രചന – മിയ അവ
എന്ത് ചെയ്യുമെന്ന് ഒരു പിടിയുമില്ലാതെ നെറ്റിയിൽ കൈയൂന്നി ചിന്തകളിൽ കുരുങ്ങി കിടക്കുമ്പോഴായിരുന്നു വലിയമ്മയും വലിയച്ഛനും എത്തിയത്.
“മനുക്കുട്ടാ…”
“വലിയച്ച.. അച്ഛൻ.. അച്ഛനെന്താ സംഭവിച്ചത്…”
“ഒന്നും അറിയാൻ കഴിഞ്ഞില്ല മോനേ.. വലിയച്ഛൻ നേരെ ഇങ്ങോട്ട് പോരുകയാ ഉണ്ടായത്.. ഇവിടുത്തെ കാര്യങ്ങൾ ഞങ്ങൾ നോക്കിക്കോളാം.. അമ്മയ്ക്ക് ഒന്നും ഉണ്ടാവില്ല പെട്ടെന്ന് അച്ഛനെ കൊണ്ട് പോയ ടെൻഷൻ ആവും…ഞങ്ങൾ ഇവിടെ ഉണ്ടാവും.. മോൻ സ്റ്റേഷനിലോട്ട് ചെല്ല്..
നിന്നെ അവിടെ ആവിശ്യം ഉണ്ടാവും…”
“മ്മ് ശരി വലിയച്ച.. വലിയമ്മേ നോക്കിക്കോണേ..”
“ഉവ്വ് മോനേ.. മോൻ പോയിട്ട് വാ…”
പിന്നെ അവിടെ നിന്നുമൊരു ഓട്ടമായിരുന്നു. ചുറ്റിലും ഇരുട് കനത്തിരുന്നു. ഇത്രയും നേരമായിട്ടും ആമി ഒന്ന് തിരിച്ചു വിളിക്കുക പോലും ചെയ്തില്ല എന്നതും മനസ്സിൽ ആധി കൂട്ടുന്നുണ്ടായിരുന്നു. ഒരുവിധം ട്രാഫിക് ബ്ലോക്ക് ഒക്കെ താണ്ടി പോലീസ് സ്റ്റേഷന് മുന്നിൽ വണ്ടി ഒതുക്കി ഞാൻ ഉള്ളിലേക്ക് കയറി. പുറത്തു തന്നെ എനിക്ക് പരിചയമുള്ള ഒരു കോൺസ്റ്റബിൾ ഉണ്ടായിരുന്നു.
“രാഘവേട്ടാ.. എന്താ ഉണ്ടായത്.. അച്ഛൻ.. എന്തിനാ…”
“ചതിച്ചതാ കുഞ്ഞേ… എല്ലാവരും ചേർന്ന് ചതിച്ചതാ…”
“ആര്.. എങ്ങനെ…”
“അയാൾ.. നിന്റെ അമ്മുന്റെ അച്ഛൻ.. രാജേന്ദ്രൻ… അയാളും മോന്റെ അച്ഛൻ ജോലി ചെയ്യുന്ന ബാങ്കിലെ മാനേജറും ചേർന്ന് നടത്തിയ തീരുമറിയിൽ മോന്റെ അച്ഛനെ പെടുത്തിയിരിക്കുകയാ…”
“തീരുമറിയോ.. എന്ത്…”
“അത് നിങ്ങടെ കല്യാണം പറഞ്ഞു വെച്ച ടൈമിൽ രാജേന്ദ്രൻ കുറച്ചു സ്വർണം പണയം വെയ്ക്കാൻ പോയിരുന്നു ആ ബാങ്കിൽ… സ്വർണം അപ്പോ ഉരച്ചു നോക്കി ഉറപ്പ് വരുത്തിയതും ലോക്കറിൽ കൊണ്ട് പോയി വെച്ചതുമെല്ലാം കുഞ്ഞിന്റെ അച്ഛനാണ്…ഇപ്പോ ആ സ്വർണം ആരോ മാറ്റിയിട്ടുണ്ട്.. പകരം മുക്ക് പണ്ടം വെച്ചിരിക്കുവാ.. അത് മോന്റെ അച്ഛനാണെന്ന് പറഞ്ഞു രാജേന്ദ്രൻ കേസ് കൊടുത്തിരിക്കുവാ.. അയാൾക്ക് അയാളുടെ സ്വർണം തിരിച്ചു വേണമെന്ന്… ഇനിയും നിങ്ങടെ പൈസ തട്ടാനുള്ള പുതിയ അടവ് ആണെന്ന് തോന്നുന്നു… മാനേജറും കൂട്ടുണ്ടാവും അല്ലെങ്കിൽ പിന്നെങ്ങനാ ആ സ്വർണം അവിടുന്ന് മാറ്റാൻ കഴിയുക….”
