രചന – ശ്രീതു ശ്രീ
“”നീയെന്താ കരുതിയത്….? എന്റെ വീട്ടുകാരെ മുഴുവൻ ഒറ്റിക്കൊടുക്കാൻ ഞാൻ കൂട്ടുനിൽക്കുമെന്നോ…
ആദ്യമൊക്കെ നിന്റെ സംഭാഷണങ്ങൾ സ്വഭാവികമായി തോന്നിയെങ്കിലും പിന്നീട് എന്തോ പന്തികേട് തോന്നി…. ആ സമയത്താണ് നിന്റെ അച്ഛൻ എല്ലാം വന്നു പറയുന്നത്….ഫ്രഡ്‌ഡിചായനോട് പറഞ്ഞപ്പൊ മൂപ്പർക്ക് അത്രയ്ക്ക് വിശ്വാസം പോരാ….
“”നിനക്കിപ്പോ എന്താ പറ്റീതെന്ന് ആദ്യം പറ… ഞാനിവിടെയെത്തും വരെ നീയെന്നോട് ഇങ്ങനെ അല്ലായിരുന്നല്ലോ പെരുമാറിയത്… പഴയ ഭാര്യയെ കണ്ടപ്പോൾ എന്ത് മായാജാലമാ ഇവിടെ സംഭവിച്ചത്…..??””
ലിന്റ രോഷത്തോടെ പറഞ്ഞു….
“”അതേടി…. ഈ മായാജാലം സംഭവിച്ചത് നീ കരുതുംപോലെ ഇപ്പോഴല്ല…. നിന്റെ വാക്ക് കേട്ട് ഞാൻ എന്റെ നേഹയെപ്പോലും ഒരിക്കൽ വെറുത്തിട്ടുണ്ട്…. ജോണിയെ വെറുത്തിട്ടുണ്ട്…..പക്ഷെ അതൊക്കെ നീ എന്റെ ചെവിയിൽ ഓതിത്തന്ന നുണക്കഥകളുടെ പ്രതിഫലനമായിരുന്നുവെന്ന് പിന്നീട് ആണ് മനസിലായത് …..അതെങ്ങനെയെന്നല്ലേ….?
നിന്റെ സ്വന്തം അച്ഛൻ വീട്ടിൽ വന്ന് എല്ലാം നേരിട്ട് എന്നെ ധരിപ്പിച്ചു…..””
“”അതെ… നീയറിഞ്ഞതൊക്കെ സത്യമാ… പക്ഷെ നിന്റെ ശരികളല്ല എന്റെ ശരി…. ഞാനെനിക്ക് തോന്നുന്നത് ചെയ്യും… ഇനിയെന്തായാലും നീ നിന്റെ കൊച്ചിനെ ജോണിക്കും നേഹയ്ക്കും തന്നെ കൊടുത്തോ…… ഞാൻ എന്റെ കുഞ്ഞിനെ ഇവൾക്ക് കൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല……””
നേഹയ്ക്കൊന്നും മനസിലായില്ലെങ്കിലും ലിന്റ ഞെട്ടലിലും തന്റെ പദ്ധതികൾ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്ന സങ്കടത്തിലും ആയിരുന്നു…..
അച്ഛനോടവൾക്ക് ജീവിതത്തിൽ ആദ്യമായി വെറുപ്പ് തോന്നി…
പക്ഷെ അതിനിപ്പോൾ യാതൊരു പ്രസക്തിയുമില്ലല്ലോ….
“ഇതൊക്കെ അറിഞ്ഞിട്ടും ഞാൻ വീണ്ടും നിന്റെ കൂടെനിന്ന് ഈ നാടകം മുന്നോട്ട് കൊണ്ടുപോയത് എന്തിനാണ് എന്നറിയാമോ…?ഞങ്ങളുടെയൊക്കെ വാക്കിനപ്പുറം നിന്നെ വിശ്വസിച്ച എന്റെ ഫ്രഡ്‌ഡിച്ചായന് നിന്റെ തനി സ്വഭാവം കാട്ടിക്കൊടുക്കാൻ….””
ലിന്റയുടെ മുഖം വിളറി…
“”എന്തായിരുന്നു ലിന്റാ നിങ്ങളുടെ പ്ലാൻ…?നേഹയെയും പിള്ളാരെയും ഇവിടെ കൊണ്ടുവരുന്നു….. എന്നിട്ട് ഭീഷണിപ്പെടുത്തി കുഞ്ഞുങ്ങളിൽ യാതൊരു അവകാശവും ഇല്ലെന്ന് മുദ്രപേപ്പറിൽ എഴുതി ഒപ്പിട്ടു വാങ്ങിക്കുന്നു…. പിന്നീട് നേഹയുടെ ജീവൻ വച്ച് ജോണിയോടും വിലപേശി അവനെക്കൊണ്ടും അതെ പേപ്പറിൽ ഒപ്പിടുവിക്കുന്നു….എന്നിട്ട് കുഞ്ഞുങ്ങളെയും കൊണ്ട് നമ്മൾ കേരളമെ വിടുന്നു…. ഇത് വരെയുള്ളത് എനിക്കും നിനക്കും അറിയാവുന്ന കാര്യങ്ങൾ…. ഇതിനപ്പുറമുള്ളതും നീ തീരുമാനിച്ചിരുന്നു ….പക്ഷെ അത് നീയെന്നോട് പറഞ്ഞിട്ടുണ്ടോ….???
പെട്ടെന്ന് എന്തു പറയുമെന്നറിയാതെ ലിന്റ നിന്നു പരുങ്ങി….അത് കണ്ടപ്പോൾ റോഷൻ വീണ്ടും ശബ്ദമുയർത്തി….
ചോദിച്ചത് കേട്ടില്ലേ പറഞ്ഞിട്ടുണ്ടോന്ന്…??
എങ്കിൽപ്പിന്നെ ബാക്കി കൂടിയങ്ങ്
അഭിനയിച്ച് നാടകം പൊലിപ്പിച്ചേക്കാം എന്ന് ഞാനും വിചാരിച്ചു…അതു കൊണ്ട് ചില നേട്ടങ്ങളുണ്ടെ……
“”എനിക്കൊപ്പം നിൽക്കാമെന്ന് പറഞ്ഞിട്ട് നീ എന്നെ പറ്റിക്കുകയായിരുന്നു.. അല്ലെ…??
നീയിതൊക്കെ എന്തൊക്കെ പൊടിപ്പും തൊങ്ങലും ചേർത്ത് പറഞ്ഞാലും ഫ്രഡ്‌ഡിച്ചായൻ വിശ്വസിക്കാൻ പോകുന്നില്ല…. നിന്റെ കൊച്ച് വേണ്ടെങ്കിൽ വേണ്ട…. ഞാനെന്റെ കൊച്ചിനെ കൊണ്ടുപോകും….. നിനക്കിനി അധികം കാലമൊന്നും കാണില്ല മോനേ…നിന്റെ പപ്പയ്ക്കും മമ്മിക്കും മാത്രമല്ല…. എന്റെ മാന്യ പിതാവിനും ഞാൻ പണി കൊടുക്കുന്നുണ്ട്…..കൂട്ടത്തിൽ നിനക്കും പ്രതീക്ഷിക്കാം….””
