16/04/2026

വിവാഹമോചനം : ഭാഗം 22

രചന – സുധീ മുട്ടം

“വിടൂ ടീച്ചറേ” ആരവ് പിടഞ്ഞെഴുന്നേൽക്കാൻ വീണ്ടും ശ്രമിച്ചെങ്കിലും പിടി വിടാതെ അവനെ തന്നിലേക്ക് ആവാഹിക്കാൻ നന്ദിനിക്കുട്ടി ശ്രമിച്ചു… അവളിൽ പ്രണയത്തിന്റെ പൂക്കൾ വർണ്ണമഴ പെയ്യിച്ചു തുടങ്ങി… വിവാഹം കഴിക്കാതെ ആദ്യമായി മറ്റൊരു പുരുഷനോട് തോന്നിയ പ്രണയം ശാന്തമായൊരു പുഴയായി ഒഴുക്കുവാനായി നന്ദിനിക്കുട്ടി ശ്രമിച്ചു… “ലവ്വ് യൂ ആരവ്… മൃദുമന്ത്രണം പോലെ അവൾ അവന്റെ ചെവിയിൽ മന്ത്രിച്ചു… ” എന്താ ടീച്ചറേ കാണിക്കുന്നത്..നിങ്ങൾക്ക് ഒരു രൂപയുടെ വിവരം പോലുമില്ലേ… അവനിൽ നിന്നും ദേഷ്യം ഇരമ്പലോടെ കാതിൽ തുളച്ചു കയറിയതും അവളുടെ കൈകൾ മെല്ലെ അയഞ്ഞു…അയാൾ പ്രയാസപ്പെട്ടു എഴുന്നേറ്റു.. നന്ദിനിയുടെ കണ്ണുകൾ പതിയെ നിറഞ്ഞു വന്നു… പിന്നെയതൊരു പുഴയായി ഒഴുകി.. “ആരവ്.. ഞാൻ.. വാക്കുകൾ പഞ്ഞം വന്നു തുടങ്ങിയതോടെ അവൾ ശ്വാസം മുട്ടി പിടഞ്ഞു…

” എന്റെ മോളോടുളള ഇഷ്ടത്തിന്റെ പുറത്ത് കുറച്ചു സ്വാതന്ത്ര്യം തന്നെന്ന് കരുതി എന്തും ആകാമെന്ന് കരുതരുത്… അവനിലെ വാക്കുകൾക്ക് പതിയെ തീ പടർന്നു തുടങ്ങി.. ആരവിൽ നിന്ന് ഉയർന്ന ഓരോ വാക്കുകളും നന്ദിനിയുടെ നെഞ്ചിൽ വന്നു തറച്ചു കയറി.. “നിങ്ങൾ പണക്കാർക്ക് എല്ലാമൊരു ടൈം പാസാണ്..സാധാരണ വീട്ടിലെ ആണുങ്ങളെ കാണുമ്പോഴൊരു ഇളക്കം..അതെന്റെ അടുത്ത് വേണ്ടാ… ” ആരവ്… ഞാൻ… എന്നെയൊന്നു മനസ്സിലാക്കൂ പ്ലീസ്.. മുറിവേറ്റ പക്ഷിയെ പോലെ അവൾ പിടഞ്ഞു വീണിട്ടും അവനിലെ ദേഷ്യം നിലച്ചില്ല.. “ഇറങ്ങിപ്പോ…എനിക്ക് നിങ്ങളെ കാണണ്ടാ… അതോടെ നന്ദിനിക്കുട്ടിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.. മോളേയും വാരിപ്പിടിച്ച് ഹൃദയം നൊന്ത് ഉറക്കെ കരഞ്ഞു… പ്രാണൻ ശരീരത്തിൽ നിന്ന് വിട്ടകലുന്ന വേദനയോടെ നിലവിളിച്ചു… ” എനിക്ക് ഇഷ്ടമാ എന്റെ മോളേയും അവളുടെ അച്ഛനേയും…. നന്ദിനിയിൽ നിന്നുയർന്ന ദയനീയമായ നിലവിളി കേട്ടു ആരതി മോളും കൂടെ കരഞ്ഞു…

