19/04/2026

മയിൽപ്പീലി : ഭാഗം 31

രചന – നെച്ചു നസ്രിൻ

പീലി വന്നപാടെ ഭദ്രയോട് ഓരോന്ന് പറഞ്ഞു ചുറ്റി തിരിയാൻ തുടങ്ങി. സൂരജ് അവളുടെ ശ്രദ്ധ പിടിച്ച് പറ്റാൻ ഒന്ന് രണ്ട് തവണ അടുക്കളയ്ക്ക് മുന്നിലൂടെ നടന്നെങ്കിലും പീലി ഒന്ന് നോക്കുക കൂടി ചെയ്തില്ല. അവനൊടുവിൽ തോൽവി സമ്മതിച്ചു മുറിയിലേക്ക് പോയി. “ഇവൾക്കെന്താണാവോ ഇത്രക്ക് അമ്മയോട് പറയാനുള്ളത്. ഫോണിൽ പാതിരാത്രി വരെ വിളിച്ചു പറഞ്ഞതൊന്നും പോരതെയാണോ. അല്ലെങ്കിൽ ഒരുത്തൻ ഇവിടെ അങ്ങോട്ടും ഇങ്ങോട്ടും കിടന്ന് കറങ്ങുന്നു എന്ന് വല്ല വിചാരവും അവൾക്കുണ്ടോ. ഇവളെ ഞാനാണോ അമ്മയാണോ കെട്ടികൊണ്ട് വന്നത്”?. ഭദ്ര ഇടം കണ്ണാൽ സൂരജിന്റെ കാട്ടികൂട്ടലുകൾ കണ്ടിരുന്നു. രാത്രി ആഹാരം കഴിക്കാൻ ഇരിക്കുമ്പോൾ സൂരജ് പീലിയെ നോക്കി മടുത്തു കഴിക്കാൻ തുടങ്ങി. ഭദ്ര ഭർത്താവിനെ നോക്കി കണ്ണ് കാണിച്ചു.

ഒന്ന് മുരടനക്കി പ്രഭാകരൻ തുടർന്നു. “മോനെ അമ്മയും ഞാനും കൂടി രണ്ട് ദിവസത്തേക്ക് ഒരു യാത്ര പോകുകയാണ്. ഒന്ന് രണ്ട് അമ്പലങ്ങളിലൊക്കെ നേർച്ച ഉണ്ട്. അതൊക്കെ കഴിക്കാൻ പോകണം”. “പക്ഷേ അച്ഛാ നിങ്ങളെങ്ങനെ പോകും”. “അതൊരു ടാക്സി ഏർപ്പാടാക്കിയിട്ടുണ്ട്. നാളെ നിങ്ങൾ കോളേജിൽ പോയി കഴിഞ്ഞ് ഞങ്ങളിറങ്ങും. രണ്ടോ മൂന്നോ ദിവസം കഴിയും തിരികെ വരാൻ”. “ഇതെന്താ അമ്മ എന്നോട് പറയാതിരുന്നത്. ഞാനും കൂടി വന്നോട്ടെ അമ്മേ”?. പീലിയത് ചോദിച്ചതും പ്രഭാകരന്റെ നെറുകിൽ കയറി. “അല്ല മോളെ അമ്മ പറയാൻ വിട്ട് പോയതാ. മോളും കൂടി വന്നാൽ പിന്നെ സൂരജിന്റെ കാര്യങ്ങൾ നോക്കാനൊക്കെ ആരാ?. അടുക്കളയിലെ കാര്യങ്ങളൊക്കെ ശാരദ നോക്കിക്കോളും. മോൾ അതിൽ ടെൻഷൻ അടിക്കണ്ട”. അമ്മയത് പറഞ്ഞതും പീലി പകച്ച് സൂരജിനെ നോക്കി.

