19/04/2026

ആത്മരാഗം : ഭാഗം 16

രചന – ഗൗരി ലക്ഷ്മി

മേ ഐ…

യെസ്..

അല്ലി ക്യാബിന് പുറത്തേയ്ക്ക് നോക്കി പറഞ്ഞതും സുമുഖനായ ഒരു ചെറുപ്പക്കാരൻ ഉള്ളിലേയ്ക്ക് പ്രവേശിച്ചു..

ഗുഡ് മോണിംഗ് മാഡം.. എൻ്റെ പേര് നിധിൻ..

ഹാ.. മനസ്സിലായി.. പുതിയ അപ്പോയിൻ്റ്മെൻ്റ് അല്ലേ..

അതെ..

അവൻ ചെറു പുഞ്ചിരിയോടെ അതിലുപരി വിനയത്തോടെ പറഞ്ഞു..

ഇരിക്ക്..

അവള് ചിരിയോടെ പറഞ്ഞതും അവൻ അവൾക്കെതിരെയുള്ള ചെയറിൽ ഇരുന്നു .

സർട്ടിഫിക്കറ്റ്സ്..

കയ്യിലിരുന്ന ഫയൽ തനിക്ക് നേരെ നീട്ടിയവൻ പറഞ്ഞതും അല്ലി അവനെ നോക്കി.. ശേഷം അത് വാങ്ങി തുറന്നു നോക്കി..

സാമാന്യം നല്ല അക്കാദമിക്ക് നിലവാരം ഉള്ള ആളാണ് അവനെന്നവൾക്ക് ഒറ്റനോട്ടത്തിൽ മനസ്സിലായിരുന്നു..

ഇത് ആദിയും ക്രിസ്റ്റിയും കണ്ടതല്ലേ..

അതെ.. ഇൻ്റർവ്യൂ കഴിഞ്ഞു.. അപ്പോയിൻ്റ്മെൻ്റ് ലെറ്റർ കിട്ടി.. മാഡത്തെ കണ്ടിട്ട് ജോയിൻ ചെയ്താൽ മതി എന്നാണ് പറഞ്ഞത്.. ഇൻ്റർവ്യൂ ബോർഡിൽ മാഡം ഇല്ലയിരുന്നല്ലോ..

ഓ യെസ്.. എനിക്കൊരു അർജന്റ് മീറ്റിംഗ് ഉണ്ടായിരുന്നു അന്ന്.. എന്തായാലും ഇന്ന് ജോയിൻ ചെയ്യുകയല്ലേ..

അതെ..

അവൻ പുഞ്ചിരിയോടെ പറഞ്ഞു..

ഓകെ.. കൺഗ്രാറ്റ്‌സ്..

അവൾ പുഞ്ചിരിയോടെ കൈനീട്ടി..

അവൻ ആ കരം ഗ്രഹിച്ചു..

അറിയാല്ലോ.. ഒരുപാട് തകർച്ചയിൽ നിന്ന്‌ വളർന്നുവന്ന ഒരു കമ്പനിയാണ് ഇത്. അതിന് പിന്നിൽ ഇവിടെ ഉള്ള ഓരോ സ്റ്റാഫിന്റെയും കഠിനാധ്വാനം ഉണ്ട്.. രാപ്പകലില്ലാതെയുള്ള കഷ്ടപ്പാടും പ്രയത്നവും ഉണ്ട്.. പുതിയതായി ഞങ്ങൾ ഒരാളെ എടുക്കുമ്പോഴും ഞങ്ങൾ ആഗ്രഹിക്കുന്ന യോഗ്യത ഇതൊക്കെത്തന്നെയാണ്.. സോ ബെറ്റർ ടു നോട്ട് ഗേവ്‌ മി എ ചാൻസ് ടു സേ ദിസ് തിങ് എഗൈൻ..

ഷുവർ..

അവൻ പറഞ്ഞു..

അവളൊന്ന് പുഞ്ചിരിച്ചു..

ഓകെ.. പുറത്തു എച്ച് ആർ സെക്ഷനിൽ ചെന്നു രാജീവ് മനോഹറിനെ കണ്ടാൽ മതി.. ഹി വിൽ ബി യോർ റിപ്പോർട്ടിങ് ഓഫീസർ.. ഓഫീസിലെ കാര്യങ്ങളും വർക്കും മറ്റു ഡീറ്റൈൽസും ഒക്കെ കൃത്യമായി അദ്ദേഹം പറഞ്ഞുതരും.. ആദ്യത്തെ ഒരു മാസം ട്രൈനിംഗ് ഉണ്ടായിരിക്കും.. അതിന് ശേഷം മാത്രമേ പ്രോജക്റ്റ് ടീമിൽ അപ്പോയിന്റ് ചെയ്യൂ.. അതുപോലെ 6 മാസം പ്രൊബേഷണറി പിരീഡ് ആണ്..