“എന്നിട്ട്… അത് അച്ഛനാണെന്ന് എങ്ങനെ ഉറപ്പിക്കാനാവും… അതിന്.. വല്ല തെളിവും….”
“അതേ ഇത്രയും നേരം ഞങ്ങൾ മാന്യമായി സംസാരിച്ചത് നിങ്ങൾ ഇട്ടിരിക്കുന്ന ഈ യൂണിഫോമിനോടുള്ള ബഹുമാനം കൊണ്ടാണ്… ഇനിയും സർ ഈ കേസ് വളച്ചൊടിക്കാൻ ശ്രമിച്ചാൽ ഈ ആമി ആരാണെന്നു നിങ്ങൾ അറിയും…”
ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോളാണ് ഉള്ളിൽ എസ് ഐയുടെ മുറിയിൽ നിന്ന് ആമിയുടെ സൗണ്ട് പൊങ്ങിയത്. ഞാൻ ഡോറിന്റെ അടുത്ത് ചെന്ന് ഉള്ളിലേക്ക് എത്തി നോക്കി.
“ഡീ പെണ്ണെ നീ ഇവിടെ കിടന്ന് കൂടുതൽ ഷോ കാണിക്കല്ലേ.. പിടിച്ചു ലോക്കപ്പിലിടും നിന്നെ ഞാൻ..നിന്റെ അച്ഛന്റെ കൂടെ അവിടെ കിടക്കേണ്ടി വരും നീയും…”
“ഓഹോ.. നിങ്ങടെ പോലീസുകാരുടെ ഈ സ്ഥിരം ചീള് വിരട്ടലിൽ ആമി പേടിച്ചു വിറയ്ക്കുമെന്ന് കരുതിയോ.. എന്നാലേ സാറിന് തെറ്റി.. ഇത് വേറെയാ ഇനം…. ഏതെങ്കിലും വ്യക്തിയെ ജാമ്യം അനുവദിക്കാതെ ലോക്കപ്പിനുള്ളിൽ കിടത്തണമെങ്കിൽ അയാൾക്കെതിരെ ശക്തമായ തെളിവ് നിങ്ങടെ കയ്യിൽ വേണം.. ഇവിടെ അച്ഛന് എതിരെ എന്ത് തെളിവാ നിങ്ങടെ കയ്യിലുള്ളത്… കേവലം ആരോ കെട്ടി ചമ്മച്ച ഒരു പരാതിയല്ലാതെ… അച്ഛൻ സ്വർണം മാറ്റുന്നത് കണ്ട ദൃക്സാക്ഷികളുണ്ടോ…അല്ലെങ്കിൽ അവിടുത്തെ സിസി ടീവി ഫൂട്ടേജിൽ അച്ഛൻ മാറ്റി വെയ്ക്കുന്നതായി കാണിക്കുന്നുണ്ടോ.. പിന്നെ എന്താടിസ്ഥാനത്തിലാ അച്ഛൻ കുറ്റം ചെയ്തുവെന്ന് പറഞ്ഞു സർ അച്ഛനെ ഈ ലോക്കപ്പിൽ തള്ളുന്നത്..”
“വോ.. തെളിവൊക്കെ ഞങ്ങൾ ഉണ്ടാക്കിക്കോളാം.. മോള് ചെല്ല്..”
“ആണോ. എന്നാലേ അച്ഛനെതിരെ പ്രോപ്പർ ആയിട്ടുള്ള തെളിവ് കിട്ടുമ്പോൾ അങ്ങ് വാ എന്നിട്ട് അച്ഛനെ കൊണ്ട് ജയിലിൽ അടയ്ക്കുന്ന കാര്യം ആലോചിക്കാം.. ഇപ്പോ സർ ജാമ്യം അനുവദിച്ചേ മതിയാവൂ.. ഇല്ലെങ്കിൽ വേറെ വഴി നോക്കാൻ ആമിയ്ക്ക് അറിയാം… സാറിനെക്കാൾ മേലെ ഇനിയും ഉദ്യോഗസ്ഥരുണ്ടല്ലോ… ആരെ പോയി കണ്ടാണെങ്കിലും എന്റെ അച്ഛനെ ഞാൻ ഇവിടുന്ന് ഇറക്കിയിരിക്കും… ആമിയാ പറയുന്നേ….”
