രചന – അരുന്ധതി
””ഏട്ടത്തി ഇതിന്റെ വായടച്ചിട്ട് ഇന്ന് നിങ്ങൾക്ക് പോക്ക് നടക്കില്ല. അതുകൊണ്ട് നിങ്ങള് പൊയ്ക്കോ “”
കിട്ടിയ തക്കത്തിന് രണ്ടും കൂടി ഓടി കാറിൽ കയറി.
“”ഭാമേ,,, അകത്ത് മസാല ദോശ ഉണ്ടാക്കി അടച്ച് വെച്ചിട്ടുണ്ട്. ചൂടാറും മുൻപ് എടുത്ത് കഴിച്ചോളണേ “”
കാറെടുക്കുമ്പോൾ ദേവി അകത്തേയ്ക്ക് നോക്കി വിളിച്ചു പറഞ്ഞു.
അതും കേട്ട് അടുക്കളയിലേയ്ക്ക് പോകാൻ തിരിഞ്ഞ ഭാമ കാണുന്നത് കണ്ണും തള്ളി നിൽക്കുന്ന വിച്ചുവിനെയാണ്.
“””അങ്ങോട്ട് മാറ്. അതേ മതി കണ്ണ് തള്ളിയത്. ഒത്തിരി തള്ളിയാൽ ആ കണ്ണ് കൂടി എടുത്ത് ഞാൻ ഓംലറ്റ് അടിച്ച് കഴിക്കും “”
“”അല്ല ഇപ്പോൾ അങ്ങോട്ട് അടി വെച്ച് തിരിഞ്ഞല്ലേ ഉള്ളു “”
“”അതാണെന്റെ ദേവി “”
അതും പറഞ്ഞ് അവനെയൊന്ന് നോക്കി അവള് ഭക്ഷണം കഴിക്കുന്നതിലുള്ള തന്റെ കഴിവ് തെളിയിയ്ക്കാൻ അടുക്കളയിലേയ്ക്ക് പോയി.
🌹🌹🌹
കുരിശ് വീടിന്റെ മുന്നിൽ കാറ് ചെന്ന് നിന്നതും ദേവിയും, അർജുനും ഇറങ്ങുന്നതിനും മുന്നേ ആനി ഇറങ്ങി വന്നു.
“”ആഹാ എന്നതാടാ ഇത്രയും താമസിച്ചേ??””
ആനി വന്നപാടെ അവരെ പിടിച്ച് നിർത്തി ചോദിച്ചതും ഐസക് ഇറങ്ങി വന്നു.
“”എന്റെ ആനി അവരെ വന്നകാലിൽ നിർത്താതെ നീ അകത്തോട്ടൊന്ന് കയറ്റ്.””
“”എന്റെ കർത്താവെ,,,
ഞാനതങ്ങു മറന്നു. കേറി വാ രണ്ടാളും. “”
ദേവിയെ കൈയ്യിൽ പിടിച്ച് ആനി അകത്തോട്ട് കയറ്റി. അർജുൻ ഐസക്കിന്റെ തോളിൽ കൈയ്യിട്ടും.
“”എന്നതാടാ വൈകിയേ?? “”
അവരുടെ നേരെ ഇരുന്ന് കൊണ്ട് ഐസക് ചോദിച്ചു.
“”എന്റെ അച്ചായാ,,, എന്റെ പുന്നാര പെങ്ങളില്ലേ ഭാമ,
അവൾക്ക് ഭയങ്കര സംശയങ്ങൾ.
നിങ്ങള് രണ്ടാളും കെട്ടിയതോർത്തിട്ട്.. “”
“”അതെന്നതാടാ കെട്ടിയതിൽ ഇത്രയും സംശയിയ്ക്കാൻ. “”
“”അത് നിങ്ങള് പ്രണയിച്ചു കെട്ടിയതാണോ എന്നാണ് പ്രധാന സംശയം. “”
അവൻ അച്ചായന്റെയും, ആനിയുടെയും മുഖത്തേയ്ക്ക് മാറി മാറി നോക്കിക്കൊണ്ട് ചോദിച്ചു.
