17/04/2026

സത്യഭാമ : ഭാഗം 09

രചന – അയിഷ അക്ബർ

രാജേഷ്വരിയുമായി കാറ് തറവാട്ട് മുറ്റത്തു നിന്നും അകന്നതും ഭാമ അവളുടെ മുറിയിലെ ജനാല തുറന്നു….

കട്ടിലിൽ തലക്ക് മുകളിൽ കൈ വെച്ച് കിടക്കുന്ന ഋഷിയെ പല ശബ്ദത്തിൽ വിളിച്ചിട്ടും അവനുണരാത്തത് അവളിലൊരു നിരാശ നൽകി….

അടുത്ത് കിടക്കുന്ന കടലാസ് കഷ്ണങ്ങൾ ചുരുട്ടി ആ ജനാല വഴി എറിയുമ്പോഴും അതവനെ ഉണർത്തുമോയെന്ന ആശങ്ക അവളിലുണ്ടായിരുന്നു….

എന്നാലാ കടലാസ് അവന്റെ മുഖത്ത് തട്ടിയതും കൈകളെടുത്തവനെഴുന്നേറ്റു…..

അതവളിലൊരു പുഞ്ചിരിക്കിടം നൽകി….

കടലാസ് വന്ന വഴിയേ പുറത്തേക് നോക്കിയപ്പോഴാണ് തന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു നിൽക്കുന്നവളെ അവൻ കാണുന്നത്….

അവന്റെ ചൊടിയിലും ഒരു പുഞ്ചിരി തെളിഞ്ഞു…

വെട്ടിയൊതുക്കിയ താടിയിൽ ഉഴിയുന്നതോടൊപ്പം അവനെന്തെന്ന അർത്ഥത്തിൽ പുരികമുയർത്തി…..

അതിലെ വാ…..
അവൾ ചുണ്ടുകൾ കൊണ്ട് മന്ത്രിക്കുന്നതോടൊപ്പം കൈകൾ കൊണ്ട് അവളാലാവും വിധം ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു…

അതവന് മനസ്സിലായെന്ന വണ്ണം അവൻ മുറിക്ക് പുറത്തിറങ്ങി……

യാശോധയുടെ മുറിയെ ലക്ഷ്യം വെച്ചവൻ പോകുന്നത് ആരും കാണാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു…..

മുറിയുടെ വാതിൽക്കൽ ഭാമ നിൽക്കുന്നുണ്ടായിരുന്നു….

ചെല്ല്….
പാതി ചാരിയ വാതിലിൽ ചൂണ്ടി അവളത് പറയുമ്പോൾ അവന്റെ ഹൃദയം എന്തോ വേഗത്തിൽ മിടിക്കാൻ തുടങ്ങിയിരുന്നു….

പെറ്റമ്മയാണെങ്കിലും അന്യം നിന്ന് പോയ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ശേഷിപ്പുകൾ അവനെ വേട്ടയാടുന്ന പോലെ…..

അവൻ വിറക്കുന്ന കൈകളാൽ ആ വാതിലിൽ തൊട്ടു….

വീണ്ടും ധൈര്യമില്ലെന്ന വണ്ണം അവൻ സത്യയിലേക്ക് നോക്കി…

അവൾ കണ്ണുകളാലെ അവന് ധൈര്യം പകർന്നു.

വിറക്കുന്ന കൈകളാലവൻ വാതിൽ പതിയേ തുറന്നു…

ജനലൊരം നിൽക്കുന്ന അവർ ശബ്ദം കേട്ടെന്ന് വണ്ണം പിന്തിരിഞ്ഞു നോക്കി….

ആ കണ്ണുകളിൽ നോക്കി എന്തെങ്കിലും മിണ്ടാൻ അവനശക്തനായിരുന്നു….

അവനെ കണ്ട സന്തോഷം അവരുടെ മിഴികളിൽ അലതല്ലുമ്പോഴും അവനൊന്നും മിണ്ടാനാവാതെ അതേ നിൽപ്പ് തുടർന്നു….

അവന്റെ പ്രയാസം മനസ്സിലാക്കിയെന്ന വണ്ണം അവരവന് നേരെ ഇരു കൈകൾ നീട്ടി….

