17/04/2026

അവകാശി : ഭാഗം 01

രചന – ആയിഷ അക്ബർ

എവിടെ നോക്കിയാ നടക്കുന്നത്….. മുഖത്തു രണ്ട് കണ്ണ് വെച്ചിരിക്കുന്നതെന്തിനാ….

പാർത്ഥന്റെ ശബ്ദം അവിടെയുയർന്നപ്പോൾ പലയിടതായി ചിതറി കിടന്നിരുന്ന കുട്ടികളുടെയെല്ലാം ശ്രദ്ധ അവരിലേക്ക് നീണ്ടു….

അവന്റെ ദേഷ്യത്തോടെയുള്ള വാക്കുകൾക്ക് മുമ്പിൽ തല കുനിച്ചു നിൽക്കുകയായിരുന്നു അവളന്നേരം……

എന്താ മാഷേ…. എന്താ പ്രശ്നം…..

അതും ചോദിച്ചു കൊണ്ട് വന്ന ഹേമ ടീച്ചർ അവനിലേക്കും അവളിലേക്കും താഴെ വീണു കിടക്കുന്ന പയറു കറിയിലേക്കും മാറി മാറി നോക്കി…..

പാർത്ഥന്റെ ദേഹത്താകെ പയറു കറി പറ്റിപ്പിടിച്ചിരുന്നു…..

ഞാൻ….. ഞാൻ കാണാതെ…. പെട്ടെന്ന്…..

അവളുടെ ചുണ്ടുകൾ വിതുമ്പി പോയിരുന്നു….

എന്താ കുട്ടീ നോക്കിയിട്ട് വേണ്ടേ ചെയ്യാൻ…..
കണ്ടോ മാഷിന്റെ ദേഹത്താകെ അഴുക്കായി….

ഹേമ ടീച്ചർ അവളെ കുറ്റപ്പെടുത്തിയെന്ന വണ്ണം വീണ്ടുമത് പറയുമ്പോൾ അവൾ നിസ്സഹായയായി അവനെ നോക്കി…..

ആ നോട്ടം ഹൃദയത്തിലെന്തോ കൊളുത്തി വലിച്ചപ്പോഴാണ് അവൻ പിന്നീടൊന്നും പറയാതെ അവിടെ നിന്നും നടന്നകന്നത്….

തന്നെ തന്നെ ഉറ്റ് നോക്കി നിൽക്കുന്ന കുട്ടികളെ കാണുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പാർത്ഥൻ മേശ മേൽ തല വെച്ചു കിടന്നു…..

മനസ്സിൽ നിറഞ്ഞു നിന്ന ഓർമകളത്രയും തന്നെ കീറി മുറിക്കാൻ കെൽപ്പുള്ളതായിരുന്നു….

പുസ്തകത്തിനിടയിൽ തിരുകി വെച്ച ആ വക്കീൽ നോട്ടീസ് അവനൊന്നു കൂടി കയ്യിലെടുത്തു…..

വിവാഹ മോചനത്തിനായുള്ള അവളുടെ അഭ്യർത്ഥന…..

അവളെ സംബന്ധിച്ചു തന്നിൽ നിന്നുമുള്ള മോചനം എന്നാണെങ്കിലും തന്നെ സംബന്ധിച്ചു ഹൃദയതെ ആഴത്തിൽ കീറി മുറിക്കുന്ന ഒരു കടലാസ്സായിരുന്നു അത്…..

അത്രയേറെ പ്രണയിച്ചു കഴിഞ്ഞിരുന്ന തങ്ങൾക്കിടയിലെ വിള്ളൽ ഇപ്പോഴും മനസിന് ഉൾകൊള്ളാൻ കഴിയുന്നില്ല…….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ആ പുഴയോരത്തു അവൻ ചെന്നിരുന്നു…..

ഇരുട്ട് ഭൂമിയെ പൊതിഞ്ഞു പിടിച്ചിട്ടുണ്ടായിരുന്നു…..

മനസ്സ് ശരീരത്തെയും തളർത്തി തുടങ്ങുമ്പോൾ ഇവിടെ വന്നിരിക്കാറാണ് പതിവ്……

അടിച്ചു വീശിക്കൊണ്ടിരിക്കുന്ന പാതിരാക്കാറ്റ് തന്റെ സങ്കടങ്ങളെയും കൊണ്ട് പോകുമെന്ന് വെറുതെയൊരു തോന്നലാവാം……

പതിയേ ഒഴുകുന്ന വെള്ളത്തിന്റെ ആ ശബ്ദവും മനസ്സിനത്ര മേൽ സമാധാനം നൽകുന്നുണ്ടായിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഏട്ടനിത്ര നേരം എവിടെയായിരുന്നു….
ഏട്ടൻ കഴിച്ചിട്ടുണ്ടോ….