അത്രയും പറഞ്ഞു നിർത്തിയിട്ടവൾ അവിടെ നിന്നിരുന്ന ഒന്നുരണ്ട് ചെറുപ്പക്കാർക്ക് നേരെ തിരിഞ്ഞു….
ഡോ… രണ്ടുപേരിവളെ പിടിച്ച് അകത്തോട്ട് കൊണ്ടുപോ…. ഒരാള് പോയി ആ കാറിലിരിക്കുന്ന കൊച്ചിനെയും ഇങ്ങെടുക്ക്…. “”
അവൾ പറഞ്ഞത് കേട്ടഭാവം പോലുമില്ലാതെ അവർ അവിടെ നിന്നു… അതുകണ്ടപ്പോൾ ലിന്റ ദേഷ്യത്തോടെ അലറി…
“”നിങ്ങടെയൊക്കെ ചെവി കേട്ടൂടെ…. ഈ പിശാശ്ശിനെ പിടിച്ചോണ്ട് അകത്തു പോകാൻ…. “”
“”സോറി മേഡം…””
“”വാട്ട്…??””
“”ഞങ്ങൾക്ക് നിങ്ങൾ പറയുന്നതൊന്നും ഇനി ചെയ്യാൻ മനസില്ല… “”
“”ഓഹോ…. അപ്പൊ എല്ലാരും കൂടി ഒത്തുള്ള കളിയാണ് അല്ലെ….?എങ്കിൽ ഞാനൊറ്റയ്ക്ക് ബാക്കി ചെയ്തോളാം….””
അവൾ നേഹയുടെ അടുത്തേയ്ക്ക് ചെന്നവളുടെ കൈക്ക് പിടിച്ചു വലിക്കാൻ ഭാവിച്ചു…..
“”തൊട്ടു പോകരുതവളെ…..
തൊട്ടാൽ നീയീ കോലത്തിൽ ആയിരിക്കില്ല തിരിച്ചു പോകുന്നത്….””
പരിചിതമായ ഗംഭീര്യം നിറഞ്ഞ ശബ്ദം കേട്ടിടത്തേയ്ക്ക് നേഹയും ലിന്റയും ഞെട്ടിത്തിരിഞ്ഞു നോക്കി…
ജോണിയെ കണ്ടതും ഇരുവരും അത്ഭുതപ്പെട്ടു…. നേഹ റോഷനെ ഒന്നുനോക്കിയപ്പോൾ അവന്റെ മുഖവും പ്രസന്നമായിരുന്നു….. ചുണ്ടിലൊരു ചിരിയൊളിഞ്ഞിരിപ്പുണ്ടോ എന്നുപോലും അവൾക്ക് തോന്നി….
“”നിനക്ക് ഞാനന്ന് തന്നതൊന്നും പോര അല്ലേടി… ഈ ഉളുപ്പുപ്പെന്നു പറഞ്ഞ സാധനം അല്പമെങ്കിലും ഉണ്ടെങ്കിൽ നീയീ പണിക്ക് ഇറങ്ങുമായിരുന്നോ…?””എന്നു ചിരിച്ചുകൊണ്ട് ജോണി മുന്നോട്ടിറങ്ങാൻ തുടങ്ങവെ മറ്റൊരാൾക്കൂടി അവനൊപ്പം ഇറങ്ങിവന്നു…. അത് റോഷന്റെ സഹോദരനും ലിന്റയുടെ ഭർത്താവുമായ ഫ്രഡ്‌ഡി ആയിരുന്നു……
അവന്റെ കണ്ണുകൾ ദേഷ്യത്തോടെ ലിന്റയെത്തേടി ചെന്നു….
ഫ്രഡ്‌ഡി ഉള്ളിലെ ദേഷ്യം മുഴുവനും ലിന്റയുടെ കവിളിൽ തീർത്തു……
“”ചതിക്കുവായിരുന്നു നീയെന്നെ… അല്ലേടി…? നിന്റെ ആവശ്യമിപ്പോഴെന്നതാ…? എന്റെ പപ്പയെയും മമ്മിയെയും പിന്നെ ഒന്നെഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത ഈ പാവത്തിനെയും നിനക്ക് ദ്രോഹിക്കണം…ഇവരൊക്കെ പറഞ്ഞപ്പോഴും ഞാനൊന്നും പൂർണ്ണമായി വിശ്വസിച്ചില്ല….ഇപ്പൊ എനിക്കെല്ലാം നേരിട്ട് ബോധ്യമായി…. നമ്മൾ തമ്മിലുള്ള ബന്ധം ഇതോടെ തീർന്നു… ഇനി നിനക്ക് നിന്റെ വഴി … എനിക്ക് എന്റെ വഴി…””
ജോണിയും ഫ്രഡ്‌ഡിയുടെ അടുത്തെത്തി….
“”വൈകിയെങ്കിലും ഈ ജന്തുവിന്റെ സ്വഭാവം മനസിലായല്ലോ… അത് തന്നെ ഭാഗ്യം….
നിനക്കിനി ഇവരുടെ വീട്ടിൽ മാത്രമല്ല…നിന്റെ വീട്ടിലും സ്ഥാനം ഉണ്ടാവില്ല…. ആ ഒരു പ്രതീക്ഷയിൽ അങ്ങോട്ടും ചെല്ലണ്ട… നിന്റെ അപ്പൻ എന്ത് വിശ്വസിച്ചാ നിന്നെ അവിടെ താമസിപ്പിക്കുന്നെ…? അവരെ നാളെ ഉപദ്രവിക്കില്ലെന്ന് ആരു കണ്ടു…??””
തന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റായിപ്പോയെന്ന് ലിന്റയ്ക്ക് മനസിലായി… പക്ഷെ തനിക്ക് പറ്റിയ തെറ്റിന് മാപ്പ് പറയാൻ അവൾ തയാറായില്ല….
ആരോടും ഒന്നും മിണ്ടാൻ നിൽക്കാതെ എങ്ങോട്ട് പോകുമെന്നറിയാതെ കാറിൽ ചെന്നവൾ കയറി….
ഫ്രഡ്‌ഡി ജോണിയോടും നേഹയോടുമായി പറഞ്ഞു…:
“”എനിക്ക് റോഷൻ പറഞ്ഞതൊക്കെ അത്ര വിശ്വാസം തോന്നിയില്ല…. കാരണം ഞാനവളെ അത്രയ്ക്കും സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു….എന്നിട്ടിപ്പോ…””
പറഞ്ഞു വന്നത് പൂർത്തിയാക്കാനാവാതെ അവൻ നിർത്തിയപ്പോൾ ജോണി ആശ്വസിപ്പിച്ചു….
“”ജോണീ….””
റോഷന്റെ ശബ്ദം ഉയർന്നപ്പോൾ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്കായി…..
