20/04/2026

മയിൽപ്പീലി : ഭാഗം 49

രചന – നെച്ചു നസ്രിൻപ

പീലി അവളുടെ മുറിയിലായിരുന്നു. ജനലിലൂടെ അവൾ പുറത്തേക്ക് നോക്കിയിരുന്നു. സൂരജുമൊത്തുള്ള സുന്ദര നിമിഷങ്ങളായിരുന്നു അവളുടെ മനസ്സിൽ. ആ ഓർമ്മകളിൽ അവളുടെ കണ്ണ് നിറഞ്ഞു തൂകി. മേരി അടുക്കളയിൽ തിരക്കിലായിരുന്നു. ഇന്ന് കുറച്ചധികം ചോക്ലേറ്റസിന്റെ ഓർഡർ കിട്ടിയിരുന്നു.അടുത്തുള്ള വിവാഹ സൽക്കാരങ്ങൾക്കെല്ലാം അവരുണ്ടാക്കുന്ന ചോക്ലേറ്റിനാണ് ആവശ്യം കൂടുതൽ.

സൂരജ് ആക്‌സിലേറ്റർ ചവിട്ടി വേഗത്തിൽ വണ്ടിയോടിച്ചു. വണ്ടിക്ക് വേഗത പോരെന്നവന് തോന്നി. അവർ നേരെ ചെന്നത് സാധിക പറഞ്ഞ പള്ളിയിലേക്കാണ്. അവർ വന്നതറിഞ്ഞതും സാധിക പുറത്തേക്കിറങ്ങി വന്നു. അവൾക് ആനന്ദിനെ നേരിടാൻ ബുദ്ധിമുട്ട് തോന്നി.അവൾ ശ്രമപ്പെട്ടൊരു ചിരി മുഖത്ത് വരുത്തി. രേഷ്മ പറഞ്ഞു ആനന്ദിനും സാധികയുടെ കാര്യമെല്ലാം അറിയുന്നത് കൊണ്ട് അവനവളോട് നീരസം തോന്നിയില്ല. സാധിക പറഞ്ഞ വഴിയിലൂടെ നടക്കുമ്പോൾ സൂരജിന്റെ ഹൃദയം വല്ലാതെ തുടിച്ചു.

മേരിയുടെ വീടിനു മുന്നിലെത്തി നിന്നതും സൂരജിൽ ഒരു തളർച്ച ബാധിച്ചത് പോലെയായിരുന്നു. അവnun മുന്നോട്ടടി വെച്ച് നടക്കാനായില്ല. അത് തിരിച്ചറിഞ്ഞെന്ന വണ്ണം ജീവനവനെ ചേർത്ത് പിടിച്ചു. പുറത്തേക്കെവിടെയോ പോകാനിറങ്ങിയ ക്രിസ്റ്റി അപ്പോളാണ് അവരെ കണ്ടത്.

” ആരാ. എന്താ വേണ്ടത്”?.

“പീലി”?.

ശ്വാസ തള്ളിച്ചയോടെയാണ് സൂരജാ പേരുരുവിട്ടത്. ആനന്ദ് കാര്യങ്ങൾ ക്രിസ്റ്റിയെ ബോധ്യപ്പെടുത്തി കൊടുത്തു. മേരിയും ആ സമയത്ത് അങ്ങോട്ടേക്ക് വന്നു. അകത്തെ മുറിയിൽ പീലിയുണ്ടെന്ന് മേരിയാണ് സൂരജിനോട് പറഞ്ഞത്. അവൻ ഇരുന്നിടത്ത് നിന്നെണീറ്റു ജീവനെയും ആനന്ദിനെയും നോക്കിയ ശേഷം ഉള്ളിലേക്ക് നടന്നു. ചാരിയിട്ടിരുന്ന കതക് സൂരജ് പതിയെ തുറന്നു. നിതംബം മറഞ്ഞു കിടക്കുന്ന അവളുടെ മുടിയാണവൻ ആദ്യം കണ്ടത്. അവൾ പുറം തിരിഞ്ഞിരിക്കുകയാണ്. ചുറ്റും നടക്കുന്നതൊന്നും അവളറിയുന്നുണ്ടായിരുന്നില്ല.

