18/04/2026

സത്യഭാമ : ഭാഗം 22

രചന – അയിഷ അക്ബർ

അതേ…. എന്റെ….. എന്റെ മൂത്ത മകളാണ്….

ജയയത് പറയുമ്പോൾ വാക്കുകളിലെ വിങ്ങൽ അവന് നന്നായി മനസ്സിലാകുന്നുണ്ടായിരുന്നു…..

അല്ലാ…. ഞാൻ ചോദിച്ചെന്നേയുള്ളു…. നിങ്ങളുടെ മകളാണെന്ന് കണ്ടാൽ പറയില്ല അതാണ്‌….

അവൻ ചിരിച്ചു കൊണ്ടത് പറഞ്ഞു അവർ നൽകിയ മധുരം വായിലേക്ക് വെച്ചു….

ജയ വേഗം ഭാമയുടെ കൈ പിടിച്ച അവിടെ നിന്നും നടന്നു…..
അപ്പോഴും അവരുടെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് കണങ്ങൾ ഉണങ്ങിയിട്ടില്ലായിരുന്നു…

അവന്റെ കണ്ണുകളിൽ കണ്ട പ്രത്യേക തീക്ഷണതക്ക് തന്റെ മനസ്സ് പല അർത്ഥങ്ങളും കണ്ട് പിടിക്കുന്നത് അവരറിയുന്നുണ്ടായിരുന്നു……

ഭാമ നടക്കും വഴി പതിയേ പിറകിലേക്ക് തിരിഞ്ഞ് നോക്കി….

അവളെ തന്നെ നോക്കി നിൽക്കുന്ന അവന്റെ ചൊടിയിൽ ഒരു ചെറു പുഞ്ചിരി പറ്റിപ്പിടിച്ചിരിപ്പുണ്ടായിരുന്നു…….

അതവളുടെ ആത്മാവിലേക്ക് ഇറങ്ങി ചെല്ലാൻ കെല്പുള്ളതാണെന്ന് അവൾക്ക് തോന്നി….

അവളുടെ നീളൻ മിഴികളിൽ നോക്കി അവൻ രണ്ട് കണ്ണുമിറുക്കി കാണിച്ചു….

അവൾ അവനിൽ നിന്നും മുഖം തിരിച് നടന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

എന്തിനായിരുന്നു മോളേ നീയീ വിവാഹത്തിന് സമ്മതിച്ചത്…. ഒരിക്കൽ ഈ വിവാഹത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടിയാണ് ഞാൻ ദൂരേക്ക് നിന്നെയയച്ചത്….

ആ മഹേഷ്‌…. അവൻ തീരെ ശെരിയല്ല….

മുത്തശ്ശി തന്റെ കൈകൾ ചേർത്ത് പിടിച്ചത് പറയുമ്പോൾ വാക്കുകളിൽ ദേഷ്യവും സങ്കടവും കലർന്നിരുന്നു….

ഭാമക്ക് അവരോട് തിരിച്ചെന്ത് പറയണമെന്നറിയില്ലായിരുന്നു……

നീയൊരിക്കലും ഈ വിവാഹത്തിന് സമ്മതിക്കരുത്….. വിവാഹം കഴിഞ്ഞൊരു പക്ഷെ നിനക്ക് ഓർമ തിരിച്ചു കിട്ടുകയാണെങ്കിൽ നിനക്കത് സഹിക്കാനാവില്ലെന്ന് മുത്തശ്ശിക്കറിയാം… അത്രയേറെ എന്റെ ഭാമ അവനെ വെറുക്കുന്നുണ്ട്….

മുത്തശ്ശിയുടെ വാക്കുകൾ ഒരു അഭിനയമാണെന്ന് അവൾക്ക് തോന്നുന്നുണ്ടായിരുന്നില്ല….
എങ്കിലും അവരെ പൂർണമായി വിശ്വസിക്കാൻ അവൾ അശക്തയായിരുന്നു…..

നിങ്ങൾക്ക് ഇനിയും മതിയായില്ലേ….. എന്റെ മോളേ ഈ അവസ്ഥയിലെത്തിച്ചതും പോരാ……
ജയയുടെ ശബ്ദത്തിൽ ഭാമയും ശാരതാമ്മായും ഒരു പോലെ ഞെട്ടി….

