട്ടി തന്നെയാണ്…. എന്നാൽ നമ്മുടെ മകന്റെ ജീവിതത്തിലേക്ക് കടന്ന് വരാൻ മാത്രം….. വിശ്വന്നത് പറഞ്ഞ് മുഴുവനാക്കും മുന്പേ യാശോദ തടഞ്ഞു…. അവളുടെ യോഗ്യത അവളുടെ സ്വഭാവമാണ്…. ഋഷിക്ക് നല്ല പാതിയാവാൻ അവൾക്ക് കഴിയുമെന്ന പൂർണ വിശ്വാസവും എനിക്കുണ്ട്…….. അവരുടെ തീരുമാനം ഉറച്ചതാണെന്ന് വിശ്വനു മനസ്സിലായിരുന്നു….. എതിർക്കാൻ പോലുമാവാത്ത വിധം രഹസ്യങ്ങളാൽ മൂടപ്പെട്ടിരുന്നു….. തുറന്ന് പറയാനാവാത്ത സത്യങ്ങൾ അയാളെ വീർപ്പു മുട്ടിച്ചിരുന്നു….. സത്യ രാജിയുടെ മകളാണെന്ന് അറിയുമ്പോൾ അവളുടെ അച്ഛനെ കൊല്ലാൻ കൂട്ട് നിന്നവനായി ഞാൻ മാറും….. മഹാദേവനെന്ത് പറ്റിയെന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടി വരുന്നത് താനായിരിക്കും…. നിന്റെ ഇഷ്ടം എന്താന്ന് വെച്ചാൽ അങ്ങനെ നടക്കട്ടെ….. വിശ്വൻ വരുത്തി തീർത്ത പുഞ്ചിരിയാൽ അത് പറയുമ്പോൾ യാശോധക്കും സമാധാനമായിരുന്നു……

ഭാമ മുറിയിൽ വന്നിരിക്കുമ്പോൾ മനസ്സ് മുഴുവൻ ശൂന്യമായിരുന്നു…. ഞൊടിയിടയിൽ മാറി മറിഞ്ഞ സംഭവങ്ങളെ ഓർക്കുമ്പോൾ ഒരു ഭയം അപ്പോഴും അവളുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്നു….. യാശോദാമ്മ പരിധി വീട്ടിത് വരെ തന്റെ മേൽ സ്നേഹ വാത്സല്യങ്ങൾ ചൊരിഞ്ഞിട്ടില്ല…. അവരുടെ മനസ്സിൽ ഇത്രയേറെ തന്നോട് സ്നേഹവും കരുണയുമുണ്ടെന്ന് മനസ്സിലാകുന്നതിപ്പോഴാണ്…… ഒരുപക്ഷെ ഇന്ന് യാശോദാമ്മ ഞങ്ങൾക്കിടയിലേക്ക് കടന്ന് വന്നില്ലായിരുന്നെങ്കിലൊരു പക്ഷെ ഋഷിയെ വിട്ട് താൻ ദൂരേക്ക് പോകേണ്ടി വരുമായിരുന്നു….. എന്നുന്നേക്കുമായി….. ഓർക്കുമ്പോൾ അവൾക്ക് ശ്വാസം നിലക്കുന്നത് പോലെ തോന്നി…. മഠത്തിൽ തറവാടിന്റെ സ്വത്തോ പണമോ ഒന്നും താൻ സ്വപ്നം കണ്ടിട്ടില്ല….. മനസ്സിൽ കടന്നു കൂടിയതത്രയും അവൻ മാത്രമായിരുന്നു….. അകലാൻ ശ്രമിക്കുമ്പോഴും തന്നെയെതോ ഒരു ശക്തി അവനിലേക്ക് തന്നെ വലിച്ചടുപ്പിച്ചു കൊണ്ടിരുന്നു…..

ഞാൻ മനസ്സിലാക്കിയിടത്തോളം ഋഷിയുടെ സ്നേഹം പങ്കിട്ടു പോകുകയെന്നത് രാജേഷ്വരി യമ്മക്ക് ഒട്ടും താങ്ങാൻ പറ്റാത്തതാണ്…. അവരിതിനോടെങ്ങനെ പ്രതികരിക്കുമെന്നോർത്ത് അവൾക്ക് വല്ലാത്ത ഭയം തോന്നി…… എങ്കിലും യാശോദാമ്മയുടെ വാക്കുകൾ അവൾക്കുള്ളിൽ ഒരാശ്വാസം നൽകിയിരുന്നു….. അവൾക്കവരെയൊന്ന് കാണാൻ തോന്നി…. മുകളിലെ ആളൊഴിഞ്ഞ ഭാഗത്തെ ആ മുറിയിൽ നിന്നും വിശാലമായ മുറിയിലേക്ക് ചെല്ലണമായിരുന്നു ഭാമക്ക് യാശോധയെ കാണാൻ…. ആ മുറിയുടെ വാതിൽ പടിയിലെത്തിയപ്പോഴേ അവൾക്ക് സന്തോഷം തോന്നി….. ആ മുറിയിൽ നിന്നും എല്ലാവരുടെയും മുമ്പിലേക്ക് ധൈര്യത്തോടെ പ്രൌടിയോടെ ഇറങ്ങി ചെല്ലാൻ അവരെ പ്രാപ്തയാക്കിയതിൽ താൻ കൂടി കാരണക്കാരിയായല്ലോയെന്നോർത്ത്……. അലമാര തുറന്നെന്തോ എടുത്ത് വെക്കുന്ന യാശോദ ആളനക്കം അറിഞ്ഞതും തിരിഞ്ഞു നോക്കി….. ഭാമയെ കണ്ടതും അവരുടെ കണ്ണുകൾ വിടർന്നു….