ഓരോ കാലടി വെയ്ക്കുമ്പോളും സൂരജിൽ വല്ലാത്തൊരു അനുഭൂതി നിറഞ്ഞു. ദിവസങ്ങളോളം അലഞ്ഞു നടന്നത് ഇങ്ങനൊന്നു കണ്ട് കിട്ടാൻ വേണ്ടിയായിരുന്നു. ഊണില്ലാതെ ഉറക്കില്ലാതെ എന്ത്ര ദിനരാത്രങ്ങൾ. അരികിൽ ആരോ വന്നു നിൽക്കുന്നത് തിരിച്ചറിഞ്ഞ പീലി ഒന്ന് തിരിഞ്ഞു നോക്കി. അവൾക്ക് ഞെട്ടൽ മറയ്ക്കാനായില്ല. കൈവിരലുകൾ പോലും വിറയ്ക്കുന്നുണ്ടായിരുന്നു. പീലി സ്വപ്നമാണോ സത്യമാണോ എന്ന് വേർതിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.അവളുടെ തൊണ്ട വറ്റി വരണ്ടു. അവളിൽ സന്തോഷവും നിരാശയും ഭയവും ഒരുപോലെ നിറഞ്ഞു.

“സൂരേജേട്ടാ”..

മുഖമടച്ചൊരടി. അതായിരുന്നു അവൾക്കുള്ള സൂരജിന്റെ മറുപടി. പീലി മറുത്തൊന്നും പ്രതികരിച്ചില്ല. അവന്റെ മുഖത്തേക്ക് തന്നെ ഉറ്റു നോക്കി നിന്നു. സൂരജ് അവളുടെ കയ്യിൽ പിടിച്ച് വലിച്ചു. അവളവന്റെ നെഞ്ചിൽ തട്ടി നിന്നു. പീലിയ്ക്ക് അടയ്ക്കി വെയ്ക്കാനായില്ല. അവളവനെ ഇറുക്കെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞു. സൂരജും കരയുകയായിരുന്നു. ഒരുപാട് ദിവസത്തെ വിരഹം അവരെ ഇരുവരെയും തളർത്തിയിരുന്നു. സൂരജ് നെഞ്ചിൽ നിന്ന് പീലിയുടെ മുഖം പിടിച്ചുയർത്തി. അവളുടെ അടിയേറ്റ കവിളിൽ തലോടി. അവന്റെ കണ്ണ് നിറഞ്ഞു തൂകി. പീലി പക്ഷെ പുഞ്ചിരിച്ചതേയുള്ളൂ. അവൾ പ്രതീക്ഷിച്ചിരുന്നതാണ് ഒരടി.

” പീലി നിനക്കെങ്ങനെ തോന്നിയെടി എന്നെ കളഞ്ഞിട്ട് ഓടി പോരാൻ. നീ പോയാൽ ഞാൻ ഹാപ്പിയായി ജീവിക്കുമെന്ന് കരുതിയോ നീ. എന്നെ നീ മനസിലാക്കിയത് ഇങ്ങനെയായിരുന്നോ. ഞാൻ എത്ര ദിവസമായി നന്നായൊന്ന് ഉറങ്ങിയിട്ടെന്നറിയുമോ. അമ്മ നീ പോയതിൽ പിന്നെ കരയാത്തൊരു ദിവസമില്ല”.

“സൂരജേട്ടാ എനിക്കെല്ലാം അറിയാം. സൂരജേട്ടനെ മറന്ന് പോന്നതല്ല ഞാൻ. എനിക്ക് വേറെന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. ഏട്ടനെ മറന്നൊരു ജീവിതം പീലിയ്ക്കുണ്ടോ”?.

അവൾക്ക് വിതുമ്പലടക്കാനായില്ല. അവളവനെ വീണ്ടും പുണർന്നു. സൂരജ് അവളുടെ മുഖമാകെ ചുംബനം കൊണ്ട് മൂടി. ഭ്രാന്തനെപ്പോലെ. താൻ എത്രത്തോളം അവനിൽ വേരിട്ടുവെന്ന് പീലി തിരിച്ചറിയുകയായിരുന്നു. സൂരജ് അവളുടെ കവിളിൽ കൈ ചേർത്തതും പീലിയൊന്ന് എരിവ് വലിച്ചു.