അവൻ പിന്നീടൊരു ആലോചനക്ക് നിൽക്കാതെ അവരെ ഇറുക്കെപുണർന്നു….

ദൂരെ നിന്നു മാത്രം കണ്ട അമ്മയുടെ നെഞ്ചോരം ചേർന്ന് നിൽക്കുമ്പോൾ അവനതിലൊരു പുതുമ തോന്നിയെങ്കിലും അവർക്കവനപ്പോഴും ആ രണ്ടു വയസ്സുകാരൻ തന്നെയായിരുന്നു…..

വർഷങ്ങളുടേ തടസ്സമോ ചേർത്ത് പിടിക്കാത്തതിലുള്ള പരിഭവമോ അവരിലുണ്ടായിരുന്നില്ല….
മറിച് ആ നിമിഷത്തിന്റെ മനോഹാരിതയിലായിരുന്നവർ…….

ഋഷി…. അവരവന്റെ മുഖം കയ്കുമ്പിളിലെടുത്തു…..

അ…. അമ്മേ….
വിറക്കുന്ന വാക്കുകളാൽ അവനും വിളിച്ചു….

രണ്ട് പേരുടെയും മിഴികൾ നിറഞ്ഞൊഴുകിയത് ഇത്രയും കാലം അന്യം നിന്ന് പോയ സ്നേഹത്തെ ഓർത്താണോ അതോ വർഷങ്ങൾക്ക് ശേഷം നേടിയെടുത്ത സ്നേഹത്തെ ഓർത്താണോയെന്ന് അറിയില്ലായിരുന്നു…..

വികാര ഭരിതമായ ആ രംഗം കണ്ട് നിൽക്കുന്ന ഭാമയിലും ഒരു നനവ് പടർത്തിയിരുന്നു….

അവൾ അടുക്കളയിൽ പോയി യാശോധക്ക് കഴിക്കാനുള്ള ഭക്ഷണവുമായി വന്ന് അത് നേരെ ഋഷിക്ക് നീട്ടി….

അവനത് വാങ്ങി യാശോധക്ക് വായിൽ വെച്ചു കൊടുക്കുമ്പോൾ ലോകം കീഴടക്കിയ സന്തോഷത്തിൽ തിളങ്ങുന്ന ആ കണ്ണുകൾക്ക് പകരം നൽകാൻ ഭാമയോടുള്ള നന്ദി മാത്രമായിരുന്നു ആ മനസ്സിൽ……

അവൻ അവളെ നോക്കി…
ആ കണ്ണുകളിലെ സന്തോഷം അറിഞ്ഞെന്ന വണ്ണം അവളിലും ഒരു പുഞ്ചിരി വിരിഞ്ഞു….

ജീവിതം പലപ്പോഴും അങ്ങനെയാണ്…. കയ്യെത്തി പിടിക്കാൻ പലതും നമ്മുടെ കയ്യകലത്തിലുണ്ടാകുമെങ്കിലും അവ നമ്മുടെ കയ്യിലെക്കെത്തിക്കാൻ മറ്റൊരാളെ നിയമിക്കും…

ഋഷി യൊന്നു പുഞ്ചിരിച്ചു….

അറിയാതെ യാണെങ്കിലും താൻ ചെയ്ത തെറ്റിന്റെ ശിക്ഷ ഇവിടെ തീരുകയാണെന്ന് യാശോധക്ക് തോന്നി….

മഹാദേവന്റെ പേര് തന്നെ വിശ്വസിച്ചവൾ പറയുമ്പോൾ അത് വിശ്വേട്ടനോട് പറഞ്ഞതും വിശ്വേട്ടൻ സഹായിക്കുമെന്ന് കരുതി തന്നെയായിരുന്നു….
എന്നാൽ വിധി കരുതി വെച്ചത് മറ്റൊന്നായിരുന്നു…

എന്റെ നഷ്ടത്തേക്കാൾ ഒത്തിരി വലുതായിരുന്നില്ലേ രാജിയുടെ നഷ്ടം….