“”എന്തായാലും എല്ലാവരെയും കാണാൻ കഴിഞ്ഞല്ലോ… ഞാൻ അടുത്ത ആഴ്ച ഇവിടുന്ന് ഓസ്‌ട്രേലിയയ്ക്ക് പോകും.. പിന്നിങ്ങോട്ട് ഒരു തിരിച്ചു വരവുണ്ടാകില്ല….
റോഹൻ എന്നെങ്കിലും പാപ്പാന്നു വിളിച്ചിരുന്നെങ്കിൽ എന്നൊരു ആഗ്രഹമുണ്ട്….സാരമില്ല… എല്ലാ ആഗ്രഹങ്ങളും നടക്കില്ലല്ലോ…. ജോണിക്ക് മാത്രമെ അവന്റെ മനസ്സിൽ അച്ഛന്റെ സ്ഥാനം ഉള്ളു… അതങ്ങനെ തന്നെ നിലനിൽക്കട്ടെ….. വലുതാവുമ്പോൾ എല്ലാം മനസിലാകുന്ന പ്രായത്തിൽ എത്തുമ്പോൾ അവൻ എന്നെ വിളിക്കുമായിരിക്കും.. ല്ലേ.?….
എല്ലാവരും മൗനം പാലിച്ചു….
ലിന്റയ്ക്ക് ഇനിയും അവിടെ നിൽക്കാൻ തോന്നിയില്ല… അവൾ ആരോടും ഒന്നും മിണ്ടാതെ കാറിനടുത്തേയ്ക്ക് തിരിഞ്ഞു നടന്നപ്പോൾ ഫ്രഡ്‌ഡിയുടെ വിളി അവളെത്തേടി വന്നു…
“”ലിന്റാ…..ആ കീയിങ്ങു തന്നേര്…അതെന്റെ കാറല്ലേ….””
നിർവികാരതയോടെ അവന്റെ കയ്യിലേയ്ക്ക് കീ കൊടുക്കുമ്പോൾ അവൾക്ക് എല്ലാം കൈവിട്ടുപോകുന്നതിന്റെ സങ്കടം ഉള്ളിലുണ്ടായിരുന്നു….
“”ഈ താക്കോൽ മാത്രമെ ഞാൻ തിരികെ വാങ്ങിക്കുന്നുള്ളു…. ബാക്കിയൊക്കെ , നീ കുറെ നാളെന്റെ കൂടെ പൊറുത്തതല്ലേ… അതിന്റെ കൂലിയായിട്ട് കൂട്ടിയാൽ മതി… അതിനുള്ള യോഗ്യതയെ നിനക്കുള്ളു….””
എല്ലാവരുടെയും മുന്നിൽ വച്ച് അവന്റെ വാക്കുകൾ കേട്ടപ്പോൾ അവൾക്ക് ഭൂമി പിളർന്നു താഴേക്ക് പോയിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി…..കൂടുതൽ സമയം അവിടെ നിൽക്കാൻ കഴിയാതെ അവൾ റോഡിലേക്കിറങ്ങി നടന്നു….
“”ജോണീ.. നിങ്ങളും ചെല്ല്… പിള്ളാര് ആകെ പേടിച്ചിരിക്കുവാ…””
“”മ്മ്…റോഷനോട് ഞങ്ങളിപ്പോ എന്താ പറയേണ്ടത് എന്നറിയില്ല…”””
“”എന്താ ജോണീയിത്…? ഇങ്ങനെ സങ്കടം പറയാനല്ല ഞാൻ തന്നെ വിളിച്ചു വരുത്തിയത്… സന്തോഷത്തോടെ നേഹയെയും പിള്ളാരെയും കൂട്ടിക്കൊണ്ട് പോകാനാ…. എല്ലാവരും മനുഷ്യരല്ലേ… എനിക്കെല്ലാം മനസിലാകും….
സന്തോഷമായി ജീവിക്കെടോ….. പിന്നെ എന്റെ…സോറി… തന്റെ പെണ്ണിനേയും മക്കളെയും സന്തോഷത്തോടെ മുന്നോട്ട് കൊണ്ടു പോവുക….
സംസാരിക്കുമ്പോൾ നേഹയുടെ മുഖത്തേയ്ക്ക് നോക്കാതിരിക്കാൻ റോഷൻ ശ്രദ്ധിച്ചു…. തന്റെ വാക്കുകൾ ഇടാറാതിരിക്കുവാൻ അത് ആവശ്യമാണെന്ന് അവൻ ചിന്തിച്ചിരുന്നു…..
നേഹയും മറ്റെവിടൊ നോക്കി നിൽക്കുവായിരുന്നു…..
റോഷനോടും ഫ്രഡ്‌ഡിയോടും യാത്ര പറഞ്ഞ് ജോണിയും നേഹയും വീട്ടിലേക്ക് തിരിച്ചു….
അവർ പോയിക്കഴിഞ്ഞപ്പോൾ റോഷൻ പൊട്ടിക്കരഞ്ഞുപോയി……..
ഫ്രഡ്‌ഡി അവനെ ആശ്വസിപ്പിച്ചു….
“”എന്നതാടാ… “”
“”ഓ… ഒന്നൂല്ല….അവള് പോയപ്പോ ഒരു സങ്കടം…. സാരമില്ല…പോട്ടെ…അവള്ടെ സന്തോഷം തന്നെയല്ലേ ഞാനും ആഗ്രഹിക്കുന്നത്…എനിക്കൊപ്പം വരാൻ പറഞ്ഞാലും അവളിപ്പൊ വരില്ല….ജോണിയെ ഇനി വേദനിപ്പിക്കാൻ അവളെക്കൊണ്ടാവില്ല…. അതുകൊണ്ടാ.. ഞാൻ വിളിക്കാഞ്ഞത്… അല്ലെങ്കിലും വന്നാലിനി എത്ര നാളെന്റെ കൂടെ ജീവിക്കാൻ പറ്റും….കുഴിയിലേക്ക് കാലും നീട്ടിയിരിക്കുവല്ലേ ഞാൻ….””
ചിലമ്പിച്ച ശബ്ദം വിതുമ്പലിന്റെ അകമ്പടിയോടെ പുറത്തേയ്ക്ക് വന്നപ്പോൾ ഫ്രഡ്‌ഡി അവനെ ചേർത്തുപിടിച്ചു…..
🍁🍁🍁🍁🍁🍁🍁🍁🍁🍁
സമയം വൈകുന്നേരത്തോട് അടുത്തുകൊണ്ടിരുന്നു……
ഓട്ടോയിൽ കയറിയ ശേഷം കുട്ടികൾ ചോദിച്ചതിനൊക്കെ മറുപടി പറഞ്ഞതല്ലാതെ ജോണിയും നേഹയും ഒന്നും മിണ്ടിയില്ല….
