15/04/2026

അനുരാഗി : ഭാഗം 05

രചന – ആയിഷ അക്ബർ

ഏട്ടത്തി ….. ശിവയും കുഞ്ഞും വന്നിട്ടുണ്ട്…..

രേഖ ഏറെ വെപ്രാളത്തോടെ അത് പറയുമ്പോൾ രേവതി അങ്ങനെയിരുന്നു…..

കുഞ്ഞിനെ കാണാൻ എന്ത് രസമാണെന്നോ…
ശെരിക്കും ശിവ യേ പോലെ തന്നെ…….

രേഖ അതും കൂടി പറഞ്ഞതും രേവതി വെറുതെയൊന്ന് മൂളി……

ആ കുഞ്ഞിനെ നമുക്കോന്ന് നോക്കാൻ പോലും അർഹതയില്ലല്ലോ ഏട്ടത്തി….
അവൻ സമ്മതിക്കുമെന്നും തോന്നുന്നില്ല…..
അത്രക്കുണ്ടല്ലോ അവനു നമ്മളോടുള്ള ദേഷ്യം……

ശരത്തിനു ഒരു കുഞ്ഞുണ്ടായിരുന്നെങ്കിൽ ഈ വീട്ടിലൊരാളാകുമായിരുന്നു അല്ലെ……

രേഖയുടെ ദുഖത്തോടെയുള്ള ആ ചോദ്യം കേട്ടാണ് അരുണിമ അങ്ങോട്ടേക്ക് വരുന്നത്…….

അവളുടെ മുഖം കാൻകെ രേഖക്കും രേവതിക്കും ഒരു പ്രയാസം തോന്നി…..

താൻ പറഞ്ഞത് അവൾ കേട്ട് കാണുമോയെന്നൊരു ആശങ്കയിൽ പിന്നീടൊന്നും പറയാതെ രേഖ അവിടെ നിന്നും പതിയെ എഴുന്നേറ്റ് പോയിരുന്നു……

അമ്മേ…….. കുഞ്ഞിന് പേരെന്താ ഇട്ടിരിക്കുന്നതെന്ന് അറിയുമോ…..
ശിവ ഹോസ്പിറ്റലിൽ പോകുമ്പോൾ ഇവിടെ ഉണ്ടാകുമല്ലോ അവൻ…..

അരുണിമ യുടെ വാക്കുകളിൽ ഊറി നിന്നിരുന്ന വാത്സല്യം രേവതി കണ്ടില്ലെന്ന് നടിച്ചു…..

എന്തെന്നാൽ പ്രതീക്ഷ നൽകി അവളെ നിരാശയിലാക്കാൻ അവരോരുക്കമായിരുന്നില്ല……..

അവനിവിടെ സ്ഥിരമായി നിൽക്കുമോയെന്ന് പോലും അവർക്കുറപ്പുണ്ടായിരുന്നില്ല……

ആ…അവൻ വന്നു രേവാ.

മുറിയിലേക്ക് കയറി വരുമ്പോൾ തന്നെ രാജേന്ധ്രൻ തിടുക്കപ്പെട്ടത് പറയുമ്പോൾ അരുണിമയേ കണ്ടിരുന്നില്ല…..

രാജേന്ദ്രനെ കണ്ടതും അരുണിമ പതിയെ പുറത്തേക്ക് നടന്നു…….

അവന്റെ…. കയ്യിലുള്ളത്……. നമ്മുടെ പേരക്കുട്ടിയാടോ…..

രേവതിക്കരികിലായിരുന്നു രാജേന്ദ്രനത് പറഞ്ഞതും രേവതി ഒന്ന് വിതുമ്പി…..

അവരുടെ തോളിലൊന്ന് തട്ടി അയാൾ പുറത്തേക്ക് നടന്നു……..

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ശിവ കുഞ്ഞിനെയുമെടുത് ആ കോണിപ്പടികൾ കയറി……

തന്റെ മുറിയുടെ വാതിൽ തുറന്ന് തന്നെ കിടപ്പുണ്ട്…..

അവൻ പതിയെ ആ മുറിയിലേക്ക് കയറി…..

എല്ലാം അടുക്കി പെറുക്കി വെച്ച് തുടച്ചു വൃത്തിയാക്കിയിട്ടുണ്ട്…..

