രചന – അഞ്ജു തങ്കച്ചൻ
മേലിൽ എന്റെ കണ്മുന്നിൽ വന്ന് പോകരുത്.അയാൾ അലറി.
കിലുകിലെ വിറച്ചുകൊണ്ട് അവൾ മിഴിയുയർത്തി അയാളെ നോക്കി
പൊട്ടിയൊഴുകിയ ആ കണ്ണുകളും, വിറക്കുന്ന ഉടലും കണ്ടപ്പോൾ, അയാളുടെ ഉള്ളിൽ എവിടെയോ അലിവിന്റെ നേർത്തൊരുറവ കിനിയുന്നത് അയാൾ തിരിച്ചറിഞ്ഞു.
ഒരുനിമിഷം അവളെ നോക്കി നിന്നിട്ട് അയാൾ പുറത്തേക്ക് പാഞ്ഞു പോയി.
എന്താ ഇവിടെ?
ദേവദത്ത് അടുക്കളയിലേക്ക് ഓടി വന്നു.
പൊട്ടിയ ചില്ലുകഷണങ്ങൾക്കിടയിൽ, കരഞ്ഞു കൊണ്ട് നിൽക്കുന്ന അവളെ കണ്ടതും അയാൾക്ക് മനസിലായി അച്ഛൻ അവളെ എന്തിനോ വഴക്ക് പറഞ്ഞുവെന്ന്.
അയാൾ നിലത്തിരുന്ന് ഓരോ ചില്ലുകഷണങ്ങളും പെറുക്കി എടുത്ത് മാറ്റി.
അവൾ അപ്പോഴും കരയുകയായിരുന്നു..
കീർത്തീ…..
അവൾ ഒരു വിതുമ്പലോടെ അയാളെ മുറുകെ പിടിച്ചു.
അയാൾ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.
സാരമില്ല… കീർത്തിയെ ഇവിടെ കൊണ്ട് വന്ന് ഇങ്ങനെ വേദനിപ്പിക്കുന്നതിൽ എനിക്ക് വിഷമമുണ്ട്.
നമുക്ക് മറ്റൊരു വീട്ടിലേക്ക് താമസം മാറാം, അത് പോരേ??
അയാൾ അവളുടെ മുഖം പിടിച്ചുയർത്തി ചോദിച്ചു.
പോരാ… ഇവിടെ തന്നെ താമസിക്കണം.
അത്യാവശ്യം മനസുറപ്പുള്ള ആളാണ് ഞാൻ,പെട്ടന്ന് അച്ഛൻ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ പൊട്ടിപ്പോയി എന്നുള്ളത് ശരിയാണ്.
പക്ഷെ ഞാൻ നല്ല കരളുറപ്പുള്ള ആളാണ്.
നമ്മൾ ഇവിടെ നിന്നും മാറേണ്ട കാര്യമൊന്നും ഇല്ല.
ഇത്രയധികം, മകന്റെ ഭാര്യയായ എന്നെ പോലും വെറുക്കുന്നുവെങ്കിൽ അതിനു പിന്നിലുള്ള കാരണം അത്ര ഗൗരവമുള്ളത് തന്നെയാണ്. എനിക്കതറിയണം ദേവാ
ഇനിയും അച്ഛൻ നിന്നെ വേദനിപ്പിച്ചാൽ??
ഇല്ല ദേവാ… ഞാൻ കരഞ്ഞപ്പോൾ അച്ഛൻ എന്നെ നോക്കിയ ഒരു നോട്ടമുണ്ട്, അതിൽ ഒരലിവിന്റെ ഭാവമുണ്ടായിരുന്നു.
പെട്ടന്ന് അച്ഛൻ ദേഷ്യപ്പെട്ടപ്പോൾ എനിക്ക് സങ്കടം തോന്നി,പക്ഷെ ഈ അച്ഛനെ അങ്ങനെ പേടിക്കേണ്ട കാര്യമൊന്നുമില്ല…
ശരിയാണ് കീർത്തി, എനിക്കൊരുപാട് അഭിമാനം തോന്നിയിട്ടുണ്ട് എന്റെ അച്ഛനെക്കുറിച്ച്. ഇങ്ങനൊരാളിന്റെ മകനായി പിറന്നതിൽ ഞാനെന്നും ദൈവത്തിനോട് നന്ദി പറയാറുണ്ട്.
