01/05/2026

പ്രണയഗീതം 9

അമല പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അറിയാതെ സോളമന്റെ കണ്ണുകൾ നിറഞ്ഞു പോയിരുന്നു..

അവന്റെ മനസ്സിൽ ആ നിമിഷം തെളിഞ്ഞുവന്നത് വെള്ള പെറ്റികോട്ടുമിട്ടു എടുക്കാൻ വയ്യാത്ത പോലെയുള്ള വലിയൊരു ബക്കറ്റ് നിറയെ തുണികളുമായി പുഴയിലേക്ക് പോകുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ മുഖമായിരുന്നു. ഒരിക്കൽ വേനലവധിക്ക്  നാട്ടിൽ പോയപ്പോൾ ആണ് അമ്മയുടെ സുഹൃത്തായ ബെറ്റി ആന്റിയുടെ വീട്ടിൽ ആദ്യമായി പോകുന്നത്.  കുറെ ആളുകൾ ഒരുമിച്ചു താമസിക്കുന്ന ഒരു വലിയ കൂട്ടുകുടുംബം അച്ഛനും അമ്മയ്ക്കും ഒപ്പം ചെറിയ വീട്ടിൽ താമസിച്ച തനിക്ക് അതൊരു കൗതുകമായിരുന്നു..!  അവിടെവച്ചാണ് ആ കൊച്ചു പെൺകുട്ടിയെ ആദ്യമായി കാണുന്നത്.  ബെറ്റി ആന്റിയുടെ മകളാണെന്ന് അമ്മ പറഞ്ഞു പരിചയപ്പെടുത്തി.  ഇപ്പോൾ അമ്മ പറഞ്ഞ കഥകളൊക്കെ കേട്ടപ്പോൾ അവ്യക്തമായി ആ രൂപം തന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. അന്ന് ആ കുഞ്ഞു മനസ്സ് എത്രത്തോളം നൊമ്പരപ്പെട്ടിട്ടുണ്ടാകും.?  ആരോടും പറയാൻ സാധിക്കാതെ എത്രയോ വേദനകൾ  അവളുടെ തലയിണയിൽ പെയ്തിട്ടുണ്ടാവും. അതൊക്കെയായിരുന്നു ആ നിമിഷം അവന്റെ മനസ്സിൽ നിറഞ്ഞുനിന്നത്.

മരിയയെ കണ്ടപ്പോൾ തന്നെ മനസ്സിൽ തോന്നിയ ഒരു ഇഷ്ടത്തിന് കുറച്ചുകൂടി തീവ്രത പകരാൻ അമലയുടെ വാക്കുകൾക്ക് സാധിച്ചു എന്ന് സോളമെന്നു തോന്നി..!  ആദ്യമായി അവളെ കണ്ടപ്പോൾ തന്നെ ഹൃദയം എന്തോ ഒരു പ്രത്യേകത  കണ്ടെത്തിയിരുന്നു.  അതുകൊണ്ടാണ് ഇനി മറ്റാരെയും നോക്കണ്ട എന്നൊരു ചിന്ത പോലും തന്റെ മനസ്സിലേക്ക് ഉരുത്തിരിഞ്ഞു വരുന്നത്.  താൻ ഇതുവരെ കണ്ടിട്ടുള്ള പെൺകുട്ടികളിൽ നിന്നും വ്യത്യസ്തമായി എന്തോ ഒരു പ്രത്യേകത അവൾക്കുണ്ടായിരുന്നു.  അവളിൽ നിറഞ്ഞുനിന്ന നിഷ്കളങ്കതയാണോ  അതോ ആ വിഷാദം നിറഞ്ഞുനിൽക്കുന്ന കണ്ണുകളിൽ അലയടിച്ച  വേദനയാണോ അതിന്റെ കാരണമെന്ന് അവന് വ്യക്തമല്ല.  പക്ഷേ ഒന്നുമാത്രം അവന് മനസ്സിലായി അവളെ കണ്ട നിമിഷം തന്റെ ഹൃദയത്തിൽ ഒരു ചലനം നടന്നിട്ടുണ്ട്. കുറെ സമയം മിണ്ടാതെ കിടക്കുന്ന സോളമന്റെ മുടിയിൽ വീണ്ടും തഴുകുകയായിരുന്നു അമല.