“വേദനിച്ചോടി”?.

“മ്മ് പക്ഷേ സാരമില്ല”.

“ആഹ് വേദനിക്കാൻ വേണ്ടിയാ അടിച്ചത്. എന്റെ സ്വഭാവം വെച്ചാണേൽ നിന്നെ ഞാൻ കൊല്ലേണ്ടതാണ്. ഒന്നിലൊതുക്കിയതാ. എല്ലാം അറിയുന്ന നീ തന്നെ ഇത് പോലൊരു കാര്യം ചെയ്യുമ്പോൾ പിന്നെ ഞാനെന്താണ് ചെയ്യേണ്ടത്”.

“എനിക്കറിയാം സൂരജേട്ടാ. എനിക്കൊരു പരാതിയുമില്ലല്ലോ”.

“എത്ര ദിവസമായി പീലി നിന്നെ ഇങ്ങനെ ചേർത്ത് പിടിച്ചിട്ട്. അപ്പോ നിനക്ക് ഞാനില്ലാതെയും ജീവിക്കാൻ ആകുമല്ലോ അല്ലെ. എനിക്കെന്തേലും പറ്റിയാലും”.…..

പീലി അവനെ മുഴുവിക്കാൻ അനുവദിച്ചില്ല.അവളവന്റെ വാ പൊത്തി. സൂരജവളുടെ വിരലുകളിൽ ചുണ്ട് ചേർത്ത്.

“ഞങ്ങൾക്കങ്ങോട്ടേക്ക് വരാമോ”?.

ജീവനും ആനന്തും അങ്ങോട്ടേക്ക് വന്നു. അവരിരുവരും അകന്ന് മാറി.ആനന്ദ് അവളെ രൂക്ഷമായി നോക്കി. പീലി തല കുനിച്ചു നിന്നതേയുള്ളൂ.

“കിട്ടാനുള്ളതെല്ലാം കിട്ടി ബോധിച്ചല്ലോ അല്ലെ. എനിക്കറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ നിനക്ക് എന്തിന്റെ സൂക്കേടായിരുന്നു. ഇങ്ങനെ ഒളിച്ചോടി പോകാൻ മാത്രം ഞങ്ങളെല്ലാരും ചത്തു പോയോടി”.

“ആനന്ദ് പോട്ടെ അവൾക്ക് അവluടേതായ കാരണങ്ങൾ ഉണ്ടാകുമല്ലോ”.

“എനിക്കറിയാം നിങ്ങൾക്കെല്ലാർക്കും എന്നോട് ദേഷ്യം ഉണ്ടാകും. പക്ഷേ എന്റെ മുൻപിലപ്പോൾ മറ്റൊരു വഴിയുമില്ലായിരുന്നു. അയാളങ്ങനൊക്കെ പറഞ്ഞപ്പോൾ എനിക്കെന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. മറ്റാരോടും പറയാതെ ഞാൻ ഉള്ളാലെ കരഞ്ഞു കൊണ്ടാണ് നിങ്ങളെയൊക്കെ വിട്ട് വന്നത്. ഇപ്പോളും ജീവനോടിരിക്കുന്നത് ഇവിടുത്തെ അമ്മച്ചിയും മകനും വിചാരിച്ചത് കൊണ്ടാണ്”.

ഹാളിൽ മേരി എല്ലാവർക്കും കഴിക്കാനുള്ള ഭക്ഷണം തയ്യാറാക്കി വെച്ചിരുന്നു. സൂരജും ആനന്തും ജീവനും കഴിക്കാൻ മടിച്ചെങ്കിലും മേരിയുടെ നിർബന്ധത്തിന് വഴങ്ങി ഒടുവിൽ ഭക്ഷണം കഴിച്ചു.എല്ലാവരും സിറ്റ് ഔട്ടിൽ ഒന്നിച്ചിരുന്നു.സൂരജ് മേരിയെയും ക്രിസ്റ്റിയെയും നന്ദിയോടെ നോക്കി.അവർ സംസാരിക്കുന്നതിനിടയിലാണ് സൂരജ് ഐദനെ കുറിച്ച് പറഞ്ഞത്. അന്നയുടെ മരണ വിവരം പീലി ഒരു ഞെട്ടലോടെയാണ് കേട്ടിരുന്നത്.