ഋഷി തന്റെ കണ്മുന്നിലുണ്ടായിട്ടും അവന് കൊടുക്കാനാവാത്ത സ്നേഹം മനസ്സിൽ കിടന്ന് വീർപ്പു മുട്ടുമ്പോൾ നൊന്തു പെറ്റ കുഞ്ഞിനെ കൺ നിറയെ കാണാൻ കൂടി വിധിയില്ലവളെ അങ്ങനെയാക്കിയതിൽ ഞാൻ കൂടി
പങ്കാളിയായിരുന്നില്ലേ….
തന്റെ രക്തത്തിൽ ഒരു കുഞ്ഞ് ജനിച്ചെന്ന് പോലുമറിയാതെ പോയ മഹാദേവനും താൻ ചെയ്ത തെറ്റിന്റെ അനന്തര ഫലമായിരുന്നില്ലേ…..

ഓർക്കുമ്പോൾ അവരുടെ കണ്തടങ്ങളിൽ കണ്ണു നീരോഴുകി….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അമ്പലത്തിൽ നിന്നും തൊഴുതിറങ്ങുമ്പോഴാണ് ആല്മരത്തിന്റെ പുറകിൽ നിന്നും ഭാമയുടെ കൈകളിൽ ശക്തമായ ഒരു പിടി വീണത്..

അവൾ കുതറി തിരിഞ്ഞു നോക്കുമ്പോൾ ചുറ്റും ആരെങ്കിലും വരുമോയെന്ന് ധൃതിയിൽ നോക്കുന്ന ഋഷിയെയാണ് കാണുന്നത്…..

അപ്പോഴും അവൻ കൈകളിൽ നിന്നു വീട്ടിട്ടില്ലായിരുന്നു…..

അവൾ കൈകളിലേക്ക് നോക്കുമ്പോഴാണ് അവൻ അവളിലേക്ക് നോക്കുന്നത്…

പിടിച്ച കൈ അവൻ പെട്ടെന്ന് വിട്ടു….

അവൾ എന്തെന്ന അർത്ഥത്തിൽ പുരികമുയർത്തി….

അമ്മക്ക് രാത്രി മരുന്ന് കൊടുക്കേണ്ട….. എല്ലാവരും ഉറങ്ങിക്കഴിഞ്ഞു ഞാൻ വരും…..

ഒറ്റശ്വാസത്തിൽ അവനത് പറഞ്ഞ് നിർത്തുമ്പോഴും അമ്പലത്തിൽ നിന്നു തൊഴുതിറങ്ങുന്നവരിലേക്കായിരുന്നു അവന്റെ നോട്ടമത്രയും…..

രാജേഷ്വരിയുടെ തല വെട്ടം കണ്ടെന്നു തോന്നിയതും അവൻ പെട്ടെന്ന് അവിടെ നിന്നും മറഞ്ഞു…..

ഭാമക്ക് വല്ലാത്ത സന്തോഷം തോന്നി…

ഇത്ര കാലം മനസ്സിലുള്ള സ്നേഹം മുഴുവൻ അവനൊളിപ്പിച്ചു വെച്ചതാവാം….
സാഹചര്യങ്ങളെക്കാൾ സ്നേഹത്തിന്റെ ബന്ധനങ്ങൾ അവനെ ഭീരുവാക്കിയതായിരിയ്ക്കില്ലേ……..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അന്ന് രാത്രി ഇരുട്ട് ഭൂമിയെ പുൽകിയ ആ സമയം അവൻ വന്നിരുന്നു….

അമ്മയുടെയും മകന്റെയും സംസാരങ്ങളും ചിരിയും ഇത് വരെ പറയാനാവാതിരുന്ന പലതും അത്ര മേൽ സന്തോഷത്തോടെ അവർ പങ്കു വെക്കുന്നതുമെല്ലാം ഒരിളം പുഞ്ചിരിയോടെ ഭാമ നോക്കി കണ്ടു…..

അവരുടേതായ ലോകത്ത് താനൊരു അധിക പറ്റാവേണ്ടെന്നു തോന്നിയത് കൊണ്ടാണ് അവൾ പതിയേ പുറത്തേക്കിറങ്ങി നിന്നത്…

രാപാടിയുടെ പാട്ടും രാപ്പൂക്കളുടെ സുഗന്ധവും ആസ്വദിച്ചവൾ വരാന്തയിൽ നിന്നു….