ജോണി തന്റെ ഓട്ടോ ടൗണിലെ ഒരു ചിൽഡ്രൻസ് പാർക്കിന് സമീപം നിർത്തി…
കുട്ടികൾക്ക് ഐസ് ക്രീം വാങ്ങി കളിക്കാൻ വിട്ടശേഷം ജോണിയും നേഹയും ഒരു ചെമ്പകത്തിന്റെ ചുവട്ടിൽ വന്നിരുന്നു….
“”നിനക്ക് എല്ലാം അറിയാമായിരുന്നു എന്ന് എന്നോട് ഒരു വാക്കു പറഞ്ഞു കൂടായിരുന്നോ…. ഞാനെന്തോരം ടെൻഷൻ അടിച്ചെന്ന് അറിയാമോ… ”
ആദ്യം ജോണിയാണ്
പരിഭവത്തിന്റെ കെട്ടഴിച്ചത്…
“” ഇച്ചായന് മാത്രമുള്ളതല്ലല്ലോ ഈ ടെൻഷൻ..
എന്തിനായിരുന്നു ടെൻഷൻ…?””
ജോണിയൊന്നും മിണ്ടിയില്ല….അവൾ തുടർന്നു…
“”ഞാൻ ഇട്ടിട്ടു പോകുമെന്ന് പേടിയുണ്ടായിരുന്നതുകൊണ്ടല്ലേ…? എന്തിനാ ഇച്ചായൻ അങ്ങനെ ചിന്തിച്ചത്…?എന്നെ വിശ്വാസമില്ലാത്ത കൊണ്ടല്ലേ…?
അങ്ങനെയൊരു ചിന്ത ഇല്ലായിരുന്നുവെങ്കിൽ എന്നേ എന്നോട് എല്ലാം പറയുമായിരുന്നു….
അങ്ങനെ എന്നെ പൂർണ്ണ വിശ്വാസമായിട്ട് , എല്ലാം എന്നോട് തുറന്നു പറയുമ്പോൾ എന്റെ മനസ്സിൽ ഉള്ളത് ഇച്ചായനോട് പറയുന്നതല്ലേ നല്ലത്…? ഞാനതിനു വേണ്ടിയാണ് കാത്തിരുന്നത്…
എന്തായാലും അക്കാര്യത്തിൽ ഞാൻ തോറ്റു പോയി… പക്ഷേ സാരമില്ല… തോറ്റത് ഇച്ചായന്റെ മുന്നിലാണല്ലോ…. “”
“” എന്റെ പേടിയെ വിശ്വാസക്കേടായി കണക്കാക്കാമോ എന്നറിയില്ല… എങ്കിലും നീ എന്നെ വിട്ടു പോകില്ലെന്ന് തന്നെ ചിന്തിക്കാനായിരുന്നു എനിക്ക് എന്നും ഇഷ്ടം…പലവട്ടം ഞാൻ പറയാൻ തുനിഞ്ഞതാ…. പക്ഷെ എന്തോ കഴിഞ്ഞില്ല….. “”
“”അതൊക്കെ ഇനി വിട്ടേര്… പിന്നെ ഇച്ചായന് എങ്ങനാ റോഷിച്ചായനെ പരിചയം…??””
അവളുടെ ചോദ്യത്തിനുത്തരമായി റോഷന്റെ വീട്ടിൽ വച്ചുണ്ടായ സംഭവങ്ങളൊക്കെ ജോണി പറഞ്ഞു…..
“”അപ്പൊ ഇന്ന് പ്ലാൻ ചെയ്തത് ഇച്ചായന്
നേരത്തെ അറിയാമായിരുന്നു… അല്ലെ…??””
“”ഏയ്യ്… ഇല്ല…നിന്നെ അവിടെ ലിന്റ എത്തിക്കുന്നതിനു കുറച്ചു മുൻപാണ് എന്നെ അവൻ വിളിക്കുന്നതും എല്ലാം സംസാരിക്കുന്നതും…..ഞാനൊരു ഉപാധി മാത്രമെ അവനോട് ഉന്നയിച്ചുള്ളൂ….. നിനക്കും പിള്ളേർക്കും ഒരു പോറൽ പോലും പറ്റരുതെന്ന്….. അവന്റെ ഒരു സുഹൃത്ത് തന്നെയാണ് നിന്റെ സ്കൂട്ടിയിൽ മുട്ടിയ വണ്ടി ഓടിച്ചത്…. അന്നേരം നിനക്ക് ചുറ്റും ഉണ്ടായിരുന്ന വണ്ടികളൊക്കെ അവരുടെ തന്നെയായിരുന്നു… മനഃപൂർവം ഒരു ട്രാഫിക് ബ്ലോക്ക് സൃഷ്‌ടിച്ച് നിന്റെ വണ്ടി നിർത്തിച്ച ശേഷമാണ് ആ സ്കൂട്ടിയിൽ വന്ന് മുട്ടിയത് തന്നെ…….””
“”എന്തായാലും എല്ലാവരും കൈ ഒഴിഞ്ഞപ്പോളെങ്കിലും ആ ലിന്റ നേരെ ആയാൽ മതിയാരുന്നു….””
“”അവൾ ഇനി പത്തിയൊന്നു താഴ്ത്തും…അതുറപ്പാ… അതിൽക്കൂടുതൽ എന്തുനടക്കുമെന്ന് കണ്ടറിയണം….””
“”കർമ്മഫലം ആരായാലും അനുഭവിക്കും… എത്ര വൈകിയാലും… അല്ലെ ജോണിച്ചായാ…””
“”മ്മ്…”
ഇളംകാറ്റിന്റെ കൈകൾ വന്നു തഴുകവേ നേഹ ജോണിയുടെ തോളിലേയ്ക്ക് ചാഞ്ഞു…
🍁🍁🍁🍁🍁🍁🍁🍁🍁🍁
മാസങ്ങൾ കടന്നുപോയപ്പോൾ ജോണിയുടെ ജീവിതത്തിലും കാലം പുതിയ ഏടുകൾ എഴുതിച്ചേർത്തു…..
ഏദൻ ഫിനാൻസിയേഴ്‌സ് വീണ്ടും പ്രവർത്തനം ആരംഭിച്ചു…..
“”ജോണിച്ചായോ.,… ദാ ചായ…. ഇന്നെന്തുപറ്റി താമസിച്ചേ….? ഓഫീസിൽ നിന്നിറങ്ങാൻ വൈകിയോ…? “”
“”മ്… നമുക്ക് പുതിയൊരു ബ്രാഞ്ച് കൂടി തുടങ്ങണം…. അതിന്റെ ചർച്ചയിൽ ആയിരുന്നു…. ഉടനെയില്ല നമ്മുടെ വീടിന്റെ പണിയൊക്കെ തീർന്നിട്ടേയുള്ളു….””
“”പിന്നെ… ജിനുവിന് മറ്റെന്നാളിൽ എം കോമിന് അഡ്മിഷൻ എടുക്കാൻ ഇച്ചായൻ കൂടിയൊന്ന് ചെല്ലണെ…..””
“”ഞാൻ മാത്രം പോരാ… നീ കൂടി വാ…ആ വഴി നമുക്ക് വേറൊരിടത്തു കൂടി പോകണം… വേറൊരു അഡ്മിഷൻ ശരിയാക്കാൻ….””