എന്റെ അച്ഛന് വേണ്ടി അവിടെ നിന്നും ധീരമായി പട വെട്ടുന്ന ആമിയെ ഞാൻ ഇമ വെട്ടാതെ നോക്കി നിന്നു പോയി.
“മിസ്റ്റർ എസ് ഐ… ഇവിടെ മുകുന്ദൻ മേനോനെ വിട്ടയ്ക്കാതിരിക്കാൻ താങ്കൾ എന്ത് ന്യായീകരണം നടത്തിയിട്ടും കാര്യമില്ല… അയാൾക്കെതിരെ പേരിന് പോലും ഒരു തെളിവില്ലാതെ നിങ്ങൾക്ക് അദ്ദേഹത്തെ ഇവിടെ അടച്ചിടാൻ കഴിയില്ല… ഇതിന് എതിരെ ഇവര് പരാതിപ്പെട്ടാൽ താങ്കൾക്ക് എതിരെ ആക്ഷൻ ഉണ്ടാവുമെന്ന് ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ ല്ലേ…. അപ്പോ കൂടുതൽ കോംപ്ലിക്കേറ്റഡ് ആക്കാതെ ജാമ്യം അനുവദിക്കുന്നതാവും സാറിന് നല്ലത്…”
അഡ്വക്കേറ്റ് കൂടി സ്ട്രോങ്ങായി ഇടപെട്ടപ്പോൾ ജാമ്യം അനുവദിക്കാമെന്ന് എസ് ഐ സമ്മതിച്ചു. ജാമ്യം അനുവദിച്ചു അച്ഛനെ റിലീസ് ചെയത ശേഷം എസ് ഐ ഉടനെ അവിടെ നിന്നും ഇറങ്ങി പോവുന്നത് കണ്ടു. ഉള്ളിൽ നിന്നും ഇറങ്ങിയ വക്കീലിന് ഞാൻ കൈ കൊടുത്തു. ആമി അവിടെ നിന്നും ഇറങ്ങി എന്നെ മൈൻഡ് പോലും ആക്കാതെ നേരെ പോയത് ലോക്കപ്പിൽ നിന്നും ഇറങ്ങിയ അച്ഛന്റെ അടുത്തേക്കാണ്. അച്ഛൻ അവളെ കണ്ടതും വാരി പുണർന്നു നെറുകയിൽ ചുംബിച്ചു. ആ കണ്ണുകൾ നിറഞ്ഞു തൂവിയിരുന്നു.
“ന്റെ കുട്ടി ഇല്ലായിരുന്നെങ്കിൽ… ഞാനിന്ന്…”
“വിഷമിക്കാതിരിക്കൂ അച്ഛാ.. ഇതെന്റെ കടമ്മയല്ലേ…നിങ്ങളെയൊന്നും ആരുടെയും ചതി കെണിയിൽ പെടാൻ ആമി അനുവദിക്കില്ല… ഞാനുണ്ടാവും കൂടെ… എന്നും….”
“മോളെ….”
അച്ഛൻ അവളെ വീണ്ടും ചേർത്ത് പിടിച്ചു.
ആ കാഴ്ച നോക്കി നിന്ന എന്റെയും വക്കീലിന്റെയും കണ്ണുകളും സന്തോഷം കൊണ്ട് നിറഞ്ഞു.
“മനു.. തനിക്ക് കിട്ടിയ പുണ്യമാടോ തന്റെ ഈ ഭാര്യ…പുലിക്കുട്ടിയാ അവൾ.. വക്കീലായ എന്നെ പോലും കടത്തി വെട്ടിയല്ലേ ആ എസ് ഐയെ മുട്ടു കുത്തിച്ചത് അവൾ…കൈ വിട്ടു കളയരുത് ആ ഭാഗ്യത്തെ…”
അദ്ദേഹത്തെ നോക്കി ഞാൻ മനോഹരമായി പുഞ്ചിരിച്ചു.
