20/04/2026

സത്യഭാമ : ഭാഗം 03

രചന – അയിഷ അക്ബർ

പൊടി പിടിച്ചു കിടന്നിരുന്ന ആ മുറിയുടെ മൂലയിലെ വീൽ ചെയർ അവൾ വൃത്തിയാക്കിയെടുത്തു…. നടക്കാൻ ചെറിയ വിറയലവരുടെ കാലുകളിനുണ്ടായിരുന്നത് അവൾ ശ്രദ്ധിച്ചിരുന്നു…. ഒരു പക്ഷെ ഒരുപാടായി ആ മുറിയിൽ ഒതുങ്ങി കൂടിയതിനാലാവണം….. അവളവരെ അതിലേക്കിരുത്തുമ്പോൾ ആ കണ്ണുകളിൽ കണ്ടതൊത്തിരി ചോദ്യങ്ങളായിരുന്നു…. ഒരു പുഞ്ചിരി മാത്രം തിരിച്ചു നൽകി അവൾ അവരെയും കൊണ്ട് നടന്നു….. ആ മുറി വിദൂരത്താകും തോറും അവരുടെ മുഖത്ത് ഭയമോ ദേഷ്യമോ സങ്കടമോ എന്നറിയാത്ത വികാരങ്ങൾ ഉടലെടുത്തെങ്കിലും അവളതൊന്നും കണ്ടില്ലെന്ന് നടിച്ചു…… പൂജ നടക്കുന്നത് കൊണ്ട് തന്നെ എല്ലാവരും അവിടെയായിരുന്നു…. അത് കൊണ്ട് തന്നെ തടസ്സങ്ങളേത്മില്ലാതെ അവിടെത്താൻ കഴിഞ്ഞു….

അവിടെ വലിപ്പ ചെറുപ്പമില്ലാതെ എല്ലാവരും നിരന്നു നിൽക്കുന്നുണ്ടായിരുന്നു…. എല്ലാവരെയും ഒരുമിച്ചു കണ്ട യാശോധക്ക് വല്ലാത്തൊരു പരിഭ്രമം തോന്നി….. അവരുടെയിടയിലേക്ക് ആ വീൽ ചെയർ കടന്നു വരുമ്പോൾ ഓരോരുത്തരുടെയും ശ്രദ്ധ അവരിലേക്ക് നീണ്ടു…. എല്ലാവരുടെയും കണ്ണുകളിൽ ആദ്യം നിറഞ്ഞത് അത്ഭുതമായിരുന്നു…. പിന്നീടവിടെ നടക്കാൻ പോകുന്നതോർത്തായിരിക്കാം അവരിലെല്ലാം ഒരു ആശങ്ക നിറഞ്ഞത്…. വിശ്വാനാഥനും ഋഷിയും അവരെ കണ്ടമ്പരന്നു…. യാശോധേ….. വിശ്വാനാഥന്റെ ആ വിളിയിലാണ് രാജേഷ്വരി തിരിഞ്ഞു നോക്കിയത്…. അവരുടെ കണ്ണുകളിൽ അഗ്നി പടർന്നു….. വിശ്വാനാഥൻ യശോധക്കരികിലായി നിന്നു….. യാശോധയപ്പോഴും തല കുനിച്ചു തന്നെ ഇരിക്കുകയായിരുന്നു…. എല്ലാവരെയും നോക്കാൻ ഭയപ്പെടുന്നെന്ന പോൽ…. നീയെന്താ കളിക്കുകയാണോ…. അതും ചോദിച്ചു കൊണ്ട് രാജേഷ്വരി ചീറി പാഞ്ഞു വന്നത് ഭാമക്ക് നേരെയായിരുന്നു….

