രചന – അയിഷ അക്ബർ
അവൻ അവൾക്കറികിലായി നിൽക്കുമ്പോൾ അവളുടെ ശ്വാസം പോലും അവന് വേണ്ടി യായത് പോലെ….
തന്റെ കണ്ണുകളിൽ മാറി മറിയുന്ന വികാരങ്ങൾ അവൻ കാണുമോയെന്ന് ഭയന്ന് അവൾ വേഗം അവനിൽ നിന്നും കണ്ണുകൾ പറിച്ചെടുത്തു….
ഒരു ബന്ധവുമില്ലാത്തത് കൊണ്ടാണല്ലോ പറയാതെ പോയതും….
അവളത് പറയുമ്പോഴും ആ വാക്കുകളിലെ പരിഭവം അവനറിയുന്നുണ്ടായിരുന്നു…..
ഞാൻ പറഞ്ഞല്ലോ…. പെട്ടെന്ന് പോകേണ്ടി വന്നതാണെന്ന്….
പിന്നേ….. ഒരു രണ്ട് മൂന്ന് ദിവസത്തേക്കു ഞാൻ മാറിയപ്പോഴേക്കും ഇത്രയേറെ സങ്കടമാണെങ്കിൽ ഞാൻ തിരിച്ചു വരാത്ത വിധം ഇവിടെ നിന്ന് പോകുമ്പോഴോ….
അവനത് പറഞ്ഞതും അവൾ പെട്ടെന്ന് തന്നെ ഇടം കയ്യാലേ അവന്റെ വാ പൊത്തി…..
പെട്ടെന്നുള്ള ഒരു പ്രവർത്തിയായത് കൊണ്ട് തന്നെ അവളും അവനും ഒരുപോലെ ഞെട്ടിയിരുന്നു…
അവൾ പെട്ടെന്ന് കൈ പിറകിലേക്ക് വലിച്ചു….
അവളുടെ കണ്ണുകളിൽ നിറഞ്ഞു നിൽക്കുന്ന വികാരങ്ങൾ അവന് വ്യക്തമായിരുന്നെങ്കിലും കണ്ടില്ലെന്ന് നടിക്കുകയല്ലാതെ മറ്റു മാർഗങ്ങളൊന്നുമുണ്ടായിരുന്നില്ല…
അവളിലെ അവളെ അവൾക്ക് മനസ്സിലാകാത്തിടത്തോളം തന്റെ സ്ഥാനം ആ ഹൃദയത്തിൽ നിന്ന് വേറിട്ടു തന്നെ നിൽക്കും….
തന്നെ തിരിച്ചറിഞ്ഞവൾ തന്നിലേക് ചായുന്ന ആ നിമിഷത്തിനായാണ് ഹൃദയം അത്രമേൽ കാത്തിരിക്കുന്നത്….
അപ്പോഴാ മിഴികളിൽ കാണുന്ന അവളുടെ ലോകം മുഴുവൻ താനായിരിക്കും….
നടക്കുമോയെന്ന് ഉറപ്പില്ലെങ്കിലും കാത്തിരിക്കുകയല്ലാതെ തനിക്ക് മുമ്പിൽ മറ്റു മാർഗങ്ങളൊന്നുമില്ല…..
അവൻ ചെറു പുഞ്ചിരി വരുത്തി തീർക്കുമ്പോഴും ഹൃദയത്തിൽ പടർന്ന നോവിനെ ഭദ്രമായി ഒളിപ്പിച്ചു വെച്ചിരുന്നവൻ…..
നീയും മഹേഷുമായുള്ള വിവാഹം കഴിയുന്നത് വരെയേ ചിലപ്പോൾ ഞാനിവിടെയുണ്ടാവു….
അവനത് പറയുമ്പോൾ അവളവനെ കണ്ണുകൾ വിടർത്തി നോക്കി….
അവൻ പോകുന്നുവെന്നത് അവൾക്കോർക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല…
അവളുടെ മുഖത്തൊരു ചെറു പുഞ്ചിരി പടർന്നു….
അതിനു ആ വിവാഹം നടന്നെങ്കിലല്ലേ….
അവളത് പറഞ്ഞതും അവൻ പ്രതീക്ഷയോടെ അവളെ നോക്കി….
അതെന്താ….
അവനത് ചോദിക്കുമ്പോൾ ഞാൻ പ്രണയിച്ചത് നിന്നെയല്ലേ യെന്ന് പറഞ്ഞ് തന്നിലേക്ക് ചേർന്ന് നിൽക്കുന്ന തന്റെ സത്യയെ അവന്റെ ഹൃദയം അത്രെയേറെ ആഗ്രഹിച്ചിരുന്നു…..