ശാരതാമ്മക്ക് ഒന്നും പറയാൻ കഴിയുമായിരുന്നില്ല…. കാരണം അവളുടെ ഈ അവസ്ഥക്ക് കാരണം താനാണെന്ന പൂർണ ബോധ്യമുള്ളത് കൊണ്ട് തന്നെ അവർ ഒന്നും മിണ്ടിയില്ല……

ജയ ഭാമയുടെ കൈ വലിച്ചു കൊണ്ട് അവിടെ നിന്നും പ്പോയി…..

മോളേ…. മഹേഷ്‌ അങ്ങേയറ്റം നല്ലവനാണ്….
നിന്റെ അച്ഛന്റെ എല്ലാ പ്രയാസത്തിലും സഹായിക്കാൻ അവൻ മാത്രമേ ഉണ്ടായിരുന്നുള്ളു..

നിങ്ങൾ തമ്മിൽ പ്രണയമാണെന്ന് പറയുമ്പോൾ അമ്മാവനാതോട്ടും ഇഷ്ടമുണ്ടായിരുന്നില്ല… കാരണം അവന് നമ്മളെക്കാളൊക്കെ എത്രയോ വലിയ വീട്ടിൽ നിന്ന് നല്ല ബന്ധം കിട്ടുമായിരുന്നു…… എന്നാൽ അവൻ എല്ലാത്തിനോടും പൊരുതി നിന്നത് നിനക്ക് വേണ്ടിയായിരുന്നു…. നിങ്ങക്കിടയിലുള്ള പ്രണയത്തിനു വേണ്ടിയായിരുന്നു……

ഭാമയല്ലാതെ എന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണില്ലെന്ന് അവൻ തീർത്തു പറഞ്ഞു….

നിന്നെ കാണാതായത്തിന് ശേഷവും അവൻ നിനക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു… നീ വരും എന്ന പ്രതീക്ഷയിൽ …..
അത് കൊണ്ടാണല്ലോ ദൈവം അവന്റെ കണ്മുൻപിൽ തന്നെ നിന്നെ കാട്ടികൊടുത്തത്……

ജയയത് പറയുമ്പോൾ അവരുടെ മുഖത്ത് മഹേഷിനെ കുറിച് അങ്ങേയറ്റം അഭിമാനമുണ്ടായിരുന്നു …

ഭാമക്ക് ആര് പറയുന്നത് വിശ്വസിക്കണമെന്നറിയില്ലായിരുന്നു……

അവൾ ദൂരേക്ക് നോക്കിയിരുന്നു…

തന്റെ അഭിനയം ഫലിച്ചെന്ന് തോന്നിയത് കൊണ്ട് തന്നെ ജയ അവളെ ചിന്തിക്കാൻ വിട്ട് കൊടുത്ത് കൊണ്ട് അവിടെ നിന്നും എഴുന്നേറ്റ് പ്പോയി……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അവൾ മുറിയുടെ ജനാല തുറന്നിട്ടാൽ അജയ് ഉമ്മറത്തിരിക്കുന്നത് വ്യക്തമായി കാണാമായിരുന്നു…..

മറന്നു തുടങ്ങിയ എന്തൊക്കെയോ ഓർമ്മകൾ അവന്റെ മുഖം തന്റെ മനസ്സിലേക്ക് വലിച്ചടുപ്പിക്കും പോലെയവൾക്ക് തോന്നിയിരുന്നു….

ഉമ്മറത്തു ചായ കപ്പുമായി അവനിരിക്കുമ്പോൾ ജനാലയിലൂടെ തന്നെ ഉറ്റു നോക്കുന്ന കണ്ണുകളെ കണ്ടത് കൊണ്ടാവാം അവൻ ചായ കപ്പ്‌ വേണോയെന്ന തരത്തിൽ അവൾക്ക് നേരെ നീട്ടിയത്….