“അല്ല മോൾക്ക് ബുദ്ധിമുട്ടാണേൽ അമ്മ പോകുന്നില്ല. പിന്നീടൊരിക്കൽ ആകാം യാത്ര”. ” വേണ്ട അമ്മേ നേർച്ചയൊക്കെ അങ്ങനെ വെച്ച് താമസിപ്പിക്കരുത്. ദൈവ കോപം ഉണ്ടാകും. അമ്മയും അച്ഛനും പോയിട്ടു വാ”. തങ്ങളുടെ പ്ലാൻ നല്ല രീതിയിൽ തന്നെ നടത്തിയെടുക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ അമ്മയും അച്ഛനും പരസ്പരം നോക്കി ചിരിച്ചു. പീലി മുറിയിലേക്ക് വരുന്നത് കാത്തിരിക്കുകയായിരുന്നു സൂരജ്. എന്ത് വന്നാലും മനസിന്റെ ഈ വീർപ്പു മുട്ടൽ അവസാനിപ്പിച്ചേ ഒക്കൂ എന്നവൻ തീരുമാനിച്ചു. പീലി ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നതും സൂരജ് പീലിയെ വിളിച്ചു. അവൾ ബാൽക്കണിയിലേക്ക് ചെന്നു. അവൻ പുറത്തേക്ക് നോക്കി നിൽക്കുകയാണ്.

എങ്ങനെ സംസാരിച്ചു തുടങ്ങണമെന്ന് അവന് നിശ്ചയം ഉണ്ടായിരുന്നില്ല. “എങ്ങനെയുണ്ടായിരുന്നു അമ്മ വീട്ടിൽ. അവിടെ ആരെങ്കിലും തന്നോട് ദേഷ്യപ്പെടുകയോ വഴക്കിടുകയോ ചെയ്തോ”?. പീലി അവന്റെ ചോദ്യത്തിൽ മിഴിച്ചു നോക്കി. ആദ്യമായാണ് ഇങ്ങനെ തന്റെ വിശേഷം തിരക്കുന്നത്. “ഇല്ല അവിടെ എല്ലാവർക്കും എന്നോട് വലിയ സ്‌നേഹമായിരുന്നു. പിന്നെ അമ്മയുടെ കാര്യം അറിഞ്ഞപ്പോ എല്ലാവർക്കും നല്ല സങ്കടമായി”. “പീലി അമ്മയെ കണ്ടിട്ടേ ഇല്ലല്ലേ”?. “ഇല്ല എന്നെ പ്രസവിച്ചയുടൻ അമ്മ മരിച്ചു പോയി. ജീവേട്ടൻ ഒരു ഫോട്ടോ കാണിക്കുമ്പോളാണ് ഞാൻ ആദ്യമായി അമ്മയുടെ രൂപം കാണുന്നത്”. “അമ്മയെ മിസ്സ്‌ ചെയ്യാറുണ്ടല്ലേ”?. ” പലപ്പോഴും. അമ്മയെ ഓർക്കാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. പിന്നെ ഭദ്രമ്മയെ കിട്ടിയതിൽ പിന്നെ അമ്മയെ ഓർക്കുന്നത് കുറഞ്ഞു എന്ന് വേണേൽ പറയാം”. കാറ്റിൽ ഇളകിയാടുന്ന അവളുടെ മുടിയിഴകളിൽ സൂരജ് കൊതിയോടെ നോക്കി നിന്നു.