അവരുടെ കണ്ണുകളെ എന്നും ഭയക്കുന്ന ഭാമക്ക് ഇന്നെന്തോ ഭയം തോന്നിയില്ല…. മാത്രമല്ല…. എന്തെന്നറിയാതൊരു ധൈര്യം അവൾക്ക് കിട്ടുന്നുണ്ടായിരുന്നു….. ആരോരും കാവലില്ലാത്ത അവർക്ക് താനേയുള്ളു എന്ന ചിന്തയാവാം ഒരുപക്ഷെ ……. രാജേഷ്വരി പിടിച്ചിരുന്ന ഭാമയുടെ കൈ തണ്ടയിലെ പിടി അവൾ കുടഞ്ഞു മാറ്റി….. നീയെന്താ വീട്ടുകാരിയാവുകയാണോ…. ഈ വീടും സ്വത്തും കണ്ട് മതി മറന്ന് ഇവിടുത്തുകാരിയാവാൻ നോക്കുകയായിരിക്കുമല്ലേ. അതും ഈ പേരും പറഞ്ഞ്…. യാശോധയെയും ഭാമയെയും നോക്കി പുച്ഛത്തോടെയത് പറയുമ്പോൾ ഭാമ വെറുതെയൊന്നു ചിരിച്ചു… നിങ്ങളെന്നോട് രോഗിയുടെ കാര്യങ്ങൾ മാത്രം നോക്കാനാണ് പറഞ്ഞത്…. ഞാനത് മാത്രമേ നോക്കിയിട്ടുള്ളു…. ഇവരെ മുറിക്കുള്ളിലൊതുക്കി നിങ്ങൾക്കെന്തെങ്കിലും നേടാനുണ്ടെങ്കിൽ അത് നിങ്ങളുടെ വീട്ടുകാര്യം…. അതിലേക്കെന്നെ വലിച്ചിഴക്കേണ്ട….. എന്നെ സംബന്ധിച്ചു ഇവരുടെ മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം നന്നാക്കേണ്ടത് എന്റെ കടമയാണ് … അതിനു മാത്രമേ ഞാൻ ശ്രമിക്കുന്നുള്ളു…..

ഗൗരവത്തോടെ അതിലേറെ ആത്മവിശ്വാസത്തോടെ അത് പറയുന്ന ഭാമയെ എല്ലാവരും അത്ഭുതത്തോടെ നോക്കി… അത്രയും ധൈര്യത്തോടെ രാജേഷ്വരിക്ക് മുമ്പിൽ നിന്നാരും സംസാരിക്കുന്നത് കണ്ടിട്ടില്ലിതുവരെ….. എന്നാൽ അവളുടെ കണ്ണുകളിൽ യാതൊരു കൂസലുമില്ലായിരുന്നു ….. ഒരു പുഞ്ചിരി യോടെ ഋഷിയവളെ നോക്കി നിന്നു.. രാജീ…..യാശോധക്ക് അത് നല്ലതാണെങ്കിൽ എന്തിനാ തടയുന്നത്….. ആ കുട്ടി നോക്കിക്കൊള്ളും……. വിശ്വനാഥൻ അതും കൂടി പറഞ്ഞതോടെ രാജേഷ്വരിക്കുള്ളിലെ എരിയുന്ന തീ ഒന്ന് കൂടി ആളി കത്തി….. ഭാമക്ക് വല്ലാത്ത സന്തോഷം തോന്നി….. പൂജ കഴിയും വരെ കൈ കൂപ്പി യാശോദ പ്രാർത്ഥിച്ചതിൽ ഒരു പങ്കു അവരുടെ സത്യക്കു കൂടിയാണെന്ന തിരിച്ചറിവ് അവരിലൊരു പുഞ്ചിരി നിറച്ചു…… ചിലർ ചില നിമിത്തമാണ്….. ഇരുട്ട് മൂടിയ ചില ജീവിതങ്ങളിലേക്ക് വെളിച്ചം വീശുന്നവർ….. അവരുടെ മിഴികൾ ഋഷിയിലേക്ക് പാറി വീഴുമ്പോഴൊക്കെ തന്നെയും ഹൃദയം വല്ലാതെ പിടക്കുന്നത് അവർക്കറിയാൻ കഴിഞ്ഞു…..