നിർവികാരമായിരുന്ന ആ കണ്ണുകളിൽ കണ്ട തെളിച്ചം അക്ഷരാർത്ഥത്തിൽ ഭാമയെ സന്തോഷിപ്പിച്ചിരുന്നു…. ഇത് വരെയുള്ള തന്റെ യശോധമ്മയിൽ നിന്നും യാശോദ തമ്പുരാട്ടിയിലേക്ക് ഇറങ്ങി ചെല്ലാൻ അവൾക്കൊരു പ്രയാസം തോന്നിയത് കൊണ്ടാണ് അവളൊന്നും മിണ്ടാനാകാതെ അവിടെ തന്നെ നിന്നത്….. അവളുടെ മുഖത്തെ പ്രയാസം മനസ്സിലാക്കിയത് പോലവർ പുഞ്ചിരിച്ചു കൊണ്ട് കൈ രണ്ടും അവളിലേക്ക് നീട്ടി….. അതവൾക്കുള്ളൊരു അറിയിപ്പായിരുന്നു…. നിന്റെ യാശോധമ്മ തന്നെയാണ് ഞാനിപ്പോഴുമെന്ന് അവരവളോട് പറയാതെ പറയും പോലെ തോന്നിയിരുന്നു…… അപ്പോഴേക്കും അവളുടെ മിഴികൾ നിറഞ്ഞു വന്നു…. ഓടി പ്പോയി അവരെ കെട്ടി പിടിക്കുമ്പോഴേക്കും ആ മിഴികൾ പെയ്തു തുടങ്ങിയിരുന്നു….. അവർ പതിയേ അവളുടെ മുടിയിഴകളിലൂടെ വാത്സല്യത്തോടെ തഴുകി…. അവരിൽ നിന്നടർന്നു മാറി അവളവർക്ക് നേരെ കൈകൾ കൂപ്പി…. നന്ദി പറയാനെന്ന പോൽ…. അവരവളുടെ കൈകളെ തട്ടി മാറ്റി അവളെ ചേർത്ത് പിടിച്ചു….

നീയെന്തിനാ മോളേ എന്നോട് നന്ദി പറയുന്നത്… അതിനേക്കാൾ എത്രയോ മടങ് വലുതല്ലേ എനിക്ക് നിന്നോടുള്ള കടപ്പാട്…. ഇരുൾ നിറഞ്ഞ എന്റെ ജീവിതത്തിൽ സ്നേഹത്തിന്റെ കരുണയുടെ വെളിച്ചം വീശിയാവളാണ് നീ…. അതിനു നിനക്കുള്ള സമ്മാനമാണവൻ എന്റെ ഋഷി…. പുഞ്ചിരിച്ചു കൊണ്ടവരത് പറയുമ്പോൾ കണ്ണുനീരിനിടയിലും അവളുടെ ചൊടികളിലും ഒരു പുഞ്ചിരി വിടർന്നിരുന്നു…. നിങ്ങൾ തമ്മിൽ അങ്ങനൊരു ഇഷ്ടം ഇല്ലായിരുന്നെങ്കിൽ കൂടി എന്റെ മകളെ ന്ന സ്ഥാനത്തു നീ ഉറച്ചു കഴിഞ്ഞിരുന്നു സത്യാ…. അവരവളെ ചേർത്ത് പിടിച് നെറുകിയിലൊന്നു ചുബിച്ചു…. അത്രമേൽ വാത്സല്യത്തോടെ….. സത്യാ എന്ന വിളിയിലൂടെ തകർന്ന് പോയിരുന്ന ഭാമക്ക് അവർ തുറന്ന് തന്നത് പുതിയൊരു ലോകമായിരുന്നെന്ന് അവളോർത്തു…….