“”വേറെ അഡ്മിഷനോ…. അതാർക്കാ….??””
“”നിനക്ക്… “”
“”എനിക്കോ…. ജോണിച്ചായൻ ഒന്നുപോയെ…. തമാശ വിട്ടിട്ട് ഇങ്ങേര് ഒള്ള കാര്യം പറഞ്ഞെ…. എനിക്ക് അടുക്കളേൽ പണിയുണ്ട്….””
ജോണി അവളുടെ കൈക്ക് പിടിച്ച് തന്റെയോരം നിർത്തി.. “”ഉള്ളതാടീ പൊട്ടീ ഞാൻ പറഞ്ഞെ…. നീ ബികോം കഴിഞ്ഞതല്ലേ…. ഡിസ്റ്റന്റ് ആയിട്ട് എം കോം കൂടി ഇനി ചെയ്യ്… എന്നിട്ട് എനിക്കൊപ്പം നമ്മുടെ സ്ഥാപനത്തിന്റെ കാര്യങ്ങൾ കൂടി നോക്ക്….. ജിനുവും നിന്നെ സഹായിക്കും….വെറുതെയിങ്ങനെ പിള്ളാരേം നോക്കി വീട്ടിലിരുന്നാലോ…..അപ്പച്ചനും ജിനൂനുമൊക്ക എന്റെയൊപ്പം നിൽക്കാൻ ഇനി എത്ര കാലം പറ്റും….??””
“”എന്നാലും അത് വേണോ ഇച്ചായാ…? പണ്ടൊരാളെ പഠിപ്പിച്ചത് പറഞ്ഞിനി നാട്ടുകാര് കളിയാക്കണോ…””
അതിന് നീ ലിന്റയല്ലല്ലോ… നേഹയല്ലേ… പിന്നെ ആരെങ്കിലും എന്തെങ്കിലും പറയുന്നെങ്കിൽ പറയട്ടെ…. നീ ആരെയും മൈൻഡ് ചെയ്യണ്ട…പ്രവർത്തിച്ചു കാണിച്ചു കൊടുക്കുക…. പിന്നെ ഈ ലോകത്താരും എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ജീവിച്ചിട്ടില്ല…..
“”ജോണിച്ചായന്റെ ആഗ്രഹം അതാണെങ്കിൽ ഞാനെതിര് നിൽക്കുന്നില്ല… പക്ഷെ ഈ പഠിത്തമൊക്കെ ഇനി ക്ലച്ചു പിടിച്ചു വരാൻ കുറച്ചു പാടാ…””
“”കൂടെ ഞാനില്ലേ പെണ്ണേ… പിന്നെന്തിനാ ടെൻഷൻ..?ജിനുവും നിന്നെ സഹായിക്കും…..””
അങ്ങനെ ജോണിയുടെ നിർബന്ധത്തിന് വഴങ്ങി നേഹ എം കോം പഠനത്തിന് ചേർന്നു…..അന്നമ്മയുൾപ്പെടെയുള്ളവർ എതിർപ്പ് ഉന്നയിച്ചെങ്കിലും ജോണിയുടെ വാക്കിന് മുന്നിൽ അതൊന്നും വിലപോയില്ല…..ജോണിയെ ഉയരങ്ങളിൽ എത്തിക്കാൻ നേഹയ്ക്കും വാശിയായിരുന്നു…. അതിനുവേണ്ടി അവൾ എന്തും ചെയ്യാൻ തയ്യാറായി……
വർഷങ്ങൾ പിന്നിട്ടപ്പോൾ ജോണിക്കൊപ്പം നേഹയും ഫിനാൻസ് സ്ഥാപനങ്ങളുടെ മേധാവിത്വം ഏറ്റെടുത്തു….കൊച്ചുകൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി അവരുടെ ജീവിതം സന്തോഷപൂർവം മുന്നോട്ട് പോയി……
🍁🍁🍁🍁🍁🍁🍁🍁🍁
വർഷങ്ങൾക്ക് ശേഷം…..
“”മമ്മാ…””
കയ്യിലിരുന്ന പുസ്തകം താഴെ വച്ചിട്ട് നേഹ തലയുയർത്തി റോഹനെ നോക്കി…..
“”പപ്പയെന്തിയെ….?ഇന്ന് ആർക്കും പള്ളിയിൽ പോകണ്ടേ…?”
“”ഞാൻ എങ്ങോട്ടും വരുന്നില്ല… അപ്പനും മോനും കൂടിയങ്ങ് പൊയ്ക്കോ…..”
അവൾ വീർപ്പിച്ചു കെട്ടിയ മുഖഭാവത്തോടെ പറഞ്ഞു….
“”മമ്മയിങ്ങനെ സങ്കടപ്പെട്ടിരുന്നാൽ പപ്പയ്ക്ക് സങ്കടാവൂട്ടോ…. പിന്നെ അതിന്റെ പേരിൽ ഞങ്ങളൂടിയാ വഴക്ക് കേൾക്കേണ്ടിവരുന്നത്……””
പ്രായാധിക്യത്താൽ ചുളിവുകൾ വീണു തുടങ്ങിയ കൈവിരലുകൾ കോർത്ത് മുട്ടിന്മേൽ വച്ച് , താടിയും അതിന്മേലുറപ്പിച്ച് റോഹൻ പറഞ്ഞതൊന്നും ഗൗനിക്കാതെ അവളവിടെത്തന്നിരുന്നു….
“”നിങ്ങളെന്തോന്നാ ഈ വയസാംകാലത്തു കൊച്ചു പിള്ളാരെപ്പോലെ….””എന്നും പറഞ്ഞിട്ട് ഒന്നുകൂടി നേഹയെ നോക്കിയിട്ട് റോഹൻ മുറിയിലേക്ക് പോയി….
റോഹനിപ്പോൾ ഒരു അമേരിക്കൻ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണ്…അതെ ഫീൽഡിൽ തന്നെ ജോലി ചെയ്യുന്ന മെറിനാണ് അവന്റെ ഭാര്യ…. റോഹന് അഞ്ചുവയസുള്ള ഒരു കുഞ്ഞു കാന്താരിയുമുണ്ട്….
ജനിഫർ എറണാകുളത്തെ ഒരു സ്വകാര്യഹോസ്പിറ്റലിൽ ഡോക്ടറായി ജോലി നോക്കുന്നു…. അവിടെത്തന്നെ
വർക്ക് ചെയ്യുന്ന ജോൻസി ഡേവിഡാണ് അവളെ വിവാഹം ചെയ്തിരിക്കുന്നത് …
ജനിയുടെ മകൾക്ക് രണ്ടുവയസാവുന്നു….
ജോണിയുടെ കാൽപെരുമാറ്റം അടുത്തു വരുന്നത് നേഹ അറിയുന്നുണ്ടായിരുന്നു…
“” നീ പള്ളിയിൽ പോകാൻ ഒരുങ്ങുന്നില്ലേ…? വലിയ ഗൗരവത്തിൽ ആണല്ലോ
എന്തുപറ്റി…?””