തന്നോട് ചേർന്ന് നിന്നു നീതു അത് ചോദിച്ചപ്പോഴും അയാളൊന്നും മിണ്ടിയില്ല….
ഒരു വക്കീൽ നോട്ടീസ് വന്നതിനാണോ ഏട്ടനിങ്ങനെ സങ്കടപ്പെട്ട് കള്ളും കുടിച് നടക്കുന്നത്…..

അവളോട് പോവാൻ പറ ഏട്ടാ….

നീതു വളരേ ലാഗവത്തൊടത് പറഞ്ഞ് പോകുമ്പോൾ പാർത്ഥനു പുച്ഛം തോന്നി…..

കുടുംബത്തിന് വേണ്ടിയാണ് ഇന്നൊളം ഉള്ള തന്റെ സമ്പാധ്യമെല്ലാം ചിലവഴിച്ചിട്ടുള്ളടത്…..

തന്റേതെന്ന് പറയാനായി ഒന്നും കാത്തു വെച്ചിട്ടില്ലിതു വരെ….

എല്ലാവർക്കും പണം കൊടുക്കാനും ആവശ്യങ്ങൾ നടത്തി കൊടുക്കാനുമുള്ള വെറുമൊരു യന്ത്രമാണ് താൻ…

ആരോടും മറുത്തു പറഞ് ശീലിക്കാത്തത് കൊണ്ട് തന്നെ ഇന്നും അത് തുടരുന്നു…..

എന്നാൽ അങ്ങനെ യുള്ള ഏട്ടന്റെ അല്ലെങ്കിൽ മകന്റെ ജീവിതം സന്തോഷത്തോടെയാവണമെന്ന് ആർക്കും യാതൊരു ആവശ്യവുമില്ല…..

കുട്ടികളുടെ നൂല് കെട്ടിനും പെങ്ങമ്മാരുടെ വീട് പണിക്ക് എന്തിനു പറയുന്നു അളിയന്മാർ രണ്ട് ദിവസം പണിക്ക് പോയില്ലെങ്കിൽ കൂടി കണക്ക് പറഞ്ഞ് തന്റെ കയ്യിൽ നിന്നു അവർക്കുള്ളത് വാങ്ങിക്കാൻ അമ്മക്ക് നല്ല മിടുക്കാണ്…….

ഏട്ടന്റെ ജീവിതത്തിൽ നിന്നും ഭാര്യ ഒഴിഞ്ഞു പോയെങ്കിൽ ആ ചിലവ് കൂടി കുറഞ്ഞു അത് കൂടി ഞങ്ങൾക്ക് സ്വന്തമാകുമല്ലോ യെന്നു കരുതി ഓരോരുത്തരുടെയും മുഖത്ത് കാണുന്ന പ്രകാശം അറിയാഞ്ഞിട്ടല്ല….

അവസ്ഥ അതായിപ്പോയി….
ദൈവം കഴിവില്ലാത്തവനായി തന്നെ സൃഷ്ടിച്ചു പോയില്ലേ…..

ഓർക്കും തോറും അയാളുടെ ഹൃദയത്തിൽ ഭാരം തിങ്ങി നിറഞ്ഞു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മോനേ പാർത്താ…. അവൾ വക്കീൽ നോട്ടീസ് അയച്ച സ്ഥിതിക്കിനി കേസും കൂട്ടത്തിനുമൊന്നും നിന്നു സമയം കളയണ്ട….

ആ ബന്ധം അങ്ങ് ഒഴിവാക്കി കൊടുത്തേക്ക്..

രാവിലേ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ അമ്മയത് പറഞ്ഞതും പാർത്ഥൻ അവരെയൊന്നു നോക്കി…..

അല്ലാ…… തെറ്റ് നമ്മുടെ ഭാഗത്തു തന്നെയാണല്ലോ…. അതാണ്‌ അമ്മ പറഞ്ഞത്….