ഋഷിയുടെ മനസ്സാകെ അസ്വസ്ഥമായിരുന്നു…. ഒരു ഭാഗത്തു അമ്മ തങ്ങളുടെ പ്രണയം അംഗീകരിച്ചതിൽ സന്തോഷം തോന്നിയിരുന്നെങ്കിലും മറുഭാഗത് രാജേഷ്വരിയമ്മയെ കുറിച്ചോർത്തു അവന്റെ ഹൃദയം പുകയുന്നുണ്ടായിരുന്നു…. അത്ര മേൽ സ്നേഹത്തോടെ മാറോടണച്ചു പാലൂട്ടി വളർത്തിയ അവരെ പാടേ അവഗണിക്കുന്ന ഒരു നന്ദിയില്ലാത്തവനായി താൻ മാറിപ്പോകുമോയെന്നോർത്തവന് ഹൃദയത്തിൽ അസ്വസ്ഥത നിറഞ്ഞു….. അവൻ പതിയേ രാജേഷ്വരിയമ്മയുടെ മുറിയിലേക്ക് നടന്നു…. കൈ തലക്ക് മേൽ വെച്ച് മലർന്നു കിടക്കുകയായിരുന്ന രാജേഷ്വരിയെ കണ്ടതും അവന് സങ്കടം തോന്നി…. അമ്മേ….. വളരേ പതിഞ്ഞ സ്വരത്തിൽ അവൻ വിളിച്ചതും മോനെയെന്ന് വിളിച്ചവർ ചാടിയെഴുന്നേറ്റു…. ഏതോ ഓർമയിൽ നിന്നെന്ന പോൽ….. ഋഷിയെ കണ്ടതും വേദനക്കിടയിലും അവർക്കൊരു സമാധാനം കിട്ടിയത് പോലെ തോന്നി…. മോനെ ഋഷി…. നീയമ്മയെ വിട്ട് പോകുമോ…. വെപ്രാളത്തിലുള്ള ആ ചോദ്യം അവന്റെ കണ്ണുകളെ ഈറനണിയിച്ചു….. എങ്ങോട്ട് പോവാൻ…. ഞാനമ്മയെ വിട്ടേങ്ങോട്ടും പോകില്ല…. അവനവരുടെ കൈകൾ പിടിച്ചു…..

തന്നെ കുറിചോർത്തവരുടെ സമനില തെറ്റുന്നുണ്ടോയെന്നവൻ ഭയന്നു…. അവളെന്റെ മോനെ മയക്കി വെച്ചിരിക്കുകയാണ്…. നീ തെറ്റൊന്നും ചെയ്യില്ലെന്ന് അമ്മക്കറിയാം…. അവരവനെ ചേർത്ത് പിടിച്ചു….. അമ്മ സത്യയെ കുറിച്ച് തെറ്റായി കരുതുന്നത് കൊണ്ടാണ്….. അവളൊരു പാവം കുട്ടിയാണമ്മേ…. ഞങ്ങൾക്കിടയിൽ തോന്നിയത് ആത്മാർത്ഥമായ ഇഷ്ടം തന്നെയാണ്….. തമ്മിൽ സ്നേഹിക്കുന്നത് തെറ്റാണോ അമ്മേ…. അവനത് ചോദിക്കുമ്പോൾ രാജേഷ്വരിക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല….. ആദ്യമായാണ് അമ്മയുടെ ഇഷ്ടത്തിന് മേലെനിക്കൊരു ഇഷ്ടമുണ്ടാവുന്നത്…. അത് അമ്മ സമ്മതിച്ചു തരില്ലേ….. ആർദ്രമായ അവന്റെ ചോദ്യം അവരുടെ മനസ്സിനെ തണുപ്പിച്ചിരുന്നു…. അവരല്പ സമയം ഒന്നും മിണ്ടിയില്ല….. നിന്റെ ഇഷ്ടം അതാണെങ്കിൽ അമ്മ എതിര് നിൽക്കുന്നില്ല…. അത് തന്നെ നടക്കട്ടെ…. പക്ഷെ നീയെപ്പോഴും എന്റെ കൂടെയുണ്ടായാൽ മതി….. അവരത് പറയുമ്പോൾ സന്തോഷം കൊണ്ടോ സങ്കടം കൊണ്ടോ ഋഷിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി…..

അവനവരെ ചേർത്ത് പിടിച്ചു….. ആ മുറി വിട്ട് പോകുമ്പോൾ അവന്റെ മനസ്സ് അങ്ങേയറ്റം ശാന്തമായിരുന്നു…. ചില ബന്ധങ്ങൾ അങ്ങനെയാണ്….. ആത്മ ബന്ധത്തിന്റെ കാണാ നൂലുകൾ കൊണ്ട് കോർത്തിണക്കിയതിനാൽ അവരുടെ സങ്കടം നമ്മെ അത്രത്തോളം വേദനിപ്പിക്കും…… അവനാ മുറി വിട്ട് പോയതും രാജേഷ്വരിയുടെ മനസ്സിൽ നടക്കുന്നത് മറ്റെന്തൊക്കെയോ കണക്കു കൂട്ടലുകളായിരുന്നു…. അവരുടെ ചൊടിയിലൊരു ചിരി വിരിഞ്ഞു…. (തുടരും )