രചന – കാൽക്കി
ചാരുപടിയിൽ ചാഞ്ഞു കണ്ണുകൾ അടച്ചു ഇരിക്കുന്ന ഗൗതമന്റെ അടുത്തായി ആര്യൻ വന്നിരുന്നു… താഴെ എത്തിയപ്പോൾ തന്നെ അഗ്നിയുടെ കാര്യം കുറച്ചൊക്കെ അറിഞ്ഞു. തളർന്നിരിക്കുന്ന അവന്റെ രൂപം കണ്ട് നെഞ്ചിൽ ഒരു നീറ്റൽ…ജനിച്ചപ്പോൾ തൊട്ട് ഒന്നാണ്…ആഹ് മനസൊന്നു വേദനിച്ചാൽ തന്റെ നെഞ്ചും പിടയും. “കണ്ണാ……” ആര്യൻ പയ്യെ വിളിച്ചു. കണ്ണ് തുറന്നതും അകത്തു ഉരുണ്ട് കൂടിയ നീർമുത്ത് താഴേക്ക് ഒഴുകി. “എന്താടാ എന്ത് പറ്റി….” ആര്യൻ ചാടി എഴുനേറ്റ് ചോദിച്ചു. “അഗ്നിയ്ക്ക് കുഴപ്പൊന്നും ഇല്ലെന്നു ആണല്ലോ ഗൗരിമ്മ പറഞ്ഞത്….പിന്നെന്താടാ… അതോ വേറെന്തേലും ഉണ്ടോ ഇനി….” “ഒന്നുല്ലടാ….”കണ്ണ് നിറഞ്ഞെങ്കിലും സ്വതവേയുള്ള ചിരിയോടെ അവൻ പറഞ്ഞു. “പിന്നെ നീ എന്നാ ഇവിടിരുന്നു കരഞ്ഞു പ്രാക്ടീസ് ചെയ്യുവാരുന്നോ…. വല്യ ആക്ടിങ് നടത്തി ഭരത് ഗോപി ആകാതെ കാര്യം പറയുന്നുണ്ടോ പുല്ലേ….” ആക്രോശിച്ചോണ്ട് ആര്യൻ ചോദിച്ചു. “ഒന്ന് ചാടി കടിക്കാതെ….
ഇപ്പോ ആളെ തിന്നുലോ നീ….” “കണ്ണാ…..” “ഓഹ് പറയാം ഇവിടിരിക്ക് നീ….” ഇന്നലെ രാത്രി വന്നപ്പോ തൊട്ടുള്ള ഓരോ കാര്യവും അവസാനം അഗ്നിയോട് ദേഷ്യപ്പെട്ട് മുറിയിൽ നിന്ന് ഇറങ്ങിയത് വരെ ഗൗതമൻ പറഞ്ഞ് നിർത്തി. “കണ്ണാ…. അപ്പോ മണിക്കുട്ടിക്ക്… ഇപ്പോ ശബ്ദം….. “അവൻ വാ പൊത്തികൊണ്ട് അത്ഭുതത്തോടെ ചോദിച്ചു. അത് കണ്ട് ഗൗതമൻ ചിരിയോടെ തലയാട്ടി.. “ഞാൻ എന്നാ ഒന്ന് കണ്ടിട്ട് വരട്ടെ അവളെ…. എന്താ…ആകെ ഒരു ത്രില്ല്…..” പറഞ്ഞതും അവൻ മുന്നോട്ട് നടന്നു. “അതെ ഒന്ന് നിക്കുവോ….” ഗൗതമന്റെ വിളിക്കേട്ട് അവനൊന്നു തല ചെരിച്ചു. “നിന്റെ ത്രില്ലും കൊണ്ട് അങ്ങോട്ട് പോകാൻ നിക്കണ്ട…. അവളാള് ശരിയല്ലടാ ഇപ്പോ 😒😪” “എന്തേ നല്ലോണം കിട്ടിയല്ലേ….” ഒരു ഇളിയോടെ പറഞ്ഞ് തിരിഞ്ഞു വന്ന് ഗൗതമന്റെ അടുത്തിരുന്നു. ഗൗതമൻ ഒന്ന് തലകുലുക്കി കാണിച്ചു.