മോളേയും വാരിപ്പിടിച്ച് അവൾ ആരവിന്റെ കാലിലേക്കു വീണു… “എനിക്ക് സമയം പോക്കല്ലാ ആരവ് നിന്നോടുളള എന്റെ പ്രണയമാണ്…ഉറവ വറ്റാത്ത കടൽ പോലെ എന്നിലത് തകർത്തു ആഞ്ഞു വീശുന്നുണ്ട് പടുകൂറ്റൻ തിരമാലകളായി…. ആരവിന്റെ കാലുകളിൽ അശ്രുപൂജ ചെയ്തു നന്ദിനിക്കുട്ടി പിന്നെയും ഉറക്കെ കരഞ്ഞു… ” മരിച്ചിട്ടും പ്രാണനായി അമ്മുവിനെ പൊതിഞ്ഞ് പിടിച്ചു പ്രണയിക്കുന്ന നിന്നെ എനിക്ക് ഇഷ്ടമാ ആരവ്…പ്രണയം യാചിച്ചു നേടുന്നതല്ലെന്ന് അറിയാം..പക്ഷേ എനിക്കതിനെ കഴിയൂ..എന്നെ ഉപേക്ഷിക്കല്ലേ ആരവ്…നിന്നിലൂടെ ഞാനെന്റെ തകർന്നു പോയ മനസ്സിനെ തിരിച്ച് പിടിക്കാൻ ശ്രമിക്കുവാ… കാലിൽ വീണു കിടന്നു കരയുന്ന നന്ദിനിക്കുട്ടിയൊരു നോവായി അവനിലും തകർത്തു പെയുന്നുണ്ട്…പക്ഷേ അതൊരിക്കലും പ്രണയമായിരുന്നില്ല..ഒരിഷ്ടം..സ്വന്തം മകളെ ജീവനോടെ കാണുന്ന ടീച്ചറോടുളള സാധാരണ ഇഷ്ടം മാത്രം….

തനിക്ക് സ്നേഹിക്കാൻ മോളും മരിച്ചെങ്കിലും ഹൃദയത്തിൽ ഇപ്പോഴും പൊതിഞ്ഞ് പിടിച്ചിട്ടുണ്ട് തന്റെ പ്രണയിനിയെ…പ്രാണനെ…അമ്മുക്കുട്ടിയെ.. നന്ദിനിക്കുട്ടിയുടെ നിലവിളി പതിയെ നേർത്തു വന്നെങ്കിലും ശക്തമായ തേങ്ങലിന്റെ ചീളുകൾ പിന്നെയും പുറത്തേക്കൊഴുകി… “എഴുന്നേൽക്ക്…നന്ദിനിക്കുട്ടി… കോപം ഇടക്ക് ശമിച്ചപ്പോൾ ആരവ് അനുകമ്പയോടെ വിളിച്ചു… ” എനിക്ക് പൊക്കി എടുക്കനുളള ആവതില്ല നന്ദിനിക്കുട്ടി.. പ്ലീസ്… അവൻ ദയനീയമായി അപേക്ഷിച്ചത് അവളുടെ നെഞ്ചിനെ പൊള്ളിച്ചതും മോളുമായി പിടഞ്ഞ് എഴുന്നേറ്റു അവനെ നോക്കി..അയാളൊരു തളർച്ചയോടെ കിടക്കയിലേക്ക് ഇരുന്നു.. “നന്ദിനിക്കുട്ടി എന്നോട് ക്ഷമിക്ക്..അപ്പോഴത്തെ ദേഷ്യത്തിനു പറഞ്ഞതാ… അവൾ കരച്ചിൽ നിർത്തിയതോടെ ആരതിക്കുട്ടിയും കണ്ണുകൾ തുടച്ചു…