നോർമലി അത് 1 വർഷം മുതൽ 2 വർഷം വരെയൊക്കെയാണ്.. നിങ്ങൾക്ക് ആയതുകൊണ്ട് അത് 6 മാസം ആക്കിയതാണ്.. ഈ കാലാവധിയ്ക്കുള്ളിൽ എപ്പോൾ വേണമെങ്കിലും കമ്പനിക്ക് നിങ്ങളെ പിരിച്ചുവിടാൻ കഴിയും അതും വിത്തൗട്ട് നോട്ടീസ്.. സോ വർക്കിൽ നന്നായി ശ്രദ്ധിക്കുക..

ഓകെ മാഡം..

യു ക്യാൻ കോൾ മി ആയില്യ.. ഇവിടെ ഒരുപാട് വല്യ ഫോർമാലിറ്റിയുടെ ഒന്നും ആവശ്യമില്ല..

ഓകെ.

അവൻ പുഞ്ചിരിച്ചു..

ദെൻ വൺസ് എഗൈൻ ഓൾ ദി വെരി ബെസ്റ്റ്..

അവൾ പറഞ്ഞു..

അവൻ അതേ ചിരിയോടെ പുറത്തേയ്ക്ക് പോയതും അവൾ ഫോൺ എടുത്തു ആദിയ്ക്ക് ഒരു തംസ്അപ്പ് മെസേജ് ഇട്ടു..

ശേഷം തെല്ല് ആലോചനയോടെ തന്നെ അവന്റെ സർട്ടിഫിക്കറ്റിലേയ്ക്ക് നോക്കിയിരുന്നു..

*********************

എന്ത് തോന്നി..

സത്യത്തിൽ ഞാൻ പ്രതീക്ഷിച്ചതുപോലെ വല്യ കുഴപ്പക്കാരൻ ആണെന്ന് തോന്നിയില്ല..

അല്ലി പറഞ്ഞു..

അത് ഞാനും പറഞ്ഞു.. കണ്ടാൽ ഒരു സാധുവാണ്..

ക്രിസ്റ്റി പറഞ്ഞു..

മ്മ്.. ഇടപെടലും ഡീസന്റ് ആണ്.. സത്യത്തിൽ അവന്റെ അപ്പന്റെ സ്വഭാവം അനുസരിച്ചു വന്ന പാടെ കമ്പനി സി ഈ ഓയുടെ ചെയറാണ് അന്വേഷിക്കേണ്ടത്..

ആദി പറഞ്ഞു..

മ്മ്.. പക്ഷെ ആള് സൈലന്റ് ആണ്.. ജ്യോതികയാണ് ട്രെയിനർ.. അവൾ പറഞ്ഞത് അനുസരിച്ചു ട്രെയിനിങ് സെഷൻ ഒക്കെ വളരെ കാര്യമായി ശ്രദ്ധിക്കുന്നുണ്ട് കക്ഷി.. അതുപോലെ വർക്കൗട്ട് ചെയ്യാൻ ശ്രമിക്കുന്നുമുണ്ട്..

ക്രിസ്റ്റി പറഞ്ഞു..

ഏതായാലും നോക്കാം.. പുത്തനച്ചി പുരപ്പുറം തൂക്കും എന്നല്ലേ.. ബാക്കി വരുന്നിടത്തുവെച്ചു കാണാം..

അല്ലി പറഞ്ഞു..

അത് ശെരിയാ നമുക്ക് നോക്കാം..

ആദിയും ശെരിവെച്ചു..

അതുപോലെ നമുക്ക് നമ്മുടെ പ്രോജക്റ്റിൽ കുറച്ചുകൂടി ശ്രദ്ധിച്ചേ പറ്റൂ.. ഷെഡ്യൂൾ പ്രകാരം ഒന്നും തീർന്നിട്ടില്ല.. സോ ഈ ഉഴപ്പൊക്കെ കളഞ്ഞു നമുക്കൊന്ന് ശെരിക്ക് പിടിച്ചാലേ കാര്യങ്ങൾ മര്യാദയ്ക്ക് പോകൂ..

അല്ലി പറഞ്ഞു..

അത് ഞാനും പറയാനിരിക്കുകയായിരുന്നു.. എന്തായാലും ഇനിയുള്ള ദിവസങ്ങൾ തിരക്കിന്റേതാകും എന്നാ തോന്നുന്നെ..

ക്രിസ്റ്റി പറഞ്ഞു..