പോകണമെന്ന് വിചാരിച്ചല്ലല്ലോ താനിവിടെ നിന്ന് പോയത്…..

ഒരു ലീവ് കഴിഞ്ഞ് തിരിച്ചു പോയതാണ്……

അതിനു ശേഷം ഇപ്പോഴാണ്…….

ഓർമ്മകൾ തീർത്ത മുറിവിനാൽ അവനൊന്നു നെടു വീർപ്പിട്ടു….

അവൻ കൈകളിൽ കിടന്ന കുഞ്ഞിനെ പതിയെ കട്ടിലിലേക്ക് കിടത്തി…….

അവന്റെ മുഖം കാൻകെ മനസ്സിലൊരു കുളിര് വന്നു പൊതിയുന്നത് അവനറിഞ്ഞു……

ചുറ്റും നടക്കുന്നതൊന്നുമറിയാതെ അവൻ കണ്ണുകൾ ചിമ്മി ഉറങ്ങുകയാണ്……

അടഞ്ഞു കിടക്കുന്ന ജനൽ പാളി ശിവ പതിയെ കൈ കൊണ്ടൊന്നു തട്ടി……

ഇരുട്ട് പരന്നു തുടങ്ങിയിട്ടുണ്ട്…..

തന്റെ മനസ്സിലും അതേ ഇരുട്ട് തന്നെയാണ്…..

ഓരോ നിമിഷത്തിനും വല്ലാത്ത ദൈർഘ്യമാണ് ….

മനസ്സിലുള്ള ഭാരം ഇറക്കി വെക്കാൻ പോലും തനിക്കാരുമില്ല…..

ഒരു പാട് സ്വപ്‌നങ്ങൾ കണ്ടൊരു ശിവയുണ്ടയായിരുന്നു…

എന്നാൽ ഇന്നാ സ്വപ്നങ്ങൾക്ക് മേലെല്ലാം ഇരുട്ടാണ്……

താൻ പാടെ മാറിയിരിക്കുന്നു…..

പിന്നേ ജീവിക്കുന്നതെന്തിനെന്ന ചോദ്യത്തിന് മാത്രം തന്റെ കയ്യിലൊരുത്തരമുണ്ട്……

അവൻ കട്ടിലിലക്കൊന്ന് കൂടി നോക്കി……

പിന്നേ പതിയെ അവനിലേക്ക് ചെന്ന് അവനോട് ചേർന്ന് കിടന്നു……

അടരാൻ വെമ്പി നിന്നൊരു തുള്ളി കണ്ണ് നീർ അവനിൽ നിന്നുതീർന്നു വീണു…….

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

റെയിൽ വേ സ്റ്റേഷന് മുമ്പിലെത്തിയത് കൊണ്ടാവാം ആ ഓട്ടോ റിക്ഷ ഒന്ന് നിശ്ചലമായത്….

അവൾ ആ ഇരുട്ടിലേക്ക് നോക്കി……..

അതേ… കുറച്ചപ്പുറം മാറി റെയിൽ വേ കാണുന്നുണ്ട്…..

അവൾ ബാഗിൽ നിന്നും പൈസയെടുത്തു ഓട്ടോ റിക്ഷ ക്കാരന് നേരെ നീട്ടി…..

കഴിഞ്ഞ വിഷു വിനു അച്ഛൻ കൈ നീട്ടം തന്നതാണ്……..

അവൾ പതിയെ ആ ബാഗ് ചുറ്റി പിടിച്ചു കൊണ്ട് നടന്നു……

പണ്ട് കോളേജിൽ പഠിക്കുന്ന സമയത്തെല്ലാം താൻ തനിച്ചു യാത്ര ചെയ്തിട്ടുണ്ട്…..

പക്ഷെ ഇന്നെന്തോ തനിക്ക് വല്ലാത്ത ഭയം തോന്നുന്നു…….

ഒരുപാടായി പുറത്തേക്കൊന്നും തനിച്ചു പോകാത്തത് കൊണ്ടായിരിക്കും…..

പിന്നേ അന്നെല്ലാം ലക്ഷ്യ സ്ഥാനം എന്നൊന്ന് മനസ്സിലുണ്ടായിരുന്നു…..