“”എന്നിട്ട്,,,?? “”
“”വിശദമായി മുഴുവനും അങ്ങ് പറഞ്ഞു കൊടുത്തു. അതാ ഇത്ര വൈകിയത്. “”
“”ഹാ,,,
അല്ലെങ്കിലും ട്രാജഡിയൊക്കെ പറയുമ്പോൾ കുറച്ച് താമസമൊക്കെ വരും.””
ഐസക് ഒരായത്തിൽ അങ്ങ് പറഞ്ഞു. പറഞ്ഞ് തീർന്നപ്പോഴാണ് ആനിയെ നോക്കിയത്. ആനി തലചെരിച്ചു ഐസക്കിനെ നോക്കി എന്നിട്ട് അകത്തേയ്ക്ക് കയറി പോയി.
ആനി അടുക്കളയിലേയ്ക്ക് കയറിയതും അവളെ നോക്കി ഐസക് ചിരിച്ചു.
“”എന്തുവാ എന്റെ അച്ചായാ,,
പാവം ഉണ്ട്. വെറുതെ അതിനെ വിഷമിപ്പിച്ചു. മിണ്ടാതെ കയറി പോയത് കണ്ടില്ലേ “”
ദേവി വിഷമത്തോടെ പറഞ്ഞു.
“”എന്റെ മോളെ നീ ഇതെന്നതാ ഈ പറയുന്നേ. ആനിക്കൊച്ച് ഈ കാര്യവും ഓർത്ത് വിഷമിച്ചു കയറി പോയെന്നോ. ഉവ്വാ,,,
അങ്ങനെ ആവണമെങ്കിൽ അവള് അവളല്ലാതാവണം. നീ നോക്കിക്കോ ഇപ്പോൾ വരുമ്പോൾ എന്താ നടക്കാൻ പോകുന്നതെന്ന്. പറഞ്ഞ് തീർന്നതും ആനി അങ്ങോട്ട് വന്നു. കയ്യിൽ ഒരു ട്രേയും.
“”ദാ പിള്ളേരെ ഇപ്പോൾ അടിച്ച ഓറഞ്ച് ജ്യൂസ് ആണ്. നല്ല തണുപ്പുണ്ട്. “”
അവള് ദേവിയ്ക്കും, അർജുനും കൊടുത്തു.
“”അയ്യോ ആനിക്കൊച്ചേ ഇച്ചായനോ?? “”
വിനയം വാരി വിതറി ഐസക് ചോദിച്ചു.
“”അയ്യോ എന്റെ ഇച്ചായന് ഓറഞ്ച് ജ്യൂസ് ഇഷ്ടമല്ലല്ലോ “”
ആനി പറഞ്ഞതും, ഇതൊക്കെ എപ്പോൾ പറഞ്ഞൂ എന്നുള്ള ഭാവത്തിൽ ഐസക് ആനിയെ നോക്കി.
“”ഓർമ്മയില്ലേ ഇച്ചായാ?
അന്ന്,,,, “”
അവളൊരു ടൂണിൽ അവനോട് ചോദിച്ചു.
“”എന്ന്,? “”
അവനും അതേ ടൂണിൽ തന്നെ ചോദിച്ചു.
“”ഓ ഈ ഇച്ചായന്റെയൊരു കാര്യം,
അന്നൊരു ദിവസം എന്നോട് പറഞ്ഞില്ലേ ഓറഞ്ച് ജ്യൂസ് തീ,,,,രെ ഇഷ്ടമല്ലാന്ന്. “”
ആനി ഇച്ചിരി നീട്ടി അതും പറഞ്ഞ് അകത്തേയ്ക്ക് പോയി. അത് കേട്ടപ്പോഴേ ഐസക്കിന് ഓറഞ്ച് ജ്യൂസ് ഇഷ്ടമാണോ അല്ലയോ എന്ന് അവർക്ക് രണ്ടാൾക്കും മനസ്സിലായി.