നമ്മൾ ഓവർ പ്രഷർ സ്റ്റാർട്ടിങ്ങിൽ തന്നെ കൊടുക്കേണ്ട എന്നു കരുതിയാണ് സ്ലോ ആയി തുടങ്ങിയത്. നമുക്ക് ഷെഡ്യൂൾ ഒന്നുകൂടി ചെയ്ഞ്ച് ചെയ്യാം.. ടാർജെറ്റ്‌ റീവൈസ് ചെയ്യാം..എന്താ..

ആദി ചോദിച്ചു..

അത് മതിയാകും.. പക്ഷെ നമ്മൾ ആക്ച്വൽ ഷെഡ്യൂൾ മാത്രമിട്ടു വർക്ക് ഡിവൈഡ്‌ ചെയ്താൽ അവസാനം വരുമ്പോൾ ബുദ്ധിമുട്ടാകും. സോ അതനുസരിച്ചു റിവിഷൻ കൂടെ ചെയ്യണം..

അല്ലി പറഞ്ഞു..

എന്തായാലും നമുക്ക് ബാക്കി കാര്യങ്ങൾ റോയിച്ചനുമായി കൂടി ഡിസ്കസ് ചെയ്തു തീരുമാനിക്കാം..

കയ്യിലിരുന്ന കാപ്പി അവസാന സിപ്പും കുടിച്ചുകൊണ്ട് അല്ലി പറഞ്ഞതും ആദിയും ക്രിസ്റ്റിയും പുഞ്ചിരിച്ചു..

അപ്പോഴും സൗഹൃദത്തിന്റെ ഗന്ധമുള്ള ഒരു ഇളം കാറ്റ് അവരെ തഴുകി തലോടി പോകുന്നുണ്ടായിരുന്നു..

*******************

ഫോണിൽ തുടരെയായി വരുന്ന കോൾ കണ്ടതും ആകാശ് കാർ റോഡരികിലേയ്ക്ക് പാർക്ക് ചെയ്തു..

അവൻ ഫോണെടുത്തു..

പ്രസീദാന്റി എന്ന പേര് ഡിസ്‌പ്ലേയിൽ തെളിഞ്ഞു..

അവൻ കോൾ അറ്റൻഡ് ചെയ്തു കാതോട് ചേർത്തു..

ആന്റി..

എന്തായി ആകാശ്..എന്തേലും വിവരം കിട്ടിയോ..

പ്രസീദ ഒറ്റശ്വാസത്തിൽ ചോദിച്ചതും ആകാശ് ഒരു നിമിഷം മൗനമായി ഇരുന്നു..

ഇല്ല അല്ലെ.. എന്റീശ്വരാ.. എന്റെ കുഞ്ഞു..

അവരുടെ കരച്ചിൽ ചീളുകൾ ഫോണിലൂടെ അവന്റെ കാതിൽ അലയടിക്കുന്നുണ്ടായിരുന്നു..

നിസ്സഹായമായി അവനവർക്ക് കാതോർത്തു..

നമുക്ക് പോലീസിൽ അറിയിച്ചാലോ മോനെ..

അല്പനേരത്തിന് ശേഷം അവർ ചോദിച്ചു..

ആന്റി ഞാൻ ഇപ്പൊ ഇവിടെ ഒരിടം വരെ പോകുകയാണ്.. അവിടെ അവനുണ്ടോ എന്നൊന്ന് നോക്കട്ടെ. ഇല്ലേൽ നമുക്കിനി അങ്ങനെ തന്നെ മൂവ് ചെയ്യാം.. ഇപ്പൊ നമുക്ക് കിട്ടിയ വിവരം അനുസരിച്ചു ഒരാഴ്ചയ്ക്ക് മേലെയായില്ലേ അവനീ സിറ്റിയിൽ.. നമ്മൾ ഒരുപാട് ലേറ്റ് ആകുന്നത് റിസ്‌കാണു..

എന്തായാലും ചെയ്യാം.. എനിക്കെന്റെ കുഞ്ഞിനെ കിട്ടിയാൽ മതി..

പ്രസീദ ഏങ്ങി..

ആന്റി പ്ലീസ്.. ഇതുപോലെ ഇങ്ങനെ കരയാതിരിക്കൂ.. നമുക്കവനെ കണ്ടുപിടിക്കാം..

അതും പറഞ്ഞു ആകാശ് ഫോൺ കട്ട് ചെയ്തു.. ശേഷം ശ്രദ്ധയോടെ കാർ മുൻപോട്ടെടുത്തു..

ശ്രീ ബാലാജി ലോഡ്ജ് എന്നെഴുതിയ തുരുമ്പെടുത്ത പഴഞ്ചൻ ഇരുമ്പു കമാനം കടന്നവന്റെ കാർ അകത്തേയ്ക്ക് കുതിച്ചു..