“ഇതൊക്കെ കൊണ്ടു കൂടിയ മമ്മി പറഞ്ഞത് ആ കുട്ടി ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചത് ആണ്. ഇനി നമ്മളായിട്ട് അതിന്റെ മനസ്സിൽ ഒരു വിഷമം ഉണ്ടാക്കരുത്.  നീ മറ്റു പെൺകുട്ടികളോട് കാണിക്കുന്ന പോലെയുള്ള കുസൃതികൾ ഒന്നും ആ കുട്ടിയോട് കാണിക്കരുത്. സ്വന്തം പെങ്ങളെ പോലെ വേണം അവളെ കരുതാൻ, അവൾ ഒരുപാട് അനുഭവിച്ചതാ.  ഇനി നീ ആയിട്ട് എന്തെങ്കിലും മോഹം കൊടുത്ത് അതിന്റെ മനസ്സിൽ മറ്റൊരു വലിയ ദുഃഖം കൂടി നിറച്ചു വയ്ക്കരുത്.

” അമ്മ എന്താണ് ഈ പറയുന്നത്.  ഞാനെന്താ പെൺകുട്ടികളെ ഒക്കെ ചതിക്കുന്ന ടൈപ്പ് ആണെന്നാണോ  അമ്മയുടെ വിചാരം..?

വീണ്ടും വീണ്ടും അത് തന്നെ പറഞ്ഞപ്പോൾ അവന് ദേഷ്യം തോന്നിയിരുന്നു.

“അങ്ങനെയല്ല ഞാൻ എന്റെ കടമ നിന്നോട് പറഞ്ഞു തന്നത് ആണ് . നീയായിട്ട് വാക്കു കൊണ്ടോ  നോക്കു കൊണ്ടോ പ്രവർത്തി കൊണ്ടോ അവൾക്കൊരു മോഹമോ പ്രതീക്ഷയോ കൊടുക്കാൻ പാടില്ല. കൊടുക്കുമെങ്കിൽ അവളെ കരയിക്കാനും പാടില്ല. അവൾ നിനക്ക് വേണ്ടി കരഞ്ഞാൽ ആ ഒരു തുള്ളി കണ്ണുനീര് മതി നമ്മുടെ കുടുംബം വെണ്ണീർ ആയി പോകാൻ.  അത്രയ്ക്ക് അനുഭവിച്ചിട്ടുണ്ട് ആ കുട്ടി.

ഒന്നും മിണ്ടാതെ സോളമൻ അവരുടെ മടിയിൽ നിന്നും എഴുന്നേറ്റ് ബാൽക്കണിയിലേക്ക് പോയി.  അവന്റെ ചിന്തയിൽ അത്രയും നിറഞ്ഞുനിന്നത് വിഷാദമലയടിച്ച ആ മിഴികൾ മാത്രമായിരുന്നു.  ആ കണ്ണുകൾ തന്റെ ഉറക്കം കെടുത്തുന്നു.  അമല പറഞ്ഞതൊന്നും അവൻ കേട്ടില്ല. മോഹം കൊടുക്കരുതെന്ന്,  മോഹം കൊടുത്താൽ അവളെ വേദനിപ്പിക്കരുതെന്നാണ് അമ്മ പറഞ്ഞത്. ഇല്ല താനായി ഒരിക്കലും അവളെ വേദനിപ്പിക്കില്ല, പക്ഷേ താൻ അവളെ മോഹിച്ചു പോയി. അവളെ മോഹിച്ചുപോയ തന്നെ അവൾ വിഷമിപ്പിക്കരുത് എന്ന് മാത്രമായിരുന്നു ആ നിമിഷം അവൻ ആഗ്രഹിച്ചത്.

കുറച്ച് സമയങ്ങൾക്ക് ശേഷം അമല ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ അവൻ ഡൈനിങ് റൂമിലേക്ക് ചെന്നിരുന്നു.  പതുങ്ങി നിന്ന് ഭക്ഷണം വിളമ്പുന്നവളെ ഒളികണ്ണിട്ട് അവൻ നോക്കി.  തന്റെ ദൃഷ്ടിപ്പെടുമ്പോൾ എല്ലാം അവൾ അമലയ്ക്ക് അരികിൽ സംരക്ഷണം തേടുന്നത് കണ്ട് അവന് ചിരിയും അതേപോലെ വേദനയും തോന്നി. ഭക്ഷണം കഴിക്കുമ്പോഴും ആരും കാണാതെ അവന്റെ മിഴികൾ പാഞ്ഞത് അവൾക്കരികിലേക്ക് തന്നെയായിരുന്നു.  വളരെ പതിഞ്ഞ രീതിയിൽ ആരെയും ബുദ്ധിമുട്ടിക്കാതെ അവൾ കഴിക്കുന്നതിനു പോലും ഒരു ഭംഗിയുണ്ടെന്ന് തോന്നി.