“ഒരുപാട് നന്ദിയുണ്ട് സർ… തക്ക സമയത്ത് സർ അവളുടെ കൂടെ വന്നില്ലായിരുന്നെങ്കിൽ എന്റെ അച്ഛൻ…ഒരിക്കലും മറക്കില്ല സർ…”
“ഹേയ്.. അതെന്റെ ജോലിയല്ലെടോ…നമുക്ക് ഈ കേസ് തെളിയിക്കണം മനു.. അയാളെ….ആ രാജേന്ദ്രനെ വെറുതെ വിടരുത്…”
“മ്മ്.. എന്നെ പറ്റിച്ചു മുങ്ങിയ അയാൾ നാട്ടിൽ എത്തിയെന്നു ഇന്ന് കാലത്താണ് ഞാൻ അറിഞ്ഞത്… അതിനുള്ളിൽ ഇങ്ങനെയൊരു പണി ഞാൻ പ്രതീക്ഷിച്ചില്ല.. കാണുന്നുണ്ട് ഞാൻ അയാളെ വിശദമായി തന്നെ…”
“മ്മ്.. താൻ ധൈര്യമായി നേരിട്ടോ.. ബാക്കി കാര്യം ഞാനേറ്റു…ഞാനുണ്ടാവും കൂടെ..അപ്പോ ഞാൻ ഇറങ്ങുവാ മനു…”
“മ്മ് ശരി സർ… കാണാം…”
യാത്ര പറഞ്ഞു വക്കീൽ പോയപ്പോൾ ഞാൻ അച്ഛന്റെ അടുത്തേക്ക് നടന്നു.
“ഹാ.. മനുക്കുട്ടാ.. നീ എത്തിയോ… അച്ഛൻ.. തെറ്റൊന്നും ചെയ്തില്ല മോനേ.. എന്നെ അവർ…”
“അറിയാം അച്ഛാ..അയാളുടെ ചതി നമുക്ക് പുതുമയുള്ളതല്ലല്ലോ… അച്ഛൻ ധൈര്യമായിട്ടിരിക്കൂ… അച്ഛനെ ഇതിൽ നിന്ന് ഞാൻ രക്ഷിച്ചെടുക്കും.. ഇത് മനുവിന്റെ വാക്കാ…”
“മ്മ് എന്നാ നമുക്ക് ഇറങ്ങാം….മോളെ പോവാം..”
“മ്മ് ശരി അച്ഛാ…”
എന്നെ ഒന്ന് നോക്കി ഒന്നും മിണ്ടാതെ ആവൾ മറി കടന്നു പോയി. അല്പ നേരം നിന്ന് എന്തോ ഓർത്ത് ഞാനും അവർക്കൊപ്പം പോയി.
അച്ഛൻ എന്റെ കൂടെ കാറിലാണ് കയറിയത്. അച്ഛനെ വീട്ടിൽ ഇറക്കി എല്ലാവരും സേഫ് ആണെന്ന് ഉറപ്പ് വരുത്തിയ ശേഷം ഞാൻ കിഷോറിനെ വിളിച്ചു.
അവനും ശരത്തും ഞാനും കൂടി അമ്മുവിന്റെ വീട്ടിലെത്തി കോളിങ്ങ് ബെല്ലിൽ വിരലമർത്തി. ഡോർ തുറന്ന രാജേന്ദ്രന്റെ നെഞ്ചിൻ കൂട് നോക്കി ഞാൻ ആഞ്ഞു ചവിട്ടി. പിന്നിലേക്ക് തെറിച്ചു വീണ അയാൾ എന്നെ കണ്ടതും ഞെട്ടി.
“മോനേ.. മനു…”.
“പ്ഫാ.. നായേ… ആരാടോ തന്റെ മോൻ… എന്നെയും എന്റെ കുടുംബത്തെയും വഞ്ചിച്ചു.. അപമാനിച്ചു മതി വരാതെ വീണ്ടും ഇറങ്ങിയിരിക്കുകയാണോ താൻ…”
അപ്പോഴേക്കും അമ്മുവിന്റെ അമ്മയും അനിയത്തിയും അവിടെ എത്തിയിരുന്നു.
“എടാ വീട്ടിൽ കേറി വന്നു അക്രമം കാണിക്കുന്നോ…”
അമ്മുവിന്റെ അമ്മ ചോദിച്ചതും കിഷോർ അവരുടെ മുടിക്കുത്തിൽ കയറി പിടിച്ചിരുന്നു.
“ചിലയ്ക്കുന്നോ കിളവി… ഇത്രയൊക്കെ ചെയ്തു വെച്ചിട്ടും വീണ്ടും നിന്ന് കൊരയ്ക്കാൻ നാണം ഉണ്ടോ നിങ്ങൾക്ക്…”
അതും പറഞ്ഞു കിഷോർ അവരുടെ മുഖത്തേക്ക് കൈ വീശിയടിച്ചു. അടിയിൽ അവർ താഴേക്ക് വീണു പോയി.