പിറകിലെ ആളനക്കം അറിഞ്ഞതും അവൾ പതിയേ തിരിഞ്ഞു…

അവളെ ചാരിയെന്ന വണ്ണം അവൾക്കരികിലായി അവനും നിന്നു….

നന്ദിയെന്നൊരു വാക്ക് കൊണ്ട് ഞാൻ തന്റെ സഹായം ചെറുതാക്കണോ…..

ചോദ്യം ഹൃദയത്തിൽ നിന്നാണെന്ന് തോന്നിയത് കൊണ്ട് തന്നെ അവനെ നോക്കിയവളൊന്നു പുഞ്ചിരിച്ചു….

നിമിത്തമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം….
ഭാമ പുഞ്ചിരിച്ചു….

ഹൃദയത്തിലെന്താണ് എനിക്ക് നിന്നോട് തോന്നുന്നതെന്ന്…..

പ്രണയർദ്രമായി അവൻ പറഞ്ഞ് തുടങ്ങുമ്പോഴേക്കും ഭാമ കയ്യുയർത്തി…..

നന്ദിയോ കടപ്പാടോ കവിഞ്ഞൊന്നും തനിക്കെന്നോട് തോന്നുന്നില്ല…..
മുഖത്തടിച്ച പോലെ അവളത് പറയുമ്പോൾ ഋഷിയുടെ മുഖം മാറിയിരുന്നു…..

കണ്ട അന്ന് മുതൽ മനസ്സിൽ തോന്നിയ ആ ഇഷ്ടം അവളോട് തുറന്ന് പറയാൻ തുടങ്ങിയ സമയത്തെ അവൾ പാടേ തടഞ്ഞത് അവനെ നിരാശപ്പെടുത്തിയിരുന്നു….

മനസ്സിൽ കുരുങ്ങിയ ആ ഇഷ്ടം അവളുടെ പ്രവർത്തികൾ കൊണ്ട് കൂടിയിട്ടേയുള്ളു….

അതൊരു ആരാധനയിലേക്ക് വഴി മാറുമ്പോഴും അതെങ്ങനെ തുറന്ന് പറയണമെന്നറിയാതെ ഉരുകുകയായിരുന്നു….

ഋഷി പിന്നീടൊരു വാക്കിനിടം കൊടുക്കാതെ അവിടെ നിന്നും നടന്നകന്നു……

അവന് തന്നോട് തോന്നിയത് ഒരു നന്ദി മാത്രമാണ്….. അർഹതയില്ലാത്തത് ആഗ്രഹിച്ചാൽ അത് ദുഖത്തിലേക്കെ നയിക്കുവെന്ന് അച്ഛൻ പലപ്പോഴായി പറഞ്ഞത് അവളുടെ മനസ്സിലേക്കോടിയെത്തി…..

എന്തെന്നറിയാത്ത എന്തിനെന്നറിയാത്ത ഒരിഷ്ടം തന്റെ മനസ്സിലും അവനോടായി തോന്നിയിരുന്നില്ലേ…..

ആ ഇഷ്ടം തന്നെ ദുഖത്തിന്റെ ആഴങ്ങളിലേക്കൊരുപക്ഷെ തള്ളിയിടാൻ പ്രാപ്തിയുള്ളതായിരിക്കും….

അവന്റെ പ്രശ്നങ്ങൾക്കിടയിൽ താനുമൊരു പ്രശ്നമായി മാറരുതെന്ന് തനിക്ക് നിർബന്ധമുണ്ട്…….

ഒന്നിനുമില്ലാത്ത ഒരു നഴ്സിന് അവനെ ആഗ്രഹിക്കാൻ പോലും അർഹതയില്ലെന്ന തിരിച്ചറിവ് അവളിലൊരു നോവിന് സ്ഥാനം നൽകി….

അപ്പോഴും അവനായി ഹൃദയത്തിൽ കുരുങ്ങിയ പ്രണയം അവളെ കുത്തി നോവിക്കുന്നുണ്ടായിരുന്നു……

(തുടരും )