അന്ന് രാത്രി സോളമന് ഉറങ്ങാൻ സാധിച്ചില്ല.  അവളുടെ അവസ്ഥകൾ ആയിരുന്നു അവന്റെ നെഞ്ച് നീറ്റിയിരുന്നത്. ആദ്യമായിയാണ് മറ്റൊരാൾക്ക് വേണ്ടി ഇത്രമേൽ ഹൃദയം നോവുന്നത്.  അമലയിൽ നിന്നും അറിഞ്ഞ മരിയയെ കുറിച്ചുള്ള ഓരോ കാര്യങ്ങളും അവൻ മനസ്സിൽ ഓർത്തെടുത്തു.  അതെല്ലാം അവൻ ചിത്രങ്ങളും ദൃശ്യങ്ങളും ആക്കി മനസ്സിൽ ചിത്രീകരിച്ചു. ആരോരുമില്ലാതെ കുട്ടിക്കാലം മുതൽ അവൾ എത്രത്തോളം വേദന സഹിച്ചിട്ടുണ്ട് എന്ന് അവൻ ചിന്തിച്ചു. ഒന്ന് ചേർത്ത് പിടിക്കുമ്പോൾ ആരെങ്കിലും ഉണ്ടെന്നു തോന്നുമ്പോൾ അവളുടെ മനസ്സിന് എന്തൊരു സന്തോഷമായിരിക്കും കൈ വരുന്നതെന്ന് അവൻ ചിന്തിച്ചു.  ആ നിമിഷം അവളോട് അവന് തോന്നിയത് വാത്സല്യം മാത്രമായിരുന്നു. ഇരു കൈകളാൽ അവളെ വാരി പുണർന്ന് നിനക്ക് ഞാനുണ്ടെന്ന് പറയാൻ ഹൃദയം വെമ്പുന്നു. സഹതാപം കൊണ്ട് തോന്നുന്ന ഇഷ്ടമാണോ എന്ന് ചോദിച്ചാൽ അല്ല, അമ്മയിൽ നിന്നും ഈ കഥകളൊക്കെ അറിയുന്നതിന് മുൻപേ തന്നെ ആദ്യനോട്ടത്തിൽ തന്നെയുള്ളിൽ അവളിടം പിടിച്ചിരുന്നു. അവനു ഏറ്റവും പ്രിയപ്പെട്ട ബൈബിൾ വാക്യം അവന്റെ മനസ്സിലേക്ക് ഓടിയെത്തി.

“എന്റെ മണവാട്ടി നീ എന്റെ ഹൃദയം കവർന്നിരിക്കുന്നു, നിന്റെ ഒറ്റക്കാടാക്ഷം കൊണ്ട്, നിന്റെ കൺഠഭാരത്തിലേ ഒറ്റ രത്നം കൊണ്ട് എന്റെ ഹൃദയം കവർന്നെടുത്തിരിക്കുന്നു”

അതെ സോളമന്റെ ഉത്തമഗീതത്തിൽ പറഞ്ഞിരിക്കുന്നത് പോലെ ഒറ്റനോട്ടം കൊണ്ട് അവൾ തന്റെ ഹൃദയം കവർന്നിരിക്കുന്നു. ലെബനോൻ പുത്രി നിന്നെ ഈ സോളമൻ അല്ലാതെ മോഹിച്ചു പോയി..!  ചെറുചേരിയോടെ അവൻ തന്റെ അരികിൽ കിടന്ന് പില്ലോയിൽ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു

“ഐ ലവ് യു മരിയ,  റിയാലി ഐ ലവ് യു..!

അത്രയും പറഞ്ഞ് ആ പില്ലോയെ കെട്ടിപ്പിടിച്ചാണ് അവൻ ഉറങ്ങിയത്. രാവിലെ ഉണർന്നതും അവൻ നേരെ അടുക്കളയിലേക്ക് പോയി.  അമലയ്ക്കൊപ്പം എന്തൊക്കെയോ കാര്യമായി സംസാരിച്ചുകൊണ്ട് നിൽക്കുകയാണ് അവൾ.

“ഒരു കാപ്പി കിട്ടുമോ മമ്മി..?

അമലയുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചപ്പോൾ മരിയയും പെട്ടെന്ന് തിരിഞ്ഞു നോക്കിയിരുന്നു.

“മോളെ ഒരു കപ്പ് എടുത്ത് ഇത്തിരി കാപ്പി കൊടുത്തേ. മരിയയെ ഏൽപ്പിച്ച് ചെയ്തുകൊണ്ടിരുന്ന സ്റ്റൂവിൽ തന്നെ ശ്രദ്ധിക്കുകയാണ് അമല.