വീണു കിടക്കുന്ന രാജേന്ദ്രനെ പൊക്കിയെടുത്ത് ഞാൻ പൊതിരെ തല്ലി ചതച്ചു. മനസ്സിൽ മുഴുവൻ അമ്മുവും അയാളും കൂടി ചെയ്തു കൂട്ടിയ ചതികളും എന്റെ അച്ഛനോട് കാണിച്ച ക്രൂരതയുമായിരുന്നു. ആ കലിപ്പ് മുഴുവൻ ഞാൻ അയാളുടെ ദേഹത്ത് തീർത്തു. വായിൽ നിന്നും ചോര തുപ്പി അയാൾ നിലത്തേക്ക് ഊർന്നു വീണതും അവളുടെ അമ്മ വന്നെന്റെ കാലു പിടിച്ചു.
“അരുത് മോനേ.. കൊല്ലല്ലേ… ഞങ്ങൾ ഇവിടുന്ന് പൊയ്ക്കോളാം… ഇനി ഒരു തെറ്റും ചെയ്യില്ല… പ്ലീസ്.. മോനേ…”
ഞാൻ അവരെ കൈകളിൽ പൊക്കിയെടുത്തു. എന്നിട്ട് ആ കഴുത്തിൽ പിടിച്ചു ചുവരോട് ചേർത്ത് നിർത്തി.
“പറയ്യ്.. എവിടെയാ… എവിടെയാ നിങ്ങടെ പുന്നാര മോള്… എന്നെ പറ്റിച്ചു രക്ഷപെടാമെന്ന് കരുതിയോ അവൾ.. വെച്ചേക്കില്ല ഞാൻ… എവിടെയാ അവൾ.. പറയാൻ…”
പറച്ചിലിനൊപ്പം കഴുത്തിലെ പിടിത്തവും മുറുക്കിയിരുന്നു. ആ സമയത്തു കിഷോർ അവളുടെ അനിയത്തിയുടെ മുഖത്ത് ഒന്ന് പൊട്ടിച്ചു ചോദിച്ചു.
“പറയെടി.. എവിടെയാ നിന്റെ ചേച്ചി.. ഇല്ലെങ്കിൽ കൊന്ന് കളയും ഞാൻ…”
“അത്…. ചേച്ചി ഇവിടില്ല…”.
“എവിടെയാ അവൾ.. എവിടെക്കാ അവൾ കടന്ന് കളഞ്ഞതെന്ന്…”
ഞാൻ ആ സ്ത്രീയുടെ മുടിയിൽ പിടിച്ചു ചോദിച്ചതും അവർ എനിക്ക് നേരെ കൈ കൂപ്പി…
“അവൾ കല്യാണം കഴിഞ്ഞു ഭർത്താവിന്റെ കൂടെ വിദേശത്തേക്ക് പോയി.. അവൾ ചെയ്ത തെറ്റിന് ഞങ്ങൾ മാപ്പ് ചോദിക്കുവാ.. അവളുടെ ജീവിതം തകർക്കരുത്…പ്ലീസ്..”
“അപ്പോ അവൾ എന്റെ ജീവിതം തകർത്തതോ.. എന്നെ വിഡ്ഢിയാക്കി കടന്നു കളഞ്ഞതോ…ഇല്ല വിടില്ല മനു അവളെ.. എന്നെങ്കിലും അവൾ മടങ്ങി വരാതിരിക്കില്ലല്ലോ… നിങ്ങടെ ശവത്തിന് കൊള്ളി വെയ്ക്കാനെങ്കിലും അവൾ വരാതിരിക്കില്ലല്ലോ… അന്ന് വരും മനു.. മാപ്പ് കൊടുക്കില്ല ഞാൻ അവൾക്ക്…പറഞ്ഞേക്ക് അവളോട്…”
കൈ ചൂണ്ടി അവരോട് അത്രയും പറഞ്ഞു ഞാൻ രാജേന്ദ്രനെ വീണ്ടും പൊക്കിയെടുത്തു.
“പറയെടോ… എവിടെയാ ലോക്കറിനു മാറ്റിയ സ്വർണം.. ആരാ തനിക്ക് കൂട്ട് നിന്നത്…”
“അത്.. അത്.. സ്വർണം ഇവിടെ തന്നെയുണ്ട്… അവിടുത്തെ മാനേജർ ആണ് സ്വർണം മാറ്റി മുക്കുപണ്ടം വെച്ചത്…”
പറഞ്ഞു തീർന്നതും വീണ്ടും കൊടുത്തു അയാളുടെ മുഖം നോക്കി.