പക്ഷെ ഇന്നലെ നടന്നതൊക്കെ ഒരു സ്വപ്നമാണോ എന്ന് പോലും എനിക്ക് തോന്നിയിരുന്നു, അത്രക്കും നന്മയുള്ള ഒരാളാണ് അച്ഛൻ.
ശരിക്കും, എന്തായിരിക്കും ദേവാ ഇതിനെല്ലാം കാരണം?
ഒരുപക്ഷെ പണ്ട് അവർ തമ്മിൽ പ്രണയമോ മറ്റോ ഉണ്ടായിരുന്നോ??ഒരു വേർപിരിയലായിരിക്കുമോ ഈ വൈരാഗ്യത്തിന് പിന്നിൽ??
അല്ല കീർത്തി…. പ്രണയം മാത്രമായിരുന്നുവെങ്കിൽ ഇത്ര ദേഷ്യം ഉണ്ടാകില്ല. അതിലും ശക്തമായ എന്തോ ഒരു റീസൺ ഇതിനു പിന്നിലുണ്ട്.
നമ്മളത് എങ്ങനെ അറിയും??
നമുക്ക് മധു അങ്കിളിനോട് എല്ലാം ചോദിച്ചറിയാം. അങ്കിൾ പണ്ട് മുതൽ ഉള്ള കൂട്ടുകാരനാണ്.
എങ്കിൽ നമുക്ക് ഇന്ന് തന്നെ അങ്കിളിനെ പോയി കണ്ടാലോ??
കാണണം. ഇന്ന് വൈകുന്നേരം നമുക്ക് അങ്കിളിന്റെ വീട്ടിൽ പോകാം.
@@@@@@
ഗിരി ലക്ഷ്യമില്ലാതെ എങ്ങോട്ടോ നടക്കുകയായിരുന്നു.
കീർത്തിയോട് എന്തിനാണ് താനങ്ങനെ ദേഷ്യപ്പെട്ടത് ?? ആ കുട്ടി എന്ത് തെറ്റ് ചെയ്തു??
അതിന്റെ കരയുന്ന മുഖം അത് കണ്ടതും തന്റെ മനസ് തകർന്നു പോയി. വയ്യ…. എനിക്കിനി വയ്യ.
അവൾ സൗമിനിയുടെ മകൾ ആണെന്ന് അറിഞ്ഞ നിമിഷം താനാകെ തകർന്നു പോയി.
ആരായിരുന്നു തനിക്കു സൗമിനി??
തനിക്കവൾ സൗമിനി അല്ല മിനിക്കുട്ടി ആയിരുന്നു.
അവളെ ആദ്യമായി കണ്ടത് ഉണ്ടക്കണ്ണുനിറച്ച്, വിങ്ങിവിതുമ്പി കരഞ്ഞുകൊണ്ട് മൂന്നാം ക്ലാസ്സിലേക്ക് കയറിപോകുന്നതാണ്.
അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന തനിക്ക് ആ കരച്ചിൽ കണ്ടപ്പോൾ ചിരിയാണ് വന്നത്.
നീലപ്പൊട്ടുകൾ നിറഞ്ഞ ഉടുപ്പും, നിറയെ കിലുങ്ങുന്ന കൊലുസും അണിഞ്ഞു ഒരു പൂത്തുമ്പിയെ പോലെ, കിലുകിലെ വർത്തമാനം പറഞ്ഞു കൊണ്ട് അവൾ വൈകുന്നേരം വീട്ടിലേക്കു പോകുന്നത് അന്ന് താൻ നോക്കി നിന്നു.
അന്ന് അവളോട് തോന്നിയത് എന്തായിരുന്നു എന്ന് അറിയില്ല. കൗതുകമായിരുന്നോ??ആ കുറുമ്പിയോട്??
മൂന്നാണ്മക്കൾ മാത്രമുള്ള ഞങ്ങളുടെ വീട്ടിൽ ഒരു കുഞ്ഞിപ്പെണ്ണിനായി ഞങ്ങൾക്ക് കൊതിയായിരുന്നു. അമ്മക്കായിരുന്നു പെൺകുഞ്ഞുങ്ങളോട് കൂടുതൽ കൊതി.