അവൻ കണ്ടെന്നു തോന്നിയത് കൊണ്ട് തന്നെ അവൾ ഭാവ വ്യത്യാസങ്ങളേതുമില്ലാതെ കണ്ണുകൾ അവനിൽ നിന്നും പറിച്ചെടുത്തു അവിടെ നിന്നും നടന്നകന്നു……

ചിന്തകളുടെ കുത്തൊഴുക്കിൽ അവൾ മേശ മേൽ തല വെച്ചു കിടന്നതും കണ്ണുകൾ അവളറിയാതെ താനേ അടഞ്ഞു പോയിരുന്നു….

മുഖത്ത് വെള്ളം തെറിച്ചതും അവൾ വേഗത്തിൽ ഞെട്ടിയെഴുന്നേറ്റു…

ജനലിനപ്പുറത്തു നിൽക്കുന്ന അവനെ കണ്ടതും പെട്ടെന്നവൾക്ക് സ്വപ്നമായി തോന്നി….

സ്വപ്നത്തിൽ താൻ കണ്ടിരുന്ന ആ മുഖം കണ്മുന്നിൽ തെളിഞ്ഞത് പോലെ…..

അവളവനെ തന്നെ നോക്കി നിന്നു…..

എന്തുറക്കമാടോ ഇത്…. ഈ നേരത്താണോ ഇങ്ങനെ കിടന്നുറങ്ങുന്നത്…

അപ്പോഴാണ് അവൾ സ്വബോധത്തിലേക്ക് കടന്നു വരുന്നത്…..

കിണറ്റിന് കരയിൽ വെള്ളമെടുക്കാൻ വന്നതാണവനെന്ന് അവന്റെ കയ്യിലുള്ള കുടം അവളെ ഓർമിപ്പിച്ചു…

അവൾക്ക് അവനിൽ നിന്നും കണ്ണെടുക്കാൻ കഴിഞ്ഞില്ല…..
അവൾക്ക് നേരെ കണ്ണിറുക്കി കാണിച്ചു കൊണ്ട് അവൻ നടന്നകന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ദിവസങ്ങൾ നീങ്ങും തോറും അവൾക്ക് ചുറ്റും ലോകം കറങ്ങുമ്പോഴും അവളുടെ ലോകം അവനിലേക്ക് ചുരുങ്ങുന്നത് പോലെ അവൾക്ക് തോന്നിയിരുന്നു….

ആ കൊച്ചു വീടിന്റെ ഉമ്മറത്തു അവനിരിക്കുന്നത് കാണുമ്പോൾ എത്ര പ്രയാസങ്ങൾക്കിടയിലും അവളുടെ മനസ്സ് മറ്റെതോ ലോകത്തേക്ക് പറന്നു നീങ്ങുന്നത് പോലെ…..

നെറ്റിയിലേക്ക് വീണു കിടക്കുന്ന അവന്റെ മുടിയിഴകൾ ഇളം കാറ്റിൽ പാറി പറക്കുന്നത് കാണുമ്പോൾ ഹൃദയം കൊണ്ടവൾ അവന്റെ ഓർമകളെ പേറും പോലെ…

ഓർമകളിൽ കുരുങ്ങിക്കിടക്കുന്ന അവന്റെ മുഖം തനിക്ക് പരിചയമുള്ള മാറ്റാരോടെങ്കിലും സാദൃശ്യം തോന്നുന്നതാവാം…..

അല്ലെങ്കിൽ എന്നെ അറിയാത്ത ഇവിടെ ആർക്കും മുൻപ് കണ്ട് പരിചയം പോലുമില്ലാത്ത എവിടെ നിന്നോ വന്ന അവനോട് തന്റെ ഹൃദയം ഇത്ര മാത്രം അടുക്കേണ്ട കാര്യമെന്താണ്……

ആലോചിക്കും തോറും ആലോചനയെ കവച്ചു വെച്ചു കൊണ്ട് കണ്ണുകൾക്ക് സുന്ദരമായ ഒരു കാഴ്ചയായ് അവനാ ഉമ്മറത്തു തന്നെയുണ്ടായിരുന്നു…

കല്യാണ നിശ്ചയത്തിനുള്ള ഒരുക്കങ്ങൾ തനിക്ക് ചുറ്റും നടക്കുമ്പോഴും മഹേഷിനെ കുറിച് അവളൊരിക്കൽ പോലും ഓർത്തില്ല….