“മര്യാദയ്ക്ക്.. മര്യാദക്ക് സ്റ്റേഷനിൽ പോയി സത്യം ഏറ്റു പറഞ്ഞു എന്റെ അച്ഛന്റെ പേരിൽ കൊടുത്ത കേസ് പിൻവലിച്ചില്ലെങ്കിൽ… മനുവാ പറയുന്നേ കൊന്ന് കളയും ഞാൻ നിങ്ങളെ….”
“ഇല്ല.. പിൻവലിച്ചോളാം.. ഒന്നും ചെയ്യല്ലേ മോനേ…”
“മ്മ് തന്റെ വാക്ക് വിശ്വസിച്ചു അങ്ങനെ അങ്ങ് ഞാൻ പോവില്ല… ദേ ഇവര് രണ്ടു പേരും ഇവിടെ കാണും.. താൻ സത്യം പറഞ്ഞു കേസ് പിൻവലിക്കുന്ന വരെ… അതുകൊണ്ട് രക്ഷപ്പെടാമെന്ന് വിചാരിക്കണ്ട…”
“ഇല്ല.. ഞങ്ങൾ ചെയ്തോളാം..”
അവരെ അവിടെ ഇട്ടു ഞാൻ കിഷോറിനെയും ശരത്തിനെയും അവിടെ നിർത്തി ഹോസ്പിറ്റലിലേക്ക് വിട്ടു. അപ്പോഴേക്കും അമ്മ ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങാൻ നിൽക്കുവായിരുന്നു. പെട്ടെന്നുണ്ടായ ഷോക്കിൽ ബോധം മറഞ്ഞതാണെന്ന് പറഞ്ഞു ഡോക്ടർ. ഉടനെ തന്നെ അമ്മയെയും കൊണ്ട് ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു.
പിറ്റേന്ന് വക്കീൽ വിളിച്ചു പറഞ്ഞു അച്ഛന്റെ പേരിലുള്ള കേസ് എല്ലാം പിൻവലിച്ചു അമ്മുവിന്റെ അച്ഛനും കുടുംബവും നാട് വിട്ടെന്ന്. ഫോൺ വെച്ച് ഞാൻ ബാൽക്കണിയിൽ നിന്ന് താഴേക്ക് നോക്കി. താഴെ ആമിയുണ്ടായിരുന്നു. അവളും മഹിയും മായ മോളും ചേർന്ന് അവിടെ ഗാർഡൻ സെറ്റ് ചെയ്യാനുള്ള ഒരുക്കത്തിലാണ്. രാമുവേട്ടനും സഹായത്തിനായി കൂടെയുണ്ട്. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ ആമി എന്റെ കുടുംബത്തിലെയും ചുറ്റുമുള്ളവരുടെയും പ്രിയങ്കരിയായി മാറി കഴിഞ്ഞിരിക്കുന്നുവെന്ന സത്യം ഞാൻ അപ്പോൾ മനസിലാക്കുകയായിരുന്നു. അവിടെ നിന്ന് അവരുടെ കളി ചിരികൾ കുറച്ചു നേരം ആസ്വദിച്ചു ഞാൻ താഴേക്ക് പോയി അച്ഛനോടും അമ്മയോടുമെല്ലാം വിവരം പറഞ്ഞു. എന്തോ ഒരു ക്ഷീണം തോന്നിയപ്പോൾ അല്പം മയങ്ങാൻ റൂമിൽ പോയി കിടന്നു.
പെട്ടെന്ന് എന്തോ ശബ്ദം കേട്ടാണ് ഉണർന്നത്. കണ്ണ് തുറന്നപ്പോൾ മുന്നിൽ ഡ്രസിങ് ടേബിളിന് മുന്നിൽ നിന്ന് നനഞ്ഞ മുടി ഉണക്കുന്ന ആമിയെ കണ്ടു. ഏതോ സ്വപ്നത്തിലെന്ന പോലെ ഞാൻ അവളെ തന്നെ നോക്കി കിടന്നു.
“ഹാ ഞാനും കണ്ടിട്ടുണ്ട് കുറെ ഭർത്താക്കന്മാരെ.. ഭാര്യന്മാർ ഉണരുമ്പോഴേക്കും കോഫി കൊണ്ട് കൊടുക്കുന്നു… എന്നും അവരുടെ നെറുകയിൽ കുങ്കുമം ചാർത്തി കൊടുക്കുന്നു.. മുല്ലപ്പൂ ചൂടിക്കുന്നു… എന്നാ എനിക്കും ഉണ്ട്.. അങ്ങനെ ഒരെണ്ണം… ഭർത്താക്കന്മാർക്ക് അപമാനം ഉണ്ടാക്കാൻ… ഹും…”
അവളുടെ മുറു മുറുപ്പ് കേട്ടപ്പോഴാണ് ഞാൻ അവളിൽ നിന്നും കണ്ണെടുത്തത്.