പരസ്പരം ഒന്ന് നോക്കികൊണ്ട് രണ്ടുപേരും ഒരുപോലെ പൊട്ടിച്ചിരിച്ചു. “അവളെ പറഞ്ഞിട്ട് എന്താടാ കാര്യം… പെട്ടെന്നു പറഞ്ഞാൽ ഇതൊക്കെ കേട്ട് നിക്കാൻ അവളുടെ പ്രായം അഞ്ചല്ല…….” ചിരിയൊന്ന് അടങ്ങിയതും ആര്യൻ പറഞ്ഞു. “എനിക്കറിയാടാ….മുന്നിലേക്ക് കാണിക്കാൻ നമുക്ക് തെളിവൊന്നും ഇല്ല…. അവളെ അന്ന് കൈയിലേറ്റി വാങ്ങിയവർ രണ്ടും ഇന്ന് ജീവനോടെ ഇല്ല…. പിന്നെ ഈ അടുത്ത് കണ്ട നമ്മൾ ഇത്രയും വലിയൊരു കാര്യം വന്ന് പറഞ്ഞാൽ അത് ഉടനെ ഒന്നും അവൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് എനിക്കും അറിയാം….. എന്റെ പെണ്ണ് അല്ലേടാ…. എന്നെക്കാളും മറ്റാർക്ക് അറിയാനാ അവളെ…. പക്ഷെ ഇപ്പോ അവളാദ്യം ചിന്തിക്കുന്നത് ഇവിടെ നിന്ന് പോകാൻ ആണ്… അത് ഒരിക്കലും ഉണ്ടാകരുത്… അതിനു വേണ്ടിയാ അവളോട് കയർത്ത് നിന്നത്….. ഒരിക്കലും അവളറിയരുതെന്ന് വിചാരിച്ചത് അവളുടെ മുന്നിലെത്തി…അതാണെന്റെ ആശങ്കയും, സത്യങ്ങൾ എല്ലാം കാലവും മൂടി വെക്കാൻ ആകില്ല ആര്യാ….അന്നത്തെ ദിവസം,.. നമ്മുടെയൊക്കെ വിധി മാറ്റിമറിച്ച ആഹ് ദിവസത്തിന്റെ സത്യം ഒരിക്കൽ പുറത്തവരും…. നമ്മളിൽകൂടി അല്ലെങ്കിൽ അഗ്നി മണിക്കുട്ടിയാണെന്ന് എല്ലാവരും തിരിച്ചറിയുകയും ചെയ്യും….അതുകൊണ്ട് അവൾ വേണം ഇവിടെ…. ചുറ്റിനും നിന്ന് കാക്കണം എനിക്ക് അവളെ…. ഒരു പോറല് പോലും ഏല്പിക്കാതെ….” കൂടെയുണ്ടെന്ന പോൽ ആര്യൻ അവനെ ചുറ്റി പിടിച്ചു.
അഗ്നിയ്ക്കു വയ്യെന്ന് മനസിലായത് കൊണ്ടോ എന്തോ വാവച്ചിയും അവളെ ബുദ്ധിമുട്ടിക്കുന്നില്ലാരുന്നു. അവൻ സദാസമയം അമ്മൂട്ടിയുടെയോ മാളുവിന്റെയോ കൈയിലാണ്… ഒരു വല്യ സത്യമാണോ മിഥ്യയാണോ മുന്നിൽ തുറന്നിരിക്കുന്നത് എന്ന് മനസിലാക്കാതെ അഗ്നിയും ആ മുറിയിൽ തന്നെ ചുരുണ്ടുകൂടി അന്ന്. സത്യമൊന്നും അറിയാത്തവർ വീഴ്ചയും തുടർന്നുണ്ടായ പനിയും ആണ് അവളുടെ അസ്വസ്ഥതയ്ക്കു കാരണം എന്ന് കരുതി…. അതിൽ കൂടുതൽ അന്വേഷിക്കാൻ മെനക്കെട്ടതും ഇല്ല….. കട്ടിലിൽ കണ്ണടച്ചു ഒരു കൈമറയാക്കി വശം ചെരിഞ്ഞു കിടക്കുകയാണ് അഗ്നി. വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അവൾ കണ്ണ് തുറന്ന് എഴുനേറ്റിരുന്നു. ആര്യൻ ആയിരുന്നു അത്. മുന്നിലേക്ക് വന്ന് അവൻ ഒന്ന് പരുങ്ങി, നേരത്തെ ചെക്കന് വാണിംഗ് കിട്ടിയതിന്റെ ഓർമയാണ്. “കണ്ണൻ…. കണ്ണൻ എല്ലാം പറഞ്ഞു. എങ്ങോട്ടും പോകരുത്…… അവനോട് ദേഷ്യൊന്നും കാണിക്കല്ല്….” പറഞ്ഞതും തിരിഞ്ഞതും ഒരുമിച്ചായിരുന്നു. “എന്നെ പറ്റി എന്താ ആരും ഒന്നും ഓർക്കാത്തത്….” പിന്തിരിഞ്ഞു നടന്ന അവൻ അഗ്നിയുടെ ശബ്ദം കേട്ട് തിരിഞ്ഞു.