നീ പറഞ്ഞത് പോലെ സത്യ ഭാമ യെ ഞാനറിയാൻ ശ്രമിച്ചതാ….
മഹേഷിനെ ഞാൻ പ്രണയിച്ചിട്ടില്ലെന്നത് അനഘ പറഞ്ഞ് ഞാനറിഞ്ഞു…..മാത്രമല്ല എനിക്ക് വെറുപ്പാണത്രേ…..
മുത്തശ്ശിയായിരുന്നു ശരി…
അമ്മ എന്തിനോ വേണ്ടി എന്നെ ആ വിവാഹത്തിലേക്ക് തള്ളി വിടുന്നു…. എന്തിനെന്നറിയില്ലാ…. ഒരുപക്ഷെ അമ്മയുടെ രക്ത ബന്ധത്തോടുള്ള താല്പര്യമാവാം…..
അവളത് പറഞ്ഞ് നിർത്തുമ്പോൾ അവന് ശെരിക്കും ഒരാശ്വാസം തോന്നിയിരുന്നു…..
അവളിലേക്ക് ഇറങ്ങി ചെല്ലുന്ന അവളെന്നത് അവനോത്തിരി സന്തോഷം നൽകിയിരുന്നു…..
അപ്പൊ ഇനി എല്ലാവരോടും വിവാഹത്തിന് സമ്മതമല്ലെന്ന് പറയാൻ പോകുകയാണോ…..
അവനത് ചോദിച്ചതും അവളുടെ മുഖമാകെ മാറി…..
അറിയില്ല…
നിരാശയോടെ അത് പറയുന്നവളോട് അവന് വല്ലാത്തൊരു അലിവ് തോന്നി….
തന്നെ കുറിച് മറ്റുള്ളവർ പറഞ്ഞറിയുന്ന അവസ്ഥയെ അവൻ വേദനയോടെ ഓർത്തു…
നീ അങ്ങനെ ചെയ്യ് എന്നു പറഞ്ഞ് അവളുടെ കൂടെ നിൽക്കാൻ ആരുമില്ലെന്നതും അവന് പ്രയാസം തോന്നി….
നീ നിനക്ക് ശെരിയെന്നു തോന്നുന്നതിനെ മുറുകെ പിടിക്ക്….
നിന്റെ മനസ്സിനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾക്ക് മാത്രം മുൻഗണന നൽക്…. അതിനി മഹേഷ് ആണെങ്കിൽ പോലും….
അവനത് പറഞ്ഞ് കൊണ്ട് നടന്നകലുമ്പോൾ അവളുടെ മനസ്സിലെ സന്തോഷം അത് നീയാണെന്ന് ഉറക്കെ പറയാൻ തോന്നി…..
തന്റെ കണ്ണുകൾക്ക് കുളിർമ അവനെ കാണുമ്പോഴാണ്…. തന്റെ കാതുകൾ കാത്തിരിക്കുന്നത് അവന്റെ വാക്കുകൾ കേൾക്കാനാണ്….
തന്റെ ഹൃദയം എപ്പോഴും ആഗ്രഹിക്കുന്നത് അവൻ കൂടെ വേണമെന്നാണ്…
അവളുടെ ചൊടിയിലൊരു പുഞ്ചിരി തെളിഞ്ഞു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഭാമേ….
മഹേഷിന്റെ വിളിയിൽ അവൾ തിരിഞ്ഞു നോക്കി…
കല്യാണ സാരി ഏത് നിറത്തിലുള്ളതാണ് വേണ്ടത്….
മഹേശ് അവളോട് സംസാരിക്കാൻ മനപ്പൂർവം കാരണങ്ങളുണ്ടാക്കുന്നതാണെന്ന് അവൾക്ക് തോന്നി..
അതെന്തിനാ എന്നോട് ചോദിക്കുന്നത്…
ഒട്ടും മയമില്ലാത്ത അവളുടെ വാക്കുകൾ മഹേഷിനെ ഭയപ്പെടുത്തിയിരുന്നു….
പഴയ സത്യ ഭാമയുടെ ആ ശൗര്യം അവളിലേക്ക് തിരിച്ചു വന്നതുപോലെയാവന് തോന്നി….
ഓർമ്മകൾ നഷ്ടപ്പെട്ട ഭാമ വെറുമൊരു കളിപ്പാവ മാത്രമായിരുന്നു….
ചുറ്റുമുള്ളവർ പറയുന്നതിനനുസരിച് നീങ്ങുന്നവൾ…..
അത് കൊണ്ടായിരുന്നല്ലോ അവളീ വിവാഹത്തിന് സമ്മതിച്ചതും….