എന്നാൽ ഇന്നതില്ലാ……

എങ്ങോട്ട് പോകും താൻ…….
വയറു നന്നായി വിശക്കുന്നുമുണ്ട്……

കയ്യിലാണെങ്കിൽ അതിന് മാത്രം പണമില്ല താനും…..

വെളിച്ചം വീണു തുടങ്ങും വരെ തനിക്ക് സുരക്ഷിതമായിരിക്കാൻ ഒരു സ്ഥലം വേണം…..

അതിനു യാത്ര യാണെങ്കിൽ അങ്ങനെ….

അവൾ ടിക്കറ്റ് എടുക്കാനായി ചെല്ലുമ്പോൾ എങ്ങോട്ട് പോകണമെന്നുള്ള ചിന്ത മനസ്സിൽ ബാക്കിയായി……

തനിക്ക് ആരുമില്ല….. ഓടി ചെന്നാൽ സ്വീകരിക്കാൻ തനിക്ക് വീടില്ല…. വീട്ടുകാരില്ല……

തന്നോട് അലിവ് കാണിച്ച ഒരേയൊരു മുഖം….. അത് അച്ഛന്റെതായിരുന്നു….

അച്ഛനും ഇപ്പോൾ തന്നെ സഹായിക്കാൻ കഴിയാത്ത അവസ്ഥയാണ്…….

നമിത…..
അപ്പോഴാണ് അവളുടെ ഓർമയിലേക്ക് ആ പേര് വന്നു വീണത്……

അതേ…….കോളേജിലെ തന്റെ ഉറ്റ സുഹൃത്തായിരുന്നവൾ…..

അടുത്തൊരു ഫങ്ക്ഷനിടെ താനവളെ വീണ്ടും കണ്ടിരുന്നു…..

തന്റെ അവസ്ഥ കണ്ടിട്ടോ എന്തോ ആവശ്യമെന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കണമെന്ന് പറഞ്ഞു നമ്പർ തന്നിരുന്നു…..

പക്ഷെ തനിക് ഫോണില്ലെന്ന് പറഞ്ഞു
താനത് വാങ്ങിയില്ല…..

പക്ഷെ അന്ന് വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ കിടപ്പ് ശെരിയല്ലെന്ന് പറഞ്ഞ സമയത്തു അവൾ നഴ്സായി ജോലി ചെയ്യുന്ന ആശുപത്രിയിലെ ഡോക്ടറെ റെക്കമണ്ട് ചെയ്തിരുന്നു…..

നല്ല ഡോക്ടറാണ്…… നീ വന്നു കണ്ട് നോക്ക്…. ദൂര കൂടുതൽ പ്രശ്നമാണെങ്കിൽ പ്രസവം കഴിഞ്ഞിട്ട് അവിടെ നിന്ന് തിരികെ പോന്നാൽ മതിയെന്നും പറഞ്ഞവൾ ഒരു കാർഡ് തനിക്ക് നേരെ നീട്ടിയിരുന്നു…

അതൊന്നും പ്രസാദേട്ടൻ സമ്മതിക്കില്ലെന്ന വ്യക്തമായ ബോധ്യമുള്ളത് കൊണ്ട് തന്നെ അന്ന് കയ്യിലുള്ള ഈ ബാഗിലേക്ക് അതലസമായി ഇടുകയാണ് ചെയ്തത്….

അവൾ പ്രതീക്ഷയോടെ ബാഗിലൊന്ന് തപ്പി നോക്കി……

ഭാഗ്യമെന്ന് തന്റെ അവസ്ഥയെ വിളിക്കാൻ കഴിയില്ലെന്ന് അവൾക്കറിയുന്നത് കൊണ്ട് തന്നെ ചെറിയൊരു ആശ്വാസം എന്ന രീതിയിലേ കയ്യിൽ കിട്ടിയ ആ കാർഡിനെ അവൾ കരുതിയതുള്ളു…..

ആ പേപ്പർ വായിച്ചു നോക്കുമ്പോഴാണ് തന്റെ നിർഭാഗ്യം അവിടെയും തന്റെ കൂടെയുണ്ടെന്നത് അവൾ മനസ്സിലാക്കിയത്…..

ഹോസ്പിറ്റലിന്റെ പേര് കീറി പോയിരിക്കുന്നു…..