അവന്റെ ഹൃദയത്തെ അതെത്രത്തോളം വേദനിപ്പിക്കുമെന്ന് ഒരുവേള ചിന്തിച്ചിരുന്നെങ്കിൽ അവർക്കിങ്ങനെയൊന്നും സംസാരിക്കാൻ കഴിയുമായിരുന്നില്ലെന്ന് അവനോർത്തു…..

താനെന്നത് മകന്നിൽ കവിഞ്ഞു അവർക്ക് വെറും യന്ത്രമാണല്ലോ….

അവൻ പാതി ഭക്ഷണം കഴിച്ചു എഴുന്നേറ്റു….

ഇന്ന് ശാരിയും മക്കളും വരും അവർക്കൊക്കെ ഇറച്ചിയാണ് ഇഷ്ടം….
ഇത് കൊണ്ട് തികയില്ലല്ലോ….

പോകാനിറങ്ങും വഴി മീൻ വാങ്ങാൻ അമ്മയുടെ കയ്യിൽ പൈസ കൊടുത്തതും അവരുടെ മറുപടി യാലെ അവൻ വീണ്ടും പോക്കറ്റിലേക്ക് കയ്യിട്ടു….

മിച്ചമുണ്ടായിരുന്നത് കൂടി അവരുടെ കയ്യിൽ കൊടുത്തിറങ്ങുമ്പോഴും അവനൊന്നും മിണ്ടിയിരുന്നില്ല……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

എന്താ പാർതാ… ഇന്നലെ നീയാ പെൺ കൊച്ചിനെ വഴക്ക് പറഞ്ഞെന്നൊക്കെ കേട്ടു…
ആരോടും വഴക്ക് കൂടാത്ത എല്ലാവരുടെയും പ്രിയങ്കരനായ പാർത്ഥൻ മാഷ് ചൂടാവാൻ മാത്രം അത്ര കുഴപ്പക്കാരിയാണോ ആ കൊച്…….

ജാനകി ടീച്ചർ അത് ചോദിക്കുമ്പോൾ നിറഞ്ഞു തുടങ്ങിയ ആ പെൺകുട്ടിയുടെ കണ്ണുകൾ അവന്റെ മനസ്സിനെ ഒരു നിമിഷം വേദനിപ്പിച്ചു…..

പാർഥനിൽ നിന്ന് ഇങ്ങനൊന്നു ആരും പ്രതീക്ഷിക്കാത്തത് കൊണ്ടായിരിക്കാം അത് സ്കൂളിലെ തന്നെ വലിയൊരു വാർത്തയായത്…..

ജാനകി ടീച്ചർ ചിരിച്ചു കൊണ്ടത് പറയുമ്പോൾ പാർത്ഥൻ വെറുതെയോന്നു ചിരിച്ചു…

എന്താ ശെരിക്കും ഉണ്ടായത്……

ഒന്നുമില്ല ടീച്ചറേ…. ആ കൊച്ച് കയ്യിൽ കറി പാത്രവുമായി വന്ന് എന്റെ മേലിടിച്ചു…..
എനിക്കെന്തോ അപ്പോഴത്തെ മനസ്സിന്റെ അവസ്ഥ ശെരിയല്ലാത്തത് കൊണ്ട് അറിയാതെ ദേഷ്യപ്പെട്ടു പ്പോയി…..

പാർത്ഥനത് പറയുമ്പോൾ വാക്കുകളിൽ ഒരു കുറ്റബോധം നിറഞ്ഞു നിന്നിരുന്നു….

ഞാനും വിചാരിച്ചു എന്താണ് അതിനു മാത്രം ഉണ്ടായതെന്ന്…..
നീയങ്ങനെ ചെറിയ കാര്യങ്ങൾക്കൊന്നും ദേഷ്യപ്പെടുന്ന ആളല്ലെന്ന് എനിക്കറിയാം…..

ആ കുട്ടിയും ഒരു സാധുവാണെന്ന് തോന്നിയിട്ടാ ഞാൻ ഇങ്ങോട്ട് ജോലിക്ക് വന്നോളാൻ പറഞ്ഞത്…..

പഴയ വീട്ടിൽ വാടകക്ക് വന്നതാണ്….. ആരുമില്ലെന്നാ തോന്നുന്നേ….

എന്തെങ്കിലും ഒരു ജോലി ശെരിയാക്കി തരുമോയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് പറയാൻ തോന്നിയില്ല….