” സൂരജേട്ടാ എനിക്ക് പേടിയാകുന്നു. അയാളിനി എന്തൊക്കെയാകും ചെയ്യുന്നത്. തീർത്ഥ, അയാളവളെ ഉപദ്രവിക്കും. ഞാൻ കാരണം. ഞാൻ എവിടെയെങ്കിലും പൊയ്ക്കോളാം”.

“നീ എന്തൊക്കെയാണ് പീലി പറയുന്നത്. അങ്ങനെ ഭീഷണിക്ക് ഭയന്ന് എത്രനാൾ ഇങ്ങനെ നടക്കും. നിനക്കെന്നെ മറന്ന് ജീവിക്കാൻ കഴിയുമായിരിക്കും പക്ഷേ എനിക്കതിനു ആകില്ല. അവൻ കൊല്ലുന്നെങ്കിൽ കൊന്നോട്ടെ. ഒരുമിച്ച് മരിക്കാമല്ലോ. ഇനിയും നിന്നെയൊന്നിനും ഞാൻ വിട്ട് കൊടുക്കില്ല പീലി”.

“പീലി നീ ഞങ്ങടെ കൂടെ വരണം. അവനെന്താ ചെയ്യുന്നെന്ന് നോക്കാമല്ലോ. സൂരജ് പറഞ്ഞത് പോലെ കൊന്നോട്ടെ. അങ്ങനെ എപ്പോളും ഒരാൾ മാത്രം ജയിച്ചാൽ ശെരിയാകില്ലല്ലോ”.

ക്രിസ്റ്റി അവരുടെ ഓരോ വാക്കുകളും ശ്രദ്ധയോടെ കേട്ടിരുന്നു.

“നിങ്ങൾ ആരെക്കുറിച്ചാണ് പറയുന്നത്. ആരാണീ ഐദൻ”?.

“ഐദൻ വർഗീസ്‌. കുന്നുമ്മേൽ ഗ്രൂപ്സിന്റെ മാനേജിങ് ഡയറക്ടർ”.

ആ പേര് ക്രിസ്റ്റിയിലും മേരിയിലും ഒരു സ്ഫോടനം സൃഷ്ടിച്ചു. ക്രിസ്റ്റിയുടെ കണ്ണ് രക്തവർണ്ണമായി. അവൻ മുഷ്ടി ചുരുട്ടി ദേഷ്യം നിയന്ത്രിക്കാൻ ശ്രമിച്ചു. പഴയ മുറിവുകളിൽ നിന്ന് രക്തം ചീറ്റിയൊഴുകുന്നത് ക്രിസ്റ്റിയറിഞ്ഞു. ഉണങ്ങി എന്ന് സ്വയം വിശ്വസിപ്പിച്ച ഒരിക്കലും ഉണങ്ങാത്തൊരു മുറിവ്. മേരി നെറ്റിയിലും കഴുത്തിലും പൊടിഞ്ഞ വിയർപ്പ് തുള്ളികൾ സാരീ തുമ്പിനാൽ തുടച്ചു. അവരിലെ പരിഭ്രമവും ക്രിസ്റ്റിയിലെ രോക്ഷവും മറ്റുള്ളവർ എന്തിനാണെന്നറിയാതെ നോക്കിയിരുന്നു.

ക്രിസ്റ്റി മനസിനെയും ശരീരത്തിനെയും അവന്റെ കൈപിടിയിലൊതുക്കാൻ ശ്രമിച്ചു. ശേഷം കണ്ണുകളുയർത്തി സൂരജിനെ നോക്കി. സൂരജ് അപ്പോളും സംശയത്തിൽ ക്രിസ്റ്റിയെ നോക്കിയിരിക്കുകയായിരുന്നു.

” ഐദൻ. അവനെ നിങ്ങൾക്കറിയുമോ”?.

“ഹ്മ്മ് അറിയുമോന്നോ?.അവനെ ഞങ്ങൾക്കറിയും പോലെ മറ്റാർക്കും അറിയില്ല സൂരജ്.അവൻ ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കിയ വേദനയുടെ പ്രതിഭലനം ഇപ്പോളും അവശേഷിക്കുന്നുണ്ട്. മരണം വരെ ആ അവശേഷിപ്പുകൾ നോവായി തന്നെ നിലനിൽക്കും”.