അവസാന അക്ഷരങ്ങളായ എൻ എ എന്നത് മാത്രമേ ബാക്കിയുള്ളൂ…..

എങ്കിലും അതിനു താഴെ അഡ്രെസ്സ് ഉള്ളത് കൊണ്ട് തന്നെ ഒരു ലക്ഷ്യ സ്ഥാനം അവൾക്ക് ലഭിച്ചിരുന്നു……

അവൾ ടിക്കറ്റെടുത്തു…….

ന എന്ന് അവസാനിക്കുന്ന ഏതോ ഹോസ്പിറ്റലിലാണ് അവളുള്ളത്….

പ്ലാറ്റ് ഫോമിന്റെ അറ്റത്തെ അധികം ആൾ തിരക്കില്ലാത്ത സ്ഥലത്തെ സിമന്റ്‌ ബെഞ്ചിൽ അവളങ്ങനെ പോയിരുന്നു …

തീവണ്ടികളുടെ ചൂളം വിളികളും കച്ചവടക്കാരുടെ തിരക്കും എല്ലാം അവളങ്ങനെ ദൂരെ നിന്ന് കണ്ടു………

ഒരു നിമിഷം റെയിൽ പാളത്തിലേക്ക് നോക്കി നിൽക്കെ അവൾക്ക് ശരീരം വല്ലാതെ കുഴയുന്നത് പോലെ തോന്നിയിരുന്നു ………

അതാ….. താൻ വീണു പോകുകയാണോ…..

അതേ….. വീണു പോകുകയാണ്…..

ഇരുട്ട് കണ്ണുകളിൽ പടരവേ രണ്ട് കൈകൾ അവളെ താങ്ങി പിടിച്ചിരുന്നു………

🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷

ശിവാ….. കഴിക്കാൻ വരു……

കുളിച്ചു ഫ്രഷ് ആയപ്പോഴേക്കും മുത്തശ്ശി താഴെ നിന്നും വിളിച്ചിരുന്നവനെ…..

ആദീ….. കുഞ്ഞാ…. എഴുന്നേൽക്കേടാ……

ശിവ പതിയെ അവന്റെ ചെവിക്ക് പിറകിൽ കൈകൾ കൊണ്ട് തടവി അവനെ ഉണർത്തി……

ഒരു ചിണുണങ്ങലോടെ അവൻ കുഞ്ഞി കണ്ണുകൾ തുറന്നു……..

അവനെയും കൊണ്ട് ബാത്റൂമിലേക്ക് കയറി പാമ്പേഴ്സ് മാറ്റി കൊടുത്തു…….

ബാഗിൽ നിന്നെടുത്ത കവേറൊരു കയ്യിലും മറു കയ്യിൽ കുഞ്ഞിനെയും കൊണ്ട് അവൻ കോണിപ്പടികളിറങ്ങി……

ആ….. എഴുന്നേറ്റോ മുത്തശീടെ പൊന്ന്……

അങ്ങോട്ടേക്ക് വരുന്ന ശിവയെ കണ്ടതും മുത്തശ്ശി അല്പം ശബ്ദത്തിൽ തന്നെയാണത് പറഞ്ഞത്…..

അപ്പോഴേക്കും എല്ലാവരുടെയും കണ്ണുകൾ അങ്ങോട്ടേക്കായി…….

എല്ലാവർക്കും കണ്ണ് നിറച്ചു ആ കുഞ്ഞിനെ കാണണമായിരുന്നു……..

മുത്തശ്ശി കുഞ്ഞിന് നേരെ കൈ നീട്ടിയതും അവൻ കരഞ്ഞു കൊണ്ട് ശിവയുടെ തോളിലേക്ക് ചാഞ്ഞു…..

അവൻ എന്റെ അടുത്ത് മാത്രമേ നിൽക്കു…….
പരിചയമില്ലാത്തവരുടേ അടുത്തേക്കൊന്നും പോകാറില്ല…..

ശിവ അത് പറഞ്ഞതും മുത്തശ്ശിയടക്കം എല്ലാവരുടെയും മുഖം മാറി…..

ഇവിടെ ജനിക്കേണ്ട കൊച്ചായിരുന്നവൻ….എങ്കി ആരും അവനു അപരിചിതരാവില്ലായിരുന്നു…….