” എന്റെ നെഞ്ചിൽ ഇപ്പോഴുമുണ്ട് എന്റെ അമ്മു…അവളെ അല്ലാതെ മറ്റാരെയും എനിക്ക് പ്രണയിക്കാൻ കഴിയില്ല…എന്റെ ഭാഗത്തു നിന്നും അരുതാത്തായി മോഹം ജനിപ്പിച്ചെങ്കിൽ മാപ്പ്…. “ആരവിനു അറിയോ എനിക്ക് ഇന്നും ഇന്നലെയും തോന്നിയ ഒരിഷ്ടം അല്ലിത്.. കാറ്റും കോളും ഒന്ന് അടങ്ങിയതോടെ നന്ദിനിക്കുട്ടി അവളുടെ മനസ്സ് തുറന്നു… ആരവ് ഞെട്ടലോടെ അവളെ നോക്കി… ” അന്ന് ആദ്യമായി കണ്ടില്ലേ സ്കൂളിൽ വെച്ചു…അന്ന് പറഞ്ഞില്ലേ അമ്മുക്കുട്ടിയെ ഇപ്പോഴും പ്രണയത്തോടെ നെഞ്ചിൽ പൊതിഞ്ഞ് പിടിച്ചിട്ടുണ്ടെന്ന്…അന്ന് തോന്നിയ ഇഷ്ടം പിന്നീട് പ്രണയമായി മാറി… “നന്ദിനിക്കുട്ടി… നോവോടെ വിളിച്ചു പോയി..അത്രയേറെ അവനും പിടഞ്ഞു പോയി.. ” ഞാൻ മറ്റൊന്നും കരുതിയല്ല… അവന്റെ സ്വരം വല്ലാതായി… “ഒരു‌ പെണ്ണ് അവളുടെ ഇഷ്ടം പ്രകടിപ്പിച്ചാൽ,നിന്നെ ഞാൻ സ്നേഹിക്കുന്നുവെന്ന് പറഞ്ഞാൽ അവളെ മോശം കാണുന്നവരാണ് ഇന്നും നമ്മുടെ സമൂഹവും നമുക്ക് ഇടയിലുളളവരും… നന്ദിനിക്കുട്ടി വളരെ പക്വതയോടെ സംസാരിച്ചു അവളുടെ കാഴ്ചപ്പാട് വ്യക്തമാക്കി… ” ടീച്ചർ ആയാലും ഞാനൊരു സാധാരണ പെൺകുട്ടിയാ ആരവ്..എന്റെ മനസ്സിലും സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗ്രഹമില്ലേ…

അവളുടെ കാഴ്ചപ്പാട് കണ്മുമ്പിൽ തുറന്നപ്പോൾ ആരവിനു ഉത്തരമില്ലാതായി…. “ആരവ് ചോദിച്ചില്ലേ എനിക്ക് ഒരു രൂപയുടെ വിവരം പോലും ഇല്ലേന്ന്‌..അത് ഉളളതു കൊണ്ടു മാത്രമാ നന്ദിനിക്കുട്ടി ഇന്നും ജീവിച്ചിരുന്നത്… അറിയോ…. ഒന്നു നിർത്തിയിട്ട് അവൾ തുടർന്നു… “എനിക്ക് ആരവിനോട് തോന്നിയ പ്രണയം അതങ്ങനെ എന്നിലുണ്ടാകും…ഇഷ്ടമില്ലെങ്കിൽ നിഴൽ വെട്ടത്ത് പോലും വരില്ലെന്ന് പറയില്ല..കാണും കൂടെ കണ്മുന്നിൽ..എന്നിലെ പ്രണയം സത്യമാണെന്ന് നിങ്ങൾക്ക് എന്നെങ്കിലും ബോദ്ധ്യം വരുന്ന നാൾ വരെ ക്ഷമയോടെ കാത്തിരിക്കും…പ്രണയം കൂടുമ്പോൾ പ്രകടിപ്പിക്കുകയും ചെയ്യും… അവളൊരു പുഞ്ചിരിയോടെ മൊഴിഞ്ഞതും തളർന്നു പോയത് അവനായിരുന്നു… ” മരിച്ചിട്ടും അമ്മുവിനെ ഇത്രയേറെ പ്രണയിക്കുന്ന ആരവിനെ എനിക്ക് വേണം…കൂടെ നിങ്ങളുടെ പ്രണയവും…വിട്ടു കളയാൻ മാത്രം അത്ര വിഡ്ഡിയല്ല ഞാൻ… എനിക്ക് എന്റേതായ കാഴ്ചപ്പാടുണ്ട്..നിലപാടുകൾ ഉണ്ട്…. “അമ്മുക്കുട്ടിക്ക് മുകളിലും വേണ്ടാ താഴെയും വേണ്ടാ…ആ നെഞ്ചിൽ അമ്മുവിനൊപ്പം എനിക്കും വേണം ഒരു സ്ഥാനം..ഒപ്പം ആരതി മോളുടെ അമ്മയായി.. വെറുതെയല്ല ആരവ് ജീവിക്കാനുള്ള കൊതി കൊണ്ടാ… അത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും അസഹ്യമായ വേദനയിൽ അവൾ കരഞ്ഞു പോയി…. അവളിലെ കണ്ണുനീർ അവനിലേക്ക് വേദനയായി ഒഴുകി തുടങ്ങി…. തുടരും…