“അതിന് നിന്നെയാരും ഭാര്യയാവാൻ ഇങ്ങോട്ട് ക്ഷണിച്ചു വരുത്തിയിട്ടൊന്നും ഇല്ലല്ലോ… സ്വയം കേറി വന്നതല്ലേ…”
“അയിന്… ഈ താലി ഞാൻ സ്വയം എടുത്തു കെട്ടിയതല്ലല്ലോ.. നിങ്ങൾ പിടിച്ചു വെച്ചു കെട്ടിയതല്ലേ…”
“അതിന്റെ വാശി തീർക്കാനാണല്ലോ ഇങ്ങോട്ട് എഴുന്നള്ളിയത്…”
“അതേലോ.. അതിന് തന്നാ… ഈ താലിയുടെ ബലത്തിൽ നിങ്ങളെ ഇട്ടു വെള്ളം കുടിപ്പിക്കാൻ തന്നാ ആമി ഇവിടേക്ക് കയറി വന്നത്…അല്ലാതെ നിങ്ങളോട് സ്നേഹം മൂത്തൊന്നും അല്ല..”
“വോ.. അല്ലെങ്കിലും നിന്റെ സ്നേഹം ഇവിടെ ആർക്കും വേണ്ട… യേ..”
പറഞ്ഞു കൊണ്ട് ഞാൻ എഴുന്നേറ്റു അവളുടെ അടുത്തേക്ക് നടന്നു.
“വോ.. അല്ലെങ്കിൽ ആര് സ്നേഹിക്കുന്നു നിങ്ങളെ… നിങ്ങളെയിട്ട് ഞാൻ ഇവിടുന്ന് ഇക്ഷ വരയിപ്പിക്കും.. കാണിച്ചു തരാം ഞാൻ ഈ താലിയുടെ പവർ…”
അതും പറഞ്ഞു എന്നെ നോക്കി കൊഞ്ഞനം കുത്തി അവൾ കുങ്കുമം തൊടാൻ ഒരുങ്ങിയതും ആ കൈ ഞാൻ തടഞ്ഞു. കാര്യം മനസ്സിലാവാതെ അവളെന്നെ സംശയത്തോടെ നോക്കുന്നുണ്ട്. ചുണ്ടിലൊരു കുസൃതി വിടർത്തി അവളെയൊന്ന് നോക്കി കൊണ്ട് മറ്റേ കൈ കൊണ്ട് ഞാൻ ആ കുങ്കുമ ചെപ്പിൽ നിന്നും ഒരു നുള്ള് കുങ്കുമം നുള്ളിയെടുത്ത് അവളുടെ കണ്ണുകളിലേക്ക് നോക്കി. എന്താണ് നടക്കാൻ പോവുന്നതെന്ന അമ്പരപ്പായിരുന്നു അതിൽ ഉറ്റി നിന്നത്.
ഒരു ചിരിയോടെ ഞാൻ ആ കുങ്കുമം അവളുടെ നെറുകയിൽ തൊട്ടു കൊടുത്തു. അവളുടെ കണ്ണുകൾ കൂമ്പി പോയിരുന്നു അപ്പോൾ. അത് നോക്കി കൊണ്ട് പുഞ്ചിരിയോടെ നെറ്റിയിലേക്ക് പൊടിഞ്ഞു വീണ തരികളെ ഞാൻ പതുക്കെ ഊതി നീക്കി. എന്റെ ശ്വാസം തട്ടിയതും അവൾ കണ്ണുകൾ തുറന്നു എന്നെ അത്ഭുതത്തോടെ നോക്കി.
“താങ്ക്സ്.. എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതിന്… എന്റെ കുടുംബത്തിന്റെ ഭാഗമായതിന്… പിന്നെ….”
കണ്ണിലും ചൊടിയിലും കുസൃതി നിറച്ചു ഞാൻ അവളെ നോക്കി… എന്നിട്ട് തുടർന്നു.
“പിന്നെ… എല്ലാത്തിനും പുറമെ.. എന്നെ ഇതുപോലെ വെറുക്കുന്നതിനും….”