ഒരു വശത്തായി കൂട്ടിയിട്ടിരിക്കുന്ന പഴയ സൈക്കിളുകളുടെയും സ്കൂട്ടറുകളുടെയും അവശിഷ്ടങ്ങൾക്ക് അടുത്തായി അവൻ കാർ പാർക്ക് ചെയ്തിറങ്ങി..

ലോഡ്ജിന് മുൻപിൽ നിന്ന ആളുകൾ ഫോർമൽ വേഷത്തിൽ ഇറങ്ങിവന്ന അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

ടാ..

പരിചിതമായ ശബ്ദം കേട്ടതും ആകാശ് തിരിഞ്ഞുനോക്കി..

വരുൺ..

അവൻ വേഗം വരുണിനടുത്തേയ്ക്ക് ചെന്നു..

ടാ.. നീ ഞാൻ അയയ്ച്ച ഫോട്ടോ കണ്ടോ.. അത് തന്നെയാണോ ആള്..

എടാ ആ ഫോട്ടോയിൽ കണ്ടപോലെ ഒരാൾ.. റൂം നമ്പർ 12ഇലാണ് ആളുള്ളത്.. ഞാൻ കണ്ടപ്പോ ഈ വാതിൽക്കൽ നിൽക്കുവായിരുന്നു.. സ്മോക്ക് ചെയ്തിട്ട്.. ഞാൻ സംശയത്തോടെ നോക്കുന്നത് കണ്ടതും എന്നെ നോക്കി നോക്കി കേറി പോയി.. റൂമിൽ പോയിരിക്കാനാ സാധ്യത.. പിന്നെ ആ ഫോട്ടോയിൽ ഉള്ളപോലെ ക്ലീൻ ഷേവ് ഒന്നുമല്ല.. ഒരു അലമ്പു ഷർട്ട് ഒക്കെയിട്ട് വല്ലാത്ത രൂപത്തിൽ..

വരുണിന്റെ വാക്കുകൾ കേട്ടതും ആകാശ് വല്ലാത്ത ഒരവസ്ഥയിൽ ആയിപ്പോയി..

നീയിങ്ങനെ ഒരു മെസേജ് ഇട്ടിരുന്നത് കൊണ്ടാ ഞാൻ പെട്ടെന്ന് ശ്രദ്ധിച്ചത്.. എനിക്ക് ഇന്ന് ഡ്യൂട്ടി ഇവിടെ ജംഗ്ഷനിൽ ആണ്.. എസ് പിയെ വിളിച്ചു പറഞ്ഞിട്ടാ ഈ നിൽപ്പ്.. അധികം ലേറ്റ് ആകരുതേടാ..

ഇല്ല.. നീ വാ..

അതും പറഞ്ഞു ആകാശ് നടന്നു..

റിസപ്‌ഷനിൽ ഉള്ള പ്രായം ചെന്ന ആളെ കണ്ടതും ആകാശ് വരുണിനെ നോക്കി..

വരുൺ ചെന്ന് അയാളോട് സംസാരിച്ചു..

ടാ.. വാ.. റൂം മുകളിലാണ്..

വരുൺ മുകളിലേയ്ക്ക് നടന്നു..

മാഞ്ഞുപോയ നീല പെയിന്റ് അടിച്ച കോണ്ക്രീറ്റ് സ്റ്റെയറിലൂടെ അവർ മുകളിലേയ്ക്ക് നടന്നു..

പഴയ രീതിയിലുള്ള നീല പെയിന്റ് അടിച്ച വാതിലിൽ വരുൺ തട്ടി..

അല്പനേരം കഴിഞ്ഞതും ക്ഷീണിച്ചു അവശനായ ഒരു രൂപം വാതിൽ തുറന്നു..

ആകാശ് അക്ഷരാർത്ഥത്തിൽ ഞെട്ടിപോയിരുന്നു..

നാട്ടിൽ നിന്ന് അവസാനമായി ഇങ്ങോട്ട് ലീവ് കഴിഞ്ഞു വരുമ്പോൾ തന്നെ എയർപോർട്ടിൽ ആക്കി കെട്ടിപിടിച്ചു കല്യാണവും ക്ഷണിച്ചു സന്തോഷത്തോടെ നിന്നവനെ അവനോർത്തുപോയി..

ആ കാർത്തിയുടെ നിഴൽ മാത്രമാണ് മുൻപിലെന്നു അവനു തോന്നി..

വാട്ട്സ് ദി മാറ്റർ സർ..