സൂരജിനൊന്നും മനസിലായില്ല. ക്രിസ്റ്റി കസേരയിൽ നിന്നെണീറ്റു ചുവരിലെ ഫ്രെയിം ചെയ്ത് വെച്ച ഒരു ഫോട്ടോ എടുത്ത് കൊണ്ട് വന്നു. മേരി പറഞ്ഞ ആ പെൺകുട്ടിയുടെ ഫോട്ടോയായിരുന്നു അത്. അവനാ ചിത്രം എല്ലാവരെയും കാണിച്ചു.

“ഇത് നാൻസി. അച്ഛന്റെ കൂട്ടുകാരന്റെ മകൾ. എന്റെ ചെറുപ്പത്തിൽ ഞങ്ങൾ ഇവിടേക്ക് വരുമ്പോൾ അവരാണ് ഞങ്ങളെ സ്വീകരിച്ചത്. അന്ന് മുതൽ ഞങ്ങൾ നാൻസിയുടെ വീടുമായി നല്ലൊരു ആത്മബന്ധം പുലർത്തി വന്നു.കളിക്കൂട്ടുകാരിയായി കൂടെ നിന്ന അവൾ പതിയെ എന്റെയെല്ലാമായി മാറി.ഇരു വീട്ടുകാർക്കും പൂർണ്ണസമ്മതമായത് കൊണ്ട് തന്നെ അവളുടെ ക്ലാസ്സ്‌ കഴിഞ്ഞിട്ട് കല്യാണം എന്ന തീരുമാനത്തിലെത്തി”.

“അവളൊരു പാവമായിരുന്നു. സാമ്പത്തികമായി കുറച്ച് പിന്നിലേക്ക് നിന്നിരുന്ന അവളൊരിക്കലും അവളുടെ നില മറന്ന് പെരുമാറിയിട്ടില്ല. എന്റെ ഇഷ്ട്ടം ഞാനവളോട് ആദ്യമായി പറയുമ്പോളും അവൾ സ്നേഹത്തോടെ അത് നിരസിച്ചതേയുള്ളൂ. ഒന്നിനും പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ലവൾ. തിരുവനന്തപുരത്തെ കോളേജിലേക്ക് പഠിക്കാനായി പോകുമ്പോൾ അവളൊരുപാട് സന്തോഷത്തിലായിരുന്നു”.

“പക്ഷേ ആ സന്തോഷത്തിനു അധികമായുസുണ്ടായിരുന്നില്ല. ഒരു ദിവസം വിളിച്ചപ്പോൾ കോളേജിലെ ഒരു പെൺകുട്ടി വഴക്കിടാൻ വന്നെന്ന കാര്യം പറഞ്ഞിരുന്നു. അത് അവൾ വലിയ കാര്യമായി എടുത്തിരുന്നില്ല. രണ്ട് ദിവസത്തിനിപ്പുറം കോളേജിൽ നിന്നൊരു കാൾ വന്നു. നാൻസിയെ ഒരു പയ്യനോടൊപ്പം മുറിയിൽ…”

അവനത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല

“കോളേജിൽ വെച്ച് അവളുടെ സത്യാവസ്ഥ എല്ലാവരെയും ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും എല്ലാം വിഭലമായിരുന്നു. കോളേജിലേക്ക് പോയ നാൻസി ആയിരുന്നില്ല തിരിച്ചു വന്നത്. മറ്റാർക്കും അവളെ വിശ്വാസമില്ലെങ്കിൽ കൂടിയും ഞങ്ങൾക്കവളെ വിശ്വാസമായിരുന്നു. ഞങ്ങളെല്ലാവരും അവളുടെ ഒപ്പം നിന്നു. പക്ഷെ ഒരു തെറ്റും ചെയ്യാതെ കുട്ടികളുടെയും എല്ലാവരുടെയും മുന്നിൽ കുറ്റക്കാരി ആയതിലുള്ള സങ്കടം അവളെ വിട്ട് മാറിയിരുന്നില്ല.തിരിച്ച് വീട്ടിലേക്ക് പോരും വഴി അവളെ കാണാൻ ആ പെൺകുട്ടി വന്നു”.