കപ്പിനകത്ത് കാപ്പി നിറച്ചവന്റെ കൈകളിലേക്ക് കൊടുത്തിരുന്നു മരിയ. കൊടുത്ത നിമിഷം തന്നെ അറിഞ്ഞുകൊണ്ട് അവൻ അവളുടെ വിരലുകളിൽ ഒന്ന് സ്പർശിച്ചിരുന്നു.  പെട്ടെന്നവന്റെ സ്പർശനം മനസ്സിലാക്കി അവൾ വിരൽ പിൻവലിക്കാൻ തുടങ്ങിയപ്പോൾ അമല കാണാതെ ഒന്ന് കണ്ണ് ഇറക്കി കാണിച്ചു അവൻ. ഭയമോ വേദനയോ എന്തെല്ലാമോ വികാരങ്ങൾ മരിയയിൽ വന്നു മൂടി. അവൾ പെട്ടെന്ന് തന്നെ അവനിൽ നിന്നും അകലമിട്ട് അമലയ്ക്ക് അരികിലേക്ക് പോയി. അത് കാണെ അവനെ ചിരിയാണ് വന്നത്.  പെട്ടെന്ന് ഫോൺ ബെൽ അടിച്ചതും നന്നായി ഇളക്കണം എന്നു പറഞ്ഞ് മരിയ ഏൽപ്പിച്ച അമല ഉമ്മറത്തേക്ക് പോയിരുന്നു.

” അതെ ഇന്നലെ താൻ ഇട്ട കാപ്പിയാ എനിക്കിഷ്ടപ്പെട്ടത്, ഇത് മമ്മി ഇട്ടതല്ലേ.

അവൾക്ക് അരികിലേക്ക് ചെന്നുകൊണ്ട് അവൻ പറഞ്ഞപ്പോൾ അവൾ പരിഭ്രാന്തിയോടെ അവനെ നോക്കി.

” താൻ എന്നാത്തിനാ ഇങ്ങനെ പേടിച്ചെന്നെ നോക്കുന്നേ..?  ഞാനെന്നാ പിടിച്ചു തിന്നുവോ.?

കിച്ചൻ സ്ലാബിലേക്ക് കയറിയിരുന്ന് കൊണ്ട് അവൻ ചോദിച്ചു. അതിന് ഇല്ലന്ന് അവൾ തലയനക്കി.

” എന്നതാ കൊച്ചേ എന്തെങ്കിലും ഒന്ന് മിണ്ടിയെന്നും പറഞ്ഞ് മുത്തു പൊഴിയുമോ. അല്പം ഗൗരവത്തോടെ തന്നെ അവൻ ചോദിച്ചു.

” ഞാനല്ല..  ആന്റി  ആണ് കാപ്പി ഇട്ടത്,

പേടിച്ച് എന്നതുപോലെ അവൾ പറഞ്ഞു.

” അതെനിക്ക് മനസ്സിലായല്ലോ, അതല്ലേ ഞാൻ പറഞ്ഞത് താൻ ഇട്ട കാപ്പി ആയിരുന്നു സൂപ്പർ എന്ന്.

ഭയവും പരിഭ്രമവും ഇടകലർന്ന ഒരു പുഞ്ചിരി അവൾ അവന് സമ്മാനിച്ചു.

”  ഇന്നലെ ഒറ്റ വട്ടം കുടിച്ചപ്പോൾ തന്നെ ഞാൻ  ആ കാപ്പിക്ക് അഡിക്റ്റ് ആയിപ്പോയി..  കൊച്ചു വേഗം ഒരു കാപ്പി ഇട്ടുതന്നേ.

പെട്ടെന്ന് അവൻ പറഞ്ഞപ്പോൾ അവൾ അമ്പരന്നിരുന്നു. അതെ അമ്പരപ്പോടെ അവന്റെ മുഖത്തേക്ക് നോക്കി,

” എന്നതാ പറ്റുകേലേ..?

അവൻ ഒരിക്കൽ കൂടി ചോദിച്ചപ്പോൾ വീണ്ടും അവളിൽ പരിഭ്രമം നിറഞ്ഞു.

” അല്ല ഇപ്പോ ഇടാം.