“” രാവിലെ പോയതല്ലേ…. ഈ വയസ്സാംകാലത്ത് പൊതുപ്രവർത്തനംന്നും പറഞ്ഞ് നടന്നാലേ നിങ്ങടെ ആരോഗ്യം ആര് നോക്കും…..? ഇന്നിവിടന്ന് വല്ലതും കഴിച്ചിട്ടാണോ ഇറങ്ങിപ്പോയത്..? എത്ര ഗുളിക കഴിക്കാൻ ഉണ്ട്… ഒന്നിനെക്കുറിച്ചും ഒരു ചിന്തയില്ല… “”
അവൾ പരിഭവത്തോടെ പറഞ്ഞപ്പോൾ ജോണി അവളുടെ അടുത്ത് വന്ന് ഇരുന്നു….
മെല്ലെ മുടിയിഴകളിൽ തലോടി ….
കുറുമ്പോടെ അവൾ ആ കൈ തട്ടി മാറ്റി….
“” എന്തുവാ എന്റെ നേഹ കൊച്ചേ ഇത്…. ഞാൻ ദേ നാളെ തൊട്ട് നല്ല കുട്ടിയായിട്ട് കൃത്യസമയത്ത് മരുന്നും ആഹാരോം ഒക്കെ കഴിച്ചോളാം…. പോരേ…? പള്ളിയിൽ പോകാൻ ഒരുങ്ങിക്കേ….. അടുത്ത ആഴ്ച പെരുന്നാളാ…. “”
“”അതിന്…?”
“”നിനക്കെന്നോട് ചുമ്മാ വഴക്കുകൂടി കൊതിതീർന്നിട്ടില്ലേ…? വല്ലാത്ത കഷ്ടം തന്നെ….”
മെല്ലെ തലയുയർത്തി ഇടം കണ്ണിട്ടു ജോണിയേ നോക്കി ഒന്നവൾ ചിരിച്ചു….
ആ ചിരിയുടെ പ്രതിഫലനം ജോണിയുടെ അധരങ്ങളിലും വിരിഞ്ഞു……
പള്ളിയിലേയ്ക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് റോഹന് ജനിയുടെ വിളിയെത്തുന്നത്…..
അവൻ ഫോണും കൊണ്ട് കുറച്ച് അകലെ മാറിനിന്ന് സംസാരിച്ച ശേഷം തിരികെ വന്നു…
“” പപ്പാ…. ഞാനിപ്പോൾ പള്ളിയിലേക്കില്ല… എനിക്ക് അത്യാവശ്യം ആയിട്ട് ഒരിടം വരെ പോകണം….മെറിൻ ഡ്രൈവ് ചെയ്തോളും…. നിങ്ങളെല്ലാവരും കൂടി പള്ളിയിൽ പോയിട്ട് വാ…. “”
“” നീ പോകുന്നെങ്കിൽ പൊയ്ക്കോ… പിന്നെ ഞാൻ ഇവിടെ ഉള്ളപ്പോൾ വേറെ ആരും ഡ്രൈവ് ചെയ്യേണ്ട…. കുറച്ച് പ്രായമായന്നേയുള്ളൂ….. കണ്ണിനു കാഴ്ചയൊക്കെ ആവശ്യത്തിനുണ്ട്….. അതുകൊണ്ട് മോൻ ചെന്നാട്ടെ….. “”
“ഞാനൊന്നും നിർബന്ധിക്കുന്നില്ല… പപ്പയുടെ ഇഷ്ടം പോലെ….””
” നീ പുറകിൽ കേറിക്കോ കൊച്ചേ…””
മെറിനോട് ജോണി പറഞ്ഞു…..
ജോണിക്കൊപ്പം നേഹയും മുൻ സീറ്റിൽ തന്നെ കയറി…..
മെറിനും മകളും പുറകിലും കയറി….
വീടുപൂട്ടി താക്കോല് മെറിനെ ഏൽപ്പിച്ച ശേഷം പോർച്ചിൽ ഉണ്ടായിരുന്ന മറ്റൊരു കാറിൽ റോഹൻ ജെനിയുടെ അടുത്തേക്ക് തിരിച്ചു….
യാത്രയിൽ ഉടനീളം റോഹന്റെ മനസ്സ് സംഘർഷഭരിതമായിരുന്നു…..അവൾ ബാക്കിവച്ച ദുരൂഹതകൾ അവന്റെ മനസിനെ അടക്കിഭരിച്ചു…..
അവന്റെ കാർ ചെന്നുനിന്നത് ജനി ജോലി ചെയ്യുന്ന ഹോസ്പിറ്റലിലാണ്…..
കാർ പാർക്ക് ചെയ്തശേഷം ജനിയെ തേടി
അവൻ ഹോസ്പിറ്റലിന് ഉള്ളിലേക്ക് കടന്നു……
നല്ല തിരക്കുണ്ടായിരുന്നെങ്കിലും ഒന്നും വകവെയ്ക്കാതെ അവൻ മുന്നോട്ട് നീങ്ങി..
“”നീയെന്താ അത്യാവശ്യമായി വരാൻ പറഞ്ഞത്…? “”
“” അത്… ചാച്ഛനൊരാളെ കാണിച്ചു തരാനാണ്….വാ…. “”
അവൾക്ക് പിന്നാലെ നടന്ന റോഹൻ ചെന്ന് നിന്നത് ഒരു ഐ സി യൂവിന് മുന്നിലായിരുന്നു…. അതിനുള്ളിലേക്ക് പ്രവേശിച്ചപ്പോൾ കണ്ടത് ബെഡ്‌ഡിൽ കിടക്കുന്ന ഒരു രോഗിയെ ആണ്…. അതാരാണെന്ന് റോഹന് മനസ്സിലായില്ല .. അവൻ ആരാണ് എന്നർത്ഥത്തിൽ ജനിയെ നോക്കി…… ആ സമയത്ത് തന്നെ കട്ടിലിൽ കിടന്നയാളും കണ്ണുകൾ വലിച്ചു തുറന്നു…
“” ഇതാണ് റോഷൻ പപ്പ…. ചാച്ചന് അറിയാമല്ലോ….എല്ലാം പറഞ്ഞു കേട്ടിട്ടില്ലേ…””
ഇന്നലെയാണ് ഇവിടെ അഡ്മിറ്റ് ആയത്….പപ്പയുമായി ഇടയ്ക്ക് കോൺടാക്ട് ഉണ്ടായിരുന്നു….എന്റെ ഫോട്ടോയൊക്കെ പപ്പ ഇവരെ കാണിച്ചിട്ടുണ്ട്…. അങ്ങനെ എന്നെ മനസ്സിലായി…ഞാനിവിടെ ഉണ്ടല്ലോന്ന് ഓർത്തു തന്നെയാ ഇങ്ങോട്ട് കൊണ്ടുവന്നത്….. “”
“”ഫ്രഡ്‌ഡിചാച്ചനാണോ കൊണ്ടുവന്നത്…?””