“”ആനികൊച്ചേ,,,
എനിക്ക് പിടിയും, കോഴിക്കറിയും ഭയങ്കര ഇഷ്ടമാ കേട്ടോ. “”
അവൻ അവളെ നോക്കി വിളിച്ചു പറഞ്ഞു.
“””ഞാൻ ശെരിക്കും ഒന്ന് ഓർത്തു നോക്കട്ടെ ഇച്ചായാ.”””
അവള് അകത്ത് നിന്നും വിളിച്ചു പറഞ്ഞു.
അതും കൂടി കേട്ടതും അർജുനും, ദേവിയ്ക്കും ചിരിയടക്കാനായില്ല.
“”മ്മ്,,,,
ചിരിയ്ക്ക് ചിരിയ്ക്ക്. ഇതിനെല്ലാം കാരണം നിങ്ങള് രണ്ടെണ്ണവുമാ. ”
“”ഞങ്ങളല്ല അവള് ഭാമയാ.. “”
ഐസക്കിനെ നോക്കി ചിരിയടക്കി പിടിച്ച് ദേവി പറഞ്ഞു.
“””വെച്ചിട്ടുണ്ട് ഞാനാ കുട്ടിപിശാശിന്… “”
“”എന്റെ അച്ചായാ,,,
അച്ചായൻ അന്ന് നിശ്ചയത്തിന് വരുന്നത് വരെ അച്ചായനെ അവൾക്കിച്ചിരി പേടിയൊക്കെ ഉണ്ടായിരുന്നു. പക്ഷേ സത്യം പറയാല്ലോ , ഇപ്പോൾ സ്നേഹം കൂടിയത് കൊണ്ട്,
ഏഹേ,,, ലേശം പോലും പേടിയില്ല. “”
“”ഒന്ന് പതിയെ പറയെടാ ഉവ്വേ,,,
ആനിക്കൊച്ചെങ്ങാനും കേട്ടോണ്ട് വന്നാൽ ഇപ്പോൾ അവള് അവളുടെ ടീമില് ഭാമയെ കൂടി പിടിച്ചു ചേർക്കും. “”
“”അതേ,,,
നിങ്ങള് രണ്ടാളും ഇവിടിരിയ്ക്ക്. ഞാനേ,,,
ആനിചേച്ചിയുടെ അടുത്തേയ്ക്ക് പോകുവാ. എന്തെങ്കിലും ഒന്ന് സഹായിയ്ക്കാം. “”
അതും പറഞ്ഞ് അവൾ എഴുന്നേറ്റു.
“”ഉവ്വുവ്വേ,,,
വേഗം അങ്ങോട്ട് ചെല്ല്. ഇപ്പോൾ ആനിക്കൊച്ച് സമ്മതിയ്ക്കും. അടുക്കള എന്റെ ആനിക്കൊച്ചിന്റെയാ. അവിടെയോട്ട് അവളാരെയും അടുപ്പിയ്ക്കുകേല. പിന്നെ ദേവിമോളായത് കൊണ്ട് സമ്മതിച്ചേനെ. പക്ഷേ ഈ അവസരത്തിൽ അവള് നിന്നെ അങ്ങോട്ട് ചെന്നാൽ അനങ്ങാൻ പോലും സമ്മതിക്കുകേല. “”
ഐസക് പറയുന്നത് കേട്ട് ചിരിച്ചു കൊണ്ട് ദേവി ആനിയുടെ അടുത്തേയ്ക്ക് പോയി.
“”ആനി ചേച്ചി,,, “”
അവള് അങ്ങോട്ട് ചെന്ന് വിളിച്ചു.