“എല്ലാവരുടെയും മുന്നിൽ വെച്ച് അവളോട് വഴക്കിട്ടതിനു അവൾ കൊടുത്ത സമ്മാനമായിരുന്നു അവൾക്കേറ്റ നാണക്കേട് എന്നറിഞ്ഞതും ഞങ്ങളെല്ലാവരും ആകെ തകർന്നു പോയിരുന്നു. ആ പെൺകുട്ടി തന്നെ മറ്റുള്ള കുട്ടികളെ കൊണ്ട് നാൻസിയെ പല പേര് വിളിച്ചു കളിയാക്കി. അവളൊരു പെൺകുട്ടി ആയത് കൊണ്ട് എനിക്കൊന്നും പ്രതികരിക്കാനായില്ല”.

“വീട്ടിൽ വന്നു രണ്ട് ദിവസം നാൻസി മുറിയുടെ പുറത്തേക്കിറങ്ങിയില്ല. അവളാരെയും കാണാൻ കൂട്ടാക്കിയില്ല.എന്റെ അപ്പന് നാൻസിയെ ജീവനായിരുന്നു. മകളായി കണ്ട് വളർത്തിയ അവളുടെ അവസ്ഥയിൽ ആ മനുഷ്യൻ വല്ലാതെ വേദനിച്ചു. ഞങ്ങളുടെ രണ്ട് വീടും അതോടെ ജീവനില്ലാത്ത പോലെയായി. പക്ഷേ അതിലും വലിയ ആഘാതം അടുത്ത ദിവസമാണ് ഞങ്ങളിലേക്കെത്തിയത്”.

“അടുത്ത ദിവസം രാവിലെ മുറിയിലേക്ക് ചെന്ന നാൻസിയുടെ അമ്മ കണ്ടത് ഒരു മുഴം കയറിൽ എന്റെ നാൻസി. ഞങ്ങൾക്കത് താങ്ങാനായില്ല. ഒരുമിച്ച് ജീവിക്കാൻ ഒരുപാട് കൊതിച്ചവളുടെ നെറുകിൽ അന്ത്യ ചുംബനം കൊടുക്കേണ്ടി വന്നവനാണ് ഞാൻ. കുറച്ച് ദിവസങ്ങൾക്കു ശേഷം അവളുടെ ഫോണിൽ കുറേ മെസേജും ഫോട്ടോസും എക്കെ വന്നിട്ടുണ്ടായിരുന്നു. അവൾ മരിക്കുന്നത് മുൻപത്തെ രാത്രി. അവളെ കുറിച്ച് വളരെ മോശമായ കുറേ മെസ്സേജുകൾ. കളിയാക്കി കൊണ്ടുള്ള കുറേ ഫോട്ടോസ്. അതൊക്കെയായിരുന്നു അവളെ ആത്മഹത്യക്ക് മുന്നിലെത്തിച്ചത്.”

“അവളാത്മഹത്യ ചെയ്തതല്ല എല്ലാരും കൂടി കൊന്നതാണ്. പിന്നീട് എല്ലാത്തിനും പിന്നിലുള്ളവരെ കണ്ടെത്താനുള്ള പാച്ചിലിലായിരുന്നു ഞാൻ. എന്റെ മുഖത്ത് നോക്കിയവൾ പറഞ്ഞു അവളും അവളുടെ ചേട്ടനും ചേർന്നാണ് എല്ലാം ചെയ്തതെന്ന്. കേസ് കൊടുത്ത് ,പോലീസിൽ പരാതി കൊടുത്തു ,മന്ത്രിമാർക്ക് നിവേദനം കൊടുത്തു.പക്ഷേ എല്ലാം സ്വാധീനം ഉപയോഗിച്ച് തേച്ചു മായ്ച്ചു കളഞ്ഞു. നഷ്ടം അത് ഞങ്ങൾക്ക് മാത്രമായിരുന്നു”.