“പീലി. അന്ന് കോളേജിൽ വെച്ച്. അത് സത്യം പറഞ്ഞാൽ…” “വേണ്ട എനിക്കതിനെ കുറിച്ചൊന്നും കേൾക്കണ്ട. ഞാനിപ്പോ അതൊന്നും ഓർക്കാറില്ല”. അവളതും പറഞ്ഞു മുറിയിലേക്ക് തന്നെ പോയി. വീണ്ടും മനസിലുള്ളത് പറയാൻ ആകാത്തതിൽ അവന് നിരാശ തോന്നി. അവൻ ചെല്ലുമ്പോൾ അവളുറങ്ങി കഴിഞ്ഞിരുന്നു. കുറച്ച് നേരം അവൾക്കരികിൽ ചെന്നിരുന്നു അവളുടെ കവിളിലൊന്ന് തൊട്ടു. “അവൾക്ക് പറയാനുള്ളത് മാത്രം പറഞ്ഞു അവള് പോയി. കുട്ടിപിശാശ്. മനസ്സിൽ കേറി പോയി അല്ലേൽ കാണാരുന്നു. എന്റെ കയ്യിൽ ശെരിക്കൊന്ന് കിട്ടട്ടെ. ഇതിനൊക്കെ ഒന്നിച്ച് തരാം”. തിരികെ കട്ടിലിൽ കിടക്കുമ്പോളും അവന്റെ കണ്ണ് പീലിയിൽ മാത്രമായിരുന്നു. അജീഷ് ആൽമരത്തിനു കീഴിൽ വെറുതെ കിടക്കുകയായിരുന്നു. അവന്റെ മനസിൽ പീലിയുടെ മുഖം തെളിഞ്ഞു വന്നു. കണ്ണിൽ നീർ പൊടിഞ്ഞു. കാഴ്ച മങ്ങി. അരികിൽ ആരുടെയോ സാമീപ്യം അറിഞ്ഞവൻ തല ചെരിച്ചു നോക്കി. തന്നെ നോക്കി ചിരിച്ചു കൊണ്ട് ഒരു പെൺകുട്ടി നിൽക്കുന്നു.

അവൻ സംശയത്താൽ അവളെ നോക്കി. ” അജീഷേട്ടൻ അല്ലെ ബാങ്കിൽ ജോലി ചെയ്യുന്നേ”?. “അതെ കുട്ടി ഏതാ എന്നെ എങ്ങനെ അറിയാം”?. “അത് ഞാൻ ബാങ്കിൽ വന്നപ്പോൾ കണ്ടിട്ടുണ്ട്. രണ്ട് മൂന്നു മാസം മുൻപാണ്. പക്ഷേ കഴിഞ്ഞ ആഴ്ച്ച ഞാൻ രണ്ട് മൂന്നു തവണ വന്നിരുന്നു. ഏട്ടനെ കണ്ടില്ല”. “ഞാൻ ലീവിലായിരുന്നു”. ” ആഹ് അതാ ഞാനും ഓർത്തു.എന്താ കാണാത്തെന്ന്. അങ്ങനെ ലീവ് ആക്കാറില്ലല്ലോ. അല്ല ഇവിടെ എവിടെയാ വീട്. എന്റെ അപ്പച്ചീടെ വീട് ഇവിടെ അടുത്താ. ഞാൻ അപ്പച്ചീടെ കൂടെ അമ്പലത്തിൽ വന്നതാ. അപ്പോളാ ഏട്ടന്റെ ബൈക്ക് അവിടിരിക്കുന്നത് കണ്ടത്”. അവൾ വാ തോരാതെ എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു.

വലിയ പ്രത്യേകതകൾ ഒന്നുമില്ലാത്ത ഒരു പെൺകുട്ടി. അജീഷ് അവൾ പറയുന്നതൊന്നും വലിയ താല്പര്യം കാണിച്ചില്ല.അവനൊന്നും മിണ്ടാതെ ബൈക്കിനടുത്തേക്ക് പോയി. അവൾ അവന്റെ പിറകിൽ ചെന്നു. “അല്ല ഏട്ടാ വീട് എവിടന്ന് പറഞ്ഞില്ലല്ലോ”?. “അതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല”. “ശോ വെറുതെ പറയെന്നെ”. ” കുട്ടി ഞാൻ നിന്നെ ആദ്യമായിട്ടാണ് കാണുന്നത്. നിന്നോട് സംസാരിക്കാനൊന്നും എനിക്ക് തീരെ താല്പര്യമില്ല. നീ പോകാൻ നോക്ക്”. “എന്റെ ഏട്ടാ ഇങ്ങനൊക്കെയല്ലേ പരിചയപ്പെടുന്നത്. എന്റെ പേര് ഗൗരി”. അജീഷ് വണ്ടി സ്റ്റാർട്ട്‌ ആക്കി പോയി. അവളുടെ മുഖത്ത് അപ്പോളും കുസൃതി മിന്നിമറഞ്ഞു. “എവിടെ പോകാനാ. ഞാൻ കണ്ടു പിടിച്ചോളാം. ആവശ്യം എന്റേതായി പോയില്ലേ”. രേഷ്മ ഇന്നാണ് കോളേജിലേക്ക് വരുന്നത്. മരച്ചുവട്ടിൽ പീലിയെ കാത്തു ആനന്ദിനൊപ്പം രേഷ്മയുമുണ്ടായിരുന്നു. പീലിക്ക് ആ കാഴ്ച മനസ് നിറയ്ക്കുന്നതായിരുന്നു.