“”ആഹാ,,,
വാ വാ,,, “”
പിടി ഉണ്ടാക്കാനുള്ള ചെറിയ ഉരുളകൾ ഉരുട്ടുന്നതിനിടയിൽ ആനി പറഞ്ഞു.
“”ഇങ്ങ് താ ആനിചേച്ചി ഞാനും കൂടി ചെയ്യാം. “”
“”അതൊന്നും പറ്റത്തില്ല. അവിടെ അടങ്ങി ഇരുന്നേച്ചാൽ മതി. എല്ലാം ഞാൻ ചെയ്തോളാം. “”
“”പിടി ഉണ്ടാക്കാൻ പോകുവാണോ ആനിചേച്ചി??? എനിയ്ക്ക് ഭയങ്കര ഇഷ്ടാ “”
അവള് അങ്ങോട്ട് തലയിട്ട് കൊണ്ട് ചോദിച്ചു.
“”അതേല്ലോ,,,
നിനക്കിഷ്ടമായത് കൊണ്ടാ ഇന്നിത് തന്നെ ഉണ്ടാക്കുന്നെ “”
അത് കേട്ടതും ദേവി ആനിയെ നോക്കി പതിയെ ഒന്ന് ചിരിച്ചു.
“”ദാ,, ഇതും കഴിച്ചോണ്ടിരുന്നോ. ചുമ്മാ ഇരിയ്ക്കണ്ട. “”
എന്നും പറഞ്ഞ് അണ്ടിപ്പരിപ്പെടുത്ത് അവളുടെ കൈയ്യിലേയ്ക്ക് കൊടുത്തു.
“”എന്റെ ആനിചേച്ചി എനിയ്ക്കിപ്പോൾ ഇതൊന്നും വേണ്ട. “”
“”അടി കിട്ടും പറഞ്ഞേയ്ക്കാം. അങ്ങോട്ട് കഴിച്ചേച്ചാൽ മതി. “”
ആനി കണ്ണുരുട്ടി പറഞ്ഞതും ദേവി അത് വാങ്ങി കൈയ്യിലേയ്ക്ക് പിടിച്ചു.
“”അന്ന് ഡോക്ടർ പരിശോധിച്ച് പറഞ്ഞതല്ലേ ഉള്ളു. നിങ്ങള് പിന്നെ ഡോക്ടർ കാണാൻ പോയോ?? “”
“”ഇല്ല ചേച്ചി,,,
ഡോക്ടർ നാളെ സ്കാനിംഗിന് വരാനാ പറഞ്ഞെ.””
“”ഡോക്ടർ പറയുന്നത് പോലെ ചെയ്യണം. അല്ലാതെ മരുന്ന് കഴിയ്ക്കുന്ന കാര്യത്തിലൊന്നും ഉഴപ്പ് കാണിയ്ക്കരുത് പറഞ്ഞേക്കാം.. “”
“”എല്ലാം ശ്രദ്ധിച്ചോളാം ന്റെ ആനിചേച്ചിയെ””
“””പിന്നെ,,,
സൂര്യന്റെ പിറന്നാളെന്നാ ?? നാളത്തെ കഴിഞ്ഞല്ലേ “””
“”അതേ ചേച്ചി…
നാളെ ഹോസ്പിറ്റലിൽ പോയി ഡോക്ടറെ കണ്ടിട്ട് വരുന്നവഴി അവനുള്ള എന്തെങ്കിലും വാങ്ങിച്ചിട്ട് നാളത്തെ കഴിഞ്ഞ് വെളുപ്പിന് പോകും നാട്ടിലോട്ട് . “”
“”ഞാൻ അവന് വേണ്ടി ഒരു മാല വാങ്ങി വെച്ചിട്ടുണ്ട്. അച്ചായനില്ലാതെ എനിയ്ക്ക് വരാനൊക്കുകേലല്ലോ. അതുകൊണ്ട് നീ അത് അവന്റെ കഴുത്തിൽ ഇട്ട് കൊടുത്തേച്ചാൽ മതി. “”
അതും പറഞ്ഞ് ആനി അടച്ച് വെച്ച ചിക്കൻ കറി തുറന്ന് ഇളക്കി കൊടുത്തു.