“എല്ലാവരും ചേർന്ന് കറക്റ്റ് ആയിട്ട് പ്ലാൻ ചെയ്തത് ആണല്ലേ…..” ഒരു പരിഹാസത്തോടെ അവൾ ചോദിച്ചതിന് ഒരു ചോദ്യരൂപത്തിലുള്ള നോട്ടമാണ് അവൻ മറുപടി ആയി നൽകിയത്. “ആരോടും ഒന്നും പറയരുതെന്ന് പറഞ്ഞിരുന്നു രാവിലെ….. ഇതിപ്പോ അറിയാൻ പാടില്ലാത്തതായി ആരെങ്കിലും ഉണ്ടോ…. മാളൂട്ടിക്കും…..????? ” അവൾ അവനെ നോക്കി ചോദിച്ചു. ആര്യൻ വിലങ്ങനെ തലയാട്ടി. അവൾക് നി ആരാണെന്ന് ഈ നിമിഷം വരെ അറിയില്ല… പക്ഷെ അവളുടെ ഏട്ടന് നിന്നെ വല്യ ഇഷ്ടമാണെന്ന് അറിയാം…. എപ്പോഴും കൂടെയുണ്ടാവണം എന്നൊരു വാക്കിന്റെ പുറത്താ അവൾ അവിടെ ഡാൻസ് സ്കൂളിൽ ചേർന്നത്…… നിന്നോട് അവളൊരിക്കലെങ്കിലും വാവച്ചിയെ പറ്റി അങ്ങോട്ട് ചോദിച്ചിട്ടുണ്ടോ… നിങ്ങളെ ഒരുമിച്ച് കണ്ടാ ആരായാലും അത് നിന്റെ കുഞ്ഞാണെന്നെ പറയൂ…. അങ്ങനെയുള്ളപ്പോൾ അവളും ചിന്തിക്കില്ലേ അത്, നിന്നോട് ചോദിക്കില്ലേ അതേകുറിച്…..??? അപ്പോഴാണ് അഗ്നിയും അത് ആലോചിച്ചത്…. ഒരിക്കൽ പോലും ഒരു കാര്യവും അവളായി ചോദിക്കാൻ മുതിർന്നിട്ടില്ല…. താനായിട്ട് എല്ലാ കാര്യവും പറഞ്ഞിട്ട് അധികം ആയതും ഇല്ല…. അവൾ പിന്നെയും ആര്യനു നേർക്ക് മുഖം തിരിച്ചു.
“കണ്ണനും ദേവച്ഛനും ഒഴികെ ആർക്കും അറിയില്ല…. ഈ ഞാൻ പോലും നീ ഇവിടെ വന്നതിനു ശേഷമാണു അറിഞ്ഞത്, ഗൗരിമ്മ ഇന്നലെയും…” നീ വിശ്രമിക്ക്….. എന്നിട്ട് താഴേക്ക് ഒക്കെ ഇറങ്ങു.” അവൻ ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു. ‘അച്ചുവേട്ടാ…..” അഗ്നി പതുക്കനെ വിളിച്ചതും ആര്യന്റെ കണ്ണുകൾ ചെറുതായി ഈറനണിഞ്ഞു. “ഞാൻ….എനി….ക്ക്.” അവൻ വാക്കുകൾക്കായി പരതി. “മണിക്കുട്ടി…..” ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു അവന്. “മണിക്കുട്ടി വേണ്ട അച്ചുവേട്ടാ…. അഗ്നി ആയിട്ടാ വിളിച്ചത് ഇപ്പോൾ….” പറഞ്ഞപ്പോഴേക്കും തല കുനിഞ് പോയിരുന്നു. “എനിക്ക് മനസിലാകും…. എനിക്ക് മാത്രം അല്ല, കണ്ണനും…. ഒരുപാട് മിസ്സ് ചെയ്തിട്ടുണ്ട് നിന്റെ ഈ വിളി… പണ്ടും ഇങ്ങനെ തന്നെ ആയിരുന്നു എന്നെ നീ വിളിക്കാറ്…. ഓർമയിൽ അവനൊന്നു ഉള്ളം തുറന്ന് ചിരിച്ചു. “ഞാൻ ഇപ്പോ എന്താ ചെയ്യണ്ടേ…. പഴയപോലെ തന്നെ മിണ്ടാതെ ഇരിക്കണം എന്നാണോ….ഒരാള് ഓർഡർ തന്നിട്ട് പോയായിരുന്നു….” അവളുടെ ചോദ്യം കേട്ടതും ആര്യനു ചിരി പൊട്ടി. “ചിന്തിക്കേണ്ട പ്രശ്നം ആണത്…” ചിരിയോടെ തന്നെ അവൻ മറുപടി നൽകി.