കുഴയുന്ന ശബ്ദത്തിൽ പോലീസ് വേഷത്തിൽ നിൽക്കുന്ന വരുണിനെ നോക്കി ചോദിച്ച ശേഷമാണ് അവന്റെ പിന്നിൽ വേദനയോടെ തന്നെ നോക്കി നിൽക്കുന്ന ആകാശിനെ കാർത്തി കണ്ടത്…

അവനെ കണ്ടതും കാർത്തി അകത്തേയ്ക്ക് കയറി കതക് അടയ്ക്കാൻ ശ്രമിച്ചു.. പക്ഷെ അതിന് മുൻപ് വരുണും ആകാശും ചേർന്നു അവനെ തള്ളി മാറ്റി അകത്തേയ്ക്ക് കയറിയിരുന്നു..

കാർത്തി.. ടാ എന്ത് കോലമാടാ ഇത്.. ഹേ..

ആകാശിന്റെ വാക്കിൽ വല്ലാത്ത വേദനയുണ്ടായിരുന്നു..

ഇങ്ങനെ ഒരിടത്ത്.. ഇത്രേം വൃത്തിയില്ലാത്ത അറ്റ്മോസ്ഫിയറിൽ.. ടാ എന്താടാ ഇതൊക്കെ..

ആകാശ് ദേഷ്യത്തിൽ കർത്തിയെ നോക്കി ചോദിച്ചു..

ഇതൊക്കെ ഇപ്പൊ എങ്ങനെയാ.. നീ എന്തിനാ വന്നേ.. എന്താ പോലീസിൽ പരാതി കൊടുത്തോ..നീ പോ..

കാർത്തി പറഞ്ഞു..

ഇതെന്റെ ഫ്രണ്ടാ വരുൺ.. ഇവിടെ ട്രാഫിക്കിലാണ് ജോലി.. പരാതി കൊടുത്തില്ല.. പക്ഷെ കൊടുക്കാമായിരുന്നു പ്ലാൻ.. ഇവിടെ കൂടെ നീയില്ലേൽ അത് തന്നെ ചെയ്തേനെ.. നിനക്കറിയോ രണ്ടാഴ്ച്ചയോളമായി നിന്റെ ‘അമ്മ എന്നെ വിളിച്ചു കരയാൻ തുടങ്ങിയിട്ട്.. കഷ്ടമുണ്ട് കേട്ടോ..

കാർത്തി താൽപര്യമില്ലാത്ത പോലെ മേശമേൽ ഇരുന്ന ഒഴിഞ്ഞ മദ്യകുപ്പി തുറന്ന് വായിലേക്ക് കമഴ്ത്തി നോക്കി..

ടാ..

ദേഷ്യത്തോടെ ആകാശ് ആ കുപ്പി വാങ്ങി വലിച്ചെറിഞ്ഞു കളഞ്ഞിരുന്നു..

കാർത്തി ഈർഷ്യയോടെ അവനെ നോക്കി…

വരുണേ.. ഇവന്റെ എല്ലാ സാധനവും എടുത്തോ.. കുപ്പിയും പാട്ടയും എല്ലാം പെറുക്കിക്കോ.. ഇന്ന് തീരുവാ ഇവന്റെ ഇവിടുത്തെ പൊറുതി..

ഞാനെങ്ങോട്ടുമില്ല..

കാർത്തി പറഞ്ഞു..

മിണ്ടരുത്.. മിണ്ടിയാൽ കയ്യും കാലും കെട്ടിയിട്ടു കൊണ്ടുപോകും ഞാൻ..

അതും പറഞ്ഞു ആകാശ് വരുണിനെ നോക്കി..

അവരിരുവരും ചേർന്നു കാർത്തിയുടെ ട്രാവൽ ബാഗ് പാക്ക് ചെയ്തു.. ശേഷം ഒരു തരത്തിൽ പിടിച്ചു വലിച്ചു കൊണ്ടുപോയി അവർ കാർത്തിയെ ആകാശിന്റെ കാറിലാക്കി..

എടാ ഇവിടുത്തെ കാര്യം ഒന്ന് ഡീൽ ചെയ്യാമോ.. എത്ര രൂപ ആയിട്ടുണ്ട് എന്നു ചോദിച്ചിട്ട് പറയ്.. ഞാൻ ഗൂഗിൾ പേ ചെയ്യാം..

അതൊക്കെ ഞാൻ നോക്കികോളാം.. നീ ചെല്ല്..

വരുൺ പറഞ്ഞതും ആകാശ് ഒരു ചെറു പുഞ്ചിരി അവനു സമ്മാനിച്ചു..