അവള് ധൃതിയിൽ വെള്ളം എടുത്ത് സ്റ്റൗവിൽ വച്ച് ഏലക്കായും കാപ്പിപ്പൊടിയും ഒക്കെ ഇടുന്നത് അവൻ ശ്രദ്ധിച്ചു കൊണ്ടിരുന്നു… നിമിഷനേരം കൊണ്ട് കട്ടൻകാപ്പി റെഡിയാക്കി അവന് നേരെ നീട്ടി . ഇടയ്ക്ക് ഉമ്മറത്തേക്ക് നോക്കുന്നുണ്ട് അമല വരുന്നുണ്ടോ എന്ന്. അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി എന്നത് പോലെ അവൻ പറഞ്ഞു.

“മമ്മിയെയാണ് പ്രതീക്ഷിക്കുന്നതെങ്കിൽ അതിനി ഉടനെ ഒന്നും വരില്ല, ആരോ വിളിച്ചിട്ടുണ്ട്.  അവരോട് കത്തി വെച്ചുകൊണ്ടിരിക്കുക

അവൾ നീട്ടിയ കാപ്പി ഗ്ലാസ് വാങ്ങി അത് ഒന്ന് സിപ്പ് ചെയ്തു. അതിനുശേഷം നന്നായി ആസ്വദിച്ച് അത് കുടിക്കുന്നത് പോലെ അവളെ ഒന്ന് കാണിച്ചു.

“സൂപ്പർ…! ഈ ടേസ്റ്റ് എനിക്ക് ഒരുപാട് ഇഷ്ടമായി, ലൈഫ് ലോങ്ങ് ഈ കാപ്പി കുടിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഇപ്പോൾ ഒരാഗ്രഹം.

അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞപ്പോൾ മനസ്സിലാവാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി.

” മനസ്സിലായില്ലേ..? അവൾക്ക് നേരെ മുഖം അടിപ്പിച്ചു കൊണ്ട് അവൻ ചോദിച്ചു.

ഇല്ല എന്ന് അവൾ തലയനക്കി.

”  ഈ കാപ്പി ഇട്ടു തന്ന ആള് ലൈഫ് ലോങ്ങ് എന്റെ കൂടെ ഉണ്ടെങ്കിൽ എനിക്ക് കാപ്പി ജീവിതകാലം മുഴുവൻ കുടിക്കാല്ലോ. ഇനി മനസ്സിലായില്ലെങ്കിൽ കൊച്ചു ബൈബിളിലെ സോളമന്റെ ഉത്തമഗീതം നാലിന്റെ 9 പോയി നോക്ക്.

അത്രയും പറഞ്ഞ് അവൻ സ്ലാബിൽ നിന്നും ഇറങ്ങി,

അപ്പോഴും അമ്പരപ്പോടെ നിൽക്കുകയായിരുന്നു മരിയ,

“അതെ ഐ ലവ്…  അത്രയും കേട്ടപ്പോഴേക്കും അവൾ ദേഷ്യത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.

”  ദൈവമേ മൂക്കൊക്കെ തക്കാളി പോലെ ചുവന്നല്ലോ, എന്നെ പിടിച്ചു  തിന്നുമോ.

” ഐ ലവ് ദിസ് കോഫി എന്ന് ആണ് ഞാൻ പറയാൻ വന്നത്…

മുഴുവൻ പറയുന്നതിന് മുൻപ് ഇങ്ങനെ ദഹിപ്പിച്ചു നോക്കിയാലോ.? ഒരു കണ്ണ് ഇറുക്കി കുസൃതിയോടെ അവൻ പറഞ്ഞപ്പോൾ അവളുടെ മുഖത്ത് കുറച്ച് ആശ്വാസം കാണാമായിരുന്നു.

” ഐ ലവ് ദിസ് കോഫി

വീണ്ടും കപ്പ് ഉയർത്തി കാണിച്ച അവനത് പറഞ്ഞപ്പോൾ അവൾക്ക് ദേഷ്യം വന്നിരുന്നു. ഒറ്റ വലയ്ക്ക് കാപ്പി കുടിച്ച് കപ്പ് കഴുകി അവൾക്ക് നേരെ വെച്ചു

” കാപ്പി മാത്രം അല്ലാട്ടോ,  കാപ്പി ഉണ്ടാക്കിയ ആളെയും എനിക്ക് ഒരുപാട് അങ്ങ് ഇഷ്ടായി…!

മീശ ഒന്ന് പിരിച്ചു അത്രയും പറഞ്ഞ് അവൻ പുറത്തേക്ക് പോയപ്പോൾ അവൻ പറഞ്ഞു പോയ വാക്കുകളുടെ ഞെട്ടലിൽ ആയിരുന്നു മരിയ..

തുടരും