“കേസിന്റെ കാര്യത്തിനിടക്കൊരിക്കൽ അവനിവിടെ വന്നിരുന്നു. അപ്പനോടും അമ്മയോടും കൊന്ന് കളയുമെന്നൊക്കെ ഭീഷണിപ്പെടുത്തി. മക്കൾക്കേറ്റ നാണക്കേടും ആകെയുള്ള ഒരു മകളുടെ മരണവും ആ അച്ഛനെയും അമ്മയേയും തളർത്തി കഴിഞ്ഞിരുന്നു. ഒരു ദിവസം രാത്രി ഉറങ്ങാൻ കിടന്ന എന്റെ അപ്പൻ പിറ്റേന്ന് ഉണർന്നില്ല.അതോടെ എല്ലാം അവസാനിച്ചു. എനിക്കെന്നെ തന്നെ നഷ്ടമായി. നാൻസിയുടെ അച്ഛനെയും അമ്മയേയും അവനാണ് ഇവിടുന്ന് നാട് നടത്തിയത്. മോളെ കൊന്നത് പോലെ എന്നെയും കൊന്ന് കളയുമെന്ന് അവരെ ഭയപ്പെടുത്തി”.

“ഒന്ന് രണ്ട് തവണ എനിക്ക് ആക്‌സിഡന്റ് കൂടിയായപ്പോൾ ചെന്ന് കേറാൻ ഒരിടം പോലുമില്ലാതെ അവർ ആരോടും പറയാതെ എങ്ങോട്ടോ പോയി. കുറെയന്വേഷിച്ചു. കണ്ടെത്തിയില്ല. ജീവനോടെയുണ്ടോ എന്ന് പോലും ഞങ്ങൾക്കറിയില്ല. ജീവിതത്തിലെ എല്ലാ സന്തോഷവും തല്ലി തകർത്ത അവനെ ഞാൻ മറക്കുമോ സൂരജ്”?.

ഒരു കിതപ്പോടെ ക്രിസ്റ്റി പറഞ്ഞു നിർത്തി. മേരി വാ പൊത്തി കരഞ്ഞു. പീലിയവരെ ചേർത്ത് പിടിച്ചു. ഇത്രയും സങ്കടം ഉള്ളിലൊതുക്കിയാണോ എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറിയിരുന്നത് എന്നവൾ അത്ഭുതപ്പെട്ടു.

“നഷ്ടപെടാനുള്ളതെല്ലാം നഷ്ടമായി. ഇനിയാർക്ക് വേണ്ടിയാണു ജീവിക്കുന്നതെന്ന് തോന്നിയ നിമിഷം എന്റെ അമ്മച്ചിയാണ് എന്നെ തിരിച്ച് കൊണ്ട് വന്നത്. ഞാനിപ്പോൾ ഇങ്ങനെ നിൽക്കുന്നത് അമ്മച്ചി കാരണമാണ്. അവർക്കെതിരെ ഒന്നും ചെയ്യാനാകില്ല എന്നറിഞ്ഞിട്ട് കൂടി അവർക്കെതിരെ നീങ്ങിയ എന്നെ വിലക്കിയത് അമ്മച്ചിയാണ്. എനിക്കും കൂടി എന്തെങ്കിലും പറ്റിയാൽ അവർക്ക് വേറെയാരാണുള്ളത്. അത് കൊണ്ട് മാത്രമാണ് അല്ലെങ്കിൽ ഞാൻ അവനെ കൊന്നേനെ. പന്ന ക*#&%*&&:മോൻ”.

” ഞങ്ങൾക്കറിയില്ലായിരുന്നു ക്രിസ്റ്റി അവനിത്രത്തോളം ക്രൂരനാണെന്ന്.ചെയ്ത ക്രൂരതകൾക്കുള്ള ശിക്ഷ ദൈവമായിട്ട് കൊടുത്തിട്ട് പോലും അവനൊന്നും മനസിലാക്കുന്നില്ലല്ലോ. എന്റെ കുടുംബത്തിന്റെ സമാദാനം ഇല്ലാതാക്കുക എന്നതാണ് അവന്റെ ഇപ്പോളത്തെ ലക്ഷ്യം.അതിന് ഞാനനുവദിക്കില്ല”.

സൂരജിന്റെയും ക്രിസ്റ്റിയുടെയും കണ്ണിൽ പകയുടെ തീയാളി.

സൂരജും കൂട്ടരും നേരത്തെ എത്തിയതാണ്. എനിക്കാണ് ഊട്ടിക്കുള്ള വണ്ടി കിട്ടാഞ്ഞത്. എല്ലാരും ക്ഷമിക്കണം 😌.