എല്ലാ പ്രതികൂല സാഹചര്യങ്ങളെയും തരണം ചെയ്തു ആ പഴയ രേഷ്മയെയും ആനന്ദിനെയും പീലിക്ക് അവിടെ കാണാൻ കഴിഞ്ഞു . “എന്റെ പീലി നിന്റെ കെട്ടിയോൻ കാറിൽ ഇങ്ങോട്ട് തന്നല്ലേ വരുന്നത് , നീ ഇങ്ങനെ ബസിൽ തൂങ്ങേണ്ടേ കാര്യമുണ്ടോ?. അങ്ങേരുടെ കൂടെ വന്നു കൂടെ”. “ഞാൻ പണ്ടും ഇങ്ങനൊക്കെ തന്നല്ലോ വരുന്നത്. അപ്പോളില്ലാത്ത സങ്കടം നിനക്കിപ്പോ എന്തിനാ”?. ” അത് പോലെയാണോ ഇപ്പൊ. ഈ കണക്കിന് പോയാൽ സൂരജേട്ടൻ അണ്ടർ ഗ്രൗണ്ടിൽ കൂടി വേറെ ലൈൻ വലിക്കും കേട്ടോ”. ” നീ ചുമ്മാ അവളെ കൂടി ടെൻഷൻ ആക്കുമോടെ”. അവർ നേരെ ക്ലാസ്സിലേക്ക് ചെന്നു.പവൻ ചികിത്സ കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചെത്തി. ശരീരത്തിനു ഇനി ഒരു വീഴ്ച താങ്ങാൻ ആകില്ലെന്ന് അവനും അറിവുണ്ടായിരുന്നു. കൂട്ടാളികൾക്കൊപ്പം ഇരിക്കുകയാണ് അവൻ.

“എന്നാലും അണ്ണാ അവനൊറ്റക്ക് അണ്ണനെ ഇത്ര പണിയുമെന്ന് ഞങ്ങൾ കരുതിയില്ല”. “ഛീ നിർത്തെടാ %&**&&*%& മക്കളെ. എനിക്കൊരു വീഴ്ച വന്നപ്പോ നിയൊക്കെ ഓടിക്കളഞ്ഞതല്ലേ എന്നിട്ട് ന്യായം പറയുന്നോ. എന്റെ മേൽ കൈ വെച്ച ഒരുത്തനേം ഞാൻ വെറുതെ വിടില്ല”. അവന്റെ ഫോണിൽ നിന്ന് പോയ ആദ്യ കാൾ സാധികയുടെ നമ്പറിലേക്കാണ്. ഉത്സാഹത്തോടെ തന്നെ അവൾ കാൾ എടുത്തു. മറുതലയ്ക്കൽ നിന്ന് അവൾ കേട്ട വിവരങ്ങൾ അവളെ അത്രത്തോളം സന്തോഷിപ്പിച്ചു. അവൾ വേഗം ഒരുങ്ങി പുറത്തേക്കിറങ്ങി. തുടരും