കുട്ടികൾ കൂടിയത് കൊണ്ട് ഇവിടെ ഉച്ച ഭക്ഷണം ഉണ്ടാക്കാൻ ഒരാളെ കൂടി സഹായത്തിനു വേണമെന്ന് നളിനി ചേച്ചി പറഞ്ഞ് തുടങ്ങിയിരുന്നു….

അത് കൊണ്ടാണ് ഇങ്ങോട്ട് വന്നോളാൻ പറഞ്ഞത്….

ഒരു പാവം പിടിച്ച പെൺകുട്ടി…. പോരാത്തതിന് ചെറു പ്രായവും……
എനിക്കെന്തോ അതിനോട് വല്ലാത്തൊരു സഹതാപം പോലെ……

ജാനകി ടീച്ചർ അത് പറയുമ്പോഴും അത്രയും പേരുടെ മുന്നിൽ വെച് താൻ വഴക്ക് പറയുമ്പോൾ നിറഞ്ഞു വന്ന മിഴികളായിരുന്നു അയാളുടെ മനസ്സ് മുഴുവൻ…..

താനങ്ങനെയൊന്നും പറയാൻ പാടില്ലായിരുന്നുവെന്ന സങ്കടം അവന്റെ മനസ്സിനെ കീഴ്പ്പെടുത്തിയിരുന്നു….

ഞാൻ അപ്പോഴത്തെ മാനസികാവസ്ഥയിൽ….

പാർത്ഥൻ പതിയേ നെറ്റിയിൽ കൈ വെച്ചു….

ഒക്കെ ശെരിയാവും പാർതാ…..
നിന്നെയും നിന്നെ വേദനിപ്പിക്കുന്നവരെയും ഒക്കെ കാണുന്നത് ഒരേ ദൈവം തന്നെയാണ്…..

മനസ്സിന്റെ വേദനകളിൽ പിടിച്ചു നിൽക്കണം….

സംഘർഷങ്ങളെ പിടിച്ചു കെട്ടണം…..

തന്റെ മനസ്സറിഞ്ഞെന്ന വണ്ണം ജാനകി ടീചറത് പറയുമ്പോൾ പാർത്ഥൻ ഒന്നും മിണ്ടിയില്ല…..

സന്ധ്യയുടെ ഭാഗത്തു നിന്നെന്തേങ്കിലും…..

ജാനകി ടീച്ചർ ചോദ്യം മുഴുവനാക്കാതെ നിന്നപ്പോൾ അവന്റെ മുഖത്ത് പരന്ന ദുഃഖം അവർക്ക് വായിച്ചടുക്കാൻ കഴിയുന്നുണ്ടായിരുന്നു….

മ്മ്….. വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്…. എന്നെ… എന്നെ ഇനിയും സഹിക്കാൻ വയ്യെന്നാവും…
ഒരു പുഞ്ചിരിയുടെ കൂട്ടോട് കൂടി അത് പറഞ്ഞ് കൊണ്ടവനവിടെ നിന്നും പോയത് അവന്റെ കണ്ണുനീർ താൻ കാണാതിരിക്കാൻ വേണ്ടി തന്നെയാണ് അവർക്കറിയാമായിരുന്നു….
എന്നും ഒരു മകനെ പോലെ കരുതി അവനെ ചേർത്ത് നിർത്തുന്ന തനിക് അവന്റെ ദുഃഖം കണ്ടു നിൽക്കാൻ കഴിയുന്നുണ്ടായിരുന്നില്ല….

അവന്റെ ഹൃദയത്തിലെ ഭാരം അവർക്ക് അളക്കാൻ കഴിഞ്ഞിരുന്നു…..

മുഖത്ത് ഗൗരവമാണെങ്കിലും ആരെയും വേദനിപ്പിക്കാത്തൊരു വ്യകതിയായിരുന്നവൻ…..

ഒറ്റ നോട്ടത്തിൽ പാർത്ഥൻ സാറിനെ കുട്ടികൾക്കടക്കം പേടി തോന്നുമെങ്കിലും ഒന്ന് സംസാരിക്കുമ്പോഴക്കും കുട്ടികളെ വരെ കൂട്ടാക്കാൻ കഴിയുന്നൊരാളാണ് പാർത്ഥൻ……

അത്രയേറെ മന പ്രയാസം കൊണ്ടാവാം അവൻ ഇന്നലെ അങ്ങനെ പെരുമാറിയതെന്ന് അവർക്ക് മനസ്സിലായിരുന്നു……

(തുടരും )