മുഖം വീർപ്പിച്ചിരിക്കുന്ന കാർത്തിയെയും കൊണ്ട് പോകുന്ന ആകാശിനെ നോക്കി നിൽക്കെ ഒരു ചെറു പുഞ്ചിരി വരുണിന്റെ ചുണ്ടിലുമുണ്ടായിരുന്നു.. സൗഹൃദത്തിന്റെ പുഞ്ചിരി..

*****************

അയ്യോ.. കെട്ടിലമ്മ ഇവിടെ വന്നു സ്വപ്‍നോം കണ്ട് നിൽക്കുവായിരുന്നോ..

അന്നമ്മാമ്മയുടെ ശബ്ദം കേട്ടാണ് നിയ ഓർമകളിൽ നിന്നുണർന്നത്..

ആരെ സ്വപ്നം കണ്ട് നിൽക്കുവാ തമ്പുരാട്ടി.. ഏതായാലും എന്റെ കൊച്ചനെ ആകത്തില്ലല്ലോ.. നിനക്കൊക്കെ കണ്ട വരത്തന്മാരെ അല്ലെ പിടിക്കൂ അല്ലെ..

അവരുടെ സ്വരത്തിലെ പുച്ഛം തന്നെ പൊള്ളിക്കും പോലെ തോന്നിയവൾക്ക്..

അന്നമ്മാമ്മേ പ്ലീസ്.. എന്തിനാ എന്നെയിങ്ങനെ ക്രൂശിക്കുന്നത്..

നിയ ചോദിച്ചു..

അയ്യോ.. പിന്നെ കെട്ടു പൊട്ടിച്ചു നടക്കുന്ന നിന്നെയൊക്കെ എന്നാ വേണം.. ഞാൻ പൂവിട്ടു പൂജിക്കണോ..

നിയ ഒന്നും മിണ്ടിയില്ല..

ഹാ.. എന്നായാലും ഇവിടെ വായും പൊളിച്ചു നിൽക്കാതെ ആ ചായ്പ്പിലേയ്ക്ക് ചെന്നു അവിടമൊക്കെ ഒന്ന് വൃത്തിയാക്ക്.. അവിടെ ആ വളം വെയ്ക്കുന്ന മുറിയൊക്കെ ഒന്ന് വൃത്തിയാക്കണം..

ഞാനോ..

നിയ ചോദിച്ചു..

അല്ല.. അതിന് ഞാനിനി കൂലിക്ക് ആളെ വെയ്ക്കാം..

അന്നമ്മാമ്മ പുച്ഛത്തോടെ പറഞ്ഞു..

എനിക്ക് പൊടി അലർജി ആണ്..

അയ്യോ.. ഒരു തോർത്തെടുത്തു ചുറ്റി കെട്ടിയാൽ മതി.. അല്ലാണ്ട് ഇവിടെ മേലനങ്ങാതെ കാലുമ്മേ കാലും കേറ്റിവെച്ചു സപ്രമഞ്ചത്തിൽ ഇരുന്നാൽ ആരും നാലു നേരം അന്നമുണ്ടാക്കി തരില്ല..

ഇവിടെ എന്നെകൊണ്ടാകുന്ന പോലെ ജോലി ഞാൻ ചെയ്യുന്നുണ്ട്..

നിയ പറഞ്ഞു..

പറഞ്ഞത് അങ്ങ് ചെയ്തോണ്ടാ മതി.. കൂടുതൽ ഭരണം വേണ്ട..

എനിക്ക് പറ്റില്ല..

നിയ തറപ്പിച്ചു പറഞ്ഞു..

ഓഹോ.. അങ്ങനെയാണോ.. കൊള്ളാല്ലോടി നീ.. കണ്ടവന്റെ കൂടെ പ്രേമിച്ചു കറങ്ങിനടന്നു എന്റെ കൊച്ചനെ ചതിച്ചു അവന്റെ കൂടെ ഒരു രാത്രി അന്തിയുറങ്ങിയ നിന്നെയൊക്കെ ഇവിടെ കൊണ്ട് പ്രതിഷ്ഠിച്ച എന്റെ മോനെ പറഞ്ഞാൽ മതിയല്ലോ.. കണ്ടിടം നിരങ്ങി പിഴച്ചവളുമാരെയൊക്കെ..

ദേ നിർത്തിക്കൊ..

നിയയുടെ ശബ്ദം വല്ലാതെ ഉയർന്നു..

ഒരുവേള അന്നമ്മാമ്മയുടെ ശബ്ദം നിലച്ചുപോയി..

ഞാനൊരു കാര്യം പറഞ്ഞേക്കാം.. ഇനി മേലാൽ നിങ്ങളിങ്ങനെ വല്ലോം പറഞ്ഞാൽ എന്റെ തനി സ്വഭാവം നിങ്ങള് കാണും..