ഒളി കണ്ണിട്ട് ഒരിക്കൽ കൂടി അവളെ നോക്കി ചിരിച്ച് ഞാൻ അവിടെ നിന്നും പോയി. ഞാൻ അവസാനം പറഞ്ഞതിന്റെ പൊരുൾ അവൾക്ക് മനസ്സിലായി കാണുവോന്ന് എനിക്കറിയില്ല…എങ്കിലും അവളുടെ ഉള്ളിലുള്ള സ്നേഹം അവളുടെ വായിൽ നിന്ന് തന്നെ പുറത്തു കൊണ്ട് വരണമെന്ന ഉദ്ദേശത്തോടെയായിരുന്നു ഞാൻ അങ്ങനെ പറഞ്ഞത്. അത് ഇന്നല്ലെങ്കിൽ കുറച്ചു സമയം എടുത്തായാലും അവൾ മനസ്സിലാക്കുമെന്നും അന്ന് എന്നെ ഇഷ്ടമാണെന്നു അവളും സമ്മതിക്കുമെന്നും എനിക്ക് ഉറച്ച വിശ്വാസമുണ്ടായിരുന്നു….
പകൽ മാഞ്ഞു ഇരുൾ പടർന്നു. കിഷോറിനെയും ശരത്തിനെയും കാണാൻ വേണ്ടി പുറത്തേക്ക് ഇറങ്ങിയ ഞാൻ ഒരു 8 മണിയോടെ വീട്ടിൽ തിരിച്ചെത്തി. അപ്പോഴേക്കും അമ്മ അത്താഴത്തിനുള്ളതെല്ലാം എടുത്തു വെച്ചിരുന്നു.
“ആഹാ.. ഇന്ന് നേരത്തെയാണല്ലോ…”
“ആ.. അച്ഛന് വിശക്കുന്നു പറഞ്ഞു.. അപ്പോ ഞാൻ എല്ലാം ഒരുക്കി വെച്ചതാ..നീ എവിടെ ആയിരുന്നു ഇത്രയും നേരം…”
“ഞാൻ കിഷോറിനെയും ശരത്തിനെയും കാണാൻ ഒന്ന് പുറത്തേക്ക് ഇറങ്ങിയതാ അമ്മേ…”
“മനു.. ചിലതെല്ലാം ഞാൻ അറിഞ്ഞു…. ചെയ്തത് ചെയ്തു….ഇനി ഒരു പക വീട്ടലും വഴക്കും ഒന്നും വേണ്ട… അതങ്ങ് മറന്നേക്ക് എല്ലാവരും… കേൾക്കുന്നുണ്ടോ നീ…”
“മ്മ്.. ഉവ്വ് അച്ഛാ…”
“മ്മ്.. എന്നാ വാ ഇരിക്ക് കഴിച്ചിട്ട് മുകളിലേക്ക് കയറാം…ശ്യാമേ എല്ലാർക്കും വിളമ്പിക്കോളൂ നിങ്ങളും ഇരിക്ക്…”
“ആ ഞാൻ വിളമ്പിയിട്ട് ഇരിക്കാം മോളെ ആമി നീ അങ്ങോട്ടിരിക്ക്…”
“മ്മ്…”
ഞാൻ അച്ഛന്റെ അടുത്ത് ഒരു ചെയർ വലിച്ചിട്ട് അവിടെ ഇരുന്നു. അമ്മ അച്ഛന് ഭക്ഷണം വിളമ്പി എന്റെ പ്ലേറ്റിലേക്ക് തിരിഞ്ഞതും..
“അമ്മേ…”
ആമിയാണ്. ഞങ്ങൾ അവളെ നോക്കി.
“എന്താ മോളെ…”
“അത്..പിന്നെ.. ഇങ്ങു തരൂ..ഞാൻ വിളമ്പി കൊടുക്കാം…”
“ആഹാ.. അതിനെന്താ നീ തന്നെ വിളമ്പിക്കോ… ഞാൻ ഒഴിഞ്ഞേക്കാം..”
അമ്മ ചിരിച്ചു കൊണ്ട് അവിടേക്ക് ഇരുന്നു. ആമി എഴുന്നേറ്റു വന്നു എന്റെ പ്ലേറ്റിലേക്ക് ഭക്ഷണം വിളമ്പി എനിക്ക് കുടിക്കാനുള്ള വെള്ളവും അരികിൽ വെച്ചു. ഞാൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി. എന്നെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു അവളപ്പോൾ.. അത് മനസ്സിലായപ്പോൾ എന്റെ ഉള്ളിൽ സന്തോഷം തുളുമ്പി.. ചുണ്ടിൽ പ്രണയത്തിൽ കലർന്ന ഒരു ചിരി താളം പിടിച്ചു…മനസ്സും ആ താളത്തിൽ പങ്കു ചേർന്ന് ആനന്ദിച്ചു….
(തുടരും )

by