ഋഷി ഇടം കണ്ണാലെ സത്യയിലേക്ക് നോക്കി…. അവൾ അവനെ കണ്ടില്ലെന്ന മട്ടിൽ തിരിഞ്ഞു നിൽക്കുമ്പോഴും അവന്റെ കണ്ണുകളിലുള്ള ആരാധനയോ പ്രണയമോ എന്നറിയാത്ത ആ ഭാവത്തെ അവൾ കണ്ടു കാണില്ല….. പൂജ കഴിഞ്ഞതും പിന്നീടാർക്കും ഒരു വാക്കിനിടം കൊടുക്കാതെ അവളാ വീൽ ചെയറുമായി നടന്നു….. മറ്റൊരാൾക്ക് വേണ്ടി സംസാരിക്കാനും പ്രവർത്തിക്കാനും മാത്രം തനിക്കിത്രയും ധൈര്യമുണ്ടെന്ന് അവളറിയുന്നത് അപ്പോഴായിരുന്നു…. അവൾക്കത്ഭുതം തോന്നി… എത്ര ഭീരുവാണെന്ന് നാം കരുതുമ്പോഴും നമ്മുടെയെല്ലാവരുടെയുള്ളിലും ഒരൂപക്ഷെ ഇത് പോലൊരു ധൈര്യം ഒളിഞ്ഞു കിടക്കുന്നുണ്ടാവും…. അത് നമ്മൾ തിരിച്ചറിയുന്നിടത്താണ് വിജയം….. നമുക്കും ചുറ്റുമുള്ളവർക്കും തണലാവാൻ മാത്രം പ്രാപ്തിയുള്ളൊരു ധൈര്യം……

വിശ്വന്റെ മനസ്സിൽ നിറഞ്ഞു നിന്നതത്രയും യാശോധയുടെ മുഖമായിരുന്നു…. ഭാമ പറഞ്ഞത് പോലെ അവളെ ആ മുറിക്കുള്ളിൽ അടച്ചിടാൻ താനും ശ്രമിച്ചിട്ടുണ്ടോ….. ഒരിക്കലുമില്ല….. അവളാണ് തന്റെ പ്രണയം….. അവൾ കോമയിലായിരുന്ന സമയത്തും മറ്റൊരു വിവാഹത്തിനു തന്നെ എല്ലാവരും നിർബന്ധിക്കുമ്പോഴും അതിനു സമ്മതിക്കാത്തിരുന്നത് അവൾക്കുള്ള സ്ഥാനം മറ്റൊരാൾക്ക്‌ കൊടുക്കാൻ കഴിയാത്തത് കൊണ്ട് തന്നെയായിരുന്നു….. അവൾ തന്റെ ഋഷിയുടെ അമ്മയാണ്….. താനേറേ ആഗ്രഹിച്ചു സ്വന്തമാക്കിയതാണ്….. അവൾ ജീവിതത്തിലേക്ക് മടങ്ങി വരുമ്പോൾ കൈ പിടിച്ചു കയറ്റാൻ ശ്രമിക്കാത്തതായിരിക്കും താൻ ചെയ്ത തെറ്റ്…… അതിനു രാജി തന്നെ വിലക്കിയിരുന്നോ…. അവളുടെ കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കുമ്പോഴും രാജി തങ്ങൾക്കിടയിൽ എപ്പോഴും നിന്നിരുന്നു…. അവൾക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുക്കുന്നതും രാജിയായിരുന്നത് കൊണ്ട് തന്നെ താനൊരിക്കലും അത് കാര്യമാക്കിയിട്ടില്ല താനും….. രാജേഷ്വരിയുടെ ലോകം അത് ഋഷിയിലേക്കിതുങ്ങാൻ താൻ കൂടി കാരണമല്ലേ…. അവളുടെ സന്തോഷങ്ങളെല്ലാം അവനിലേക്കൊതൂക്കി വെക്കാൻ അവളെ പ്രാപ്തയാക്കിയതും താൻ തന്നെയാണ്….. അവളോട് ചെയ്ത തെറ്റിനുള്ള പ്രായശ്ചിതമെന്ന പോൽ…..