എന്നാൽ തന്റെ മുന്നിൽ നിൽക്കുന്നവൾ ഓർമ തിരിച്ചു കിട്ടിയിട്ടാണോയെന്നവൻ സംശയിക്കും തോറും ഹൃദയം ഭയത്തിൽ മിടിച്ചു കൊണ്ടിരുന്നു……
നീയല്ലേ ഉടുക്കേണ്ടത്…. അപ്പൊ നിന്റെ ഇഷ്ടത്തിനാവട്ടെ….
അവൻ മുഖത്തൊരു ചിറി വരുത്തിയത് പറയുമ്പോഴും ഭാമ അവനെ നോക്കിയില്ല…
ഇത് വരെ അവനെ കണ്ടാൽ നിർവികാരമായിരുന്നു മനസ്സെങ്കിൽ ഇന്ന് ഒരു തരം വെറുപ്പാണ് നിറയുന്നത്….
ഒരു പെണ്ണിന് ഇഷ്ടമില്ലെന്നറിഞ്ഞിട്ടും അവളുടെ സാഹചര്യം മുതലെടുക്കാൻ ശ്രമിക്കുന്നവനോട് പുച്ഛം മാത്രമായിരുന്നു…..
കല്യാണത്തിന് ഇനിയും സമയമുണ്ടല്ലോ മഹേഷേട്ടാ ……
ഇപ്പൊ എന്റെ മനസ്സിൽ ഒന്നിനോടും പ്രത്യേകിച്ചൊരിഷ്ടമില്ല….
എന്റെ ഓർമ്മകൾ എന്ന തിരിച്ചു കിട്ടുന്നുവോ അന്നല്ലേ എന്റെ ഇഷ്ടങ്ങൾ എനിക്ക് തിരിച്ചറിയാൻ പറ്റു……
വിവാഹത്തിന് മുൻപ് തന്നെ എന്റെ ഇഷ്ടങ്ങൾ ഞാൻ തിരിച്ചറിയുന്നൊരു ദിവസം വരുമായിരിക്കും….
അവൾ കനപ്പിച്ചു കൊണ്ടത് പറഞ് അവിടം വിട്ടകലുമ്പോൾ അതിൽ എന്തൊക്കെയോ ഒളിഞ്ഞിരിക്കുന്നതായി മഹേഷിന് തോന്നിയിരുന്നു…
നടന്നകലുന്ന അവളെ നോക്കി അവന്റെ കണ്ണുകൾ ചുരുങ്ങി….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അലമാരയിൽ അലസമായി കിടന്നിരുന്ന ആ ദാവണിയവൾ കയ്യിലെടുത്തു…….
അവന്റെ പ്രണയത്തെ കുറിച്ചുള്ള ഓർമകളെന്നവൻ പറയുമ്പോഴൊക്കെ ഹൃദയം എന്തിനോ വേണ്ടി നോവുന്നു…..
സ്വർണ കരയുള്ള ആ ദാവണിക്ക് തന്നോടെന്തൊക്കെയോ പറയാനുണ്ടായിരുന്നു…
ഓർമകളിൽ ആരുടെയൊക്കെയോ സ്പർശനം അവളിലേക്കെത്തുന്നുണ്ടായിരുന്നു……
അവളാ ദാവണി മനോഹരമായി ചുറ്റി….
കൊരുത്ത മുല്ലപ്പൂ മുടിയിൽ ചൂടി….
ആ കൊച്ചു വീടിന്റെ ഉമ്മറത്തെത്തിയപ്പോൾ വാതിൽ തുറന്ന് കിടക്കുകയായിരുന്നു….
ദാവണിയുടുത്ത അവളെ കാണുമ്പോൾ പെട്ടെന്ന് അവന്റെ മുഖത്തുള്ള ഭാവങ്ങൾ കാണാൻ അവൾ ശബ്ദമുണ്ടാക്കാതെ ജനലിനോരം ചെന്നു നിന്നു….
തുറന്ന് കിടക്കുന്ന ജനലിലൂടെ അവൾ നോക്കി……
മേശക്കരികിലുള്ള കസേരയിൽ തലക്ക് കൈ കൊടുത്തിരിക്കുന്നവനെ അവൾ കാണുന്നുണ്ടായിരുന്നു….
അവന്റെ വലത് കൈയിൽ എന്തോ ഒരു കടലാസ് പിടിച്ചിട്ടുണ്ടായിരുന്നു…..
അവന്റെ കണ്ണുകൾ അതിൽ തന്നെ കുരുങ്ങിക്കിടക്കുകയായിരുന്നു….
ആ കണ്ണുകളിൽ നിറഞ്ഞു നിന്ന ദുഃഖത്തിന്റെ ഉറവിടം വലത് കയ്യിൽ പിടിച്ച ആ കടലാസ് ആണെന്ന് അവൾക്ക് തോന്നി….