ശിവ കുഞ്ഞിനേയും കൊണ്ട് അടുക്കളയിലേക്ക് പോയതും മുത്തശ്ശി ദേഷ്യത്തോടെ എല്ലാവരെയും നോക്കി കൊണ്ടാണത് പറഞ്ഞത്……

ശിവ അടുക്കളയിലേക്ക് വന്നതും അടുക്കളയിലുണ്ടായിരുന്ന രേവതിയുടെ കണ്ണുകൾ അവരെ കണ്ടോന്ന് വിടർന്നിരുന്നു……

എന്നാൽ ശിവ അത് കണ്ടില്ലെന്ന വണ്ണം അല്പം വെള്ളം സ്റ്റോവിലേക്ക് വെച്ച് ചൂടാക്കി എടുത്ത് അവന്റെ പൊടിയിലേക്ക് ചേർത്ത് കുപ്പിയിലാക്കി അടുക്കളയിൽ നിന്നും പുറത്തേക്ക് നടന്നു……

ഒരു കുഞ്ഞിനേയും കയ്യിൽ വെച്ച് അവനിത്രയൊക്കെ ചെയ്യാൻ പഠിച്ചിട്ടുണ്ടെങ്കിൽ എന്റെ കുഞ്ഞേന്ത്‌ മാത്രം ബുദ്ധിമുട്ട് ഇത്രയും നാൾ അനുഭവിച്ചിട്ടുണ്ടാകുമെനന്നോർത്ത് അവരുടെ ഹൃദയം നൊന്തു……..

അവൻ കുഞ്ഞിനെയും കൊണ്ട് ടേബിളിൽ വന്നിരുന്നു……

കുഞ്ഞി ചുണ്ടുകൾ പിളർത്തി അവൻ പാല് കുടിക്കുന്നത് ഒത്തിരി കണ്ണുകൾ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു…….

അല്ല ശിവാ…… ഇനി യിവിടെ ഏത് ഹോസ്പിറ്റലിലാണ് നിനക്ക് ജോലി ആയിട്ടുണ്ടെന്ന് പറഞ്ഞത്……

സേവന……..

മുത്തശ്ശി ചോദിച്ചതിന് അവൻ പറഞ്ഞ് നിർത്തി…..

എങ്കി കഴിക്കാം വാ…..

കുഞ്ഞിന് പാല് കൊടുത്ത് കഴിഞ്ഞവൻ എഴുന്നേൽക്കുമ്പോഴാണ് മുത്തശ്ശി വീണ്ടുമത് പറഞ്ഞത്……..

ഇല്ലാ…. അവനുറക്കം ശെരിയായിട്ടില്ല….
ഞാൻ അവനെ ഉറക്കിയിട്ട് കഴിച്ചോളാം….
മുത്തശ്ശി കഴിച്ചോ……

ശിവ അത് പറഞ്ഞതും മുത്തശ്ശി അവനെയൊന്ന് നോക്കി…..

അപ്പോ കുഞ്ഞിന് കഴിക്കാൻ കൊടുക്കണ്ടേ ശിവാ…….

അത് ഞാൻ വരുന്ന വഴി തന്നെ കൊടുത്തിരുന്നു….. സമയം തെറ്റിക്കാറില്ല….

മുത്തശ്ശിയുടെ ചോദ്യത്തിന് അതും പറഞ്ഞവൻ കുഞ്ഞിനെ തോളിൽ കിടത്തി മുറ്റത്തെ വരാന്തയിലൂടെ അങ്ങനെ നടക്കുമ്പോൾ എല്ലാവരും അവനെ നോക്കിയങ്ങനെ നിന്നു…..

അവനോത്തിരി മാറി…….

സദാ എന്തെങ്കിലും പറഞ്ഞു തന്നെ ചിരിപ്പിച്ചിരുന്ന കണ്ണുകളിൽ തിളക്കമുള്ള അവനെ തനിക്ക് നഷ്ടപ്പെട്ടത് പോലെ തോന്നി മുത്തശ്ശിക്ക്…….

അവന്നപ്പോഴും കുഞ്ഞിനെ തോളിൽ കിടത്തി അങ്ങനെ നടക്കുകയായിരുന്നു……

(തുടരും)