അവളുടെ കണ്ണുകൾ സദാ ആ കുഞ്ഞ് വീടിന്റെ മുറ്റത്ത് കുരുങ്ങിക്കിടന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹പട്ടുസാരി ചുറ്റി മുടി മെടഞ്ഞു കെട്ടി മുല്ലപ്പൂ ചൂടി നിൽക്കുന്ന അവളിൽ നിന്നും മഹേഷിന് കണ്ണുകളെടുക്കാൻ തോന്നിയില്ല…..

ഒടുവിൽ അവൾ തന്റെതാകാൻ പോകുന്നുവെന്ന സന്തോഷം അവനിൽ നിറഞ്ഞു കണ്ടു….

അപ്പോഴും അവളുടെ മനസ്സ് ശൂന്യമായിരുന്നു….

ബന്ധുക്കളും ജ്യോൽസ്യനും ചുറ്റുമിരുന്നു വിവാഹത്തിനുള്ള തീയതി പറയുമ്പോഴും അവളുടെ ശ്രദ്ധ അവിടെയൊന്നുമായിരുന്നില്ല…..

അടഞ്ഞു കിടക്കുന്ന ആ വാതിലിലേക്കവൾ നോക്കി നിന്നു…..

രാവിലെ തൊട്ട് അവനെ കാണാത്തതിലുള്ള ഒരുതരം പ്രയാസം അവളെ പൊതിയുന്നത് അവളറിഞ്ഞിരുന്നു…..

അവൾ നിരാശയോടെ നിൽക്കുമ്പോഴാണ് തന്റെ വീടിന്റെ ഉമ്മറത്തേക്ക് അവൻ കടന്നു വന്നത്….

അവനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു…..

അത് വരെ അവളെ തന്നെ നോക്കിയിരുന്ന മഹേഷിന് അവളുടെ കണ്ണുകളിലെ തിളക്കം പെട്ടെന്ന് മനസ്സിലായത് കൊണ്ട് തന്നെ അതിന്റെ കാരണത്തിലേക്കെന്ന പോൽ അവൾ നോക്കുന്ന ഭാഗത്തേക്ക് അവന്റെ കണ്ണുകൾ നീണ്ടു…..

ഇളം ചിരിയോടെ നിൽക്കുന്നവനെ കണ്ടതും മഹേഷിന്റെ മനസ്സിൽ എന്തൊക്കെയോ തോന്നിയിരുന്നു……

എവിടെയായിരുന്നു കുട്ടീ….
മുത്തശ്ശി അവനോടത് ചോദിച്ചതും അവൻ അവർക്ക് നേരെയൊന്നു പുഞ്ചിരിച്ചു..

ചടങ്ങ് കഴിയുന്നതിനു മുന്പേ എത്തണമെന്ന് വിചാരിച്ചു പോയതാ മുത്തശ്ശി….പക്ഷെ എത്താൻ പറ്റിയില്ല…..

അവൻ അത് പറയുമ്പോഴും അവന്റെ ചൊടിയിൽ പറ്റിപ്പിടിച്ച ആ കുഞ്ഞ് പുഞ്ചിരിയിൽ തന്നെ അവൾ നോക്കി നിന്നു……

എങ്കി മോൻ പ്പോയി ഭക്ഷണം കഴിച്ചോളൂ….

മുത്തശ്ശിയത് പറഞ്ഞതും അവൻ തലയാട്ടി മുറ്റത്തേക്കിറങ്ങാൻ തുനിഞ്ഞു….

പെട്ടെന്നവൻ തല തിരിച്ചവൾക്ക് നേരെ നോക്കി..

തന്നെ തഴുകി നിൽക്കുന്ന മിഴികളെ ഒരുപക്ഷെ അവനറിഞ്ഞത് കൊണ്ടായിരിക്കാം……

അവൾ അവനിലേക്ക് നോക്കി നിൽക്കുമ്പോൾ അവന്റെ പുഞ്ചിരിയിൽ കലർന്നിരുന്ന വേദനയെ അവൾ തിരിച്ചറിഞ്ഞിരുന്നു…..

(തുടരും )