“ഞാൻ അവനോടൊന്ന് സംസാരിക്കട്ടെ…. പക്ഷെ പെട്ടെന്നു അങ്ങ് സംസാരിച്ചാൽ അതിനു ഒരു വിശ്വാസ്യത കാണില്ലലോ….” ആര്യൻ ചിന്തയോടെ പറഞ്ഞു. “എനിക്ക്…. ഒന്നും, ഇപ്പോഴും….അറിയില്ല….. എന്താ ചെയ്യേണ്ടെന്ന്….” “ഒന്നും ആലോചിക്കണ്ടാ…. ആദ്യം ഈ മുറിവൊക്കെ ഒന്ന് ഉണങ്ങട്ടെ… നമുക്ക് അതിനു മുന്നെ ഒരു വഴിയുണ്ടാക്കാം കേട്ടോ….” തോളിൽ തട്ടി ഒരു ചിരിയോടെ ആര്യൻ പുറത്തേക്കിറങ്ങി. മുറിയിലേക്ക് കയറിയ ആര്യൻ കാണുന്നത് റൂം മുഴുവൻ അലങ്കോലമാക്കിയിടുന്ന ഗൗതമനെയാണ്… “എടാ പുല്ലേ…. നീ എന്ത് കുന്തമാടാ ഈ കാണിക്കണേ….” ആര്യൻ ഒന്ന് തുള്ളിക്കൊണ്ട് ചോദിച്ചു.. “ഹോ കിട്ടി….” ബെഡിൽ നിന്ന് കൈയെത്തിപിടിച്ചു അവൻ തലയുയർത്തി. “ഓഹ് ഇതിനാരുന്നോ….” അവന്റെ കൈയിൽ കിടന്ന് തൂങ്ങിയാടുന്ന മാല കണ്ട് ആര്യൻ ഒന്ന് പുച്ഛിച്ചു. “ഒന്ന് പോടാ…. ഇന്നലെ ആഹ് പെണ്ണിന് കാണിച്ച് കൊടുത്തതാ… അത് ഇവിടെ ഇട്ടിട്ട് അവൾക് പോകാൻ കൊള്ളാവോ….” അത് കേട്ടതും ആര്യൻ അവൻ കണ്ണ് തള്ളി നോക്കി.
“അല്ല, പിന്നെ ബോധം പോയ പെണ്ണ് ഉയിർത്തെഴുന്നേറ്റ് അത് നിന്റെ കൈയിൽ തന്ന് പിനേം പോയി ബോധംകേടണോ…..” അവനെ ചെറഞ്ഞൊന്ന് നോക്കികൊണ്ട് ചോദിച്ചതിന് ഗൗതമൻ ഒന്ന് ഇളിച്ചു കാണിച്ചുകൊണ്ട് മാല കഴുത്തിലേക്ക് ഇട്ടു. “വർഷങ്ങൾ ആയില്ലേടാ ഇതിങ്ങനെ കിടക്കാൻ തുടങ്ങിട്ട്, ഇതില്ലെങ്കിൽ പിന്നെ ഞാനുണ്ടോ…” ഒന്ന് ചിരിച്ചുകൊണ്ട് ലോക്കറ്റിൽ ഒന്ന് തഴുകി തിരിഞ്ഞതും മുന്നിലായി അഗ്നി. ( തുടരും )

by