പിന്നെ പറഞ്ഞത് നേരാ.. നേരും നെറിയുമുള്ള ഒരുത്തനെ ഞാൻ പ്രേമിച്ചു. നിങ്ങളുടെ മോനെ ഒളിച്ചും പിടിച്ചുമൊന്നുമല്ല.. ആദ്യമായിട്ടെന്റെ വീടിന്റെ പടികടന്നു കല്യാണാലോചനയായി വന്നപ്പോ തന്നെ നല്ല മലയാളത്തിൽ ഞാൻ അയാളോട് പറഞ്ഞതാണ് ഞാനൊരുത്തനെ പ്രേമിക്കുന്നുണ്ടെന്നു..

അതറിഞ്ഞിട്ടും എന്റെ പുറകെ നടന്നത് നിങ്ങടെ മോൻ തന്നെയാ.. മനസമ്മത്തിന്റെ തലേന്ന് വന്നു എന്റെ സമ്മതമില്ലാതെ എന്റെ മേത്ത് അവൻ തൊട്ടത് കൊണ്ടാ അല്ലിയെ ഞാൻ വിളിച്ചു വരുത്തിയതും.. പിന്നെ ഞാനിഷ്ടപെട്ട ജീവിതം ജീവിക്കാനാണ് ഞാനിറങ്ങി പോയതും .

ഒരുത്തന്റെ കൂടെ അന്തിയുറങ്ങിയെങ്കിൽ അതെന്റെ കെട്ട്യോന്റെ കൂടെയാ. എന്റെ കഴുത്തിൽ ആദ്യമായി മിന്ന് കെട്ടിയത് എന്റെ ആദിയാ.. അവന്റെ കൂടെ ജീവിക്കാനിറങ്ങിയ എന്നെ ചതിച്ചും വഞ്ചിച്ചും ആ ജീവിതത്തിൽ നിന്നിറക്കി കൊണ്ടുവന്നു മിന്ന് കെട്ടിയവനാണ് നിങ്ങടെ മോൻ..

എന്നിട്ടും ആ ചതിയും വഞ്ചനയും അപമാനവും ഒക്കെ സഹിച്ചു ഞാനിവിടെ നിൽക്കുന്നതെന്റെ നിവർത്തികേട് കൊണ്ടൊന്നുമല്ല.. ഇത്രേം നാള് നിങ്ങളോട് ഇങ്ങനെ സംസാരിക്കാഞ്ഞത് എന്റെ നാവിനു പൂട്ട് വീണതുകൊണ്ടുമല്ല..

എന്റെ പപ്പേടെ കാശ് കണ്ടിട്ട് തന്നെയാ നിങ്ങടെ പുത്രൻ എന്റെ കൂടെ ജീവിക്കാൻ ഇറങ്ങിയത് എന്നു നല്ല ബോധം എനിക്കുണ്ട് . അതുകൊണ്ട് എന്റെ അപ്പന്റെ കാശും വാങ്ങി ജീവിച്ചിട്ട് കൂടുതൽ എന്നെ ഭരിക്കാൻ നോക്കേണ്ട..

ബിസിനസ് തകർന്നു നിൽക്കുന്ന കെട്യോനും ഉള്ള ജോലി കളഞ്ഞേച്ച് നിൽക്കുന്ന പുന്നാര മോനും ഇവിടെയില്ലേ.. അവരെ ഭരിച്ചോണ്ടേച്ചാ മതി.. നിയയെ വേണ്ട.. മനസ്സിലായോ..

നിയയുടെ ആ ഭാവം അവർക്ക് പുതിയതായിരുന്നു..

അന്നമ്മാമ്മ തിരിഞ്ഞു നോക്കി..

വീട്ടിലെ ജോലിക്കാരൊക്കെയും വന്നു നിൽപ്പുണ്ട്… നിയയുടെ ഒച്ച കേട്ട് വന്നതെയാണെന്നു വ്യക്തം.. അവരൊക്കെയും അവൾ പറഞ്ഞതെല്ലാം കേട്ടു എന്നതും വ്യക്തം..

അവർക്ക് വല്ലാതെ അപമാനിക്കപ്പെട്ടതായി തോന്നി..

നിയ ഒന്നാടങ്ങി. ശേഷം ഡൈനിങ് ടേബിളിൽ ഇരുന്ന ജഗിൽ നിന്ന് ഗ്ലാസിലേയ്ക്ക് അല്പം വെള്ളം പകർത്തി കുടിച്ചിട്ടവരെ നോക്കി..