ഒരനിയത്തിയെ ഞങ്ങളും കൊതിച്ചിരുന്നു. നാലാമത്തെ കുഞ്ഞ് നിങ്ങളുടെ ആഗ്രഹം പോലെ പെണ്ണായിരിക്കും എന്ന് വീർത്ത വയറിൽ തലോടിക്കൊണ്ട് അമ്മ പറയുമായിരുന്നു, ആ കുഞ്ഞിനെ വരവേൽക്കാൻ കാത്തിരുന്ന ഞങ്ങൾക്ക് മുന്നിലേക്ക് വെള്ളത്തുണിയിൽ പൊതിഞ്ഞു കൊണ്ടുവന്നത് ജീവനില്ലാത്ത അമ്മയെയും, ഭൂമിയിൽ ജീവനോടെ വസിക്കാൻ യോഗമില്ലാത്ത കുരുന്നു പെൺകുഞ്ഞിനേയും ആയിരുന്നു.
അന്ന് താൻ നാലാം ക്ലാസിൽ പഠിക്കുകയാണ്.
അമ്മയില്ലായ്മയോട് പൊരുത്തപ്പെട്ടുജീവിക്കാൻ പിന്നെ എപ്പോഴോ തുടങ്ങി.
എങ്കിലും സ്നേഹത്തിനോട് ഒരുതരം ആർത്തി ആയിരുന്നു.
മൂത്ത സഹോദരന്മാർ തന്നെക്കാൾ അഞ്ചുവയസിനും,എട്ടുവയസിനും, മൂത്തവർ ആണ്.
അതുകൊണ്ട് തന്നെ അവർ തന്നെ കളിക്കാനൊന്നും കൂടെ കൂട്ടിയിരുന്നില്ല.
പക്ഷെ, തനിക്ക് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. സ്കൂൾ വിട്ട് കഴിഞ്ഞാൽ മൈതാനത്തെ കളിയും കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ അച്ഛൻ തല നിറയെ വെളിച്ചെണ്ണ പുരട്ടി തന്നെ കുളിപ്പിക്കും.
ഇളയവൻ ആയതുകൊണ്ട് ഇടക്കൊക്കെ ചോറ് വാരി തരും..
അച്ഛനെ കൊണ്ടു പറ്റുന്നത് പോലെ, സ്നേഹം പ്രകടിപ്പിക്കും….
എങ്കിലും ഭൂമിയിൽ അമ്മക്ക് പകരമാകില്ലല്ലോ ഒരു സ്നേഹവും.
ചില രാത്രികളിൽ തനിക്ക് അമ്മയെ കാണാൻ കൊതി വരും. ആ മാറിലെ ചൂടിൽ തല ചേർത്ത് വച്ചുറങ്ങാൻ മോഹം തോന്നും.
അപ്പോഴൊക്കെ കരച്ചിൽ വരും.വളഞ്ഞുകൂടി കിടക്കുമ്പോൾ ആകെ ഒരു ശൂന്യത നിറയും.
എനിക്ക് ആ പെൺകുട്ടിയോട് ആദ്യം തോന്നിയത് എന്ത് വികാരമായിരുന്നു എന്ന് ചോതിച്ചാൽ അറിയില്ല.
തന്റെ നാട്ടിലേക്ക് താമസത്തിനു വന്ന അവൾക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ…
ചെറിയൊരു വാടക വീട്ടിലാണ് അവരുടെ താമസം.
അവളുടെ അമ്മ അടുത്തുള്ള വീടുകളിൽ പണിക്കു പോകുന്ന ഒരു സാധു സ്ത്രീയാണ്.
എങ്കിലും പണിക്കുപോയി കിട്ടുന്ന കാശുകൊണ്ട് സൗമിനിക്ക് നിറയെ വളയും പൊട്ടും ഒക്കെ വാങ്ങി കൊടുക്കും.
സൗമിനിയും എന്റെ കൂടെ വൈകുന്നേരങ്ങളിൽ കളിക്കാൻ വരും..
എനിക്കവൾ മിനിക്കുട്ടി ആയിരുന്നു.
ഗിരി വഴിയരുകിലെ കലുങ്കിൽ ഇരുന്നു.
ഓർമ്മകൾനിറഞ്ഞ് മനമാകെ തിക്ക്മുട്ടുന്നു.
ഇനിയൊരിക്കലും കഴിഞ്ഞതൊന്നും ഓർമിക്കരുതെന്ന് കരുതിയിരുന്നു.
പക്ഷെ……കാലം വീണ്ടും ഓർമ്മിപ്പിക്കുകയാണ് പലതും.
@@@@@@@
തുടരും

by