“”മ്മ്… എന്നെ തിരിച്ചറിഞ്ഞപ്പോൾ മുതൽ പറയുവാ… എങ്ങനെയെങ്കിലും ചാച്ചനെ ഒന്ന് കാണണമെന്ന്… അതാ ഞാൻ ഇപ്പോൾ വിളിച്ചുവരുത്തിയത്….””
അവനയാളെ സ്നേഹത്തോടെ നോക്കി…
“” പപ്പാ…എങ്ങനെയുണ്ട്…? പേടിക്കണ്ട…കുഴപ്പമൊന്നും ഉണ്ടാകില്ല കേട്ടോ…. ഇവളും പപ്പയുടെ മോളല്ലേ…. “”
റോഹനത് പറഞ്ഞപ്പോൾ ഏറെ സന്തോഷിച്ചത് റോഷനായിരുന്നു… കാരണം റോഹന്റെ നാവിൽ നിന്ന്
‘പപ്പാ ‘എന്നൊരു വിളിക്ക് കാതോർത്ത് അയാൾ ഏറെ നാളായി കാത്തിരിക്കുകയായിരുന്നു……
പക്ഷെ ഒരച്ഛന്റെ സ്നേഹക്കുറവോ മറ്റൊ ഒന്നും റോഹന് അന്യമായിരുന്നില്ല… എല്ലാം നൽകാൻ ജോണിയുണ്ടായിരുന്നു……
റോഷന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ റോഹൻ ആ കണ്ണീരിനെ തുടച്ചുനീക്കി….
റോഷൻ പ്രയാസപ്പെട്ട് കയ്യുയർത്തി റോഹനെയും ജനിയെയും തലോടി….
കുറച്ചു സമയം കൂടി അവനവിടെ നിന്നു… റോഷനോട് വിശേഷങ്ങൾ പങ്കുവെച്ചു…..ഇനി ഭാര്യയെയും മകളെയും കൊണ്ടുവന്നു കാണിക്കാമെന്ന് ഉറപ്പ് കൊടുത്തിട്ട്
ഐസിയുവിൽ നിന്നും അവനിറങ്ങി പുറത്തേക്ക് നടക്കവേ ജനിയുടെ വിളി റോഹനെ തേടി വീണ്ടും എത്തി…..
റോഷന്റെ മരണവാർത്ത അറിയിച്ചുകൊണ്ടുള്ള വിളിയായിരുന്നു അത്….
അങ്ങനെ റോഷൻ എന്ന അധ്യായവും അവിടെ അവസാനിച്ചു……
🍁🍁🍁🍁🍁
റോഷന്റെ സംസ്കാര ചടങ്ങുകൾക്ക് എത്തിയതായിരുന്നു ജോണിയും കുടുംബവും…
എല്ലാം കഴിഞ്ഞ് തിരികെ പോകാൻ തുടങ്ങുന്നതിനിടയ്ക്കാണ്
തല സാരിതലപ്പിട്ട് മൂടിക്കൊണ്ട് ഒരു പ്രായമായ സ്ത്രീ അങ്ങോട്ട് വന്നത്…
ജോണിയെയും നേഹയേയും കണ്ടതും അവരുടെ അടുത്തെത്തി അവർ നിന്നു..
തലയിലെ സാരി പെട്ടെന്ന് ഊർന്നുപോയി…. അവരുടെ തലമുടിയൊക്കെ കൊഴിഞ്ഞു പോയതാണെന്ന് എല്ലാവർക്കും മനസിലായി …..ജോണി എന്തോ ചോദിക്കാൻ തുടങ്ങും മുൻപേ അവർ സംസാരിച്ചു തുടങ്ങി..
“”എന്നെ മനസ്സിലായോ നേഹയ്ക്കും ജോണിച്ചായനും….? ഞാൻ ലിന്റയാണ്…. “”
അതുകേട്ടതും എല്ലാവരും അവളുടെ രൂപം കണ്ടൊന്ന്ഞെട്ടി…. തങ്ങളുടെ മുന്നിൽ നിൽക്കുന്നത് ലിന്റയാണെന്ന് വിശ്വസിക്കാൻ
അവർക്കൊക്കെ പ്രയാസം തോന്നി…. അത്രയ്ക്കും അവൾ മാറിപ്പോയിരുന്നു……
എല്ലാവരും നിശബ്ദത പാലിക്കവേ ലിന്റ വീണ്ടും സംസാരിച്ചു തുടങ്ങി…..
“”ചെയ്തു പോയ പാപത്തിന്റെ ഫലമായിരിക്കാം കാൻസർ കാരണം നരകിച്ചോണ്ടിരിക്കുവാ ഇപ്പൊ ഞാൻ….അറിഞ്ഞിരിക്കുമല്ലോ…. ഒന്നെല്ലാവരെയും കാണാനും മാപ്പ് പറയാനുമൊക്കെ ആഗ്രഹിച്ചിരുന്നു…ഇന്നെങ്കിലും എനിക്കെല്ലാവരോടും ആ കടം തീർക്കാൻ കഴിഞ്ഞല്ലോ……
ജോണിയോടുൾപ്പെടെ…മാപ്പ്….ജീവിതത്തിൽ മറ്റുള്ളവരിൽ നിന്നും വെട്ടിപ്പിടിക്കാൻ ശ്രമിക്കുന്നതൊന്നും ശാശ്വതമല്ല…. “”
ലിന്റ കൈകൂപ്പിയപ്പോൾ നേഹയത് തടഞ്ഞു…. “”പോട്ടെടോ… തനിക്കിപ്പോ തന്റെ തെറ്റുകൾ മനസിലാക്കാൻ കഴിഞ്ഞല്ലോ… അത് മതി……രോഗമാണെന്ന് അറിഞ്ഞിരുന്നു… പിന്നെ ഇയാള് നാട്ടിൽ ഇല്ലാതിരുന്നോണ്ടാ വന്നു കാണാഞ്ഞേ…. “”
ജോണിയെ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ ഈറനണിഞ്ഞു….
“” എനിക്കിപ്പോൾ തന്നോട് ദേഷ്യം ഒന്നും ഇല്ലെഡോ… നന്ദി മാത്രമേയുള്ളൂ…. നേഹയിലേക്ക് എന്നെ എത്തിച്ചതിന്… ഇവളിലൂടെയാ ഒന്നുമല്ലാതിരുന്ന ജോണി ഇന്ന് കാണുന്ന നിലയിലെത്തിയത്….””
ലിന്റ ജനിയോടും റോഹനോടും വിശേഷങ്ങൾ ആരാഞ്ഞു….
സ്വന്തം മകളെ ഒരിക്കൽപോലും സ്നേഹത്തോടെ നോക്കിയിട്ട് പോലുമില്ലാത്ത ലിന്റ ആദ്യമായി ജനിയെ വാരിപ്പുണർന്നു…. പറയാൻ വന്ന വാക്കുകൾ തൊണ്ടയ്ക്കുള്ളിൽ കുടുങ്ങി ശ്വാസം മുട്ടി പിടഞ്ഞു…..