“”ശോ നിങ്ങൾക്കും കൂടി വരാരുന്നു. “”
“”ഇനിയൊരിയ്ക്ക്ലാവട്ടെ.
അല്ലാ,,,അടുത്ത മാസമല്ലേ ഉത്സവമാണെന്ന് നീ പറഞ്ഞെ. അപ്പോൾ വരാം. “”
“”അതുമതി.
അപ്പോൾ നമുക്കെല്ലാവർക്കും കൂടി അടിച്ചുപൊളിക്കാം. “”
“”മ്മ്മ്,,,, പൊളിക്കാം പൊളിക്കാം… “”
ഈ സമയം,,,
“”ഡാ മോനേ,,
നീ ദേവിമോളോട് കാര്യം പറഞ്ഞോ?? “”
അടുക്കളയുടെ വാതിലിലേയ്ക്ക് അവര് വരുന്നുണ്ടോ എന്ന് പരിഭ്രമത്തിൽ നോക്കിക്കൊണ്ട് ഐസക് ചോദിച്ചു .
“”ഇല്ല അച്ചായാ,,,
നിശ്ചയ തിരക്കിനിടയിൽ ഞാൻ പെട്ടന്ന് ഇവിടെ നിന്ന് മാറിയാൽ അവൾക്ക് സംശയം തോന്നും എന്ന് അച്ചായൻ തന്നെയല്ലേ പറഞ്ഞത്. ഞാൻ ഇന്നിങ്ങോട്ട് ഇറങ്ങുന്നതിന് മുൻപും വിളിച്ചു അച്ചായൻ ഏൽപ്പിച്ച ആ പോലീസുകാരെ. അച്ചായൻ പറഞ്ഞതല്ലേ അതുകൊണ്ട് അവരെല്ലാം കൃത്യമായി തന്നെ ചെയ്യുന്നുണ്ട്. ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേയ്ക്ക് അവര് ഇന്നലെ എത്തി.
നിശ്ചയത്തിന്റെ അന്ന് വൈകിട്ട് എല്ലാം അവളോട് പറയാം എന്ന് വിചാരിച്ചിരുന്നപ്പോഴല്ലേ,,,,.
ഈ അവസ്ഥയിൽ ഞാൻ എങ്ങനെയാ അവളോടിത് പറയുന്നേ.. എന്തായാലും അവിടെ ഇപ്പോൾ യാതൊരു കുഴപ്പവുമില്ലന്നറിഞ്ഞത് തന്നെ വലിയ സമാധാനം .”””
വേവലാതിയോടെ അർജുൻ പറഞ്ഞു.
“”ഞാൻ കൃത്യ സമയത്ത് തന്നെ എല്ലാം അറിയുന്നുണ്ട്. ഒരു കുറവും അവിടെ ഉണ്ടാകരുതെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. “”
“”എന്തായാലും നാളെ ഡോക്ടറെയും കണ്ട്, നാളത്തെ കഴിഞ്ഞ് സൂര്യന്റെ പിറന്നാളും കഴിഞ്ഞ് അവളെയും കൂട്ടി പോകാം. ബാക്കിയൊക്കെ വരുന്നിടത്ത് വെച്ച് കാണാം.
അവൾക്ക് രാഘവേട്ടനെ കാണുമ്പോൾ മനസ്സിനെ നിയന്ത്രിയ്ക്കാൻ പറ്റിയാൽ മതി എന്നൊരു പ്രാർത്ഥനയെ എനിയ്ക്കുള്ളു അച്ചായാ. “”
തുടരും,,,,,

by