മേലാൽ ഇമ്മാതിരി വർത്തമാനം പറഞ്ഞെന്റെ അടുത്തു വരരുത്.. വന്നാൽ ഇങ്ങനെ ആകത്തില്ല നിയ പ്രതികരിക്കുന്നത്.. എനിക്കിനി മേലും കീഴും നോക്കാനില്ല..

അതും പറഞ്ഞവൾ കാറ്റ് പോലെ അകത്തേയ്ക്ക് പോകുമ്പോൾ ഹാളിൽ നിന്ന് തന്നെ നോക്കി അന്തിച്ചു നിൽക്കുന്നവനെ നോക്കി ഒന്ന് പുച്ഛത്തോടെ ചിരിക്കാനും അവൾ മറന്നില്ല..

കണ്ടോടാ.. കാണു.. നിന്റെ കെട്യോൾ എന്നെ പറഞ്ഞതൊക്കെ കേട്ടല്ലോ നീ..

കേട്ടു.. അത് മാത്രമല്ല.. അതിന് മുൻപ് പറഞ്ഞതും കേട്ടു.. കെട്ട് കഴിഞ്ഞ അന്നുമുതൽ ഡാഡി പറയുന്നതല്ലേ
മമ്മീടെ നാക്ക് സൂക്ഷിക്കാൻ..

പറഞ്ഞാൽ കേൾക്കണം..

അതും പറഞ്ഞവൻ ഡൈനിങ് റൂമിലേയ്ക്ക് നടന്നു..

ഒരു കാര്യം ഞാൻ പറഞ്ഞേക്കാം.. അള മുട്ടിയാൽ ചേരയും കടിക്കും.. അവളെ അത്രത്തോളം ചവിട്ടി താഴ്ത്തേണ്ട.. കുരിശിങ്കലെ ചോരയാണ് അവൾ.. സൂക്ഷിക്കണം.. ഇല്ലേൽ അവളെങ്ങനെ പ്രതികരിക്കുമെന്നറിയില്ല.. അറിയാല്ലോ..

അവളിവിടെ ഉള്ളതുകൊണ്ടാ കുരിശികലൂന്നു ഇത്രേം കാശ് ഇങ്ങോട്ട് ഒഴുകുന്നത്.. അതൂടെ നിന്നാലത്തെ സ്ഥിതി അറിയാല്ലോ.. ഡാഡി ഒന്ന് നിവർന്ന് നിന്ന് തുടങ്ങുന്നതെയുള്ളൂ.. അതും അവളുടെ അപ്പന്റെ സഹായത്തിൽ.. അതിനങ്ങേരു പകരമായി അന്തസായി കമ്പനിയുടെ നല്ല ഷെയറും മോൾടെ പേരിൽ എഴുതി എടുത്തിട്ടുണ്ട്..

നിന്നോട് ഞാൻ പറഞ്ഞതല്ലേ ആ ബന്ധം വേണ്ടാന്നു.. വേറെ നല്ല ആലോചന വന്നതല്ലേ..

ഉവ്വ്.. വന്നു.. ഇവിടുത്തെ സ്ഥിതി മമ്മിക്ക് നന്നായി അറിയാല്ലോ.. മറ്റുള്ളവർ പുറമെ നിന്ന് നോക്കുമ്പോ ഒരു കുറവുമില്ല.. മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പൽ ആണെന്ന് നമുക്കേ അറിയൂ.. അതൊന്ന് താങ്ങി നിർത്തണമെങ്കിൽ കുരിശിങ്കലെ ഡേവിഡ് കുര്യനെകൊണ്ടേ നടക്കൂ..

എന്നിട്ട് എന്തായി.. കെട്ടിയപ്പോ എല്ലാം കൂടെ അയാൾ നിനക്ക് തരുമെന്ന് കരുതി.. എന്നിട്ടോ.. ഇപ്പൊ എല്ലാം അവടെ പേരിൽ.. നമ്മുടെ കമ്പനിയുടെ ഷെയർ വരെ അവടെ പേരിലായി.. അവസാനം ഈ വീടും ഇവിടെ ഉള്ളവരും അവടെ അടിമകളായി മാറും.. അതാ നടക്കാൻ പോകുന്നേ.. എന്റെ കർത്താവേ അതിന് മുന്പായിട്ടെന്നെ അങ്ങോട്ടെടുത്തോണേ..

അതും പറഞ്ഞു പോകുന്ന അന്നമ്മാമ്മയെ കണ്ടതും അവന്റെ മുഖവും മാറി.. തന്റെ പിഴച്ചുപോയ പദ്ധതികൾക്ക് പകരമായി പുതിയ പദ്ധതികൾ മെനയുന്ന തിരക്കിലായിരുന്നു അവനപ്പോഴും..

ഗൂഢമായി..

തുടരും..