കണ്ണുകൾ തുടച്ചു കൊണ്ട് അവൾ പറഞ്ഞു :
“”എന്നാ ഞാൻ റോഷന്റെ അടുത്ത് പോയിട്ടുവരാം…… നിങ്ങൾ പള്ളിമുറ്റത്തു കാണുമല്ലോ…. “”
എന്ന് പറഞ്ഞിട്ടവൾ റോഷന്റെ കല്ലറയുടെ അടുത്തേയ്ക്ക് നടന്നു….
വഴിയിൽ വച്ച് ഫ്രഡ്‌ഡിയെ കണ്ടെങ്കിലും അവൻ ദേഷ്യത്തോടെ തന്നെ കടന്നുപോയി…. പിന്നെ എന്തോ ഓർമ്മയാൽ അവൾക്ക് നേരെ തിരിഞ്ഞു നിന്ന് വിളിച്ചു….
“”ലിന്റാ…””
“”ഇച്ചായാ… എന്നെ മറന്നിട്ടില്ലല്ലോ അതുമതി…ഞാൻ കരുതി…..””
പറയാൻ വന്നത് പൂർത്തിയാക്കാതെ അവൾ നിർത്തി….
“”ഒന്നും മറന്നിട്ടില്ല…. ഇനിയും കുറ്റപ്പെടുത്താൻ ഞാനില്ല…. എല്ലാം നിനക്ക് ഇപ്പോൾ ബോധ്യമായിട്ടുണ്ടാവുമല്ലോ….””
“”മ്മ്…. ദൈവം എല്ലാം മനസ്സിലാക്കി തന്നു…ഞാൻ പോയിട്ടുവരട്ടെ …. ഒന്ന് കാണാൻ കഴിഞ്ഞല്ലോ… ദേഷ്യത്തോടെ അല്ലാതെ എന്നോട് സംസാരിച്ചല്ലോ….സന്തോഷം…..”
ഇനി എന്തു പറയണമെന്ന് അറിയാതെ അവനവിടെ നിൽക്കെ അവൾ തന്റെ ലക്ഷ്യസ്ഥാനത്തേക്ക് നടന്നു…….
അവരെല്ലാവരും പള്ളിമുറ്റത്തെത്താറായപ്പോൾ ആകാശം ഇരുണ്ടു…. പതിയെ ചാറിത്തുടങ്ങിയ മഴ കനത്തു….
ലിന്റയുടെ കയ്യിൽ കുടയില്ലാതിരുന്നത് മനസിലാക്കിയ നേഹ കുടയും കൊടുത്ത് റോഹനെ പറഞ്ഞ് ലിന്റയുടെ അടുത്തേയ്ക്ക് വിട്ടു….
അവനവിടെ എത്തിയപ്പോൾ കണ്ടത് അവിടെ ചലനമറ്റുകിടക്കുന്ന ലിന്റയെയാണ്……
ആരും അവളുടെ അവസ്ഥയോർത്തു സങ്കടപ്പെട്ടില്ല…. കാരണം ആരുടെയും മനസ്സിൽ അവൾ സഹതാപം അർഹിച്ചിരുന്നില്ല…..
🍁🍁🍁🍁🍁🍁🍁🍁
അങ്ങനെ എല്ലാവരും സന്തോഷത്തോടെ പെരുന്നാളിനെ വരവേൽക്കുന്ന
ദിനമെത്തുകയായി…..
വിവാഹ ദിവസം രണ്ടു ദിശകളിലേക്ക് സഞ്ചരിക്കാൻ കൊതിച്ച രണ്ടു മനസ്സുകൾ ഇന്ന് ഒരു മനസ്സായി ആ പള്ളിമുറ്റത്തു നിൽക്കുന്നു…..
പരസ്പരം താങ്ങായി കൈപിടിച്ച് പള്ളിപ്പറമ്പിലെ ആ പുൽത്തകിടിയിലൂടെ നടക്കുമ്പോൾ
ആഘോഷവേളയെ കൊഴുപ്പിച്ചുകൊണ്ട് ഒരു പാട്ട് മൈക്കിലൂടെ ഒഴുകിവരുന്നുണ്ടായിരുന്നു……
“”””പാലാപ്പളളി തിരുപ്പളളി പുകളേറും രാക്കുളി നാളാണേ…….
പാലാപ്പളളി തിരുപ്പള്ളീ പുകളേറും രാക്കുളി നാളാണേ….
ഒന്നാം കുന്ന് നടന്നോണ്ട് നടന്നാരോ കുന്നിതിറങ്ങുന്നേ…
ഒന്നാം കുന്ന് നടന്നോണ്ട് നടന്നാരോ കുന്നിതിറങ്ങുന്നേ………”””‘
ആ പാട്ടിന്റെ താളത്തിനൊപ്പം നേഹയുടെ തോളിൽ താളം പിടിച്ചു കൊണ്ട് പരിചയക്കാരോടൊക്കെ സൗഹൃദം പുതുക്കി നടന്നു….
“”ജോണിച്ചായാ….””
“” എന്നതാടീ…? “”
“” അടുത്ത പെരുന്നാളിനും ഇച്ചായനൊപ്പം കൈപിടിച്ച് നടക്കാൻ എന്നെ കർത്താവ് അനുഗ്രഹിച്ചാൽ മതിയായിരുന്നു ല്ലേ …..”””
“” അടുത്തതിനെന്നല്ല അതിന്റെ അടുത്തതിനും നമ്മൾ ഒരുമിച്ച് തന്നെ ഈ പാതകളിലൂടെ തന്നെ നടക്കും…. “”
പാതിരാകാറ്റിന്റെ കുളിരലകൾ ഇരുവരെയും വന്നു തഴുകി….
ജോണി ഒന്നുകൂടെ അവളെ ചേർത്തുപിടിച്ചു…
ഒരിക്കലും കൈവിടില്ലെന്ന ഉറപ്പോടെ….
ഇടയ്ക്ക് ആകാശത്തേയ്ക്ക് ഇരുവരും മിഴികൾ വെറുതെയൊന്നു പായിച്ചപ്പോൾ കണ്ടു….
മിന്നിത്തിളങ്ങുന്ന പൊൻതാരങ്ങളെ!!!! അതിൽ റോഷനും ലിന്റയും മോനച്ചനും അന്നമ്മയും മാത്യുവും എലിസബത്തും ആന്റണിയുമൊക്കെ ഉണ്ടെന്ന് അവർക്ക് തോന്നി…. നാളെയൊരിക്കൽ അവർക്കൊപ്പം തങ്ങളും ആ സ്നേഹാംബരത്തിൽ നക്ഷത്രങ്ങളായി തെളിയുമെന്ന പ്രത്യാശയോടെ ഇരുവരും മുന്നോട്ട് നടന്നുകൊണ്ടേയിരുന്നു……
അവസാനിച്ചു……..

by