അതെന്താവുമെന്ന് അവൾ ആലോചിച്ചു നിൽക്കുമ്പോഴാണ് അവളെ തഴുകിയൊരു കാറ്റ് കടന്ന് പോയത്….
അവളെ കടന്നാ കാറ്റ് ജനലിലൂടെ അവൻ കയ്യിൽ പിടിച്ച ആ കടലാസിലേക്ക് വീശിയടിച്ചപ്പോൾ അവന്റെ കയ്യിൽ നിന്നും അത് പാറി വീണു……
വളരേ സൂക്ഷ്മമായി ആ കാറ്റതിനെ പേറി നിലത്തു കൊണ്ടിട്ടപ്പോഴാണ് അവളുടെ കണ്ണുകൾ അതിലേക്ക് നീണ്ടു പോയത്…..
അതൊരു ഫോട്ടോയായിരുന്നു….
അവൾ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി….
അവൾക്ക് അവളുടെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല…..
അവളുടെ കണ്ണുകൾ വിടർന്നു….
ഹൃദയത്തിന്റെ മിടിപ്പ് ധ്രുത ഗതിയിലാവുന്നത് അവളറിഞ്ഞു….
ആ ഫോട്ടോയിൽ ചിരിച്ചു കൊണ്ട് നിൽക്കുന്ന പെൺകുട്ടി താനല്ലേ….
അവൾക്ക് തലക്ക് വല്ലാത്ത ഭാരം തോന്നി….
താനിത് പോലെ ചിരിച്ചൊരു നിമിഷം തന്റെ ഓർമയിലില്ല….
അവൻ തനിക്കാരാണ്…. അവളുടെ മനസ്സ് അവളോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു…..
അവൻ ആ ഫോട്ടോയെടുക്കാൻ എഴുന്നേറ്റത്തും അവൾ വേഗം അവൻ കാണാത വിധം ഒളിഞ്ഞു നിന്നു….
അവൻ ആ ഫോട്ടോ എടുത്ത് കൊണ്ട് വീണ്ടും അത് പോലെയിരുന്നു….
അവൾ ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കയറി….
അവന്റെ പിറകിലായി നിൽക്കുമ്പോൾ അവന്റെ കയ്യിലുള്ള ആ ഫോട്ടോ അവൾ ഒന്ന് കൂടി സൂക്ഷിച്ചു നോക്കി…..
അതേ…. അത് താൻ തന്നെയാണ്….
പിറകിൽ ആരോ നിൽക്കുന്നത് പോലെ തോന്നിയത് കൊണ്ടാണ് അവൻ പിറകിലേക്ക് തിരിഞ്ഞത്….
അവൻ പെട്ടെന്ന് ഞെട്ടിപ്പോയിരുന്നു….
തന്നെയും ആ ഫോട്ടോയും മാറി മാറി നോക്കുന്ന ആ കണ്ണുകൾ കണ്ണുനീരിന്നാൽ നിറഞ്ഞിരുന്നു…..
ഭാ…..
അവനവളെ വിളിച്ചു തുടങ്ങിയതും അവൾ ഇടത് കൈ അവന് നേരെ ഉയർത്തി….
പിന്നേ പതിയേ ആ ഫോട്ടോയെടുത്തു….
എന്ത് ചെയ്യണമെന്നറിയാതെ അവനപ്പോഴും അതേ നിൽപ്പ് നിൽക്കുകയായിരുന്നു……
നിനക്ക് ഞാൻ ആരാണ്…
പെട്ടെന്ന് അവന്റെ കോളറിൽ കയറി പിടിച്ചു കൊണ്ട് അവളത് ചോദിക്കുമ്പോൾ അവളെ നേരിടാൻ അവന്റെ മിഴികൾക്ക് കഴിയുന്നുണ്ടായിരുന്നില്ല….
അത്ര മേൽ ഗൗരവം ആ വാക്കുകൾക്കുണ്ടായിരുന്നു….
അവൻ താഴേക്ക് നോക്കി നിന്നു…..
ആരാണെന്ന് പറയാൻ.
എന്നെ തിരഞ്ഞ് ഇത്ര ദൂരം വരാൻ മാത്രം ഞാൻ നിനക്കാരാണെന്ന് പറയാൻ….
അവൾ അലറുകയായിരുന്നു….
അവന്റെ ഷർട്ടിന്റെ ബട്ടൺ അവളുടെ കയ്യിൽ പൊട്ടി പോന്നിരുന്നു…
അപ്പോഴും അവളോടെന്ത് പറയണമെന്നറിയാതെ അവൻ നിൽക്കുകയായിരുന്നു
(തുടരും )

by