രാത്രി ഉത്സവത്തിനെല്ലാവരും പോയ ശേഷം എന്തോ എടുക്കാൻ വേണ്ടിയാണ് ഋഷി വീട്ടിലേക്ക് വന്നത്…. വന്നു കയറുമ്പോഴേ വരാന്ത കഴിഞ്ഞിട്ടിരിക്കുന്ന മരത്തിന്റെ കസേരയിലുരുന്നു പുസ്തകം വായിക്കുന്ന സത്യയെ അവൻ കണ്ടിരുന്നു….. അവൾ അവനെ കണ്ടില്ലെന്ന് തോന്നിയപ്പോഴാണ് എന്തെങ്കിലുമൊരു കുസൃതിയൊപ്പിക്കാൻ അവന് തോന്നിയത്…. തന്നെ കാണുമ്പോൾ പരുക്കനാവുന്ന ഇളം റോസ് നിറമുള്ള കവിളുകളെയൊന്നു കാണാനവന് തോന്നി…. കുട്ടികൾ കളിക്കാറുള്ള പാമ്പിന്റെ രൂപം അവന്റെ കണ്ണുകളിലുടക്കിയതും അവൻ പതിയേ അതെടുത്തു പിറകിൽ നിന്നു അവളുടെ ദേഹത്തേക്കെറിഞ്ഞു…. എറിഞ്ഞ ആ നിമിഷത്തിൽ തന്നെ അവൾ അലറി വിളിച്ചു കുടഞ്ഞെഴുന്നേറ്റിരുന്നു…. ഓടി തിരിഞ്ഞതും അവൾ തട്ടി നിന്നത് ഋഷിയിലായിരുന്നു…. അവളെ പേടിപ്പിച്ചത്തിലുള്ള ചിരി അവന്റെ മുഖത്ത് പടർന്നു തുടങ്ങിയപ്പോഴേക്കും ഭയത്താൽ കുറുകിയ അവളുടെ മിഴികൾ അവനെ മറ്റൊരു ലോകത്തെക്ക്‌ കൂട്ടിക്കൊണ്ട് പോയിരുന്നു…. ഇളം റോസ് നിറമുള്ള കവിളുകൾക്ക്‌ പകരം ചെഞ്ചായം പൂശിയ പോലെ…..

വിറക്കുന്ന അവളുടെ അധരങ്ങൾ തന്നെ ബന്ധിക്കുന്നത് പോലെ….. കണ്ണുകൾ തമ്മിൽ കൊരുത്ത ആ നിമിഷം അവൾ മനസ്സിൽ അവനോടൊരുക്കൂട്ടിയ ദേഷ്യം അലിഞ്ഞില്ലാതാവും പോൽ…. അവൾ കണ്ണുകൾ വേഗത്തിൽ പറിച്ചെടുത്തു…. അവനെന്ന ലോകത്തിൽ താനകപ്പെടുമോയെന്ന് ഭയന്ന്….. അവലിരുന്ന കസേരയിലേക്ക് നോക്കിയതും അതൊരു കളിപ്പാവയാണെന്ന് അറിഞ്ഞ അവളിൽ ഒരു സമാധാനം ഉടലെടുത്തു… ഞാൻ…. പാമ്പാണെന്നു വിചാരിച്…… അവൾ പറഞ്ഞ് പൂർത്തിയാക്കാതെ താഴോട്ടു നോക്കി നിന്നു…. അതെങ്ങനെ തന്റെ ദേഹത്തേക്ക് വീണുവെന്നതൊന്നും അവളപ്പോളാലോചിരിച്ചിരുന്നില്ല….. അവനും ഒന്നും മിണ്ടാനാകാതെ അങ്ങനെ അൽപ സമയം നിന്നു…. അവൾ തന്നെ വിട്ട് പോകുന്നതും നോക്കി…..

മുകളിൽ വെച്ച നിലവിളക്കെടുക്കാനായി ആ വരാന്തയിലൂടെ നടന്നു നീങ്ങുമ്പോഴാണ് പാതിയടഞ്ഞ വാതിൽ അവനൊരു രൂപത്തെ കാണിച്ചു കൊടുത്തത്…. കട്ടിലിൽ കിടക്കുന്ന അവരുടെ മുടിയിഴകൾ ജനലിലൂടെ ഒഴുകി വരുന്ന ഇളം തെന്നലിൽ പാറി പറക്കുന്നുണ്ടായിരുന്നു….. അവൻ യാന്ത്രികമായി ആ വാതിൽ തുറന്നു…. (തുടരും )